ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....5
എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക
അന്ന് അവധി ദിവസമാണ്.ഞാനെന്റെ മുറിയില്‍
ഏകനായിരിക്കുകയായിരുന്നു.നിലത്തുമുഴുവന്‍ ക്ലാസിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.ഏതാണ്ട് മുപ്പതോളം ചിത്രങ്ങള്‍.ജനാലയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിനു നേരെ പിടിച്ച് ഓരോ ചിത്രവും ഞാന്‍ സൂക്ഷമമായി പരിശോധിക്കാന്‍ തുടങ്ങി.
കുട്ടികളുടെ വര എന്നെ അത്ഭുതപ്പെടുത്തുകയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരച്ചിരിക്കുന്നത്.കടുത്ത നിറങ്ങളില്‍ അവര്‍ മഴയുടെ വിവിധ ഭാവങ്ങള്‍ കടലാസിലേക്കു പകര്‍ത്തിയിരിക്കുന്നു.വരയിലൂടെ അവര്‍ മഴയുടെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുകയാണെന്ന് എനിക്കു തോന്നി.മഴ അവരെ അത്രകണ്ട് പ്രചോദിപ്പിച്ചിരിക്കുന്നു.
ചിത്രങ്ങളില്‍ കുട്ടികള്‍ ഉപയോഗിച്ച ബിംബങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചു.മഴയുടെ കടലിനെ കീറിമുറിച്ചുകൊണ്ട് നീങ്ങുന്ന ഒരു തോണി;അതിലെ ഏകാകിയായ തുഴച്ചില്‍ക്കാരന്‍;മഴയിലും കാറ്റിലും പെട്ട് മറിഞ്ഞു വീണ മരങ്ങള്‍;അവയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പക്ഷികള്‍;മഴയത്ത് പച്ച നിറമുള്ള മൈതാനത്ത് കളിക്കുന്ന കുട്ടികള്‍;നീല നിറമുള്ള പുഴയില്‍ മുകളിലോട്ടു നീന്തുന്ന ചുവന്ന മീനുകള്‍;വീട്ടുമുറ്റത്തെ മഴ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന കടലാസുവഞ്ചികള്‍;വയല്‍ക്കരയിലൂടെ ഒറ്റയ്ക്ക് കുടയുമായി സ്ക്കൂളിലേക്കുപോകുന്ന ഒരു പെണ്‍കുട്ടി...
ഓരോ ചിത്രത്തിലും കടും നിറങ്ങളില്‍ കോറിയിട്ട മഴയുടെ ശക്തമായ സാന്നിധ്യമുണ്ട്.മഴയോട് എനിക്ക് അതിയായ ആദരവ് തോന്നി.മഴയുടെ കുളിരിന് മുതിര്‍ന്നവരിലെന്നപോലെ ഈ കൊച്ചുകുട്ടികളിലെയും സര്‍ഗ്ഗാത്മകതയെ തട്ടിയുണര്‍ത്താന്‍ കഴിയും. ഒന്നു മാത്രമേ വേണ്ടൂ-മഴ എന്ന വിസ്മയത്തിലേക്ക് കുട്ടികള്‍ അവരുടെ കണ്ണുകള്‍ തുറന്നു വെക്കണം.
അതിലൊരു ചിത്രം മാത്രം വേറിട്ടു നിന്നു.ഞാന്‍ ഏറെ നേരം അതിലേക്കുതന്നെ നോക്കിനിന്നു.കറുപ്പും നീലയും നിറത്തില്‍ ആകാശം.ആകാശത്തിനുകീഴെ പച്ച നിറത്തില്‍ ഒരു കുടില്‍.കുടിലിനു മുന്നില്‍ മൂന്നുനാലു കുട്ടികള്‍.അവരുടെ തലമുടി നീണ്ടുപിരിഞ്ഞ് പാമ്പിനെപ്പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു.നലത്ത് മുഴുവന്‍ ചുവന്ന നിറം ഒഴുകിപ്പരന്നിരിക്കുന്നു.
ഗണേശ എന്നുപേരുള്ള നീണ്ടുമെലിഞ്ഞ കുട്ടി വരച്ചതാണ് ഈ ചിത്രം.ക്ലാസിലെപ്പോഴും മൗനിയായിരിക്കുന്ന അവന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്.തുളുവാണ് അവന്റെ മാതൃഭാഷ.പക്ഷേ, മലയാളം അവന് നന്നായി വഴങ്ങും.
മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവന്റെ വര.അവന്‍ വരയ്ക്കുന്ന പൂക്കള്‍ക്ക് ഇതളുകള്‍ കാണില്ല.അവന്റെ പൂമ്പാറ്റകള്‍ക്ക് കൂര്‍ത്ത കൊമ്പുകളുണ്ടാവും.മരങ്ങളുടെ ശാഖകള്‍ പാമ്പുകളെപ്പോലെ വളഞ്ഞിരിക്കും...
ഗണേശ താമസിക്കുന്ന കോളനിയിലെ പരിതാപകരമായ ജീവിതാവസ്ഥ അവന്റെ മനസ്സിന്റെ അബോധതലങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടാകണം.പട്ടിണി,മാറാരോഗങ്ങള്‍,മദ്യപാനം,അടിപിടി,വഴക്ക്....ഈ പശ്ചാത്തലത്തില്‍ നിന്നായിരിക്കണം അവന്‍ ബിംബങ്ങള്‍ തെരഞ്ഞെടുക്കുന്നത്.അവന്റെ ഗോത്രസംസ്കൃതിയുടെ ചില അടയാളങ്ങളും ചിത്രങ്ങളില്‍ കാണാം.
കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി.ഒപ്പം മഴയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശേഖരിച്ച പത്രവാര്‍ത്തകളും ഫോട്ടോകളും കുറിപ്പുകളും ഡയറികളും സയന്‍സ് പ്രൊജക്ടുകളും ഒക്കെ അതില്‍ ഉള്‍പ്പെടുത്തണം.
ജൂലായ് മാസത്തെ അവസാനത്തെ വെള്ളിയാഴ്ച രക്ഷിതാക്കളുടെ ക്ലാസ് തലത്തിലുള്ള യോഗം വിളിച്ചിരുന്നു.അന്നുതന്നെ പ്രദര്‍ശനം നടത്താനും നിശ്ചയിച്ചു.
ഒടുവില്‍ പ്രദര്‍ശനത്തിനുള്ള ദിവസം വന്നെത്തി. രാവിലെ മുതലേ കുട്ടികള്‍ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തില്‍ മുഴുകി.
മഴയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു കുട്ടികളുടെ കൈയില്‍.പഴയ പത്രത്താളുകളില്‍നിന്നും മാസികകളില്‍ നിന്നും വെട്ടിയെടുത്തവയായിരുന്നു അവയില്‍ മിക്കതും.മഴ സംഹാരതാണ്ഡവമാടിയ നാളുകളിലെ ഉരുള്‍പൊട്ടലിന്റെയും കൃഷിനാശത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങള്‍,മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍,മഴയുടെ സൗന്ദര്യം ഒപ്പിയെടുത്ത പത്രഫോട്ടോകള്‍,മഴയുടെ സരളവും സൗമ്യവുമായ ഭാവങ്ങള്‍ ആവിഷ്ക്കരിച്ച ഡയറിക്കുറിപ്പുകള്‍,കവിതകള്‍,മഴപ്പാട്ടുകള്‍...എനിക്ക് അതിരറ്റ ആഹ്ലാദം തോന്നി.കുട്ടികള്‍ മഴയിലിറങ്ങിയത് വെറുതെയായില്ല.മഴ കുട്ടികളുടെ മനസ്സിനെ എവിടെയെല്ലാമോ സ്പര്‍ശിച്ചിരിക്കുന്നു.മഴത്തുള്ളികള്‍ അവരുടെ ഹൃദയത്തില്‍ ചില അടയാളങ്ങള്‍ ബാക്കിയാക്കിയിരിക്കുന്നു.
നിമിഷങ്ങള്‍ക്കകം ബെഞ്ചുകള്‍ പശയും കടലാസുതുണ്ടുകളും നിറങ്ങളും കൊണ്ടു നിറഞ്ഞു.ചിലര്‍ ബെഞ്ചില്‍ കുനിഞ്ഞിരുന്ന് ചിത്രങ്ങള്‍ക്ക് പശ തേക്കുന്നു.മറ്റുചിലര്‍ കത്രികകൊണ്ട് ചിത്രങ്ങള്‍ വെട്ടി ശരിപ്പെടുത്തുന്നു.
ചിത്രങ്ങള്‍ ചാര്‍ട്ടുപേപ്പറില്‍ ഒട്ടിക്കാനുമുണ്ട് മൂന്നുനാലു പേര്‍.അതിലൊന്ന് കുഞ്ഞാമുവാണ്.അവന്‍ തന്നെ ഏല്‍പ്പിച്ച ജോലി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നുണ്ട്.അനഘയും ജുനൈദും അനീസയും ചേര്‍ന്ന് കുട്ടികള്‍ ഒട്ടിച്ചു നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാര്‍ക്കര്‍ പേന കൊണ്ട് ബോര്‍ഡര്‍ വരക്കുന്നു.ഗണേശയും മറ്റുള്ളവരും ചേര്‍ന്ന് ബോര്‍ഡറില്‍ സ് പ്രേ പെയിന്റുചെയ്ത് മോടികൂട്ടുന്നു.ചിത്രങ്ങള്‍ക്ക് യോജിച്ച അടിക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ് സ്വാതിയും റസീനയും ഷാനിബായും.തറ മുഴുവന്‍ വെട്ടിയിട്ട കടലാസു കഷണങ്ങളും പത്രത്താളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.ക്ലാസുമുറി ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ പണിപ്പുരപോലെ തോന്നിച്ചു.
ഉച്ചയോടുകൂടി പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.സന്തോഷമഴ,സങ്കടമഴ,ശല്യമഴ എന്നിങ്ങനെ തരംതിരിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയിരുന്നത്.പ്രദര്‍ശനത്തിന് ഒരു പേരു നല്‍കി-മഴക്കോള്.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രദര്‍ശനം കാണാന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് എല്ലാ ക്ലാസുകളിലും
വിതരണം ചെയ്തു.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പ്രദര്‍ശനം കണ്ടു.അവരില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രദര്‍ശനഹാളില്‍ സൂക്ഷിച്ച നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടു.ഹെഡ്മിസ്ട്രസ് പ്രദര്‍ശനം കണ്ട് ഇങ്ങനെ എഴുതി.
'ഇത്രയും ചിത്രങ്ങളും വാര്‍ത്തകളും കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടികള്‍ സ്വന്തമായി ശേഖരിച്ചതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ഈ മഴക്കാലത്തെ അവര്‍ സ്വന്തമാക്കിയിരിക്കുന്നു.ശരിക്കും മഴയെക്കുറിച്ചുള്ള ഒരു ആര്‍ക്കൈവ് പോലുണ്ട്. നന്നായിട്ടുണ്ട്.അഭിനന്ദങ്ങള്‍.'
വൈകുന്നേരം സ്ക്കൂള്‍ വിട്ടു.കുട്ടികളെല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു.അധ്യാപകരും ഒന്നൊന്നായി യാത്ര പറഞ്ഞ് പിരിഞ്ഞു.
ലൈബ്രറിയിലെ ഏകാന്തതയില്‍ പതുങ്ങിയിരുന്ന് ഞാന്‍ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കുകയായിരുന്നു.അപ്പോഴാണ് മധ്യവയസ്ക്കനായ ഒരാള്‍ എന്നെ അന്വേഷിച്ച് കയറിവന്നത്.എന്റെ ക്ലാസിലെ സുനിത എന്ന കുട്ടിയുടെ അച്ഛനാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി.അയാളുടെ ഭാവം കണ്ടപ്പോള്‍ കുറച്ചു ദേഷ്യത്തിലാണെന്നു തോന്നി.ഞാന്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.
"മയേത്ത് കളിക്കാനല്ല ഞാനെന്റെ മോളെ സ്ക്കൂളിലയക്കുന്നത്”.അയാള്‍ മുഖവുരയില്ലാതെ ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു.
"സുനിതയ്ക്ക് നല്ല പനിയാണ്.ഞാനോളെ ഡോക്ടറെ കാണിച്ച് മരുന്ന് മേങ്ങി വരേന്ന്.”
സുനിത ഇന്നു ക്ലാസിലുണ്ടായിരുന്നില്ലെന്ന് ഞാനോര്‍ത്തു.അന്വേഷിച്ചപ്പോള്‍ അവള്‍ക്ക് പനിയാണെന്ന് ഒരു കുട്ടി പറയുകയും ചെയ്തു.പക്ഷേ, ഞാനാകാര്യം മറന്നുപോയിരുന്നു.
"രണ്ടീസം മിന്നേ ങ്ങള് കുഞ്ഞള മഴേത്ത് എറക്കിബിട്ടില്ലേ?"അയാളുടെ ശബ്ദം കര്‍ക്കശമായിരുന്നു."ഇതാന്നോ പടിപ്പ്?”
"കുട്ടികള്‍ മഴയത്ത് ഇറങ്ങാറുണ്ടെന്നത് ശരിയാണ്.പക്ഷേ,അവരുടെ കൈകളില്‍ കുടയുണ്ടായിരുന്നു.മഴമാപിനി പരിശോധിച്ച് പെയ്ത മഴയുടെ അളവ് കണ്ടുപിടിക്കാനായിരുന്നു അവര്‍ കഴിഞ്ഞ ദിവസം മഴയത്ത് ഇറങ്ങിയത്.അതില്‍ നിങ്ങളുടെ മകള്‍ക്കു മാത്രം പനി പിടിച്ചു പോയതില്‍ എനിക്കു വിഷമമുണ്ട്....”
കുട്ടികള്‍ തയ്യാറാക്കിയ മഴപ്പതിപ്പില്‍ നിന്നും സുനിതയെഴുതിയ മഴ വിവരണം തെരഞ്ഞുപിടിച്ച് ഞാനയാള്‍ക്ക് വായിച്ചു കൊടുത്തു.മഴ പെയ്യുമ്പോള്‍ ഓര്‍ക്കാപുറത്ത് വീശിയ കാറ്റില്‍ കുട പറന്നു പോയതുമായി ബന്ധപ്പെട്ട രസകരമായ ഒരു വിവരണമായിരുന്നു അത്.
വിവരണം വായിച്ചുകേട്ടപ്പോള്‍ അയാളുടെ കോപം അല്പമൊന്നു ശമിച്ചതായിത്തോന്നി.
"ന്നാലും ഇതെയ്താന്‍ കുഞ്ഞോളെ മയേത്തേക്ക്....”
അയാള്‍ മുഴുപ്പിച്ചില്ല.ഞാനയാളെയും കൂട്ടി പ്രദര്‍ശനം ഒരുക്കിയ ഹാളിലേക്കു നടന്നു.
കുട്ടികള്‍ തയ്യാറാക്കിയ പ്രദര്‍ശനം മുഴുവനായും അയാള്‍ നോക്കിക്കണ്ടു.
"ഇത് നന്നായിനി, മാശെ.ഇത്ര ചെറിയ മക്കൊ ങ്ങനെയൊരു പരിപാടി ആക്കിന്ന് കാണുമ്പോ...”
കുട്ടികളുടെ മഴ അളക്കാം പ്രൊജക്ടും മറ്റും ഞാനയാള്‍ക്ക് വിശീകരിച്ചു കൊടുത്തു.
"നോക്കൂ,നമ്മുടെ കുട്ടികള്‍ അല്പം മഴയും വെയിലുമൊക്കെകൊണ്ടുവേണം വളരാന്‍.എങ്കിലേ അവര്‍ ആരോഗ്യമുള്ളവരായി തീരൂ.”
"മയേനക്കുറിച്ച് ഇത്രേം പടിക്കാനുണ്ടെന്ന് എനക്ക് ഇപ്പാ മനസിലായത്.”
"ഇനിയുമുണ്ട് ധാരാളം. പനി സുഖമാവുകയാണെങ്കില്‍ നാളെത്തന്നെ അവളെ ക്ലാസിലേക്കയക്കൂ.അവള്‍ മിടുക്കയാണ്.”
"ശരി സേര്‍. അങ്ങനെയാവട്ടെ.”
അയാള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി. ഞാന്‍ തുടങ്ങിവെച്ച പണി പൂര്‍ത്തിയാക്കാന്‍ ലൈബ്രറിയിലേക്കും.
(തുടരും)
Dear Surendran,
ReplyDeleteI really enjoyed reading your blog. It is a great example of teacher reflection. How meticulously you have gone through the pictures drawn by your students! Amazing! I enjoyed the way you treated the angry parent. Thanks a lot, Surendran.
അനുഭവവിവരണം ഗംഭീരം....പ്രതീക്ഷയോടെ താങ്കുളുടെ അടുത്ത പോസ്റ്റിങ്ങിനായി കാത്തിരിക്കുന്നു
ReplyDelete