ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday, 30 January 2014

ശോടികളിയുടെ നാനാര്‍ത്ഥങ്ങള്‍


ശോടികളി കുട്ടികളുടെ പ്രയപ്പെട്ട കളിയായി മാറിയിരിക്കുന്നു.അവര്‍ ആവേശത്തോടെയാണ് കളിയില്‍ മുഴുകുന്നത്!എപ്പോഴും ഈ കളിതന്നെ വേണം എന്ന് കുട്ടികള്‍ പറയുന്നത് എന്തുകൊണ്ട്?ഈ കളിയില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ?

കോട്ടയിലെ ഓരോ വരയിലും നില്‍ക്കുന്ന കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ അടുത്ത കോട്ടയിലേക്കു കടക്കുന്നത്.അവിടെയുമുണ്ടാകും പുതിയ കാവല്‍ക്കാര്‍. ഇങ്ങനെ കളിക്കാരന്‍ ഓരോ കടമ്പകളായി തരണം ചെയ്ത് മുന്നേറുകയാണ്.ചെസ്സുകളിയില്‍ കരുക്കളെ വെട്ടിമാറ്റി മുന്നേറുമ്പോലെയാണത്.ഓരോ തവണയും കുട്ടിക്കുമുന്നില്‍ പുതിയ പ്രതിസന്ധി രൂപപ്പെടുകയാണ്.ഈ പ്രതിസന്ധി മറികടന്നേ പറ്റൂ.ചെസ്സില്‍ ഇതു ബുദ്ധി ഉപയോഗിച്ചാണ് മറികടക്കുന്നതെങ്കില്‍ ഇവിടെ ബുദ്ധിമാത്രം പോര,ശരീരം കൂടി വേണം.ഇങ്ങനെ ഓരോകളത്തിലെയും തടസ്സങ്ങള്‍ തട്ടിമാറ്റി മുന്നേറുക എന്നതാണ് കുട്ടിയുടെ മുന്നിലുള്ള വെല്ലുവിളി(challenge).കളി ഉയര്‍ത്തുന്ന വെല്ലുവിളി ശക്തമാകുമ്പോഴാണ് കളി രസകരമാകുന്നത്. അത് അവര്‍ക്ക് ആനന്ദം നല്‍കുന്നത്.ശോടി കളി കുട്ടികള്‍ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

എല്ലാ നല്ല കളികളും കുട്ടികളെ ഒരു കുരുക്കിലേക്ക് തള്ളിവിടുന്നു.കുരുക്കഴിക്കാന്‍ കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു.കുരുക്കഴിച്ച് പുറത്തുവരുന്നവനാണ് വിജയി.കുരുക്കഴിക്കാനുള്ള കുട്ടിയുടെ നിരന്തരപരിശ്രമമാണ് കളിനല്‍കുന്ന ആനന്ദം.
ശോടികളിക്ക് നല്ല കായികശേഷി ആവശ്യമാണ്.പതിവായി കളിയിലേര്‍പ്പെടുന്ന കുട്ടി കായിക ക്ഷമത നേടിയിരിക്കും.ഒപ്പം കോട്ട മറികടക്കണമെങ്കില്‍ ബുദ്ധിപരമായതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും വേണം.ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ നന്നായി ആശയവിനിമയം നടന്നാല്‍ മാത്രമെ ഇതു സാധ്യമാകൂ.

പ്രശ്ന പരിഹരണശേഷിയാണ് ഈ കളിയിലേര്‍പ്പെടുന്നതിലൂടെ കുട്ടി സ്വായത്തമാക്കുന്നത്.അതാകട്ടെ പഠനത്തിന് അത്യാന്താപേക്ഷിതമാണു താനും.പില്‍ക്കാലത്ത് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിക്കു
മുന്നില്‍ പകച്ചുപോകാതിരിക്കാന്‍ ഈ കളി അവനെ അബോധമായി സ്വാധീനിച്ചേക്കാം.
ശോടികളി കുട്ടികള്‍ക്കുനല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്.കാവല്‍ക്കാരായ ആണ്‍കുട്ടികളെയാണ് അവര്‍ക്കു പലപ്പോഴും നേരിടേണ്ടി വരിക.ആണ്‍കുട്ടികളെ മറികടന്ന് ഉപ്പുവാരിവരുന്ന പെണ്‍കുട്ടികളുടെ ആഹ്ലാദം നേരിട്ടുകണ്ടാല്‍ ഇതു ബോധ്യപ്പെടും.
കുട്ടികളുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ചു പതിവായി പരാതി പറയാറുള്ള അധ്യാപകര്‍ ഏറെയാണ്.അവര്‍ കുട്ടികളെ ഇത്തരം കളികള്‍ കളിപ്പിക്കുകയാണു ചെയ്യേണ്ടത്.കാരണം ഓരോ കളിക്കും ചില നിയമങ്ങളുണ്ട്.കളിക്കുന്നകുട്ടി കളിയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.അല്ലെങ്കില്‍ കളി മുന്നോട്ടുപോകില്ല.കുട്ടി അവന്റെ പല ചോദനകളെയും തല്‍ക്കാലത്തേക്കു മാറ്റി വെക്കേണ്ടതായി വരും.അവന്റെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കേണ്ടതായി വരും.ഇത്തരത്തില്‍ ഓരോ കളിയും കുട്ടിയുടെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കാനുള്ള ഒരു സ്വാഭാവിക സന്ദര്‍ഭമാണ് മുന്നോട്ടുവെക്കുന്നത്.ഇതു കളിക്കുമാത്രം സാധ്യമായ ഒരു കാര്യമാണുതാനും.അതുകൊണ്ടാണ് അച്ചടക്കം കളിയിലൂടെ സാധ്യമാണെന്നു പറയുന്നത്.
കുട്ടികള്‍ക്ക് സ്വയം ആവിഷ്കരിക്കാനുള്ള പല ഉപാധികളില്‍ ഒന്നാണ് കളിയും.കളി നല്‍കുന്ന അളവറ്റ ആനന്ദം കുട്ടിയുടെ പിരിമറുക്കം അയയ്ക്കുന്നു.വൈകാരികമായ തുലനാവസ്ഥ പാലിക്കാന്‍ അവനെ സഹായിക്കുന്നു.നല്ല സാമൂഹ്യജീവിതം നയിക്കാന്‍ ഇതവനെ പ്രാപ്തനാക്കുന്നു.

1 comment:

  1. "ഇത്തരത്തില്‍ ഓരോ കളിയും കുട്ടിയുടെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കാനുള്ള ഒരു സ്വാഭാവിക സന്ദര്‍ഭമാണ് മുന്നോട്ടുവെക്കുന്നത്.ഇതു കളിക്കുമാത്രം സാധ്യമായ ഒരു കാര്യമാണുതാനും.അതുകൊണ്ടാണ് അച്ചടക്കം കളിയിലൂടെ സാധ്യമാണെന്നു പറയുന്നത്.' പൂര്‍ണ്ണമായും യോജിക്കുന്നു മാഷേ ...കളിയിലൂടെ കണക്കും ശാസ്ത്രവും ഭാഷയും ജനാധിപത്യ മര്യാദകളും ഒക്കെ പഠിച്ചവരാണ് നമ്മുടെ തലമുറ.സമൂഹ മര്യാദകള്‍ പാലിച്ചാല്‍ മാത്രമേ കളിക്കളത്തില്‍ അംഗീകാരവും നേതൃത്വവുമൊക്കെ കിട്ടൂ എന്ന് ഏതു ചെറിയ കുട്ടിയും പഠിക്കും . സ്വയം നിയന്ത്രിത അച്ചടക്കം പാലിക്കാന്‍ കുട്ടികള്‍ സ്വയമേവ തയ്യാറാവും .ഇതൊക്കെയറി ഞ്ഞിട്ടും നാമെന്തേ കണ്ണടക്കുന്നു..........കളികളെ തഴയുന്നൂ........

    ReplyDelete