"….എന്തും നാടകീയമായി ചെയ്യാറുള്ള ഞാന്‍ അന്നും എല്ലാ ഏര്‍പ്പാടുകളും യവനികയ്കുപിന്നില്‍ തന്നെയാണ് ചെയ്തിരുന്നത്.മുന്‍വശത്ത് എല്ലാവരെയും ഇരുത്തിയതിനുശേഷം ഞാന്‍ യവനിക ഉയര്‍ത്തി.
സ്റ്റേജില്‍ മറ്റു ക്ലാസുകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികളെ വിളിച്ചിരുത്തിയിരുന്നു.അവര്‍ക്ക് എന്റെ ക്ലാസിലെ കുട്ടികള്‍ കഥ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.ഇങ്ങനെയുള്ള കഥാകഥനം കുട്ടികള്‍ ഊഴമിട്ടാണ് ചെയ്തിരുന്നത്.ഓരോ കുട്ടിക്കും താന്‍ പറയേണ്ട കഥ ഇഷ്ടമായിരുന്നു.എന്തെങ്കിലും മറവി പറ്റിയാല്‍ സംശയം തീര്‍ക്കാന്‍ പുസ്തകം മുമ്പില്‍ വച്ചിരുന്നു.അവന്‍ സ്വന്തമായ കഴിവിനനുസരിച്ച് കഥ പറഞ്ഞുകൊണ്ടിരിക്കുകയും ശ്രോതാക്കളോടൊപ്പം രസിക്കുകയും ചെയ്തിരുന്നു.
തീര്‍ച്ചയായയും കഥാകഥനത്തില്‍ അവന്‍ സമര്‍ത്ഥനായിരുന്നു.വളരെ ഭംഗിയായി,ഭാവപ്രകടനത്തോടെ,അര്‍ത്ഥം മനസ്സിലാക്കിത്തന്നെ അവന്‍ കഥ പറഞ്ഞുകൊണ്ടിരുന്നു.കഥാകഥനം കഴിഞ്ഞപ്പോള്‍ അധ്യാപകര്‍ പരസ്പരം നോക്കി.ഞാന്‍ പറഞ്ഞു."ഇതാണെന്റെ പരീക്ഷ."ഒരധ്യാപകന്‍ മറ്റൊരാളുടെ ചെവിയില്‍ പറഞ്ഞു."ഏതു വിഷയത്തില്‍?"ഞാനതുകേട്ട് ഇങ്ങനെ പറഞ്ഞു."ഭാഷാസ്വാധീനം,സംഭവകഥനം,താല്‍പര്യം,സ്മൃതിവികാസം,അഭിനയം എന്നിവയില്‍....”
ദിവാസ്വപ്നം
ഗിജുഭായി ബധേക
1931 ലാണ് ദിവാസ്വപ്നം പ്രസിദ്ധീകരിക്കുന്നത്.പുസ്തകത്തിലെ നായകനായ ലക്ഷ്മിശങ്കര്‍ എന്ന അധ്യാപകന്‍ തന്റെ ക്ലാസിന്റെ മികവ് അവതരിപ്പിക്കുന്നത് വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ക്കും അധ്യാപകര്‍ക്കും മുന്നിലാണ്.
ഇന്ന് വിദ്യാലയ മികവ് ആര്‍ക്കു മുന്നിലാണ് അവതരിപ്പിക്കേണ്ടത്?
സംശയം വേണ്ട. വിദ്യാലയം ഉള്‍പ്പെടുന്ന പ്രാദേശികസമൂഹത്തിനു മുന്നില്‍.
എന്തുകൊണ്ട്?
ഈ അറിവ് സമൂഹത്തിന് പുതിയ തെളിച്ചം നല്‍കും.അവര്‍ വിദ്യാലയവുമായി കൂടുതല്‍ അടുക്കും.അപ്പോഴാണ് വിദ്യാലയം ജനകീയമാകുക.വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമാകുക.പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുക.
വിദ്യാലയത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനനേട്ടമാണ് മികവ്.വിളവെടുപ്പ് എന്നു വേണമെങ്കില്‍ പറയാം.ഈ വിളവ് വിദ്യാലയം ഉള്‍പ്പെടുന്ന പ്രാദേശികസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടണം.വിളവിന്റെ ഗുണദോഷങ്ങള്‍ അവര്‍ വിലയിരുത്തട്ടെ.
തന്റെ കുട്ടി ഈ വര്‍ഷം എന്തു പഠിച്ചു?
എന്തെല്ലാം എഴുതി?
ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചു?
എന്തൊക്കെ നിര്‍മ്മിച്ചു?
ക്ലബ്ബുകളില്‍ എങ്ങനെ പ്രവര്‍ത്തിച്ചു?
ഏതെല്ലാം കളികളിലേര്‍പ്പെട്ടു?
അവള്‍ നേടിയ കഴിവുകള്‍ എന്തൊക്കെ ?
പരീക്ഷക്കടലാസിലെ മാര്‍ക്കിനും ഗ്രേഡിനും അപ്പുറത്താണിത്.ഇത് അറിയേണ്ടത് രക്ഷിതാക്കളുടെ അവകാശമാണ്.അറിയിക്കേണ്ടത് വിദ്യാലയത്തിന്റെ കര്‍ത്തവ്യവും.
ഇനിയുമുണ്ട് രക്ഷിതാക്കളെ അറിയിക്കേണ്ട ചില കാര്യങ്ങള്‍.
ഈ വര്‍ഷം ടീച്ചര്‍ എങ്ങനെയാണ് കുട്ടികളെ പഠിപ്പിച്ചത്?
അതിന് എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തി?
ടീച്ചര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?
ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോഴുണ്ടായ പഠനനേട്ടങ്ങള്‍ എന്തൊക്കെ?
ഇതെല്ലാം പൊതുസമൂഹത്തിനുമുന്നില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.അവര്‍ക്ക് അധ്യാപകരോട് ചോദ്യങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ചചെയ്യാനും അവസരം നല്‍കണം.അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണം.അതിനുശേഷംവേണം വിദ്യാലയത്തിന്റെ അടുത്തവര്‍ഷത്തെ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാന്‍.അപ്പോഴാണ് വിദ്യാലയം ആ സമൂഹത്തിന്റേതുകൂടിയാകുന്നത്.
മിക്ക വിദ്യാലയങ്ങളും സ്ക്കൂള്‍വാര്‍ഷികം നടത്താറുണ്ട്.വാര്‍ഷികം ഒരിക്കലും മികവിനു പകരമാവില്ല.തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നൃത്തത്തിലും നാടകത്തിലും മറ്റും വിദഗ്ധന്‍മാരെ കൊണ്ടുവന്ന് പരിശീലനം നല്‍കിയാണ് വാര്‍ഷികം അവതരിപ്പിക്കുന്നത്.ഇതൊരു തട്ടിക്കൂട്ടല്‍ പരിപാടിയാണ്.രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.കുട്ടികളുടെ യഥാര്‍ത്ഥവികാസം ഇതുകൊണ്ടുണ്ടാകില്ല.ഇതിനുവേണ്ടി കഠിനപ്രയത്നം ചെയ്യുന്ന അധ്യാപകസുഹൃത്തുക്കളുണ്ട്. അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല.പക്ഷേ,അവര്‍ ശരിയായ വഴിയിലല്ല
എന്നുമാത്രം.
കുട്ടികളുടെ സമഗ്രവികാസം പരിഗണിച്ചുകൊണ്ടുള്ള ക്ലാസുമുറിയിലെ ദൈന്യംദിന പ്രവര്‍ത്തനത്തിലൂടെയും കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനത്തിലൂടെയുംമാത്രമേ കുട്ടികളുടെ വികാസം സാധ്യമാകൂ.ഇതിന്റെ തെളിവുകളായിരിക്കണം വര്‍ഷാന്ത്യത്തില്‍ രക്ഷിതാക്കള്‍ക്കുമുമ്പില്‍ അവതരിപ്പിക്കേണ്ടത്.ഇതിനു വേണ്ടിയായിരിക്കണം വാര്‍ഷികാഘോഷം.അതു ലളിതവും പണച്ചിലവില്ലാത്തതുമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണമായിരിക്കുകയും വേണം.
മാര്‍ച്ച് 31ന് ആയിരുന്നു ഞങ്ങളുടെ മികവുത്സവം.അതു നല്‍കിയ അനുഭവം വിശകലനം ചെയ്തപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ കുറിച്ചിട്ടത്.
മികവുത്സവം മികച്ച രീതിയില്‍ നടന്നു എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല.എങ്കിലും അതു വിജയകരമായിരുന്നു.രാവിലെ മുതല്‍ വൈകുന്നേരംവരെ നീണ്ടുനിന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ അതീവ താത്പര്യത്തോടെ പങ്കുകൊണ്ടു.അവരുടെ ഉത്സാഹം ഞങ്ങളെ ചിലകാര്യങ്ങളൊക്കെ പഠിപ്പിച്ചു.അതിലേക്കു പിന്നീടുവരാം.ആദ്യം മികവുത്സവം എങ്ങനെ നടന്നുവെന്ന് നോക്കാം.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ ക്ലാസ് അധ്യാപികമാര്‍ അതാതു ക്ലാസുകളിലുണ്ടാക്കിയ പഠനനേട്ടങ്ങള്‍ അവതരിപ്പിച്ചു-തെളിവുകള്‍ സഹിതം.
ക്ലാസ് ഒന്ന്-കുട്ടികളെ സ്വതന്ത്രവായനക്കാരായി മാറ്റിയതെങ്ങനെ?
ക്ലാസ് രണ്ട്-ക്ലാസിലെ മുഴുവന്‍ കുട്ടികളും പ്രശ്നാപഗ്രഥനശേഷി കൈവരിച്ചതെങ്ങനെ?
ക്ലാസ് മൂന്ന്-നാടകീകരണപ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സ്വായത്തമാക്കാന്‍ കഴിയും
.
ക്ലാസ് നാല്-കവിതയുടെ ആസ്വാദനതലത്തിലേക്ക് കുട്ടികളെ നയിക്കാന്‍ ഉപയോഗിച്ച വ്യത്യസ്ത മാര്‍ഗങ്ങള്‍
5,6,7 ക്ലാസുകളിലെ അധ്യാപകര്‍ ഓരോ വിഷയവുമായി ബന്ധപ്പെട്ട് അതാതു ക്ലാസുകളില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അവതരിപ്പിച്ചു.
മലയാളം-ആശംസാപ്രസംഗം തയ്യാറാക്കുന്നതിലൂടെ കുട്ടികളെ പ്രസംഗകല വശത്താക്കുന്നതിലേക്കു നയിക്കല്‍.
ഹിന്ദി-അഞ്ചാം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ഹിന്ദി വായിക്കാനും എഴുതാനും പ്രാപ്തരാക്കല്‍.
ഇംഗ്ലീഷ്-നാടകീകരണ പ്രവര്‍ത്തനത്തിലൂടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിലേക്കു നയിക്കല്‍.
സയന്‍സ്-പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ കുട്ടികളില്‍ ശാസ്ത്രീയ ചിന്താരീതി വളര്‍ത്തല്‍
സാമൂഹ്യശാസ്ത്രം-ഐ.ടി,സര്‍ഗാത്മകനാടകം എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹ്യശാസ്ത്രവിഷയം പഠിപ്പിക്കല്‍.
ഗണിതം-പ്രശ്നാപഗ്രഥനശേഷി കൈവരിക്കാന്‍ വിവിധരീതികള്‍ പ്രയോജനപ്പെടുത്തല്‍
ഐ.ടി-സ്ലൈഡ് പ്രസന്റേഷന്‍ തയ്യാറാക്കാന്‍ മുഴുവന്‍ കുട്ടികളെയും പ്രാപ്തരാക്കല്‍
സ്ക്കൂളിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് (ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,ദിനാഘേഷങ്ങള്‍,ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍)എന്നിവയെക്കുറിച്ച് കുട്ടികളുടെ സ്ലൈഡ് പ്രസന്റേഷന്‍(ഓരോ ഭാഗവും ഓരോ കുട്ടി എന്ന രീതിയില്‍ ഏതാണ്ട് പതിനഞ്ചോളം കുട്ടികള്‍)
2014-15 വര്‍ഷത്തെ സ്ക്കൂള്‍ പ്രവര്‍ത്തന കാഴ്ചപ്പാട് - ഹെഡ്മാസ്റ്ററുടെ അവതരണം( സ്ലൈഡ് പ്രസന്റേഷന്‍.)
ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹമായ ഇനങ്ങളുടെ അവതരണവും കുട്ടികളെ ആദരിക്കലും(നാടകം,തിരുവാതിരക്കളി,മോണോആക്ട്)
അധ്യാപകരുടെ അവതരണത്തിന് മോഡറേറ്ററായത് കാസര്‍ഗോഡ് ഡയറ്റിലെ ഡോ.പി.വി.പുരുഷോത്തമനായിരുന്നു.പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.
ഈ പരിപാടിയോട് രക്ഷിതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
പ്രദര്‍ശനത്തിനിടെ രക്ഷിതാക്കള്‍ തന്റെ കുട്ടിയുടെയും മറ്റു കുട്ടികളുടെയും പോര്‍ട്ട്ഫോളിയോ വിശദമായി പരിശോധിക്കന്നതു കണ്ടു.ഒപ്പം അവരുണ്ടാക്കിയ പതിപ്പും പത്രങ്ങളും മറ്റും.ചിലര്‍ കുട്ടിയെയും ഒപ്പം കൂട്ടിയാണ് പ്രദര്‍ശനം കാണാനെത്തിയത്.കുട്ടികളുടെ ഉല്‍പ്പന്നങ്ങളെ അവര്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
അധാപകരുടെ അവതരണങ്ങള്‍ അതീവശ്രദ്ധയോടെയാണ് അവര്‍ കേട്ടുകൊണ്ടിരുന്നത്.തികച്ചും അക്കാദമികമായ ഇത്തരം അവതരണങ്ങളില്‍ രക്ഷിതാക്കള്‍ക്ക് താത്പര്യമുണ്ടാകുമോയെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു.അത് അസ്ഥാനത്തായിരുന്നു.അവതരണങ്ങള്‍ കഴിയുന്നത്ര ലളിതമാക്കിയും വേണ്ടത്ര പഠനത്തെളിവുകള്‍(കുട്ടികളുടെ ഉത്പ്പന്നങ്ങള്‍,കുട്ടികളുടെ അവതരണങ്ങള്‍-സ്കിറ്റുകള്‍,പരീക്ഷണങ്ങള്‍,അനുമോദനപ്രസംഗങ്ങള്‍,പഠനത്തെളിവുകളുടെ ഫോട്ടോകള്‍,വീഡിയോദൃശ്യങ്ങള്‍) നിരത്തിയുമായിരുന്നു ഞങ്ങള്‍
അവതരിപ്പിച്ചത്.ഇത് അവര്‍ക്ക് നന്നായി ബോധിച്ചു.
സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ സ്ലൈഡ് പ്രസന്റേഷനും രക്ഷിതാക്കള്‍ക്ക് ഇഷ്ടപ്പെട്ടു.പതിനഞ്ചോളം കുട്ടികള്‍ ചേര്‍ന്നാണ്ഇത് അവതരിപ്പിച്ചത്.ദിനാഘോഷങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളുംമറ്റും ഞങ്ങളെയെന്തു പഠിപ്പിച്ചു എന്ന രീതിയിലായിരുന്നു കുട്ടികള്‍ ഇത് അവതരിപ്പിച്ചത്.
അടുത്തവര്‍ഷവും മികവുത്സവം വേണമെന്ന് തിരിച്ചുപോകുന്നതിനിടയില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടുകയുണ്ടായി. എന്തുകൊണ്ട്?
വിദ്യാലയം തങ്ങളുടെ മക്കളോട് നീതിപുലര്‍ത്തുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യമായിക്കാണും.വിദ്യാലയം തങ്ങളുടെ മക്കളെ സ്നേഹിക്കുന്നുണ്ട്.അവരെ സംരക്ഷിക്കുന്നുണ്ട്.അവരുടെ വളര്‍ച്ച എത്രമാത്രമെന്ന് നിരീക്ഷിക്കുന്നുണ്ട്.അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നുണ്ട്.നിങ്ങള്‍ ക്ലാസുമുറിയില്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയണം.ഞങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് പഠിക്കുന്നതെന്നും.....
പക്ഷേ, ഞങ്ങള്‍ക്കൊരു പാളിച്ചപറ്റി.
ഈ പരിപാടിയിലുടനീളം രക്ഷിതാക്കള്‍ കാഴ്ചക്കാരോ കേള്‍വിക്കാരോ മാത്രമായിരുന്നു.അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമായിരുന്നു.ചോദ്യങ്ങള്‍ ചോദിക്കാന്‍.ആശങ്ങള്‍ പങ്കുവെക്കാന്‍.വരും വര്‍ഷങ്ങളില്‍ സ്ക്കൂള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാന്‍....
മികവുത്സവത്തിന്റെ ഉദാത്തമാത്യ് കകൾ ഇനിയുമിനിയും ഉണ്ടാവട്ടെ..അപ്പൊഴേ പൊതുവിദ്യാലയത്തെ പൊതുസമൂഹം നെഞ്ചേറ്റൂ...
ReplyDeleteഅക്കാദമിക മികവുത്സവത്തിലെ കാണാക്കാഴ്ചകള്‍ !!!
ReplyDelete*സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ സ്ലൈഡ്-ദിനാഘോഷങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളുംമറ്റും ഞങ്ങളെയെന്തു പഠിപ്പിച്ചു എന്ന രീതിയിലായിരുന്നു കുട്ടികള്‍ ഇത് അവതരിപ്പിച്ചത്.
*ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ ക്ലാസ് അധ്യാപികമാര്‍ അതാതു ക്ലാസുകളിലുണ്ടാക്കിയ പഠനനേട്ടങ്ങള്‍ അവതരിപ്പിച്ചു-തെളിവുകള്‍ സഹിതം.
*5,6,7 ക്ലാസുകളിലെ അധ്യാപകര്‍ ഓരോ വിഷയവുമായി ബന്ധപ്പെട്ട് അതാതു ക്ലാസുകളില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അവതരിപ്പിച്ചു.
*2014-15 വര്‍ഷത്തെ സ്ക്കൂള്‍ പ്രവര്‍ത്തന കാഴ്ചപ്പാട് - ഹെഡ്മാസ്റ്ററുടെ അവതരണം.
അധ്യാപകരുടെ അവതരണത്തിന് മോഡറേറ്ററായത് കാസര്‍ഗോഡ് ഡയറ്റിലെ ഡോ.പി.വി.പുരുഷോത്തമനായിരുന്നു.
അധാപകരുടെ അവതരണങ്ങള്‍ അതീവശ്രദ്ധയോടെയാണ് അവര്‍ കേട്ടുകൊണ്ടിരുന്നത്.ഇത് അവര്‍ക്ക് നന്നായി ബോധിച്ചു.