ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday 14 May 2014

സമ്മാനത്തിന്റെ മധുരം

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....7





എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


"മാശെ, ഇന്ന് പതങ്ങള് മേണ്ട.” കുഞ്ഞാമു പറഞ്ഞു.
"എനക്ക് കയ്യിന്നില്ല.”
കുഞ്ഞാമുവിന്റെ നോട്ടുപുസ്തകത്തില്‍ പദങ്ങള്‍ എഴുതാന്‍ തുടങ്ങുകയായിരുന്നു ഞാന്‍.നോട്ടുപുസ്തകം അടച്ച് ഞാന്‍ കുഞ്ഞാമുവിനെ നോക്കി.
"എന്തു പറ്റി?”
"എനക്ക് വെനയാവ്ന്ന്, മാശെ.”

എന്നും രാവിലെ ക്ലാസുതുടങ്ങുന്നതിന്നുമുമ്പ് കുഞ്ഞാമു ഒരു നോട്ടുപുസ്തകവുമായി എന്റെ മുന്നില്‍ ഹാജരാകും.ഇന്ന് ഏതൊക്കെ പദങ്ങളാണ് വേണ്ടതെന്ന് ഞാന്‍ അവനോട് ചോദിക്കും.ഒരു നിമിഷം കണ്ണടച്ച്നിന്ന് ആലോചിച്ച് അവന്‍ പറയും.സക്കാത്ത്, നോമ്പ്,ഉറൂസ്... പദങ്ങള്‍ ഭംഗിയായി ഞാന്‍ നോട്ടുപുസ്തകത്തില്‍ എഴുതും.അവന് വായിച്ചുകൊടുക്കും.കഴിഞ്ഞ ദിവസം എഴുതാന്‍ നല്‍കിയ പദങ്ങള്‍ പരിശോധിക്കും.വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.



ഞാന്‍ കൊടുത്ത നോട്ടുപുസ്തകം അവന്‍ ഭംഗിയായി സൂക്ഷിക്കുന്നു.പത്രത്താളുകൊണ്ട് പൊതിഞ്ഞ്, വൃത്തിയായി പേരെഴുതി,ചെളി പുരളാതെ...

മുനകൂര്‍പ്പിച്ച്, എപ്പോഴും കീശയില്‍ കൊണ്ടുനടക്കുന്ന ഒരു പെന്‍സിലും അവന് സ്വന്തമായുണ്ട്.

അവന്റെ കൈയക്ഷരവും മറ്റും  നന്നായിട്ടുണ്ട്.കുറേ പദങ്ങള്‍ അവനിപ്പോള്‍ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്.
പക്ഷേ, പദങ്ങള്‍ എഴുതിപ്പഠിക്കുന്ന ഈ രീതി വിരസമാവാന്‍ തുടങ്ങിയിരിക്കുന്നു.അവനും എനിക്കും.


ആയിടയ്ക്കാണ് പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസില്‍ ഒരു കടങ്കഥാപ്പയറ്റ് നടത്തുന്നതിനുള്ള സാധ്യത തെളിഞ്ഞുവന്നത്.
"അടുത്തവെള്ളിയാഴ്ച കടങ്കഥാപ്പയറ്റ് ഉണ്ടായിരിക്കുന്നതാണ്."ഞാന്‍ ക്ലാസില്‍ ഒരു പ്രഖ്യാപനം നടത്തി.

ഓരോ പാഠഭാഗത്തും കുട്ടികള്‍ ധാരാളം കടങ്കഥകള്‍ പരിചയപ്പെട്ടിട്ടുണ്ട്.ഇതിന്റെ പ്രയോഗസാധ്യതയെക്കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചത്.

"ഇന്നു ബുധന്‍.എനി എട്ട് ദെവസൂണ്ട്...."കുട്ടികള്‍ എണ്ണാന്‍ തുടങ്ങി.
"മാശെ, എനി എട്ട് ദെവസല്ലേയുള്ളു.തയ്യാറാവാന്‍ അതു പോര.” അനഘ പറഞ്ഞു.അവളെപ്പോഴും അങ്ങനെയാണ്. എത്ര തയ്യാറെടുത്താലും അവള്‍ക്ക് മതിയാകില്ല.
"ഒരുപാട് കടങ്കഥകള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കറിയാലോ.ബാക്കി ശേഖരിക്കാന്‍ ഈ ദിവസങ്ങള്‍ പോരെ?”
"മതി..മതി.."അജീഷ് പറഞ്ഞു."എങ്കില്‍ സേര്‍ ഇപ്പോത്തന്നെ ഗ്രൂപ്പാക്കണം.”
അജീഷിന്റെ ആവശ്യം എല്ലാവരും അംഗീകരിച്ചു

 കുട്ടികളെ ആറുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കിത്തിരിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ ലീഡറേയും തെരഞ്ഞെടുത്തു.ഈ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു മത്സരം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ കടങ്കഥകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി.സ്ക്കൂള്‍ ലൈബ്രറിയിലെ കടങ്കഥാപുസ്തകങ്ങള്‍ ഞാന്‍ കുട്ടികള്‍ക്കു നല്‍കി.കൂടാതെ അവര്‍ നേരിട്ടും പുസ്തകങ്ങള്‍ ശേഖരിച്ചു.ചിലര്‍ നാട്ടുമുത്തശ്ശിമാരെ അന്വേഷിച്ചു നടന്നു.മുത്തശ്ശിമാര്‍ കുട്ടികള്‍ക്കുമുന്നില്‍ അവരുടെ കടങ്കഥാഭണ്ഡാരം തുറന്നുവെച്ചു.കടങ്കഥകളുടെ രസകരമായ ലോകത്തേക്ക് അവരെ കൈപിടിച്ചുകൊണ്ടുപോയി.

ഗ്രൂപ്പുകള്‍ എപ്പോഴും ഒറ്റക്കെട്ടായി നിന്നു.ഓരോ ഗ്രൂപ്പിലേയും കുട്ടികള്‍ മറ്റു ഗ്രൂപ്പുകളുമായി ഇടപഴകുന്നത് അതാതു ഗ്രൂപ്പു ലീഡര്‍മാര്‍ വിലക്കി.ഗ്രൂപ്പ് അംഗങ്ങള്‍ മറ്റു ഗ്രൂപ്പുകള്‍ക്ക് കടങ്കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നത് തടയാനായിരുന്നു ഇത്.


 കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ നൂറുകണക്കിനു കടങ്കഥകള്‍ കൊണ്ടുനിറഞ്ഞു.ഇതുവരെ കേട്ടിട്ടില്ലാത്തവ.ഒരു പുസ്തകത്തിലും ശേഖരിക്കപ്പെടാത്തവ.പക്ഷേ, എല്ലാം എല്ലാവരും രഹസ്യമാക്കിവെച്ചു.

സ്ക്കൂളിനു പിന്നാമ്പുറത്തെ ആല്‍മരച്ചുവട്ടിലും ഗ്രൗണ്ടിന്റെ വടക്കേമൂലയിലെ സ്റ്റേജിലും കിഴക്കേപാറക്കെട്ടിനു മുകളിലെ  പറങ്കിമാവിന്‍ ചുവട്ടിലും ഗ്രൂപ്പുകള്‍ രഹസ്യയോഗം ചേര്‍ന്നു.പഠിച്ചത് അവസാനവട്ടം ഒന്നുകൂടി ഉറപ്പിക്കാന്‍.

നോട്ടുപുസ്തകം എപ്പോഴും മുറുകെപ്പിടിച്ചാണ് കുഞ്ഞാമുവിന്റെ നടത്തം.
"കുഞ്ഞാമു ഒന്ന് പുസ്തകം നോക്കട്ടെ..?"ഞാന്‍ ചോദിച്ചു.
അവന്‍ പുസ്തകം തരാന്‍ ആദ്യം ഒന്നു മടിച്ചു.
"മാശ് ഓര്‍ക്കൊന്നും ചൊല്ലിക്കൊടുക്കൂലേങ്കില് തരാ.”
"ഇല്ല.” ഞാന്‍ ഉറപ്പ് കൊടുത്തു.

അവന്‍ പുസ്തകം തന്നു. ഞാനത് തുറന്നുനോക്കി.നിറയെ കടങ്കഥകള്‍!എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അവന്റെ കൈയ്യക്ഷരം തന്നെ.വൃത്തിയായിയെഴുതിയിരിക്കുന്നു.
"ഇതൊക്കെ എവിടുന്നാ?”
"അടുത്ത പൊരേലെ ഉപ്പൂപ്പ ചൊല്ലിത്തന്നത്.ആട്ത്തെ താത്ത അത് കടലാസില് ഏയ്തിത്തന്ന്.ഞാന് അത് നോക്കി ബുക്കില് എയ്തി.ബയ്യെ പടിച്ചു.”


അതിലെ ഒരു  കടങ്കഥ തൊട്ടുകാണിച്ച് ഞാന്‍ അവനോട് വായിക്കാന്‍ പറഞ്ഞു.ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അവന്‍ ആ കടങ്കഥ എനിക്കു വായിച്ചു തന്നു.അത്ഭുതം! ഇതെങ്ങനെ സാധ്യമായി?
ഞാന്‍ ഒരെണ്ണം കൂടി വായിക്കാന്‍ പറഞ്ഞു.അതും അവന്‍ ഭംഗിയായി വായിച്ചു.

അവന്റെ വായനയുടെ രഹസ്യം ഇത്തവണ എനിക്കു മനസ്സിലായി.കടങ്കഥയിലെ ചില പദങ്ങള്‍ അവന് വായിക്കാന്‍ കഴിയുന്നുണ്ട്.കടങ്കഥകളെല്ലാം നേരത്തേ പഠിച്ചതുകാരണം ബാക്കി ഓര്‍മ്മയില്‍നിന്നും വായിക്കുന്നു.
അവന് നല്ല പുരോഗതിയുണ്ട്.അവന്‍ വായനയുടെയും എഴുത്തിന്റേയും നേര്‍വഴിയിലേക്ക് വന്നിരിക്കുന്നു.എനിക്കു സന്തോഷം തോന്നി.


 ഒടുവില്‍ മത്സരദിവസം വന്നെത്തി.കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു.മത്സരത്തില്‍ തങ്ങളാണ് ജയിക്കാന്‍ പോകുന്നതെന്ന ആത്മവിശ്വസത്തേടെ ഓരോ ഗ്രൂപ്പും തയ്യാറായി.
മത്സരം തുടങ്ങി.
ഒന്നാം ഗ്രൂപ്പിലെ അനീസയുടേതായിരുന്നു ആദ്യത്തെ ഊഴം.

അക്കരെ വീട്ടില്‍ തെക്കേത്തൊടിയില്‍
ചക്കരകൊണ്ടൊരു തൂണ്
തൂണിനകത്തൊരു നൂല്
നൂല് വലിച്ചാല്‍ തേന്
.

രണ്ടാം ഗ്രൂപ്പുകാര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
"ഉത്തരം ചെക്കിപ്പൂവ്.”
 അവര്‍ വിളിച്ചു പറഞ്ഞു.തുടര്‍ന്ന് നീണ്ട കരഘോഷം.
ഇനി രണ്ടാം ഗ്രൂപ്പിന്റെ ഊഴം.ഷാഹുല്‍ ആയിരുന്നു ചോദ്യകര്‍ത്താവ്.


"പച്ചപ്പലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ.”

ചോദ്യം മൂന്നാം ഗ്രൂപ്പിനോടാണ്. അവര്‍ക്ക് ഉത്തരമില്ല.അവര്‍ നാലാം ഗ്രൂപ്പിന് പാസ് ചെയ്തു.നാലില്‍നിന്നും അഞ്ചിലേക്ക്.അഞ്ചിലെ സുനിത എഴുന്നേറ്റു.
"പപ്പായ."
ഉത്തരം ശരിയാണ്.അഞ്ചാം ഗ്രൂപ്പിലെ കുട്ടികള്‍ ഉറക്കെ കൈയ്യടിച്ചു.അവരുടെ കണ്ണുകള്‍ സ്കോര്‍ബോര്‍ഡിലാണ്. ഞാന്‍ തെറ്റുവരുത്തുന്നുണ്ടോ എന്നറിയാന്‍.

ഇത്തിരി മുറ്റത്തഞ്ചുമുരിക്ക്
അഞ്ചു മുരിക്കില്‍ കൊഞ്ചു മുരിക്ക്
കൊഞ്ചു മുരിക്കില്‍ ചാന്തുകുടം.


അഞ്ചാം ഗ്രൂപ്പിന്റേതാണ് ചോദ്യം......
കുട്ടികള്‍ കടങ്കഥകള്‍ ശരം കണക്കെ എയ്തുവിട്ടുകൊണ്ടിരുന്നു.പലതിനും ഉരുളയ്ക്കുപ്പേരിപോലെ ഉത്തരം കിട്ടി.ചിലപ്പോള്‍ ഉത്തരങ്ങളുടെ സാംഗത്യത്തെക്കുറിച്ചു തര്‍ക്കം നടന്നു.ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒന്നരമണിക്കൂര്‍ നീണ്ടു.മൂന്നു ഗ്രൂപ്പുകള്‍ മത്സരത്തില്‍നിന്നും പുറത്തായി.അവശേഷിച്ച രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ പോയിന്റുനിലയില്‍ സമാസമം.ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനും രണ്ടു ഗ്രൂപ്പുകളും ഒപ്പത്തിനൊപ്പം.


ഇതില്‍ ഒരു ഗ്രൂപ്പിലായിരുന്നു കുഞ്ഞാമു.അവന്‍ ഗ്രൂപ്പ് അംഗങ്ങളുമായി തിരക്കിട്ട കൂടിയാലോചനയിലാണ്.
"ഞാനൊരു കടങ്കഥ ചോയ്ക്കാം, മാശെ."
അവന്‍ എഴുന്നേറ്റു. ഇപ്പോള്‍ എല്ലാകണ്ണുകളും കുഞ്ഞാമുവില്‍.
വായ വലുതായി തുറന്ന്,സ്വതവേ അടഞ്ഞ ശബ്ദം നേരെയാക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ കടങ്കഥ ചോദിച്ചു.

കറിത്തടത്തില്‍ കറി നട്ടു
കറി വന്നു,കറി തിന്നു
കറി വീണു,കറി ചത്തു
കറി വെച്ചു.കറിയേത്?


ഇത്തവണ കുട്ടികള്‍ കുഴങ്ങി.എല്ലാ തലകളും ഒരുമിച്ചുചേര്‍ന്നു.ആലോചിച്ചു.ഉത്തരമില്ല.
'കഴിയുമെങ്കില്‍ ഉത്തരം പറയ്,ഒന്നു കാണട്ടെ' എന്ന ഭാവത്തില്‍ കുഞ്ഞാമു നിന്നു.


കൂടിയാലോചിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

ഗത്യന്തരമില്ലാതെ എതിര്‍ഗ്രൂപ്പുകാര്‍ അടിയറവു പറഞ്ഞു.
"ആയിരം കടം. ഉത്തരം പറ."
യൂനുസ് വിളിച്ചു പറഞ്ഞു.
കുഞ്ഞാമു ഒരു ജേതാവിനെപ്പോലെ എഴുന്നേറ്റു നിന്നു.
"ഉത്തരം ആട്.”
അവന്‍ പ്രഖ്യാപിച്ചു.
കുട്ടികളുടെ കരഘോഷങ്ങള്‍ക്കിടയില്‍ നാലാം ഗ്രൂപ്പിലെ ഒരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു. "വിശദീകരിച്ചു പറയണം.”
കുഞ്ഞാമു വിശദീകരിച്ചു.
"തെങ്ങിന്റെ തടത്തില് ചീര നട്ടു.ചീര തിന്നാന് ആട് ബന്ന്.അപ്പൊ തേങ്ങ ബീണ് ആട് ചത്തു.ചത്ത ആടിനെ കറി ബെച്ചു.അപ്പൊ കറി ആട്.”
കുട്ടികള്‍ വാ പൊളിച്ചിരുന്നു.വിശ്വാസം വരാത്തവണ്ണം എല്ലാവരും കുഞ്ഞാമുവിനെ നോക്കി.കുഞ്ഞാമു ഇതെങ്ങനെ പഠിച്ചെടുത്തു?


ഞാന്‍ അഞ്ചാം ഗ്രൂപ്പിനെ വിജയിയായി പ്രഖ്യാപിച്ചു.കുട്ടികള്‍ കുഞ്ഞാമുവിനെ ചുമലിലേറ്റി 'കുഞ്ഞാമു കീ ജയ് 'എന്ന് മുദ്രാവാക്യം വിളിച്ച് ക്ലാസിന് വലം വെച്ചു.

സമ്മാനം വിതരണം ചെയ്യാന്‍ ഞാന്‍ അടുത്ത ക്ലാസിലെ ശോഭ ടീച്ചറെ ക്ഷണിച്ചു.
"ഞാങ്ങള ജയിപ്പിച്ചത് കുഞ്ഞാമുവാണ്.സമ്മാനം കുഞ്ഞാമു തന്നെ മേങ്ങട്ട്."
അഞ്ചാം ഗ്രൂപ്പിന്റെ ലീഡര്‍ അനഘ പറഞ്ഞു.


കുഞ്ഞാമുവിന്റെ വട്ടമുഖം ഒന്നുകൂടി വികസിച്ചു.അവന്റെ കണ്ണുകള്‍ തിളങ്ങി.അഭിമാനത്തോടെ,ഉറച്ച കാല്‍വെപ്പുകളോടെ അവന്‍ സമ്മാനം വാങ്ങാന്‍ മുന്നോട്ട് വന്നു.ഒരു പക്ഷേ,ജീവിതത്തിലാദ്യമായി അവന് കിട്ടിയ ഒരു അംഗീകാരമായിരിക്കണം അത്.നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ സമ്മാനം വാങ്ങി.

കുഞ്ഞാമു സമ്മാനപ്പെട്ടി പൊട്ടിച്ചു.ഒരു പായ്ക്കറ്റ് മിഠായി!

അവന്‍ തന്നെ മിഠായി എല്ലാവര്‍ക്കും വിതരണം ചെയ്തു.ആദ്യം ജയിച്ച
ഗ്രൂപ്പിലെ കുട്ടികള്‍ക്ക്.പിന്നീട് മറ്റുള്ളവര്‍ക്കും.പരാജയപ്പെട്ടവര്‍ മടിച്ചു മടിച്ചാണെങ്കിലും വിജയികളെ അഭിനന്ദിച്ചു.മിഠായി തിന്നുന്നതിനിടയില്‍ റസീന വിളിച്ചുപറഞ്ഞു.
"ഈ മിഠായിക്ക് എന്തൊരു മധുരം!”

ബഹളങ്ങളെല്ലാം അടങ്ങിയപ്പോള്‍ ഞാന്‍ കുഞ്ഞാമുവിനെ അടുത്തുവിളിച്ച് സ്വകാര്യം ചോദിച്ചു.
"ആരാ നിനക്കീ കടങ്കഥ പറഞ്ഞു തന്നത്?”
"അട്ത്ത പൊരേലെ ഉപ്പൂപ്പ."
മിഠായി തിന്നുന്നതിനിടയില്‍ കുഞ്ഞാമു സന്തോഷത്തോടെ പറഞ്ഞു.


(തുടരും...)




1 comment:

  1. കാനത്തൂരില്‍ ജനിക്കാനും എം.എം.എസി നെപ്പോലൊരു അധ്യാപകനെ സ്വന്തമാക്കാനും കഴിഞ്ഞ കുഞ്ഞാപ്പു ഭാഗയമുള്ള കുട്ടിയാണ്...കുട്ടിയുടെ കണ്ണിലൂടെ പഠനാനുഭവങ്ങളെ നിര്‍ണ്ണയിക്കാനും പ്രവര്‍ത്തനമൊരുക്കാനും പ്രോത്സാഹിപ്പിച്ച് മുന്നോട്ടുനയിക്കാനും സുരേന്ദ്രന്‍മാഷ് വഴി കാണിച്ചു തരുന്നു..ഇതുതന്നെയല്ലെ അവകാശാധിഷ്ഠിത ക്ലാസ്മുറിയും മെന്റര്‍ റോളിലേക്കുയരുന്ന അധ്യാപകനും......

    ReplyDelete