വായനാവാരം അതിഗംഭീരമായാണ് നമ്മള്‍ ആഘോഷിച്ചത്. പുസ്തകങ്ങള്‍ കൊണ്ടും വായനകൊണ്ടും ഓരോ വായനാദിനവും നമ്മള്‍ ഉത്സവമാക്കി മാറ്റി.പുസ്തകക്കൂടാരമൊരുക്കിയും പുസ്തകപ്പൂമരം നിര്‍മ്മിച്ചും വായനയുടെ മഹാത്മ്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തെ മാറ്റിത്തീര്‍ക്കുന്നതിനെക്കുറിച്ചും നാം കുട്ടികളോട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.ഇന്ന് വിദ്യാലയങ്ങളിലെ വായനയുടെ അവസ്ഥ എന്താണ്?പഴയ ആവേശം കെട്ടടങ്ങിയോ? കുട്ടികളുടെ ബാഗ് തുറന്നാല്‍ പാഠപുസ്തകങ്ങള്‍ക്കിടയില്‍ ഒരു കഥാപുസ്തകം കൂടി കാണുമോ?അവരത് വായിക്കുന്നുണ്ടോ? വായിച്ച പുസ്തകങ്ങളെക്കുറിച്ച്,അതിലെ കഥയെക്കുറിച്ച്, ചിത്രങ്ങളെക്കുറിച്ചും കഥാപ്പാത്രങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നാം സമയം കണ്ടെത്താറുണ്ടോ?അതോ പാഠപുസ്തകം പഠിപ്പിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ വായനയുടെ പ്രാധാന്യത്തെ തത്ക്കാലം അലമാരക്കകത്ത് വെച്ച് പൂട്ടിയോ?
ഇതൊരു ക്ലാസ് ലൈബ്രറിയാണ്.ഇക്കഴിഞ്ഞ വായനാദിനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.ഇന്നും ഇതുപോലെ തുടരുന്നു.എല്ലാ സമയത്തും അന്‍പതോളം പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ടാകും.എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റുന്നവ.വായിച്ചു തീരുന്ന മുറയ്ക് പുസ്തകങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും.
രണ്ട് ആനുകാലികങ്ങളും ക്ലാസില്‍ വരുത്തുന്നുണ്ട്-തളിരും യുറീക്കയും.കൂടാതെ രണ്ടു മലയാള ദിനപ്പത്രങ്ങളും. ഞങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസിലുമുണ്ട് ഇങ്ങനെയുള്ള ക്ലാസ് ലൈബ്രറികള്‍.
പുസ്തകങ്ങള്‍ ഇങ്ങനെ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ടുള്ള നേട്ടം എന്താണെന്നല്ലേ?പറയാം.
കുട്ടികള്‍ ദിവസം പലതവണ ഈ പുസ്തകങ്ങള്‍ക്കടുത്തേക്ക് എത്തും.പൂക്കള്‍ തേനീച്ചകളെ ആകര്‍ഷിക്കുംപോലെയാണത്.അവര്‍ പുസ്തകങ്ങള്‍ കൈയ്യിലെടുക്കും.ഒന്നു തുറന്നുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കും.ചിലപ്പോള്‍ ചില ഭാഗങ്ങള്‍ വായിക്കും.ഒന്നു മണത്തുനോക്കും.പിന്നെ തിരികെ വയ്ക്കും.അവര്‍ വായിച്ചതും ഇഷ്ടപ്പെട്ടതുമായ പുസ്തകമാണെങ്കില്‍ പുസ്തകമെടുത്ത് കൂട്ടുകാരിക്ക് നേരെ നീട്ടും.എന്നിട്ട് പറയും."ഈ പുസ്തകം നീ തീര്‍ച്ചയായും വായിക്കണം."
അടുത്ത തവണ ഏതു പുസ്തകമാണ് വായിക്കേണ്ടതെന്ന് മനസ്സിലുറപ്പിച്ചായിരിക്കും അവര്‍ തിരികെപ്പോകുക.
പുസ്തകങ്ങള്‍ തുറന്നുനോക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം വായനയില്‍ പ്രധാനമാണ്.ക്ലാസില്‍ ആ സ്വാതന്ത്ര്യം നല്‍കിയാലേ കുട്ടികള്‍ വായനയിലേക്കു വരൂ.അവര്‍ക്കു ചുറ്റും പുസ്തകങ്ങള്‍ ഉണ്ടാകണം.കാണാനും തുറന്നുനോക്കാനും വായിക്കാനും തിരികെ വയ്ക്കാനും പാകത്തില്‍ അവ പ്രദര്‍ശിപ്പിച്ചിരിക്കണം.
പണ്ട്,ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്നുവെന്ന ശ്രുതി ക്ലാസില്‍ പരന്നു.ഞങ്ങള്‍ക്ക് അതിയായ സന്തോഷം തോന്നി.ഒപ്പം ആകാംക്ഷയും.അല്പം കഴിഞ്ഞപ്പോള്‍ ക്ലാസ് ലീഡര്‍ ചുമലില്‍ വലിയൊരു പുസ്തകക്കെട്ടുമായി വന്നു.ടീച്ചര്‍ പുറകേയും.മേശപ്പുറത്ത് വെച്ച പുസ്തകക്കെട്ടിലേക്ക് ഞങ്ങള്‍
കൗതുകത്തോടെ നോക്കി.ടീച്ചര്‍ ഓരോരുത്തരെയായി വിളിച്ച് റെജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ട് പുസ്തകങ്ങള്‍ തരാന്‍ തുടങ്ങി.എനിക്കുനേരെ നീട്ടിയ പുസ്തകം ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ഏറ്റു വാങ്ങി.പുറംചട്ട കീറിപ്പോയ ഒരു പുസ്തകമായിരുന്നു അത്.പുസ്തകത്തിന്റെ പേര് ഞാന്‍ വായിച്ചു.ഭാരതപര്യടനം-കുട്ടിക്കൃഷ്ണമാരാര്‍.വീട്ടിലെത്തിയ ഉടനെ ഞാന്‍ പുസ്തകം വായിക്കാനിരുന്നു.ആദ്യപേജ് വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല.പിന്നെയും വായിച്ചു.ഞാന്‍ നിരാശനായി. ഒരു ആറാം ക്ലാസുകാരനു ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല ആ ക്ലാസിക്ക് കൃതിയുടെ ഭാഷ.രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പുസ്തകം തിരികെ വാങ്ങി.വിദ്യാലയ ജീവിതത്തില്‍ എനിക്കാദ്യമായും അവസാനമായും കിട്ടിയ പുസ്തകം.പിന്നീട് പത്താം ക്ലാസ് കഴിഞ്ഞതിനുശേഷമാണ് ശരിക്കും പുസ്തകവായന തുടങ്ങുന്നത്.
പറഞ്ഞുവന്നത് ക്ലാസില്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം ഒരേ നിലവാരത്തിലുള്ളവയല്ല. വായനയില്‍ വ്യത്യസ്ത നിലവാരക്കാരായ കുട്ടികളുണ്ട് ക്ലാസില്‍.എല്ലാവരേയും പരിഗണിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്.എങ്കിലേ എല്ലാ കുട്ടികളേയും വായനയിലേക്കു കൊണ്ടുവരാന്‍ കഴിയൂ.
ഇനി ഈ ക്ലാസില്‍ പുസ്തകം വിതരണം ചെയ്യുന്നത് എങ്ങനെയാണെന്നു നോക്കാം.
രണ്ടു കുട്ടികളെ ക്ലാസ്സ് ലൈബ്രേറിയന്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.നവ്യയും ആദര്‍ശും.രണ്ടുപേരും നല്ല വായനക്കാര്‍.ഇവര്‍ക്കാണ് പുസ്തകവിതരണത്തിന്റെ ചുമതല.പുസ്തകം മാറ്റാനുള്ള അവസരം ആഴ്ചയില്‍ രണ്ടു ദിവസമാണ്.ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം ഇതിനായി ഉപയോഗിക്കാം.
പുസ്തകം വിതരണം ചെയ്യുമ്പോഴും തിരിച്ചുവാങ്ങുമ്പോഴും ഇവര്‍ നല്ല പോലെ ശ്രദ്ധിക്കും.പുസ്തകത്തിന് വല്ല കേടുപാടുകളും പറ്റിയിട്ടുണ്ടോയെന്ന്.ഉണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തും.ഇത്തരം കേസുകള്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളു.കാരണം എല്ലാ കുട്ടികളും പുസ്തകം നന്നായി സൂക്ഷിക്കുന്നവരാണ്.
വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പലതും പറയാനുണ്ടാകും.അതിനു ചെവി കൊടുക്കുക എന്നത് വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന കാര്യമാണ്. പുസ്തകത്തെക്കുറിച്ച് കുട്ടികള്‍ക്ക് പരസ്പരം പറയാനും അവസരം നല്‍കേണ്ടതുണ്ട്.
ആഴ്ചയില്‍ എല്ലാ തിങ്കളാഴ്ച്ചയും രാവിലെ അര മണിക്കൂര്‍ സമയം കുട്ടികളുടെ വായനയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ്.എല്ലാവരും പുസ്തകം വായിക്കുന്നുണ്ടോ,ദിവസം എത്ര പേജ് വീതം വായിക്കും,കഴിഞ്ഞയാഴ്ച വായിച്ച പുസ്തകം,പുസ്തകം ഇഷ്ടപ്പെട്ടോ,അതിന്റെ ഉള്ളടക്കം,എല്ലാ കുട്ടികളും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണോ? തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക.കൂടാതെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഒന്ന് പുസ്തക പരിചയമാണ്.എല്ലാ വെള്ളിയാഴ്ചയും ഒരു ഗ്രൂപ്പ് ഒരു പുസ്തകം പരിയപ്പെടുത്തണം.അതിന്റെ വായനാക്കുറിപ്പ് തയ്യാറാക്കിവേണം പരിചയപ്പെടുത്താന്‍.
ഇടയ്ക്ക് പുസ്തകം ഞാനും പരിചയപ്പെടുത്താറുണ്ട്.പുസ്തകത്തിലെ ചിലഭാഗങ്ങള്‍ വായിച്ചുകൊടുത്തും കഥപറഞ്ഞു കൊടുത്തും പുസ്തകം വായിക്കാന്‍ ഞാനവരെ പ്രചോദിപ്പിക്കും.കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു പുസ്തകം ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളായിരുന്നു.ആന്‍ ഫ്രാങ്കിന്റെ കഥ പറഞ്ഞുകൊടുത്തു.കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില കുട്ടികളുടെ കണ്ണുനിഞ്ഞിരിക്കുന്നത് കണ്ടു.പുസ്തകത്തിന്റെ ഒരു കോപ്പിയേ ക്ലാസിലുള്ളു.അത് കൈക്കലാക്കാനുള്ള മത്സരത്തിലാണ് കുട്ടികള്‍.
വായനാക്കുറിപ്പ് തയ്യാറാക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാറില്ല.അങ്ങനെ ചെയ്യുന്നത് അവരുടെ വായനയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.താത്പര്യമുള്ളവര്‍ക്ക് വായനാക്കുറിപ്പ് തയ്യാറാക്കാം.അങ്ങനെ തയ്യാറാക്കുന്നവര്‍ക്ക് അത് വായിച്ച് അവതരിപ്പിക്കാന്‍ അവസരവും നല്‍കും.
ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും നല്ല വായനക്കരായി മാറിയിരിക്കുന്നു.ഏതാണ്ട് ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ ഇത്രയും മാസങ്ങള്‍ക്കുള്ളില്‍ ഓരോ കുട്ടിയും വായിച്ചു കഴിഞ്ഞു.അവര്‍ പുസ്തകം എടുക്കുക മാത്രമല്ല.വായിക്കുക കൂടി ചെയ്യുന്നുണ്ട്.മാസം തോറും നടക്കുന്ന ക്ലാസ് പിടിഎ യോഗങ്ങളിലെ ഒരു അജണ്ട കുട്ടികളുടെ വായനയാണ്.അതിന് രക്ഷിതാക്കളുടെ പിന്തുണ എങ്ങനെ ഉറപ്പാക്കാം എന്നതായിരിക്കും ചര്‍ച്ചാവിഷയം.
ക്ലാസ് ലൈബ്രേറിയന്‍ ആദര്‍ശ് പറയുന്നത് നോക്കുക.
"മാഷേ, കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല.കുട്ടികള്‍ നല്ല വായനക്കാരായി മാറിയിരിക്കുന്നു......., …...(കുട്ടികളുടെ പേരുകള്‍)മുമ്പ് പുസ്തകം വായിക്കാറേയില്ല.ഇപ്പോള്‍ അവര്‍ എല്ലാ ആഴ്ചയിലും പുസ്തകം മാറ്റുന്നുണ്ട്.”
ഗള്‍ഫില്‍ ജോലിയുള്ള കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി.പലതും പറഞ്ഞ കൂട്ടത്തില്‍ ഞാനെന്റെ വിദ്യാലയ വിശേഷങ്ങളും അവനോടു പറയുകയുണ്ടായി.അപ്പോള്‍ അവന്‍ പറഞ്ഞു.
"ഞാന്‍ പഠിച്ച വിദ്യാലയത്തെക്കുറിച്ചുള്ള ഓര്‍മ്മ, അന്ന് മാഷ് വായിക്കാന്‍ തന്ന പുസ്തകങ്ങളെ കുറിച്ചുള്ള ഓര്‍മമ്മകളാണ്.ലൈബ്രറിയിലെ അലമാരകളില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് റെജിസ്റ്ററില്‍ ചേര്‍ക്കാനായി ചെല്ലുമ്പോള്‍ മാഷ് ആ പുസ്തകം വാങ്ങി മറിച്ചുനോക്കും.എന്നിട്ടു പറയും.'കൊള്ളാം.ഇത് നീ വായിക്കേണ്ട പുസ്തകം തന്നെ'.അല്ലെങ്കില്‍ 'ഇതു കൊള്ളില്ല. മാറ്റിയെടുത്തോളൂ'.അന്ന് എത്ര ആവേശത്തോടെയാണ് ഓരോ പുസ്തകവും വായിച്ചു തീര്‍ത്തത്....”
നല്ല കഥാപ്പുസ്തകങ്ങള്‍ ഇഷ്ടംപോലെ വായിക്കാന്‍ കിട്ടുന്ന ഒരു വിദ്യാലയത്തെ ഏതു കുട്ടിയാണ് ഇഷ്ടപ്പെടാതിരിക്കുക!
വായനക്കുറിപ്പ് എഴുതാന്‍ നിര്‍ബന്ധിക്കേണ്ടതില്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പലപ്പോഴും അത് വായനയെ തടസ്സപ്പെടുത്തുന്നുണ്ട്. എഴുതാന്‍ മടിയുള്ള കുട്ടികള്‍ അക്കാരണം കൊണ്ടുമാത്രം വായിക്കില്ല.
ReplyDelete