ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday, 23 April 2014

'ഉറവകള്‍ തേടി' നമ്മോട് എന്താണ് പറയുന്നത്?

'ഉറവകള്‍ തേടി' കൈയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷം തോന്നി.കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്ഥാനംപിടിച്ചേക്കാവുന്ന ഒരു പുസ്തകം സ്വന്തമാക്കിയതിന്റെ സന്തോഷം. മലയാളത്തിലെ ആദ്യത്തെ അക്കാദമിക്ക് ജേണല്‍ എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.പരിമിതികളുണ്ടെങ്കിലും ഇത് ധീരമായ ഒരു ശ്രമം തന്നെയാണ്.എറണാകുളത്തെ നോര്‍ത്ത് പറവൂരിലെ വിദ്യാലയക്കൂട്ടായ്മയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കാനത്തൂര്‍ പെരുമയുടെ അഭിനന്ദനങ്ങള്‍.ജയശ്രീ ടീച്ചറാണ് ഈ പുസ്തകം ഞങ്ങള്‍ക്ക് അയച്ചുതന്നത്.

എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍- പയ്യന്നൂരിലെ പി പ്രേമചന്ദ്രനും കെ.എം.ഉണ്ണികൃഷ്ണനും ഞാനും -ഇങ്ങനെയൊരു പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിച്ചിരുന്നു.ഞങ്ങള്‍ അതിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ ആ ശ്രമം പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്.അതിന് ആവശ്യമായ മുഴുവന്‍ സമയപ്രവര്‍ത്തനം, പുസ്തകത്തിന്റെ വിതരണം,പ്രസിദ്ധീകരണം തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റുമോ എന്ന ആശങ്ക എന്നിവ ഞങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാലയക്കൂട്ടായ്മ വേണ്ടിവന്നു.

ഉറവകള്‍ തേടി എന്ന പുസ്തകത്തിനു പിന്നില്‍ മൂന്നോ നാലോ വ്യക്തികളല്ല.ഇരുപത്തിനാല് വിദ്യാലയങ്ങളില്‍ നിന്നുള്ള ഏതാണ്ട് നാല്‍പ്പത്തഞ്ചോളം അധ്യാപിക-അധ്യാപകന്‍മാരുടെയും വിദ്യാഭ്യാസത്തില്‍ താത്പര്യമുള്ള രക്ഷിതാക്കളുടെയും മറ്റും കൂട്ടായ്മയുടെ ഫലമാണ് ഈ പുസ്തകം.അതുകൊണ്ടുതന്നെ ഇതിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് ആശങ്കകള്‍ വേണ്ട.

ഉറവകള്‍ തേടിയുടെ ആമുഖത്തില്‍ ഇതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

'ഔദ്യോഗികസംവിധാനങ്ങളെ മാത്രം ആശ്രയിച്ചുള്ള അക്കാദമികപ്രവര്‍ത്തനം അധ്യാപകരുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കില്ല.എവിടെയെല്ലാം വിദ്യാലയമികവുണ്ടോ അവിടെയെല്ലാം അതാതിടങ്ങളിലെ അധ്യാപകരുടെ സര്‍ഗാത്മക ഇടപെടല്‍ കാണാം.അധ്യാപകരുടെ അന്വേഷണങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം.അതിന് ഇന്നു വേദികള്‍ കുറവാണ്.ഈ ജേണല്‍ അത്തരമൊരു ധര്‍മ്മം ഏറ്റെടുക്കുകയാണ്....'


'….ക്ലാസ്റൂം പ്രയോഗത്തിന്റെ അനുഭവങ്ങളാണ് ഈ ജേണലില്‍ ഉണ്ടാവുക.ആധുനിക ബോധനശാസ്ത്രസമീപനങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറല്ലാത്ത അധ്യാപകരുടെ അധ്യയനാനുഭവങ്ങള്‍ പങ്കുവെക്കാനാകുന്നുവെന്നത് ചരിത്രപരമായി കേരളം നേടിയ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.....'

'...നിലവാരമില്ലെന്ന കപടവാദമുയര്‍ത്തി പൊതുവിദ്യാലയങ്ങളെ ആക്രമിക്കുന്നവരെ പ്രതിരോധിക്കണം.....അക്കാദമികചര്‍ച്ചയുടെ സംസ്ക്കാരം വളര്‍ത്തിയെടുക്കണം...കൂടുതല്‍ അധ്യാപകരുടെ സര്‍ഗാത്മക സംഘം രൂപപ്പെടണം.അതിന് ഇത്തരം ശ്രമങ്ങള്‍ പ്രചോദനം നല്‍കും.'

വിദ്യാഭ്യാസ മേഖലയാകെ കച്ചവടവല്‍ക്കരിക്കപ്പെടുന്ന കേരളത്തിന്റെ വര്‍ത്തമാന പരിതസ്ഥിതിയില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തം.പ്രധാന ലക്ഷ്യം പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നതുതന്നെ.പൊതുവിദ്യാലയങ്ങള്‍ ഗുണനിലവാരത്തോടെ നിലനില്‍ക്കുകയെന്നത് കേരളീയ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമാണ്.ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് വിദ്യാലയകൂട്ടായ്മയും അതിന്റെ മുഖപത്രവും രൂപം കൊള്ളുന്നത്.

അവധി ദിവസങ്ങളില്‍ അധ്യാപകര്‍ അനൗദ്യോഗികമായി
കൂടിയിരിക്കുന്നു.ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും അനുഭവപ്പെടുന്ന പ്രയാസങ്ങളെക്കുറിച്ചും പുതിയ അന്വേഷണങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നു.ഡോ.കെ.എന്‍.ആനന്ദിനെയും ടി.പി.കലാധരനെയും പോലുള്ള വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ക്ലാസുകളെടുക്കുന്നു.ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വര്‍ദ്ധിച്ച ഊര്‍ജത്തോടെ ക്ലാസുമുറിയില്‍ പ്രയോഗിച്ചു നോക്കുന്നു.അതിലൂടെ കിട്ടിയ തെളിച്ചങ്ങളും ആഹ്ലാദങ്ങളും എല്ലാവരുമായും പങ്കുവെക്കുന്നു.

ഇത്തരത്തില്‍ ഗവേഷണ സ്വഭാവമുള്ള മൂന്ന് പ്രബന്ധങ്ങളാണ് ഉറവകള്‍ തേടിയുടെ ആദ്യ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.'കാവ്യസഞ്ചാരം'  എന്ന ആദ്യപ്രബന്ധം തയ്യാറാക്കിയത് ജ്യോതി എ.ആര്‍,മീനാകുമാരി.പി.വി. എന്നീ അധ്യാപികമാര്‍ ചേര്‍ന്നാണ്.നാലാം ക്ലാസിലെ കുട്ടികളെ കവിതയുടെ ആസ്വാദനതലത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികള്‍ വിശദമായി അവതരിപ്പിക്കുകയാണ് പ്രസ്തുത പഠനത്തില്‍.

പൊതുവെ അധ്യാപകര്‍ പ്രയാസപ്പെടുന്ന ഒരു മേഖലയാണിത്.തങ്ങളുടെ ആസ്വാദനം കുട്ടികള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് സായൂജ്യമടയുകയാണ് സാധാരണയായി അധ്യാപകര്‍ ചെയ്യാറുള്ളത്.അതില്‍നിന്നും വ്യത്യസ്തമായി വായനയിലൂടെയും ചോദ്യങ്ങളിലൂടെ കുട്ടികളുടെ ചിന്തയുണര്‍ത്തിയും സമാനമായ കവിതകള്‍ അവതരിപ്പിച്ചും കുട്ടികളെ പടിപടിയായി കവിതയുടെ അര്‍ത്ഥതലങ്ങളിലേക്ക് കൈപിടിച്ച് കയറ്റുന്ന സന്ദര്‍ഭങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.കുട്ടികളെ കവിതാസ്വാദനത്തിലേക്കു നയിക്കാനുള്ള പുതുവഴികള്‍ കാണിച്ചു തരികയാണ് ഈ പ്രബന്ധം.

'പ്രശ്നാപഗ്രഥനത്തിലെ പുതുതെളിച്ചം' എന്ന രണ്ടാമത്തെ പഠനം തയ്യാറാക്കിയത് ബിനുശേഖര്‍,വൈഗ കെ.എം. എന്നീ അധ്യാപികമാര്‍ ചേര്‍ന്നാണ്.കുട്ടികള്‍ക്ക് പൊതുവെ പ്രയാസമുള്ള മേഖലയാണ് ഗണിതത്തിലെ പ്രശ്നാപഗ്രഥനം.ഗണിതപ്രശ്നങ്ങളെ കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചുകൊണ്ടും  ലഘുവായ ചോദ്യങ്ങളിലൂടെ കുട്ടികളുടെ ചിന്തയെ ക്രമീകരിച്ചും ദത്തങ്ങള്‍ വിശകലനം   ചെയ്യുന്നതിലേക്കു നയിച്ചും കുട്ടികള്‍ പ്രശ്നാപഗ്രഥന ശേഷി കൈവരിച്ചതിന്റെ തെളിവുകള്‍ സഹിതമുള്ള പഠനമാണിത്.അധ്യാപക സഹായിയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് നല്‍കിയ പ്രവര്‍ത്തനങ്ങളുടെ പരിമിതികൂടി ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.

വായനയിലും എഴുത്തിലും പ്രയാസം നേരിടുന്ന കുട്ടികളെ പരിഗണിച്ചുകൊണ്ട് യു.പി.ക്ലാസുകളില്‍ ഇംഗ്ലീഷ് എങ്ങനെ പഠിപ്പിക്കാം എന്നത് തെളിവുകള്‍ സഹിതം അവതരിപ്പിക്കുകയാണ് അധ്യാപികയായ ജയശ്രീ.കെ.

കുട്ടികളോട് സംവദിച്ച് അവരുടേതായ സബ്ബ്ടെക്സ്റ്റുകള്‍ രൂപീകരിച്ചുകൊണ്ടാണിത്.ഇങ്ങനെ പതുക്കെപ്പതുക്കെ കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും കൊണ്ടെത്തിച്ചതിന്റെ തെളിവുകള്‍ പഠനത്തില്‍ കാണാം.സാധാരണയായി അധ്യാപകര്‍ കരുതുമ്പോലെ ഈ കുട്ടികളെ പരിഗണിക്കുക അത്രയ്ക്കു പ്രയാസമുള്ള കാര്യമല്ലെന്ന് ടീച്ചര്‍ ഈ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നു.

ഡോ. കെ.എന്‍. ആനന്ദന്റെ 'പഠനം എന്നതിന്റെ വിവക്ഷ' എന്ന ആമുഖ ലേഖനം ചേഷ്ടാവാദത്തെയും സാമൂഹ്യജ്ഞാനനിര്‍മ്മിതിയേയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. പുതിയ കാലഘട്ടത്തിലെ ക്ലാസുമുറികളില്‍ സാമൂഹ്യജ്ഞാനനിര്‍മ്മിതിയുടെ പ്രസക്തിയെന്താണെന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിലൂടെ അദ്ദേഹം ചെയ്യുന്നത്.

ഓരോ പഠനത്തിന്റെയും അനുബന്ധമായി ടീച്ചിങ്ങ് മാന്വലിന്റെ ആസൂത്രണപ്പേജും മറ്റും ചേര്‍ത്തിട്ടുണ്ട്.

പ്രൈമറി വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന കേരളത്തിലെ മുഴുവന്‍ അധ്യാപകരുടെയും വിദ്യഭ്യാസ തത്പരരായ രക്ഷിതാക്കളുടെയും  കൈകളില്‍ ഈ പുസ്തകമെത്തണം.അവരുമായി  പുസ്തകത്തിലൂടെ നിരന്തരം സംവദിക്കാന്‍ പറ്റണം.അപ്പോഴാണ് ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ ദൗത്യം നിറവേറ്റപ്പെടുന്നത്.

എന്തുകൊണ്ടാണ് മലയാളത്തില്‍ ഇതുവരെയും ഇങ്ങനെയൊരു പ്രസിദ്ധീകരണം ഇല്ലാതെ പോയത്?

കുട്ടികളുടെ വിദ്യാഭ്യാസം ഇതുവരെയും നമ്മുടെ പ്രധാന വിഷയമായിട്ടില്ല എന്നതുതന്നെ കാരണം.ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള  വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ പ്രസിദ്ധീകരണങ്ങളുണ്ട്. വിദ്യാലയ ഘടനയോ ക്ലാസുമുറിയോ കുട്ടികളുടെ പഠനമോ,കുട്ടികള്‍ പഠിക്കേണ്ട രീതിയോ,അവരെ പഠിപ്പിക്കേണ്ട രീതിയോ ഒന്നും ഒരു പ്രസിദ്ധീകരണത്തിലൂടെ ചര്‍ച്ചചെയ്യപ്പെടേണ്ട  വിഷയമായി കേരളീയ സമൂഹം കാണുന്നില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍  ഇങ്ങനെയല്ല.കുട്ടികളുടെ വിദ്യാഭ്യാസം അവര്‍ പരമപ്രധാനമായി കാണുന്നു.ഈ വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം  പ്രസിദ്ധീകരണങ്ങള്‍ അവിടെയുണ്ട്.കുട്ടികളുടെ പഠനം, ബോധനരീതി, മനശ്ശാസ്ത്രം, പാരന്റിങ്ങ് എന്നിവയെക്കുറിച്ചൊക്കെ  ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നു.




  വിദ്യാഭ്യാസത്തെക്കുറിച്ച് നാം ചര്‍ച്ചചെയ്യാറുണ്ട്.പാഠ്യപദ്ധതി പരിഷ്ക്കരണവേളയില്‍. അതും സങ്കുചിതകക്ഷിരാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുമാത്രം.ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ.

എം.എം.സുരേന്ദ്രന്‍

2 comments:

  1. സര്‍ ,
    കേരളത്തിലെ അധ്യാപക സമൂഹത്തിനു പുതിയ ദിശാബോധം നല്കു ന്ന ബ്ലോഗ്‌
    ആണ് കാനത്തൂര്പെരുമജിയുപിഎസ് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവരുടെയും
    ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിനുകഴിഞ്ഞിട്ടുണ്ട്. ഈ ബ്ലോഗിലൂടെ ‘ഉറവകള്‍ തേടി’ എന്ന
    ജേര്ണധലിനെ പരിചയപ്പെടുത്തിയത് വായിച്ചു. ഏറെ സന്തോഷം തോന്നി. ഈ ജേര്ണകലി
    ന്റെണ ആശയരൂപീകരണം മുതല്‍ ഞങ്ങളോടൊപ്പം ഉണ്ടാവുകയും അതിന്റെ ഡിസൈന്‍,
    പ്രിന്റിംടഗ് എന്നിവ പൂര്ണതമായി ഏറ്റെടുക്കുകയും ചെയ്തത് വിദ്യാലയാകൂട്ടായ്മയുടെ
    വര്ക്കിം ഗ്‌ കോര്ഡിിനേറ്റര്‍ കൂടിയായ ശ്രീ ഏ. കെ.രഞ്ജന്‍ ആണ്. ജനപക്ഷത്തു നിന്ന്
    കൂട്ടായ്മയുടെ പ്രവര്ത്തോനങ്ങള്ക്ക് ഏറെ പിന്തുണ നല്കു്ന്ന അദ്ദേഹമാണ് ഞങ്ങളുടെ
    കരുത്ത്. സര്‍, താങ്കളെപ്പോലെയുള്ള പ്രതിഭാശാലികളായ അധ്യാപകരുടെ സഹായ
    ത്തോടെ ഉറവകള്‍ തേടി എന്ന കൊച്ചു ജേര്ണെലിന് അതിന്റൊ പരിമിതികള്‍ മറികടക്കാനാ
    വും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ അധ്യയനവര്ഷംി മികച്ച പ്രവര്ത്തകനങ്ങളാല്‍
    സമ്പന്നമാകട്ടെ എന്ന് ആശംസിക്കുന്നു.
    വിദ്യാലയക്കൂട്ടായ്മക്ക് വേണ്ടി,
    ഏ.ആര്‍. ജ്യോതി.

    ReplyDelete
    Replies
    1. You can expect my whole hearted support.

      Delete