ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 27 September 2014

ടോട്ടോച്ചാന്റെ  അമ്മ
ടോട്ടോച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം റ്റോമോ വിദ്യാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല.നല്ല ഒരമ്മയെ കിട്ടിയതു കൂടിയാണ്.വിദ്യാലയത്തില്‍ അവള്‍ക്ക് കൊബായാഷി മാസ്റ്ററുണ്ടായിരുന്നു.വീട്ടില്‍ അമ്മയും.

നിസ്സാര കാര്യങ്ങള്‍ക്കുകൂടി വഴക്കു പറയുന്ന,കണ്ണുരുട്ടുന്ന,സദാ കുത്തുവാക്കുകള്‍ പറയുന്ന,അടിക്കുന്ന,മറ്റുള്ളവര്‍ക്കുമുന്നില്‍ വെച്ച് ഇകഴ്ത്തി സംസാരിക്കുന്ന അമ്മയായിരുന്നില്ല അവര്‍.തന്റെ കുട്ടി എല്ലാവരെക്കാളും  മുന്നിലെത്തണം എന്നവര്‍ ചിന്തിച്ചതേയില്ല.നടക്കാതെപോയ തന്റെ ആഗ്രഹങ്ങള്‍ തന്റെ കുട്ടിയിലൂടെയെങ്കിലും സാക്ഷാത്ക്കരിക്കണം എന്നവര്‍ വിചാരിച്ചില്ല.  ഇങ്ങനെയുള്ള അമ്മയായിരുന്നെങ്കില്‍ ടോട്ടോച്ചാന്റെ വിധി മറ്റൊന്നാകുമായിരുന്നു.

പിന്നെ എങ്ങനെയായിരുന്നു ടോട്ടോച്ചാന്റെ അമ്മ ?
ടോട്ടോച്ചാനെപോലുള്ള ഒരു വികൃതിക്കുട്ടിയെ അവര്‍ പൂര്‍ണ്ണമായും മനസ്സിലാക്കി. അവളുടെ പറച്ചിലുകള്‍ക്ക് അവര്‍ ശ്രദ്ധാപൂര്‍വ്വം ചെവികൊടുത്തു.തന്റെ കുട്ടിയില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗവാസനകളെ തിരിച്ചറിഞ്ഞ, അവളുടെ ജിജ്ഞാസയെ,കൗതുകങ്ങളെ വിസ്മയത്തോടെ നോക്കിക്കണ്ട ഒരമ്മയായിരുന്നു അത്.


അവളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ അവര്‍ കണ്ടറിഞ്ഞു.തന്റെ കുട്ടിയെ അവര്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.അവളുടെ വളര്‍ച്ച സ്വാഭാവികമായിട്ടായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടായിരിക്കണം ആദ്യ വിദ്യലയത്തില്‍നിന്നും അവളെ പുറത്താക്കിയപ്പോള്‍ റ്റോമോ ഗാഗ്വെനെ പോലുള്ള ഒരു വിദ്യാലയം തന്നെ അവര്‍ തന്റെ മകള്‍ക്കു വേണ്ടി തെരഞ്ഞെടുത്തത്.

ആദ്യ വിദ്യാലയത്തില്‍ നിന്നും ടോട്ടോച്ചാനെ പുറത്താക്കാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി അവളുടെ അമ്മയെ വിളിച്ചുവരുത്തി ടീച്ചര്‍ വിവരിക്കുന്നുണ്ട്.


ക്ലാസിനിടയില്‍ ഡസ്കിന്റെ മൂടി 'പടോം' എന്ന് അടച്ച് അവള്‍ ശബ്ദമുണ്ടാക്കുന്നു.എപ്പോഴും ജനാലയ്ക്കരികിലാണ് അവളുടെ നില്‍പ്പ്.തെരുവിലൂടെ നടന്നു നീങ്ങുന്ന ഗായക സംഘത്തെ നിങ്ങളുടെ പുന്നാരമോള്‍ കൈകൊട്ടി വിളിക്കുന്നു.അവരെക്കൊണ്ട് പാട്ടുപാടിക്കുന്നു.അതുപോരാഞ്ഞ് മേല്‍ക്കൂരയില്‍ കൂടുവെക്കുന്ന തൂക്കണാം കുരുവികളോട് 'എന്തെടുക്കുവാ,എന്തെടുക്കുവാ' എന്ന് ഇടക്കിടെ വിളിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നു.ദേശീയ പതാക വരയ്ക്കാന്‍ പറഞ്ഞാല്‍ അവള്‍ ജപ്പാനീസ് നേവിയുടെ പതാക വരയ്ക്കുന്നു.അതിനുചുറ്റും തൊങ്ങലുകള്‍ വരച്ചുചേര്‍ക്കുന്നു.വരയില്‍ പകുതിയും കടലാസിനുപുറത്ത് ഡസ്കിനുമുകളിലായിരിക്കും....

പരാതി പറഞ്ഞ് ക്ഷീണിച്ചുപോയ ടീച്ചറെ സഹതാപത്തോടെ നോക്കി അവര്‍ ആലോചിച്ചുകാണും.യഥാര്‍ത്ഥത്തില്‍ ആരാണ് കുറ്റക്കാരി?തന്റെ മകളോ, ടീച്ചറോ?

ഒന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ മനസ്സിലാക്കുന്നതില്‍ ടീച്ചര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.ഈ വിദ്യാലയത്തിനു ടോട്ടോച്ചാനെ പോലൊരു കുട്ടിയെ  ഉള്‍ക്കൊള്ളാന്‍ കഴിയില്ല.അത്രയ്ക്ക് ഇടുങ്ങിയതാണ് അതിന്റെ ലോകം.സര്‍ക്കസ്സ് കൂടാരത്തിലെ മൃഗപരിശീലകരെപോലെയാണ് അവിടുത്തെ അധ്യാപികമാര്‍.

ഒരവസരം കൂടി തന്റെ മകള്‍ക്കു നല്‍കണമെന്ന് ആ അമ്മ ടീച്ചറോട് അപേക്ഷിക്കുന്നില്ല.പകരം തന്റെ മകളുടെ കൈയ്യും പിടിച്ച് അവര്‍ ആ വിദ്യാലയത്തിന്റെ പടികളിറങ്ങുകയാണ് ചെയ്തത്.


ടോട്ടോച്ചാനെ സംബന്ധിച്ചിടത്തോളം റ്റോമോയിലെ ദിവസങ്ങളോരോന്നും സംഭവ ബഹുലമായിരുന്നു.അവിടുത്തെ ഓരോ വിശേഷവും അതിന്റെ വിശദാംശങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ അമ്മയെ അറിയിക്കാനുള്ള വെമ്പലോടെയായിരിക്കും റ്റോമോയില്‍ നിന്നുള്ള അവളുടെ മടക്ക യാത്ര ഓരോന്നും.അമ്മ എല്ലാം അതീവ താത്പര്യത്തോടെ  ശ്രദ്ധിച്ചുകേള്‍ക്കും.അതില്‍ പലതും അവളുടെ ഭാവനാവിലാസങ്ങളാണെന്ന് അമ്മയ്ക്കറിയാം.എങ്കിലും അവരത് നന്നായി ആസ്വദിച്ചിരുന്നിരിക്കണം.

അമ്മയോടുള്ള ഈ പറച്ചിലുകളായിരിക്കണം ടോട്ടോച്ചാനിലെ ആന്തരികലോകം രൂപപ്പെടുത്തിയത്.യാഥാര്‍ത്ഥ്യങ്ങളും  സങ്കല്‍പ്പങ്ങളും കൂടിച്ചേര്‍ന്നതായിരുന്നു ആ ലോകം.അമ്മയോടുള്ള പറച്ചിലുകള്‍ വഴി അവളതിനെ നിരന്തരം പുനസൃഷ്ടിച്ചുകൊണ്ടിരുന്നു.അറിഞ്ഞതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍,അറിയാത്തലോകത്തെക്കുറിച്ച് ഭാവനകള്‍ നെയ്തുകൂട്ടാന്‍ ഈ പറച്ചിലുകള്‍ അവളെ സഹായിച്ചിരിക്കണം.


കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കാത്ത നമ്മുടെ അമ്മമാര്‍ ഈ പുസ്തകം വീണ്ടും വീണ്ടും വായിച്ചുനോക്കണം.സ്നേഹം എന്നത് കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കല്‍ മാത്രമല്ല.കുട്ടിയുമായി സംവദിക്കുക എന്നതു കൂടിയാണത്.കുട്ടിയുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ ബന്ധം സാധ്യമാക്കുന്നത് ഈ സംവാദമാണ്.ചെറുപ്പംതൊട്ടേ കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കുന്ന അമ്മമാര്‍ക്കേ അവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ.അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ കഴിയൂ.അല്ലാത്ത പക്ഷം അമ്മയ്ക്കും കുട്ടിക്കുമിടയില്‍ മതിലുകള്‍ രൂപപ്പെടും.മുതിര്‍ന്നു കഴിഞ്ഞാല്‍ ഈ മതിലുകള്‍ പൊളിച്ചുമാറ്റുക പ്രയാസമായിരിക്കും.'കുട്ടി കൈവിട്ടുപോയി' എന്നു വിലപിക്കാനേ പിന്നീട് കഴിയൂ.

ഭാവനാസമ്പന്നയാണ് ടോട്ടോച്ചാന്‍. കുസൃതികള്‍ ഒപ്പിക്കുക എന്നതാണ് അവളുടെ മുഖ്യ വിനോദം.കുസൃതികള്‍ അവളുടെ സര്‍ഗ്ഗാത്മകതയുടെ ലക്ഷണങ്ങളായിട്ടായിരിക്കണം അവര്‍ കണ്ടത്.ഓരോ കുസൃതിയും ചുറ്റുപാടിനെ,പ്രകൃതിയെ അടുത്തറിയാനുള്ള അവളുടെ സാഹസിക പ്രവൃത്തികളാണ്.ഒരു കമ്പിയില്‍ തൂങ്ങിക്കിടന്ന് 'ഇന്നേയ്,ഞാനെറച്ചിയാ,കടേല് തൂങ്ങിക്കെടക്കണ എറച്ചി' എന്നു പറയാന്‍ മാത്രം സര്‍ഗ്ഗശേഷിയുള്ള  കുട്ടിയായിരുന്നു അവള്‍.അവളുടെ കുസൃതിയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍  അമ്മ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടുതന്നെ അവര്‍ അവളെ അടിക്കുകയോ കണ്ണുരുട്ടുകയോ വഴക്കുപറയുകയോ ചെയ്യുന്നില്ല.


റ്റോമോയില്‍ നിന്നും തിരിച്ചുവരുന്ന ടോട്ടോച്ചാന്റ ഉടുപ്പുകള്‍ എപ്പോഴും കീറിയിരിക്കും.ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ അവള്‍ എന്തെങ്കിലുമൊക്കെ നുണകളായിരിക്കും പറയുക.അന്യരുടെ തോട്ടങ്ങളിലെ കമ്പിവേലികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറുക എന്നത് ടോട്ടോച്ചാന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണു താനും.അമ്മ അവളെ വിലക്കുന്നില്ല. പകരം അവള്‍ക്ക് ധരിക്കാന്‍ പഴയ ഉടുപ്പുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.

അവളുടെ കുസൃതികള്‍ അവളെ വല്ല അപകടത്തിലും ചെന്നുചാടിക്കുമോ എന്നവര്‍ ഭയക്കുന്നുണ്ട്.അതുകൊണ്ട് അമ്മ അവളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.'എടുത്തുചാടും മുമ്പ് എടം വലം നോക്കണം.'

എന്നാല്‍ ടോട്ടോച്ചാന്റെ അമ്മയുടെ വലുപ്പം നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദര്‍ഭം തെത്സുകോ കുറോയാനഗി പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.ആദ്യ വിദ്യലയത്തില്‍ നിന്നും ടോട്ടോച്ചാനെ പുറത്താക്കിയ വിവരം അമ്മ ടോട്ടോച്ചാനില്‍ നിന്നും മറച്ചു പിടിക്കുകയായിരുന്നു.അവളുടെ ഇരുപതാം പിറന്നാളിനാണ് അമ്മ ആ രഹസ്യം അവളോടു വെളിപ്പെടുത്തുന്നത്."നിനക്ക് എലിമെന്ററി സ്ക്കൂള്‍ മാറിപ്പഠിക്കേണ്ടിവന്നതെന്തുകൊണ്ടെന്നറിയോ?"ഒരു ദിവസം അമ്മ എന്നോടു ചോദിച്ചു."ആവോ,അറിയില്ല."ഞാന്‍ പറഞ്ഞു."അതേയ്,"ഒന്നും സംഭവിക്കാത്തമട്ടില്‍ അമ്മ പറഞ്ഞു."ആദ്യത്തെ സ്ക്കൂളില്‍ നിന്ന് നിന്നെ പുറത്താക്കി.”

മറിച്ച് അഞ്ചു വയസ്സുകാരിയായിരുന്നപ്പോള്‍ എന്നോട് അമ്മ ഇപ്രകാരം പറഞ്ഞിരുന്നെങ്കിലോ-"ഇപ്പോള്‍തന്നെ ഒരു സ്ക്കൂളില്‍ നിന്നും നിന്നെ പുറത്താക്കി.അടുത്ത പള്ളിക്കൂടത്തില്‍ നിന്നുകൂടിയായാലോ?ഹൊ!നിന്നെ ഞാന്‍ എന്തുചെയ്യും എന്റെ കുട്ടീ?”

അത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നെങ്കില്‍,ആ ആദ്യ ദിനത്തില്‍ മനസ്സാകെ തകര്‍ന്നും വല്ലാതെ പരിഭ്രമിച്ചും എനിക്ക് റ്റോമോ ഗാഗ്വെന്റെ കവാടം കടക്കേണ്ടിവന്നേനെ.വേരും പൊടിപ്പുകളുമുള്ള ആ വാതില്‍ തൂണുകളും തീവണ്ടി പള്ളിക്കൂടവും എനിക്ക് ഏറെക്കുറെഅനാകര്‍ഷമായിത്തോന്നിയേനെ.ഇതുപോലൊരമ്മ എനിക്കുണ്ടായല്ലോ!ഞനെത്ര ഭാഗ്യവതിയാണ്!”
Sunday, 21 September 2014

റ്റോമോയിലെ വൃക്ഷങ്ങള്‍ നമ്മോട് പറയുന്നത്...


വൃക്ഷനിബിഡമാണ് റ്റോമോ വിദ്യാലയം.ടോട്ടോച്ചാന്‍ റ്റോമോയെ ഇഷ്ടപ്പെടാനുള്ള പല കാരണങ്ങളില്‍ ഒന്ന് അവിടുത്തെ വൃക്ഷങ്ങളാണ്.ഓരോ കുട്ടിക്കുമുണ്ട് ഓരോ വൃക്ഷം.ഒഴിവുനേരങ്ങളിലും ക്ലാസ് പിരിഞ്ഞതിനുശേഷമുള്ള സായാഹ്നങ്ങളിലും അവര്‍ വൃക്ഷത്തിനടുത്തേക്ക് ഓടിയെത്തും.വൃക്ഷങ്ങളോടു കിന്നാരം പറയും.അതിനുമുകളില്‍ വലിഞ്ഞു കയറും.അതിന്റെ കവരത്തില്‍ ചാരിയിരിക്കും.വിദൂരതയിലേക്ക് കണ്ണുംനട്ട്.ചിലപ്പോള്‍ ആകാശത്തിലേക്ക് നോക്കിക്കൊണ്ട്.മറ്റു ചിലപ്പോള്‍ അങ്ങ് താഴെ നടന്നകലുന്ന മനുഷ്യരെയും നോക്കിക്കിക്കൊണ്ട്.

എന്തുകൊണ്ടാണ് കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ കുട്ടികളെ മരം കയറാന്‍ അനുവദിച്ചത്?

മരം കയറ്റം ഒരു സാഹസിക പ്രവര്‍ത്തിയാണ്.ഒപ്പം അതു പ്രകൃതിയുമായി കുട്ടികളെ കൂടുതല്‍ അടുപ്പിക്കുന്നു.വൃക്ഷശിഖരത്തന്റെ ഉയരങ്ങളില്‍ കയറിയിരുന്ന് പ്രകൃതിയിലെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക എന്നത് ബാല്യത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ഈ അനുഭവത്തിലൂടെ തന്റെ കുട്ടികള്‍ കടന്നുപോകണമെന്ന് മാസ്റ്റര്‍ ആഗ്രഹിച്ചിരുന്നിരിക്കണം.സാഹസികത ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍.സാഹസിക പ്രവര്‍ത്തികള്‍ കുട്ടികള്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.നടക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍തന്നെ അവര്‍ എവിടെയെങ്കിലും വലിഞ്ഞു കയറാന്‍ തുടങ്ങും.മുതര്‍ന്നു കഴിഞ്ഞാല്‍ അവരുടെ ഇഷ്ടപ്പെട്ട സാഹസിക പ്രവൃത്തി മരം കയറ്റമാണ്.ജീവിതത്തില്‍ പ്രതിബന്ധങ്ങളെ നേരിടാനും തരണം ചെയ്ത് മുന്നേറാനും അത് കുട്ടികളെ പ്രാപ്തരാക്കും.സാഹസികത എന്നത് മുന്നില്‍ക്കാണുന്ന ലക്ഷ്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പുകളാണ്.കുട്ടികള്‍ക്ക് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഇത്തരം  പരിശീലനങ്ങളുടെ പ്രാധാന്യം മാസ്റ്റര്‍ അന്നേ തിരിച്ചറിഞ്ഞിരിക്കണം.

 ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മരത്തിന്റെ ഉയരങ്ങളിലേക്ക് വലിഞ്ഞുകയറുക.ദൂരെയുള്ള കാഴ്ചകള്‍  നോക്കിരസിക്കുക.എന്തൊക്കെകാണുന്നുവെന്ന്  കൂട്ടുകാരോട് ഉറക്കെ വിളിച്ചുപറയുക.ഒരു തലമുറ മുമ്പ് വരെ നമ്മുടെ നാട്ടിലെ കുട്ടികളുടേയും ഇഷ്ടപ്പെട്ട വിനോദം ഇതുതന്നെയായിരുന്നു.നാട്ടിന്‍പുറത്തെ കുട്ടികളുടെ കളികളെല്ലാം മരത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഒഴിഞ്ഞപറമ്പുകളും നാട്ടുമാവുകളും  കളിക്കാന്‍ കൂട്ടുകാരും ഇല്ലാതായതോടെ പുതുതലമുറയിലെ കുട്ടികള്‍ക്ക് മരംകയറ്റം അന്യമായി.പ്രകൃതിയില്‍ നിന്നും അതവരെ കൂടുതല്‍ അകറ്റി.അടച്ചിട്ട മുറികളിലെ വീഡിയോ ഗെയിമുകളായി അവരുടെ ലോകം.ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ക്കുമുന്നില്‍ പുതുതലമുറ പകച്ചു നിന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതു കൂടിയായിരിക്കണം.

സാഹസികത ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു ടോട്ടോച്ചാന്‍.അതവളെ പലപ്പോഴും അപകടത്തില്‍ ചെന്നുചാടിക്കുന്നുണ്ട്.ഒരു ദിവസം അവള്‍ എക്സര്‍സൈസ് ബാറിന്റെ ഉയരത്തില്‍ വലിഞ്ഞുകയറി ഒറ്റകൈയില്‍ ഞാന്നു കിടന്നുകൊണ്ട് അതുവഴി പോകുന്നവരോടൊക്കെ പറഞ്ഞു.
"ഇന്നേയ്,ഞാനെറച്ചിയാ,കടേല് തൂങ്ങിക്കെടക്കണ എറച്ചി."
പക്ഷേ,അവള്‍ താഴെ വീണുപോയി.
പിന്നീടൊരിക്കല്‍ മണല്‍ക്കൂനയാണെന്നു കരുതി അവള്‍ കുമ്മായക്കൂട്ടിലേക്ക് എടുത്തു ചാടി.അന്ന് അവളെ വൃത്തിയാക്കിയെടുക്കാന്‍ അമ്മപെട്ട പാട്!മറ്റൊരിക്കല്‍ അവളുടെ പ്രിയപ്പെട്ട വളര്‍ത്തു പട്ടി ടോണിയുമായി ഗുസ്തിപിടിക്കാന്‍ ചെന്നു.അവന്‍ അവളുടെ ചെവി കടിച്ചുമുറിച്ചു കളഞ്ഞു.


 എന്നാല്‍ ഇതിനൊക്കെ അപ്പുറം,ടോട്ടോച്ചാന്റെ സാഹസികതയും കാരുണ്യവും വെളിപ്പെടുന്ന അതിഗംഭീരമായ ഒരു സന്ദര്‍ഭം പുസ്തകത്തിലുണ്ട്.
പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നുപോയ യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ തന്റെ മരത്തില്‍ കയറ്റുന്ന രംഗം.ഇതിന്റെ വായന നമ്മെ സ്തബ്ധരാക്കും.ടോട്ടോച്ചാന്റെ കരുത്തും ഇച്ഛാശക്തിയും കണ്ട് നാം അത്ഭുതപ്പെട്ടുപോകും..സഹപാഠിയോടുള്ള അവളുടെ സ്നേഹവും സഹാനുഭൂതിയും നമ്മുടെ മനസ്സിനെ ശാന്തമാക്കും.റ്റോമോഗാഗ്വെനിന്റെ ഔന്നിത്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചുപോകും.


അതൊരു മഹാസാഹസം തന്നെയായിരുന്നു.അന്ന് അവധി ദിവസമായിരുന്നു.പോളിയോ ബാധിച്ച യാസ്വാക്കിച്ചാനെ അവള്‍ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.യാസ്വാക്കിച്ചാന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് അമ്മയോട് കള്ളം പറഞ്ഞായിരുന്നു അവള്‍ ഇറങ്ങിയത്.അവര്‍ രണ്ടുപേരും നേരെ പോയതോ?റ്റോമോയിലെ ടോട്ടോച്ചാന്റെ മരത്തിനരികിലേക്കും.ഈ സാഹസത്തിനു ടോട്ടോയെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും?
റ്റോമോയില്‍ എല്ലാവരും അവരവരുടെ മരത്തില്‍ കയറിയിരിക്കും.പാവം! യാസ്വാക്കിച്ചാനുമാത്രം അതിനു കഴിയില്ല.അതു ടോട്ടോയെ ഏറെ ദുഖിപ്പിച്ചിരിക്കണം.അവന്റെ സങ്കടം അവളുടേതു കൂടിയാവുകയാണ്.അവള്‍ മനസ്സിലുറപ്പിച്ചുകാണും.എന്തുവിലകൊടുത്തും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ മരം കയറ്റണം.


നടക്കുമ്പോള്‍ ആടിയുലയുന്ന യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ ആദ്യമായി കാണുന്ന സന്ദര്‍ഭം നോക്കുക.

"കുട്ടിയെന്താ ഇങ്ങനെ നടക്ക്ണേ?”
ഉള്‍ക്കനം സ്ഫുരിക്കുന്ന സൗമ്യമായ ശബ്ദത്തില്‍ അവന്‍ പറഞ്ഞു.
"നിക്ക് പോളിയോ വന്നതോണ്ടാ.”
"പോളിയോന്ന് വെച്ചാല്‍?”
ആവാക്ക് അന്നവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
"ഉവ്വ്,പോളിയോ."സ്വരം താഴ്ത്തി അവന്‍ പറഞ്ഞു."കാലില് മാത്രല്ല,കയ്യിലുംണ്ട്,നോക്കിയാട്ടെ.”
അവന്‍ കൈകള്‍ നീട്ടിക്കാണിച്ചു.
കൊച്ചുടോട്ടോ അതു വ്യക്തമായിക്കണ്ടു.ഇടതുകൈയിലെ വിരലുകള്‍ തേമ്പി മടങ്ങിയിരിക്കുന്നു.അവ പരസ്പരം കൂടിച്ചര്‍ന്നതു പോലെയുണ്ട്.


ഈ കൂട്ടുകാരനെയാണ് കൊച്ചുടോട്ടോ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ചതുപോലെ അവള്‍ വാച്ചറുടെ ഷെഡില്‍ നിന്നും ഏണി മരച്ചുവട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു.മരത്തില്‍ ചാരിവെച്ചു.അവള്‍ ആദ്യം കയറി.മരത്തിനുമുകളിലിരുന്ന് ഏണിയില്‍ അമര്‍ത്തിപ്പിടിച്ച് അവനോട് കയറാന്‍ പറഞ്ഞു.യാസ്വാക്കിച്ചാന്‍ ശ്രമിച്ചെങ്കിലും അവന് ഒരു പടിപോലും കയറാന്‍ കഴിഞ്ഞില്ല.സംഗതി താന്‍ കരുതിയതുപോലെ അത്ര എളുപ്പമല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അപ്പോള്‍ മാത്രമാണ്.പക്ഷേ,അവള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു.അടുത്തതായി അവള്‍ ഒരു പലകക്കോവണിയാണ് കൊണ്ടുവരുന്നത്.പലകക്കോവണിക്കുമുന്നില്‍ വിയര്‍ത്തുകുളിച്ചു നിന്ന അവനെ അവള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അവള്‍ അവനെ തള്ളിക്കയറ്റാന്‍ തുടങ്ങി.ഓരോ പടവിലും അവര്‍ പൊരുതുകയായിരുന്നു.യാസ്വാക്കിച്ചാന്‍ അവന്റെ എല്ലാ ആരോഗ്യവും പുറത്തെടുത്തു.അങ്ങനെ അവന്‍ പലകക്കോവണിയുടെ മുകളിലെത്തി.


"പക്ഷേ,അവിടുന്നങ്ങോട്ട് സംഗതി ദുഷ്ക്കരമായിരുന്നു.ടോട്ടോച്ചാന്‍ ഒറ്റച്ചാട്ടത്തിന് കൊമ്പിലെത്തി.പക്ഷേ,എത്രശ്രമിച്ചിട്ടും യാസ്വാക്കിച്ചാനെ മരക്കൊമ്പിലെത്തിക്കാന്‍ അവള്‍ക്കായില്ല.കോണിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് തലയുയര്‍ത്തി അവന്‍ അവളെ നോക്കി.അതു കണ്ടപ്പോള്‍ ടോട്ടോച്ചാന് പെട്ടെന്ന് കരച്ചില്‍വന്നു.യാസ്വാക്കിച്ചാനെ തന്റെ മരത്തില്‍ കയറ്റാനുള്ള അവളുടെ ആഗ്രഹം അത്രയേറെ അദമ്യമായിരുന്നു.”തന്നെപ്പോലെത്തന്നെയാണ് യാസ്വാക്കിച്ചാനും.യാസ്വാക്കിച്ചാന്‍ അങ്ങനെയായത് അവന്റെ കുറ്റംകൊണ്ടല്ല.ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊക്കെ അവനും അവകാശപ്പെട്ടതാണ്.അതുകൊണ്ടുതന്നെ തനിക്കു മരം കയറാന്‍ കഴിയുമെങ്കില്‍ അവനും കഴിയണം.ഈചിന്തയായിരിക്കണം ടോട്ടോച്ചാനെ മുന്നോട്ടു നയിച്ചത്.ഈ ചിന്ത അവളില്‍ നട്ടുമുളപ്പിച്ചത് റ്റോമോ വിദ്യാലയത്തിലെ പാഠങ്ങള്‍ തന്നെ.ശാരീരിക പരിമിതിയനുഭവിക്കുന്ന യാസ്വാക്കിച്ചാനും തഹാകാഷിയേയും പോലുള്ള കുട്ടികള്‍ക്ക് വേരുറപ്പിച്ച് വളര്‍ന്നു വികസിക്കാന്‍ പാകത്തിലുള്ളതായിരുന്നു അതിന്റെ മണ്ണ്.


ഒടുവില്‍ ടോട്ടോച്ചാന്റെ  ഇച്ഛാശക്തിക്കുമുന്നില്‍ മരം കീഴടങ്ങി.അവള്‍ അവനെ മരത്തിനുമുകളിലേക്ക് അതിസാഹസികമായി വലിച്ചു കയറ്റുകതന്നെ ചെയ്തു.

“...യാസ്വാക്കിച്ചാന്‍ മുകളിലെത്തി.
മരക്കൊമ്പില്‍ അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു.വിയര്‍പ്പില്‍ കുതിര്‍ന്ന തലമുടിയൊതുക്കി,താഴ്മമയോടെ തല കുമ്പിട്ട് കൊച്ചുടോട്ടോ പറഞ്ഞു.
"എന്റെ മരത്തിലേക്ക് സ്വാഗതം......”
മരക്കൊമ്പില്‍ നിന്നുള്ള വിദൂരദൃശ്യങ്ങള്‍ യാസ്വാക്കിച്ചാന് പുതുമയായിരുന്നു.ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം.
"ഹായ്,അപ്പൊ മരത്തിക്കേറ്യാല് ഇങ്ങന്യാ ഇരിക്ക്യാ,അല്ലേ."അവന്‍ നിറഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.”ടോട്ടോച്ചാനെപ്പോലെ മരം കയറാന്‍ കഴിയുന്ന ഒരു കുട്ടിയായി യാസ്വാക്കിച്ചാനും മാറിയിരിക്കുന്നു.മനക്കരുത്തുണ്ടെങ്കില്‍ ഏതു പരിമിതിയെയും മറികടക്കാമെന്ന വലിയ പാഠമാണ് മരം കയറ്റത്തിലൂടെ ടോട്ടോച്ചാന്‍ അവനെ പഠിപ്പിച്ചത്.ഇത് യാസ്വാക്കിച്ചാന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കിയിരിക്കണം.

ഈ മരത്തിനു മുകളില്‍ വെച്ചാണ് യാസ്വാക്കിച്ചാന്‍ അവളോട് ടെലിവിഷനെക്കുറിച്ച് പറയുന്നത്.


"അമേരിക്കേലുള്ള എന്റെ ചേച്ചീടേല് ടെലിവിഷനെന്ന് വിളിക്കണ ഒരു സാധനംണ്ടത്രെ."യാസ്വാക്കിചാന്‍ വിസ്മയപൂര്‍വ്വം പറഞ്ഞു.
"അദ് ജപ്പാനിലും വരൂത്രേ.അപ്പൊ നമക്ക് വീട്ടിലിര്ന്ന് സുമോ ഗുസ്തി കാണാമ്പറ്റ്വത്രേ.ചേച്യാ പറഞ്ഞേ.ചേച്ചിപറേണ് അതൊരു പെട്ടിപോലത്തെ സാധനാണെന്ന്,ആവോ?”


ടോട്ടോച്ചാന്‍ പിന്നീട് ജപ്പാനിലെ പ്രശസ്തയായ ടിവി അവതാരികയായി മാറുകയാണ്.ടിവിയെക്കുറിച്ച് അവള്‍ ആദ്യമായി കേള്‍ക്കുന്നതോ തന്റെ മരത്തിനു മുകളില്‍വെച്ച് യാസ്വാക്കിചാന്‍ പറഞ്ഞിട്ടും!

യാസ്വാക്കിചാനെപോലെ ശാരീരികപരിമിതിയുള്ള മറ്റൊരു കുട്ടികൂടിയുണ്ട് റ്റോമോയില്‍.തകാഹാഷി എന്നാണവന്റെ പേര്.കാലുകള്‍ വളഞ്ഞ് വളര്‍ച്ച മുരടിച്ചുപോയ ഒരു കുട്ടി.


ടോട്ടോച്ചാന്‍ അവനെയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാക്കി മാറ്റുന്നുണ്ട്.റ്റോമോയിലെ വാര്‍ഷിക കായികമേളയില്‍ എപ്പോഴും ജയിച്ചു മുന്നേറുന്ന കുട്ടി.ഒരു ജേതാവായി മറ്റുള്ളവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍,താനിനി വളരില്ലെന്ന കൊടിയ അപകര്‍ഷതയില്‍നിന്നും തകാഹാഷി മോചിതനായിരിക്കണം.ഒരു പക്ഷേ,കായികമേളയിലെ  കളികളെല്ലാം തകാഹാഷിയെ ജയിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കുമോ മാസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുക എന്ന് ഒരു വേള ടോട്ടോച്ചാന്‍ സംശയിക്കുന്നുണ്ട്.

ഈ രണ്ടു വിദ്യാര്‍ത്ഥികളേയും പരിഗണിച്ച രീതി നമ്മെ ബോധ്യപ്പെടുത്തുന്നത്  റ്റോമോ വിദ്യാലയത്തിലെ വിശാലമായ ഇടങ്ങളെക്കുറിച്ചാണ്.അതിരുകളില്ലാത്ത അതിന്റെ ആകാശത്തിലേക്ക് ശിഖരങ്ങളുയര്‍ത്തിനില്‍ക്കുന്ന വൃക്ഷങ്ങള്‍ നമ്മോട് പലതും പറയുന്നുണ്ട്.എല്ലാകുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഔപചാരികതയുടെ കാര്‍ക്കശ്യം പുരളാത്ത അതിന്റെ ക്ലാസുമുറികളെക്കുറിച്ച്.സ്നേഹത്തിന്റേയും കാരുണ്യത്തിന്റെ പൂമരം പോലെ വളര്‍ന്നു നില്‍ക്കുന്ന സൊസാകു കൊബായാഷി എന്ന ഹെഡ്മാസ്റ്ററെക്കുറിച്ച്. വിശാലമായ മാനവികതയിലൂന്നുന്ന അതിന്റെ ദര്‍ശനത്തെക്കുറിച്ച്.അല്ലെങ്കില്‍ 'ടോട്ടോച്ചാന്‍' രചിച്ച തെത്സുകോ കുറോയാനഗിയെപ്പോലുള്ള പ്രതിഭകളെ അതിനു സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല.

(തുടരും)
Friday, 12 September 2014

റ്റോമോഗാക്വെനിലെ സംസാരഭാഷ


ഓണാവധിക്കാലത്ത് ടോട്ടോച്ചാന്‍ വീണ്ടും വായിച്ചു.
ടോട്ടോച്ചാന്‍ എത്ര തവണ വായിച്ചു എന്നത് ഓര്‍മ്മയില്ല.
പക്ഷേ,ഓരോ വായനയും റ്റോമോ വിദ്യാലയത്തിന്റെ മണ്ണടരുകളില്‍ ഒളിഞ്ഞുകിടക്കുന്ന അമൂല്യമായ നിധികളെ വെളിച്ചത്തുകൊണ്ടുവരുന്നു.ഉജ്വലമായ  പ്രകാശംപരത്തിക്കൊണ്ട് ആ പുസ്തകം നമ്മെ വിസ്മയിപ്പിക്കുന്നു.


വളരുന്ന മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച അതിന്റെ ഗേറ്റ്.ഇടുങ്ങിയതെങ്കിലും  ചുമരുകളില്ലാത്ത  സ്ക്കൂള്‍ മുറ്റം.ചുറ്റും ചുവപ്പും മഞ്ഞയും നിറത്തില്‍പൂത്തുനില്‍ക്കുന്ന   മരങ്ങള്‍ അതിരിടുന്ന  മൈതാനത്ത് അങ്ങിങ്ങായി കിടക്കുന്ന  തീവണ്ടി മുറികള്‍ കടന്നാല്‍  അര്‍ദ്ധ വൃത്താകൃതിയില്‍ ക്രമീകരിച്ച ഏഴു പടികള്‍ കാണാം. അതിനു മുകളില്‍ ഒരു ഒറ്റ നില കെട്ടിടം.അതിന്റെ വലത്തേ അറ്റത്താണ് ഹെഡ്മാസ്റ്റരുടെ മുറി.റ്റോമോഗാക്വെന്റെ എല്ലാമായ  സൊസാകു കൊബായാഷി മാസ്റററും ടോട്ടോച്ചാനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച ഇവിടെ വച്ചാണ്.

"ഒരു കസേര വലിച്ചടുപ്പിച്ച് അവള്‍ക്കഭിമുഖമായിരുന്ന് തെളിഞ്ഞ സ്വരത്തില്‍ മാസ്റ്റര്‍ പറഞ്ഞു.
"ടോട്ടോച്ചാന്‍,നിന്റെ വിശേഷങ്ങളൊക്കെ കേള്‍ക്കട്ടെ.തുടങ്ങിക്കോളൂ.നിനക്കിഷ്ടമുള്ള എന്തു വേണമെങ്കിലും പറഞ്ഞോളൂ.”
"എന്തു വേണമെങ്കിലും പറയാമോ?"
അവള്‍ക്ക് അതിശയം തോന്നി.മാസ്റ്റര്‍
ചോദ്യങ്ങള്‍ ചോദിക്കുമെന്നായിരുന്നു അവളുടെ ധാരണ.എന്തും പറയാമെന്നറിഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ ചിലയ്ക്കാന്‍ തുടങ്ങി....


ആ ചിലയ്ക്കല്‍ നീണ്ടുപോയി.ഏതാണ്ട് നാലു മണിക്കൂര്‍ സമയം! ജീവിതത്തില്‍ അന്നുവരെയുണ്ടായ ഓരോ സംഭവവും അവള്‍ ഓര്‍മ്മിച്ചു പറഞ്ഞു കൊണ്ടിരുന്നു.ഇടയ്ക്ക് നിര്‍ത്തും.പിന്നെ ഓര്‍മ്മിക്കും.വീണ്ടും പറയും..


മാസ്റ്റര്‍ എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.ഒരിക്കല്‍ പോലും അദ്ദേഹം കോട്ടുവായിടുകയോ അശ്രദ്ധനാവുകയോ ചെയ്തില്ല.
അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഇന്നുവരെ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ല.അന്നു ടോട്ടോച്ചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു.പിന്നീട് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ അധ്യാപകനെ-സൊസാകു കൊബായാഷി മാസ്റററെ.


വ്യവസഥാപിത വിദ്യാലയങ്ങള്‍ക്കോ അവിടുത്തെ അധ്യാപകര്‍ക്കോ ആലോചിക്കാന്‍ പോലും കഴിയാത്തതാണ് ഈ കൂടിക്കാഴ്ച.കുട്ടി പറയുന്നത് കേള്‍ക്കുക എന്നത് അതിന്റെ  രിതിയല്ല.മറിച്ചു അധ്യാപകന്‍ പറയുന്നത് കുട്ടിയാണ് കേള്‍ക്കേണ്ടത്.പഠിപ്പിക്കുകയെന്നാല്‍ അധ്യാപകന്‍ നിരന്തരമായ സംസാരിച്ചുകൊണ്ടിരിക്കുക എന്നാണര്‍ത്ഥം.ക്ലാസുമുറിയില്‍ കുട്ടി  സംസാരിക്കുന്നത്  അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വേണ്ടി മാത്രമാണ്.അല്ലാതുള്ള സംസാരം വിലക്കപ്പെട്ടിരിക്കുന്നു.

ആദ്യ വിദ്യാലയത്തില്‍ നിന്നും ടോട്ടോച്ചാന്‍ പുറന്തള്ളപ്പെട്ടതും ഇതു കൊണ്ടുതന്നെയായിരിക്കണം.കണ്ണില്‍ കാണുന്ന എല്ലാത്തിനെക്കുറിച്ചും ചറപറാ സംസാരിച്ചുകൊണ്ടിരിക്കുന്ന  ടോട്ടോച്ചാനെ സംബന്ധിച്ചിടത്തോളം സംസാരം വിലക്കപ്പെട്ട ഒരു ക്ലാസുമുറി പ്രയാസകരമായിരിക്കും.

ടീച്ചര്‍ അവളുടെ ഏറ്റവും വലിയ കുറ്റമായി കാണുന്നത് വിദ്യാലയത്തിന്റെ കൂരയുടെ എറമ്പില്‍ കൂടുകെട്ടുന്ന തൂക്കണാം കുരുവികളോട് 'എന്തെടുക്ക്വാ,എന്തെടുക്ക്വാ' എന്ന് ഇടക്കിടെ വിളിച്ചുചോദിക്കുന്നതാണ്.ഡസ്ക്കിന്റെ മൂടി വലിയ ശബ്ദത്തില്‍ അടയ്ക്കുന്നതും ജനാലയ്ക്കരികില്‍ച്ചെന്ന് തെരുവുഗായകരെ ക്ഷണിക്കുന്നതുമൊക്കെ താരതമ്യേന ക്ഷമിക്കാവുന്ന കുറ്റമാണ്.


ടോട്ടാച്ചാനെ വികൃതിക്കുട്ടി എന്നാണ് അവളുടെ ടീച്ചര്‍ വിശേഷിപ്പിക്കുന്നത്.ചുറ്റുപാടിനോടുള്ള അടങ്ങാത്ത ജിജ്ഞാസയും അന്വേഷണത്വരയുമാണ് കുട്ടികളെ വികൃതികളാക്കുന്നത്.കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സര്‍ഗ്ഗാത്മകതയുടെ ഒരു പ്രകടനമാണത്.നല്ല സര്‍ഗ്ഗശേഷിയുള്ള കുട്ടികളെയാണ് മുതിര്‍ന്നവര്‍ വികൃതികള്‍ എന്നു വിളിക്കുന്നത്.

യാഥാസ്ഥിതികരായ അധ്യാപകര്‍ക്ക് ടോട്ടോച്ചാനെപോലുള്ള ഒരു കുട്ടിയെ മനസ്സിലാക്കുക പ്രയാസമായിരിക്കും.ഇവിടെ കുട്ടിയെ മനസ്സിലാക്കുക എന്നാല്‍ മുന്‍കൂട്ടി വരച്ചിടുന്ന  ചില കളങ്ങളിലേക്ക് കുട്ടികളെ വേര്‍തിരിച്ചിടുക എന്നതാണ്. വികൃതിക്കുട്ടി-അനുസരണയുള്ള കുട്ടി,ബുദ്ധിമാന്‍-മണ്ടന്‍,സ്വഭാവഗുണമുള്ളവന്‍-ഇല്ലാത്തവന്‍,പഠിക്കന്നവന്‍-പഠിക്കാത്തവന്‍,ക്ലാസില്‍ ശ്രദ്ധയുള്ളവന്‍-ശ്രദ്ധയില്ലാത്തവന്‍,കലാപരമായ കഴിവുകളുള്ളവന്‍-ഇല്ലാത്തവന്‍...പരമ്പരാഗത ക്ലാസുമുറികള്‍ കുട്ടികളെ നോക്കിക്കാണുന്ന ഒരു രീതിയാണത്.ഇത്കുട്ടികളെക്കുറിച്ചുള്ള ശരിയായ വിലയിരുത്തല്‍ സാധ്യമല്ലാതാക്കുന്നു.  


പഠനത്തോടൊപ്പം വ്യവസ്ഥാപിത വിദ്യാലയങ്ങള്‍ ഊന്നല്‍ കൊടുക്കുന്ന ഒരു പ്രധാന മേഖല അച്ചടക്കമാണ്.അച്ചടക്കത്തിന്റെ ഒരു മുഖ്യ സൂചകം എന്നത് നിശബ്ദമായ വിദ്യാലയ അന്തരീക്ഷമാണ്.ക്ലാസുമുറി നിശബ്ദമായിരിക്കണം.അവിടെ അധ്യാപകന്റെ കനപ്പെട്ട ശബ്ദംമാത്രം ഉയര്‍ന്നുപൊങ്ങണം.അധ്യാപകന്റെ മുഖത്ത് മിഴികളുറപ്പിച്ച് നിശബ്ദരായിരിക്കുന്ന കുട്ടികളാണ് ശ്രദ്ധാലുക്കളായ കുട്ടികള്‍.

ടോട്ടോച്ചാനെപ്പോലെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ 'അച്ചടക്കം' പഠിപ്പിക്കുക പ്രയാസമായിരിക്കും.അവളെ പുറത്താക്കുകയല്ലാതെ മറ്റു വഴികളൊന്നും ടീച്ചര്‍ക്കുമുന്നിലില്ല.


റെയില്‍വേ പാസും കഴുത്തില്‍ തൂക്കി, റ്റോമോയിലേക്കുള്ള ടോട്ടോച്ചാന്റെ ഓരോ യാത്രയും ഓരോ ആഘോഷമാണ്.സര്‍ഗാത്മകതയുടേയും തിരിച്ചറിവിന്റേയും ആഘോഷം.വിദ്യാലയം അതിന്റെ ലാളിത്യവും വാത്സല്യവുംകൊണ്ട് അവളെ  മാടിവിളിക്കുകയാണ്.അവിടെ എത്തിക്കഴിഞ്ഞാല്‍ തിരിച്ചുപോകാന്‍ സമയമാകരുതേ എന്നാണ് അവളുടെ പ്രാര്‍ത്ഥന.അവള്‍ക്ക് തഴച്ചു വളരാന്‍ പാകത്തില്‍ അതിന്റെ മണ്ണ് ആദ്യദിനം തന്നെ അവളെ ഉള്‍ക്കൊണ്ടു കഴിഞ്ഞു.
അവള്‍ക്കവിടെ ഇഷ്ടംപോലെ ചിലയ്ക്കാം.അത് കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് അവിടത്തെ അധ്യാപകരും സഹപാഠികളും.


 
കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കുകയാണ് അവരെ പഠനത്തിലേക്കു നയിക്കാനുള്ള ആദ്യ ഉപാധിയെന്ന് കൊബായാഷി മാസ്ററര്‍ തിരിച്ചറിഞ്ഞിരുന്നു.അതിനാലായിരിക്കണം അദ്ദേഹം തന്റെ സംസാരം നന്നേ കുറയ്ക്കാന്‍ ശ്രദ്ധിച്ചത്.പുസ്തകത്തിലെ മനോഹരമായ ഒരു സന്ദര്‍ഭം നോക്കുക.
ടോട്ടാച്ചാന് ഏറെ ഇഷ്ടപ്പെട്ട അവളുടെ പേഴ്സ് ടോയലറ്റില്‍ വീണുപോയി.അതെടുക്കാനുള്ള ശ്രമത്തില്‍ അവള്‍ ടോയലറ്റിലെ മാലിന്യങ്ങള്‍ മുഴുവന്‍ പുറത്തേക്ക് കോരിയിട്ടു.അപ്പോഴാണ് മാസ്റ്ററുടെ വരവ്.


 "ടോട്ടോ,നീയെന്താ ചെയ്യണേ?"മാസ്റ്റര്‍ ചോദിച്ചു.
"എന്റെ പേഴ്സ് ടോയലറ്റില്‍ വീണു.അതു തെരയാ."
മാലിന്യം കോരുന്നതിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.
"ഉവ്വോ,നടക്കട്ടെ."തന്റെ പതിവു ശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.
നേരം കടന്നുപോയ്ക്കൊണ്ടിരുന്നു.അവള്‍ക്കിതുവരേയും പേഴ്സ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.കൂനയുടെ ഉയരം കൂടിക്കൂടി വന്നു.ഗന്ധവും.
മാസ്റ്റര്‍ വീണ്ടും വന്നു.
"കിട്ടിയോ?” അദ്ദേഹം ചോദിച്ചു.
"ഇല്ല്യ."കൂനകള്‍ക്കിടയില്‍ നിന്നും ടോട്ടോച്ചാന്‍ കഴുത്തുയര്‍ത്തി....
അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങിനിന്ന് കുസൃതി നിറഞ്ഞ സൗഹൃദ ഭാവത്തില്‍ മാസ്റ്റര്‍ പറഞ്ഞു.
"തെരഞ്ഞു കഴിഞ്ഞാലേയ് ഒക്കേം തിരികെ കോരിയിടണം.എന്താ ഇട്വോ?"ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നുമറഞ്ഞു.


ടോട്ടോച്ചാന്‍ വാക്കുപാലിച്ചു.അവള്‍ മാലിന്യങ്ങള്‍ തിരികെ കുഴിയില്‍ നിക്ഷേപിച്ചു.
മാസ്റ്റര്‍ ടോട്ടോചാനെ ശകാരിച്ചില്ല.സഹായിക്കാനും പോയില്ല.


ടോട്ടോച്ചാനില്‍ നിന്നും ഈ സംഭവം കേട്ടറിഞ്ഞ അമ്മ അതിശയിച്ചു പോയി.'ഇതൊരു വിശേഷപ്പെട്ട മാസ്റ്റര്‍ തന്നെ' എന്നാണ് അവരുടെ പ്രതികരണം.ഇതിനുശേഷം പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരാളായാണ് ടോട്ടാച്ചാന്‍ മാസ്റ്ററെ കാണുന്നത്.അവള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു.


കുട്ടികളോടുള്ള മാസ്റ്ററുടെ സംസാരം ഹൃദയത്തിന്റെ ഭാഷയിലാണ്.അതില്‍ സ്നേഹത്തിന്റെ മധുരം പുരണ്ടിരിക്കുന്നു.അത് കുട്ടികളെ പ്രചോദിപ്പിക്കുന്നു.അവരെ നേര്‍വഴിക്കു നയിക്കുന്നു.അവരില്‍ ആത്മവിശ്വാസത്തിന്റെ വേരുകള്‍ നട്ടുപിടിപ്പിക്കുന്നു.

പുസ്തകത്തില്‍ ഇടക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന മാസ്റ്ററുടെ ഒരു സംഭാഷണ ശകലമുണ്ട്.ടോട്ടാച്ചാനെക്കാണുമ്പോഴൊക്കെ  മാസ്റ്റര്‍ അതു പറയും.
"ദാ നോക്ക്,നേരായിട്ടും നീയൊരു നല്ല കുട്ട്യാ.”
അപ്പോള്‍ അവള്‍ തുള്ളിച്ചാടിക്കൊണ്ട് പറയും.
" ഉവ്വ്,ഞാന്‍ നല്ല കുട്ട്യാ.”


പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരി മാസ്റററുടെ ഈ വാക്കുകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

"ആവാക്കുകള്‍ എന്നെ എത്രയേറെ സ്വാധീനിച്ചെന്നോ!ഞാനെത്രമാത്രം മാറിയെന്നോ!റ്റോമോയിലെത്താതിരുന്നെങ്കില്‍,കൊബായാഷി മാസ്റ്ററെ കണ്ടുമുട്ടാതിരുന്നെങ്കില്‍ മിക്കവാറും അപകര്‍ഷബോധവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ,ഒന്നിനും കൊള്ളാത്ത ഒരുവളായി ഞാന്‍ മാറിയേനെ.” അധ്യാപകര്‍ കുട്ടികളോടു സംസാരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പുസ്തകം പറയാതെ പറഞ്ഞുവെക്കുന്നു. ആ ഭാഷ ബോധപൂര്‍വ്വം പഠിച്ചെടുക്കേണ്ടതു തന്നെയാണ്.അധ്യാപകന്റെ സംസാരഭാഷ എന്നത് ഇരുവരേയും ബന്ധിപ്പിക്കുന്ന ഒരു നടപ്പാലമാണ്.ആ പാതയിലൂടെ ഇരുകരകളിലേക്കുമുള്ള നിരന്തര സഞ്ചാരമാണ് പഠനം.
വ്യവസ്ഥാപിത ക്ലാസുമുറിയില്‍ സാധാരണയായി ഉയര്‍ന്നു കേള്‍ക്കാറുള്ള  അധ്യാപകരുടെ  ശകാരഭാഷ എന്താണെന്ന് നോക്കുക.


"എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ ഈ മണ്ടന്‍മാര്‍ക്ക്.”
"ക്ലാസെടുക്കുമ്പോള്‍ എവിടെ നോക്കിയാണെടാ ഇരിക്കുന്നത്?”
 "നീ പരീക്ഷയില്‍ വട്ടപ്പൂജ്യം വാങ്ങും.ഉറപ്പാ.”
"ഇനിയും സംസാരിച്ചാല്‍ നിന്റെ സ്ഥാനം ക്ലാസിനു പുറത്തായിരിക്കും.”
"വിവരദോഷികള്‍"
"കുരുത്തംകെട്ടവര്‍"
"ഒന്നിനും കൊള്ളാത്തവന്‍"
“…...................................”


ക്ലാസുമുറിയിലെ  ഭാഷ ഇവിടെ കടുത്ത ശിക്ഷയായി മാറുകയാണ്.അത് കുട്ടികളെ മാനസികമായി അടിച്ചമര്‍ത്താനാണ് ഉപയോഗിക്കുന്നത്.കുട്ടിയുടെ വ്യക്തിത്വം നിഷേധിക്കപ്പെടുന്നു.അവന്റെ ആത്മാഭിമാനം വ്രണപ്പെടുന്നു. ആത്മവിശ്വാസം മുളയിലേ നുള്ളിയെടുക്കുന്നു.

അധ്യാപകനും കുട്ടികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന ഹൃദയഭാഷയാണ് സ്വന്തം മനസ്സിന്റെ ഉള്‍വിളികളുമായി സംവദിക്കാനുള്ള കുഞ്ഞുങ്ങളുടെ കഴിവിനെ വികസിപ്പിക്കുന്നതും അവരുടെ സഹജമായ ഇന്ദ്രിയബോധത്തെ തൊട്ടുണര്‍ത്തുന്നതും.സ്നേഹത്തിലൂടെ,പ്രോത്സാഹനത്തിലൂടെ,ചോദ്യങ്ങളിലൂടെ,പ്രചോദനത്തിലൂടെ,തിരിച്ചറിവുകള്‍ നല്‍കുന്നതിലൂടെ ആ ഭാഷ പഠനത്തിന്റെ പുതു വഴികളിലേക്ക് കുട്ടികളെ  നയിക്കുന്നു.കൊബായാഷി മാസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെ.

റ്റോമോഗാക്വെന് മുകളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചപ്പോള്‍,ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ തീ ഗോളങ്ങള്‍ എട്ടുവര്‍ഷം മാത്രം ജീവിച്ച ആ പള്ളിക്കൂടത്തെ അപ്പാടെ വിഴുങ്ങിയ നേരത്ത്, തെരുവിന്റെ വിജനതയില്‍ നിന്ന് ആ തീ ജ്വാലയിലേക്ക് നോക്കി തന്റെ അരികത്ത് നിന്ന മകനോട് കൊബായാഷി മാസ്ററര്‍ ചോദിക്കുന്നു.

"ഏതു തരം സ്ക്കൂളായിരിക്കും നാം അടുത്ത പ്രാവശ്യം കെട്ടിയുയര്‍ത്തുക?”


ആ ചോദ്യം അവനെ ആവേശഭരിതനാക്കിയിരിക്കണം.പ്രത്യാശയുടെ പുതു നാമ്പുകള്‍ അവനില്‍ വിരിയിച്ചിരിക്കണം.


തന്റെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങുന്നതു നോക്കി ഒട്ടും കൂസലില്ലാതെ, ഏറെ നരച്ചുപോയ തന്റെ കറുമ്പന്‍ കോട്ടിന്റെ കീശയില്‍ കൈകള്‍ തിരുകി,ഒരു വിളക്കുമരം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അധ്യാപകനല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കഴിയുക?


(തുടരും)

Sunday, 7 September 2014

പൂക്കളം എന്ന ആവിഷ്ക്കാരം


 വെള്ളിയാഴ്ച രാവിലെ എട്ടുമണി.സ്ക്കൂളിലെ  ഓണാഘോഷം.ഏഴാം ക്ലാസുകാര്‍ എല്ലാവരും രാവിലെത്തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്.അവരുടെ കൈകളില്‍ പൂക്കളുണ്ട്. പലതരം നാടന്‍ പൂക്കള്‍.ഹനുമാന്‍ കിരീടം, കോളാമ്പി, ചെക്കി,ചെമ്പരത്തി,റോസാ,ജമന്തി,വട്ടാപ്പലം...എല്ലാം നാട്ടിന്‍പുറത്തു ലഭ്യമായവ.അവര്‍ പൂക്കളം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സംഘത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു.എന്തുപറ്റി? 


അപ്പോഴാണ് തൊട്ടപ്പുറത്തെ ക്ലാസില്‍ നിന്നും തിരുവാതിരക്കളിയുടെ പാട്ട് കേട്ടത്.ഏഴാം ക്ലാസിലെ മുഴുവന്‍ പെണ്‍കുട്ടികളും ചേര്‍ന്ന് തിരുവാതിരക്കളി അവതരിപ്പിക്കുന്നുണ്ട്.അതിന്റെ അവസാന റിഹേഴ്സലിന്റെ തിരക്കിലാണവര്‍.അവര്‍ പൂക്കള്‍ ആണ്‍കുട്ടികളെ ഏല്‍പ്പിച്ച് തൊട്ടപ്പുറത്തെ മുറിയിലേക്ക് ഓടുകയാണ്.

നിലത്ത് കുനിഞ്ഞിരുന്ന്, ജനാലയിലൂടെ ഊര്‍ന്നു വീഴുന്ന ഇളവെയിലില്‍ കുളിച്ച്, ഒരു ചരടിനറ്റത്ത് കെട്ടിയ ചോക്കുകൊണ്ട്  നല്ല കൈയ്യൊതുക്കത്തോടെ പൂക്കളത്തിനു വൃത്തം വരയ്ക്കുന്ന കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു.കിരണ്‍!

എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അതെ.കിരണ്‍ തന്നെ.അവനെ സഹായിക്കാന്‍ ശ്രീരാഗും അതുലും അഖിലേഷുമൊക്കെയുണ്ട്.
വരയ്ക്കുന്നതിനിടയില്‍ കിരണ്‍ കൂട്ടുകാരോട് അഭിപ്രായങ്ങള്‍ ചോദിക്കുന്നു;വൃത്തത്തിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു;ഇടയ്ക് പൂക്കള്‍ പരിശോധിക്കുന്നു;വലുപ്പം കൂട്ടിയാല്‍ പൂക്കള്‍ തികയുമോ എന്ന് ആശങ്കപ്പെടുന്നു...

ഇടയ്ക്ക് പൂക്കളത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് അവന്‍ എന്നെ കണ്ടത്.
എനിക്ക് മനോഹരമായ ഒരു ചിരി അവന്‍ സമ്മാനിച്ചു.കിരണിന്റെ ആദ്യത്തെ ചിരി.


ആറാം ക്ലാസുമുതല്‍ ഞാനവനെ പഠിപ്പിക്കുന്നുണ്ട്.
എപ്പോഴെങ്കിലും അവന്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല.ക്ലാസില്‍ എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞാലുടനെ ഞാന്‍ അവനെയാണ് നോക്കുക.
അവന്‍ മാത്രം ചിരിക്കില്ല.മേഘം മൂടിയ ആകാശം പോലെയായിരിക്കും അവന്റെ മുഖം.അവന്‍ കൂട്ടുകാരോട് ആവശ്യത്തിനു മാത്രമേ സംസാരിക്കൂ.അവര്‍ പറയുന്നത് കേള്‍ക്കാനാണ് അവനിഷ്ടം.ഗ്രൂപ്പില്‍ അവന്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാറേയില്ല.


പക്ഷ,ഇന്ന് അവന്റെ മുഖം പ്രസന്നമായിരിക്കുന്നു.അവിടെ ഒരു കുഞ്ഞു നക്ഷത്രം തെളിഞ്ഞിരിക്കുന്നു.


കിരണും കൂട്ടുകാരും പൂക്കളമുണ്ടാക്കുകയാണ്.സംഘത്തിലെ അംഗസംഖ്യ
വര്‍ധിച്ചിരിക്കുന്നു.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം കുട്ടികളുണ്ട്. ഇത്രയും കുട്ടികള്‍ ചേര്‍ന്ന് എങ്ങനെയാണ് ഒരു പൂക്കളം ഉണ്ടാക്കുക?അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വരില്ലേ?ഇവര്‍ എങ്ങനെയാണ് യോജിപ്പിലെത്തുക?കണ്ടറിയണം. എനിക്ക് കൗതുകമായി.


അന്ന് തിരക്കുള്ള ദിവസമായിരുന്നു.ഓണാഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.ഉദ്ഘാടനം,തിരുവാതിരക്കളി,കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓണക്കളികള്‍,ഓണസദ്യ...
ഒരു നിമിഷം ഞാന്‍ എല്ലാം മറന്നു.ഫോട്ടോ എടുക്കാനെന്ന വ്യാജേന നിശബ്ദനായി ഞാനാപരിസരത്ത് ചുറ്റിപ്പറ്റി നിന്നു.കിരണ്‍ ചോക്കുകൊണ്ട് പൂക്കളം വരയ്ക്കുകയാണ്.നല്ല ആത്മവിശ്വാസത്തോടെയാണ് അവന്‍ വരയ്ക്കുന്നത്.മറ്റു കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ സ്വീകരിക്കുന്നുണ്ട്.അതിനനുസരിച്ച് തന്റെ വരയില്‍ ആവശ്യമായ മാറ്റം വരുത്തുന്നു.കൂട്ടുകാര്‍ അവനെ വരയില്‍ സഹായിക്കുന്നുമുണ്ട്.

കിരണ്‍ എപ്പോഴാണ് ഇത്ര ധൈര്യത്തോടെ വരക്കാന്‍ പഠിച്ചത്?

ഞാന്‍ അത്ഭുതത്തോടെ കിരണിനെ നോക്കി.വലിയൊരു സംഘത്തിനു അവന്‍ നേതൃത്വം കൊടുക്കുകയാണ്.തികച്ചും ജനാധിപത്യരീതിയിലാണ് അവന്റെ ഇടപെടല്‍.ഓരോ ഘട്ടത്തിലും മറ്റുള്ളവരോട് അഭിപ്രായം ചോദിച്ചുകൊണ്ടാണ് അവന്‍ മുന്നോട്ടുപോകുന്നത്.


കിരണ്‍ എപ്പോഴാണ് ഇങ്ങനെ സംസാരിക്കാന്‍ പഠിച്ചത്?


ക്ലാസിലെ സംഘപ്രവര്‍ത്തനങ്ങളില്‍ തികച്ചും മൗനിയായിരിക്കുന്ന,മറ്റു കുട്ടികളാല്‍ അവഗണിക്കപ്പെടുന്ന കിരണ്‍ തന്നെയാണോ ഇത്?ഒരിക്കലും സ്വന്തം അഭിപ്രായം പറഞ്ഞിട്ടില്ലാത്ത കുട്ടി.അവന്‍ പഠിക്കും.പക്ഷേ...

കഴിഞ്ഞ വര്‍ഷം ആറാംക്ലാസില്‍ വെച്ച് ഒരു സംഭവമുണ്ടായി.ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബോള്‍പേന കൊണ്ട് അവന്‍ കുത്തി പരിക്കേല്‍പ്പിച്ചു.എല്ലാവരും ചേര്‍ന്ന് തന്നെ കളിയാക്കി എന്നതായിരുന്നു അവന്‍ നല്‍കിയ വിശദീകരണം.
അതില്‍പ്പിന്നെയാണ് കിരണിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.കിരണില്‍ കണ്ട മാറ്റത്തെ ഞാന്‍ എങ്ങനെയാണ് വിശദീകരിക്കുക?

ഇപ്പോള്‍ സംഘം രണ്ടായി പിരിഞ്ഞിരിക്കുന്നു.വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ തരംതിരിച്ച് തൊല്ലിയിടുകയാണ് ഒരു ഗ്രൂപ്പ്.മറ്റുള്ളവര്‍ പൂക്കളത്തിന്റെ ഡിസൈന്‍ വരച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നു.


ഇനി പൂക്കളിടണം.
മധ്യത്തിലെ കളത്തില്‍ ഏതു പൂവിടും?പ്രശ്നമായി.പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു.


 തൊല്ലിയിട്ട പൂക്കള്‍ പരിശോധിച്ചുകൊണ്ട് കിരണ്‍ പറഞ്ഞു.
"ചുവന്ന പൂവാണ് അധികം.അതു കൊണ്ട് നടുക്ക് ചുവപ്പ് വേണ്ട.മഞ്ഞ കോളാമ്പിയായാലോ?”
"മഞ്ഞയും ചുവപ്പും നന്നായി യോജിക്കും."അതുല്‍ പറഞ്ഞു.
"ദാ, മഞ്ഞയുടെ നടുക്ക് ഈ വെള്ള കട്ടചെമ്പരത്തി വെക്കാം."വെളുത്ത ചെമ്പരത്തിപ്പൂവ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അഖിലേഷ് പറഞ്ഞു."നടുക്ക് വെള്ള.ചുറ്റും ചുവപ്പ്.നല്ല ഭംഗിയുണ്ടാകും.”


കിരണ്‍ അതിനോട് യോജിച്ചു.കളങ്ങള്‍ പൂക്കളെക്കൊണ്ട് നിറയാന്‍ തുടങ്ങി.
നിറങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പാറ്റേണുകളെക്കുറിച്ചും  കുട്ടികള്‍ക്ക് നല്ല  ധാരണയുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളിലാണ് അതു നമ്മള്‍ തിരിച്ചറിയുന്നത്.


കുട്ടികള്‍ എത്ര അച്ചടക്കത്തോടേയും പരസ്പര ബഹുമാനത്തോടേയുമാണ് പൂക്കളം തയ്യാറാക്കുന്നത്!അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ അപ്പപ്പോള്‍ പരിഹരിക്കുന്നു.മുന്നോട്ടു പോകുന്നു.മികച്ച ഒരു സംഘപ്രവര്‍ത്തനത്തിന് ഇതിലും നല്ല മാതൃക വേറെയില്ല.

പൂക്കളം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ കിരണ്‍ എഴുന്നേറ്റ് അല്പം മാറി നിന്ന് പൂക്കളത്തെ നോക്കി.അവന്റെ മുഖത്ത് വീണ്ടും ചിരി പരന്നു.‍ഞാന്‍ അവന്റെ അടുത്തുചെന്ന് കൈപിടിച്ചു കുലുക്കി.

 "കിരണ്‍, പൂക്കളം മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍!”
"താങ്ക് യു,സര്‍.”
അവന്റെ മുഖത്ത് ഒരു കുഞ്ഞു നക്ഷത്രം തെളിഞ്ഞു.
കൂട്ടുകാരുടെ അടുത്ത് ചെന്ന് അവന്‍ പറഞ്ഞു.
"പൂക്കളെക്കൊണ്ട് 'ഹാപ്പി ഓണം'എന്നുകൂടി എഴുതണം.”
അവര്‍ പിന്നീട് അതിനുള്ള ശ്രമം തുടങ്ങി.


കിരണ്‍ എന്ന കുട്ടി എന്താണെന്ന്  മനസ്സിലാക്കാന്‍ ഒരു പൂക്കളം വേണ്ടി വന്നു.ഒപ്പം അവനെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചില തിരിച്ചറിവുകളും സമ്മാനിച്ചു ഈ പൂക്കളം.