ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 26 April 2014

കുട്ടികള്‍ ഇങ്ങനെയാണ് ജീവിതം പഠിക്കുന്നത്In play child always behaves beyond his average age,above his daily behaviour; in play it is as though he were a head taller than himself. Play contains  all developmental tendencies in a condensed form and is itself a major source of development.

L.S.Vygotsky(Mind in society)


ഇത് അഭിരാമും കാര്‍ത്തികയും.അഭി ഒന്നാംക്ലാസ് കഴിഞ്ഞു.ഇനി രണ്ടിലേക്ക്.കാര്‍ത്തു രണ്ടാംക്ലാസ് കഴിഞ്ഞു. ഇനി മൂന്നിലേക്ക്.അവധിക്കാലം രണ്ടു പേരും കളിച്ച് ആസ്വദിക്കുകയാണ്.
ഇവരുടെ പ്രധാന കളി എന്താണെന്നല്ലേ?
കഞ്ഞീം കറീം വെച്ചു കളി.ഇവര്‍ ഇതിനെ വിളിക്കുന്നത് 'ജയേട്ടനും ഷീബയും' കളി എന്നാണ്. എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നത് വഴിയേ പറയാം. കുട്ടികളുടെ ഈ കളികാണുമ്പോഴാണ് പണ്ട് ഞങ്ങളും ഈ കളി കളിച്ചിട്ടുണ്ടല്ലോ എന്ന കാര്യം ഓര്‍ത്തത്.ഞങ്ങള്‍ മാത്രമല്ല,ഞങ്ങളുടെ പൂര്‍വ്വികരും അവരുടെ പൂര്‍വ്വികരും   ഈ കളി കളിച്ചിട്ടുണ്ടാകും.അങ്ങനെ നോക്കിയാല്‍ ഈ കളിക്ക് മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തോളം പഴക്കമുണ്ടാകണം.ലോകത്തിലുള്ള എല്ലാ കുട്ടികളും ഒരിക്കലെങ്കിലും ഈ കളിയിലൂടെ കടന്നുപോയവരായിരിക്കണം.നാട്ടിന്‍പുറത്തെ വിശാലമായ കളിസ്ഥലത്തുവെച്ചോ നഗരത്തിലെ കുടുസ്സുഫ്ലാറ്റിലെ ഇരുട്ടുവീണ മൂലകളില്‍വെച്ചോ കുട്ടികള്‍ ഈ കളി കളിക്കുന്നുണ്ടാകണം.


സാധാരണയായി നാലുവയസ്സു മുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികളാണ് ഈ കളിയില്‍ ഏര്‍പ്പെടുന്നത്. കേരളത്തില്‍ എല്ലായിടത്തും ഈ കളിയെ കഞ്ഞീം കറീംവെച്ചു കളി എന്നു തന്നെയാണോവിളിക്കുക എന്നറിയില്ല.ഡോ.പി.വി.പുരുഷോത്തമന്റെ 'വൈഗോട്സ്കിയും വിദ്യാഭ്യാസവും' എന്ന പുസ്തകത്തില്‍ ഇതിനെ 'ചമഞ്ഞുകളി' എന്നാണ് വിളിക്കുന്നത്.ഇംഗ്ലീഷില്‍ dramatic play എന്നും.ഇതിനെ മലയാളീകരിച്ചാല്‍ ശരിയാകുമോ?'നാടകക്കളി'..?

ഞാന്‍ ക്യാമറയുമായി  കളിയിടത്തിലേക്ക് കടന്നുകയറിയത് ഇവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.ഞാന്‍ ചില ചിത്രങ്ങളെടുത്തു. അതോടെ അന്നത്തെ അവരുടെ കളി അവസാനിക്കുകയും ചെയ്തു.

അഭിയുടെയും കാര്‍ത്തുവിന്റെയും കളി രഹസ്യമായി നിരീക്ഷിക്കുക എന്നതായിരുന്നു ഈ ദിവസങ്ങളിലെ എന്റെ പ്രധാന ഹോബി.കളിയിലേക്കുള്ള ഒരുതരം ഒളിച്ചുനോട്ടം. കളിയെക്കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു അത്.
എന്തൊക്കെയാണ് ഇവരുടെ കളിയുടെ പ്രത്യേകതകള്‍ എന്നു നോക്കാം.
അഭിയുടെ അച്ഛന്‍ ജയനും അമ്മ ഷീബയുമാണ്.കളിയിലെ പ്രധാനപ്പെട്ട രണ്ടു കഥാപ്പാത്രങ്ങള്‍ ഇവര്‍ രണ്ടുപേരുമാണ്.അഭിയാണ് ജയേട്ടന്‍. കാര്‍ത്തു ഷീബയും.അതുകൊണ്ടാണ് ഈ കളിക്ക് ഇവര്‍ 'ജയേട്ടനും ഷീബയും'  എന്നു പേരിട്ടത്.

ഷീബ(കാര്‍ത്തു)എപ്പോഴും അടുക്കളയിലാണ്.അവള്‍ ചോറും  കറിയും ഉണ്ടാക്കും.പാത്രം കഴുകും.  അതിനിടയില്‍ കുഞ്ഞിനെ കുളിപ്പിക്കും.അതിന് പൗഡറിടും. പൊട്ട് തൊടും.അതിനോട് സംസാരിക്കും.ജോലിക്കു പോയ ജയേട്ടനെ പലതവണ ഫോണില്‍ വിളിക്കും.പച്ചക്കറിയും മീനും കൊണ്ടുവരാന്‍ പറയും.മോളെ അംഗനവാടിയില്‍ കൊണ്ടാക്കും.അവിടത്തെ ടീച്ചറാവും.ആയയാവും.ഇടയ്ക്ക് മീന്‍കാരിയാവും. 

 ഇനി ജയേട്ട(അഭി)നോ?
രാവിലെ ജോലിക്കുപോകും.വൈകുന്നേരം സാധനങ്ങളുമായി തരിച്ചുവരും.രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയ ദൈര്‍ഘ്യം പരമാവധി അഞ്ചോ പത്തോ മിനുട്ടായിരിക്കും. ജോലി കഴിഞ്ഞു വന്നാല്‍പ്പിന്നെ കുഞ്ഞിനെ നോക്കണം.അപ്പോള്‍ ഷീബ തിരക്കിട്ട അടുക്കളപ്പണിയിലായിരിക്കും.അപ്പോഴായിരിക്കും കുഞ്ഞിന് രോഗം വരിക.കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോണം. ജയേട്ടന്റെ റോള്‍ മാറും. 


ഓട്ടോഡ്രൈവറാകും.ആശുപത്രിയില്‍ ഡോക്ടറായി ഇരിക്കുന്നതും ജയേട്ടനായിരിക്കും.തിരികെ വരുമ്പോള്‍ ബസിലായിരിക്കും.അപ്പോള്‍ ബസ്സ് ഡ്രൈവറാകും.മരുന്നു ഷാപ്പിലെ മരുന്നു വില്‍പ്പനക്കാരനാകും. 


മിക്കവാറും എല്ലാദിവസങ്ങളിലേയും കളിയിലെ കഥാപ്പാത്രങ്ങള്‍ ജയനും ഷീബയും തന്നെ.പക്ഷേ സംഭവങ്ങളില്‍ മാറ്റമുണ്ട്.ചില ദിവസങ്ങളില്‍ രണ്ടുപേരും കല്ല്യാണത്തിനുപോകുന്നതായിരിക്കും പ്രധാന തീം.അവിടെ കല്ല്യാണപ്പെണ്ണും ചെക്കനുമായി ഇവര്‍ വേഷം മാറും.കളി മറ്റൊരു രീതിയില്‍ പുരോഗമിക്കും.പിന്നെ രണ്ടുപേരും ദുബായിയിലേക്ക് പറക്കും.

ചിലപ്പോള്‍ കളി രണ്ടുപേരുടെയും ഉറക്കത്തിലാണ് ആരംഭിക്കുക. അപ്പോഴായിരിക്കും കള്ളന്മാരുടെ വരവ്.പിന്നെ പോലീസും പോലീസ്സ്സ്റ്റേഷനുമൊക്കെ രംഗത്ത് വരും.

തങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയ ജീവിതത്തെ കളിയിലൂടെ പ്രതീകാത്മകമായി(symbolic) അവതരിപ്പിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഒപ്പം കുടുംബത്തിലെ ഓരോരുത്തരുടെയും റോളുകള്‍ അവര്‍ സ്വയം തിരിച്ചറിയുന്നു. അതിനെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നു. 

ജയേട്ടന്‍ എങ്ങനെ പെരുമാറണമെന്ന് ഷീബയ്ക്ക് ചില ധാരണകളുണ്ട്.ജോലിസ്ഥലത്തുനിന്നും ജയേട്ടന്‍ വരാന്‍ വൈകിയാല്‍,പറഞ്ഞ സാധനങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍, ഷീബ അടുക്കളപ്പണിയെടുക്കുമ്പോള്‍ കുഞ്ഞിനെ നോക്കിയില്ലെങ്കില്‍ ഒക്കെ വഴക്കുണ്ടാകുന്നു.അതുപോലെ ഷീബ എങ്ങനെ പെരുമാറണനെന്നതിനെക്കുറിച്ച് ജയേട്ടനുമുണ്ട് ചില സങ്കല്‍പ്പങ്ങള്‍.തന്റെ ചുറ്റുപാടുമുള്ള ഓരോരുത്തരും  എന്താണ്,അവരുടെ പെരുമാറ്റം എങ്ങനെയാണ്,അവര്‍ അങ്ങനെ പെരുമാറിയില്ലെങ്കില്‍ എന്താണ് കുഴപ്പം തുടങ്ങിയ വസ്തുതകള്‍ കുട്ടി കളിയിലൂടെ പരിശോധിക്കുകയാണ്;വിമര്‍ശനവിധേയ മാക്കുകയാണ്.കഥാപ്പാത്രങ്ങളെ സ്വന്തം ഭാവനയ്ക്കനുസരിച്ച് പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പരിശോധന. ആവര്‍ത്തിച്ചു കളിക്കുന്നതിലൂടെ ഇത് കുട്ടിയുടെ അറിവായി മാറുന്നു.ഈ അറിവാണ് തന്റെ ചുറ്റുപാടിനെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണകളിലേക്ക് കുട്ടികളെ നയിക്കുന്നത്.അതുകൊണ്ടാണ് കഞ്ഞീം കറീംവെച്ചു  കളിയിലൂടെ കുട്ടികള്‍ ജീവിതത്തെ പഠിക്കുകയാണെന്നു പറയുന്നത്.

കഞ്ഞീം കറീംവെച്ചു കളിയിലൂടെ തന്റെ ചുറ്റുപാടിലെ യാഥാര്‍ത്ഥ്യത്തെ ഭാവനയില്‍ പുനഃസൃഷ്ടിക്കുകയാണ് കുട്ടി ചെയ്യുന്നത്.അത് ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കാന്‍ കുട്ടികള്‍ക്കു കഴിയില്ല.അതിന് പ്രചോദനം(stimuli) ആവശ്യമാണ്.കളിക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ്(property) കുട്ടികളെ പ്രചോദിപ്പിക്കുന്നത്.പ്രോപ്പുകള്‍  ചുറ്റുപാടില്‍ നിന്നും  ലഭ്യമാകുന്ന എന്തുമാകാം. വടിക്കഷണമോ ചിരട്ടകളോ മരക്കട്ടയോ പൗഡര്‍ടിന്നോ എന്തും.ഒരു പക്ഷേ,യാദൃശ്ചികമായി കൈയില്‍ കിട്ടുന്ന ഒരു പൗഡര്‍ ടിന്നായിരിക്കും അന്നത്തെ കളിയുടെ തീം തിരുമാനിക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്നത്.  

 പനിപിടിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഓട്ടോവിലാണ്.ഒരു വടിക്കഷണം കൊണ്ട് ഓട്ടോവിനെ സൃഷ്ടിക്കാനുള്ള മാന്ത്രികവിദ്യ കുട്ടികള്‍ക്കറിയാം. ഒപ്പം രണ്ടുപേരും ചേര്‍ന്നുണ്ടാക്കുന്ന അതിന്റെ ശബ്ദവും.ഒരു തവണ കളിക്കിടയില്‍ വടിക്കഷണം പരതി കാണാതായപ്പോള്‍ അവര്‍ രണ്ടുപേരും ആശുപത്രിയിലേക്ക് നടന്നുപോവുകയാണ് ചെയ്തത്.

 പക്ഷേ,ഇന്ന് പ്രോപ്പുകളുടെ  മിനിയേച്ചര്‍ രൂപങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.രക്ഷിതാക്കള്‍ ഇതു വാങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.ഇത് കുട്ടികളുടെ ഭാവനയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുക.നാട്ടിന്‍പുറത്തെ കുട്ടികള്‍ ഇന്നും പാത്രങ്ങള്‍ക്കുപകരം ചിരട്ടകളും,പാവക്കുട്ടിക്കുപകരം പൗഡര്‍ടിന്നോ മരക്കഷണമോ കത്തിക്കുപകരം വടിക്കഷണമോ ഒക്കെത്തന്നെയാണ് ഉപയോഗിക്കുന്നത്.ഭാവനാസമ്പന്നരായ കുട്ടികള്‍  കളിക്കിടയില്‍ ഒരു വസ്തുവിനെതന്നെ  മറ്റുപലതായി ഉപയോഗിക്കുന്നതും കാണാം.


 ഈ ചിത്രത്തില്‍ കുട്ടികള്‍ ബസില്‍ യാത്ര ചെയ്യുകയാണ്.മുന്നില്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന വസ്തുക്കളെ കണ്ടോ?കുട്ടികളെ കളിക്കാന്‍ പ്രചോദിപ്പിക്കുന്നത്,അവരുടെ ഭാവനയെ ഉണര്‍ത്തുന്നത് ഈ പ്രോപ്പുകളാണ്.ഇനി ഗ്രൂപ്പിലെ കുട്ടികളെ ഒന്നു നോക്കൂ.മൂന്നു വയസ്സുകാരന്‍ മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളുണ്ട് ഇതില്‍. യാത്രക്കിടയിലെ അവരുടെ സംഭാഷണം,അതിലൂടെ ബസിനെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള അവരുടെ അറിവ് തുടങ്ങിയവ ഈ മൂന്നു വയസുകാരന്റെ ധാരണകളെ എന്തുമാത്രം വികസിപ്പിക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതാണ്.ഒരു വടിയെ കുതിരയായി സങ്കല്‍പ്പിച്ചു കളിക്കുന്ന കുട്ടിക്ക് പില്‍ക്കാലത്ത് എഴുത്തു ഭാഷയിലെ ചിഹ്നങ്ങള്‍ സ്വായത്തമാക്കാന്‍ എളുപ്പമായിരിക്കുമെന്ന് വൈഗോട്സ്കി ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കഞ്ഞീം കറീം വെച്ചുകളി കുട്ടികളുടെ വൈജ്ഞാനിക വികാസത്തെ(cognitive development)സ്വാധീനിക്കുന്നുണ്ടോ?ഉണ്ടെന്നാണ് പിയാഷെയുടെയും  വൈഗോട്സ്കിയുടെയും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നിത്യജീവിത സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ കളിയിലൂടെ പുനരാവിഷ്ക്കരിക്കുന്നത്.കളിക്കിടയില്‍ യഥാര്‍ത്ഥ ജീവിതപ്രശ്നങ്ങള്‍ രൂപപ്പെടുകയും അതിനു കളിയിലൂടെ പരിഹാരം കണ്ടെത്താന്‍ കുട്ടി ശ്രമിക്കുന്നതും കാണാം.പ്രശ്ന പരിഹരണശേഷി(problem-solving skill)സ്വായത്തമാക്കുന്നതിലേക്കാണ് ഇത് കുട്ടിയെ നയിക്കുക. വസ്തുതകളെ ചോദ്യംചെയ്യാനും അന്വേഷിക്കാനും അര്‍ത്ഥം കണ്ടെത്താനും ഇതു കുട്ടിയെ പ്രാപ്തയാക്കുന്നു.ആര്‍ജിത അറിവുകളെ കളിക്കിടയില്‍ വീണ്ടുംവീണ്ടും പ്രയോഗിച്ച് കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഇതു കുട്ടിയെ സഹായിക്കുന്നു.കളിക്കിടയിലെ ഒരു സംഭാഷണം നോക്കൂ. 


കാര്‍ത്തു :കുട്ടിക്ക് നല്ല പനിയുണ്ട്.
അഭി      :നമുക്ക് ഹരിദാസ് ഡോക്ടറെ കാണിക്കാം.
കാര്‍ത്തു  : അതു വേണ്ട. അത് ഇംഗ്ലീഷ് മരുന്നാ.ഹോമിയോ            മരുന്നാനല്ലത്.ഗുളികക്ക് നല്ല മധുരമുണ്ടാകും.
അഭി      : ഹോമിയോ മരുന്ന് കൊണ്ട് പനി വേഗം മാറില്ല.
കാര്‍ത്തു  : ആരു പറഞ്ഞു?എനിക്ക് മാറിയല്ലോ.മാറിയാല്‍ പിന്നെ       പനി വരില്ല.

ഈ സംഭാഷണത്തില്‍ നിന്നും കുട്ടികളുടെ ആര്‍ജിത അറിവ് എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.ഡോക്ടര്‍മാര്‍ രണ്ടുതരത്തിലുണ്ട്.രണ്ടുതരം മരുന്നുകളുമുണ്ട്.ഒന്ന് ഇംഗ്ലീഷ് മരുന്ന്,മറ്റേത് ഹോമിയോ മരുന്ന്.ആദ്യത്തേത് കൊണ്ട് രോഗം പെട്ടെന്ന് മാറും.രണ്ടാമത്തേത് കൊണ്ട് വേഗം മാറണമില്ല.ഹോമിയോ മരുന്ന് കഴിച്ച് രോഗം മാറിയാല്‍ പിന്നെ വരില്ല.ഹോമിയോ മരുന്ന് കഴിക്കാന്‍ നല്ല രസമാണ്.

രണ്ടു ചികിത്സാപദ്ധതിയെക്കുറിച്ചുള്ള അറിവ് കളിക്കിടയില്‍ കുട്ടികള്‍ പരസ്പരം കൈമാറുകയാണ്.അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയും തന്റെ അറിവിനെ പുനഃപ്പരിശോധനയ്ക്ക് വിധേയമാക്കി  തീരുമാനത്തിലെത്തുകയും ചെയ്യുന്നു.കുട്ടികളെ  സാമൂഹീകരണത്തി(socialisation)ലേക്കു നയിക്കുന്നതില്‍ കഞ്ഞീം കറീം വെച്ചുകളിക്ക് സുപ്രധാനമായ പങ്കുണ്ട്.‍ ചെറുപ്രായത്തില്‍ കുട്ടികള്‍ egocentric അവസ്ഥയിലായിരിക്കും.  തന്നെ മൂടിയിരിക്കുന്ന ഈ ആവരണത്തില്‍ നിന്നും കുട്ടി സ്വയം പുറത്തു കടക്കേണ്ടതുണ്ട്.കുട്ടി ഒരു സാമൂഹ്യജീവിയായി മാറുന്നതിന്റെ തുടക്കമാണത്.എങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ  കാണാനും വസ്തുക്കള്‍ പങ്കുവെക്കാനും പരസ്പരം സഹകരിച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുമൊക്കെ കഴിയൂ. കാര്‍ത്തു ഷീബയായി രൂപം മാറുന്നതോടെ കാര്‍ത്തു ഷീബയുടെ വീക്ഷണകോണിലൂടെ(perspective)യാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്.വിവിധ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണാനും വിശകലനം ചെയ്യാനുമുള്ള കഴിവ് ആര്‍ജിക്കുകയെന്നത് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.തന്റെ പെരുമാറ്റങ്ങളെ സ്വയം നിയന്ത്രിക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ കളിക്കിടയില്‍ സംജാതമാകുന്നുണ്ട്.പാല്‍പ്പൊടിയുടെ ടിന്നെടുത്ത് ചെണ്ടയായി സങ്കല്‍പ്പിച്ച് ഇടക്കിടെ കൊട്ടിക്കൊണ്ടിരിക്കുകയെന്നത് അഭിയുടെ ഒരു ശീലമാണ്.അവന് നിശ്ചയിക്കപ്പെട്ട റോളില്‍നിന്നും പെട്ടെന്ന് മാറുന്നത് കാര്‍ത്തുവിനെ വിഷമത്തിലാക്കാറുണ്ട്.കാര്‍ത്തു കളി നിര്‍ത്തി പിണങ്ങിയിരിക്കും.കാരണം അഭി കളിയുടെ നിയമങ്ങള്‍ തെറ്റിച്ചിരിക്കുകയാണ്.എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അഭി അവന്റെ ഈ സ്വഭാവത്തെ നിയന്ത്രണ വിധേയമാക്കുന്നതാണ് കണ്ടത്. കളിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അവന്റെ കൂടി ആവശ്യമാണല്ലോ.ഈ രീതിയില്‍ കുട്ടികളില്‍ ആത്മനിയന്ത്രണശീലം വളരുന്നത് കളിയിലൂടെയാണ്.

കുട്ടികളിലെ വൈകാരികവളര്‍ച്ചയെ സ്വാധീനിക്കുന്ന ഒരു ഘടകം സ്വതന്ത്രമായ വികാരപ്രകടനങ്ങള്‍ക്കുള്ള അവസരമാണ്.മറ്റു സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കാന്‍ പറ്റാത്തവ കുട്ടികള്‍ ഈ കളിയിലൂടെ പ്രകടിപ്പിക്കുന്നു.കളി കുട്ടികള്‍ക്ക് അളവറ്റ ആനന്ദം നല്‍കുന്നു.അവിടെ സ്നേഹിക്കാനും ദേഷ്യപ്പെടാനുമൊക്കെയുള്ള അവസരങ്ങളുണ്ട്.തന്റെ മാനസികപിരിമുറുക്കങ്ങളുടെയും ഉത്ക്കണ്ഠകളുടെയുമൊക്കെ ഭാണ്ഡക്കെട്ടുകള്‍ അവര്‍ കളിയിലിറക്കിവെച്ച് മനസ്സിനെ സ്വസ്ഥമാക്കുന്നു.


കഞ്ഞീം കറീം വെച്ചുകളിയെ നിസ്സാരമായി കാണേണ്ടതില്ല.ഈ കളിയിലൂടെ കുട്ടികള്‍ ജീവിതത്തെ വായിച്ചെടുക്കുകയാണ്.തനിക്കുചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് മനസ്സിലാക്കുകയാണ്.മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്യുകയാണ്.ഭാവി ജീവിതത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

കളി അവരുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുന്നു.അവരുടെ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നു.അവരുടെ ചിന്തകള്‍ക്ക് തെളിച്ചം നല്‍കുന്നു.കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി,വ്യക്തിത്വമുള്ളവരായി,നല്ല മനുഷ്യരായി കുട്ടികള്‍ വളരുന്നു. 2 comments:

  1. എഴുത്തും ചിത്രങ്ങളും നന്നായി... നല്ല നിരീക്ഷണങ്ങള്‍....

    ReplyDelete
  2. ഇന്നത്തെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ഈ കളികള്‍ അപരിചിതമായിരിക്കുന്നു.അല്ലെങ്കില്‍ മുതിര്ന്നവരാല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.ഈ ലേഖനം അവരുടെ കണ്ണുതുറപ്പിച്ചിരുന്നെങ്കില്‍ .........
    ഏ. ആര്‍. ജ്യോതി.

    ReplyDelete