ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday, 29 May 2014

രണ്ട് കത്തുകള്‍

ക്ലാസുമുറിയില്‍നിന്നുള്ള കുറിപ്പുകള്‍...11
എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


ക്ലാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്യൂണ്‍ വന്ന് രണ്ടു കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു.രാവിലത്തെ തപാലില്‍ വന്നതാണ്.അഡ്രസ്സ് നോക്കിയപ്പോള്‍ ഒരെണ്ണം എനിക്കാണ്. മറ്റേത് ക്ലാസ് ലീഡര്‍ക്കും. ക്ലാസ് ലീഡര്‍ക്കുള്ളത് ഞാന്‍ കുഞ്ഞാമുവിനെ ഏല്‍പ്പിച്ചു.അവന്‍ കത്ത് തിരിച്ചും മറിച്ചും നോക്കി.അവന് വല്ലാത്തൊരു അമ്പരപ്പ്!ജീവിതത്തിലാദ്യമായിട്ടായിരിക്കണം കുഞ്ഞാമുവിന് ഒരു കത്ത് കിട്ടുന്നത്.കത്തിന്റെ പുറകിലെഴുതിയ പേരുവായിച്ച് അവന്‍ ഉറക്കെ പറഞ്ഞു.
"ഷാഹുലിന്റെ എയ്ത്താണ്!”
കുട്ടികള്‍ അവന് ചുറ്റും കൂടി.
"ഹൊ,ഒന്നു ബേഗം പൊട്ടിക്ക് കുഞ്ഞാമു.”
അവര്‍ കത്ത് പൊട്ടിച്ച് വായിക്കാന്‍ ധൃതികൂട്ടി.


കുഞ്ഞാമു കത്തുമായി ജനാലയ്ക്കടുത്തേക്ക് ഓടി.പുറകെ കുട്ടികളും.അവന്‍ കത്ത് പൊട്ടിച്ച് ഉറക്കെ വായിക്കാന്‍ തുടങ്ങി.വായനയ്ക്ക് വേഗത കുറവാണെങ്കിലും അവന്റെ കനപ്പെട്ട ശബ്ദം ക്ലാസില്‍ മുഴങ്ങി.

 എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,

എന്തെന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു.ഞാനിവിടെ എന്റെ പഴയ സ്ക്കൂളില്‍ തന്നെ ചേര്‍ന്നു.പണ്ടെത്തെ എന്റെ കൂട്ടുകാരൊക്കെ എന്നോടൊപ്പം ക്ലാസിലുണ്ട്.അവരെ കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.അവര്‍ക്കും.
എന്റെ ക്ലാസ് ടീച്ചറുടെ പേര് റോസമ്മ.നല്ല ടീച്ചറാണ്. അടിക്കില്ല.നന്നായി പഠിപ്പിക്കും.
ഞാന്‍ അവിടത്തെ വിശേഷങ്ങളൊക്കെ എന്റെ കൂട്ടുകാരോട് പറഞ്ഞു.നമ്മുടെ മാഷിനെക്കുറിച്ചും.
അവര്‍ക്ക് നിങ്ങളെയൊക്കെ കാണാനുള്ള അതിയായ ആഗ്രഹമുണ്ട്.
പിന്നെ ഇവിടെ എപ്പോഴും മഴയാണ്.നല്ല തണുപ്പും.
സ്ക്കൂളിനുചുറ്റും വലിയ കാടാണ്.സന്ധ്യയായാല്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പേടിയാണ്.ഞാന്‍ വരുമ്പോള്‍ എന്റെ ചക്കിപ്പൂച്ചയെ കൊണ്ടുവരാന്‍ ഉമ്മ സമ്മതിച്ചില്ല.അവളുണ്ടെങ്കില്‍ എനിക്കു നല്ല കൂട്ടായേനെ.
കുഞ്ഞാമു വാക്കു പാലിച്ചോ?അവനെഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
പിന്നെ ഒരു വിഷമമുണ്ട്.ഈ സ്കൂളില്‍ ലൈബ്രറി പുസ്തകങ്ങള്‍ കുറവാണ്.അതുകൊണ്ട് നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കിട്ടുന്നില്ല.
സ്ക്കൂളിലെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?എല്ലാം എന്നെ എഴുതിയറിയിക്കണേ.
മറുപടി ഉടനെ അയക്കുമല്ലോ....

സ്നേഹപൂര്‍വ്വം,
ഷാഹുല്‍.കത്ത് കുഞ്ഞാമു വായിച്ചുകേട്ടതു പോരാഞ്ഞ് ഓരോരുത്തരും മാറിമാറി വായിച്ചു.ഒടുവില്‍ ഞാനത് ഡിസ് പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.
"മാശെ, മറുപടി ഉടനെ എയ്തണം."കുട്ടികള്‍ വിളിച്ചുപറഞ്ഞു.
"എങ്കിലിപ്പോള്‍തന്നെ എഴുതാന്‍ തുടങ്ങുക്കോളൂ.”

ഞാനവര്‍ക്ക് കടലാസുനല്‍കി.ക്ലാസിന്റെ മൂലയില്‍ എല്ലാരും കൂടിയിരുന്ന് മറുപടി കത്തെഴുതാന്‍ തുടങ്ങി.എങ്ങനെ തുടങ്ങണം,എന്തെഴുതണം എന്നൊക്കെ അവര്‍ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുകയാണ്.
ഈ സമയം അവന്‍ എനിക്കെഴുതിയ കത്ത് ഞാന്‍ സ്വകാര്യമായി വായിച്ചു.


എത്രയും പ്രിയപ്പെട്ട മാഷിന്,

ഞാനെന്റെ സ്ക്കൂളിലെ വിശേഷങ്ങളൊക്കെ കൂട്ടുകാര്‍ക്ക് എഴുതിയിട്ടുണ്ട്.മാഷ് അത് വായിച്ചുനോക്കുമല്ലോ.
ഞാന്‍ എല്ലാ ദിവസവും മാഷെ ഓര്‍ക്കാറുണ്ട്.മാഷ് തന്ന 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം ഞാന്‍ ഇന്നലെയാണ് വായിച്ചു തീര്‍ത്തത്.എത്ര നല്ല പുസ്തകം!കുഞ്ഞിക്കൂനനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
പിന്നെ മാഷെ,ഉപ്പയെക്കുറിച്ച് ഒരു വിവരവുമില്ല.ഇനി അന്വേഷിക്കണ്ടായെന്ന് മാമന്‍ പറഞ്ഞു.ഞങ്ങളെ വേണ്ടാത്ത ഉപ്പയെ ഇനി ഞങ്ങള്‍ക്കും വേണ്ട.ഉമ്മ ഇടക്കിടെ ഓരോന്നുപറഞ്ഞ് ഇപ്പോഴും കരയും.
ഉമ്മ വീട്ടിലിരുന്ന് തയ്യല്‍പണി ചെയ്യുന്നുണ്ട്.തയ്ക്കാന്‍ ഉമ്മ നേരത്തെപഠിച്ചിരുന്നു.നന്നായി പണിചെയ്യുന്നതുകൊണ്ട് അയല്‍പക്കത്തുള്ളവരൊക്കെ ഉമ്മയ്ക്കുതന്നെ തയ്ക്കാന്‍ നല്‍കും.മാമനാണ് ഉമ്മയ്ക്ക് മിഷ്യന്‍ വാങ്ങിക്കൊടുത്തത്.
മാഷെ,ഞാന്‍ നന്നായി പഠിക്കുന്നുണ്ട്.ഉമ്മ മാഷോട് അന്വേഷണം പറയാന്‍ പറഞ്ഞിട്ടുണ്ട്.മാഷിന് സമയം കിട്ടുകയാണെങ്കില്‍ മറുപടി അയക്കണം.

സ്നേഹാദരവോടെ,
ഷാഹുല്‍
.


ഷാഹുലിന്റെ മനോഹരമായ കൈപ്പടയിലുള്ള ആ കത്ത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്ത് ആ കുടുംബം നേടിയിരിക്കുന്നു.കൂട്ടത്തില്‍ ആ കൊച്ചുകുട്ടിയും.

'മാഷെ,ഉപ്പയില്ലെങ്കിലും ഞങ്ങള്‍ ജീവിക്കും' എന്ന് ഒരു വലിയ കുന്നിനുമുകളില്‍ കയറി ഷാഹുല്‍ ഉറക്കെ വിളിച്ചുപറയുന്നതുപോലെ എനിക്കുതോന്നി.താഴ്വരയിലാകെ അവന്റെ ശബ്ദം പ്രതിധ്വനിക്കുകയാണ്.പെട്ടെന്ന് അവന്‍ വലുതാകുന്നതുപോലെ.വലുതായിവലുതായി അവന്റെ തല മേഘങ്ങളില്‍ ചെന്നു മുട്ടുകയാണ്.ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു.


"മാഷേ,കത്ത് ഷഹുലിന്റേതല്ലേ?”
ആരോ എന്റെ ചെവിയില്‍ മന്ത്രിക്കുന്നതുപോലെ എനിക്കു തോന്നി.ഞാന്‍ കണ്ണുതുറന്നു.മുന്നില്‍ അനഘ നില്‍ക്കുന്നു.എന്റെ കൈകളില്‍ ഷാഹുലിന്റെ കത്ത് നിവര്‍ത്തിപ്പിടിച്ചിരുന്നു.
"അതെ."ഞാന്‍ പറഞ്ഞു.
"കത്തിലെന്താ വിശേഷം?"അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
"പ്രത്യേകിച്ച് ഒന്നുമില്ല.നിങ്ങളുടെ കത്തിലുള്ള കാര്യങ്ങള്‍ തന്നെ.”
"അല്ല മാശെ,ഓന്റെ ഉപ്പയെ...."അവള്‍ ഇടയ്ക്കുവെച്ചു നിര്‍ത്തി.
"അവന്റെ ഉപ്പ തിരിച്ചു വന്നില്ല.ഇനി വരുമെന്ന് തോന്നുന്നുമില്ല.”
പെട്ടെന്ന് അവളുടെ മുഖം വാടി.കണ്ണുകള്‍ നിറഞ്ഞു.
"ഞാന്‍ എല്ലാ ദെവസൂം പ്രാര്‍ത്ഥിക്കാറുണ്ട്.ഓന്റെ ഉപ്പ വേഗം തിരിച്ചുവരണേയെന്ന്.”
"നിന്റെ പ്രാര്‍ത്ഥന കൊണ്ട് ഫലമുണ്ടാകും."ഞാനവളെ സമാധാനിപ്പിച്ചു.
അവള്‍ ഒന്നും മിണ്ടാതെ കത്തെഴുതുന്നവരുടെ കൂട്ടത്തില്‍ പോയിരുന്നു.


"മാശെ,കത്ത് റെഡി.”
കുട്ടികള്‍ മറുപടി കത്തുമായി എന്റെ അടുത്തേക്ക് ഓടി വന്നു.എല്ലാവര്‍ക്കും വേണ്ടി സുവര്‍ണ്ണ കത്ത് ഉറക്കെ വായിച്ചു.

പ്രിയപ്പെട്ട ഷാഹുല്‍,


നിന്റെ കത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് വായിച്ചത്.നിനക്കും ഉമ്മയ്ക്കും സുഖമാണെന്നു കണ്ടതില്‍ സന്തോഷിക്കുന്നു.
നിന്റെ സ്ക്കൂളിലെ വിശേഷങ്ങള്‍ അറിഞ്ഞു.കാടിനു നടുവിലെ നിന്റെ സ്ക്കൂള്‍ കാണാന്‍ കൊതിയാകുന്നു.കാട്ടുമൃഗങ്ങള്‍ താമസിക്കുന്ന കാടാണോ അത്?എങ്കില്‍ സൂക്ഷിക്കണേ.
പിന്നെ പ്രധാനപ്പെട്ട ഒരു വിശേഷം. കുഞ്ഞാമുവാണ് ഇപ്പോള്‍ ക്ലാസ് ലീഡര്‍.പഠിത്തത്തിന്റെ കാര്യത്തില്‍ അവന് നല്ല മാറ്റമുണ്ട്.അവന്‍ എഴുതാനും വായിക്കാനും തുടങ്ങി.ലീഡര്‍ എന്ന നിലയില്‍ അവന്‍ തിളങ്ങുന്നുണ്ട്,കേട്ടോ.
പിന്നെ അടുത്തുതന്നെ ഞങ്ങള്‍ ഒരു പഠനയാത്രയ്ക്ക് പോകും.ഒരു ദിവസത്തെ യാത്രയായിരിക്കുമത്.എങ്ങോട്ടാണ് പോകുന്നതൊന്നും മാഷ് പറയുന്നില്ല.സമയമാകുമ്പോള്‍ പറയാം എന്നാണ് മാഷ് പറയുന്നത്.പഠനയാത്ര കഴിഞ്ഞാല്‍ അതിന്റെ വിശേഷങ്ങള്‍ നിന്നെ എഴുതിയറിയിക്കാം.
പിന്നെ ക്ലാസില്‍ ഞങ്ങളൊരു പുഴുക്കുഞ്ഞിനെപോറ്റി.അത് വളര്‍ന്നപ്പോള്‍ പൂമ്പാറ്റയായി മാറി.എന്തു രസമായിരുന്നെന്നോ അതിനെ കാണാന്‍!അപ്പോള്‍ നീ കൂടി ഞങ്ങളോടൊപ്പം വേണമായിരുന്നെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
ഇനിയും ഒരുപാട് എഴുതാനുണ്ട്.കടലാസില്‍ സ്ഥലമില്ലാത്തതുകാരണം നിര്‍ത്തുന്നു.മറുപടി ഉടനെ അയക്കുക.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.(തുടരും...)

Sunday, 25 May 2014

ക്ലാസില്‍ ഒരു പൂമ്പാറ്റ പിറക്കുന്നു

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....10എം.എം.സുരേന്ദ്രന്‍


ഒരിക്കല്‍ പരിസരപഠനക്ലാസില്‍ പൂമ്പാറ്റയെക്കുറിച്ചും അവയുടെ ജീവിതചക്രത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ജംസീന അവള്‍ക്കുണ്ടായ വിചിത്രമായ സ്വപ്നത്തെക്കുറിച്ചു പറഞ്ഞത്.

"ഒരു ബെല്യ മരത്തിനു മോളില്‍ നിന്നായിരുന്നു പൂമ്പാറ്റകള്‍ വന്നത്.ഒരായിരം പൂമ്പാറ്റകള്‍! അവ എന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടുപറന്നു.പലപല നിറത്തിലുള്ളവ.പിന്നീട് നീലാകാശത്തിലേക്ക് അത് വരിവരിയായി പറന്ന് അങ്ങ്   പൊട്ടുപോലെ മറഞ്ഞു.....”

പിറ്റേ ദിവസം ഒരു വിശേഷപ്പെട്ട സാധനവും കൊണ്ടാണ് ജംസീന ക്ലാസില്‍ വന്നത്.പോളിത്തീന്‍ കവറില്‍ ഒരു നാരകച്ചില്ല.ചില്ലയില്‍ ഭയന്നുവിറച്ച് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പുഴു.കുട്ടികള്‍ പുഴുവിനെകാണാന്‍ അവള്‍ക്കു ചുറ്റും കൂടി.

"ഇത് പൂമ്പാറ്റയുടെ പുതുവാണ്."
ജംസീന ഒരു പ്രഖ്യാപനം നടത്തി.പക്ഷേ,മറ്റു കുട്ടികള്‍ അതു വിശ്വസിച്ചില്ല.


"ഈന് പച്ച നിറാണ്. പച്ചനിറത്തിലുള്ള പൂമ്പാറ്റയില്ലല്ലോ."അനസ് പറഞ്ഞു.
ജംസീന ആദ്യം ഒന്നു പരുങ്ങി. അല്പനേരത്തെ ആലോചനയ്ക്കുശേഷം അവള്‍ പറഞ്ഞു.
"ചെലപ്പം ഇണ്ടാകും.നമ്മള് കാണാത്തതായിരിക്കും.”
"ഈന് ചെറക് ഓട്ത്തു?"കുഞ്ഞാമുവിന്റെ സംശയം.
"ചെറക് ബയ്യെ മൊളക്കും."ജംസീന ഉറപ്പിച്ചുപറഞ്ഞു.
"എന്നാല് തേന്‍ കുടിക്കുന്ന തൂശി ഓട്ത്തു?”സംശയം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ പുഴുവിനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.

"മാശെ,ഇത് പൂമ്പാറ്റേന്റെ പുതുവാണോ?”
"നിങ്ങള്‍ക്കെന്തുതോന്നുന്നു?”
"കണ്ടിറ്റ് അങ്ങനെ തോന്നുന്നില്ല."കുട്ടികള്‍ പറഞ്ഞു.
പക്ഷേ,ജംസീന വിടാനുള്ള ഭാവമില്ല.അവള്‍ വാശിപിടിച്ചു.
"അതെ മാശെ,എന്റെ ഇച്ച പറഞ്ഞതാ.”
"ശരി...എങ്കില്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.”

ഞാന്‍ സ്റ്റാഫ്റൂമില്‍ പോയി ഒരു ചെറിയ കുപ്പിഭരണിയുമായി വന്നു.അതിന്റെ അടപ്പില്‍ രണ്ട് ദ്വാരമിട്ടു.
"ഈ ഓട്ട എന്തിനാ?"യൂനുസ് ചോദിച്ചു.
"എടാ,  പുതൂന് ശ്വാസം കയ്ക്കണ്ടെ?അയ്നി ബേണ്ടീറ്റായിരിക്കും."സുനിത പറഞ്ഞു.
നാരകത്തിന്റെ ഇലകളോടൊപ്പം പുഴുവിനെ ഭരണിയിലിട്ട് മൂടി അടച്ചു.
"അപ്പോ അയ്നി തിന്നാനോ?”
"അത് നാരകത്തിന്റെ ഇല തിന്നുകൊള്ളും."ഞാന്‍ പറഞ്ഞു.


ഭരണി ജനലിനുമുകളിലായി നല്ല വെളിച്ചം കിട്ടുന്ന ഒരിടത്തുകൊണ്ടുപോയി വെച്ചു.

പിറ്റേ ദിവസം രാവിലെ വന്നയുടനെ കുട്ടികള്‍ ഭരണി പരിശോധിച്ചു.പിന്നീട് മേശക്കരികിലേക്ക് ഓടി വന്നു പറഞ്ഞു.
"മാശെ, എല മുയ്ക്കെ പുതു തിന്നുതീര്‍ത്തു.തീറ്റക്കൊതിയന്‍.പൊരാത്തതിന് ഭരണിക്കടിയില്‍ നെറച്ചും അത് തൂറിയിട്ടു.”

കുട്ടികള്‍ പല ചെടികളുടെയും ഇലകള്‍ കൊണ്ടുവന്ന് ഭരണിയിലിട്ടു.വൈകുന്നേരം വരേയ്ക്കും ഒരു കഷണം ഇലപോലും അതു തിന്നില്ല.അവര്‍ക്ക് പ്രയാസമായി.
"അതൊന്നും തിന്നുന്നില്ല മാശെ.ഇങ്ങനെപോയാല്‍ പട്ടിണി കെടന്ന് ചത്തുപോകും.”
"പുതൂനെ ഭരണിയില്‍ പിടിച്ചിട്ടതുകൊണ്ടാ ഒന്നും തിന്നാത്തത്.നിരാഹാരസമരമായിരിക്കും."അജീഷ് പറഞ്ഞു.
"ഹൊ,ഓന്റെ ഒരു തമാശ!"റസീന ഇടയ്ക്കുകയറിപ്പറഞ്ഞു."മാശെ,എനക്ക് തോന്നുന്നത് അത് നാരകത്തിന്റെ എല മാത്രേ തിന്നൂ.”
"റസീന പറഞ്ഞതില്‍ കാര്യമുണ്ടോ എന്നു നോക്കാം.നിങ്ങള്‍ പോയി നാരകത്തിന്റെ ഇലകള്‍ കൊണ്ടുവരൂ.”


കേള്‍ക്കേണ്ട താമസം കുട്ടികള്‍ ജംസീനയുടെ വീട്ടിലേക്കോടി.സ്ക്കൂളിന് തൊട്ടടുത്താണ് അവളുടെ വീട്.നാരകത്തിന്റെ ഒരു കെട്ട് ഇലകളുമായി അവര്‍ തിരിച്ചെത്തി.കുറച്ചെണ്ണം ഭരണിയിലിട്ടുകൊടുത്തു.ബാക്കി നാളത്തേയ്ക്കും കരുതിവെച്ചു.

പുഴു വീണ്ടും തിന്നാന്‍ തുടങ്ങി.രണ്ടുമൂന്നുദിവസം തീറ്റിയോടുതീറ്റിതന്നെ.പിന്നീട് ഭരണിയുടെ മൂടിയില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്നുറങ്ങി.നല്ല ഉറക്കം.കുട്ടികള്‍ ഓരോ ദിവസവും പുഴുവിനുള്ള മാറ്റം നിരീക്ഷിച്ച് രേഖപ്പെടുത്തി.അതിന്റെ ചിത്രങ്ങള്‍ വരച്ചു.


പിറ്റേ ദിവസം രാവിലെ കുട്ടികള്‍ എന്നെ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുകയായിരുന്നു.എന്നെ കണ്ടപാടെ അവര്‍ പറഞ്ഞു.
"മാശെ, പുതു അതിനുചുറ്റും കൂട് കെട്ടാന്‍ തൊടങ്ങി.ജംസീന ചൊല്ലിയതില്‍ കാര്യുണ്ട്.”
ഞാന്‍ പോയി നോക്കി.വെള്ള നിറത്തിലുള്ള നേര്‍ത്ത പാടയുടെ ഒരു കവചം പുഴുവിനെ മൂടിയിരിക്കുന്നു.
"ഇതിനെയാണ് പ്യൂപ്പ എന്നുപറയുക.ഇതിനകത്ത് അവള്‍ ഇനി ഉറങ്ങും.”
ഞാന്‍ പറഞ്ഞു.


സാദിഖ് മിക്കപ്പോഴും ഭരണിക്കരികില്‍തന്നെയാണ്.ഓരോ ബെല്ലിനുശേഷവും അവന്‍ ഭരണിക്കരികിലേക്കോടും.ഭരണിയെടുത്ത് തിരിച്ചും മറിച്ചും നോക്കും,പിന്നീട് യഥാസ്ഥാനത്തുവെക്കും. അവന്റെ ക്ഷമ നശിച്ചിരിക്കുന്നു.
"മാശെ,സാദിഖ് മിക്കവാറും ഭരണി നെലത്തിട്ട് പൊളിക്കും.”
മറ്റു കുട്ടികള്‍ അവനെ തടഞ്ഞു.

രാവിലെ ക്ലാസുനടക്കുന്നതിനിടയില്‍ സാദിഖ് ഉറക്കെ വിളിച്ചു പറഞ്ഞു.
"നോക്ക്,പൂമ്പാറ്റ കൂട് പൊട്ടിച്ച് പൊറത്ത് ബെരുന്ന്!”എല്ലാവരും ഭരണിക്കടുത്തേക്കോടി.ജനാലയ്ക്കല്‍ നല്ല വെളിച്ചമുണ്ടായിരുന്നു.ജീവിതത്തിലെ അപൂര്‍വ്വം ചില നല്ല കാഴ്ചകളിലൊന്നായിരുന്നു അത്.പ്യൂപ്പ പൊട്ടി പൂമ്പാറ്റ പുറത്തുവരുന്നത് കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു.ആദ്യം ചിറകുകള്‍ പുറത്തുവന്നു.ചിറകുകള്‍ക്ക് നല്ല തിളക്കമുണ്ടായിരുന്നു.ശലഭം ചിറകുകള്‍ നിവര്‍ത്തിക്കുടഞ്ഞു.അല്പസമയം കഴിഞ്ഞപ്പോള്‍ ചിറകുകള്‍ക്ക് നിറം വയ്ക്കാന്‍ തുടങ്ങി.കറുപ്പില്‍ വെളുത്ത പുള്ളികള്‍ തെളിഞ്ഞു വന്നു.അടിഭാഗത്ത് ചുവപ്പു നിറത്തിലുള്ള വരയും.നോക്കിനില്‍ക്കെ ആ സുന്ദരിക്കുട്ടി ചിറകടിച്ച് പറക്കാന്‍ ഒരു വിഫല ശ്രമം നടത്തി.താന്‍ ജന്മമെടുത്തത് ഒരു ഭരണിക്കുള്ളിലാണെന്ന് അവളുണ്ടോ അറിയുന്നു!

"ഹായ്,കാണാന്‍ നല്ല ചേല്!നോക്ക്, അത് പറക്കാന്‍ കളിക്കുന്നു.”
കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി.അവരുടെ ബഹളം കേട്ട് അടുത്ത ക്ലാസിലെ കുട്ടികളും ടീച്ചര്‍മാരുമെത്തി.


"ഈ ശലഭത്തന്റെ പേരാണ് നാരകക്കാളി.”
സുരേഷ് ഇളമണ്‍ എഴുതിയ 'ചിത്രശലഭങ്ങള്‍' എന്ന പുസ്തകത്തിലെ നാരകക്കാളിയുടെ ചിത്രം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു.അതിന്റെ പ്രത്യേകതകള്‍ വായിച്ചുകൊടുത്തു.കുട്ടികള്‍ ശലഭത്തെ ഒരിക്കല്‍കൂടി സൂക്ഷിച്ചുനോക്കി.


ഇനി ഇവളെ തുറന്നു വിടാം.
ഞാന്‍ കുട്ടികളെയും കൂട്ടി പൂന്തോട്ടത്തിലേക്കിറങ്ങി.
"ജംസീനയല്ലേ പുഴു കൊണ്ടുവന്നത്.അവള്‍തന്നെ ഇതിനെ തുറന്നു വിടട്ടെ.”
ജംസീന അഭിമാനത്തോടെ മുന്നോട്ടുവന്നു.ഭരണിയുടെ മൂടി തുറന്നു.പൂമ്പാറ്റ ചിറകുവിടര്‍ത്തി പുറത്തേക്കു പറന്നു.സ്വാതന്ത്ര്യം കിട്ടിയതിലുള്ള ആഹ്ലാദം! അതൊരു ചെടിയുടെ മുകളില്‍ പറന്നിരുന്നു.ചിറകുകള്‍ സൂര്യനുനേരെ വിടര്‍ത്തി അവള്‍ വീണ്ടും പറക്കാന്‍ തുടങ്ങി.അങ്ങ് കാട്ടുപൊന്തകളിലേക്കു പറന്നകലുന്ന ആ കൊച്ചുസുന്ദരിയെ കുട്ടികള്‍ നിര്‍നിമേഷരായ് നോക്കിനിന്നു.


"ജുനൈദേ,ഇപ്പം എന്തുചൊല്ലാന്ണ്ട്?പച്ചപ്പുതു പൂമ്പാറ്റയായതു കണ്ടോ?”
ജംസീന ചോദിച്ചു.
"ഓ,അത് പിന്നെ....നിന്റെ ഇച്ച ചൊല്ലിത്തന്നതുകൊണ്ടല്ലേ?"ജുനൈദ് വിട്ടുകൊടുത്തില്ല.
എല്ലാവരും ചേര്‍ന്ന് പൂന്തോട്ടത്തില്‍ നിന്ന് ആ പഴയ കവിത പാടി...

പലപല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
കിടന്നു നാളുകള്‍ നീക്കി...
…..................................

പൂമ്പാറ്റകളെ നിരീക്ഷിക്കാനും തിരിച്ചറിയാനുമുള്ള പ്രവര്‍ത്തനത്തിലേക്കുള്ള ഒരു നല്ല തുടക്കമായി ഈ സംഭവം.(തുടരും...)


Thursday, 22 May 2014

ഒരു യാത്രയയപ്പ്

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....9
എം.എം.സുരേന്ദ്രന്‍ഷാഹുലിന് ഒരു യാത്രയയപ്പ് നല്‍കാന്‍ കുട്ടികള്‍ തിരുമാനിച്ചിരുന്നു.അതിന്റെ നടത്തിപ്പിനെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ നേരത്തെതന്നെ ക്ലാസിലെത്തി.

ക്ലസ് നിശബ്ദമായിരുന്നു.കുട്ടികള്‍ എത്തിത്തുടങ്ങുതേയുള്ളു.നേര്‍ത്ത ഇളവെയില്‍ ജനാലയിലൂടെ ക്ലാസിനകത്ത് ചിതറിവീണിരിക്കുന്നു.

ക്ലാസിന്റെ ഒരു മൂലയില്‍ കുറച്ചുകുട്ടികള്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതുന്നുണ്ട്.കൂട്ടത്തില്‍ കുഞ്ഞാമുവുമുണ്ട്.അവനെന്തോ പറഞ്ഞുകൊടുക്കുന്നു.മറ്റുള്ളവര്‍ എഴുതുന്നു.എന്താണിത്ര തിരക്കിട്ട് എഴുതുന്നതെന്ന് ചോദിച്ച് ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.പക്ഷേ,അനഘ എന്നെ വിലക്കി.
"മാശ് ഇങ്ങ് വരണ്ട.ഞാങ്ങ എയ്തിക്കയിഞ്ഞിട്ട് കാണിക്കാം.”

ഞാന്‍ കസേരയില്‍ ചെന്നിരുന്നു.ഏതോ ഒരു വിഷാദം എന്നെ മൂടിയിരുന്നു. പ്രിയപ്പെട്ടതെന്തോ കൈമോശം വന്നതുപോലെ.


കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കടലാസുമായി കുട്ടികള്‍ എന്റെ അരികിലേക്കുവന്നു.കടലാസില്‍ കറുത്തിരുണ്ട അക്ഷരങ്ങളില്‍ ഭംഗിയായി എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു.


ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി ഷാഹുലിന്,


നീ ഞങ്ങളെ വിട്ടുപോകാന്‍ തീരുമാനിച്ചു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്.നീ ഇല്ലാത്ത ഒരു ക്ലാസിനെപ്പറ്റി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.നീ അത്രയ്ക്ക് നല്ല കുട്ടിയാണ്.നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.ഇനി നിന്റെ ഡയറി വായിച്ചുകേള്‍ക്കുന്നതെങ്ങനെ?അതിലെ തമാശകള്‍ കേട്ട് ചിരിക്കാന്‍ കഴിയില്ലല്ലോ.നീ ഞങ്ങളെ ചെസ് കളി പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു.ഞങ്ങള്‍ നന്നായി പഠിച്ചു കഴിഞ്ഞിട്ടില്ല.അപ്പോഴേക്കും നീയിതാ പോകുന്നു.പുതിയ സ്ക്കൂളിലെത്തിയാല്‍ ഈ കൂട്ടുകാരെ നീ മറക്കരുത്.ഞങ്ങള്‍ക്ക് കത്തുകളെഴുതണം.നിന്റെ ഉപ്പ വേഗത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.നിനക്ക് എല്ലാ ആശംസകളും നേരുന്നു.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.


ഷാഹുല്‍ നേരിട്ട പ്രയാസങ്ങള്‍ ഞാന്‍ കുട്ടികളില്‍നിന്നും മറച്ചുവെച്ചിരുന്നു.അതുമായി ബന്ധപ്പെട്ട് കുട്ടികളില്‍നിന്നും വന്നേക്കാവുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ അവനെ വേദനിപ്പക്കേണ്ട എന്നു കരുതിയിട്ടായിരുന്നു അത്.എന്നാല്‍ അവരത് നേരത്തെ അറിഞ്ഞിരിക്കുന്നു.

"നിന്റെ ഉപ്പ വേഗത്തില്‍തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്-ഈ വരി ഒഴിവാക്കണം.അതവന് പ്രയാസമുണ്ടാക്കും."
ഞാന്‍ പറഞ്ഞു.കുട്ടികള്‍ക്ക് പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു.അവര്‍ ആ വരി ഒഴിവാക്കിക്കൊണ്ട് കത്ത് മാറ്റിയെഴുതി.


ബെല്ലടിക്കാറായി. കുട്ടികളെല്ലാവരും എത്തിച്ചേര്‍ന്നു.ചിലരുടെ കൈയില്‍ ഓരോ പൊതിയുമുണ്ടായിരുന്നു.
"ഇതെന്താണ്?"പൊതിചൂണ്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"ഇത് ഞാങ്ങളെ ചെറിയ സമ്മാനം, ഷാഹുലിന്."കുട്ടികള്‍ പറഞ്ഞു.

ക്ലാസിലെ ആറു ബേസിക്ക് ഗ്രൂപ്പുകളും ഓരോ സമ്മാനം വാങ്ങിയിരിക്കുന്നു.അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനു നല്‍കാന്‍.ഒരു കൂട്ടര്‍ മനോഹരമായ ഒരു ചുവന്ന ഫൗണ്ടന്‍ പേനയാണ് വാങ്ങിയത്. സ്വര്‍ണ്ണനിറമുള്ള ചെറിയ ഒരു പ്ലാസ്റ്റിക്ക് പെട്ടി,ക്രയോണ്‍സ്,കളര്‍ബോക്സ്,പുസ്തകങ്ങള്‍,ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍....ഓരോ ഗ്രൂപ്പും വ്യത്യസ്തമായ സമ്മാനങ്ങളാണ് വാങ്ങിയിരിക്കുന്നത്.എല്ലാം അവര്‍ മേശപ്പുറത്തു നിരത്തി.ശ്രുതി കുറേ വര്‍ണ്ണക്കടലാസുകള്‍ വാങ്ങി വന്നു.ഓരോ ഗ്രൂപ്പിന്റെയും സമ്മാനങ്ങള്‍ വെവ്വേറെ കടലാസുകളില്‍ ഭംഗിയായി പൊതിഞ്ഞു.എല്ലാവരും ഷാഹുല്‍ വരുന്നതും കാത്തിരിപ്പായി.


തങ്ങളുടെ സഹപാഠിക്ക് യാത്രയയപ്പ് നല്‍കാനുള്ള കുട്ടികളുടെ ഈ തയ്യാറെടുപ്പ് കണ്ടപ്പോള്‍ എനിക്ക് അതിരറ്റ ആഹ്ളാദം തോന്നി.അവരത് സംഘടിപ്പിച്ച രീതി ഗംഭീരമായിരുന്നു.പിരിഞ്ഞുപോകുന്ന കൂട്ടുകാരനോടുള്ള സ്നേഹം എങ്ങനെയൊക്കെ പ്രകടിപ്പിക്കാം എന്നാണവര്‍ ആലോചിക്കുന്നത്.ആരും ആവശ്യപ്പെട്ടിട്ടോ നിര്‍ബന്ധിച്ചിട്ടോ അല്ല. അവര്‍ക്ക് സ്വയം തോന്നിയതാണ്.നല്ല വിദ്യാഭ്യാസം എപ്പോഴും നല്ല തോന്നലുകളെ ഹൃദയത്തില്‍ മുളപ്പിക്കും.

കുറച്ചുകഴിഞ്ഞപ്പോള്‍ ഷാഹുല്‍ എത്തി. കൂടെ അവന്റെ ഉമ്മയുമുണ്ട്.അവന്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു.മുടി ഭംഗിയായി ചീകിയൊതുക്കിയിട്ടുണ്ട്.അവന്‍ അവന്റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരിക്കുന്നു.
യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു.സ്വാഗതം പറയുന്നത് കുഞ്ഞാമു!"ബഹുമാനപ്പെട്ട മാശെ,പ്രിയപ്പെട്ട ചെങ്ങായിമാരെ....”
കുഞ്ഞാമു ഉറച്ച ശബ്ദത്തില്‍ പ്രസംഗം തുടങ്ങി.

"ഞാങ്ങളെ കൂട്ടുകാരനായ ശാഹുല്‍ ഞാങ്ങളെ ബിട്ട് നാട്ടിലേക്ക് പോവുകയാണ്.ഈ അവസരത്തിങ്കല്‍ ഞാന് രണ്ടു വാക്ക് പറയാനാഗ്രഹിക്കുന്നു.ഓനെ ഒരിക്കലും മറക്കാനെക്കൊണ്ട് കഴിയില്ല.എയ്താന് പെന്‍സിലില്ലാത്തപ്പോള്‍ ഓനെനിക്ക് പെന്‍സില്‍ തരാറ്ണ്ട്. ചിത്രം ബെരക്കുമ്പം കളര്‍ തരാറ്ണ്ട്.കഞ്ഞികുടിക്കുമ്പം അച്ചാറ് കൊണ്ട്ത്തരാറ്ണ്ട്.എല്ലാരോടും ഓന് പെരുത്ത്സ്നേഹമാണ്.ആരുമായും അടിപിടി കൂടുന്നത് ഇന്നുവരെ കണ്ടിട്ടില്ല.”

കുഞ്ഞാമു നല്ല ഒഴുക്കോടെ സംസാരിക്കുകയാണ്.നാലാം ക്ലാസില്‍ നിന്നും തോറ്റ് ക്ലാസിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട ഒരു കുട്ടിയല്ല അവനിന്ന്.ക്ലാസില്‍ മറ്റുകുട്ടികള്‍ക്കൊപ്പം ഒരു പ്രധാന സ്ഥാനം അവനുമുണ്ട്.എല്ലാവരും കുഞ്ഞാമുവിനെ അകറ്റിനിര്‍ത്തിയപ്പോള്‍ അവനോട് ആദ്യമായി കൂട്ടുകൂടിയത് ഷാഹുല്‍ ആയിരുന്നു.അവനെ ക്ലസിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഷാഹുല്‍ നന്നായി പ്രയത്നിച്ചു.


"ചെങ്ങായിമാരെ, ഞാന്‍ അധികം പറയുന്നില്ല.പടച്ചോന്‍ എപ്പോഴും ഓന് തുണയുണ്ടാകും.അവസാനായി ഒന്നുകൂടി പറയാനുണ്ട്.നീ ഞാങ്ങളെ ഒരിക്കലും മറക്കരുത്.ഇത്രയും പറഞ്ഞുകൊണ്ട്.....”

കുഞ്ഞാമു പ്രസംഗം അവസാനിപ്പിച്ചു.കുട്ടികളുടെ നീണ്ടകരഘോഷങ്ങള്‍ക്കിടയില്‍ കുഞ്ഞാമു ബെഞ്ചില്‍ പോയിരുന്നു.എതോ നല്ല കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു അവന്റെ മുഖത്ത്.


പിന്നീട് അനഘ വന്ന് നേരത്തെ എഴുതിതയ്യാറാക്കിയ കത്ത് വായിച്ചു.കത്ത് ഭംഗിയായി മടക്കി ഒരു കവറിലിട്ട് ഷാഹുലിന് നല്‍കി.

അനഘ കത്തുവായിക്കുന്നതിനിടയില്‍ ഷാഹുലിന്റെ ഉമ്മ പലതവണ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.തന്റെ മകനോട് ഈ കുട്ടികള്‍ക്കുള്ള സ്നേഹം കണ്ട് അവര്‍ അത്ഭുതപ്പെട്ടിരിക്കണം.വാസ്തവത്തില്‍ തന്റെ മകന്‍ ഇത്രനല്ല കുട്ടിയാണെന്ന് ആ അമ്മ പോലും അറിയുന്നത് ഇപ്പോഴായിരിക്കും.


  ഓരോ ഗ്രൂപ്പും വന്ന് അവര്‍ കരുതിയ സമ്മാനങ്ങള്‍ ഷാഹുലിന് നല്‍കി.ഞാനും ഒരു സമ്മാനം വാങ്ങിയിരുന്നു. പി.നരേന്ദ്രനാഥിന്റെ 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം.പുസ്തകം അവന് സമ്മാനിച്ച് ഞാനും ഒരു ലഘുപ്രസംഗം നടത്തി.ഷാഹുലിന്റെ വായനാശീലത്തെക്കുറിച്ചും അത് എന്നെന്നും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്.പുസ്തകവുമായുള്ള നിന്റെ ചങ്ങാത്തം വളരെ പ്രധാനപ്പെട്ടതാണ്.അറിവിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് അതു നമ്മെ നയിക്കും.ആപത് ഘട്ടങ്ങളില്‍ നേര്‍വഴി കാട്ടിത്തരും.മനസ്സിലെ നന്മ വറ്റിപ്പോകാതെ സൂക്ഷിക്കാന്‍ അതു നമ്മെ സഹായിക്കും.

പിന്നീട് കുറേ കുട്ടികള്‍ പ്രസംഗിച്ചു.എല്ലാവരും ഷാഹുലിന്റ സ്വഭാവമഹിമയെ പ്രശംസിച്ചു.മുതിര്‍ന്നവരെപ്പോലെ സന്ദര്‍ഭത്തിനൊത്ത് സംസാരിക്കാന്‍ ഈ കുട്ടികള്‍ കഴിവുനേടിയിരിക്കുന്നു.പ്രസംഗിക്കാന്‍ ഞാനൊരിക്കലും അവരെ പഠിപ്പിച്ചിരുന്നില്ല.അവര്‍ക്ക് ക്ലാസില്‍ പരമാവധി സംസാരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളു.ഒരു സാഹചര്യം വീണുകിട്ടിയപ്പോള്‍ അവര്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തി.അത്രമാത്രം. ഷാഹുലിനെ മറുപടി പ്രസംഗത്തിനു ക്ഷണിച്ചു.അവന്‍ മേശക്കരികിലേക്കുവന്നു.ഒരു നിമിഷം അവനൊന്ന് പതറി.പിന്നീട് പറഞ്ഞു.

"എല്ലാവര്‍ക്കും നന്ദി.നിങ്ങളെയും സാറിനെയും ഞാനൊരിക്കലും മറക്കില്ല.എനിക്ക്....”


അവന്റെ മുഖം വിളറി.ശബ്ദം പുറത്തുവരാതെ അവന്‍ പ്രയാസപ്പെട്ടു.കണ്ണുനീര്‍ കവിളിലൂടെ ഒഴുകി.ഒന്നും പറയാനാകാതെ അവന്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു.ക്ലാസ് ഒരു നിമിഷം നിശബ്ദമായി.


യാത്ര പറയാന്‍നേരത്ത് കുട്ടികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഷാഹുലേ,കത്തയക്കാന്‍ മറക്കല്ലേ.....”
അവന്‍ തലയാട്ടി.


ഉമ്മയുടെ കൈയില്‍പിടിച്ച്,വരാന്തയിലൂടെ നടന്ന് പടികളിറങ്ങിപ്പോകുന്ന ആ കൂട്ടുകാരനെ കണ്ണില്‍നിന്ന് മറയുന്നതുവരെ കുട്ടികള്‍ നോക്കിനിന്നു.

(തുടരും....)

Sunday, 18 May 2014

ഡയറിയെഴുത്തിലെ ആത്മഭാഷണങ്ങള്‍

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍...8

എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്കഅന്നേ ദിവസം സുവര്‍ണ്ണ അവതരിപ്പിച്ച ഡയറി അവസാനിച്ചത് ഇങ്ങനെയായിരുന്നു.

…..ഞാന്‍ അച്ഛനെ കാത്തിരുന്നു. അച്ഛന്‍ എനിക്ക് പുതിയ യൂനിഫോം കൊണ്ടു വരാമെന്ന് പറഞ്ഞിരുന്നു.രാത്രി കുറേയായിട്ടും അച്ഛനെ കണ്ടില്ല.ഞാന്‍ ഡയറിയെഴുതാതെ ഉറങ്ങി.പിന്നീട് അമ്മയുടെ ഉറക്കെയുള്ള കരച്ചിലും ഒച്ചയും കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്.അച്ഛന്‍ അമ്മയെ അടിക്കുകയായിരുന്നു.അച്ഛന്‍ കള്ളുകുടിച്ചിട്ടാണ് വന്നത്.ഞാന്‍ പേടിച്ചുവിറച്ച് വാതിലിനു പുറകില്‍ ഒളിച്ചു. ചിലപ്പോള്‍ എനിക്കും കിട്ടും അടി.രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ പതിവുപോലെ അമ്മ അടുക്കളയില്‍ ദോശ ചുടുകയായിരുന്നു.അമ്മയുടെ മുഖം ചുവന്ന് വീര്‍ത്തിരുന്നു.....ആദ്യമാദ്യം കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ വിരസമായിരുന്നു.രാവിലെ എഴുന്നേറ്റതും പ്രഭാതകൃത്യങ്ങള്‍ ചെയ്തതും ക്ലാസില്‍ മാഷ് വന്നു പഠിപ്പിച്ചതും മറ്റും ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്നു അവര്‍.എന്നാല്‍ ക്ലാസിലവതരിപ്പിക്കപ്പെട്ട നല്ല ഡയറികളുടെ മാതൃകകളും വിലയിരുത്തലുകളും അവരുടെ ഡയറിക്കുറിപ്പില്‍ മാറ്റം കൊണ്ടുവന്നു.

പുതിയ പദങ്ങളും പ്രയോഗങ്ങളും മറ്റും ഡയറിക്കുറിപ്പില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രദ്ധിച്ചു.ആഖ്യാനത്തില്‍ കൂടുതല്‍ ആത്മാംശം കലരാന്‍ തുടങ്ങി.ക്ലാസുമുറിയുടെ അനുഭവമണ്ഡലത്തില്‍ നിന്നും അതു പതുക്കെ പുറത്തുകടന്നു.വീടിനകത്ത് കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനകള്‍,പീഡനങ്ങള്‍,കുടുംബവഴക്ക് അവരിലുണ്ടാ
ക്കുന്ന പിരിമുറുക്കങ്ങള്‍,ഉത്ക്കണ്ഠകള്‍,പ്രതീക്ഷകള്‍....എല്ലാത്തിന്റെയും സൂചനകള്‍ ഞാനവരുടെ ഡയറിക്കുറിപ്പുകളില്‍ വായിച്ചെടുത്തു.തനിക്ക് ചുറ്റുമുള്ള ജീവിതത്തോടുള്ള കുട്ടികളുടെ സഹജമായ പ്രതികരണങ്ങള്‍ അവര്‍ എഴുത്തിലൂടെ ആവിഷ്ക്കരിച്ചു.  യാന്ത്രികമായ എഴുത്ത് ജൈവികമായ ആവിഷ്ക്കാരത്തിനു വഴിമാറി.എഴുതുകയെന്നത് കുട്ടികളുടെ ആവശ്യമായി മാറി.  അവരുടെ സ്വകാര്യദുഃഖങ്ങള്‍ കോറിയിട്ട പേജുകള്‍ ക്ലാസില്‍ ഉറക്കെ വായിക്കാന്‍ അവര്‍ വിമുഖത കാട്ടി.


ഒരു ദിവസം ഷാഹുല്‍ ക്ലാസില്‍ വന്നത് അല്പം മുടന്തിക്കൊണ്ടാണ്.കാലിന്റെ മടമ്പ് നീരുവെച്ച്
 വീങ്ങിയിരിക്കുന്നു.എന്തുപറ്റിയെന്ന് ഞാന്‍ അവനോടു ചോദിച്ചു.ഒരു ചെറുചിരിയോടെ അവന്‍ ഡയറിപ്പുസ്തകം എനിക്കുനേരെ നീട്ടി.ഞാനത് വായിച്ചുനോക്കി.

ഇന്ന് ഞായറാഴ്ചയായതുകൊണ്ട് വൈകിയാണുണര്‍ന്നത്.ഉപ്പ വീട്ടില്‍തന്നെ ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.ചായ കുടിച്ച് ഞാനും ഉപ്പയും ചെസ് കളിക്കാനിരുന്നു.ഞങ്ങള്‍ ചെസ് കളിക്കുന്നത് നോക്കിക്കൊണ്ട് അടുത്തുതന്നെ മേശപ്പുറത്ത് ചിക്കുവുമുണ്ട്.ചിക്കു ഞങ്ങളുടെ വളര്‍ത്തുപൂച്ചയാണ്.അവള്‍ നോക്കിയിരിക്കുമ്പോള്‍ ചെസ് കളിക്കാന്‍ രസമാണ്.ഇടയ്ക്ക് അവള്‍ എഴുന്നേറ്റു പോയി.അവള്‍ക്ക് മുഷിഞ്ഞുകാണും.രണ്ടു കളിയിലും ഞാന്‍ ജയിച്ചു.ഉപ്പ അതോടെ കളി നിര്‍ത്തി. ഞാന്‍ ചിക്കുവിനെ അന്വേഷിച്ചിറങ്ങി.അവളെ എവിടെയും കണ്ടില്ല.അടുത്ത വീട്ടിലെ ഹസീനത്താത്ത വിളിച്ചുപറഞ്ഞു അവളവിടെയുണ്ടെന്ന്.ഞാന്‍ അങ്ങോട്ടുചെന്നു.ചിക്കു അടുക്കളയിലെ തിണ്ണമേല്‍ കുത്തിയിരിപ്പാണ്.ഞാനവളെ പിടിക്കാന്‍ നോക്കി.അവള്‍ മുറ്റത്തെ പേരമരത്തില്‍ ഓടിക്കയറി.ഞാനും പുറകെ വലിഞ്ഞുകയറി.അവള്‍ മരത്തിനറ്റത്തെ ചെറിയ കൊമ്പില്‍ പതുങ്ങിയിരുന്നു.അവളെ പിടിക്കാന്‍  ഞാനും കൊമ്പിലേക്കു കയറി.അവള്‍ താഴേക്ക് ഒറ്റച്ചാട്ടം.പെട്ടെന്ന് ഒരു ശബ്ദം കേട്ടു.കൊമ്പ് ഒടിയുന്നതാണ്.ഞാന്‍ താഴേക്കു വീണു.ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.കാലില്‍ ചെറിയൊരു ഉളുക്ക്.അത്രമാത്രം. പൂച്ചയെക്കൊണ്ടുകളിക്കുന്നതിന് ഉമ്മയുടെ വഴക്കുകേള്‍ക്കേണ്ടി വന്നതായിരുന്നു അതിലും കഷ്ടം
!
ഷാഹുലിന്റെ ഉപ്പയ്ക്ക് കൃഷി ഡിപ്പാര്‍ട്ടുമെന്റിലാണ്  ജോലി.അവര്‍ വയനാട്ടിലായിരുന്നു.ഉപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ടാണ് ഇങ്ങോട്ട് പോന്നത്.അയാള്‍ ഇടക്കിടെ എന്നെ കാണാന്‍ വരും.നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്‍.ഞങ്ങള്‍ ഷാഹുലിനെക്കുറിച്ച് സംസാരിക്കും.അവന്റെ കുസൃതികളെക്കുറിച്ച്,‍ഡയറിയെഴുത്തിനെക്കുറിച്ച്,വായനാശീലത്തെക്കുറിച്ച്,കണക്കുചെയ്യുന്നതിലുള്ള വേഗതയെക്കുറിച്ച്....

മാസാവസാനത്തെ ക്ലാസ് തല രക്ഷാകതൃയോഗങ്ങളിലെല്ലാം അവന്റെ ഉപ്പയും ഉമ്മയും പങ്കെടുത്തു.പുതിയ പഠന രീതിയെക്കുറിച്ചും മറ്റും സംശയങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച തുടങ്ങിവെക്കുകയും ചെയ്തു.ഒരിക്കല്‍ ഷാഹുല്‍ ക്ലാസില്‍ വന്നത് പഞ്ചതന്ത്രം കഥകളുടെ ഒരു പുതിയ കോപ്പിയുമായാണ്.
"ഇന്നലെ എന്റെ പിറന്നാളായിരുന്നു സേര്‍.ഈ പുസ്തകം ഹസീനത്താത്തയുടെ സമ്മാനമാണ്.”
"നല്ല സമ്മാനം."ഞാന്‍ പുസ്തകം വാങ്ങി നോക്കിക്കൊണ്ടു പറഞ്ഞു.
"ആരാണ് ആയിഷത്താത്ത?”
"എന്റെ അടുത്ത പൊരേലാ.കോളേജിലൊക്കെ പഠിച്ചതാ.
ഇതുവരെ ജോലിയായിട്ടില്ല.”
അവന്റെ സംസാരത്തിലും ഡയറിയിലുമൊക്കെ ഹസീനത്താത്ത നിറഞ്ഞു നിന്നു.ഒരു ദിവസം അവന്‍ പറഞ്ഞു.
"അടുത്തതവണ ഞങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ ഹസീനത്താത്തയെയും കൂടെക്കൂട്ടും.”


ദിവസങ്ങള്‍ കടന്നുപോയി.ഇടയ്ക്ക് അവന്‍ ഒരാഴ്ചയോളം ക്ലാസില്‍ വന്നില്ല.ഒരു പക്ഷേ,നാട്ടില്‍ പോയതാവാമെന്ന് ഞാന്‍ കരുതി.പിന്നീടൊരു ദിവസം ഏറെ വൈകി അവന്‍ ക്ലാസിലെത്തി.ആദ്യമായിട്ടായിരിക്കണം അവന്‍ ക്ലാസില്‍ വൈകിയെത്തുന്നത്.


"നാട്ടില്‍ പോകുമ്പോള്‍ നിനക്കൊന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ?"ഞാനല്‍പ്പം ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചു.
അവന്‍ ഒന്നും മിണ്ടിയില്ല.

ഞാനവനെ സൂക്ഷിച്ചു നോക്കി.അവന്‍ വല്ലാതെ ക്ഷീണിച്ച് പോയിരിക്കുന്നു.മുഖം വാടിയിരിക്കുന്നു.തലമുടി പാറി പറന്നിട്ടുണ്ട്.മുഷിഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു.ഈ രൂപത്തില്‍ ഞാനവനെ ഇതുവരെ കണ്ടിട്ടില്ല.
"എന്തു പറ്റീ നിനക്ക്? എന്തായിരുന്നു അസുഖം?”
അവനൊന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നതേയുള്ളു.
"വരൂ,നിന്റെ ഡയറി വായിച്ചുകൊടുക്കൂ."ഞാന്‍ നിര്‍ബന്ധിച്ചു.

പക്ഷേ, അവന്‍ അനങ്ങിയില്ല.അവന്റെ കണ്ണുനിറഞ്ഞിരിക്കുന്നതായി എനിക്കു തോന്നി.അവനെന്തോ പ്രയാസമുണ്ട്.ഞാന്‍ അവന്റെ അടുത്ത് ചെന്ന് ഡയറി ചോദിച്ചു.അവന്‍ തന്നില്ല.കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ പുസ്തകം എന്റെ കൈയില്‍ വെച്ചുതന്നു,ഒരപേക്ഷയോടെ.
"ഉറക്കെ വായിക്കല്ലേ,സേര്‍.”


കഴിഞ്ഞ ഒരാഴ്ചയായി ഉപ്പ പോയിട്ട്.എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കുമറിയില്ല.ഒന്നു മാത്രമറിയാം.കൂടെ ഹസീനത്താത്തയുമുണ്ട്.നാട്ടിലേക്കാണെങ്കില്‍ ഞങ്ങളെയും കൂട്ടാമല്ലോ.ആ താത്തയ്ക്കെങ്കിലും പറയാമായിരുന്നു.

ഉപ്പ പോയതില്‍പ്പിന്നെ ഉമ്മ എപ്പോഴും കരച്ചിലാണ്.വീട്ടില്‍ ഭക്ഷണം പോലും ഉണ്ടാക്കാറില്ല.ഉപ്പ ഞങ്ങളെ വിട്ടുപോയെന്നും ഇനിയൊരിക്കലും  വരില്ലെന്നുമാണ് ഉമ്മ പറയുന്നത്.നേരായിരിക്കുമോ? ഉപ്പയും താത്തയും ഒന്നിച്ച് കഴിയുമത്രെ!ഞങ്ങളെ ഒഴിവാക്കിയിട്ട് അതിന് കഴിയോ അവര്‍ക്ക്.ഉമ്മയുടെ കയ്യിലാണെങ്കില്‍ പണവുമില്ല.ഉമ്മ ഇന്നലെ മാമനെ ഫോണില്‍ വിളിച്ച് ഒരുപാട് കരഞ്ഞു.മാമന്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല......


എനിക്ക് വായിച്ച് മുഴുപ്പിക്കാന്‍ കഴിഞ്ഞില്ല. പുസ്തകത്തിന്റെ താളുകള്‍ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നതായി തോന്നി.മനസ്സിനു വല്ലാത്ത വിങ്ങല്‍.പുസ്തകം മടക്കിക്കൊടുത്ത്,'ഉപ്പ ഉടനെ തിരിച്ചുവരും,നിങ്ങളുടെ സ്നേഹത്തെ അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ ഉപ്പയ്ക്കാവില്ല.ഞാനും അന്വേഷിക്കാം' എന്നൊക്കെപ്പറഞ്ഞ്  ഞാനവനെ സമാധാനിപ്പിച്ചു.എനിക്കത്രയേ കഴിയുമായിരുന്നുള്ളു.


പിറ്റേ ദിവസം അവന്റെ ഉമ്മ എന്നെക്കാണാന്‍ വന്നു.അവര്‍ എനിക്കു മുന്നില്‍നിന്ന് കുറേനേരം കരഞ്ഞു.എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.എങ്ങനെയാണവരെ സമാധാനിപ്പിക്കുക?

"അയാള്‍ക്ക് ഒരബദ്ധം പറ്റിയതായിരിക്കും.തെറ്റു മനസ്സിലാക്കുമ്പോള്‍ തിരിച്ചുവരും."ഞാന്‍ പറഞ്ഞു.
അവര്‍ കണ്ണുകള്‍ തുടച്ചു.കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.പിന്നീട് പറഞ്ഞു.
"ഇനി അയാള്‍ വരണ്ട.വന്നാല്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.”
അവര്‍ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.


"മാഷെ,ഞങ്ങള്‍ നാട്ടിലേക്ക് പോവുന്നു.എനിക്ക് ഷാഹുലിന്റെ ടി സി വേണം."അവര്‍ ചിരിക്കാന്‍ ശ്രമിച്ചു.
"ധൃതിയില്‍ അങ്ങനെയൊരു തീരുമാനമെടുക്കണോ?”
"വേണം.എത്ര ദിവസംന്ന് വെച്ചിട്ടാ ഞങ്ങളിവിടെ ഒറ്റയ്ക്ക് താമസിക്കുക?”
അവര്‍ യാത്ര പറഞ്ഞിറങ്ങി.

അന്നു രാത്രി എനിക്കുറക്കം വന്നില്ല.എന്നും രാവിലെ ഡയറി വായിക്കാറുള്ള ഷാഹുലിന്റെ പ്രസന്നമായ മുഖമായിരുന്നു എന്റെ മനസ്സില്‍.അവന്റെ ഉമ്മയുടെ കണ്ണീരും.ഇനിമുതല്‍ ഷാഹുല്‍ ക്ലാസിലുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെ പാടുപെട്ടു. ഓരോ കുട്ടിക്കും ക്ലാസില്‍ ഓരോ ഇടമുണ്ട്.പിരിഞ്ഞു പോകുന്നവന്‍ ഒരു ശൂന്യത ബാക്കിവയ്ക്കും.


(തുടരും...)


Wednesday, 14 May 2014

സമ്മാനത്തിന്റെ മധുരം

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....7

എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


"മാശെ, ഇന്ന് പതങ്ങള് മേണ്ട.” കുഞ്ഞാമു പറഞ്ഞു.
"എനക്ക് കയ്യിന്നില്ല.”
കുഞ്ഞാമുവിന്റെ നോട്ടുപുസ്തകത്തില്‍ പദങ്ങള്‍ എഴുതാന്‍ തുടങ്ങുകയായിരുന്നു ഞാന്‍.നോട്ടുപുസ്തകം അടച്ച് ഞാന്‍ കുഞ്ഞാമുവിനെ നോക്കി.
"എന്തു പറ്റി?”
"എനക്ക് വെനയാവ്ന്ന്, മാശെ.”

എന്നും രാവിലെ ക്ലാസുതുടങ്ങുന്നതിന്നുമുമ്പ് കുഞ്ഞാമു ഒരു നോട്ടുപുസ്തകവുമായി എന്റെ മുന്നില്‍ ഹാജരാകും.ഇന്ന് ഏതൊക്കെ പദങ്ങളാണ് വേണ്ടതെന്ന് ഞാന്‍ അവനോട് ചോദിക്കും.ഒരു നിമിഷം കണ്ണടച്ച്നിന്ന് ആലോചിച്ച് അവന്‍ പറയും.സക്കാത്ത്, നോമ്പ്,ഉറൂസ്... പദങ്ങള്‍ ഭംഗിയായി ഞാന്‍ നോട്ടുപുസ്തകത്തില്‍ എഴുതും.അവന് വായിച്ചുകൊടുക്കും.കഴിഞ്ഞ ദിവസം എഴുതാന്‍ നല്‍കിയ പദങ്ങള്‍ പരിശോധിക്കും.വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.ഞാന്‍ കൊടുത്ത നോട്ടുപുസ്തകം അവന്‍ ഭംഗിയായി സൂക്ഷിക്കുന്നു.പത്രത്താളുകൊണ്ട് പൊതിഞ്ഞ്, വൃത്തിയായി പേരെഴുതി,ചെളി പുരളാതെ...

മുനകൂര്‍പ്പിച്ച്, എപ്പോഴും കീശയില്‍ കൊണ്ടുനടക്കുന്ന ഒരു പെന്‍സിലും അവന് സ്വന്തമായുണ്ട്.

അവന്റെ കൈയക്ഷരവും മറ്റും  നന്നായിട്ടുണ്ട്.കുറേ പദങ്ങള്‍ അവനിപ്പോള്‍ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്.
പക്ഷേ, പദങ്ങള്‍ എഴുതിപ്പഠിക്കുന്ന ഈ രീതി വിരസമാവാന്‍ തുടങ്ങിയിരിക്കുന്നു.അവനും എനിക്കും.


ആയിടയ്ക്കാണ് പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസില്‍ ഒരു കടങ്കഥാപ്പയറ്റ് നടത്തുന്നതിനുള്ള സാധ്യത തെളിഞ്ഞുവന്നത്.
"അടുത്തവെള്ളിയാഴ്ച കടങ്കഥാപ്പയറ്റ് ഉണ്ടായിരിക്കുന്നതാണ്."ഞാന്‍ ക്ലാസില്‍ ഒരു പ്രഖ്യാപനം നടത്തി.

ഓരോ പാഠഭാഗത്തും കുട്ടികള്‍ ധാരാളം കടങ്കഥകള്‍ പരിചയപ്പെട്ടിട്ടുണ്ട്.ഇതിന്റെ പ്രയോഗസാധ്യതയെക്കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചത്.

"ഇന്നു ബുധന്‍.എനി എട്ട് ദെവസൂണ്ട്...."കുട്ടികള്‍ എണ്ണാന്‍ തുടങ്ങി.
"മാശെ, എനി എട്ട് ദെവസല്ലേയുള്ളു.തയ്യാറാവാന്‍ അതു പോര.” അനഘ പറഞ്ഞു.അവളെപ്പോഴും അങ്ങനെയാണ്. എത്ര തയ്യാറെടുത്താലും അവള്‍ക്ക് മതിയാകില്ല.
"ഒരുപാട് കടങ്കഥകള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കറിയാലോ.ബാക്കി ശേഖരിക്കാന്‍ ഈ ദിവസങ്ങള്‍ പോരെ?”
"മതി..മതി.."അജീഷ് പറഞ്ഞു."എങ്കില്‍ സേര്‍ ഇപ്പോത്തന്നെ ഗ്രൂപ്പാക്കണം.”
അജീഷിന്റെ ആവശ്യം എല്ലാവരും അംഗീകരിച്ചു

 കുട്ടികളെ ആറുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കിത്തിരിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ ലീഡറേയും തെരഞ്ഞെടുത്തു.ഈ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു മത്സരം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ കടങ്കഥകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി.സ്ക്കൂള്‍ ലൈബ്രറിയിലെ കടങ്കഥാപുസ്തകങ്ങള്‍ ഞാന്‍ കുട്ടികള്‍ക്കു നല്‍കി.കൂടാതെ അവര്‍ നേരിട്ടും പുസ്തകങ്ങള്‍ ശേഖരിച്ചു.ചിലര്‍ നാട്ടുമുത്തശ്ശിമാരെ അന്വേഷിച്ചു നടന്നു.മുത്തശ്ശിമാര്‍ കുട്ടികള്‍ക്കുമുന്നില്‍ അവരുടെ കടങ്കഥാഭണ്ഡാരം തുറന്നുവെച്ചു.കടങ്കഥകളുടെ രസകരമായ ലോകത്തേക്ക് അവരെ കൈപിടിച്ചുകൊണ്ടുപോയി.

ഗ്രൂപ്പുകള്‍ എപ്പോഴും ഒറ്റക്കെട്ടായി നിന്നു.ഓരോ ഗ്രൂപ്പിലേയും കുട്ടികള്‍ മറ്റു ഗ്രൂപ്പുകളുമായി ഇടപഴകുന്നത് അതാതു ഗ്രൂപ്പു ലീഡര്‍മാര്‍ വിലക്കി.ഗ്രൂപ്പ് അംഗങ്ങള്‍ മറ്റു ഗ്രൂപ്പുകള്‍ക്ക് കടങ്കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നത് തടയാനായിരുന്നു ഇത്.


 കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ നൂറുകണക്കിനു കടങ്കഥകള്‍ കൊണ്ടുനിറഞ്ഞു.ഇതുവരെ കേട്ടിട്ടില്ലാത്തവ.ഒരു പുസ്തകത്തിലും ശേഖരിക്കപ്പെടാത്തവ.പക്ഷേ, എല്ലാം എല്ലാവരും രഹസ്യമാക്കിവെച്ചു.

സ്ക്കൂളിനു പിന്നാമ്പുറത്തെ ആല്‍മരച്ചുവട്ടിലും ഗ്രൗണ്ടിന്റെ വടക്കേമൂലയിലെ സ്റ്റേജിലും കിഴക്കേപാറക്കെട്ടിനു മുകളിലെ  പറങ്കിമാവിന്‍ ചുവട്ടിലും ഗ്രൂപ്പുകള്‍ രഹസ്യയോഗം ചേര്‍ന്നു.പഠിച്ചത് അവസാനവട്ടം ഒന്നുകൂടി ഉറപ്പിക്കാന്‍.

നോട്ടുപുസ്തകം എപ്പോഴും മുറുകെപ്പിടിച്ചാണ് കുഞ്ഞാമുവിന്റെ നടത്തം.
"കുഞ്ഞാമു ഒന്ന് പുസ്തകം നോക്കട്ടെ..?"ഞാന്‍ ചോദിച്ചു.
അവന്‍ പുസ്തകം തരാന്‍ ആദ്യം ഒന്നു മടിച്ചു.
"മാശ് ഓര്‍ക്കൊന്നും ചൊല്ലിക്കൊടുക്കൂലേങ്കില് തരാ.”
"ഇല്ല.” ഞാന്‍ ഉറപ്പ് കൊടുത്തു.

അവന്‍ പുസ്തകം തന്നു. ഞാനത് തുറന്നുനോക്കി.നിറയെ കടങ്കഥകള്‍!എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അവന്റെ കൈയ്യക്ഷരം തന്നെ.വൃത്തിയായിയെഴുതിയിരിക്കുന്നു.
"ഇതൊക്കെ എവിടുന്നാ?”
"അടുത്ത പൊരേലെ ഉപ്പൂപ്പ ചൊല്ലിത്തന്നത്.ആട്ത്തെ താത്ത അത് കടലാസില് ഏയ്തിത്തന്ന്.ഞാന് അത് നോക്കി ബുക്കില് എയ്തി.ബയ്യെ പടിച്ചു.”


അതിലെ ഒരു  കടങ്കഥ തൊട്ടുകാണിച്ച് ഞാന്‍ അവനോട് വായിക്കാന്‍ പറഞ്ഞു.ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അവന്‍ ആ കടങ്കഥ എനിക്കു വായിച്ചു തന്നു.അത്ഭുതം! ഇതെങ്ങനെ സാധ്യമായി?
ഞാന്‍ ഒരെണ്ണം കൂടി വായിക്കാന്‍ പറഞ്ഞു.അതും അവന്‍ ഭംഗിയായി വായിച്ചു.

അവന്റെ വായനയുടെ രഹസ്യം ഇത്തവണ എനിക്കു മനസ്സിലായി.കടങ്കഥയിലെ ചില പദങ്ങള്‍ അവന് വായിക്കാന്‍ കഴിയുന്നുണ്ട്.കടങ്കഥകളെല്ലാം നേരത്തേ പഠിച്ചതുകാരണം ബാക്കി ഓര്‍മ്മയില്‍നിന്നും വായിക്കുന്നു.
അവന് നല്ല പുരോഗതിയുണ്ട്.അവന്‍ വായനയുടെയും എഴുത്തിന്റേയും നേര്‍വഴിയിലേക്ക് വന്നിരിക്കുന്നു.എനിക്കു സന്തോഷം തോന്നി.


 ഒടുവില്‍ മത്സരദിവസം വന്നെത്തി.കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു.മത്സരത്തില്‍ തങ്ങളാണ് ജയിക്കാന്‍ പോകുന്നതെന്ന ആത്മവിശ്വസത്തേടെ ഓരോ ഗ്രൂപ്പും തയ്യാറായി.
മത്സരം തുടങ്ങി.
ഒന്നാം ഗ്രൂപ്പിലെ അനീസയുടേതായിരുന്നു ആദ്യത്തെ ഊഴം.

അക്കരെ വീട്ടില്‍ തെക്കേത്തൊടിയില്‍
ചക്കരകൊണ്ടൊരു തൂണ്
തൂണിനകത്തൊരു നൂല്
നൂല് വലിച്ചാല്‍ തേന്
.

രണ്ടാം ഗ്രൂപ്പുകാര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
"ഉത്തരം ചെക്കിപ്പൂവ്.”
 അവര്‍ വിളിച്ചു പറഞ്ഞു.തുടര്‍ന്ന് നീണ്ട കരഘോഷം.
ഇനി രണ്ടാം ഗ്രൂപ്പിന്റെ ഊഴം.ഷാഹുല്‍ ആയിരുന്നു ചോദ്യകര്‍ത്താവ്.


"പച്ചപ്പലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ.”

ചോദ്യം മൂന്നാം ഗ്രൂപ്പിനോടാണ്. അവര്‍ക്ക് ഉത്തരമില്ല.അവര്‍ നാലാം ഗ്രൂപ്പിന് പാസ് ചെയ്തു.നാലില്‍നിന്നും അഞ്ചിലേക്ക്.അഞ്ചിലെ സുനിത എഴുന്നേറ്റു.
"പപ്പായ."
ഉത്തരം ശരിയാണ്.അഞ്ചാം ഗ്രൂപ്പിലെ കുട്ടികള്‍ ഉറക്കെ കൈയ്യടിച്ചു.അവരുടെ കണ്ണുകള്‍ സ്കോര്‍ബോര്‍ഡിലാണ്. ഞാന്‍ തെറ്റുവരുത്തുന്നുണ്ടോ എന്നറിയാന്‍.

ഇത്തിരി മുറ്റത്തഞ്ചുമുരിക്ക്
അഞ്ചു മുരിക്കില്‍ കൊഞ്ചു മുരിക്ക്
കൊഞ്ചു മുരിക്കില്‍ ചാന്തുകുടം.


അഞ്ചാം ഗ്രൂപ്പിന്റേതാണ് ചോദ്യം......
കുട്ടികള്‍ കടങ്കഥകള്‍ ശരം കണക്കെ എയ്തുവിട്ടുകൊണ്ടിരുന്നു.പലതിനും ഉരുളയ്ക്കുപ്പേരിപോലെ ഉത്തരം കിട്ടി.ചിലപ്പോള്‍ ഉത്തരങ്ങളുടെ സാംഗത്യത്തെക്കുറിച്ചു തര്‍ക്കം നടന്നു.ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒന്നരമണിക്കൂര്‍ നീണ്ടു.മൂന്നു ഗ്രൂപ്പുകള്‍ മത്സരത്തില്‍നിന്നും പുറത്തായി.അവശേഷിച്ച രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ പോയിന്റുനിലയില്‍ സമാസമം.ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനും രണ്ടു ഗ്രൂപ്പുകളും ഒപ്പത്തിനൊപ്പം.


ഇതില്‍ ഒരു ഗ്രൂപ്പിലായിരുന്നു കുഞ്ഞാമു.അവന്‍ ഗ്രൂപ്പ് അംഗങ്ങളുമായി തിരക്കിട്ട കൂടിയാലോചനയിലാണ്.
"ഞാനൊരു കടങ്കഥ ചോയ്ക്കാം, മാശെ."
അവന്‍ എഴുന്നേറ്റു. ഇപ്പോള്‍ എല്ലാകണ്ണുകളും കുഞ്ഞാമുവില്‍.
വായ വലുതായി തുറന്ന്,സ്വതവേ അടഞ്ഞ ശബ്ദം നേരെയാക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ കടങ്കഥ ചോദിച്ചു.

കറിത്തടത്തില്‍ കറി നട്ടു
കറി വന്നു,കറി തിന്നു
കറി വീണു,കറി ചത്തു
കറി വെച്ചു.കറിയേത്?


ഇത്തവണ കുട്ടികള്‍ കുഴങ്ങി.എല്ലാ തലകളും ഒരുമിച്ചുചേര്‍ന്നു.ആലോചിച്ചു.ഉത്തരമില്ല.
'കഴിയുമെങ്കില്‍ ഉത്തരം പറയ്,ഒന്നു കാണട്ടെ' എന്ന ഭാവത്തില്‍ കുഞ്ഞാമു നിന്നു.


കൂടിയാലോചിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

ഗത്യന്തരമില്ലാതെ എതിര്‍ഗ്രൂപ്പുകാര്‍ അടിയറവു പറഞ്ഞു.
"ആയിരം കടം. ഉത്തരം പറ."
യൂനുസ് വിളിച്ചു പറഞ്ഞു.
കുഞ്ഞാമു ഒരു ജേതാവിനെപ്പോലെ എഴുന്നേറ്റു നിന്നു.
"ഉത്തരം ആട്.”
അവന്‍ പ്രഖ്യാപിച്ചു.
കുട്ടികളുടെ കരഘോഷങ്ങള്‍ക്കിടയില്‍ നാലാം ഗ്രൂപ്പിലെ ഒരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു. "വിശദീകരിച്ചു പറയണം.”
കുഞ്ഞാമു വിശദീകരിച്ചു.
"തെങ്ങിന്റെ തടത്തില് ചീര നട്ടു.ചീര തിന്നാന് ആട് ബന്ന്.അപ്പൊ തേങ്ങ ബീണ് ആട് ചത്തു.ചത്ത ആടിനെ കറി ബെച്ചു.അപ്പൊ കറി ആട്.”
കുട്ടികള്‍ വാ പൊളിച്ചിരുന്നു.വിശ്വാസം വരാത്തവണ്ണം എല്ലാവരും കുഞ്ഞാമുവിനെ നോക്കി.കുഞ്ഞാമു ഇതെങ്ങനെ പഠിച്ചെടുത്തു?


ഞാന്‍ അഞ്ചാം ഗ്രൂപ്പിനെ വിജയിയായി പ്രഖ്യാപിച്ചു.കുട്ടികള്‍ കുഞ്ഞാമുവിനെ ചുമലിലേറ്റി 'കുഞ്ഞാമു കീ ജയ് 'എന്ന് മുദ്രാവാക്യം വിളിച്ച് ക്ലാസിന് വലം വെച്ചു.

സമ്മാനം വിതരണം ചെയ്യാന്‍ ഞാന്‍ അടുത്ത ക്ലാസിലെ ശോഭ ടീച്ചറെ ക്ഷണിച്ചു.
"ഞാങ്ങള ജയിപ്പിച്ചത് കുഞ്ഞാമുവാണ്.സമ്മാനം കുഞ്ഞാമു തന്നെ മേങ്ങട്ട്."
അഞ്ചാം ഗ്രൂപ്പിന്റെ ലീഡര്‍ അനഘ പറഞ്ഞു.


കുഞ്ഞാമുവിന്റെ വട്ടമുഖം ഒന്നുകൂടി വികസിച്ചു.അവന്റെ കണ്ണുകള്‍ തിളങ്ങി.അഭിമാനത്തോടെ,ഉറച്ച കാല്‍വെപ്പുകളോടെ അവന്‍ സമ്മാനം വാങ്ങാന്‍ മുന്നോട്ട് വന്നു.ഒരു പക്ഷേ,ജീവിതത്തിലാദ്യമായി അവന് കിട്ടിയ ഒരു അംഗീകാരമായിരിക്കണം അത്.നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ സമ്മാനം വാങ്ങി.

കുഞ്ഞാമു സമ്മാനപ്പെട്ടി പൊട്ടിച്ചു.ഒരു പായ്ക്കറ്റ് മിഠായി!

അവന്‍ തന്നെ മിഠായി എല്ലാവര്‍ക്കും വിതരണം ചെയ്തു.ആദ്യം ജയിച്ച
ഗ്രൂപ്പിലെ കുട്ടികള്‍ക്ക്.പിന്നീട് മറ്റുള്ളവര്‍ക്കും.പരാജയപ്പെട്ടവര്‍ മടിച്ചു മടിച്ചാണെങ്കിലും വിജയികളെ അഭിനന്ദിച്ചു.മിഠായി തിന്നുന്നതിനിടയില്‍ റസീന വിളിച്ചുപറഞ്ഞു.
"ഈ മിഠായിക്ക് എന്തൊരു മധുരം!”

ബഹളങ്ങളെല്ലാം അടങ്ങിയപ്പോള്‍ ഞാന്‍ കുഞ്ഞാമുവിനെ അടുത്തുവിളിച്ച് സ്വകാര്യം ചോദിച്ചു.
"ആരാ നിനക്കീ കടങ്കഥ പറഞ്ഞു തന്നത്?”
"അട്ത്ത പൊരേലെ ഉപ്പൂപ്പ."
മിഠായി തിന്നുന്നതിനിടയില്‍ കുഞ്ഞാമു സന്തോഷത്തോടെ പറഞ്ഞു.


(തുടരും...)
Saturday, 10 May 2014

ഒരു കുറ്റസമ്മതം

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....6

എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക
സാദിഖിന് മുന്നില്‍ ഞാന്‍ അത്ഭുതപ്പെട്ട് നിന്നു.യഥാര്‍ത്ഥത്തില്‍ എന്താണ് സാദിഖ്?

ഞാനവന്റെ പാറിപ്പറന്ന ചെമ്പന്‍ തലമുടിയിലേക്കും നീണ്ടുമെലിഞ്ഞ മുഖത്തേക്കും നോക്കി.അവനാകട്ടെ,ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്.അവന്റെ സ്വതഃസിദ്ധമായ നിര്‍വ്വികാരതയോടെ.


 എന്റെ തൊട്ടടുത്ത് ജുനൈദ് നില്‍പ്പുണ്ട്.അവന്‍ ആകെ പരവശനായിരിക്കുന്നു.അല്പം മുമ്പ് വരെ അവന്റെ മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.മൂക്ക് തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ രക്തം നിന്നു.കുട്ടികള്‍ അവന്  വെള്ളം കുടിക്കാന്‍ കൊടുത്തു.

"സാദിഖ്, നീയാണോ ജുനൈദിനെ ഇടിച്ചത്?”
"അതെ...” അവന്‍ കൂസലില്ലാതെ പറഞ്ഞു.
"എന്തിന്?”
"ഓനെന്റെ തീപ്പെട്ടിച്ചിത്രം കീറിയതിന്."
അവന്‍ ജുനൈദിനെ ഒളികണ്ണിട്ട് നോക്കി.
"ഓന്‍ കളെന്നെ പറയേന്ന് സേര്‍.ഞാന് തീപ്പെട്ടിച്ചിത്രം ഘഢ്ഡി കൊട്ത്ത് ഓനോട് മേങ്ങിയതാന്ന്.ഓനത് തിരികെ ചോയ്ച്ചപ്പം കൊടുത്തില്ല.”
ജുനൈദിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.


സാദിഖിനെ തുറിച്ചുനോക്കിക്കൊണ്ട്, എന്തുചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു.കഷ്ടം! ഇത്രനാളായിട്ടും എനിക്ക് ഈ കുട്ടിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ..!

ഇന്നാള് ഒരു ദിവസം അവന്‍ ഒപ്പിച്ച ഒരു കുസൃതി കേള്‍ക്കണോ?


‌അന്ന് ഗണേശ തല മൊട്ടയടിച്ചാണ് ക്ലാസില്‍ വന്നത്.ബോര്‍ഡുമായ്ക്കാന്‍ കൊണ്ടുവെച്ച മഷിയെടുത്ത് അവന്‍ ഗണേശയുടെ തലയില്‍ തേച്ചു.എന്നിട്ടവനെ എല്ലാവര്‍ക്കുമുമ്പിലും കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു.മറ്റൊരിക്കല്‍ അവനൊരു കത്രികയുമായിവന്ന് സ്വയം ബാര്‍ബറായി വേഷം കെട്ടി രഹസ്യമായി മറ്റുള്ളവരുടെ മുടി മുറിച്ചുകളഞ്ഞു.കുട്ടികളില്‍ നിന്നു കൂലിയും ഈടാക്കി.ഈ സംഭവം രക്ഷിതാക്കളില്‍ നിന്നുള്ള പരാതിക്ക് ഇടയാക്കി.കുട്ടികള്‍ക്ക് അമിത സ്വാതന്ത്യം നല്‍കുന്നുവെന്ന ആരോപണമുണ്ടായി.

കുട്ടികള്‍ എപ്പോഴും സാദിഖിനെക്കുറിച്ചുള്ള എന്തെങ്കിലും പരാതികളുമായി എന്റെയടുത്തേക്ക് ഓടിവന്നുകൊണ്ടിരുന്നു.അടിപിടി കൂടിയത്,തലമുടി പിടിച്ചുവലിച്ചത്,പുസ്തകം കീറിയത്,ചെരുപ്പ്,കുട എന്നിവ ഒളിപ്പിച്ചുവെച്ചത്,കുപ്പായത്തില്‍ വെള്ളം തെറിപ്പിച്ചത്....


പക്ഷേ,ചിലപ്പോള്‍ ഇതൊന്നുമല്ല സാദിഖ്.

ക്ലാസിന്റെ പൊതുകാര്യങ്ങള്‍ക്കെല്ലാം അവന്‍ മുന്‍പന്തിയിലുണ്ടാകും.ടോയ് ലറ്റ് വൃത്തിയാക്കാന്‍,പൂച്ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍,ക്ലാസും പരിസരവും വൃത്തിയാക്കാന്‍...ഈ കാര്യത്തില്‍ തന്റെ ഗ്രൂപ്പാണോ ചെയ്യേണ്ടത് എന്നൊന്നും അവന്‍ നോക്കില്ല.എല്ലാ ഗ്രൂപ്പിന്റെ കൂടേയും മുന്‍പന്തിയില്‍ അവനുണ്ടാകും.

എഴാം ക്ലാസിലെ ഒരു കുട്ടിക്കുവേണ്ടി ചികിത്സാഫണ്ട് സ്വരൂപിക്കുന്നതില്‍ അവന്‍ കാട്ടിയ താത്പര്യം ഒരിക്കലും മറക്കാന്‍ കഴിയില്ല.മുതിര്‍ന്ന കുട്ടികള്‍ക്ക്പോലും സാധ്യമല്ലാത്ത രീതിയില്‍, ഓരോ കുട്ടിയുടെയും രക്ഷിതാക്കളെ വീട്ടില്‍ചെന്നു കണ്ട് രോഗിയായ കുട്ടിയുടെ ദയനീയസ്ഥിതി അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍  അവന്‍ വിജയിച്ചു.അതുകൊണ്ട് നല്ലൊരു തുക ക്ലാസില്‍ നിന്നും സംഭാവനയായി ലഭിച്ചു.


പക്ഷേ,ചിലപ്പോള്‍ ഇതുമല്ല സാദിഖ്.

 ഒഴിവ് സമയങ്ങളിലെല്ലാം ക്ലാസിന്റെ ഏതെങ്കിലും മൂലയില്‍,ശാന്തനായി കഥാപുസ്തകങ്ങളില്‍ മുഴുകിയിരിക്കുകയായിരിക്കും അവന്‍. ആരെയും കൂട്ടാക്കാതെ,എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാതെ.


പ്രതിമാസം നടത്താറുള്ള ക്ലാസ് തല രക്ഷാകര്‍ത്തൃയോഗങ്ങളില്‍ അവന്റെ വീട്ടില്‍ നിന്നും ആരും വരാറില്ല.മാസങ്ങള്‍ക്കുശേഷം,എന്റെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍  അവന്റെ മൂത്തമ്മയെയും കൂട്ടി വന്നു.അവര്‍ പറഞ്ഞു.
"മാശെ, ഓന്റെ ഉമ്മ ഓന്‍ ഒന്നാം ക്ലാസിലുള്ളപ്പോഴ് മരിച്ച്.ഉപ്പ രണ്ടാമതും മംഗലം കയ്ച്ചു.രണ്ടാനുമ്മാന്റെ ഒക്കെയാന്ന് ഓനിപ്പം.ഓര്‍ക്ക് കൈക്കുഞ്ഞുള്ളേനക്കൊണ്ടാണ് ഓറ് യോഗത്തിന് ബരാത്തത്.....”


അന്ന് സാദിഖിന്റെ വീടുവരെ ഒന്നുപോയാലോ എന്നു ഞാന്‍ ആലോചിച്ചതാണ്. രണ്ടാനമ്മ എങ്ങനെയുള്ള സ്ത്രീയായിരിക്കും? അവരായിരിക്കുമോ അവന്റെ യഥാര്‍ത്ഥ പ്രശ്നം?
പക്ഷേ, പല തിരക്കുകള്‍ കാരണം അവന്റെ വീട് സന്ദര്‍ശിക്കാന്‍ പറ്റിയില്ല.ഇപ്പോള്‍ അവന്‍ മറ്റുകുട്ടികളെ വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനിയും വൈകിപ്പിച്ചുകൂടാ.അവന് ചികിത്സ വേണം.അതിന് രോഗം എന്താണെന്നു കണ്ടെത്തണം.അവന്റെ വീടുവരെ ഒന്നു പോയേപറ്റൂ.


അന്നു വൈകുന്നേരം ഞാനവന്റെ വീട്ടിലേക്കു നടന്നു.ചെറിയ കുന്നുകള്‍ക്കിടയിലൂടെ നീണ്ടു പോകുന്ന ചെമ്മണ്ണുനിരത്തിന്റെ ഓരത്ത് ഓടുമേഞ്ഞ ഒരു ചെറിയ വീട്.അതിന്റെ ചുവരുകളിലെ കുമ്മായം അങ്ങിങ്ങ് അടര്‍ന്നു പോയിരുന്നു.മുറ്റത്ത് ചെറിയ രണ്ടു പെണ്‍കുട്ടികളുടെ കൂടെ സാദിഖ് കളിക്കുകയായിരുന്നു.എന്നെ പെട്ടെന്ന് മുന്നില്‍ കണ്ടപ്പോള്‍ അവന്‍ സ്തംഭിച്ചുനിന്നുപോയി.അവനൊട്ടും  പ്രതീക്ഷിച്ചിരുന്നില്ല ഈ കൂടിക്കാഴ്ച.അത്ഭുതം പെട്ടെന്ന് ഭയത്തിന് വഴിമാറി.ഇന്ന് ക്ലസില്‍ നടന്ന സംഭവങ്ങള്‍ ഉമ്മയെ ധരിപ്പിക്കാനായിരിക്കും മാഷ് വന്നതെന്ന് അവന്‍ കരുതിക്കാണും.എന്നോട് ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ അവന്‍ അകത്തേക്ക് ഓടിപ്പോയി.

മെലിഞ്ഞുവെളുത്ത ഒരു സ്ത്രീ പുറത്തേക്കു വന്നു.അവര്‍ ഒരു പഴയ മരക്കസേര വലിച്ചിട്ട് എന്നോടിരിക്കാന്‍ പറഞ്ഞു.
"അറിയാം.” അവര്‍ പറഞ്ഞു."ഓന്റെ ഉപ്പ ഈടില്ല.മോന്തിയാകും ബരാന്.മാശ് ബന്നത്..?”
"ഓ..വെറുതെ. ഇതു വഴിപോയപ്പോള്‍...”
അകത്തെ മുറിയിലെ ഇരുട്ടില്‍, വാതിലിനു പിറകില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു സാദിഖ്.അവന്‍ ചെവി കൂര്‍പ്പിക്കുന്നു.മാഷ് എന്നെക്കുറിച്ച് എന്തായിരിക്കും പറയുന്നത്?"നിങ്ങള്‍ ക്ലാസ് പിടിഎ യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലല്ലോ.അവന്‍ നോട്ടീസ് തരാറില്ലേ?”
"തെര്ന്ന്.ഉമ്മീം ബെരണന്ന് പറഞ്ഞ് ഓന്‍ കൂക്കും.ബെരണന്ന് ബിചാരുണ്ട്.ചെറ്യ കുഞ്ഞുള്ളേനക്കൊണ്ട് കയിന്നില്ല.സാദിഖ് പടിക്ക്ന്ന്ണ്ടാ?നല്ല കുരുത്തക്കേടായിരിക്കും,അല്ലേ?”
"പഠിക്കാന്‍ അവന്‍ മോശമല്ല."ഞാന്‍ പറഞ്ഞു. "നിങ്ങള് കൊറച്ച് കൂടി ശ്രദ്ധിക്കണം.”
"അതിന് ഓന്‍ അടങ്ങീരിന്നിറ്റ് ബേണ്ടേ?എപ്പം നോക്ക്യാലും കളിയാന്ന്.”


അവര്‍ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.അവന്റെ ദിനചര്യകളെക്കുറിച്ച്,വീട്ടുജോലികള്‍ ചെയ്യുന്നതിലുള്ള മിടുക്കിനെക്കുറിച്ച്,ഇളയെ കുഞ്ഞുങ്ങളോടുള്ള അവന്റെ ശ്രദ്ധ,വാത്സല്യം,ഒഴിവുദിവസങ്ങളില്‍ ഉപ്പയെ കച്ചോടത്തില്‍ സഹായിക്കുന്നത്....
"ചെലപ്പം പ്രായംവന്നോരപ്പോലെയാന്ന് ഓന്റെ പെരുമാറ്റം.ചെലപ്പം പെട്ടെന്ന്....”


 അവരുടെ ഓരോവാക്കിലും സാദിഖിനോടുള്ള സ്നേഹം നിറയുന്നത് ഞാനറിഞ്ഞു.അവനെ മുന്‍നിര്‍ത്തി അവന്റെ ദോഷങ്ങളെക്കാളേറെ ഗുണങ്ങളെക്കുറിച്ചു സംസാരിക്കാനായിരുന്നു അവര്‍ക്ക് താത്പര്യം.

അപകടമില്ലെന്നു മനസ്സിലാക്കി സാദിഖ് പതുക്കെ എന്റെ അടുത്തുവന്ന് കസേരയില്‍ പിടിച്ചുനിന്നു. അവന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.അവനിത്ര ഭംഗിയായി ചിരിക്കാന്‍ കഴിയുമെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു.


ഇടയ്ക്ക് അവര്‍ ഒരു കപ്പ് ചായയുമായി തിരിച്ചുവന്നു.ഞാന്‍ ചായകുടിച്ച് ഇറങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു:
"മാശെ, അടുത്ത മീറ്റിങ്ങിന് ഞാന് തീര്‍ച്ചയായും ബെരും.”

സൂര്യന്‍ അസ്തമിക്കുകയായിരുന്നു.പതുക്കെ ഇരുട്ട് വ്യാപിച്ചുതുടങ്ങി.ആകാശത്ത് അങ്ങിങ്ങ് നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.ആ വീട്ടിനുമുന്നിലെ മുളകൊണ്ടുള്ള ഗേറ്റുകടന്ന് റോഡുവരെ സാദിഖും എന്നെ അനുഗമിച്ചു.അവനിപ്പോള്‍ വളരെ ആഹ്ലാദവാനാണ്.എന്നോട് മുട്ടിയുരുമ്മിയാണ് അവന്‍ നടക്കുന്നത്.കാറ്റ് കുടുക്കുകളില്ലാത്ത അവന്റെ കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.


പിരിയാന്‍നേരത്ത്,തന്റെ വലിയ ട്രൗസറിന്റെ പോക്കറ്റില്‍നിന്നും ഒരു ചുവന്നനിറമുള്ള പ്ലാസ്റ്റിക്ക് പെട്ടിയെടുത്ത് അവന്‍ എനിക്കു നേരെ നീട്ടി.
"മാശെ,ഇത് ശ്രുതിക്ക് കൊടുക്കണം.ഇത് ഓളെ പെട്ടിയാന്ന്.”

ഞാന്‍ അത്ഭുതപ്പെട്ടുപോയി.എനിക്കാദ്യം ഒന്നും മനസ്സിലായില്ല.പിന്നീട് ഓര്‍മ്മ വന്നു.ഒരു ദിവസം ശ്രുതിയുടെ പുതിയ പെന്‍സില്‍പെട്ടി കാണാതായതും അതിനുവേണ്ടി എല്ലാ കുട്ടികളുടെയും ബാഗ് പരിശോധിച്ചതും കണ്ടുകിട്ടാത്തതുമൊക്കെ.അന്നവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപെടേണ്ടിവന്നു.പക്ഷേ, അത് സാദിഖ് മോഷ്ടിക്കുമെന്ന്.....


നേര്‍ത്ത ഇരുട്ടില്‍ അകന്നുപോകുന്ന അവന്റെ കൊച്ചു രൂപത്തെ നോക്കി ഒരു നിമിഷം ഞാന്‍ നിന്നു.പിന്നീട് മനോഹരമായ ആ പെട്ടി തുറന്നുനോക്കി.ഒരു റബ്ബറും കുറ്റിപ്പെന്‍സിലും കുറച്ചു സ്റ്റിക്കറുകളും.അതില്‍ ഒരു തുണ്ടുകടലാസ് മടക്കിവെച്ചിരിക്കുന്നു.ഞാന്‍ ആ കടലാസ് നിവര്‍ത്തി നേര്‍ത്ത വെളിച്ചത്തിനു നേരെപിടിച്ച് വായിച്ചുനോക്കി.

'ശ്രുതീ,മാപ്പ്.ഇനി ഞാന്‍ ഒരാളുടെ സാധനവും കട്ടെടുക്കില്ല.'


എവിടെനിന്നോ രാപ്പക്ഷികളുടെ കരച്ചില്‍.ഇരുട്ടിനു കനം കൂടിവന്നു.ഞാന്‍ വേഗത്തില്‍ നടന്നു.എന്റെ ഹൃദയത്തില്‍നിന്നും വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ.ആകാശത്തിലെ നേര്‍ത്ത നിലാവെളിച്ചത്തില്‍ തിളങ്ങുന്ന മേഘങ്ങള്‍.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"സാദിഖ് നീ ഒരു ദ്വീപാണ്.അടുക്കുന്തോറും അകന്നുപോകുന്ന, നിഗൂഢമായ ഒരു ദ്വീപ്."ഞാന്‍ മനസ്സില്‍ പറഞ്ഞു.

(തുടരും...)Wednesday, 7 May 2014

മഴക്കോള്

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....5എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്കഅന്ന് അവധി ദിവസമാണ്.ഞാനെന്റെ മുറിയില്‍
ഏകനായിരിക്കുകയായിരുന്നു.നിലത്തുമുഴുവന്‍ ക്ലാസിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.ഏതാണ്ട് മുപ്പതോളം ചിത്രങ്ങള്‍.ജനാലയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിനു നേരെ പിടിച്ച് ഓരോ ചിത്രവും ഞാന്‍ സൂക്ഷമമായി പരിശോധിക്കാന്‍ തുടങ്ങി.

കുട്ടികളുടെ വര എന്നെ അത്ഭുതപ്പെടുത്തുകയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരച്ചിരിക്കുന്നത്.കടുത്ത നിറങ്ങളില്‍ അവര്‍ മഴയുടെ വിവിധ ഭാവങ്ങള്‍ കടലാസിലേക്കു പകര്‍ത്തിയിരിക്കുന്നു.വരയിലൂടെ അവര്‍ മഴയുടെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുകയാണെന്ന്  എനിക്കു തോന്നി.മഴ അവരെ അത്രകണ്ട് പ്രചോദിപ്പിച്ചിരിക്കുന്നു.

ചിത്രങ്ങളില്‍ കുട്ടികള്‍ ഉപയോഗിച്ച ബിംബങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചു.മഴയുടെ കടലിനെ കീറിമുറിച്ചുകൊണ്ട് നീങ്ങുന്ന ഒരു തോണി;അതിലെ ഏകാകിയായ തുഴച്ചില്‍ക്കാരന്‍;മഴയിലും കാറ്റിലും പെട്ട് മറിഞ്ഞു വീണ മരങ്ങള്‍;അവയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പക്ഷികള്‍;മഴയത്ത് പച്ച നിറമുള്ള മൈതാനത്ത് കളിക്കുന്ന കുട്ടികള്‍;നീല നിറമുള്ള പുഴയില്‍ മുകളിലോട്ടു നീന്തുന്ന ചുവന്ന മീനുകള്‍;വീട്ടുമുറ്റത്തെ മഴ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന കടലാസുവഞ്ചികള്‍;വയല്‍ക്കരയിലൂടെ ഒറ്റയ്ക്ക് കുടയുമായി സ്ക്കൂളിലേക്കുപോകുന്ന ഒരു പെണ്‍കുട്ടി...

 ഓരോ ചിത്രത്തിലും കടും നിറങ്ങളില്‍ കോറിയിട്ട മഴയുടെ ശക്തമായ സാന്നിധ്യമുണ്ട്.മഴയോട് എനിക്ക് അതിയായ ആദരവ് തോന്നി.മഴയുടെ കുളിരിന്  മുതിര്‍ന്നവരിലെന്നപോലെ ഈ കൊച്ചുകുട്ടികളിലെയും സര്‍ഗ്ഗാത്മകതയെ തട്ടിയുണര്‍ത്താന്‍ കഴിയും. ഒന്നു മാത്രമേ വേണ്ടൂ-മഴ എന്ന വിസ്മയത്തിലേക്ക് കുട്ടികള്‍ അവരുടെ കണ്ണുകള്‍ തുറന്നു വെക്കണം.

അതിലൊരു ചിത്രം മാത്രം വേറിട്ടു നിന്നു.ഞാന്‍ ഏറെ നേരം അതിലേക്കുതന്നെ നോക്കിനിന്നു.കറുപ്പും നീലയും നിറത്തില്‍ ആകാശം.ആകാശത്തിനുകീഴെ പച്ച നിറത്തില്‍ ഒരു കുടില്‍.കുടിലിനു മുന്നില്‍ മൂന്നുനാലു കുട്ടികള്‍.അവരുടെ തലമുടി നീണ്ടുപിരിഞ്ഞ് പാമ്പിനെപ്പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു.നലത്ത് മുഴുവന്‍ ചുവന്ന നിറം ഒഴുകിപ്പരന്നിരിക്കുന്നു.

ഗണേശ എന്നുപേരുള്ള നീണ്ടുമെലിഞ്ഞ കുട്ടി വരച്ചതാണ് ഈ ചിത്രം.ക്ലാസിലെപ്പോഴും മൗനിയായിരിക്കുന്ന അവന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്.തുളുവാണ് അവന്റെ മാതൃഭാഷ.പക്ഷേ, മലയാളം അവന് നന്നായി  വഴങ്ങും.

മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവന്റെ വര.അവന്‍ വരയ്ക്കുന്ന പൂക്കള്‍ക്ക് ഇതളുകള്‍ കാണില്ല.അവന്റെ പൂമ്പാറ്റകള്‍ക്ക് കൂര്‍ത്ത കൊമ്പുകളുണ്ടാവും.മരങ്ങളുടെ ശാഖകള്‍ പാമ്പുകളെപ്പോലെ വളഞ്ഞിരിക്കും...

ഗണേശ താമസിക്കുന്ന കോളനിയിലെ പരിതാപകരമായ ജീവിതാവസ്ഥ അവന്റെ മനസ്സിന്റെ  അബോധതലങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടാകണം.പട്ടിണി,മാറാരോഗങ്ങള്‍,മദ്യപാനം,അടിപിടി,വഴക്ക്....ഈ പശ്ചാത്തലത്തില്‍ നിന്നായിരിക്കണം അവന്‍ ബിംബങ്ങള്‍ തെരഞ്ഞെടുക്കുന്നത്.അവന്റെ ഗോത്രസംസ്കൃതിയുടെ ചില അടയാളങ്ങളും ചിത്രങ്ങളില്‍ കാണാം.


കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി.ഒപ്പം മഴയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശേഖരിച്ച പത്രവാര്‍ത്തകളും ഫോട്ടോകളും കുറിപ്പുകളും ഡയറികളും സയന്‍സ് പ്രൊജക്ടുകളും ഒക്കെ അതില്‍ ഉള്‍പ്പെടുത്തണം.

ജൂലായ് മാസത്തെ അവസാനത്തെ വെള്ളിയാഴ്ച രക്ഷിതാക്കളുടെ ക്ലാസ് തലത്തിലുള്ള യോഗം വിളിച്ചിരുന്നു.അന്നുതന്നെ പ്രദര്‍ശനം നടത്താനും നിശ്ചയിച്ചു.


ഒടുവില്‍ പ്രദര്‍ശനത്തിനുള്ള ദിവസം വന്നെത്തി. രാവിലെ മുതലേ കുട്ടികള്‍ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തില്‍ മുഴുകി.
മഴയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു കുട്ടികളുടെ കൈയില്‍.പഴയ പത്രത്താളുകളില്‍നിന്നും മാസികകളില്‍ നിന്നും വെട്ടിയെടുത്തവയായിരുന്നു അവയില്‍ മിക്കതും.മഴ സംഹാരതാണ്ഡവമാടിയ നാളുകളിലെ ഉരുള്‍പൊട്ടലിന്റെയും കൃഷിനാശത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങള്‍,മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍,മഴയുടെ സൗന്ദര്യം ഒപ്പിയെടുത്ത പത്രഫോട്ടോകള്‍,മഴയുടെ സരളവും സൗമ്യവുമായ ഭാവങ്ങള്‍ ആവിഷ്ക്കരിച്ച ഡയറിക്കുറിപ്പുകള്‍,കവിതകള്‍,മഴപ്പാട്ടുകള്‍...എനിക്ക് അതിരറ്റ ആഹ്ലാദം തോന്നി.കുട്ടികള്‍ മഴയിലിറങ്ങിയത് വെറുതെയായില്ല.മഴ കുട്ടികളുടെ മനസ്സിനെ എവിടെയെല്ലാമോ സ്പര്‍ശിച്ചിരിക്കുന്നു.മഴത്തുള്ളികള്‍ അവരുടെ ഹൃദയത്തില്‍ ചില അടയാളങ്ങള്‍ ബാക്കിയാക്കിയിരിക്കുന്നു.


നിമിഷങ്ങള്‍ക്കകം ബെഞ്ചുകള്‍ പശയും കടലാസുതുണ്ടുകളും നിറങ്ങളും കൊണ്ടു നിറഞ്ഞു.ചിലര്‍ ബെഞ്ചില്‍ കുനിഞ്ഞിരുന്ന് ചിത്രങ്ങള്‍ക്ക് പശ തേക്കുന്നു.മറ്റുചിലര്‍ കത്രികകൊണ്ട് ചിത്രങ്ങള്‍ വെട്ടി ശരിപ്പെടുത്തുന്നു.
ചിത്രങ്ങള്‍ ചാര്‍ട്ടുപേപ്പറില്‍ ഒട്ടിക്കാനുമുണ്ട് മൂന്നുനാലു പേര്‍.അതിലൊന്ന് കുഞ്ഞാമുവാണ്.അവന്‍ തന്നെ ഏല്‍പ്പിച്ച ജോലി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നുണ്ട്.അനഘയും ജുനൈദും അനീസയും ചേര്‍ന്ന് കുട്ടികള്‍ ഒട്ടിച്ചു നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാര്‍ക്കര്‍ പേന കൊണ്ട് ബോര്‍ഡര്‍ വരക്കുന്നു.ഗണേശയും മറ്റുള്ളവരും ചേര്‍ന്ന് ബോര്‍ഡറില്‍ സ് പ്രേ പെയിന്റുചെയ്ത് മോടികൂട്ടുന്നു.ചിത്രങ്ങള്‍ക്ക് യോജിച്ച അടിക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ് സ്വാതിയും റസീനയും ഷാനിബായും.തറ മുഴുവന്‍ വെട്ടിയിട്ട കടലാസു കഷണങ്ങളും പത്രത്താളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.ക്ലാസുമുറി ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ പണിപ്പുരപോലെ തോന്നിച്ചു.


ഉച്ചയോടുകൂടി പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.സന്തോഷമഴ,സങ്കടമഴ,ശല്യമഴ എന്നിങ്ങനെ തരംതിരിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയിരുന്നത്.പ്രദര്‍ശനത്തിന് ഒരു പേരു നല്‍കി-മഴക്കോള്.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രദര്‍ശനം കാണാന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് എല്ലാ ക്ലാസുകളിലും
വിതരണം ചെയ്തു.


യോഗത്തില്‍ പങ്കെടുക്കാനെത്തിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പ്രദര്‍ശനം കണ്ടു.അവരില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രദര്‍ശനഹാളില്‍ സൂക്ഷിച്ച നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടു.ഹെഡ്മിസ്ട്രസ് പ്രദര്‍ശനം കണ്ട് ഇങ്ങനെ എഴുതി.
'ഇത്രയും ചിത്രങ്ങളും വാര്‍ത്തകളും കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടികള്‍ സ്വന്തമായി ശേഖരിച്ചതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ഈ മഴക്കാലത്തെ അവര്‍ സ്വന്തമാക്കിയിരിക്കുന്നു.ശരിക്കും മഴയെക്കുറിച്ചുള്ള ഒരു ആര്‍ക്കൈവ് പോലുണ്ട്. നന്നായിട്ടുണ്ട്.അഭിനന്ദങ്ങള്‍.' 


വൈകുന്നേരം സ്ക്കൂള്‍ വിട്ടു.കുട്ടികളെല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു.അധ്യാപകരും ഒന്നൊന്നായി യാത്ര പറഞ്ഞ് പിരിഞ്ഞു.

ലൈബ്രറിയിലെ ഏകാന്തതയില്‍ പതുങ്ങിയിരുന്ന് ഞാന്‍ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കുകയായിരുന്നു.അപ്പോഴാണ് മധ്യവയസ്ക്കനായ ഒരാള്‍ എന്നെ അന്വേഷിച്ച് കയറിവന്നത്.എന്റെ ക്ലാസിലെ സുനിത എന്ന കുട്ടിയുടെ അച്ഛനാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി.അയാളുടെ ഭാവം കണ്ടപ്പോള്‍ കുറച്ചു ദേഷ്യത്തിലാണെന്നു തോന്നി.ഞാന്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.

"മയേത്ത് കളിക്കാനല്ല ഞാനെന്റെ മോളെ സ്ക്കൂളിലയക്കുന്നത്”.അയാള്‍ മുഖവുരയില്ലാതെ ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു.
"സുനിതയ്ക്ക് നല്ല പനിയാണ്.ഞാനോളെ ഡോക്ടറെ കാണിച്ച് മരുന്ന് മേങ്ങി വരേന്ന്.”

സുനിത ഇന്നു ക്ലാസിലുണ്ടായിരുന്നില്ലെന്ന് ഞാനോര്‍ത്തു.അന്വേഷിച്ചപ്പോള്‍ അവള്‍ക്ക് പനിയാണെന്ന് ഒരു കുട്ടി പറയുകയും ചെയ്തു.പക്ഷേ, ഞാനാകാര്യം മറന്നുപോയിരുന്നു.


 "രണ്ടീസം മിന്നേ ങ്ങള് കുഞ്ഞള മഴേത്ത് എറക്കിബിട്ടില്ലേ?"അയാളുടെ ശബ്ദം കര്‍ക്കശമായിരുന്നു."ഇതാന്നോ പടിപ്പ്?”
"കുട്ടികള്‍ മഴയത്ത് ഇറങ്ങാറുണ്ടെന്നത് ശരിയാണ്.പക്ഷേ,അവരുടെ കൈകളില്‍ കുടയുണ്ടായിരുന്നു.മഴമാപിനി പരിശോധിച്ച് പെയ്ത മഴയുടെ അളവ് കണ്ടുപിടിക്കാനായിരുന്നു അവര്‍ കഴിഞ്ഞ ദിവസം മഴയത്ത് ഇറങ്ങിയത്.അതില്‍ നിങ്ങളുടെ മകള്‍ക്കു മാത്രം പനി പിടിച്ചു പോയതില്‍ എനിക്കു വിഷമമുണ്ട്....”


കുട്ടികള്‍ തയ്യാറാക്കിയ മഴപ്പതിപ്പില്‍ നിന്നും സുനിതയെഴുതിയ മഴ വിവരണം തെരഞ്ഞുപിടിച്ച് ഞാനയാള്‍ക്ക് വായിച്ചു കൊടുത്തു.മഴ പെയ്യുമ്പോള്‍ ഓര്‍ക്കാപുറത്ത് വീശിയ കാറ്റില്‍ കുട പറന്നു പോയതുമായി ബന്ധപ്പെട്ട രസകരമായ ഒരു വിവരണമായിരുന്നു അത്.

വിവരണം വായിച്ചുകേട്ടപ്പോള്‍ അയാളുടെ കോപം അല്പമൊന്നു ശമിച്ചതായിത്തോന്നി.
"ന്നാലും ഇതെയ്താന്‍ കുഞ്ഞോളെ മയേത്തേക്ക്....”
അയാള്‍ മുഴുപ്പിച്ചില്ല.ഞാനയാളെയും കൂട്ടി പ്രദര്‍ശനം ഒരുക്കിയ ഹാളിലേക്കു നടന്നു.


കുട്ടികള്‍ തയ്യാറാക്കിയ പ്രദര്‍ശനം മുഴുവനായും അയാള്‍ നോക്കിക്കണ്ടു.
"ഇത് നന്നായിനി, മാശെ.ഇത്ര ചെറിയ മക്കൊ ങ്ങനെയൊരു പരിപാടി ആക്കിന്ന് കാണുമ്പോ...”
കുട്ടികളുടെ മഴ അളക്കാം പ്രൊജക്ടും മറ്റും ഞാനയാള്‍ക്ക് വിശീകരിച്ചു കൊടുത്തു.
"നോക്കൂ,നമ്മുടെ കുട്ടികള്‍ അല്പം മഴയും വെയിലുമൊക്കെകൊണ്ടുവേണം വളരാന്‍.എങ്കിലേ അവര്‍ ആരോഗ്യമുള്ളവരായി തീരൂ.”
"മയേനക്കുറിച്ച് ഇത്രേം പടിക്കാനുണ്ടെന്ന് എനക്ക് ഇപ്പാ മനസിലായത്.”
"ഇനിയുമുണ്ട് ധാരാളം. പനി സുഖമാവുകയാണെങ്കില്‍ നാളെത്തന്നെ അവളെ ക്ലാസിലേക്കയക്കൂ.അവള്‍ മിടുക്കയാണ്.”
"ശരി സേര്‍. അങ്ങനെയാവട്ടെ.”


അയാള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി. ഞാന്‍ തുടങ്ങിവെച്ച പണി പൂര്‍ത്തിയാക്കാന്‍ ലൈബ്രറിയിലേക്കും.

(തുടരും)

Sunday, 4 May 2014

"മയേന എങ്ങന്യാ അളക്കാ?”

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....4


എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക
അന്നേ ദിവസം രാവിലെ റസീന ഒരു പത്രക്കീറുമെടുത്ത് എന്റെ അടുത്തേക്ക് ഓടി വന്നു.കഴിഞ്ഞ ദിവസത്തെ കാലാവസ്ഥക്കുറിപ്പായിരുന്നു അത്.ഓരോ പ്രദേശത്തും പെയ്ത മഴയുടെ അളവ് അതില്‍ കൊടുത്തിരുന്നു.
"മാശെ, മയേന്റളവ് മൂന്നു സെന്റീമീറ്ററ് എന്നു പറഞ്ഞാലെന്താന്ന്?
മയേന എങ്ങന്യാ അളക്കാ?”


യഥാര്‍ത്ഥത്തില്‍ മണ്ണൊലിപ്പിനെക്കുറിച്ചുള്ള ഒരു ക്ലാസിന്റെ നോട്ടുകളായിരുന്നു ഞാന്‍ തയ്യാറാക്കിയിരുന്നത്.സ്ക്കൂളിനു പുറകുവശത്തുള്ള കുന്നിനുമുകളിലേക്കുള്ള ചെറിയ ഫീല്‍ഡ് ട്രിപ്പിലൂടെ മണ്ണൊലിപ്പും അതുണ്ടാകുന്നതിനുള്ള കാരണങ്ങളും മറ്റും നേരിട്ടു കണ്ടു പഠിക്കുക.പക്ഷേ, റസീനയുടെ ചോദ്യം ഈ നോട്ടുകള്‍ മാറ്റിവെക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.ഇന്നത്തെ ക്ലാസ് അവളുടെ ചോദ്യത്തില്‍ നിന്നുതന്നെ തുടങ്ങാം.ക്ലാസിലെ എല്ലാകുട്ടികള്‍ക്കും വേണ്ടി ആ ചോദ്യം ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

"മഴ എങ്ങനെയാ അളക്കുക?”


"അതെളുപ്പം മാശെ, ബെല്ല്യ ഒരു ബട്ട കൊണ്ടര്ണം.പെയ്യുന്ന മുയ്മന്‍ മയവെള്ളൂം അതില് പിടിക്കണം.എന്നിറ്റ് അളന്ന് നോക്കണം.”
ജുനൈദ് പറഞ്ഞു
"എന്റുമ്മാ, അത്രീം ബല്ല്യ ബട്ടയാ?” സാബിറ തലയില്‍ കൈവെച്ച് ചോദിച്ചുപോയി."അത് ഏട കിട്ടും?'
"അയിന് മ്മടെ കഞ്ഞിച്ചെമ്പ് ഇണ്ടാക്ക്യ കമ്പനിക്കാരില്ലേ.ഓരോട് പറഞ്ഞ് ഒന്ന് ഇണ്ടാക്കണം”.അനീസ പറഞ്ഞു.
"ബോളത്തി, മണ്ടത്തരം പറയാതെ. അതിന് ആകാശത്തിന്റത്രീം ബിസ്താരുള്ള ബട്ട ബേണ്ടി വരും."ഷാഹുല്‍ അവളെ കളിയാക്കി.


"അങ്ങനെയൊന്ന് ഇണ്ടാക്കാന്‍ പറ്റോ?ഇണ്ടാക്ക്യാതന്നെ ഏട്യാ ബെക്ക്വാ?” കുഞ്ഞാമുവിന് സംശയമായി.

എല്ലാവരും കുഞ്ഞാമുവിനെ അത്ഭുതത്തോടെ  നോക്കി.അവന്‍ ആദ്യമായി ഉറക്കെ സംസാരിച്ചിരിക്കുന്നു.ഒരു സംശയം ചോദിച്ചിരിക്കുന്നു.എനിക്കും അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

"അതൊന്ന്വല്ല.മയ അളക്കുന്നത് ഒരു ചെറിയ സാതനം കൊണ്ടാ.ഞാന്‍ ഇന്നാള് ഒരീസം ടിവിയില്‍ കണ്ടിന്.അയിന്റെ പേര് കിട്ട്ന്നില്ല.”
ഷാനിബ പറഞ്ഞു.

ചര്‍ച്ച ഫലപ്രദമാകുന്നതായി എനിക്കുതോന്നി.

"ജുനൈദ് ആദ്യം പറഞ്ഞതില്‍ കുറച്ച് ശരിയുണ്ട്."ഞാന്‍ പറഞ്ഞു. "അതൊരു പാത്രം തന്നെ.പക്ഷേ, വലുതല്ല. ചെറിയതാണ്.”


"അയിന്റെ പേരെന്താ, മാശെ?"ഷാനിബ ചോദിച്ചു.
"മഴമാപിനി."


ഞാനതിന്റെ ചിത്രം ബോര്‍ഡില്‍ വരച്ചുകൊടുത്തു.


ചിത്രം കണ്ടപ്പോള്‍ കുഞ്ഞാമുവിന് വീണ്ടും സംശയം.
"ഇത്ത്റ ചെറിയ കുപ്പീല് ഇത്ത്റ ബെല്യ മയ എങ്ങന്യാ അളക്ക്വാ?”

"കുഞ്ഞാമു നിന്റെ സംശയം കൊള്ളാം.”
ഞാന്‍ കുഞ്ഞാമുവിനെ അഭിനന്ദിച്ചു.അപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.


"നമുക്ക്  മഴമാപിനിയുണ്ടാക്കി മഴ അളന്നുനോക്കാം.അപ്പോള്‍ കുഞ്ഞാമുവിന്റെ സംശയം തീരും.”


കുട്ടികള്‍ക്ക് ഉത്സാഹമായി.
ഞാന്‍ ലബോറട്ടറിയില്‍ നേരത്തെ കരുതിവെച്ച അഞ്ചാറു പ്ലാസ്റ്റിക്കു കുപ്പികള്‍ കൊണ്ടുവന്നു.
"ഒരു മഴമാപിനി ഞാന്‍ ഉണ്ടാക്കി കാണിച്ചുതരാം.പിന്നീട് നിങ്ങള്‍...”
കുട്ടികള്‍ സമ്മതിച്ചു.


കുപ്പിയുടെ മുകള്‍ ഭാഗം ഞാന്‍ മുറിച്ചെടുത്തു.മുറിച്ചെടുത്ത ഭാഗം ഒരു ചോര്‍പ്പുപോലെ കുപ്പിക്കകത്തേക്കു താഴ്ത്തിവെച്ചു.
മഴമാപിനി തയ്യാറായി.


"ഇത് എളുപ്പത്തിലാക്കാലോ സേര്‍”.
റസീന പറഞ്ഞു.
കുട്ടികളെ ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും പ്ലാസ്റ്റിക്ക് കുപ്പിയും പേനാക്കത്തിയും നല്‍കി.
മിനുട്ടുകള്‍ക്കകം അവര്‍ മഴമാപിനി തയ്യാറാക്കുന്നതില്‍ മുഴുകി.
"കുഞ്ഞാമു, ഈ കുപ്പിയൊന്ന് കണ്ടിച്ച് തര്വോ?”

ചിലര്‍ കുഞ്ഞാമുവിന്റെ സഹായം ആവശ്യപ്പെടുകയാണ്.കുപ്പി നേരെ മുറിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.കുപ്പി മുറിക്കുന്നതില്‍ കുഞ്ഞാമു ഇതിനകം വൈദഗ്ദ്യം നേടിയിരിക്കുന്നു.
മിനുട്ടുകള്‍ക്കകം  ഓരോ ഗ്രൂപ്പിന്റെ കൈയ്യിലും ഓരോ മഴമാപിനി.


മഴമാപിനി നിര്‍മ്മിച്ച രീതി അവര്‍ നോട്ടുപുസ്തകത്തില്‍ എഴുതി.കൂടെ അതിന്റെ ചിത്രവും വരച്ചു.


"മാശെ,ഈനക്കൊണ്ട് എങ്ങനയാ മയ അളക്ക്വാ?”
 അനഘയ്ക്ക് ക്ഷമകെട്ടു.അവള്‍ക്ക് പെട്ടെന്ന് മഴ അളന്നു കാണണം.പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു.ഞാന്‍ എല്ലാവരെയും കൂട്ടി കളിസ്ഥലത്തേക്കു നടന്നു.അവിടെ ഓരത്തായി കമ്പുകള്‍ നാട്ടി അതില്‍ മഴമാപിനി കെട്ടിവെച്ചു.
"ഇനി നാളെ രാവിലെ നോക്കാം.അപ്പോഴറിയാം എത്ര മഴ പെയ്തുവെന്ന്.അതുവരെ ക്ഷമിച്ചേക്കണം.”
ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.


അടുത്ത ദിവസം രാവിലെ കുട്ടികള്‍ സ്ക്കൂള്‍ ഗേറ്റിനരികില്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു.
"മാശെ, മയമാപിനിയില്‍ കൊറച്ചേ വെള്ളൂള്ളു.ഇന്നല ഇടിയെ മയ പെയ്തിറ്റും..."ഷാഹുല്‍ പറഞ്ഞു.
ഞാന്‍ കുട്ടികളുടെ കൂടെ മഴമാപിനി സ്ഥാപിച്ചിടത്തേക്ക് നടന്നു.
"ഇന്നലെ നമ്മള്‍ എത്ര മണിക്കാണ് മഴമാപിനി സ്ഥാപിച്ചത്?”
"ഇന്റര്‍വെല്ലിനു തൊട്ട് മുമ്പ്."കുട്ടികള്‍ ഓര്‍മ്മിച്ചു പറഞ്ഞു.
"അപ്പോള്‍ സമയം 11.30.ഇപ്പോള്‍ സമയം എത്രയായി?”
“9.30."കുട്ടികള്‍ എന്റെ വാച്ചില്‍ നോക്കി പറഞ്ഞു.


"ശരി.”
ഞാനൊരു ഈര്‍ക്കില്‍ ഒടിച്ചെടുത്ത് കുപ്പിയിലെ വെള്ളത്തില്‍ മുക്കി.പിന്നീട് ഈര്‍ക്കിലിന്റെ നനഞ്ഞ ഭാഗം മാത്രം മുറിച്ചെടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു.
"ഇന്നലെ രാവിലെ11.30മുതല്‍ ഇന്നു രാവിലെ 9.30വരെ പെയ്ത മഴയുടെ അളവാണിത്.ഇതിന്റെ നീളം അറിയണമെങ്കില്‍ സ്കെയില്‍ വെച്ച് അളന്നു നോക്കണം.”


ഒരു കുട്ടി ക്ലാസിലേക്ക് ഓടിച്ചെന്ന് ഒരു സ്കെയിലുമായി തിരിച്ചുവന്നു .ഈര്‍ക്കിലിന്റെ നീളം എല്ലാവരും കൂടി അളന്നു നോക്കി.

"ഒരു സെന്റീമീറ്ററുണ്ട് സേര്‍.” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"ഇതാണ് ഇന്നലെ രാവിലെ മുതല്‍ ഇന്നു രാവിലെ വരെ പെയ്ത മഴയുടെ അളവ്.മഴ അളക്കാനുള്ള വിദ്യ മനസ്സിലായല്ലോ.ജുനൈദ് പറഞ്ഞതുപോലെ വലിയ പാത്രമൊന്നും അതിനു വേണ്ട.”


പിന്നീട് കുട്ടികള്‍ മഴക്കലണ്ടര്‍ തയ്യാറാക്കി.ഓരോ ദിവസത്തേയും കാലാവസ്ഥാപ്രവചനം റേഡിയോ കേട്ടും ടിവി കണ്ടും കുട്ടികള്‍ എഴുതിക്കൊണ്ടു വന്നു.ചില കുട്ടികള്‍ പത്രത്താളുകള്‍ തന്നെ കീറിക്കൊണ്ടു വന്നു.ഈ പ്രവചനങ്ങള്‍ എത്രമാത്രം ശരിയാണെന്നു കണ്ടുപിടിക്കലായിരുന്നു അവരുടെ മുമ്പിലുള്ള പ്രശ്നം.കാലാവസ്ഥാപ്രവചനങ്ങള്‍ തെറ്റിയപ്പോഴൊക്കെ അവര്‍ കണക്കില്ലാതെ സന്തോഷിച്ചു.ജില്ലയില്‍ പെയ്ത മഴയുടെ ആധികാരികമായ അളവും തങ്ങള്‍ കണ്ടെത്തിയ അളവും തമ്മില്‍ തട്ടിച്ചു നോക്കി.വ്യത്യാസം വന്നപ്പോഴൊക്കെ തങ്ങളുടേതാണ് ശരി,ശാസ്ത്രജ്ഞന്‍മാരുടേത് തെറ്റാണെന്ന് അവര്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു.കൊച്ചുശാസ്ത്രജ്ഞന്‍മാരുടെ നടപ്പും ഭാവവുമായിരുന്നു അവരില്‍ പലര്‍ക്കും.


( തുടരും...)