ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday, 31 January 2014

സ്ക്കൂള്‍ ചെസ്സ് ടൂര്‍ണ്ണമെന്റ്


 
കാനത്തൂര്‍ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലെ കുട്ടികളോട് ചെസ്സ് കളിക്കാന്‍ അറിയാവുന്നവര്‍ ആരൊക്കെയെന്നു ചോദിച്ചാല്‍ മുഴുവന്‍ കുട്ടികളും കൈപൊക്കും.

 ഏഴാം ക്ലാസ്സിലെ രണ്ടു ‍ഡിവിഷനിലും കൂടി ആകെ അമ്പത്തിരണ്ട് കുട്ടികളാണുള്ളത്.ഇവരെല്ലാവരും നന്നായി ചെസ്സുകളിക്കും.കഴിഞ്ഞ മഴക്കാലത്താണ് ഇവര്‍ ചെസ്സുകളിക്കാന്‍ പഠിച്ചത്.ജൂണ്‍,ജൂലായ് മാസങ്ങളാണ് കളിക്കുവേണ്ടി ഉപയോഗിച്ചത്.

 ഞങ്ങള്‍ ആവശ്യത്തിനു ചെസ്സ് ബോര്‍ഡുകള്‍ വാങ്ങിക്കൊടുത്തു.കുട്ടികള്‍ രാവിലെ എട്ടര മണിക്കു സ്ക്കൂളിലെത്തും.ഒരു മണിക്കൂര്‍ നേരം കളിക്കും.ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയവും ഇതിനുവേണ്ടി ഉപയോഗിക്കും.ചെസ്സു കളിക്കാന്‍ അറിയാവുന്ന കുറച്ചുകുട്ടികളാണ് ആദ്യം മറ്റുള്ളവരെ പഠിപ്പിച്ചത്.അങ്ങനെ പഠിച്ചവര്‍ പുതിയ കുട്ടികളെ പഠിപ്പിച്ചു.

 ക്രമേണ കളി ആറിലേക്കും അഞ്ചിലേക്കും വ്യാപിച്ചു.ഈ ക്ലാസ്സുകളിലെ മിക്കവാറും കുട്ടികള്‍ക്കും ഇപ്പോള്‍ കളി അറിയാം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്ക്കൂളില്‍ ഒരു ചെസ്സ് ടൂര്‍ണ്ണമെന്റ്
നടന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ചു.കളിയില്‍ പങ്കെടുക്കുന്ന ഓരോ ഹൗസിലെയും കുട്ടികളെ രണ്ടുപേരുടെ ഗ്രൂപ്പുകളാക്കി.ഹൗസുകള്‍ തമ്മില്‍ മത്സരിച്ചു.നല്ല ആവേശത്തോടെയായിരുന്നു കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.ഇതിന്റെ വിജയം ഞങ്ങളുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ചു.അടുത്ത വര്‍ഷം മുതല്‍ മൂന്നു മാസം കൂടുമ്പോള്‍ ഒരിക്കലെങ്കിലും ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്.

Thursday, 30 January 2014

ശോടികളിയുടെ നാനാര്‍ത്ഥങ്ങള്‍


ശോടികളി കുട്ടികളുടെ പ്രയപ്പെട്ട കളിയായി മാറിയിരിക്കുന്നു.അവര്‍ ആവേശത്തോടെയാണ് കളിയില്‍ മുഴുകുന്നത്!എപ്പോഴും ഈ കളിതന്നെ വേണം എന്ന് കുട്ടികള്‍ പറയുന്നത് എന്തുകൊണ്ട്?ഈ കളിയില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ?

കോട്ടയിലെ ഓരോ വരയിലും നില്‍ക്കുന്ന കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ അടുത്ത കോട്ടയിലേക്കു കടക്കുന്നത്.അവിടെയുമുണ്ടാകും പുതിയ കാവല്‍ക്കാര്‍. ഇങ്ങനെ കളിക്കാരന്‍ ഓരോ കടമ്പകളായി തരണം ചെയ്ത് മുന്നേറുകയാണ്.ചെസ്സുകളിയില്‍ കരുക്കളെ വെട്ടിമാറ്റി മുന്നേറുമ്പോലെയാണത്.ഓരോ തവണയും കുട്ടിക്കുമുന്നില്‍ പുതിയ പ്രതിസന്ധി രൂപപ്പെടുകയാണ്.ഈ പ്രതിസന്ധി മറികടന്നേ പറ്റൂ.ചെസ്സില്‍ ഇതു ബുദ്ധി ഉപയോഗിച്ചാണ് മറികടക്കുന്നതെങ്കില്‍ ഇവിടെ ബുദ്ധിമാത്രം പോര,ശരീരം കൂടി വേണം.ഇങ്ങനെ ഓരോകളത്തിലെയും തടസ്സങ്ങള്‍ തട്ടിമാറ്റി മുന്നേറുക എന്നതാണ് കുട്ടിയുടെ മുന്നിലുള്ള വെല്ലുവിളി(challenge).കളി ഉയര്‍ത്തുന്ന വെല്ലുവിളി ശക്തമാകുമ്പോഴാണ് കളി രസകരമാകുന്നത്. അത് അവര്‍ക്ക് ആനന്ദം നല്‍കുന്നത്.ശോടി കളി കുട്ടികള്‍ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

എല്ലാ നല്ല കളികളും കുട്ടികളെ ഒരു കുരുക്കിലേക്ക് തള്ളിവിടുന്നു.കുരുക്കഴിക്കാന്‍ കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു.കുരുക്കഴിച്ച് പുറത്തുവരുന്നവനാണ് വിജയി.കുരുക്കഴിക്കാനുള്ള കുട്ടിയുടെ നിരന്തരപരിശ്രമമാണ് കളിനല്‍കുന്ന ആനന്ദം.
ശോടികളിക്ക് നല്ല കായികശേഷി ആവശ്യമാണ്.പതിവായി കളിയിലേര്‍പ്പെടുന്ന കുട്ടി കായിക ക്ഷമത നേടിയിരിക്കും.ഒപ്പം കോട്ട മറികടക്കണമെങ്കില്‍ ബുദ്ധിപരമായതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും വേണം.ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ നന്നായി ആശയവിനിമയം നടന്നാല്‍ മാത്രമെ ഇതു സാധ്യമാകൂ.

പ്രശ്ന പരിഹരണശേഷിയാണ് ഈ കളിയിലേര്‍പ്പെടുന്നതിലൂടെ കുട്ടി സ്വായത്തമാക്കുന്നത്.അതാകട്ടെ പഠനത്തിന് അത്യാന്താപേക്ഷിതമാണു താനും.പില്‍ക്കാലത്ത് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിക്കു
മുന്നില്‍ പകച്ചുപോകാതിരിക്കാന്‍ ഈ കളി അവനെ അബോധമായി സ്വാധീനിച്ചേക്കാം.
ശോടികളി കുട്ടികള്‍ക്കുനല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്.കാവല്‍ക്കാരായ ആണ്‍കുട്ടികളെയാണ് അവര്‍ക്കു പലപ്പോഴും നേരിടേണ്ടി വരിക.ആണ്‍കുട്ടികളെ മറികടന്ന് ഉപ്പുവാരിവരുന്ന പെണ്‍കുട്ടികളുടെ ആഹ്ലാദം നേരിട്ടുകണ്ടാല്‍ ഇതു ബോധ്യപ്പെടും.
കുട്ടികളുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ചു പതിവായി പരാതി പറയാറുള്ള അധ്യാപകര്‍ ഏറെയാണ്.അവര്‍ കുട്ടികളെ ഇത്തരം കളികള്‍ കളിപ്പിക്കുകയാണു ചെയ്യേണ്ടത്.കാരണം ഓരോ കളിക്കും ചില നിയമങ്ങളുണ്ട്.കളിക്കുന്നകുട്ടി കളിയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.അല്ലെങ്കില്‍ കളി മുന്നോട്ടുപോകില്ല.കുട്ടി അവന്റെ പല ചോദനകളെയും തല്‍ക്കാലത്തേക്കു മാറ്റി വെക്കേണ്ടതായി വരും.അവന്റെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കേണ്ടതായി വരും.ഇത്തരത്തില്‍ ഓരോ കളിയും കുട്ടിയുടെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കാനുള്ള ഒരു സ്വാഭാവിക സന്ദര്‍ഭമാണ് മുന്നോട്ടുവെക്കുന്നത്.ഇതു കളിക്കുമാത്രം സാധ്യമായ ഒരു കാര്യമാണുതാനും.അതുകൊണ്ടാണ് അച്ചടക്കം കളിയിലൂടെ സാധ്യമാണെന്നു പറയുന്നത്.
കുട്ടികള്‍ക്ക് സ്വയം ആവിഷ്കരിക്കാനുള്ള പല ഉപാധികളില്‍ ഒന്നാണ് കളിയും.കളി നല്‍കുന്ന അളവറ്റ ആനന്ദം കുട്ടിയുടെ പിരിമറുക്കം അയയ്ക്കുന്നു.വൈകാരികമായ തുലനാവസ്ഥ പാലിക്കാന്‍ അവനെ സഹായിക്കുന്നു.നല്ല സാമൂഹ്യജീവിതം നയിക്കാന്‍ ഇതവനെ പ്രാപ്തനാക്കുന്നു.

Monday, 27 January 2014

ഒരു കളി പുനര്‍ജനിച്ചപ്പോള്‍.....


മുപ്പത്തഞ്ചു വര്‍ഷം മുമ്പേ കളിച്ചു മറന്നുപോയ ഒരു കളിയെ ഓര്‍മ്മകളുടെ മണലടരുകള്‍ മാറ്റി പുറത്തെടുത്തിരിക്കുന്നു.അതു കുട്ടികളുടെ പ്രിയപ്പെട്ട കളിയായി മാറിയിരിക്കുന്നു,വറ്റി വരണ്ടുപോയ ഒരു പുഴയെ പുനരുജ്ജീവിപ്പിച്ചതുപോലെ.എന്നും ആ കളിതന്നെവേണമെന്ന് കുട്ടികള്‍ വാശിപിടിക്കുന്നു.
വൈകുന്നേരം കുട്ടികളെ കളിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് ആശ ഓടി വന്ന് പറഞ്ഞത്.

"മാഷേ,ഒരു കളിയുണ്ട്. കണ്ണൂരുള്ള എന്റെ ഒരു വല്യച്ഛനാണ് ഈ കളിയെക്കുറിച്ചു പറഞ്ഞത്.കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാകും.കുറേ വര വരച്ച് കോട്ടയുണ്ടാക്കും.ഓരോ വരയിലും ഓരോ കുട്ടിയെ കാവല്‍ക്കാരായി നിര്‍ത്തും.മറ്റേ ഗ്രൂപ്പുകാര്‍ ഈ കാവല്‍ക്കാരെ മറികടന്ന് ഓടി അപ്പുറത്തെത്തി ഉപ്പുവാരണം.പിന്നീട് അതുപോലെ തിരിച്ചുവന്ന് കോട്ടയ്ക്ക മുന്നിലെത്തണം.എത്ര കുട്ടികളാണോ ഇങ്ങനെ ഓടിയെത്തിയത് അതിനുകണക്കായി അവര്‍ക്കു പോയിന്റ് കിട്ടും.ഓടുന്നതിനിടയില്‍ കാവല്‍ക്കാര്‍ തൊട്ടാല്‍ കളിയില്‍ നിന്നു പുറത്താകും.നമുക്ക് ഈ കളിയൊന്ന് കളിച്ചു നോക്കിയാലോ...”
ചെറുപ്പത്തില്‍ ഞങ്ങള്‍ എത്രയോതവണ ഈ കളി കളിച്ചിട്ടുണ്ട്.പൂഴിയില്‍ വര വരച്ച് കാവല്‍ക്കാരായി നിന്ന് മറ്റുള്ളവരെ തൊടുന്നതും കാവല്‍ക്കാരെ മറികടന്ന് ഉപ്പുവാരുന്നതുമൊക്കെ ഓര്‍മ്മയുണ്ട്.എന്നാല്‍ ഈ കളിയുടെ നിയമങ്ങള്‍ ഓര്‍മ്മയില്ല.
നമുക്കു കളിച്ചുനോക്കാമെന്ന് ഞാന്‍ ആശയോടു പറഞ്ഞു.
കുട്ടികള്‍ തയ്യാറായി.ഞാന്‍ അവര്‍ക്കു കളി വിശദീകരിച്ചു കൊടുത്തു.അവര്‍ക്കു ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നു.അവരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്റെ പക്കലില്ലായിരുന്നു.
ചെമ്മണ്ണില്‍ അവര്‍ കാലുകൊണ്ടു വരയിടാന്‍ തുടങ്ങി.
കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.ഒരു ഗ്രുപ്പു് കാവല്‍ക്കാരായി നിന്നു.മറ്റേ ഗ്രൂപ്പ് കോട്ട മറികടക്കുന്നവരും.
കളി തുടങ്ങി.കളിയുടെ നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുട്ടികള്‍ ഉന്നയിക്കാന്‍ തുടങ്ങി.ഒരുതവണ എത്ര പേര്‍ക്ക് കളത്തില്‍ ഇറങ്ങാം? ആരൊക്കെയാണ് ഇറങ്ങുന്നതെന്ന് കാവല്‍ക്കാര്‍ എങ്ങനെ തിരിച്ചറിയും?ഒരു ടീമിന് എത്ര സമയം കളിക്കാം? ....അപ്പോഴുള്ള എന്റെ തോന്നലനുസരിച്ച് ഞാന്‍ കുട്ടികളെ മുന്നോട്ടു നയിച്ചു.കുട്ടികള്‍ കളിച്ചു. പക്ഷെ,കളിയുടെ ആഹ്ലാദം മുഴുവനായും കുട്ടികള്‍ അനുഭവിക്കുന്നതായി തോന്നിയില്ല.
പിറ്റേ ദിവസം ഞാന്‍ എന്റെ പഴയ കൂട്ടുകാരനെ വിളിച്ചു.ഞങ്ങള്‍ ഒരുമിച്ചു കളിക്കാറുള്ളതാണ്.കാര്യം കേട്ടപ്പോള്‍ അവന്‍ ചിരിച്ചു. മുപ്പത്തഞ്ച് വര്‍ഷം മുമ്പു കളിച്ചകളിയാണ്.
"കോട്ടയ്ക് നടുവിലൂടെ ഒരു വരയുണ്ട്.ഒരു കാവല്‍ക്കാരനു അതിലൂടെ മൂവ് ചെയ്യാം.”
അപ്പോഴാണ് ഞാനും അത് ഓര്‍മ്മിച്ചത്.
പിറ്റെദിവസം വീണ്ടും കളിച്ചു.കളി ക്ലിക്കായി. കുട്ടികള്‍ വര്‍ദ്ധിച്ച ആഹ്ലാദത്തതോടെ കളിയില്‍ മുഴുകി.രണ്ടു ടീമുകളും വാശിയോടെ കളിച്ചു.തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടായി.അവരെ നിയന്ത്രിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.കളികഴിഞ്ഞ് പിരിഞ്ഞു പോകുമ്പോള്‍ കുട്ടികള്‍ പറഞ്ഞു.
" മാഷെ,നാളെയും ഈ കളിതന്നെ കളിക്കണം.”
ഇപ്പോള്‍ കുട്ടികള്‍ക്ക് ഈ ഒരു കളി മാത്രമേ വേണ്ടൂ. അവരുടെ പ്രിയപ്പെട്ട കളി.ശോടി കളി.

Thursday, 23 January 2014

ഒന്നാംക്ലാസിലെ കുഞ്ഞുപാവകള്‍


രാവിലെ ഒന്നാം ക്ലാസിലെക്കുചെന്നപ്പോള്‍ ശാന്ത ടീച്ചറും കുട്ടികളും കടലാസുപാവകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു.കുട്ടികള്‍ നിര്‍മ്മിച്ച പാവകള്‍ കാണാന്‍ എനിക്കു ധൃതിയായി.എന്റെ ക്ലാസു കഴിഞ്ഞ് വീണ്ടും ഒന്നാം ക്ലാസിലേക്കു ചെന്നു.മനോഹരമായ കലാസുപാവകളെയും ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ നില്‍ക്കുന്നു.
"മാഷെ ഞങ്ങളുടെ പാവകളെ കണ്ടോ?”
അവര്‍ അഭിമാനത്തോടെ പറഞ്ഞു.
"ഇവരുടെ പേരെന്താ?” ഞാന്‍ ചോദിച്ചു.
"ദേവികപ്പാവ...ഉണ്ണിപ്പാവ...ചക്കരപ്പാവ..”
കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
അവര്‍ പാവകളെയെല്ലാം നിലത്തുകിടത്തി.ഓരോ പാവക്കുഞ്ഞിന്റെയും അരികിലായി അച്ഛന്‍ പാവയും അമ്മപ്പാവയും അനുജത്തിപ്പാവകളും ഒക്കെ കിടന്നു.
ടീച്ചര്‍ പാവകളെ ഉപയോഗപ്പെടുത്തി ഗണിതത്തിന്റെ പ്രവര്‍ത്തനത്തിലേക്കു കടന്നു.പാവകളെ ബിഗ് സ്ക്രീനില്‍ വരികളിലും നിരകളിലും നിശ്ചിത എണ്ണം വരുന്ന രീതിയില്‍ ക്രമീകരിക്കാന്‍ കുട്ടികളോടു പറഞ്ഞു........


താന്‍ നിര്‍മ്മിച്ച പാവകളുമായി കുട്ടികള്‍ ഇതിനകം തന്നെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.അതിനെ പേരിട്ടു വിളിക്കുന്നതോടെ അതു പൂര്‍ണ്ണമായി.അതേ പാവകളെ തന്നെയാണ് ടീച്ചര്‍ ഗണിതപ്രവര്‍ത്തിനായി ഉപയോഗിച്ചത്.പാവകള്‍ ഒരേ സമയം ഒരു മൂര്‍ത്ത വസ്തുവും കുട്ടിയെ ഗണിത ചിന്തയിലേക്കു നയിക്കാനുള്ള ഒരു സ്റ്റിമുലിയുമാകുന്നു.

പാവനിര്‍മ്മാണം ആഖ്യാനവുമായി ബന്ധപ്പെട്ട ഒരു സന്ദര്‍ഭം ആവശ്യപ്പെടുന്ന സമയത്താണ് ടീച്ചര്‍ ചെയ്തത്.ഗണിത പ്രവര്‍ത്തനത്തിനായി പുതിയ സന്ദര്‍ഭങ്ങളുണ്ടാക്കി പിറ്റേ ദിവസം ഈ പാവകളെ ടീച്ചര്‍ വീണ്ടും ഉപയോഗിച്ചു.തറയില്‍ പാവകളുടെ വീടുകള്‍ വരച്ചു.കുട്ടികളെ നാലുഗ്രൂപ്പുകളാക്കി.ഓരോ വീടിന്റെയുംകാവല്‍ക്കാരായി കുട്ടികളെയിരുത്തി. വീടുകളില്‍ വ്യത്യസ്ത എണ്ണം പാവകളെ വെച്ചു. (ആകെയുള്ള ഇരുപതു പാവകള്‍.)ഓരോ വീട്ടിലെയും പാവകളുടെ എണ്ണം തുല്യമാക്കണം.പാവകളുടെ എണ്ണം മാറ്റി
മാറ്റി കളി ആവര്‍ത്തിച്ചു.കുട്ടികള്‍ ആസ്വദിച്ചു കളിച്ചു.ഒപ്പം അവരുടെ ചിന്ത ഉണര്‍ന്നു.തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

കൊച്ചുകട്ടികളില്‍ സംഖ്യാബോധം രൂപീകരിക്കാന്‍ മഞ്ചാടിയും കമ്പുകെട്ടുകളും എന്ന പരമ്പരാഗതചിന്തയില്‍ നിന്നും നാം മാറേണ്ടതുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ട ആഖ്യാന സന്ദര്‍ഭത്തില്‍ നിര്‍മ്മിക്കുന്ന വസ്തുവായിരിക്കണം ഗണിതത്തിന് ഉപയോഗപ്പെടുത്തേണ്ടത്.ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളായിരിക്കും കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കുക.അത് കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.

Tuesday, 21 January 2014

കൊരമ്പയെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്


ആശ ബി
VII A
പുരാവസ്തുക്കള്‍ പഴയജീവിതത്തിന്റെ അവശേഷിക്കുന്ന തെളിവുകളാണ്.അവരുടെ ആസംസ്ക്കാരത്തെയാണ് നാം നമ്മുടെ വീട്ടുമൂലയില്‍ കുഴിച്ചുമൂടിയത്.അനേകം വര്‍ഷങ്ങള്‍ക്കുശേഷം ചിതലരിച്ചുകിടന്നിരുന്ന ആ നിധികളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍.
ചെല്ലപ്പെട്ടി,ഓട്ടുപാത്രങ്ങള്‍,ഭസ്മക്കൊട്ട,കോളാമ്പി,മരി, റാത്തല്‍,നാഴി,വിളക്കുകള്‍,സരസ്വതിപ്പല,ഏത്താംകൊട്ട,കൊരമ്പ,നുകം,ഉലക്ക എന്നിവ പ്രദര്‍ന വസ്തുക്കളില്‍ ചിലതുമാത്രം.
പുരാവസ്തുക്കളെക്കറിച്ചുള്ള സംശയങ്ങള്‍ ഏറെയായിരുന്നു നാട്ടുകാര്‍ക്ക്.ഇവ ദൂരികരിക്കാന്‍ കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍തന്നെ വേണ്ടിവന്നു.ഇന്ന് ഇവയ്ക്ക് പകരംവന്ന യന്ത്രഉപകരണങ്ങള്‍ ഏതൊക്കെയെന്നും സന്ദര്‍ശകര്‍ക്കു മനസ്സിലായി.വിദ്യാഭ്യാസമില്ലാത്ത സംസ്ക്കാരനിഷേധികള്‍ എന്ന് പൂര്‍വികരെ പുഛിക്കുന്ന പുതുതലമുറ പൂര്‍വികരുടെ ഉള്ളില്‍ മുളച്ചുപൊന്തിയ കഴിവുകളെക്കുറിച്ചു മനസ്സിലാക്കിയ അനര്‍ഘ നിമിഷമായിരുന്നു അത്.

 
അശ്വതി.
VII B
ഉടുപ്പുപെട്ടിമുതല്‍ മണ്ണെണ്ണ വിളക്കുവരെയുള്ള ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളായിരുന്നു ഞങ്ങള്‍ ശേഖരിച്ചിരുന്നത്.അവ ഓരോന്നിനെക്കുറിച്ചും ഞങ്ങള്‍ കുറിപ്പു തയ്യാറാക്കി.രക്ഷിതാക്കളുടെ പൂര്‍ണ്ണ സഹകരണം ഈ പരിപാടിക്കുണ്ടായിരുന്നു.ഇതില്‍ ഓരോവസ്കക്കളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ രക്ഷിതാക്കള്‍ക്കു വിശദീകരിച്ചുകൊടുത്തു.സോഷ്യല്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രദര്‍ശനത്തിനു നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു......

 
മന്യ.കെ
VII B

നമ്മുടെ സംസ്ക്കാരത്തില്‍ നിന്ന് വേരറ്റുപോയ ഉപകരണങ്ങളാണ്എനിക്കു പ്രദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത്.കാലത്തിനനുസരിച്ച് ഉപകരണങ്ങള്‍ എങ്ങനെ മാറുന്നു എന്നു മനസ്സിലായി.ഒരു ഉപകരണം ഞാന്‍ പ്രദര്‍ശനത്തില്‍ തേടി നടന്നു.എന്റെ അമ്മൂമ്മ ഒരു ഉപകരണത്തെക്കുറിച്ചു പറഞ്ഞിരുന്നു.പണ്ട് ജന്മിമാര്‍ക്കു പഴച്ചാറുണ്ടാക്കികൊടുക്കുന്ന ഒരു പാത്രം.ഇന്നത്തെ ജ്യൂസ് മെഷീനു പകരം.വാഴപ്പഴവും മാമ്പഴവും ആ പാത്രത്തിലേക്കു ഇടും.അതില്‍ ഘടിപ്പിച്ച ഒരു ഞെക്കികൊണ്ടു അതിനെ പിഴിയും.പാത്രത്തിലെ സുഷിരത്തിലൂടെ പഴച്ചാര്‍ നമുക്കുലഭിക്കും.ഈ ഉപകരണം നമുക്കുകണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍....

 
അഭിജിത്ത് പി വി.
VII B
സാമൂഹ്യയശാസ്ത്രത്തിലെ ആറാം അധ്യായമായ ജീവിതം പടുക്കുന്ന കൈകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടത്തിയ ഒരു പരിപാടിയായിരുന്നു കൊരമ്പ എന്ന പുരാവസ്തു പ്രദര്‍ശനം,....
ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ ഉപകരണങ്ങള്‍ എന്റെ നാട്ടിലെ വീടുകളില്‍ ഉണ്ടെന്ന് എനിക്കു മനസ്സിലാക്കിത്തന്നു ഈ പ്രദര്‍ശനം...പല ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ നാട്ടിലെ
വീടുകളില്‍ കറിയാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്...മെതിയടിയെന്ന പഴയകാല ചെരുപ്പ് ‍‍ഞാന്‍ ആദ്യമായാണ് കാണുന്നത്....

Sunday, 19 January 2014

'കൊരമ്പ' ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?


പുരാവസ്തു പ്രദര്‍ശനം ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?
പ്രദര്‍ശനം ഒരുക്കുന്നതിലൂടെ കുട്ടികള്‍ എന്താണ് പഠിച്ചത്?

പ്രദര്‍ശനം ഒരുക്കാന്‍ തീരുമാനിച്ചതു മുതലുള്ള മൂന്നാഴ്ച സമയം കുട്ടികള്‍ എന്തൊക്കെ പ്രക്രിയകളിലൂടെയാണ് കടന്നുപോയത്?
വിലയിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു.

 
സാമൂഹ്യശാസ്ത്രം ആറാം പാഠത്തില്‍ പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറയുന്നുണ്ട്.അന്നുതന്നെ കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.എന്നാല്‍ ഞാന്‍ അത് പരിഗണിച്ചില്ല.പാഠം തീരാന്‍ ബാക്കിയുള്ളതുകൊണ്ടും ഒരുക്കങ്ങള്‍ക്കായി ധാരാളം സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ടും.എന്നാല്‍ സോഷ്യല്‍ ക്ലബ്ബിന്റെ യോഗത്തിനിടയില്‍ ഈ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമ്പോള്‍ കുട്ടികള്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചു.അങ്ങനെയാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
 
"എന്റെ വീട്ടില്‍ ഉലക്കയുണ്ട് സാര്‍, ഞാനതുകൊണ്ടുവരാം.”
വിഷ്ണുനാഥ് പറഞ്ഞു.
"എന്റെ വീട്ടില്‍ തൈരുകടയുന്ന മന്തും നാഴിയുമുണ്ട്."ശ്രീലക്ഷ്മി പറഞ്ഞു.
"എന്റെ വീട്ടില്‍ചെല്ലപ്പെട്ടിയുണ്ട്...മുരടയുണ്ട്...."കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയാന്‍ തുടങ്ങി..
ആ യോഗത്തില്‍ വെച്ചുതന്നെ ഓരോരുത്തരും കൊണ്ടുവരാമെന്നേറ്റ സാധനങ്ങളുടെ ലിസ്റ്റു തയ്യാറാക്കി.
 


പിറ്റേ ദിവസം മുതല്‍ കുട്ടികള്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി.ഉച്ചഭക്ഷണ സമയത്തും വൈകുന്നേരം സ്ക്കൂള്‍വിട്ടതിനു ശേഷവും കുട്ടികള്‍ കാനത്തൂരിലെ വീടുവീടാന്തരം കയറിയിറങ്ങി പുരാവസ്തുക്കള്‍ ശേഖരിച്ചു.കുട്ടികളെ ഏറെ സന്തോഷിപ്പിച്ച ഒരു പ്രവര്‍ത്തനമായിരുന്നു ഇത്.ഭാരമുള്ള വസ്തുക്കള്‍വരെ അവര്‍ ആഘോഷത്തോടെ ചുമലിലേറ്റി കൊണ്ടുവന്നു.അതോടൊപ്പം അവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കി.പുരാവസ്തുക്കളുടെ സ്ഥാനം ഇന്നു വീടുകള്‍ക്കു പുറത്താണ്.വിറകുപുരയിലോ പശുതൊഴുത്തിലോ.മരസാമാനങ്ങള്‍ ചിതലരിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി അധികകാലം ഇവയ്ക്കു നിലനില്പില്ല.

 


 


ഏതാണ്ട് രണ്ടാഴ്ചക്കാലം സാധനങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിച്ചു.
.പ്രദര്‍ശനത്തിനു പേരു കണ്ടെത്തി -കൊരമ്പ.പണ്ടുകാലത്ത് മഴ കൊള്ളാതിരിക്കാന്‍ കൃഷിക്കാര്‍ തലയില്‍ ചൂടുന്ന, ഉണങ്ങിയ തെങ്ങോല മടഞ്ഞുണ്ടാക്കിയ ഒരു സാധനം.ഗോഗുലാണ് കൊരമ്പ കൊണ്ടുവന്നത്.അതും തലയില്‍വെച്ച് അവന്‍ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു.

പ്രദര്‍ശനത്തിനുള്ള തീയ്യതി നിശ്ചയിച്ചു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തി- തൊണ്ണൂറുവയസ്സുകഴിഞ്ഞ ബൈരന്‍ മൂപ്പന്‍. തുളുനൃത്തകലാകാരന്‍. കാനത്തൂരിന്റെ മണ്ണില്‍ പൊന്നുവിളയിച്ച കൃഷിക്കാരന്‍.ആദിവാസി മൂപ്പന്‍.

 
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് പോസ്റ്ററുകളും നോട്ടീസും തയ്യാറാക്കി.
പോസ്റ്റര്‍ കാനത്തൂര്‍ ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.നോട്ടീസുകള്‍ വിതരണം ചെയ്തു.കാണുന്നവരെയെല്ലാം പ്രദര്‍ശനത്തിനു വരാന്‍ ക്ഷണിച്ചു.
അവര്‍ ശേഖരിച്ചുകൊണ്ടുവന്ന ഒരോ സാധനത്തിന്റെയും കുറിപ്പുകള്‍ തയ്യാറാക്കി.കുട്ടികള്‍ക്ക് അന്യമായ വസ്തുക്കളായിരുന്നു എല്ലാം.വീടുകളിലെ മുത്തശ്ശിമാരുടെ സേവനം കുട്ടികള്‍ ഉപയോഗപ്പെടുത്തി.
തലേദിവസം ഓലകൊണ്ടുള്ള ലളിതമായ ഗേറ്റു തയ്യാറാക്കി.
സാധനങ്ങള്‍ തരംതിരിച്ച് നന്നായി ഡിസ്പേ ചെയ്തു.
പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'

 
ഈ പ്രവര്‍ത്തനത്തിലൂടെ കടന്നുപോയ കുട്ടികളെ നിരീക്ഷിച്ചതില്‍ നിന്നും എനിക്കു ബോധ്യപ്പെട്ടത് ഇവയാണ്
  • കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള,കുട്ടകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏതൊരു പ്രവര്‍ത്തനത്തിലും കുട്ടികള്‍ പൂര്‍ണ്ണമായും മുഴുകും.പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍.

  • സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആവശ്യകത സൃഷ്ടിക്കുന്നുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍.ക്ലാസിലെ കേവലമായ ഗ്രൂപ്പുപ്രവര്‍ത്തനം പോലെയല്ല ഇത്.പ്രവര്‍ത്തനം വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോകുട്ടിയും സ്വയം ഏറ്റെടുക്കുന്നു.

  • വസ്തുക്കള്‍ ശേഖരിക്കല്‍,അന്വേഷണം,കുറിപ്പുതയ്യാറാക്കല്‍,പോസ്റ്റര്‍ രചന,നോട്ടീസ് തയ്യാരാക്കല്‍,പ്രദര്‍ശനഹാള്‍ ഒരുക്കല്‍ തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷ്യത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നു.

  • കാലാകാലങ്ങളിലായി നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ വരുന്ന മാറ്റം തിരിച്ചറിയുന്നതിലൂടെ,അതിനെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരിത്രാവബോധം രൂപപ്പെടുന്നു.

ഏതായാലും കൊരമ്പ കൊണ്ട് വലിയൊരുനേട്ടമുണ്ടായി.പുരാവസ്തുക്കള്‍ നമ്മുടെ നാടിന്റെ സമൃദ്ധമായ ഭൂതകാലമാണെന്നും അവ സംരക്ഷിക്കേണ്ടതുമാണെന്നുമുള്ളബോധ്യം നാട്ടുകാരിലും രക്ഷിതാക്കളിലും ഉണ്ടാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു.സ്ക്കൂളിനു സ്വന്തമായി ഒരു മ്യൂസിയം വേണം എന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.അടുത്തവര്‍ഷത്തെ വികസന പരിപാടിയിലെ ഒന്നാമത്തെ ഇനമായി മ്യൂസിയത്തെ ഉള്‍ക്കൊള്ളിച്ചു.
എം എം സുരേന്ദ്രന്‍


Saturday, 18 January 2014

ജീവിതം വിളിച്ചുപറഞ്ഞ പുരാവസ്തു പ്രദര്‍ശനംകാനത്തൂര്‍ ഗവ. യു പി സ്ക്കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ പുരാവസ്തു പ്രദര്‍ശനം ശേഖരിക്കപ്പെട്ട വസ്തുക്കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.'കൊരമ്പ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഓടില്‍ തീര്‍ത്ത ചെല്ലപ്പെട്ടി മുതല്‍ പറ പ്രചാരത്തില്‍ വരുന്നതിനു മുന്നേ നെല്ല് അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൊണ്ടു മടഞ്ഞുണ്ടാക്കിയ കളസ്യവരെ പെടും.വ്യത്യസ്ത ഇനത്തില്‍പ്പെട്ട ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

തൈര് കടയാന്‍ഉപയോഗിച്ചിരുന്ന പാല്‍ക്കുറ്റി ,കരിങ്കല്ലില്‍ തീര്‍ത്ത തൂക്കക്കട്ടികള്‍,ഉപ്പും മുളകും ജീരകവും ഇട്ടുവെക്കാന്‍ ഉപയോഗിക്കുന്ന  മരം കൊണ്ടുണ്ടാക്കിയ മെരിയ,ചെമ്പ് കൊണ്ടുണ്ടാക്കിയ മണ്ണെണ്ണ വിളക്കുകള്‍,പാത്രങ്ങള്‍,മെതിയടികള്‍,ജലസേചനത്തിനു ഉപയോഗിച്ചിരുന്ന ഏത്താംകൊട്ട  തുടങ്ങി   കൗതുകമുണര്‍ത്തുന്ന നിരവധി വസ്തുക്കളില്‍  പലതും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കുതന്നെ അന്യമാണ്.

കാനത്തൂരെയും പരിസരപ്രദേശങ്ങളിലെയും വീടുകളില്‍ നിന്നും കുട്ടികള്‍ തന്നെയാണ് ഇവ ശേഖരിച്ചത്.പ്രായമായവരോട് ചോദിച്ചും അന്വേഷിച്ചും കുട്ടികള്‍  തയ്യാറാക്കിയ കുറിപ്പുകളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു,

തൊണ്ണൂറു വയസ്സുകഴിഞ്ഞ ശ്രീ ബൈരന്‍ മൂപ്പനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.സ്കൂള്‍ ഹെ‍‍ഡ്മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍,സോഷ്യല്‍ക്ലബ്ബ് കണ്‍വീനര്‍ അശ്വതി, അഭിജിത്ത്, ദിലീപ്,വിഷ്ണുനാഥ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'

Friday, 17 January 2014

കാനത്തൂരിന്റെ ഇന്നലെകള്‍


കാനത്തൂരിന്റെ ഇന്നലെകളെക്കുറിച്ച് അന്വേഷിച്ചിറങ്ങിയതായിരുന്നു കുട്ടികള്‍. വീടുവീടാന്തരം കയറിയിറങ്ങി അവര്‍ ശേഖരിച്ചത് നിരവധി പുരാവസ്തുക്കള്‍. വീട്ടിലെ വിറകുപുരയിലോ ആലയിലോ ആണ് ഇന്നവയുടെ സ്ഥാനം.നൂറടപ്പു മുതല്‍ ഏത്താംകൊട്ട വരെ ഇതില്‍ പെടും.ഇവയില്‍ പലതും ചിതലരിക്കാന്‍ തുടങ്ങിയിരുന്നു.കാനത്തൂരിന്റെ പോയ്പോയ കാലത്തെക്കുറിച്ച് ഇവയ്ക്കു പലതും പറയാനുണ്ടാകും.മണ്‍മറഞ്ഞുപോയ ഒരു ജനതയുടെ ജീവിതത്തെക്കുറിച്ച്. .. അവരുടെ സംസ്ക്കാരത്തെക്കുറിച്ച്.. സാങ്കേതിക വിദ്യയെക്കുറിച്ച്..

ഇവയുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുട്ടികള്‍.പ്രദര്‍ശനത്തിനു അവര്‍ ഒരു പേരിട്ടു- കൊരമ്പ. ഇതിന്റെ പ്രചരണാര്‍ത്ഥം അവര്‍ പോസ്റ്ററും നോട്ടീസും തയ്യാറാക്കി.ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.കാണുന്നവരോടെല്ലാം പറഞ്ഞു.കണ്ടെടുത്ത ഓരോ വസ്തുവിനെക്കുറിച്ചും പ്രായം ചെന്നവരെ കണ്ട് ചോദിച്ച് കുറിപ്പുകള്‍ തയ്യാറാക്കി.പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ തൊണ്ണൂറു വയസ്സു കഴിഞ്ഞ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബൈരന്‍ മൂപ്പനെ ക്ഷണിച്ചു.അദ്ദേഹം വരാമെന്നു സമ്മതിച്ചു. സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം മറ്റന്നാളാണ്. കട്ടികള്‍ പ്രദര്‍ശനം വന്‍ വിജയമാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ്.Monday, 13 January 2014

ചെമ്പന്‍ പ്ലാവിന്റെ സങ്കടങ്ങള്‍
നാടകാസ്വാദനം
                                            
ഉണ്ണിമായ കെ
VII B

                                                         


പ്രകൃതിയുമായും അധ്വാനവുമായും ബന്ധപ്പെട്ടതായിരുന്നു അടുത്തകാലം വരെ കേരളീയരുടെ ജീവിത ശൈലി.ശാസ്ത്രസാങ്കേതികവിദ്യ വളരുകയും
അവയെല്ലാം ധനസമ്പാദനത്തിനുള്ള ഉപകരണങ്ങളാവുകയും ചെയ്തതോടെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധവും അറ്റുപോയി.ഇത് മനുഷ്യജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകള്‍ ചെറുതല്ല.ഈതിരിച്ചറിവ് പകര്‍ന്നുതരുന്നതാണ് ചെമ്പന്‍പ്ലാവ് എന്ന നാടകം.മലയാളത്തിന്റെ പ്രിയ കഥാകൃത്ത് കാരൂര്‍എഴുതിയ നാടകം സംവിധാനം ചെയ്തത് ഉദയന്‍ കുണ്ടംകുഴിയാണ്.അവതരിപ്പിച്ചതോ ഞങ്ങളുടെ സ്കൂളിലെ മിടുക്കരായ കുട്ടികളും.
പണ്ട് ഒരു കാലമുണ്ടായിരുന്നു.ആണ്ടിക്കുട്ടിയുടെയും കൊച്ചുവറീതിന്റെയും കാലം.രണ്ടു കുടുംബങ്ങളെയും ഇണക്കി ചേര്‍ത്തത് അധ്വാനമായിരുന്നു.അവര്‍ ഒരുമിച്ചുകിണര്‍കുഴിച്ചു.ഒരു പ്ലാവിന്‍ തൈ നട്ടുപിടിപ്പിച്ചു.അതു ചെമ്പന്‍ പ്ലാവായി വളര്‍ന്നു.
കാലഘട്ടം ഒന്നുമാത്രമല്ല.പലതാണ്.അതുകൊണ്ടു ഇത് അവറാച്ചന്റെയും ഭാസ്ക്കരന്റെയും കാലം.രണ്ടാം തലമുറ.പ്രകൃതിയുമായി ഇണങ്ങി ജീവിച്ച സുല്‍ത്താന്‍മാര്‍ മണ്‍മറയുമ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്ന സുല്‍ത്താന്‍മാര്‍ വരുന്നു.അതോടെ അവരുടെ ജീവിതത്തിലും താളപ്പിഴകള്‍ സംഭവിച്ചു.വഴക്കായി വക്കാണമായി.ഒടുവില്‍ കോടതിയും കയറി.
 ഒരു രാത്രിയില്‍ ആരോടോ വാശി തീര്‍ക്കാനെന്നപോലെ ഭാസ്ക്കരന്‍ ചെമ്പന്‍പ്ലാവിന്റെ കൊമ്പില്‍ തൂങ്ങിമരിച്ചു. അതിനിടയില്‍ ചെമ്പന്‍പ്ലാവ് പൂത്തു.ആനക്കുട്ടിയുടെ വലുപ്പമുള്ള ചക്കയുണ്ടായി.അവറാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചക്ക തിന്നുന്നത് ഭാസ്ക്കരന്റെ മക്കള്‍ കൊതിയോടെ നോക്കി.ഒരു ചുളപോലും അവള്‍ ആ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തില്ല.ഭാസ്ക്കരന്റെ ഭാര്യ പാറുക്കുട്ടി ഒരു തീരുമാനമെടുത്തിരുന്നു.അവനോന്‍ അനുഭവിക്കാത്തത് നശിപ്പിക്കണം എന്നാണല്ലോ. ചെമ്പന്‍പ്ലാവിനെ വിഷംകുത്തിവെച്ച് ഉണക്കുക.ഒരു രാത്രിയില്‍ അവള്‍ അതു ചെയ്തു.മനം മാറ്റം വന്ന ത്രേസ്യാമ്മ ചക്കയുമായി പാറുക്കുട്ടിയുടെ മക്കളെ വിളിക്കന്നു.അപ്പോഴേക്കും വൈകിപ്പോയിരുന്നു.ചെമ്പന്‍പ്ലാവിന്റെ മരണരംഗത്തോടൊണ് നാടകം അവസാനിക്കന്നത്.
കുട്ടികളുടെ അഭിനയ മികവുകൊണ്ട് ഒരോ കഥാപാത്രവും രംഗത്ത് തിളങ്ങി.ചെമ്പന്‍ പ്ലാവിന്റെ അന്ത്യരംഗം അനഘ അവതരിപ്പിച്ചത് കണ്ടപ്പോള്‍ ഏവരുടെയും കണ്ണുനിറഞ്ഞു.നാടകത്തിലെ ഓരോ കഥാപ്പാത്രവും നമ്മുടെ മനസ്സില്‍ ഏറെ നാള്‍ ജീവിക്കും .സംശയമില്ല.ചെമ്പന്‍ പ്ലാവ് ഒരു പ്രതീകമാണ്.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജീവസുറ്റ ബന്ധത്തിന്റെ പ്രതീകം.ചെമ്പന്‍ പ്ലാവ്  നാടകസംഘം