ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday, 4 May 2014

"മയേന എങ്ങന്യാ അളക്കാ?”

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....4






എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക




അന്നേ ദിവസം രാവിലെ റസീന ഒരു പത്രക്കീറുമെടുത്ത് എന്റെ അടുത്തേക്ക് ഓടി വന്നു.കഴിഞ്ഞ ദിവസത്തെ കാലാവസ്ഥക്കുറിപ്പായിരുന്നു അത്.ഓരോ പ്രദേശത്തും പെയ്ത മഴയുടെ അളവ് അതില്‍ കൊടുത്തിരുന്നു.
"മാശെ, മയേന്റളവ് മൂന്നു സെന്റീമീറ്ററ് എന്നു പറഞ്ഞാലെന്താന്ന്?
മയേന എങ്ങന്യാ അളക്കാ?”


യഥാര്‍ത്ഥത്തില്‍ മണ്ണൊലിപ്പിനെക്കുറിച്ചുള്ള ഒരു ക്ലാസിന്റെ നോട്ടുകളായിരുന്നു ഞാന്‍ തയ്യാറാക്കിയിരുന്നത്.സ്ക്കൂളിനു പുറകുവശത്തുള്ള കുന്നിനുമുകളിലേക്കുള്ള ചെറിയ ഫീല്‍ഡ് ട്രിപ്പിലൂടെ മണ്ണൊലിപ്പും അതുണ്ടാകുന്നതിനുള്ള കാരണങ്ങളും മറ്റും നേരിട്ടു കണ്ടു പഠിക്കുക.പക്ഷേ, റസീനയുടെ ചോദ്യം ഈ നോട്ടുകള്‍ മാറ്റിവെക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.ഇന്നത്തെ ക്ലാസ് അവളുടെ ചോദ്യത്തില്‍ നിന്നുതന്നെ തുടങ്ങാം.ക്ലാസിലെ എല്ലാകുട്ടികള്‍ക്കും വേണ്ടി ആ ചോദ്യം ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

"മഴ എങ്ങനെയാ അളക്കുക?”


"അതെളുപ്പം മാശെ, ബെല്ല്യ ഒരു ബട്ട കൊണ്ടര്ണം.പെയ്യുന്ന മുയ്മന്‍ മയവെള്ളൂം അതില് പിടിക്കണം.എന്നിറ്റ് അളന്ന് നോക്കണം.”
ജുനൈദ് പറഞ്ഞു
"എന്റുമ്മാ, അത്രീം ബല്ല്യ ബട്ടയാ?” സാബിറ തലയില്‍ കൈവെച്ച് ചോദിച്ചുപോയി."അത് ഏട കിട്ടും?'
"അയിന് മ്മടെ കഞ്ഞിച്ചെമ്പ് ഇണ്ടാക്ക്യ കമ്പനിക്കാരില്ലേ.ഓരോട് പറഞ്ഞ് ഒന്ന് ഇണ്ടാക്കണം”.അനീസ പറഞ്ഞു.
"ബോളത്തി, മണ്ടത്തരം പറയാതെ. അതിന് ആകാശത്തിന്റത്രീം ബിസ്താരുള്ള ബട്ട ബേണ്ടി വരും."ഷാഹുല്‍ അവളെ കളിയാക്കി.


"അങ്ങനെയൊന്ന് ഇണ്ടാക്കാന്‍ പറ്റോ?ഇണ്ടാക്ക്യാതന്നെ ഏട്യാ ബെക്ക്വാ?” കുഞ്ഞാമുവിന് സംശയമായി.

എല്ലാവരും കുഞ്ഞാമുവിനെ അത്ഭുതത്തോടെ  നോക്കി.അവന്‍ ആദ്യമായി ഉറക്കെ സംസാരിച്ചിരിക്കുന്നു.ഒരു സംശയം ചോദിച്ചിരിക്കുന്നു.എനിക്കും അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

"അതൊന്ന്വല്ല.മയ അളക്കുന്നത് ഒരു ചെറിയ സാതനം കൊണ്ടാ.ഞാന്‍ ഇന്നാള് ഒരീസം ടിവിയില്‍ കണ്ടിന്.അയിന്റെ പേര് കിട്ട്ന്നില്ല.”
ഷാനിബ പറഞ്ഞു.

ചര്‍ച്ച ഫലപ്രദമാകുന്നതായി എനിക്കുതോന്നി.

"ജുനൈദ് ആദ്യം പറഞ്ഞതില്‍ കുറച്ച് ശരിയുണ്ട്."ഞാന്‍ പറഞ്ഞു. "അതൊരു പാത്രം തന്നെ.പക്ഷേ, വലുതല്ല. ചെറിയതാണ്.”


"അയിന്റെ പേരെന്താ, മാശെ?"ഷാനിബ ചോദിച്ചു.
"മഴമാപിനി."


ഞാനതിന്റെ ചിത്രം ബോര്‍ഡില്‍ വരച്ചുകൊടുത്തു.


ചിത്രം കണ്ടപ്പോള്‍ കുഞ്ഞാമുവിന് വീണ്ടും സംശയം.
"ഇത്ത്റ ചെറിയ കുപ്പീല് ഇത്ത്റ ബെല്യ മയ എങ്ങന്യാ അളക്ക്വാ?”

"കുഞ്ഞാമു നിന്റെ സംശയം കൊള്ളാം.”
ഞാന്‍ കുഞ്ഞാമുവിനെ അഭിനന്ദിച്ചു.അപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.


"നമുക്ക്  മഴമാപിനിയുണ്ടാക്കി മഴ അളന്നുനോക്കാം.അപ്പോള്‍ കുഞ്ഞാമുവിന്റെ സംശയം തീരും.”


കുട്ടികള്‍ക്ക് ഉത്സാഹമായി.
ഞാന്‍ ലബോറട്ടറിയില്‍ നേരത്തെ കരുതിവെച്ച അഞ്ചാറു പ്ലാസ്റ്റിക്കു കുപ്പികള്‍ കൊണ്ടുവന്നു.
"ഒരു മഴമാപിനി ഞാന്‍ ഉണ്ടാക്കി കാണിച്ചുതരാം.പിന്നീട് നിങ്ങള്‍...”
കുട്ടികള്‍ സമ്മതിച്ചു.


കുപ്പിയുടെ മുകള്‍ ഭാഗം ഞാന്‍ മുറിച്ചെടുത്തു.മുറിച്ചെടുത്ത ഭാഗം ഒരു ചോര്‍പ്പുപോലെ കുപ്പിക്കകത്തേക്കു താഴ്ത്തിവെച്ചു.
മഴമാപിനി തയ്യാറായി.


"ഇത് എളുപ്പത്തിലാക്കാലോ സേര്‍”.
റസീന പറഞ്ഞു.
കുട്ടികളെ ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും പ്ലാസ്റ്റിക്ക് കുപ്പിയും പേനാക്കത്തിയും നല്‍കി.
മിനുട്ടുകള്‍ക്കകം അവര്‍ മഴമാപിനി തയ്യാറാക്കുന്നതില്‍ മുഴുകി.
"കുഞ്ഞാമു, ഈ കുപ്പിയൊന്ന് കണ്ടിച്ച് തര്വോ?”

ചിലര്‍ കുഞ്ഞാമുവിന്റെ സഹായം ആവശ്യപ്പെടുകയാണ്.കുപ്പി നേരെ മുറിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.കുപ്പി മുറിക്കുന്നതില്‍ കുഞ്ഞാമു ഇതിനകം വൈദഗ്ദ്യം നേടിയിരിക്കുന്നു.
മിനുട്ടുകള്‍ക്കകം  ഓരോ ഗ്രൂപ്പിന്റെ കൈയ്യിലും ഓരോ മഴമാപിനി.


മഴമാപിനി നിര്‍മ്മിച്ച രീതി അവര്‍ നോട്ടുപുസ്തകത്തില്‍ എഴുതി.കൂടെ അതിന്റെ ചിത്രവും വരച്ചു.


"മാശെ,ഈനക്കൊണ്ട് എങ്ങനയാ മയ അളക്ക്വാ?”
 അനഘയ്ക്ക് ക്ഷമകെട്ടു.അവള്‍ക്ക് പെട്ടെന്ന് മഴ അളന്നു കാണണം.



പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു.ഞാന്‍ എല്ലാവരെയും കൂട്ടി കളിസ്ഥലത്തേക്കു നടന്നു.അവിടെ ഓരത്തായി കമ്പുകള്‍ നാട്ടി അതില്‍ മഴമാപിനി കെട്ടിവെച്ചു.
"ഇനി നാളെ രാവിലെ നോക്കാം.അപ്പോഴറിയാം എത്ര മഴ പെയ്തുവെന്ന്.അതുവരെ ക്ഷമിച്ചേക്കണം.”
ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.


അടുത്ത ദിവസം രാവിലെ കുട്ടികള്‍ സ്ക്കൂള്‍ ഗേറ്റിനരികില്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു.
"മാശെ, മയമാപിനിയില്‍ കൊറച്ചേ വെള്ളൂള്ളു.ഇന്നല ഇടിയെ മയ പെയ്തിറ്റും..."ഷാഹുല്‍ പറഞ്ഞു.
ഞാന്‍ കുട്ടികളുടെ കൂടെ മഴമാപിനി സ്ഥാപിച്ചിടത്തേക്ക് നടന്നു.
"ഇന്നലെ നമ്മള്‍ എത്ര മണിക്കാണ് മഴമാപിനി സ്ഥാപിച്ചത്?”
"ഇന്റര്‍വെല്ലിനു തൊട്ട് മുമ്പ്."കുട്ടികള്‍ ഓര്‍മ്മിച്ചു പറഞ്ഞു.
"അപ്പോള്‍ സമയം 11.30.ഇപ്പോള്‍ സമയം എത്രയായി?”
“9.30."കുട്ടികള്‍ എന്റെ വാച്ചില്‍ നോക്കി പറഞ്ഞു.


"ശരി.”
ഞാനൊരു ഈര്‍ക്കില്‍ ഒടിച്ചെടുത്ത് കുപ്പിയിലെ വെള്ളത്തില്‍ മുക്കി.പിന്നീട് ഈര്‍ക്കിലിന്റെ നനഞ്ഞ ഭാഗം മാത്രം മുറിച്ചെടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു.
"ഇന്നലെ രാവിലെ11.30മുതല്‍ ഇന്നു രാവിലെ 9.30വരെ പെയ്ത മഴയുടെ അളവാണിത്.ഇതിന്റെ നീളം അറിയണമെങ്കില്‍ സ്കെയില്‍ വെച്ച് അളന്നു നോക്കണം.”


ഒരു കുട്ടി ക്ലാസിലേക്ക് ഓടിച്ചെന്ന് ഒരു സ്കെയിലുമായി തിരിച്ചുവന്നു .ഈര്‍ക്കിലിന്റെ നീളം എല്ലാവരും കൂടി അളന്നു നോക്കി.

"ഒരു സെന്റീമീറ്ററുണ്ട് സേര്‍.” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"ഇതാണ് ഇന്നലെ രാവിലെ മുതല്‍ ഇന്നു രാവിലെ വരെ പെയ്ത മഴയുടെ അളവ്.മഴ അളക്കാനുള്ള വിദ്യ മനസ്സിലായല്ലോ.ജുനൈദ് പറഞ്ഞതുപോലെ വലിയ പാത്രമൊന്നും അതിനു വേണ്ട.”


പിന്നീട് കുട്ടികള്‍ മഴക്കലണ്ടര്‍ തയ്യാറാക്കി.ഓരോ ദിവസത്തേയും കാലാവസ്ഥാപ്രവചനം റേഡിയോ കേട്ടും ടിവി കണ്ടും കുട്ടികള്‍ എഴുതിക്കൊണ്ടു വന്നു.ചില കുട്ടികള്‍ പത്രത്താളുകള്‍ തന്നെ കീറിക്കൊണ്ടു വന്നു.ഈ പ്രവചനങ്ങള്‍ എത്രമാത്രം ശരിയാണെന്നു കണ്ടുപിടിക്കലായിരുന്നു അവരുടെ മുമ്പിലുള്ള പ്രശ്നം.കാലാവസ്ഥാപ്രവചനങ്ങള്‍ തെറ്റിയപ്പോഴൊക്കെ അവര്‍ കണക്കില്ലാതെ സന്തോഷിച്ചു.ജില്ലയില്‍ പെയ്ത മഴയുടെ ആധികാരികമായ അളവും തങ്ങള്‍ കണ്ടെത്തിയ അളവും തമ്മില്‍ തട്ടിച്ചു നോക്കി.വ്യത്യാസം വന്നപ്പോഴൊക്കെ തങ്ങളുടേതാണ് ശരി,ശാസ്ത്രജ്ഞന്‍മാരുടേത് തെറ്റാണെന്ന് അവര്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു.കൊച്ചുശാസ്ത്രജ്ഞന്‍മാരുടെ നടപ്പും ഭാവവുമായിരുന്നു അവരില്‍ പലര്‍ക്കും.


( തുടരും...)




1 comment:

  1. ".ഈ പ്രവചനങ്ങള്‍ എത്രമാത്രം ശരിയാണെന്നു കണ്ടുപിടിക്കലായിരുന്നു അവരുടെ മുമ്പിലുള്ള പ്രശ്നം.കാലാവസ്ഥാപ്രവചനങ്ങള്‍ തെറ്റിയപ്പോഴൊക്കെ അവര്‍ കണക്കില്ലാതെ സന്തോഷിച്ചു.ജില്ലയില്‍ പെയ്ത മഴയുടെ ആധികാരികമായ അളവും തങ്ങള്‍ കണ്ടെത്തിയ അളവും തമ്മില്‍ തട്ടിച്ചു നോക്കി.വ്യത്യാസം വന്നപ്പോഴൊക്കെ തങ്ങളുടേതാണ് ശരി,ശാസ്ത്രജ്ഞന്‍മാരുടേത് തെറ്റാണെന്ന് അവര്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു.കൊച്ചുശാസ്ത്രജ്ഞന്‍മാരുടെ നടപ്പും ഭാവവുമായിരുന്നു അവരില്‍ പലര്‍ക്കും."

    ജൈവികമായ മഴ അളക്കലും യാന്തികമായ മഴ അളക്കലും ക്ലാസ് മുറിയില്‍ സംഭവിക്കുന്നത്‌ പ്രക്രിയയില്‍ ഉള്ള വ്യത്യാസം കൊണ്ടാണ്. കുട്ടികളില്‍ ആവശ്യകത നിര്‍മിചെടുക്കുക ,അതിനു വേണ്ട സംവാദം നടത്തുക,കുട്ടികള്‍ അറിവ് നിര്‍മിക്കുകയും സമൂഹത്തില്‍ നില നില്‍ക്കുന്ന അറിവുകളുമായി താരതമ്യം ചെയ്തും ദത്തങ്ങള്‍ വിശകലനം ചെയ്തും മെച്ചപ്പെടുത്തുക മുതലായവ ക്ലാസ് മുറിയില്‍ സംഭവിക്കണമെങ്കില്‍ അധ്യാപകന്‍ കുട്ടിയുടെ പക്ഷത് നിന്ന് കാര്യങ്ങള്‍ കാണാന്‍ കൂടി പഠിക്കുന്ന ആള്‍ ആവണം .അപ്പോള്‍ കുഞ്ഞാമുമാര്‍ ക്ലാസ് റൂം ചര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു തുടങ്ങും .

    ReplyDelete