പ്രിയ സുഹൃത്തേ,
'കാനത്തൂര്‍ പെരുമ'യോട് ഞാന്‍ വിട പറയുകയാണ്.ഇക്കാലമത്രയും സ്ക്കൂള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ബ്ലോഗെഴുത്തും.ഓര്‍ക്കാപ്പുറത്തു വന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എന്നെയും കുട്ടികളേയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.ഞാന്‍ ഈ ബ്ലോഗ് സ്ക്കൂളിനെ തിരിച്ചേല്‍പ്പിക്കുകയാണ്.ഇതിലും നന്നായി ഈ ബ്ലോഗ് തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരുന്നു ഞങ്ങള്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്.കാനത്തൂര്‍ സ്ക്കൂളിലെ മുഴുവന്‍ അധ്യാപകരുടെയും അധ്യാപികമാരുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്കാദമികമായ കാര്യങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ആ മാറ്റം ക്ലാസുമുറികളില്‍ വെളിച്ചം പരത്തി.അത് ഒരു മെഴുകുതിരി ജ്വാലയുടേതുപോലെ ചെറുതും ശോഷിച്ചതുമായിരിക്കാം.എങ്കിലും ഇരുട്ടിനെ ആട്ടിയകറ്റാന്‍ അതിന്റെ ഇത്തിരി വെട്ടം മതിയായിരുന്നു.
സ്ക്കൂളിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടമായി വിദ്യാലയത്തെ മാറ്റിയെടുക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു.അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു.അവധി ദിവസം കഴിഞ്ഞ് സ്ക്കൂളിലേക്ക് ഓടിയെത്താന്‍ ശരിക്കും കുട്ടികള്‍ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.ഒപ്പം രക്ഷിതാക്കളുടേയും നാട്ടുകാരുടേയും വിശ്വാസവും പിന്തുണയും നേടിയെടുക്കാനും സ്ക്കൂളിന് സാധിച്ചു.
'കാനത്തൂര്‍ പെരുമ' എന്ന ബ്ലോഗ് ഞങ്ങളുടെ അന്വേഷണവും പഠനവുമായിരുന്നു.വിദ്യാലയത്തിലെയും ക്ലാസുമുറിയിലെയും അനുഭവങ്ങളെ ഞങ്ങള്‍ സത്യസന്ധമായി വിശകലനം ചെയ്യാന്‍ ബ്ലോഗിലൂടെ ശ്രമിച്ചു.കുട്ടികളുടെ പക്ഷത്തുനിന്നുകൊണ്ട് പഠനത്തെ നോക്കിക്കാണാനുള്ള ശ്രമം നടത്തി.ഒരു വിദ്യാലയത്തിന്റെ യാഥാസ്ഥിതികമായ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പഠനത്തെ എങ്ങനെ ആഹ്ളാദകരമായ അനുഭവമാക്കിമാറ്റാം എന്ന ആലോചന നടത്തി.ക്ലാസുമുറികള്‍ പ്രവര്‍ത്തനാധിഷ്ഠിതമാക്കുന്നതില്‍ ഒരു പരിധിവരെ ഞങ്ങള്‍ വിജയിച്ചു.ആ അനുഭവങ്ങളും ഞങ്ങളുടെ തിരിച്ചറിവുകളും ക്ലാസുമുറിയില്‍ നിന്നുള്ള തെളിവുകളെ മുന്‍നിര്‍ത്തി ബ്ലോഗിലൂടെ വായനക്കാരുമായി പങ്കുവെച്ചു.അത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കി.പൊതുവിദ്യാലയങ്ങള്‍ അതിന്റെ ക്ലാസുമുറികളെയും പഠനത്തെയും എത്ര ഔന്നത്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന വസ്തുത പൊതുസമുഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.
ഈ ഉദ്യമത്തിന് ഞങ്ങള്‍ക്ക് കിട്ടിയ പ്രോത്സാഹനവും പിന്തുണയും വളരെ വലുതായിരുന്നു.അതില്‍ പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അതിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുണ്ട്; തങ്ങളുടെ ക്ലാസുമുറികളെക്കുറിച്ചും കുട്ടികളെക്കുറിച്ചും നിരന്തരം വേവലാതിപ്പെടുന്ന അധ്യാപിക/അധ്യാപകന്‍മാരുണ്ട്;വിദ്യാലയത്തെ താത്പര്യപൂര്‍വ്വം നോക്കിക്കാണുന്ന രക്ഷിതാക്കളുണ്ട്; വിദ്യാഭ്യാസ ചിന്തകരുണ്ട്...ഇവര്‍ ഒരു ന്യൂനപക്ഷമായിരിക്കാം.ഇവരുടെ അകമഴിഞ്ഞ പിന്തുണയും പ്രത്സാഹനവുമായിരുന്നു ഞങ്ങളുടെ കരുത്ത്.'കാനത്തൂര്‍ പെരുമ' ഇതിനേക്കാള്‍ പെരുമയോടെ ഇനിയും തുടരും എന്നു നമുക്ക് പ്രത്യാശിക്കാം.
കാനത്തൂര്‍ സ്ക്കൂളിലെ കുട്ടികള്‍ വലിയ പാഠങ്ങളാണ് എന്നെ പഠിപ്പിച്ചത്.അതിന്റെ ദീപ്തമായ ഓര്‍മ്മകള്‍ ഏതിരുളിലും പ്രകാശം പരത്തിക്കൊണ്ട് നിലനില്‍ക്കും.
ഇനിയും നമുക്ക് സംവദിക്കണം.'ജൈവപാഠം' എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ് ഞാന്‍ ആരംഭിച്ചിരിക്കുന്നു. jaivapadamedu.blogspot.inഎന്നതാണ് വിലാസം.ക്ലാസുമുറിയിലെ അനുഭവങ്ങളെ മുന്‍ നിര്‍ത്തി കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങളും വിശകലനങ്ങളും ഇനിയും തുടരണം.നമ്മുടെ വിദ്യാലയങ്ങളിലും ക്ലാസുമുറികളിലും എന്തു നടക്കുന്നു എന്നത് പൊതുസമൂഹം അറിയണം.അത് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആളുകളുടെ ഒരു കൂട്ടായ്മയായി വളരണം.അതിന് വിദ്യാലയത്തേയും കുട്ടികളേയും സ്നേഹിക്കുന്ന മുഴുവന്‍ ആളുകളുടേയും പിന്തുണ വേണം.
നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹത്തോടെ,
എം.എം.സുരേന്ദ്രന്‍
ജൈവപാഠം
സ്കൂള്‍ മാറിയാലും പരിശ്രമങ്ങള്‍ക്ക് വിരാമമില്ല. ആശംസകള്‍.
ReplyDeleteഇനിയും മുന്നോട്ട്
ReplyDeleteമുന്നേറട്ടെ ...ആശംസകള്‍
ReplyDelete