ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 27 July 2014

ക്ലാസില്‍ ഒരു കുട്ടിയുടെ ഇടം


അതൊരു ലളിതമായ യാത്രയയപ്പ് ചടങ്ങായിരുന്നു.ആറാം ക്ലാസുകാര്‍ തങ്ങളുടെ പ്രിയ കൂട്ടുകാരി മഞ്ജുവിന് നല്‍കിയ യാത്രയയപ്പ്.ആത്മാര്‍ത്ഥമായ സ്നേഹപ്രകടനം കൊണ്ട്  വേറിട്ടുനിന്ന ഒരു ചടങ്ങ്.

മുതിര്‍ന്നവര്‍ നടത്തുന്ന ഇത്തരം ചടങ്ങുകളിലെ പ്രകടനപരതയും പൊള്ളത്തരവും  ഓര്‍ത്ത് പലപ്പോഴും ചിരിക്കാറുണ്ട്.പക്ഷേ കുട്ടികള്‍ അങ്ങനെയല്ല.അവര്‍ പറയുന്നതൊക്കെ ഉള്ളില്‍തട്ടിയാണ്.സത്യസന്ധവും.


മഞ്ജു നവോദയാ സ്ക്കൂള്‍ പരീക്ഷ ജയിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.
"മാഷേ,മഞ്ജു ഞങ്ങളെ വിട്ട് പോകും. ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.”

എനിക്കും വിഷമം തോന്നി.നല്ല ചുറുചുറുക്കുള്ള കുട്ടി.ഏതൊരു കാര്യത്തെക്കുറിച്ചും മഞ്ജുവിന് സ്വന്തമായ അഭിപ്രായമുണ്ട്.നന്നായി വായിക്കും.പഠിക്കും.ഏല്‍പ്പിച്ച  ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും.

ഇക്കാലംകൊണ്ട് മഞ്ജു ക്ലാസില്‍ അവളുടേതായ ഒരു ഇടം ഉണ്ടാക്കിയെടുത്തിരുന്നു.ആ ഇടം ഇനി ഒഴിഞ്ഞുകിടക്കും.
പക്ഷേ,മഞ്ജുവിന്റെ  ജീവിതസാഹചര്യം ഓര്‍ത്തപ്പോള്‍ അവള്‍ പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അങ്ങനെയെങ്കിലും ആ കുട്ടി രക്ഷപ്പെടട്ടെ.




പിറ്റേദിവസം ശിവനന്ദനും ആകാശും നന്ദനയുമൊക്കെ ചേര്‍ന്ന്  എന്റെ അടുത്ത് വന്ന് പറഞ്ഞു.
"മാഷേ,മഞ്ജുവിന് ഒരു യാത്രയയപ്പ് നല്‍കണം.ഞങ്ങള്‍ പ്ലാന്‍ ചെയ്തോട്ടേ?”

സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹം കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.ഒരു സമൂഹജീവി എന്നനിലയില്‍ പിരിഞ്ഞുപോകുന്ന ആ കുട്ടിയോട് തങ്ങള്‍ക്ക് ചില ഉത്തരവാദിത്തമുണ്ട്.അവള്‍ക്ക് മാന്യമായ ഒരു യാത്രയയപ്പ് നല്‍കുക എന്നതാണത്.ഇങ്ങനെയുള്ള ഒരു ചിന്തയിലേക്ക് അവര്‍ സ്വയം എത്തിച്ചേര്‍ന്നിരിക്കുന്നു.കുട്ടികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു!ഇത് കുട്ടികളുടെ വളര്‍ച്ച തന്നെയാണ്.

"വലിയ പണച്ചെലവ് വേണ്ട. കഴിയുന്നത്ര ലളിതമാക്കണം.”
ഞാന്‍ പറഞ്ഞു.




മഞ്ജു അറിയാതെ ഒരു ദിവസം അവര്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് രഹസ്യമായി യോഗം ചേര്‍ന്നു.എന്നെക്കൂടി വിളിച്ചിരുന്നു.ഞാന്‍ പോയില്ല.മനപ്പൂര്‍വ്വമായിരുന്നു.എന്റെ ഇടപെടല്‍ അതില്‍വേണ്ട എന്നു കരുതി.യോഗതീരുമാനങ്ങള്‍ അവര്‍ വന്ന് എന്നെ അറിയിച്ചു.
"തിങ്കളാഴ്ച മുതല്‍ മഞ്ജുവരില്ല.അതുകൊണ്ട് ഈ വെള്ളിയാഴ്ചയാണ് യാത്രയയപ്പ്.രാവിലെ ഒന്‍പതരയ്ക്ക്."നവീന്‍ പറഞ്ഞു.

"ഒരു ഹീറോ പേന.ഒരു കുപ്പി മഷി.പിന്നെ എന്നെന്നും ഞങ്ങളെ ഓര്‍ക്കാന്‍ ഒരു കൗതുകവസ്തു.ഇത്രയുമാണ് ഞങ്ങളുടെ എല്ലാവരുടേയും വക അവള്‍ക്കുള്ള സമ്മാനം.ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള സമ്മാനങ്ങള്‍ വേറേയും നല്‍കാം."
ആദര്‍ശ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.അവന്റെ ഗൗരവം കണ്ടപ്പോള്‍ ഞാന്‍ ഉള്ളാലെ ചിരിച്ചു.

"രാഹുലിന്റെ പിറന്നാള്‍ അന്നാണ്.അവന്റെ വക മിഠായിയുമുണ്ടാകും."സനിക പറഞ്ഞു.

"നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന സമ്മാനം ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.എന്താ സമ്മതമാണോ?”
"അതു വേണോ,സാര്‍?"നന്ദന ചോദിച്ചു.
"വേണം.നിങ്ങളുടെ കൂടെ ഞാനും കൂടി എന്നു കരുതിയാല്‍ മതി.”
സാധനം വാങ്ങാന്‍ മൂന്നുപേരെ ചുമതലപ്പെടുത്തി.
യോഗ നടപടികള്‍ അവര്‍തന്നെ തീരുമാനിച്ചു.ആദിത്യ സ്വാഗതം പറയണം.താല്‍ക്കാലിക ലീഡര്‍ ആകാശ് അധ്യക്ഷന്‍. ഞാന്‍ ഉത്ഘാടനം.എല്ലാവരുടേയും വക ആശംസകള്‍.

തലേ ദിവസം കുറച്ച് കുട്ടികള്‍ വന്ന് ഒരു കത്ത് എന്നെ കാണിച്ചു.ഇതായിരുന്നു കത്ത്.



"ഈ കത്ത് കവറിലിട്ട് അവള്‍ക്ക് കൊടുക്കാനാണ് വിചാരിക്കുന്നത്."
ആദിത്യ പറഞ്ഞു.
"അതു പോര. ഈ കത്ത് എല്ലാവരും കേള്‍ക്കേ ഉറക്കെ വായിക്കണം.”
കുട്ടികള്‍ സമ്മതിച്ചു.കത്ത് വായിക്കാന്‍ നന്ദനയെ ചുമതലപ്പെടുത്തി.

അന്നു രാവിലെ നല്ല മഴയുണ്ടായിരുന്നു.കുട്ടികളുടെ ബാഗും ഉടുപ്പുമൊക്കെ നനഞ്ഞിരുന്നു.നനഞ്ഞ ബാഗു തുറന്ന് അവര്‍ കൊണ്ടുവന്ന കൊച്ചു കൊച്ചു സമ്മാനങ്ങള്‍ രഹസ്യമായി എന്നെ കാണിച്ചു. ചുവന്ന റോസാപ്പൂക്കള്‍,പേന,പെന്‍സില്‍,വള,മാല,നോട്ടുപുസ്തകം,ആശംസാകാര്‍ഡുകള്‍,ചിത്രങ്ങള്‍,കൗതുകവസ്തുക്കള്‍.കുഞ്ഞുപാവകള്‍.....കുട്ടികളുടെ സ്നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍
"നന്നായിരിക്കുന്നു."ഞാന്‍ പറഞ്ഞു."എല്ലാം നല്ല സമ്മാനങ്ങള്‍ തന്നെ.”


മഞ്ജു മഴയിലൂടെ നടന്നു വരുന്നത് കുട്ടികള്‍ ദൂരേ നിന്നു തന്നെ കണ്ടു.അവള്‍ ക്ലാസിലേക്കു കയറുമ്പോള്‍ എല്ലാവരും കൈയ്യടിച്ചു.മഞ്ജു അമ്പരന്നു.പതിവില്ലാത്ത കൈയടികേട്ട് അവള്‍ എന്നെ നോക്കി.അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല.രഹസ്യം സൂക്ഷിക്കാന്‍ കുട്ടികള്‍ക്കു കഴിയും എന്ന് എനിക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്.


സ്വാഗതം പറഞ്ഞത് ആദിത്യയായിരുന്നു.ഒന്നാം ക്ലാസ് മുതല്‍ മഞ്ജു എന്റെ ഒപ്പമുണ്ടായിരുന്നു.ഒരു നല്ല കൂട്ടുകാരിയായിരുന്നു അവള്‍.നല്ല സ്നേഹമുള്ളവള്‍.അവള്‍ ഇതുവരേയും എന്നോട് പിണങ്ങിയിട്ടില്ല.എല്ലാവരേയും സഹായിക്കുന്ന മനസ്സായിരുന്നു അവള്‍ക്ക്....ആദിത്യ അവളുടെ ഗുണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്.അവള്‍ക്ക് നല്ല ഒരു ഭാവി ആശംസിച്ച് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു പായ്ക്കറ്റ് അവള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ആദിത്യ അവസാനിപ്പിച്ചത്.പിന്നെ എന്റെ ലഘുപ്രസംഗം.


ശേഷം ഓരോരുത്തരായി വന്ന് അവര്‍ കരുതിയ സമ്മാനങ്ങള്‍ അവളെ ഏല്‍പ്പിച്ചു.ഓരോരുത്തരും അവളെക്കുറിച്ചു സംസാരിച്ചു.വിഷ്ണുനാഥ് അവളെക്കുറിച്ച് ഒരു കവിതതന്നെ എഴുതിക്കൊണ്ടു വന്നിരുന്നു.അതവന്‍ ഭംഗിയായി ചൊല്ലി യവതരിപ്പിച്ചു.അഞ്ചല്‍ അവന്‍ വരച്ച മഞ്ചുവിന്റെ ഒരു ചിത്രമായിരുന്നു അവള്‍ക്ക് സമ്മാനിച്ചത്.



ഇടയ്ക്ക് എപ്പോഴോ മഞ്ചുവിന്റെ കണ്ണു നിറഞ്ഞു.തനിക്ക് ഇത്രമാത്രം ഗുണങ്ങളുണ്ടായിരുന്നെന്നും താനിവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നെന്നും അവള്‍ അറിയുന്നത് ഇപ്പോഴായിരിക്കണം.

മഞ്ജുവിനെക്കുറിച്ച് കുട്ടികള്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി.മഞ്ജുവിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതിലൂടെ അവര്‍ സ്വയം വിമര്‍ശനം നടത്തുകയാണെന്ന്.ക്ലാസില്‍ താന്‍ ആരാണ്?തന്റെ പെരുമാറ്റം എങ്ങനെയാണ്?മറ്റുള്ളവര്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ?ഞാന്‍ എല്ലാവരോടും സ്നേഹത്തോടെയാണോ പെരുമാറുന്നത്?മഞ്ജുവിനെപ്പോലെ ഞാനും അങ്ങനെയാവേണ്ടതല്ലേ?ഇനി ഞാന്‍ എന്റെ പെരുമാറ്റത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്?
ഇങ്ങനെയൊക്കെയായിരിക്കണം അവര്‍ ചിന്തിക്കുന്നത്. കുട്ടികളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍പറ്റിയ ഇതിലും നല്ല സന്ദര്‍ഭം വേറെ ഏതുണ്ട്?




വൈകുന്നേരം സ്പെഷ്യല്‍ അസംബ്ലിക്കുവേണ്ടി ബെല്ലടച്ചു.എന്തിനാണ് അസംബ്ലിയെന്ന് കുട്ടികള്‍ എന്നോടു ചോദിച്ചു.എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ എത്തുമ്പോഴേക്കും അസംബ്ലി ആരംഭിച്ചിരുന്നു.ഹെഡ്മാസ്റ്ററുടെ തൊട്ടടുത്തായി നില്‍ക്കുന്ന അതിഥിയെ ഞാന്‍ സൂക്ഷിച്ചു നോക്കി-മഞ്ജു!മഞ്ജുവിനുള്ള യാത്രയയപ്പിനു വേണ്ടിയാണ് ഈ അസംബ്ലി.അവളുടെ അമ്മ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഡു കൊടുത്തയച്ചിരിക്കുന്നു!








Saturday 19 July 2014

വിലയിരുത്തല്‍ തന്നെ പഠനം



ഏഴാം ക്ലാസിലെ അനുശ്രീ തന്റെ കൂട്ടുകാരന്‍ അജയ് കൃഷ്ണയുടെ സയന്‍സ് നോട്ടിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തിയെഴുതിയ കുറിപ്പാണിത്.



അജയ് കൃഷ്ണ ഇത് ആകാംഷയോടെയാണ് വായിച്ചു നോക്കിയത്.ഈ കുറിപ്പ് അവന്റെ നോട്ടുപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍  മെച്ചപ്പെടുത്തുന്നതിന്ന് അവനെ സഹായിക്കുമോ?

അടുത്ത യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തും.
അപ്പോള്‍ അറിയാം.

ഇനി കാര്‍ത്തിക ഹരിതയുടെ നോട്ടുപുസ്തകത്തിലെഴുതിയ കുറിപ്പു നോക്കാം.



ഹരിത തന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പ് വായിച്ച ഉടനെ എന്റെ അടുത്ത് പരാതിയുമായി വന്നു.അവളുടെ മുഖത്ത് സങ്കടം.

"സര്‍,എന്റെ നോട്ടില്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണമെന്ന് എഴുതിയിരിക്കുന്നു.ഞാന്‍ എഴുതുന്നതില്‍ അക്ഷരത്തെറ്റ് ഉണ്ടാകാറില്ല.”
അവള്‍ ഉറപ്പിച്ചു പറഞ്ഞു.
ഞാന്‍ കാര്‍ത്തികയുടെ ഗ്രൂപ്പിലുള്‍പ്പെട്ട നാലുപേരേയും വിളിച്ചു.

"ഹരിതയുടെ നോട്ടുപുസ്തകം ഒരിക്കല്‍കൂടി പരിശോധിക്കണം.അവളുടെ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കണം."ഞാന്‍ പറഞ്ഞു.

അവര്‍ ഗ്രൂപ്പില്‍ ഹരിതയുടെ നോട്ടുപുസ്തകം വീണ്ടും പരിശോധിച്ചു.
"ആദ്യം ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ നാല് അക്ഷരത്തെറ്റുകളാണ് കണ്ടത്.ഇപ്പോളിതാ ആറിടത്തുണ്ട്.”കാര്‍ത്തിക പറഞ്ഞു.


അവര്‍ അക്ഷരത്തെറ്റുകള്‍ മാര്‍ക്ക് ചെയ്തത് എനിക്കു കാണിച്ചു തന്നു.

"ഹരിത എന്തുപറയുന്നു?"
ഞാന്‍ ഹരിതയോടു ചോദിച്ചു.
അവള്‍ വിശ്വാസം വരാഞ്ഞ് തന്റെ നോട്ടുപുസ്തകം ഒരിക്കല്‍ കൂടി മറിച്ചുനോക്കി.

ഹരിതയുടെ ഗര്‍വ്വിനേറ്റ ഒരടിയായിരുന്നു അത്.അത് നന്നായെന്ന് എനിക്കും തോന്നി.താന്‍ എഴുതുന്നതിലും പരിമിതിയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.ഇനി അവള്‍ കൂടുതല്‍ ശ്രദ്ധാലുവാകും.

സ്നേഹ കിരണിനു നല്‍കിയ ഫീഡ്ബാക്ക് ഇങ്ങനെയായിരുന്നു.



പോര്‍ട്ടുഫോളിയോയില്‍ ഗുണാത്മകക്കുറിപ്പുകള്‍ എഴുതുന്നതിനെക്കുറിച്ച് നാം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചര്‍ച്ച ഇതുവരെയും എങ്ങുമെത്തിയില്ല.


കുട്ടികള്‍ അത് എളുപ്പത്തില്‍ സാധിച്ചു.ഇതു പോലെ ഓരോ കുട്ടിയുടേയും നോട്ടുപുസ്തകത്തില്‍ ഓരോ കുറിപ്പുകളുണ്ടായി.അവരുടെ നോട്ടുപുസ്തകത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചും അവര്‍ ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും.കുറിപ്പുകള്‍ക്ക് പരിമിതികളുണ്ടാകാം.പക്ഷേ,അവര്‍ നേരായ വഴിയിലാണ്.

ഏഴാം ക്ലാസ് സയന്‍സിലെ ആദ്യ യൂണിറ്റിന്റെ വിലയിരുത്തലാണ് നടന്നത്.പോര്‍ട്ട്ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ നോട്ടുപുസ്തകവും യൂണിറ്റ് ടെസ്റ്റ് പേപ്പറുമാണ് കുട്ടികള്‍ പരസ്പരം  വിലയിരുത്തിയത്.


നോട്ടുപുസ്തകം വിലയിരുത്താനുള്ള സൂചകങ്ങള്‍ കുട്ടികളുമായി ചര്‍ച്ചചെയ്താണ് രൂപപ്പെടുത്തിയത്.കുട്ടികള്‍ നിര്‍ദ്ദേശിച്ചവ ഇവയായിരുന്നു.


  • നോട്ടുപുസ്തകത്തിന്റെ ഭംഗി(കൈയക്ഷരം,തെറ്റുകൂടാതെ എഴുതല്‍,ശീര്‍ഷകങ്ങളും മറ്റും ഭംഗിയാക്കല്‍.)
  • ചിത്രങ്ങളുടെ ഭംഗി,ശരിയായ അടയാളപ്പെടുത്തല്‍
  • ഉള്ളടക്കം(കുട്ടി സ്വന്തമായിചെയ്യുന്ന വിവരശേഖരണം,അന്വേഷണ പ്രൊജക്ടുകള്‍,കുറിപ്പുകള്‍...)
  • ക്രമമായ രേഖപ്പെടുത്തല്‍

കുട്ടികളെ നാലു പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി.പഠനത്തില്‍ വ്യത്യസ്തനിലവാരം പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഗ്രൂപ്പ്.ഗ്രൂപ്പങ്ങളുടെ ലിസ്റ്റ് ഞാന്‍ നേരത്തെ തയ്യാറാക്കിയിരുന്നു.

ഓരോ ഗ്രൂപ്പിനും നാലു നോട്ടുപുസ്തകം വീതം നല്കി.(മറ്റു കുട്ടികളുടെ)
ഓരോരുത്തരും ഒരു പുസ്തകം വീതം വായിച്ചുനോക്കി വിലയിരുത്തി.

പിന്നീട് അതിന്റെ ഗുണങ്ങളും ഇനിയും മെച്ചപ്പെടേണ്ട കാര്യങ്ങളും ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു.തന്റെ വിലയിരുത്തലില്‍ അപാകതയില്ലെന്ന് ഉറപ്പ് വരുത്തി.ഓരോരുത്തരും അതാതു നോട്ടുപുസ്തകത്തില്‍ വിലയിരുത്തല്‍ കുറിപ്പ് എഴുതി.ഒപ്പം സ്കോറും ഗ്രേഡും.

ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 45 മിനുട്ട് സമയം വേണ്ടിവന്നു.

യൂണിറ്റ് വിലിരുത്തലിന്റെ അടുത്ത ഘട്ടം യൂണിറ്റ് ടെസ്റ്റിന്റെ പേപ്പര്‍ വിലയിരുത്തലായിരുന്നു.ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ.അറിവിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട അഞ്ചുചോദ്യങ്ങള്‍.
പരീക്ഷാപേപ്പര്‍ വിലയിരുത്തേണ്ടത് നിങ്ങളാണെന്നു പറഞ്ഞപ്പോള്‍
കുട്ടികള്‍ക്ക് അത്ഭുതം.ഞങ്ങളോ?
അതിന്റെ അധികാരം മാഷിനല്ലേ എന്നതായിരുന്നു ആ ചോദ്യത്തിലെ ധ്വനി.

നേരത്തേ രൂപീകരിച്ച നാലു കുട്ടികള്‍ വീതമുള്ള  ഗ്രൂപ്പില്‍ പരീക്ഷാപേപ്പര്‍ നല്‍കി.
ഒരു ഗ്രൂപ്പിനു നാലു പേപ്പറുകള്‍.നാലും മറ്റൊരു ഗ്രൂപ്പിലെ കുട്ടികളുടേത്.ഓരോരുത്തരും ഓരോ പേപ്പര്‍വീതം നോക്കണം.
കുട്ടികള്‍ക്ക് അപ്പോഴും സംശയം.
"ഞങ്ങള്‍ക്ക് ഇതിനു കഴിയുമോ സര്‍?”

ഒന്നാമത്തെ ചോദ്യത്തിന്റെ ഗ്രേഡിങ്ങ് സൂചകങ്ങള്‍ ഞാന്‍ ബോര്‍ഡിലെഴുതി.

"ഇനി ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ഗ്രൂപ്പിലെ ഓരോരുത്തരായി വായിക്കണം.മികച്ച ഉത്തരം കണ്ടെത്തണം.അതിനെ സൂചകങ്ങള്‍ ഉപയോഗിച്ച് ഗ്രേഡ് ചെയ്യണം.”

 ഗ്രൂപ്പില്‍ അതിഗംഭീരമായ ചര്‍ച്ച നടക്കുകയാണ്.ഓരോ ഉത്തരവും തലനാരിഴകീറി പരിശോധിക്കുന്നു.വീണ്ടും ചര്‍ച്ച ചെയ്യുന്നു.വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുന്നു.ഉത്തരത്തെ ഗ്രേഡിങ്ങ് സൂചകവുമായി തട്ടിച്ചുനോക്കുന്നു.അന്തിമ തീരുമാനം ഗ്രൂപ്പില്‍തന്നെയെടുക്കണം എന്നു ഞാന്‍ നിഷ്ക്കര്‍ഷിച്ചിരുന്നു.എന്നാലും അപൂര്‍വ്വം ചിലര്‍ എന്നെ സമീപിക്കുന്നു.
 ഓരോ ഉത്തരവും അവര്‍ ആഴത്തിലാണ് വായിച്ചുനോക്കുന്നത്.ഓരോ കുട്ടിയോടും പരമാവധി നീതി പുലര്‍ത്തിക്കൊണ്ടാണ് മാര്‍ക്കിടുന്നത്.തങ്ങള്‍ വലിയ ഒരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന ബോധത്തോടു കൂടിയാണ് അവര്‍ പരീക്ഷാപേപ്പറുകള്‍ വിലയിരുത്തുന്നത്.

ഓരോ ഗ്രൂപ്പിനും നാലു പേപ്പറുകള്‍ വീതം നോക്കിത്തീരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയം വേണ്ടിവന്നു.
 പണി കഴിഞ്ഞപ്പോള്‍ പല കുട്ടികളും ക്ഷീണിച്ചുപോയിരുന്നു.തലച്ചോറ് നന്നായി പ്രവര്‍ത്തിച്ചിരിക്കണം.കനപ്പെട്ട ജോലിതന്നെ.

"പരീക്ഷാപേപ്പര്‍ വിലയിരുത്തിക്കഴിഞ്ഞപ്പോള്‍ എന്തുതോന്നി?ഇതുകൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി തോന്നുന്നുണ്ടോ?"
ഞാന്‍ ചോദിച്ചു.
" ഉണ്ട്."കുട്ടികള്‍ പറഞ്ഞു.
"എങ്കില്‍ അതൊരു പേപ്പറില്‍ എഴുതിത്തരാമോ?”
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.

 അതുല്‍ ഇങ്ങനെയായിരുന്നു എഴുതിയത്.


പരീക്ഷാപേപ്പര്‍ നോക്കിയതിലൂടെ മറ്റുള്ളവരുടെ ഉത്തരപേപ്പറുമായി താരതമ്യം ചെയ്ത് എനിക്ക് സ്വയം വിലയിരുത്താന്‍ സാധിച്ചു.അധ്യാപകര്‍ ഉത്തരപേപ്പര്‍ നോക്കുന്നു,തരുന്നുഎന്നതിലൂടെ ഞങ്ങള്‍ക്ക് മാര്‍ക്ക് അറിയാനേ കഴിഞ്ഞിരുന്നുള്ളു.എന്നാല്‍ അധ്യാപകര്‍ എങ്ങെയാണ് മാര്‍ക്കിടുന്നതെന്നും ഏതടിസ്ഥാനത്തിലാണെന്നും മനസ്സിലായത് ഇപ്പോഴാണ്!ഇനിയുള്ള പരീക്ഷകള്‍ എങ്ങനെയാണ് എഴുതേണ്ടത് എന്നതിനെക്കുറിച്ച് അതുലിന് ധാരണ കിട്ടിയത് ഇപ്പോഴാണ്.

 ശ്രീധു എഴുതിയതു നോക്കൂ.


സ്വാതിയുടെ അഭിപ്രായം ഇങ്ങനെ.


"മാഷേ,എനിയെപ്പോഴും പരീക്ഷാക്കടലാസ് ഞങ്ങള്‍ തന്നെ നോക്കാം.ഇതിലൊരു ത്രില്ലുണ്ട്.”
രാഹുല്‍ പറഞ്ഞു.

"ഇനി ഉത്തരക്കടലാസ് ഞങ്ങള്‍ക്ക് തന്നൂടെ സാര്‍.” അര്‍ഷിതയ്ക്ക് ഉത്തരക്കടലാസ് കിട്ടാന്‍ ധൃതിയായി.
"ഇപ്പോള്‍ തരില്ല. ഞാന്‍ കൂടി പരിശോധിക്കും.അതിനു ശേഷം തരാം.എന്താ പോരെ?”
ഞാന്‍ ചോദിച്ചു.
"മാഷേ,ഞങ്ങളൊന്നു നോക്കിയിട്ട് ഇപ്പോള്‍ തന്നെ തിരിച്ചുതരാം.”

കുട്ടികള്‍ അവരവരുടെ പരിക്ഷാക്കടലാസുകള്‍ വാങ്ങി ആകാംഷയോടെ പരിശോധിക്കാന്‍ തുടങ്ങി.സ്കോറും ഗ്രേഡും ഇട്ടത് ശരിയാണോ?
"ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇപ്പോള്‍ ഉന്നയിക്കാം.”

ചിലര്‍ എഴുന്നേറ്റു.ഞാന്‍ എണ്ണി നോക്കി.42ല്‍ എട്ടു കുട്ടികള്‍.
"ഞങ്ങള്‍ക്ക് പരാതിയുണ്ട് സര്‍.”

അവരുടെ പേപ്പര്‍ ഞാന്‍ വേറെതന്നെ വെച്ചു.എല്ലാവരോടും ഉത്തരക്കടലാസ് തിരിച്ചു വാങ്ങി.
അന്നുതന്നെ അതു മുഴുവന്‍ പരിശോധിച്ചു.നാലു കുട്ടികളുടെ ഉത്തരക്കടലാസില്‍ മാത്രമേ ഒന്നോ രണ്ടോ സ്ക്കോറിന്റെ വ്യത്യാസം കണ്ടുള്ളു.ബാക്കിയെല്ലാവരുടെ കാര്യത്തിലും അവരുടെ വിലയിരുത്തല്‍ കൃത്യമായിരുന്നു.
ഈ കാര്യം ഞാനെന്റെ സഹപ്രവര്‍ത്തകനോടു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
"നമ്മള്‍ നോക്കിയ പേപ്പര്‍ മറ്റൊരാള്‍ നോക്കിയാലും ഈ വ്യത്യാസമുണ്ടാകും.”

(ചൂണ്ടുവിരലില്‍ വന്ന 'ഇങ്ങനെയായിരുന്നു യൂണിറ്റ് വിലയിരുത്തല്‍' എന്ന പോസ്റ്റാണ് ഇത് ചെയ്തുനോക്കാനുള്ള പ്രചോദനം)



Saturday 12 July 2014

കുട്ടികള്‍ പശ്ചിമഘട്ടം വരയ്ക്കുമ്പോള്‍....


സാമൂഹ്യശാസ്ത്രക്ലാസില്‍ പശ്ചിമഘട്ടത്തെ വരയിലൂടെ ആവിഷ്ക്കരിക്കുക എന്നതായിരുന്നു കുട്ടികളുടെ മുന്നിലുള്ള വെല്ലുവിളി.
ആറാംക്ലാസില്‍ 'പശ്ചിമഘട്ടത്തിലൂടെ...'എന്ന യൂണിറ്റായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്.ചിത്രംവര എന്ന പ്രവര്‍ത്തനത്തിലേക്കു വരുന്നതിനു മുമ്പ് കുട്ടികള്‍  പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളിലൂടെ  കടന്നു പോയിരുന്നു.

പശ്ചിമഘട്ടത്തിന്റെ സ്ഥാനം മാപ്പില്‍ കണ്ടെത്തല്‍,അതിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കല്‍,അവിടുത്തെ കാടുകളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വീഡിയോ ദൃശ്യങ്ങള്‍, വായനാക്കുറിപ്പുകള്‍ എന്നിവയില്‍ നിന്നുംവിവരങ്ങള്‍ ശേഖരിച്ച് കുറിപ്പുതയ്യാറാക്കല്‍,സഹ്യപര്‍വ്വതത്തിലെ നദികളെക്കുറിച്ചും അണക്കെട്ടുകളെക്കുറിച്ചുമുള്ള വിവരശേഖരണം......



ചിത്രംവരയിലേക്കു കടക്കുന്നതിനു മുമ്പ് western ghats-time lapseഎന്ന മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഞാനവര്‍ക്ക് കാണിച്ചു കൊടുത്തു.പിന്നീട് കുട്ടികള്‍ കണ്ണടച്ച് നിശബ്ദരായിരുന്നു.പൂര്‍ണ്ണ നിശബ്ദതയില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പശ്ചിമഘട്ടമലനിരകളിലൂടെ ഒരു സാങ്കല്‍പ്പിക യാത്ര നടത്തി- മൂന്നോ നാലോ മിനുട്ട് സമയം.അതിനുശേഷം പശ്ചിമഘട്ടം വരയ്ക്കാന്‍ കഴിയുമോ എന്ന ചോദ്യം.അപ്പോഴേക്കും കുട്ടികള്‍ വരയ്ക്കാന്‍ സന്നദ്ധരായിക്കഴിഞ്ഞിരുന്നു.കാരണം അവരുടെ മനസ്സുനിറയെ സഹ്യപര്‍വ്വതത്തിന്റെ വ്യത്യസ്തമായ ഇമേജുകള്‍കൊണ്ട് നിറഞ്ഞിരുന്നു.

പിന്നീട് മുപ്പത് കുട്ടികളെ ആറു ഗ്രൂപ്പുകളാക്കി.എന്ത്, എങ്ങനെ വരയ്ക്കണം എന്നതിനെക്കുറിച്ച് കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച നടത്തി.ക്ലാസുമുറിയിലെ മേശയും ഡസ്ക്കുകളുമൊക്കെ എടുത്തുമാറ്റി ഓരോ ഗ്രൂപ്പിനും വരയ്ക്കാനുള്ള സ്ഥലം അനുവദിച്ചു.മൂഡ് ക്രിയേഷനുവേണ്ടി നേര്‍ത്ത സംഗീതം കേള്‍പ്പിച്ചുകൊടുത്തു.കുട്ടികള്‍ വരയ്ക്കാന്‍ തുടങ്ങി.




കുട്ടികള്‍ വരയ്ക്കുമ്പോഴോ?
അവരുടെ മനസ്സിലുള്ള ഇമേജുകള്‍ കൂടുതല്‍ മികവുറ്റതാക്കണം.എങ്കിലേ ഭാവനയുണരൂ.ഓരോന്നിന്റേയും വിശദാംശങ്ങള്‍ ലഭ്യമാക്കിയാലേ വരയ്ക്കാന്‍ കഴിയൂ.ഇതുവരെയില്ലാത്ത സംശയങ്ങള്‍ വഴിമുടക്കുന്നു.ഉത്തരം കിട്ടാന്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്യുന്നു.പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നു.ക്ലാസ് ലൈബ്രറിയിലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍,പാഠപുസ്തകം,കുട്ടികള്‍ ഉണ്ടാക്കിയ പതിപ്പുകള്‍,അവര്‍ നേരത്തെ കണ്ട നിരവധി വീഡിയോ ക്ലിപ്പിങ്ങുകളുടെ ഓര്‍മ്മകള്‍...

സംശയങ്ങള്‍ തീരാഞ്ഞ് ചോദ്യം എന്നോടായി.
ചോലവനം എങ്ങനെയാണ്?വരയാട് പുല്‍മേടിലാണോ താമസിക്കുന്നത്?ഇലപൊഴിയും കാട്ടില്‍ മൃഗങ്ങളുണ്ടാകുമോ?പാലക്കാട് ചുരം എങ്ങനെയാ‌ണ്? അവിടെ കാടുണ്ടോ?കാട്ടില്‍ നദിയുടെ ഉത്ഭവ സ്ഥാനം എങ്ങനെയായിരിക്കും?.....


 പശ്ചിമഘട്ടത്തെ വരക്കുക എന്നതാണ് അവരുടെ മുന്നിലുള്ള വെല്ലുവിളി.
ചിത്രം നന്നായി വരയ്ക്കണം.അവരുടെ മനസ്സില്‍ രൂപപ്പെട്ട ഇമേജുകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയായിരുന്നു ഈ ചോദ്യങ്ങളും അന്വേഷണങ്ങളും.കുട്ടികള്‍ക്ക് കൂടുതല്‍ റഫറന്‍സ് മെറ്റീരിയലുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു എന്റെ പരിമിതി.




ഒരു ഗ്രൂപ്പിലെ കുട്ടികള്‍ ഒന്നിച്ചാണ് വരയ്ക്കുന്നത്.ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയില്‍ നല്ല മാനസികപൊരുത്തമുണ്ടെങ്കിലേ ഇതു സാധ്യമാകൂ.ചിത്രം നന്നാവണമെങ്കില്‍ ഓരോരുത്തരും പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും.അപ്പോഴാണ് ഗ്രൂപ്പ് പ്രവര്‍ത്തനം വിജയത്തിലെത്തുക.

ക്ലാസിലെ മുഴുവന്‍ കുട്ടികളും പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്ന പ്രവര്‍ത്തനമായിരുന്നു ഇത്.ഒരു മണിക്കൂര്‍നേരത്തേക്ക് അവര്‍ സ്വയം മറന്നു.ചിത്രംവരയുടെ ശക്തിയാണത്.കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിന് ചിത്രംവരയേക്കാള്‍ മികച്ച മറ്റൊരു പ്രവര്‍ത്തനമില്ല.

തനിക്ക് വരക്കാന്‍ കഴിയുമോയെന്ന് സംശയമുള്ള കുട്ടികളുണ്ടായിരുന്നു.വര തുടങ്ങിയതോടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണുണ്ടായത്.ഒരു പക്ഷേ,നിലത്താണ് വരക്കേണ്ടത് എന്നതിനാലായിരിക്കണം അത്.പോരാത്തതിന്  വരക്കേണ്ടത് ചോക്കുകൊണ്ടും.രണ്ടിനെയും കുട്ടികള്‍ക്ക് ഭയമില്ല.വരയ്ക്കാന്‍ കടലാസും വാട്ടര്‍കളറുമാണ് നല്‍കിയതെങ്കിലോ?സ്ഥിതി വ്യത്യസ്തമായേനെ.പല കുട്ടികളും വരയില്‍ നിന്ന് പിന്മാറിയേനെ.



പക്ഷേ,ഇനി ഈ കുട്ടികള്‍ക്ക് ഏതു മാധ്യമത്തിലും വരയ്ക്കാന്‍ കഴിയും.അതിനുള്ള ആത്മവിശ്വസം അവര്‍ നേടിക്കഴിഞ്ഞു.

വര പൂര്‍ത്തിയാക്കിയതിനുശേഷം ചിത്രത്തെ വിലയിരുത്തുന്നതിലേക്കു കടന്നു.ഗ്രൂപ്പുകളുടെ പരസ്പരവിലയിരുത്തലായിരുന്നു ഉദ്ദേശിച്ചത്.മുഴുവന്‍ കുട്ടികളേയും ക്ലാസിനു വെളിയില്‍ നിര്‍ത്തി.ആദ്യം ഒരു ഗ്രൂപ്പിനെ അകത്തേക്കു വിളിച്ചു.ഓരോ ഗ്രൂപ്പും വരച്ച ചിത്രം കാണാന്‍ പറഞ്ഞു. വിലയിരുത്താനുള്ള ചോദ്യം ഞാന്‍ ചാര്‍ട്ടില്‍ എഴുതിയിട്ടു.


  • ചിത്രത്തില്‍ പശ്ചിമഘട്ടത്തിന്റെ എന്തൊക്കെ പ്രത്യേകതകളാണുള്ളത്?
  • ഓരോ ചിത്രവും വിഷയവുമായി നീതിപുലര്‍ത്തിയോ?
  • വരയുടെ ഭംഗി എത്രത്തോളം?
 

ഈ രീതിയില്‍ മുഴുവന്‍ ഗ്രൂപ്പും ചിത്രത്തെ വിലയിരുത്തി.
ഓരോ ഗ്രൂപ്പും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തി.പിന്നീട് എല്ലാവരും ഒന്നിച്ചിരുന്നു.ചിത്രത്തെക്കുറിച്ച് ഓരോ ഗ്രൂപ്പിന്റേയും അഭിപ്രായം അവതരിപ്പിച്ചു.മികച്ച ചിത്രം ഏതാണെന്നു കണ്ടെത്തി. അതിനുള്ള കാരണങ്ങളും.

കുട്ടികളെ വരയ്ക്കാന്‍ അറിയുന്നവര്‍,വരയ്ക്കാന്‍ അറിയാത്തവര്‍ എന്നിങ്ങനെ തരംതിരിക്കുന്നത് ശരിയല്ല.എല്ലാ കുട്ടികളുടെ ഉള്ളിലും വരയുണ്ട്.കുട്ടികള്‍ വരയ്ക്കാന്‍ അറിയാത്തവരായി തീരുന്നത് വരയ്ക്കാനുള്ള അവരുടെ ആത്മവിശ്വസം നഷ്ടപ്പെട്ടുപോയതുകൊണ്ടാവാം.അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കാണ്.വരച്ച ചിത്രത്തെക്കുറിച്ച് മുതിര്‍ന്നവരുടെ നിഷേധാത്മകമായ ഒരു കമന്റ് മതി കുട്ടികള്‍ എന്നെന്നേക്കുമായി വര അവസാനിപ്പിക്കാന്‍! 



സാമൂഹ്യശാസ്ത്രക്ലാസില്‍ ചിത്രംവര ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?


തീര്‍ച്ചയായും അത്  കുട്ടികളെ ചിത്രകാരന്മാരാക്കുകയെന്നതല്ല.അവര്‍ ചിത്രകാരന്മാര്‍ ആവുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ.അത് നമ്മുടെ വിഷയമല്ല.ചിത്രംവര ആശയരൂപീകരണത്തിനുള്ള ശക്തമായ ഒരു ടൂള്‍ ആണ്. ചിത്രംവരയ്ക്കുന്നതിലൂടെ കുട്ടി നേടിയ അറിവിന് കൂടുതല്‍ തെളിച്ചം വരുന്നു.ആ അറിവ് അവന്റെ സ്വന്തമാണ്.വരച്ചുകൊണ്ടാണ് അവന്‍ അതിനെ സ്വന്തമാക്കുന്നത്.ആ അറിവില്‍ അവന്റെ വികാരം അലിഞ്ഞു ചേര്‍ന്നിരിക്കും.അതില്‍ അവന്റെ സര്‍ഗാത്മകതയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകും.




Sunday 6 July 2014

സയന്‍സ് ക്ലാസിലെ ജ്ഞാനനിര്‍മ്മിതി



വിഷയം ആറാം ക്ലാസിലെ സയന്‍സ്. രണ്ടാമത്തെ യൂണിറ്റിലെ ആദ്യ മൊഡ്യൂളാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്.പ്രകാശത്തിന്റെ പ്രതിപതനത്തെക്കുറിച്ച്.

ക്ലാസില്‍ ഒരു പരീക്ഷണം നടക്കുകയാണ്.ക്ലാസിലെ ജനാലകളും വാതിലുകളുമടച്ച് ക്ലാസിനെ ഒരു ഇരുട്ടുമുറിയാക്കി മാറ്റിയിരിക്കുന്നു.ടോര്‍ച്ചിന്റെ ശക്തിയേറിയ  പ്രകാശം വിവിധ വസ്തുക്കളില്‍ പതിപ്പിച്ച് പ്രകാശം തിരിച്ചയക്കുന്നവയെയും കടത്തിവിടുന്നവയേയും കുറിച്ച് പഠിക്കുകയാണ് കുട്ടികള്‍.ഓരോ വസ്തുവും പ്രകാശം എത്രമാത്രം തിരിച്ചയക്കുന്നുവെന്ന് കുട്ടികള്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. നിഗമനങ്ങള്‍ രൂപീകരിക്കുന്നു.



ടീച്ചര്‍ കണ്ണാടിയിലേക്ക് ടോര്‍ച്ച് തെളിച്ചുകൊണ്ട് ഒരു ചോദ്യം ഉന്നയിക്കുന്നു.

"പ്രകാശം കടന്നുപോകുന്ന വഴി നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ടോ?”
കുട്ടികള്‍ സൂക്ഷിച്ച് നോക്കി. അവര്‍ പറഞ്ഞു.
"വ്യക്തമായി കാണാന്‍ കഴിയുന്നില്ല.”
ടീച്ചര്‍ ഡസ്റ്റര്‍ ഒന്നു കുടഞ്ഞു.ക്ലാസില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നു.
വീണ്ടും കണ്ണാടിയിലേക്ക് ടോര്‍ച്ച് തെളിച്ചു.
"ഇപ്പോഴോ?”
"വ്യക്തമായി കാണാം.”
ടീച്ചര്‍ ടോര്‍ച്ചിന്റെ സ്ഥാനം മാറ്റി പ്രകാശം തെളിച്ചുകൊണ്ടിരുന്നു.അതിനനുസരിച്ച് പ്രകാശത്തിന്റെ പാതയില്‍ വ്യത്യാസം വരുന്നത് കുട്ടികള്‍ നിരീക്ഷിക്കാനായിരുന്നിരിക്കണം അത്.

"പ്രകാശം കടന്നുപോകുന്ന വഴി നിങ്ങള്‍ വ്യക്തമായി കണ്ടുവല്ലോ.ഇനി ഇതിന്റെ ചിത്രം വരക്കാമോ?”
വരക്കാമെന്നായി കുട്ടികള്‍.നിമിഷങ്ങള്‍ക്കകം അവര്‍ പുസ്തകവും സ്കെയിലും പെന്‍സിലുമെടുത്ത് വരയില്‍ മുഴുകി.



വരക്കുന്നതിനിടയില്‍ ടീച്ചര്‍ ഓരോ കുട്ടിയുടേയും അടുത്തേക്കുപോകുന്നുണ്ട്. അവരുടെ വര സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.അവരെ പ്രത്സാഹിപ്പിക്കുന്നുണ്ട്.
"വര നന്നായിട്ടുണ്ട്.പ്രകാശം എവിടെനിന്ന് എങ്ങോട്ടു പോകുന്നു (കടന്നുപോകുന്ന ദിശ)എന്നതു കൂടി അടയാളപ്പെടുത്തേണ്ടതല്ലേ?”
ടീച്ചറുടെ ഫീഡ്ബാക്ക്.
കുട്ടികള്‍ ചിത്രം ഒരിക്കല്‍ കൂടി നിരീക്ഷിക്കുന്നു.പ്രകാശത്തിന്റെ ദിശ അടയാളപ്പെടുത്തുന്നു.


മിക്ക കുട്ടികളും ശരിയായി വരച്ചിട്ടുണ്ട്. നാലു കുട്ടികള്‍ വരച്ചതില്‍ പിശകുകളുണ്ട്.പതന ബിന്ദുവില്‍നിന്നല്ല പ്രതിപതന കിരണം വരച്ചിരിക്കുന്നത്.



ടീച്ചര്‍ നന്ദനയെ ബോര്‍ഡിനടുത്തേക്ക് വിളിച്ചു.
"നന്ദന വരച്ച ചിത്രം ബോര്‍ഡില്‍ വരക്കാമോ?”
 നന്ദന നോട്ടുപുസ്തകത്തില്‍ വരച്ച ചിത്രം  ബോര്‍ഡിലേക്കു പകര്‍ത്തി.


 "നന്ദന ചിത്രം നന്നായി വരച്ചു.ഈ ചിത്രം ശരിയാണോ?”
ടീച്ചറുടെ ചോദ്യം.കുട്ടികള്‍ ചിത്രം സൂക്ഷിച്ചുനോക്കി.
"ശരിയാണ്."
കുട്ടികള്‍ ഏക സ്വരത്തില്‍ പറഞ്ഞു.

കുട്ടികള്‍ക്ക് അതിലെ തെറ്റു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.ശരിയായി വരച്ച കുട്ടികള്‍ക്കു പോലും ബോര്‍ഡിലെ ചിത്രത്തിലെ തെറ്റ് കണ്ടുപിടിക്കാന്‍ കഴിയാഞ്ഞത് എന്തു കൊണ്ടായിരിക്കും?

ഒരു നിമിഷം ടീച്ചര്‍ ആലോചിച്ചു.അവരുടെ നിരീക്ഷണം വേണ്ടത്ര ഫലപ്രദമാകാത്തതുകൊണ്ടായിരിക്കണം.



"ഞാന്‍ പരീക്ഷണം ഒരിക്കല്‍ കൂടി ചെയ്യാം.എന്താണ് കാണുന്നതെന്ന് ശ്രദ്ധിച്ച് നോക്കണം"
ടീച്ചര്‍ പരീക്ഷണം ആവര്‍ത്തിച്ചു.

കുട്ടികള്‍ അവരുടെ നിരീക്ഷണം സൂക്ഷ്മമാക്കി.
 പരീക്ഷണം കഴിഞ്ഞയുടനെ നന്ദന എഴുന്നേറ്റു.
"ടീച്ചര്‍, എന്റെ  ചിത്രം ഞാന്‍ നേരെ വരക്കാം."നന്ദന പറഞ്ഞു.
അവള്‍ ബോര്‍ഡില്‍ ചിത്രം മാറ്റി വരച്ചു.ഇത്തവണ പ്രകാശം പതിക്കുന്ന ബിന്ദുവില്‍നിന്നുതന്നെ പ്രതിപതന കിരണം വരച്ചിരിക്കുന്നു.
"നന്നായിരിക്കുന്നു."ടീച്ചര്‍ അവളെ അഭിനന്ദിച്ചു.



പ്രയാസം നിറഞ്ഞ മറ്റൊരു മേഖലയിലേക്കാണ് ടീച്ചര്‍ അടുത്തതായി കടന്നത്.ഇതുമായി ബന്ധപ്പെട്ട ചില ശാസ്ത്രപദാവലികള്‍(Scientific terms) കുട്ടികളെ പരിചയപ്പെടുത്തണം. ഇതുവരെ ടീച്ചര്‍ ഇത്തരം പദാവലികളൊന്നും ഉപയോഗിച്ചതേയില്ല.ശാസ്ത്രം പഠിപ്പിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതുതന്നെയാണ്.ഈ പദാവലികള്‍ ശരിയായി അവതരിപ്പിച്ചില്ലെങ്കില്‍ അത് ആശയരൂപീകരണത്തിന് തടസ്സമാകും.കുട്ടികള്‍ക്ക് ശാസ്ത്രപഠനം പ്രയാസമാകും.

"ചിത്രം വര പൂര്‍ത്തിയാവണമെങ്കില്‍ അതിന്റെ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക(labelling) കൂടി വേണം."ടീച്ചര്‍ പറഞ്ഞു."നിങ്ങള്‍ക്ക് രണ്ടുപേരുടെ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തുകൊണ്ട് ചെയ്യാം.”
കുട്ടികള്‍ രണ്ടുപേരുടെ ഗ്രൂപ്പില്‍ ചിത്രം അടയാളപ്പെടുത്തി.
ആദര്‍ശും നവീനും ചേര്‍ന്ന് അടയാളപ്പെടുത്തിയത് നോക്കുക.



കണ്ണാടി,പോകുന്ന വെളിച്ചം,തിരിച്ചുവരുന്ന വെളിച്ചം,ടോര്‍ച്ച് എന്നിങ്ങനെയായിരുന്നു മിക്ക കുട്ടികളും അടയാളപ്പെടുത്തിയത്.എന്നാല്‍ ആദര്‍ശ് കണ്ണാടിക്കുപകരം ദര്‍പ്പണം എന്നെഴുതിയിരിക്കുന്നു.

"നിങ്ങള്‍ അടയാളപ്പെടുത്തിയത് പൂര്‍ണ്ണമായും ശരിയാണ്.എന്നാല്‍ ഇതൊക്കെ സൂചിപ്പിക്കാന്‍ ശാസ്ത്രത്തിനു ഒരു ഭാഷയുണ്ട്.അതെന്താണെന്നു കണ്ടെത്തണമെങ്കില്‍  നിങ്ങളുടെ പുസ്തകത്തില്‍ നല്‍കിയ കുറിപ്പു വായിച്ചു നോകൂ.”
ടീച്ചര്‍ പറഞ്ഞു.

'പ്രകാശത്തന്റെ പ്രതിപതനം' എന്ന കുറിപ്പ് കുട്ടികള്‍ വ്യക്തിഗതമായി വായിക്കുന്നു.ഇനി ശരിയായ പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് ചിത്രം ഒരിക്കല്‍കൂടി അടയാളപ്പെടുത്തൂ.
ക്ലാസിലെ മുഴുവന്‍ കുട്ടികളും അതു നേരായിത്തന്നെ അടയാളപ്പെടുത്തി.



ടീച്ചറുടെ അടുത്ത ചോദ്യം.
"ഇനി പതനകിരണവും പ്രതിപതനകിരണവും എന്താണെന്ന് വിശദീകരിക്കാമോ?”
കുട്ടികള്‍ വ്യക്തിഗതമായി എഴുതി.ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള തടസ്സം ഉള്ളതായി കണ്ടില്ല.മൂന്നോ നാലോ കുട്ടികള്‍ അവതരിപ്പിച്ചു.



ആശയരൂപീകരണവുമായി ബന്ധപ്പെട്ട ടീച്ചറുടെ അവസാനത്തെ ചോദ്യം ഇതായിരുന്നു.

"പ്രകാശത്തന്റെ പ്രതിപതനം എന്നാല്‍ എന്താണ്?”
അത് നിര്‍വ്വചിക്കുകയെന്നത് കുട്ടികള്‍ക്ക്  പ്രയാസമുള്ള കാര്യമായിരുന്നില്ല.അപ്പോഴേക്കും കുട്ടികള്‍ ആശയരൂപീകരണത്തിലേക്ക് സ്വയം എത്തിച്ചേര്‍ന്നിരുന്നു.ഈ ആശയം ഉറപ്പിക്കുന്നതിനുവേണ്ടി കിരണപേടകം ഉപയോഗിച്ചുള്ള പരീക്ഷണത്തിലേക്കായിരുന്നു ടീച്ചര്‍ പിന്നീട് പോയത്.