ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday, 28 February 2014

ഉദ്യാനപാലകര്‍


ഒരു പൂന്തോട്ടം. പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍.ചെടികളെ പരിപാലിക്കുന്ന ഉദ്യാനപാലകന്‍.ഓരോ ചെടിയെയും അയാള്‍ നന്നായി ശുശ്രൂഷിക്കുന്നുണ്ട്.ആവശ്യത്തിനു വെള്ളം നല്‍കുന്നു.വളം ചേര്‍ക്കുന്നു.ഇല കരളാനെത്തുന്ന പുഴുക്കളെയും മറ്റും എടുത്തുമാറ്റുന്നു.ചെടി വളരുന്നത് ശ്രദ്ധാപൂര്‍വ്വം നോക്കി നില്‍ക്കുന്നു.ചെടിയില്‍  മൊട്ടുകളുണ്ടാകുന്നു.മൊട്ടുകള്‍ വിരിഞ്ഞ് പൂക്കളാകുന്നു.അതു കണ്ട് അയാള്‍ ആനന്ദിക്കുന്നു.

നിരന്തര വിലയിരുത്തലിനെക്കുറിച്ച് പ്രൊഫസര്‍ ജേക്കബ് താരുവിന്റെ മനോഹരമായ ഒരു ഉപമ.സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷയിലെ വിലയിരുത്തലിനെക്കുറിച്ച് ഫെബ്രു.25,26 തീയ്യതികളില്‍ തൃശൂര്‍ SIE യില്‍ വെച്ചു നടന്ന ദ്വിദിന ശില്‍പ്പശാലയില്‍  ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വിലയിരുത്തല്‍ കുട്ടിയെ അറിയലാണ്.അവന്റെ പഠനരീതിയെക്കുറിച്ച് ടീച്ചര്‍ രൂപീകരിക്കുന്ന ചില ഉള്‍ക്കാഴ്ചകളാണ്.അവന്റെ കഴിവുകളെയും  പരിമിതികളെയും കുറിച്ച് ടീച്ചര്‍ക്കുണ്ടാകുന്ന തിരിച്ചറിവുകളാണ്.അവന് ഇനി നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ചുള്ള സ്നേഹപൂര്‍ണ്ണമായ അറിവാണ്.ഈ അറിവ് പഠനപ്രകൃയയുമായി ഇഴുകിച്ചേരുമ്പോഴാണ് ശരിയായ പഠനം നടക്കുന്നത്.അപ്പോളാണ് ചെടികളില്‍ പൂവ് വിരിയുന്നത്.ക്ലാസില്‍ സുഗന്ധം പരക്കുന്നത്.

ടീച്ചര്‍ കുട്ടികളെ സൂക്ഷമായി നിരീക്ഷിക്കുന്നിടത്താണ് വിലയിരുത്തല്‍ തുടങ്ങുന്നത്.അവന്റെ സ്വഭാവത്തെക്കുറിച്ച്,പെരുമാറ്റത്തെക്കുറിച്ച്,അവന്റെ  കൂട്ടുകാരെക്കുറിച്ച്, കടുംബപശ്ചാത്തലത്തെക്കുറിച്ച്,പഠനത്തില്‍ അവന്റെ മുന്നേറ്റത്തെക്കുറിച്ച്,പ്രയാസത്തെക്കുറിച്ച്.....
ടീച്ചര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കലല്ല പ്രധാനം. ഈ വിവരങ്ങള്‍ കുട്ടിയുടെ പഠനത്തെ മുന്നോട്ടു നയിക്കാന്‍
എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ ക്ലാസിലെ കുട്ടികളുടെ വളര്‍ച്ച.അല്ലാത്ത പക്ഷം അതു വെറും കടലാസുവിലയിരുത്തല്‍ മാത്രമായി ഒതുങ്ങും.അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ അതു മതിയാകും.പക്ഷേ,കുട്ടികളുടെ പഠനവുമായി അതിനു യാതൊരു ബന്ധവുമില്ല.

അധ്യാപകര്‍ ടേം പരീക്ഷയുടെയും ക്ലാസ് ടെസ്റ്റുകളുടെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യാനോ അതിന്റെ വെളിച്ചത്തില്‍ പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടുവരാന്‍ തന്റെ ബോധനരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ അധ്യാപകര്‍ തയ്യാറാകാറില്ല.അതു കുട്ടികളെ കൊള്ളുന്നുവര്‍, കൊള്ളാത്തവര്‍ എന്നിങ്ങനെ കള്ളിതിരിച്ചുവെക്കാനുള്ള രേഖകള്‍ മാത്രമായി ചുരുങ്ങുന്നു.

പ്രൊഫസര്‍ ജേക്കബ് താരുവിന്റെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നാം ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.ഏതാണ്ട് ഒരു ദശാബ്ദക്കാലമായി നിരന്തര വിലയിരുത്തലിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങയിട്ട്.ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കിക്കൊണ്ട് നാലുവര്‍ഷം മുമ്പേ 'പടവുകള്‍' എന്ന കൈപുസ്തകം ഇറങ്ങുകയുണ്ടായി.വിലയിരുത്തലിന്റെ സിദ്ധാന്തവും പ്രയോഗവും വിശദമായി ചര്‍ച്ച ചെയ്ത പുസ്തകം.പുസ്തകത്തെ ആസ്പദമാക്കി നിരവധി പരിശീലനങ്ങള്‍ അധ്യാപകര്‍ക്കു നല്‍കുകയുണ്ടായി.എന്നിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.....


 നിരന്തര വിലയിരുത്തല്‍ ഫലപ്രദമായി നടക്കാതെ പോകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച്
വിശദമായി പഠിക്കേണ്ടതാണ്. ഒരു പ്രധാന കാരണം ഭരിക്കുന്നവരുടെ ഇച്ഛാശക്തിയില്ലായ്മ തന്നെ.പാഠ്യപദ്ധതി മാറ്റാം.പക്ഷേ, പരീക്ഷയെ തൊടാന്‍പേടിയാണ്.അധ്യാപകരുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നുവെന്ന വിമര്‍ശനമുണ്ടെങ്കില്‍ വിലയിരുത്തലിന്റെയും രേഖപ്പെടുത്തലിന്റെയും രീതികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.

എന്നാല്‍ ചില വിദ്യാലയങ്ങളില്‍ നല്ല മാതൃകകള്‍ രൂപപ്പെടുന്നുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടങ്ങള്‍ പോലെ.പഠനത്തില്‍ വിലയിരുത്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അധ്യാപികമാര്‍ അങ്ങിങ്ങുണ്ട്.വിലയിരുത്തലില്ലാതെ പഠനം പൂര്‍ണ്ണമാകില്ലെന്നു കരുതുന്നവര്‍.ഇത്തരം മാതൃകകള്‍ കണ്ടെത്താനുള്ള ശ്രമം കൂടിയായിരുന്നു ശില്‍പ്പശാല.

ഇന്നതൊക്കെ നടക്കണം എന്നുപറയാതെ എന്തുനടക്കുന്നു എന്നതു കണ്ടെത്തല്‍.
അതിനെ മുകളിലോട്ടു കൊണ്ടുപോകല്‍.അല്ലാതെ മുകളിലെ തീരുമാനങ്ങള്‍ താഴോട്ട് നടപ്പാക്കലല്ല.ഇതുവരെ നടന്നതിനെ നേരെ തിരിച്ചടല്‍.

നല്ല ആലോചന.നടക്കുകയാണെങ്കില്‍  അതു ക്ലാസ്സുമുറിയില്‍  തീര്‍ച്ചയായും മാറ്റം കൊണ്ടുവരും.

 ഡോ.പി.കെ.ജയരാജ്,കെ.എം.ഉണ്ണികൃഷ്ണന്‍,കെ.ടി.ദിനേശ് തുടങ്ങി വിലയിരുത്തല്‍ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള  അക്കാദമിക വിദഗ്ദന്‍മാരാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നമുക്ക് പ്രതീക്ഷിക്കാം ക്ലാസ്സുമുറിയില്‍ പുതുവെളിച്ചം പരക്കുമെന്ന്....

Saturday, 22 February 2014

ഒന്നാംക്ലാസ്സിലെ ചിത്രമെഴുത്തുകാര്‍...II

ഒഴിവ് നേരത്ത് ഒന്നാം ക്ലാസ്സിലേക്കു ചെന്നപ്പോള്‍ കുട്ടികള്‍ ചിത്രം വരക്കുകയായിരുന്നു.അച്ചുവിന്റെ സ്ക്കൂള്‍ എന്ന പാഠത്തില്‍ അച്ചുവിന്റെ കുടുംബത്തെയാണ് കുട്ടികള്‍ വരക്കുന്നത്.അച്ചു,അവന്റെ അച്ഛന്‍,അമ്മ എന്നിവരെ.വരയ്ക്കുന്നതിനിടയില്‍ ടീച്ചര്‍ ഓരോരുത്തരുടെയും അടുത്ത് ചെല്ലുന്നുണ്ട്.അവരുടെ വര കണ്ട് ആസ്വദിക്കുന്നുണ്ട്.അവരെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍ പറയുന്നുണ്ട്.

"നന്നായിട്ടുണ്ട്.”
"നല്ല നിറംതന്നൊണ് തെരഞ്ഞെടുത്തത്.”
"അച്ഛന് മീശയില്ലേ?”
"അമ്മയുടെ മുടി കാണാന്‍ നല്ല ഭംഗിയുണ്ട്.”

കുട്ടികള്‍ എല്ലാം മറന്ന് വരയ്ക്കകയാണ്.കുറച്ച് സമയത്തിനുള്ളില്‍ അവര്‍ പൂര്‍ണ്ണമായും വരയില്‍ മുഴുകി.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരയ്ക്കുന്നത്.

ചിത്രംവര കുട്ടികളെ എന്തുമാത്രം ആഹ്ലാദിപ്പിക്കുന്നു!
കളി കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടം ചിത്രം വരയാണ്.വരയിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണ്.കടും വര്‍ണ്ണങ്ങളോടാണ് അവര്‍ക്കുപ്രിയം. ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ച് താന്‍ സ്വാംശീകരിച്ച ധാരണകളെ ആവിഷ്ക്കരിക്കാന്‍ തത്ക്കാലം  കടുംവര്‍ണ്ണങ്ങള്‍തന്നെയാണ് വേണ്ടത്.കുട്ടികള്‍ വരയ്ക്കാന്‍ പെന്‍സിലോ റബ്ബറോ ഉപയോഗിക്കുന്നില്ല.കറുത്തസ്കെച്ച് പേന കൊണ്ടാണ് വരയ്ക്കുന്നത്.എന്തായിരിക്കും കാരണം?

പെന്‍സിലും റബ്ബറും കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുക.വരച്ച് മായ്ച്ച് വീണ്ടും വരച്ച്...ഒടുവില്‍ കടലാസ് കീറും വരെ വരയ്ക്കലും മായ്ക്കലും തുടരും.കറുത്ത സ്കെച്ച് പേന കൊണ്ട് ഒറ്റ വരമാത്രമേ പറ്റൂ.മായ്ക്കാന്‍ അവസരമില്ല.വരയ്ക്കുന്നതിനു മുന്നേ ചിത്രം വ്യക്തമായി മനസ്സില്‍ കാണണം.എന്നിട്ടുവേണം വരയ്ക്കാന്‍.അപ്പോള്‍ വരയ്ക്ക് കരുത്തുവരും.വര ശക്തമാകും.വരയ്ക്കാനുള്ള ആത്മവിശ്വാസം കൂടും.പിന്നീടാണ് നിറം നല്‍കുന്നത്.

കുട്ടികളുടെ ചിത്രംവരയെക്കുറിച്ചുപറയുമ്പോള്‍ ഒന്നാം ക്ലാസിലെ അധ്യാപികമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
‍‍ഞങ്ങള്‍ക്ക് വരയ്ക്കാന്‍ അറിയില്ല.പിന്നെ എങ്ങനെയാണ് ഞങ്ങള്‍ കുട്ടികളെ വരയ്ക്കാന്‍ പഠിപ്പിക്കുന്നത്?

ശാന്ത ടീച്ചര്‍ക്ക് വരയ്ക്കാന്‍ അറിയില്ല.അവര്‍ ബോര്‍ഡില്‍ ഒരു ചിത്രംപോലും വരച്ചുവെച്ചതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ,അവരുടെ ക്ലാസിലെ കുട്ടികള്‍ നന്നായി വരയ്ക്കുന്നു.

ടീച്ചര്‍ക്ക് വരയ്ക്കാന്‍ അറിയുമായിരുന്നെങ്കില്‍ കുട്ടികളെല്ലാം അവരെ അനുകരിക്കുമായിരുന്നു.കുട്ടികളുടെ വരയില്‍ ഇത്രമാത്രം വൈവിധ്യം കാണുമായിരുന്നില്ല.അവരുടെ ഭാവന തടസ്സപ്പെടുമായിരുന്നു.വരയ്ക്കാനറിയുന്ന ചിലര്‍ ക്ലാസ്സില്‍ ചെയ്തുകൂട്ടുന്നത് ഇതാണ്.അത് കുട്ടികളുടെ വരയെ ദോഷകരമായി ബാധിക്കും.

കുട്ടികളുടെ വര കണ്ട് ആസ്വദിക്കാനുള്ള ഒരു മനസ്സാണ് ആദ്യം വേണ്ടത്.പിന്നെ കുട്ടികള്‍ വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് പ്രോത്സാഹിപ്പിക്കല്‍.ഇടക്കിടെ ഫീഡ്ബാക്ക് നല്കല്‍.

ഇതുകൊണ്ടു മാത്രം കുട്ടികള്‍ വരയ്ക്കണമെന്നില്ല.കുട്ടികളെ  വരയിലേക്കു കൊണ്ടുവരണം.അവരെ പ്രചോദിപ്പിക്കണം.  കഥയിലൂടെയോ കളിയിലൂടെയോ അഭിനയത്തിലൂടെയോ.....എങ്കിലേ കുട്ടികളുടെ ഭാവന ഉണരൂ.വരകളെയും വര്‍ണ്ണങ്ങളെയും കൊണ്ട് കടലാസു നിറയൂ.

കുട്ടികള്‍ ചിത്രം വരച്ച് കഴിഞ്ഞിരിക്കുന്നു.അവരുടെ ചിത്രങ്ങള്‍ വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് ടീച്ചര്‍.
കുട്ടികള്‍ വരച്ച ചിത്രങ്ങളെല്ലാം ടീച്ചര്‍ ഡിസ്പ്ളേ ബോര്‍ഡില്‍ പിന്‍ചെയ്തുവെച്ചു.കുട്ടികള്‍ ചിത്രങ്ങള്‍ക്കു മുന്നിലായി ഇരുന്നു.ഒരു നിമിഷം കുട്ടികളോട് കണ്ണടച്ചിരിക്കാന്‍ പറഞ്ഞു.ക്ലാസ്സ് നിശബ്ദമായി.കുട്ടികള്‍ പതുക്കെ കണ്ണുതുറന്നു.

"നിങ്ങളുടെ ചിത്രങ്ങളിലേക്ക് ഒന്നു നോക്കൂ.”

കുട്ടികള്‍ ഓരോരുത്തരും ഡിസ്പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച തങ്ങളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കുകയാണ്.നോക്കുന്നതിനിടയില്‍ അവര്‍ ചില കമന്‍റുകള്‍ പറയുന്നുണ്ട്.

"ഗോപികയുടെ അമ്മ ഉടുപ്പിട്ടിരിക്കുന്നു.”
"സായന്തിന്റെ അച്ഛന് കൊമ്പന്‍ മീശ.”
"കാര്‍ത്തികേയന്റെ അമ്മയുടെ മാക്സി കാണാന്‍ നല്ല രസം.”
“....................”
ടീച്ചര്‍ ചോദിച്ചു.
"ഇതില്‍ ആരുടെ ചിത്രമാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?”
കുട്ടികള്‍ ഒരിക്കല്‍കൂടി ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി.

"അനിത്ത് പറയൂ.”
അനിത്ത് മുന്നോട്ട് വന്ന് ഒരു ചിത്രം ചൂണ്ടിക്കാണിച്ചു.
"ദേവീകൃഷ്ണയുടെ."

കുട്ടികള്‍ അവരവരുടെ ചിത്രം ചൂണ്ടിക്കാണിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്.ആ അവസ്ഥ കുട്ടികള്‍ മറികടന്നിരിക്കുന്നു.

"എന്തുകൊണ്ടാണ് ഈ ചിത്രം അനിത്തിന് ഇഷ്ടപ്പെട്ടത്?”
ടീച്ചറുടെ അടുത്ത ചോദ്യം.

"ചിത്രത്തിലെ അമ്മയെ കാണാന്‍ നല്ല ഭംഗിയുണ്ട്.അ
മ്മ പൊട്ട്
തൊട്ടിരിക്കുന്നു.സാരുയുടുത്തിരിക്കുന്നു.നല്ല മുടിയുണ്ട്.കമ്മലിട്ടിട്ടുണ്ട്.”കുട്ടി ചിത്രത്തിന്റെ വിശദാംശത്തിലേക്ക് പോകുകയാണ്.

മ്ഗോപികയ്ക്ക് ഇഷ്ടം വിനീഷ വരച്ച ചിത്രത്തിലെ അമ്മയെയാണ്.അമ്മയുടെ ചൂരിദാറിന്‍റെ നിറം.അതിലെ പൂക്കള്‍.....

ഇനി  വരയ്ക്കുമ്പോള്‍ ഇത്തരം വിശദാംശങ്ങളിലേക്ക് കുട്ടികളുടെ  ശ്രദ്ധപോകും എന്ന കാര്യത്തില്‍ സംശയമില്ല.ഈ രീതിയില്‍ നല്‍കുന്ന ഫീഡ്ബാക്ക് അവരുടെ വരയെ മെച്ചപ്പെടുത്തും. അവരുടെ ചിത്രങ്ങള്‍ക്ക് പുതിയ മാനം കൈവരും.ഒപ്പം അവരുടെ ഭാഷാപഠനവും.

കുട്ടികളുടെ വര തടസ്സപ്പെടുന്നതെപ്പോഴാണ്?

ഒരിക്കല്‍ ഒരു ക്ലാസ്സില്‍ ഒരു കുട്ടി വരച്ച ഒരു മരത്തിന്‍റെ മനോഹരമായ ചിത്രം നോക്കി ഒരു ടീച്ചര്‍ ചോദിച്ചുവത്രെ.

ഇതെന്തു മരം? ഇതിലെവിടെ ശാഖകള്‍?ഇലകള്‍?കുട്ടീ,ഇങ്ങനെയാണോ മരം വരയ്ക്കുന്നത്?

ഇതുകേട്ട് കുട്ടി അന്തംവിട്ടുനിന്നു.പിന്നീടൊരിക്കലും ആ കുട്ടി ഒരു ചിത്രം പോലും വരച്ചിട്ടില്ലെന്നാണ് കഥ.

Wednesday, 19 February 2014

ഒന്നാംക്ലാസ്സിലെ ചിത്രമെഴുത്തുകാര്‍


ദിവസവും ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചിത്രം വരക്കുന്നത് കാണാം.കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ശാന്ത ടീച്ചര്‍ ഭംഗിയായി ഡിസ്പ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ചിലപ്പോള്‍ കുട്ടികള്‍ നിലത്ത് കളര്‍ചോക്കുകൊണ്ടായിരിക്കും വരച്ചിട്ടുണ്ടാകുക.
കുട്ടികളുടെ വര നോക്കിനില്‍ക്കുക രസകരമാണ്.അവരുടെ കുഞ്ഞുഭാവനകള്‍ നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.വരയിലെ ലാളിത്യം,കടുത്ത നിറങ്ങള്‍,വരച്ചിരിക്കുന്ന രീതി..
കുട്ടികളുടെ പോര്‍ട്ട്ഫോളിയോയില്‍ ധാരാളം ചിത്രങ്ങള്‍ കാണാം.ഓരോ യൂനിറ്റിലും അവര്‍ വരച്ച ചിത്രങ്ങള്‍ ടീച്ചര്‍ തീയ്യതിയിട്ട് അടുക്കിവെച്ചിരിക്കുന്നു.
നീണ്ടകാലും കുറിയ വാലുമുള്ള പൂച്ചക്കുഞ്ഞ്,തടിച്ച ഉടലും കുഞ്ഞിച്ചിറകുമുള്ള പൂമ്പാറ്റകള്‍,നീണ്ടുമെലിഞ്ഞ ആന,ആകാശത്തിലൂടെ ഒഴുകിനടക്കുന്ന മരങ്ങള്‍...
 
കുട്ടി വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് യഥാര്‍ത്ഥ വസ്തുവുമായി സാമ്യമുണ്ടാകണമെന്നില്ല.നാച്വറലിസം കുട്ടികള്‍ക്കു വഴങ്ങില്ല.ചിത്രം സിംബോളിക്ക് ആയിരിക്കും.കുട്ടി ആന എന്നു പറഞ്ഞ് വരയ്ക്കുന്ന ചിത്രത്തിനു ആനയുമായി സാമ്യമുണ്ടാകണമെന്നില്ല.അവള്‍ വരയ്ക്കുന്നത് ആനയെക്കുറിച്ച് അവളുടെ മനസ്സിലുള്ള ധാരണ(concept)കളാണ്.ഒരു പൂവ് കാണിച്ച് അതു നോക്കി വരയ്ക്കാന്‍ പറഞ്ഞാല്‍ കുട്ടി വരയ്ക്കും. പക്ഷേ ആ പൂവുമായി ചിത്രത്തിനു ഒരു സാദൃശ്യവും കാണില്ല. കുട്ടിവരയ്ക്കുന്നത് പൂവിനെക്കുറിച്ചുള്ള അവളുടെ മനസ്സിലെ ആശയങ്ങളാണ്.അതു ചിലപ്പോള്‍ അമൂര്‍ത്തമാകാനും മതി.അതുകൊണ്ടാണ് ഒരു വീടുവരയ്ക്കുന്ന കുട്ടി മുറിക്കകത്തുള്ള ആളുകളെയും വരച്ചുവെക്കുന്നത്.വരയ്ക്കുമ്പോള്‍ ചില ഭാഗങ്ങള്‍ വിട്ടുപോകും.തലയോട് ബന്ധിപ്പിച്ച് ഉടല്‍ വരയ്ക്കും. കഴുത്ത് ഉണ്ടാവണമെന്നില്ല.കൈ ചിലപ്പോള്‍ തലയില്‍ നിന്നായിരിക്കും പുറപ്പെടുക.കണ്ണിന്റെ സ്ഥാനത്തായിരിക്കും മൂക്ക്.വായ മൂക്കിന്റെ സ്ഥാനത്തും.
സൈനബയുടെ സൈക്കിള്‍ എന്ന പാഠത്തില്‍ കുട്ടികള്‍ സൈക്കിള്‍ വരച്ചിരിക്കുന്നതു നോക്കൂ.
അനിത്ത്
ശ്രീനിധ്എത്ര വ്യത്യസ്തമായ രീതിയിലാണ് കുട്ടികള്‍ സൈക്കിളിനെ ആവിഷ്കരിച്ചിരിക്കുന്നത്!
കുട്ടികളുടെ വരയും അവന്റെ ഭാഷാശേഷികളും തമ്മില്‍ ബന്ധമുണ്ടോ?
തീര്‍ച്ചയായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം.
 സൈക്കിള്‍ വരച്ചിരിക്കുന്ന അനിത്ത് എന്ന കുട്ടിയെക്കുറിച്ച് ടീച്ചര്‍ പറയുന്നതിങ്ങനെ:
അവന്‍ എഴുതുന്നതില്‍ അക്ഷരത്തെറ്റ് ധാരാളമുണ്ട്.വായനയിലും പ്രയാസമുണ്ട്.ഒഴുക്കോടെ സംസാരിക്കാന്‍ അവന് കഴിയില്ല.ഇടക്കിടെ തടസ്സം വരും..
 


രണ്ടാമത്തെ ചിത്രം വരച്ച ശ്രീനിധിനെക്കുറിച്ച് ടീച്ചര്‍ പറയുന്നത് നോക്കൂ..

അവന് തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയും. വിവരണവും മറ്റും എഴുതിയാല്‍ അതില്‍ നല്ല ആശയവും കാണും.നന്നായി കാര്യങ്ങള്‍ സംസാരിക്കും.
 
ഇനി ദേവീകൃഷ്ണ വരച്ച വെളുമ്പിക്കോഴിയുടെ ചിത്രം നോക്കൂ.
പിടക്കോഴിയെക്കുറിച്ചുള്ള കുട്ടിയുടെ എന്തൊക്കെ ധാരണകളാണ് ഈ ചിത്രത്തില്‍നിന്നും തിരിച്ചറിയാന്‍ കഴിയുക?
കോഴിയുടെ തലയില്‍ ചുവന്ന പൂവുണ്ട്.അതിന്റെ കൊക്കിനു മഞ്ഞനിറമാണ്.കൊക്കിനു കീഴെ ചുവന്ന താടിയുണ്ട്.കാലുകള്‍ക്ക് മഞ്ഞ നിറമാണ്.പരന്ന വാലുണ്ട്.ഭംഗിയുള്ള ആകൃതിയാണ്.അതിന്റെ ശരീരത്തില്‍ നിറയെ തൂവലുകളുണ്ട്.
 
അനിത്ത് വരച്ച വെളുമ്പിക്കോഴിയുടെ ഈ ചിത്രം കൂടി നോക്കൂ.
കോഴിയുടെ ചുവന്നപൂവ് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍ അതിനു നാലു കാലുകളാണ്.അതിന്റെ ആകൃതി,വാലിന്റെ പ്രത്യേകത എന്നിവയൊന്നും കുട്ടിയുടെ നിരീക്ഷണത്തില്‍ പെട്ടിട്ടില്ല.
 
ദേവീകൃഷ്ണ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കുട്ടിയാണ്.എന്നാല്‍ അനിത്തിന് നേരത്തെ സൂചിപ്പിച്ചതുപോലെ ചില്ലറ പ്രയാസങ്ങളുണ്ട്.അതവന്റെ ചിത്രത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്
 
അച്ചുവിന്റെ സക്കൂള്‍ എന്ന പാഠത്തിലെ അച്ചുവിനെയും കടുംബത്തെയും വരച്ചിരിക്കുകയാണ് അഭിജിത്ത്യ.
അഭിജിത്ത്യയുടെ ചിത്രം നിരീക്ഷിച്ചാല്‍ നമുക്ക് ചിലകാര്യങ്ങള്‍ കണ്ടെത്താം.
മനുഷ്യരൂപം വരക്കുന്നതില്‍ അഭിജിത്യയ്ക്ക് പ്രയാസമുണ്ട്.മുഖത്ത് കണ്ണും മൂക്കും മാത്രമേയുള്ളു.കഴുത്തില്ല. കൈകള്‍ തലയില്‍ നിന്നാണ് പുറപ്പെടുന്നത്.കൈകാലുകളിലെ വിരലുകളും മറ്റും വേണ്ടത്ര വ്യക്തതയോടെയല്ല വരച്ചിരിക്കുന്നത്.വൃത്താകൃതി വരക്കാന്‍ കുട്ടിക്ക് പ്രയാസമുണ്ട്.
 
അഭിജിത്യയെക്കുറിച്ച് ടീച്ചര്‍ പറയുന്നത് ഇങ്ങനെ:
ശക്തമായി മനസ്സില്‍ പതിഞ്ഞ ചില വാക്കുകള്‍ മാത്രമേ അവള്‍ക്ക് എഴുതാന്‍ കഴിയുന്നുള്ളു.വാഴ,മഴ, ആന ...തുടങ്ങിയ വാക്കുകള്‍.അക്ഷരങ്ങളെ വേര്‍തിരിച്ചറിയാനോ പുതിയ വാക്കുകള്‍ എഴുതാനോ അവള്‍ക്ക് കഴിയുന്നില്ല.
 
ഇനി അതുല്‍ വരച്ച ചിത്രം പരിശോധിക്കാം.
മനുഷ്യരൂപങ്ങളിലെ അവയവം അവയുടെ സ്ഥാനം എന്നിവ ശരിയായി വരച്ചിരിക്കുന്നു.കഴുത്ത്,ചെവി,കൈകളിലെ വിരലുകള്‍ എന്നിവ വരച്ചിരിക്കുന്നത് നോക്കുക.മനുഷ്യരൂപത്തെക്കുറിച്ചുള്ള കുട്ടിയുടെ ധാരണ കുറേക്കൂടി സൂക്ഷമമാണെന്ന് ഈ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.
 
അതുലിനെക്കുറിച്ച് ടീച്ചറുടെ കുറിപ്പ് ഇങ്ങനെ.

അതുല്‍ ഒഴുക്കോടെ വായിക്കാനും അക്ഷരെതെറ്റുകൂടാതെ എഴുതാനും തുടങ്ങയിരിക്കുന്നു.അവന്‍ നന്നായി സംസാരിക്കും.ചെറിയ കഥാപുസ്തങ്ങളും മറ്റും വായിച്ച് അതിലെ ആശയം മനസ്സിലാക്കും.......
 
ഇതില്‍നിന്നും ചിത്രംവര കുട്ടിയുടെ ഭാഷാശേഷിയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നിസംശയം പറയാം.മൂന്നു മൂന്നര വയസ്സാകുമ്പോഴാണ് കുട്ടി വരയ്ക്കാന്‍ തുടങ്ങുന്നത്.അപ്പോഴേക്കും അവന്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കും.ആദ്യം നീണ്ട വരകളായിരിക്കും.വളഞ്ഞും പുളഞ്ഞും പോകുന്ന വരകള്‍.പതുക്കെ വൃത്താകൃതിയിലുള്ള രൂപങ്ങള്‍ വരയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.വരയുടെ അടുത്ത ഘട്ടമാണിത്.വരച്ചത് എന്താണെന്നു ചോദിച്ചാല്‍ ഇതെന്റെ അമ്മയാണെന്നോ,പാവക്കുട്ടിയാണെന്നോ മറ്റോ ആയിരിക്കും കുട്ടി പറയുക.
 
തന്റെ ചുറ്റുമുള്ള വസ്തുക്കളുടെ പ്രത്യേകതകള്‍ (ആകൃതി,നിറം,മണം,രുചി..)തിരിച്ചറിയാന്‍ തുടങ്ങുന്നതോടെയാണ് കുട്ടിയുടെ വരയില്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.വസ്തുക്കളെക്കുറിച്ചുള്ള കുട്ടിയുടെ ധാരണ(concept)കളാണ് വരയില്‍ പ്രത്യക്ഷപ്പെടുക.ചിത്രത്തിനു വസ്തുക്കളുമായി
സാമ്യമുണ്ടാകണമെന്നില്ല.കുട്ടിയോട് ചോദിച്ചാല്‍മാത്രമേ അവള്‍ എന്താണ് വരച്ചതെന്ന് നമുക്ക് മനസ്സിലാകൂ.എങ്കിലും വസ്തു കുട്ടിയുടെ മനസ്സില്‍ പതിപ്പിച്ച ഇമേജിന്റെ ചില പ്രത്യേകതകള്‍ ചിത്രത്തില്‍
നിഴലിച്ചിരിക്കുന്നത് കാണാം.
സംസാരഭാഷയ്ക്കൊപ്പം എഴുത്തുരൂപവും സ്വായത്തമാക്കാന്‍ തുടങ്ങുന്നതോടെയാണ് കുട്ടിയുടെ വരയില്‍ പ്രകടമായ മാറ്റം ദൃശ്യമാകുന്നത്.കൂടുതല്‍ തെളിമയാര്‍ന്ന ഇമേജുകള്‍ വരയില്‍ പ്രത്യക്ഷപ്പെടും.വസ്തുക്കളുടെ സൂക്ഷമമായ പ്രത്യേകതകള്‍ വരച്ചിടും.വസ്തുക്കളുടെ സ്ഥാനം,ആപേക്ഷിക വലുപ്പം എന്നിവ പരിഗണിക്കും.ഒരു ബേസ് ലൈനിനെ ആസ്പദമാക്കി ഇമേജുകള്‍ വിന്യസിക്കും.
ഭാഷ സ്വായത്തമാക്കലും ചിത്രം വരയും പരസ്പര പൂരകമാണ്.ചുറ്റുപാടിനെക്കുറിച്ചു കുട്ടി രൂപീകരിക്കുന്ന ധാരണകളെ വരയിലൂടെ നിരന്തരം വികസിപ്പിക്കുകയാണ് അവള്‍ ചെയ്യുന്നത്.വരയിലൂടെ ആശയങ്ങള്‍ക്ക് മൂര്‍ച്ചവരുത്തുന്നു.ഈ ആശയങ്ങള്‍ അവളുടെ ഭാഷയെ തെളിവുറ്റതാക്കുന്നു.
അതുകൊണ്ടാണ് ഒന്നാം ക്ലാസില്‍ ചിത്രം വരയ്ക്ക് ധാരാളം അവസരങ്ങള്‍ നല്‍കണമെന്ന് ശാന്ത ടീച്ചര്‍ പറയുന്നത്.കുട്ടികളുടെ വികാസം അവരുടെ ചിത്രങ്ങളിലൂടെ നമുക്ക് തിരിച്ചറിയാന്‍ കഴിയും.ഓരോ ഘട്ടത്തിലും അവര്‍ കോറിയിടുന്ന വരകള്‍ അവരുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടയാളങ്ങളാണ്.

തുടരും...Saturday, 15 February 2014

പാളയില്‍ നേടിയ വിജയം

Devika Balakrishnan
VII B

അടുക്കളയുടെ കരിപിടിച്ച നാലു ചുമരുകള്‍ക്കിടയില്‍ നിന്നും അരങ്ങത്തേക്കു കുതിക്കാന്‍ വെമ്പുന്ന ഒട്ടനവധി സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.അത്തരത്തിലുള്ള സ്ത്രീകള്‍ക്കു താങ്ങും തണലുമാകുന്ന പദ്ധതിയാണ് കുടുംബശ്രീ. ആഴ്ചതോറും മീറ്റിങ്ങുകൂടുന്നതു മാത്രമല്ല കടുംബശ്രീയുടെ പ്രവര്‍ത്തനം.സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയായ കുടുംബശ്രീക്കു് ഇന്നു പുതിയ ലക്ഷ്യങ്ങളുണ്ട്.സ്ത്രീകളുടെ അധ്വാനശേഷി സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണെന്ന സമൂഹത്തിന്റെ തിരിച്ചറിവ് സ്ത്രീയെ കൂടുതല്‍ ശക്തയാക്കുകയാണ്.കുടുംബശ്രീയുടെ ലക്ഷ്യങ്ങള്‍ക്ക് ഇവിടെ ചിറകുകള്‍ മുളക്കുകയാണ്.

കുണ്ടൂച്ചിയിലെ ഐശ്വര്യ കുടുംബശ്രീ വാനിലേക്കു പറന്നുയരുകയാണ്.പാളപ്ലേറ്റ് നിര്‍മ്മാണത്തിലൂടെ അവര്‍ തുറന്നിട്ടിരിക്കുന്നത് പുതിയ ജീവിതത്തിലേക്കുള്ള വാതായനങ്ങളാണ്.


Gayathri P
VII B

ഏഴാം ക്ലാസ്സിലെ  കൈകോര്‍ത്തുമുന്നേറാം എന്ന പാഠഭാഗത്തു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാനുണ്ട്.ഇതു നേരിട്ടു കണ്ടു മനസ്സിലാക്കാനായിരുന്നു ഞങ്ങള്‍ ഐശ്വര്യ കുടുംബശ്രീയുടെ പാളപ്ലേറ്റ് നിര്‍മ്മാണ യൂനിറ്റിലേക്ക് ഒരു പഠനയാത്ര നടത്തിയത്.ദുര്‍ഘടമായ പാതയിലൂടെ നടന്നുചെന്ന ഞങ്ങളെ എതിരേറ്റത് ഒരു കൊച്ചു ഷെഡ്ഡായിരുന്നു.

അവരോട് ചോദിക്കാനായി ഞങ്ങള്‍ നേരത്തെ   ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ഞങ്ങള്‍ പോകുമ്പോള്‍ അവിടെ രണ്ടു ചേച്ചിമാര്‍ പ്ലേറ്റു നിര്‍മ്മിക്കുന്നുണ്ടായിരുന്നു.അതുകൊണ്ടു പാളപ്ലേറ്റു നിര്‍മ്മാണം ഞങ്ങള്‍ക്കു നേരിട്ടു കാണാന്‍ കഴിഞ്ഞു.പ്ലേറ്റു നിര്‍മ്മാണത്തിനിടയില്‍ അവര്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു ഉത്തരങ്ങള്‍ നല്‍കി.
ഇരുപത് ആളുകള്‍ ചേര്‍ന്നുള്ള ഒരു സംഘമാണ് ഐശ്വര്യ കുടുംബശ്രീ.ഇതില്‍ 19 അംഗങ്ങളാണ് പാളപ്ലേറ്റ് നിര്‍മ്മാണത്തിന് എത്തുന്നത്.ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിക്കു പോകേണ്ടി വരുന്നതുകൊണ്ട് പലരും രാത്രികാലങ്ങളിലാണ് നിര്‍മ്മാണത്തിന് എത്തുന്നത്.

കവുങ്ങ് കൃഷിക്കാരില്‍ നിന്ന്  ഒരു പാളയ്ക്ക്  40   പൈസതോതിലാണ് ഇവര്‍ പാള ശേഖരിക്കുന്നത്.ഇത് കഴുകി ഉണക്കി നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നു.അതു പ്ലേറ്റാക്കി മാറ്റുന്നു.ഒരു പ്ലേറ്റിന് രണ്ടു രൂപ തോതിലാണ് ഇവര്‍ വില്പ്പന നടത്തുന്നത്.

രണ്ടുപേര്‍ ചേര്‍ന്ന് നാലുമണിക്കൂറോളം ജോലിചെയ്താല്‍ 250 പാളപ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.ഈ യൂനിറ്റ് നിര്‍മ്മാണം തുടങ്ങിയിട്ട് ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളമായി.അന്നവര്‍ക്ക് ഷെഡ്ഡും സ്ഥലവും സ്വന്തമില്ലായിരുന്നു.മിഷ്യന്‍ വാങ്ങിയതിന്റെ പണം മുഴുവന്‍ കൊടുത്തില്ല.ഈ ബാധ്യതകളൊക്കെ തീര്‍ത്തത് അവരുടെ അധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു.ജോലി ചെയ്യുന്നതിന്റെ കൂലി അവര്‍ എടുത്തില്ല.അങ്ങിനെ രണ്ടു സെന്റുസ്ഥലവും ഷെഡ്ഢും മിഷ്യനും അവര്‍ സ്വന്തമാക്കി.

ഇന്ന് രണ്ടുപേര്‍ നാലുമണിക്കൂര്‍ ജോലിചെയ്താല്‍ 150 രൂപ കൂലി കിട്ടും.പ്ലേറ്റിനുള്ള ഓര്‍ഡറുകള്‍ ധാരാളമായി കിട്ടുന്നുമുണ്ട്.
ഞങ്ങള്‍ഏതാണ്ട് രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു.ഇതിനിടയില്‍ ദിലീപും അഭിജിത്തും അശ്വതിയും ആശയുമൊക്കെ പാളപ്ളേറ്റു നിര്‍മ്മിക്കാനുള്ള ശ്രമം നടത്തി.പക്ഷേ വിജയിച്ചില്ല.അത് അത്ര എളുപ്പമല്ലെന്ന് അവര്‍ക്കു മനസ്സിലായി.

 സ്ത്രീ കൂട്ടായ്മയുടെ ഒരു വിജയഗാഥയാണ് ഐശ്വര്യ കുടുംബശ്രീയുടെ പാളപ്ലേറ്റ് നിര്‍മ്മാണ യൂണിറ്റ്.
.

Wednesday, 12 February 2014

കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നു... II


ഗോപാലേട്ടന്‍ വലിയൊരുപ്രതിസന്ധിയില്‍അകപ്പെട്ടിരിക്കുകയാണ്.പണയത്തിലായ വീട് ജപ്തിചെയ്യാന്‍ നോട്ടീസ് വന്നിരിക്കുന്നു.അദ്ദേഹം ആത്മഹത്യയെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

താഴ്ന്ന ഇടത്തരം കുടുംബങ്ങള്‍ അനുഭവിക്കന്ന പ്രതിസന്ധി വിശകലനം ചെയ്യുന്നതിന്നും സ്വന്തം പ്രദേശത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി സര്‍വ്വേയയിലൂടെ കണ്ടെത്തി സാമ്പത്തിക സ്ഥിതി വിദ്യാഭ്യാസവും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആശയം രൂപികരിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പാഠഭാഗം.
 
കുട്ടികള്‍ രണ്ടുപേര്‍വീതമുള്ള ഗ്രൂപ്പുതിരിഞ്ഞ് നില്‍ക്കുന്നു.രണ്ടുപേരില്‍ ഒരാള്‍ ഫോട്ടോഗ്രാഫര്‍,മറ്റെആള്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നയാള്‍.അത് ആരൊക്കെയെന്ന് കുട്ടികള്‍ തന്നെ നിശ്ചയിക്കുന്നു.‌ഞാന്‍ വിഷയം നല്‍കുന്നു.
രാവിലെ കഞ്ഞികുടിക്കുന്ന ഗോപാലേട്ടന്‍
ഓരോ ഗ്രൂപ്പിലെയും ഒരു കുട്ടി കഞ്ഞികുടിക്കുന്ന ഗോപാലേട്ടനായി ഫ്രീസ് ചെയ്യുന്നു.മറ്റെ കുട്ടി ഫോട്ടോ എടുക്കുന്ന ആളായി അഭിനയിക്കുന്നു.
ഭാര്യയോട് യാത്ര പറയുന്ന ഗോപാലേട്ടന്‍
വയലില്‍ പണിയെടുക്കുന്ന ഗോപാലേട്ടന്‍....
..........................................................
വിഷയം മാറ്റി മാറ്റിപറയുന്നു.ഇടയ്ക്ക് ഫോട്ടോഗ്രാഫറും പോസ്ചെയ്യുന്ന ആളും പരസ്പരം മാറുന്നു.
കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിത സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുക്കുകയാണ്.ഒരേ സമയം ഗോപാലേട്ടനാകാനും ഗോപാലേട്ടനെ മാറിനിന്ന് വീക്ഷിക്കാനും അവര്‍ക്കു കഴിയുന്നു.നിന്നും ഇരുന്നും ചരിഞ്ഞും കിടന്നും അവര്‍ ഗോപാലേട്ടന്റെ ഫോട്ടോ എടുക്കുന്നു.ഗോപാലേട്ടനോ സങ്കടക്കടലില്‍ മുങ്ങിത്താഴുന്നു.
ഈ പ്രവര്‍ത്തനം കുട്ടികളെ ഏറെ രസിപ്പിച്ചു.
തുടര്‍ന്ന് രണ്ടാമത്തെ പ്രവര്‍ത്തനത്തിലേക്കു കടന്നു.
ഗോപാലേട്ടന്‍ പ്രതിസന്ധിയില്‍ എന്ന പാഠഭാഗത്തെ കാര്‍ട്ടൂണുകള്‍ ഓരോരുത്തരും വായിച്ചു.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
  1. ഗോപാലേട്ടന്‍ എത്തിപ്പെട്ട പ്രതിസന്ധി എന്താണ്?
 • ഈ പ്രതിസന്ധിയില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെ?
ചര്‍ച്ച ചെയ്യുന്നു.
ഗോപാലേട്ടനുമായി അഭിമുഖം നടത്താന്‍ ചാനലുകാര്‍ എത്തി എന്നു കരുതുക.ഈ അഭിമുഖമാണ് ഇനി അവതരിപ്പിക്കേണ്ടത്.
കുട്ടികള്‍ രണ്ടുപേര്‍ വീതമുള്ള ഗ്രൂപ്പുകളാകുന്നു. ഒരാള്‍ അഭിമുഖം നടത്തുന്നയാള്‍,മറ്റെയാള്‍ ഗോപാലേട്ടന്‍.പ്ലാന്‍ ചെയ്യാന്‍ സമയംഅനുവദിക്കുന്നില്ല.പെട്ടെന്നുള്ള ഇംപ്രൊവൈസേഷന്‍.ഗോപാലേട്ടന്റെ ജീവിതത്തിലേക്ക് കുട്ടികള്‍ എത്രമാത്രം ഇറങ്ങിചെന്നിട്ടുണ്ടെന്ന് ഈ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.പലരും പെട്ടെന്ന് ഗോപാലേട്ടനായി.ഗൗരവക്കാരായി. ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന ഒരാളായി.ഗോപാലേട്ടന്‍ തന്റെ പ്രയാസങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ അ
വതരിപ്പിച്ചു.കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുത്തു ഈ പ്രവര്‍ത്തനം.
 
ഇനി പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നു.
 • ഗോപാലേട്ടന് എങ്ങനെയെല്ലാം ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും?നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറിക്കുക.
കുട്ടികള്‍ വ്യക്തിഗതമായി എഴുതി.അവതരിപ്പിച്ചു.വ്യത്യസ്തമായ വീക്ഷണങ്ങള്‍.ഗോപാലേട്ടനെ ആത്മഹത്യയിലേക്കു തള്ളിവിടരുതേ എന്ന അപേക്ഷ.ഈ വിഷയത്തില്‍ സമൂഹം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഗോപാലേട്ടന്‍മാര്‍ ഇനിയും സംഭവിക്കും എന്ന മുന്നറിയിപ്പ്.

തുടര്‍ന്ന് ദാരിദ്ര്യവുമായി ബന്ധപ്പെട്ട പാഠഭാഗത്തെ വായനാക്കുറിപ്പു വായിക്കുന്നു.ദാരിദ്ര്യം അനുഭവിക്കുന്ന എത്ത്യോപ്പിയയിലെ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നു.


പാഠഭാഗത്തു നല്‍കിയ പട്ടിക അപഗ്രഥിച്ച് ദാരിദ്ര്യം എങ്ങനെയാണ് വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തുന്നു.സ്വന്തം പ്രദേശത്തെ സാമ്പത്തിക സ്ഥിതിയറിയാന്‍ സര്‍വ്വെ നടത്തുന്നു....

 
സാമൂഹ്യശാസ്ത്രക്ലാസ്സ് സര്‍ഗാത്മകമാക്കുക സാധ്യമാണ്.

ഒരേ ദിശയിലേക്കുള്ള ക്ലാസ്സുമുറിയെന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട്.വിവിധ ദിശകളിലേക്ക് കുട്ടികള്‍ക്ക് മാറിയിരിക്കാന്‍ കഴിയണം.
കുട്ടികളുടെ ഇരിപ്പിടങ്ങള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതായിരിക്കണം.
ചിത്രംവര, പെയിന്റിങ്ങ്,നാടകം,സംഗീതം,നിര്‍മ്മാണം,.ടി തുടങ്ങിയവയെ സാമൂഹ്യശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ കഴിയണം.
ക്ലാസില്‍ സ്ഥിരമായി പ്രൊജക്ടര്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കണം.
കുട്ടികള്‍ക്ക് കഥാപ്പാത്രങ്ങളായി മാറുന്നതിനും മറ്റും ആവശ്യമായ കോസ്റ്റ്യൂം (തുണിക്കഷണങ്ങള്‍,ഷാളുകള്‍,തൊപ്പി...)പ്രോപ്പര്‍ട്ടികള്‍ (വിവിധ ആകൃതിയിലുള്ള വടിക്കഷണങ്ങള്‍,മരക്കട്ടകള്‍..) എന്നിവയുടെ ശേഖരം ക്ലാസുമുറിയില്‍ ഒരുക്കിയിരിക്കണം.

Sunday, 9 February 2014

കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നു...


ഫോട്ടോ കണ്ട് ഇതൊരു നാടകക്യാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്.സാമൂഹ്യശാസ്ത്രക്ലാസ്സാണ്.ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പീരിയഡ്.
ഗോപാലേട്ടന്റെ ജീവിതമാണ് കുട്ടികള്‍ നാടകമാക്കി കളിക്കുന്നത്.ഗോപാലേട്ടനായി രൂപം മാറാന്‍ അവര്‍ക്കു പത്തു മിനിട്ടു സമയം മാത്രമേ വേണ്ടു..കുട്ടികള്‍ക്ക് ഒരു ഷാളോ ലുങ്കിയോ തുണിക്കഷണമോ മതി കഥാപ്പാത്രങ്ങളായി മാറാന്‍. ഡസ്ക്കും ബെഞ്ചും പുതപ്പും പായയും ഉപയോഗിച്ച് അവര്‍ രംഗം സജ്ജീകരിക്കുന്നു.

ആരാണീ ഗോപാലേട്ടന്‍?
ഏഴാം ക്ലാസ്സിലെ കൈകോര്‍ത്തു മുന്നേറാം എന്ന പാഠഭാഗത്തിലെ ഒരു കഥാപ്പാത്രം.താഴ്ന്ന ഇടത്തരം കുടുംബത്തിലെ ഒരംഗം.ജീവിതം തള്ളിനീക്കാന്‍ പെടാപാടുപെടുന്ന സത്യസന്ധനായ ഒരു മനുഷ്യന്‍.കടം കയറി വീടും പുരയിടവും ജപ്തിചെയ്യാന്‍ വരുന്നതറിഞ്ഞ് ആത്മഹത്യചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരാള്‍.
കുട്ടികള്‍ എന്തിനാണ് ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നത്?
സാമ്പത്തികമായ അസമത്വങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് തിരിച്ചറിയാനും ദാരിദ്ര്യം മനുഷ്യജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുവെന്ന് മനസ്സിക്കാനും.
പാഠത്തിന്റെ തുടക്കത്തില്‍ ഗോപാലേട്ടന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വിശദമാക്കുന്ന നാല് കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ കൊടുത്തിട്ടുണ്ട്.ഇതുവായിച്ച് ഇതിനെ നാടകമാക്കിക്കോളൂ എന്നു പറഞ്ഞാല്‍ കുട്ടികള്‍ നാടകമാക്കും. പക്ഷേ, നന്നാവില്ല.പഠനം നടക്കില്ല.

കുട്ടികള്‍നാടകം കളിക്കുന്നത്ഗോപാലേട്ടനെക്കുറിച്ച് പഠിക്കാനാണ്.നാടകം നന്നാവണമെങ്കില്‍ കുട്ടികള്‍ ഗോപാലേട്ടനെക്കുറിച്ച് ആലോചിക്കണം.അയാളുടെ മനസ്സിലേക്കു കടക്കണം.ഇത്ര
ചെറിയകുട്ടികള്‍ക്ക് അതിനു കഴിയുമോയെന്ന് നാം സംശയിക്കും. പക്ഷേ, കഴിയും.അവരുടെ ചിന്തയെ തൊട്ടുണര്‍ത്തിയാല്‍.അവരുടെ മനസ്സിനെ പിടിച്ചു കുലുക്കിയാല്‍.അതിനു ചില പ്രവര്‍ത്തനങ്ങളിലേക്കു കുട്ടികളെ നയിക്കണം.അത് എന്തൊക്കെയാണെന്ന് നോക്കാം.
ക്ലാസിനു നടുക്കുള്ള സ്ഥലത്ത് കുട്ടികള്‍ പരസ്പരം തൊടാതെ നടക്കുന്നു.അവര്‍ക്കു ചുറ്റുമുള്ള ഒരു കഥാപ്പാത്രത്തിന്റെ പേര് ഞാന്‍ വിളിച്ചു പറയുന്നു.

തെങ്ങുകയറ്റക്കാരന്‍ കുമാരേട്ടന്‍

കുട്ടികള്‍ പെട്ടെന്ന് കുമാരേട്ടനായി ഫ്രീസ് ചെയ്യുന്നു.
ഒരു നിമിഷനേരത്തേക്കു ക്ലാസ് നിശബ്ദം.എവിടയോ കണ്ടുമറന്ന ഒരു തെങ്ങുകയറ്റതൊഴിലാളിയായി കുട്ടികള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

വീണ്ടും നടക്കുന്നു.കുട്ടികളുടെ പൊട്ടിച്ചിരി.
ഇതുപോലെ മറ്റു ചില കഥാപ്പാത്രങ്ങളുടെ പേരുകള്‍.....
കൃഷിക്കാരന്‍ നാരായണേട്ടന്‍
അടയ്ക്കാപൊളിക്കുന്ന ശശിയേട്ടന്‍
മീന്‍കാരി കല്ല്യാണിയേച്ചി
കള്ളുകുടിയന്‍ രാഘവേട്ടന്‍...
നടക്കുന്നതിനിടയില്‍ കുട്ടികള്‍ ഓരോതവണയും ഫ്രീസ് ചെയ്യുന്നു.ഒടുവില്‍
കൂലിപ്പണിക്കാരന്‍ ഗോപാലേട്ടന്‍...

കുട്ടികള്‍ ഒരു നിമിഷം ആലോചിക്കുന്നു.ഗോപാലേട്ടനായി
ഫ്രീസ് ചെയ്യുന്നു.

കുട്ടികള്‍ നിലത്ത് വൃത്താകൃതിയിലിരിക്കുന്നു.കൂലിപ്പണിക്കാരന്‍ ഗോപാലേട്ടനെ പരിചയമുണ്ടോ എന്ന് ചോദിക്കുന്നു.കുട്ടികള്‍ ഇല്ലെന്നു പറയുന്നു.നിങ്ങള്‍ ഗോപാലേട്ടനായപ്പോള്‍ ആരായിരുന്നു മനസ്സില്‍?
കുട്ടികള്‍ അവര്‍ക്കു പരിചയമുള്ള കൂലിപ്പണിക്കാരായ ചിലരുടെ പേരുകള്‍ പറയുന്നു.
ശരിക്കും ഗോപാലേട്ടന്‍ ആരാണ്?
പാഠപുസ്തകം നോക്കുന്നു.ഗോപാലേട്ടന്റെ ജീവിതം എന്ന തലക്കെട്ടില്‍ കൊടുത്ത നാലു കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ വായിക്കുന്നു.ചര്‍ച്ചചെയ്യുന്നു.
 • ആരാണ് ഗോപാലേട്ടന്‍?
 • ഗോപാലേട്ടന് എത്ര പ്രായം കാണും?
 • ഗോപാലേട്ടന്റെ കുടുംബം?ഭാര്യ, മക്കള്‍...?
 • അദ്ദേഹത്തിന്റെ സന്തോഷം? പ്രയാസം..?
 • ഇനി ഗോപാലേട്ടന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍പോകുന്ന പ്രതിസന്ധി എന്തായിരിക്കും?
  കുട്ടികളെ നാലു ഗ്രൂപ്പുകളാക്കുന്നു.ഓരോഗ്രൂപ്പിനും ഓരോ സ്ട്രിപ്പുകള്‍ നല്‍കുന്നു.ഗോപാലേട്ടന്റെ ജീവിതത്തിലെ ഈ സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കണം.പ്രധാന ആശയം ചോര്‍ന്നുപോകാതെ. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
  പ്ലാനിങ്ങിനു പതിനഞ്ചുമിനുട്ട് സമയം അനുവദിക്കുന്നു.

  കുട്ടികള്‍ ഗ്രൂപ്പില്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.കഥാപ്പാത്രങ്ങള്‍ ആരൊക്കെ? എന്തൊക്കെ സംഭവങ്ങള്‍? എവിടെയാണ് നടക്കുന്നത്?പിന്നീട് കഥാപ്പാത്രങ്ങളെ നിശ്ചയിച്ചു.ചില ഗ്രൂപ്പില്‍ ഇതു തര്‍ക്കങ്ങള്‍ക്കു വഴിവെച്ചു.ചിലര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്ത് തര്‍ക്കങ്ങള്‍ക്കു പരിഹാരവും കണ്ടെത്തി.കഥാപ്പാത്രങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് ചി
  ല ധാരണകളില്‍ എത്തിച്ചേര്‍ന്നു.
  അവതരണത്തിനുള്ള സമയമായി.ക്ലാസില്‍ ലഭിക്കുന്നതെന്തും അവര്‍ വേഷവിതാനത്തിനായി ഉപയോഗിച്ചു.തുണിക്കഷണങ്ങള്‍ മുതല്‍ മേശവിരി വരെ.ഇന്‍സ്ട്രുമെന്‍റ്ബോക്സു്മുതല്‍ ചൂല് വരെ അവര്‍ പ്രോപ്പര്‍ട്ടികളാക്കി.ബെഞ്ചും ഡസ്ക്കും മേശവിരിയും ഉപയോഗിച്ച് അവര്‍ ഗോപാലേട്ടന്റെ വീടുണ്ടാക്കി.അപ്പോഴാണ് രണ്ടാം ഗ്രൂപ്പിന്റെ സംശയം.

  കോണ്‍ഗ്രീറ്റ് വീടാണ് ഞങ്ങള്‍ക്കു വേണ്ടത്.ഇതെങ്ങനെ ശരിയാകും?

  കടം വാങ്ങി വീട് പുതുക്കിപണിത ഗോപാലേട്ടന്റെ പ്രതിസന്ധികളാണ് രണ്ടാം ഗ്രൂപ്പ് അവതരിപ്പിക്കേണ്ടത്.
  അഭിജിത്ത് അതിനു പരിഹാരം നിരദ്ദേശിച്ചു.
  "നമുക്ക് പുല്ലുപായ മുകളില്‍ വലച്ചുകെട്ടാം.അപ്പോള്‍ അത് കോണ്ക്രീറ്റുപോലെ തോന്നിക്കും.”
  അവരങ്ങനെ ചെയ്യുകയുംചയ്തു.
  അങ്ങനെ നാടകാവതരണം തുടങ്ങി.

  നാലുഗ്രൂപ്പിലെയും നാലു ഗോപാലേട്ടന്‍മാര്‍.അവരുടെ നാലുഭാര്യമാര്‍. അവരുടെ മക്കള്‍..ഒരുഗ്രൂപ്പ് അവസാനിപ്പിച്ചിടത്തുനിന്ന് മറ്റൊരുഗ്രൂപ്പ് തുടങ്ങുന്നു.ഗോപാലേട്ടന്റെ സ്വപ്നങ്ങള്‍,പ്രതീക്ഷകള്‍,പ്രയാസങ്ങള്‍...കുട്ടികള്‍ ഭംഗിയായി ഇംപ്രൊവൈസ് ചെയ്തു.ഇംപ്രൊവൈസ് ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിച്ചിരിക്കുന്നതായി എനിക്കുതോന്നി..ഇംപ്രൊവൈസ് ചെയ്യണമെങ്കില്‍ നല്ല ഭാവന വേണം.
  ഓരോഗ്രൂപ്പിന്റെയും അവതരണം എത്രത്തോളം നന്നായി?എന്തോക്കെയായിരുന്നു അവരുടെ ഗുണങ്ങള്‍?പോരായ്മകള്‍?പ്രധാന ആശയത്തോട് അവര്‍ എത്രത്തോളം നീതിപുലര്‍ത്തി?
  ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നതാണ് അടുത്തഘട്ടം.
  വിലയിരുത്തുന്നതിനുമുമ്പ് ഓരോ ഗ്രൂപ്പിനും കൂടിയാലോചിക്കാനുള്ള സമയം നല്‍കി.തുടര്‍ന്ന് ഗ്രൂപ്പിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.ഏതു ഗ്രൂപ്പിന്റെ അവതരണത്തെയാണോ വിലയിരുത്തിയത് ആ ഗ്രൂപ്പിന് മറുപടി പറയാന്‍ അവസരം നല്കി.
  ഇനി ഗോപാലേട്ടന്റെ ജീവിതം ഒരിക്കല്‍കൂടി അപഗ്രഥിക്കണം.

  കുട്ടികള്‍ വീണ്ടും പാഠഭാഗത്തേക്കു വന്നു.ഗോപാലേട്ടന്റെ ജീവിതവുമായി ബന്ധപ്പെട്ട് പാഠഭാഗത്തു നല്‍കിയ ചോദ്യങ്ങള്‍ വിശകലനം ചെയ്തു.
  • വരുമാനത്തില്‍ കൂടുതല്‍ കടം വാങ്ങി ആധുനിക സുഖസൗകര്യങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
  വളരെ പ്രധാനപ്പെട്ട ചോദ്യം.ഈ ചോദ്യത്തോടുള്ള പ്രതികരണം കുട്ടികളുടെ ഹൃദയത്തില്‍ നിന്നു വരണം.അതിനു വേണ്ടിയാണ് കുട്ടികള്‍ ഇതുവരെ ഗോപാലേട്ടന്റെ ജീവിതം പഠിച്ചത്.ഗോപാലേട്ടനായി അവര്‍ രൂപാന്തരപ്പെട്ടത്.
   
  സാമൂഹ്യശാസ്ത്രക്ലാസ് സര്‍ഗാത്മകമാകുന്നതെപ്പോള്‍ ?

  ക്ലാസുമുറിയില്‍ കുട്ടിക്ക് ആത്മാവിഷ്ക്കാരത്തിനുള്ള അവസരം വേണം.ചിത്രംവരയിലൂടെ,അഭിനയത്തിലൂടെ,കളിയിലൂടെ,വിവിധ രചനകളിലൂടെ...എങ്കിലേ ക്ലാസ്സുമുറി കുട്ടിയുടേതാകൂ.അവന്റെ മനസ്സ് ശാന്തമാകൂ.

  അവന്റെ ചിന്തകളെ കൂടു തുറന്നു വിടണം.എങ്കിലേ അവന്‍ പഠനത്തിന്റെ അടുത്ത പടി കയറൂ.

  അവന്റെ വികാരങ്ങളെ തൊടാന്‍ കഴിയണം.എങ്കിലേ അവന് പഠനം അര്‍ത്ഥവത്തായി തോന്നൂ.

  അവന്റെ നിലപാടുകളെ നിര്‍ഭയം അവതരിപ്പിക്കാന്‍ കഴിയണം.എങ്കിലേ അവന്‍ വ്യക്തിത്വമുള്ളവനായി വളരൂ.

  ക്ലാസ്സുമുറി അവനെ പ്രചോദിപ്പിക്കണം.എങ്കിലേ അവന്റെ ഭാവനയ്ക്കു ചിറകുമുളയ്ക്കൂ......

  എം എം സുരേന്ദ്രന്‍

  (തുടരും..)