"Let me tell you what I think of bicycling. I think it has done more to emancipate women than anything else in the world. I stand and rejoice every time I see a woman ride by on a bicycle.”
Susan B. Anthony( 1896)
കഴിഞ്ഞ ശിശുദിനത്തില്‍ സ്ക്കൂള്‍ ഗേള്‍സ് ക്ലബ്ബിന് ആറു സൈക്കിളുകളാണ് സമ്മാനമായി ലഭിച്ചത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വകയായിരുന്നു ഈ വിലപ്പെട്ട സമ്മാനം.'പെണ്‍കുട്ടികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞിരിക്കുന്നു' എന്നാണ് കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട് ക്ലാസ് പത്രത്തില്‍ കൊടുത്ത വാര്‍ത്തയുടെ തലക്കെട്ട്.അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരിക്കുന്നു പോലും.
അവര്‍ എന്തായിരിക്കും ഉദ്ദേശിച്ചത്?
ഇന്നലെ വാജ്ദ എന്ന സിനിമ കണ്ടു.സൗദി അറേബ്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഫീച്ചര്‍ സിനിമ.നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ സിനിമയുടെ സംവിധായിക ഒരു സ്ത്രീയാണ്-ഹൈഫ അല്‍-മന്‍സൂര്‍.
പതിനൊന്ന് വയസ്സുകാരിയായ വാജ്ദയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സൈക്കിള്‍ സ്വന്തമാക്കുക എന്നതാണ്.അവള്‍ സ്ക്കൂളിലേക്ക് പോകുന്ന വഴിക്കാണ് സൈക്കിള്‍ കട.അവള്‍ എപ്പോഴും കടയില്‍ കയറും.തന്റെ ഇഷ്ടപ്പെട്ട സൈക്കിള്‍ തൊട്ട് നോക്കും.ഈ സൈക്കിള്‍ ആര്‍ക്കും വില്‍ക്കരുതേ എന്നാണ് കടക്കാരനോടുള്ള അവളുടെ അപേക്ഷ.ഒരു ദിവസം ഞാന്‍ തീര്‍ച്ചയായും പണവുമായി വരും.
അവള്‍ തന്റെ ആഗ്രഹം അമ്മയോടു പറയുന്നു.പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കരുത് എന്നാണ് അമ്മ അവളെ വിലയ്ക്കുന്നത്.തന്റെ കൂട്ടുകാരന്‍ അബ്ദുള്ളയ്ക്ക് സൈക്കിള്‍ ഉണ്ട്.അവന്‍ ഇടക്കിടെ സൈക്കിള്‍ അവളെ ചുറ്റി ഓടിക്കും.നീ പെണ്ണാണ്.നിനയ്ക്ക് ഒരിക്കലും സൈക്കിള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് അവന്‍ അവളെ കളിയാക്കും.ബ്രേസ് ലെറ്റുകളും മറ്റും സ്വന്തമായി ഉണ്ടാക്കി സ്ക്കൂളിലെ കൂട്ടുകാര്‍ക്ക് രഹസ്യമായി വിറ്റ് അവള്‍ പണം സ്വരൂപിക്കുന്നണ്ടെങ്കലും തികയുന്നില്ല.
ആയിടയ്ക്ക് സ്ക്കൂളില്‍ ഖുര്‍-ആന്‍ പാരായണ മത്സരം നടക്കുന്നതായി അറിയിപ്പ് വന്നു.ആയിരം റിയാലാണ് സമ്മാന തുക.വാജ്ദ മത്സരത്തിന് പേരു കൊടുത്തു.സമ്മാനത്തുക കൊണ്ട് സൈക്കിള്‍ വാങ്ങിക്കാമെന്ന് അവള്‍ കണക്ക് കൂട്ടുന്നു.മത്സരത്തില്‍ അവള്‍ വിജയിച്ചു.സ്റ്റേജില്‍ വെച്ച്,സമ്മാനത്തുക എന്തുചെയ്യുമെന്ന ഹെഡ്മിസ്റ്റ്രസിന്റെ ചോദ്യത്തിന് അവള്‍ കൂസലില്ലാതെ മറുപടി പറഞ്ഞു."സൈക്കിള്‍ വാങ്ങിക്കും."അവളുടെ മറുപടി സ്ക്കൂള്‍ അധികൃതരെ ചൊടിപ്പിക്കുന്നു.സമ്മാനത്തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനചെയ്യാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.
ഒടുവില്‍ തന്റെ മകളോട് ഐക്യപ്പെടുകയാണ് അമ്മ. അവളുടെ ആഗ്രഹം അമ്മ നിറവേറ്റിക്കൊടുക്കുന്നു.സിനിമയുടെ അവസാനം അബ്ദുള്ളയ്ക്കൊപ്പം സൈക്കിള്‍ സവാരിക്ക് ഇറങ്ങുകയാണവള്‍.അബ്ദുള്ളയെ അവള്‍ പിന്നിലാക്കുന്നു.അവളുടെ പതിവു സഞ്ചാര പാതകള്‍ വലിയ നിരത്തുകള്‍ക്ക് വഴിമാറുന്നു.വിശാലമായ ലോകത്തേക്ക് അവള്‍ സൈക്കിളോടിച്ച് മുന്നേറുന്ന ഒരു ലോങ്ങ് ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.
വാജ്ദ എന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ,കുടുംബവും വിദ്യാലയവും സമൂഹവും അവള്‍ക്ക് കല്‍പ്പിച്ചുകൊടുത്ത പരിധികളുടെ ലംഘനത്തിന്റെ പ്രതീകമായി സൈക്കിള്‍ മാറുകയാണ്.തന്റെ പരിമിതമായ ലോകത്തുനിന്നും അവള്‍ പതുക്കെ പുറത്തുകടക്കുന്നു.അതിനുള്ള ആത്മവിശ്വാസം അവള്‍ക്ക് നല്‍കുന്നതോ സൈക്കിളും!
പത്രവാര്‍ത്തയില്‍ കുട്ടികള്‍ കുറിച്ചിട്ട 'അഭിലാഷം' വാജ്ദയുടേതു തന്നെയായിരിക്കുമോ?
സൈക്കിള്‍ വേഗത്തില്‍ ഓടിച്ചുപോകുമ്പോള്‍ കിട്ടുന്ന ആനന്ദവും ആത്മവിശ്വാസവും?ശരീരത്തിനു കിട്ടുന്ന കരുത്ത്?അതു വഴി ആണ്‍കുട്ടികള്‍ക്കുമുന്നില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കാനുള്ള തന്റേടം?തങ്ങളുടെ പരിമിതമായ സഞ്ചാരപഥങ്ങളെ സൈക്കിള്‍ ഓടിച്ചു വിസ്തൃതമാക്കാനുള്ള അഭിവാഞ്ച?
പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചിരിക്കണം.നമ്മുടേതു പോലുള്ള ഗ്രാമപ്രദേശത്തെ സ്ക്കൂളുകളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും സ്വന്തമായി സൈക്കിള്‍ വാങ്ങിക്കാന്‍ കഴിവില്ലാത്തവരാണ്.അവര്‍ക്കുള്ള ഏക ആശ്രയം വിദ്യാലയമാണ്.
അതുകൊണ്ടു തന്നെയാണ് സ്ക്കൂളിലെ ഗേള്‍സ് ക്ലബ്ബ് യു പി ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും സൈക്കിള്‍ പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.ക്ലബ്ബിന്റെ ശ്രമഫലമായിട്ടാണ് ആറു സൈക്കിളുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്.എസ്.എ യുടെ വകയായി രണ്ടു സൈക്കിള്‍ വീതം ഓരോ വിദ്യാലയത്തിനും നല്‍കിയിരുന്നു.മിക്ക വിദ്യാലയങ്ങളിലും അതു തുരുമ്പെടുത്ത് നശിച്ചു.അതോടെ സൈക്കിള്‍ പഠനം മുടങ്ങുകയാണുണ്ടായത്.
ഞങ്ങളുടെ വിദ്യാലയത്തില്‍ സൈക്കിള്‍ പഠനം തുടങ്ങിയിട്ട് രണ്ടാഴ്ചയായി.
ഏഴാം ക്ലാസില്‍ ആകെ ഇരുപത്തിരണ്ട് പെണ്‍കുട്ടികളാണുള്ളത്.ആറാം ക്ലാസില്‍ പതിനെട്ടും.കുട്ടികളെ ആറു ഗ്രൂപ്പുകളാക്കി.ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ മാറി മാറി സൈക്കിള്‍ പഠിക്കും.ഏഴ്,ആറ് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും പഠിച്ചതിനുശേഷം അഞ്ചാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കും. വൈകുന്നേരം സ്ക്കൂള്‍ വിട്ടതിനുശേഷം നാലു മണി മുതല്‍ അഞ്ചു മണി വരെയാണ് സൈക്കിള്‍ പഠനം.കുട്ടികള്‍ക്കൊപ്പം അധ്യാപകരും ഉണ്ടാകും.
ഇത്രയും പെണ്‍കുട്ടികളില്‍ സൈക്കിള്‍ ഓടിക്കാന്‍ നേരത്തെ പഠിച്ചവര്‍ രണ്ടു പേര്‍ മാത്രമാണ്!ഈ വസ്തുത സൂചിപ്പിക്കുന്നത് വിദ്യാലയത്തില്‍ സൈക്കിള്‍ പരിശീലനം നടത്തേണ്ടുന്നതിന്റെ പ്രാധാന്യം തന്നെയാണ്.അല്ലെങ്കില്‍ ഈ കുട്ടികള്‍ ഒരിക്കലും സൈക്കിള്‍ പഠിക്കില്ല.
എത്ര വേഗത്തിലാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്!ഏതാണ്ട് പകുതിയോളം കുട്ടികളും രണ്ടാഴ്ച കൊണ്ടുതന്നെ സൈക്കിള്‍ പഠിച്ചു കഴിഞ്ഞു.കുട്ടികള്‍ നല്ല സന്തോഷത്തിലാണ്.പലരും പലതവണ സൈക്കിളില്‍ നിന്നും വീണു. അതോടെ അവരുടെ പേടി വിട്ടു മാറിയിരിക്കുന്നു. അവരുടെ ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിച്ചിരിക്കുന്നു.
വിദ്യാലയം ശിശുസൗഹൃദമാകുന്നത് കുട്ടികള്‍ക്ക് ഓടിച്ചു കളിക്കാന്‍ ആവശ്യത്തിന് സൈക്കിള്‍ കൂടി ഉള്ളപ്പോഴാണ്.
No comments:
Post a Comment