ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday, 14 April 2014

കുഞ്ഞാമു അഥവാ ക്ലാസില്‍ ബാക്കിയായ ഒരു കുട്ടി

ക്ലാസുമുറിയില്‍നിന്നുള്ള കുറിപ്പുകള്‍...1

 

 

എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക

 

 സ്ക്കൂള്‍ നില്‍ക്കുന്ന പ്രദേശത്തൂടെ ബസില്‍ പോകുമ്പോഴൊക്കെ ഞാന്‍ കുഞ്ഞാമുവിനെ പരതും.ടൗണിലെ ആള്‍ക്കൂട്ടത്തിലോ കടത്തിണ്ണയിലോ അവനുണ്ടോ?അഥവാ ഉണ്ടെങ്കില്‍ത്തന്നെ എനിക്കവനെ തിരിച്ചറിയാന്‍ കഴിയുമോ? അവന്റെ പ്രകാശം വറ്റിയ കണ്ണുകളും മൊട്ടത്തലയും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.അവന് പത്തിരുപത്തേഴ് വയസ്സായിക്കാണും.അവന്‍ ഒരുപാട് മാറിയിട്ടുണ്ടാകും.   അവന്റെ നിഷ്ക്കളങ്കമായ മുഖം മങ്ങിയ നിറംകൊണ്ട്  വരച്ച ഒരു ചിത്രം പോലെ എന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടപ്പുണ്ട്.

 

അന്ന് സ്ക്കൂള്‍ തുറന്ന ദിവസമായിരുന്നു.ഞാന്‍ മൂന്നാം ക്ലാസിലെ ക്ലാസ് ടീച്ചറായിരുന്നു.മൂന്നാം ക്ലാസിലെ കുട്ടികളെല്ലാവരും ജയിച്ചു.ഒപ്പം ഞാനും.ഇനി നാലാം ക്ലാസിലേക്ക്.

 

കുട്ടികളെല്ലാവരും നാലാം ക്ലാസിലേക്ക് ഓടി.ഏറെക്കാലത്തെ അജ്ഞാതവാസത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെയായിരുന്നു അവര്‍.അവധിക്കാലത്തെ വിശേഷങ്ങളൊക്കെ അവര്‍ക്ക് പറയാനുണ്ടായിരുന്നു.എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍...!

അവര്‍ ജനാലകളും വാതിലുകളും മലര്‍ക്കെ തുറന്നിട്ടു. ബെഞ്ചിലെ പൊടിതുടയ്ക്കാനും ക്ലാസ് തൂത്തുവാരാനും തുടങ്ങി. ചുമരിനുമുകളില്‍ കൂടുകൂട്ടിയ മാടപ്രാവുകള്‍  തങ്ങളുടെ ഏകാന്തവാസത്തിനു ഭംഗം വരുത്തിയ കൊച്ചുഭീകരരെ പേടിയോടെനോക്കിക്കൊണ്ട് പറന്നു പോയി.

 

''മാശ് ഞാങ്ങളൊപ്പം നാലാംക്ലാസ് മുയ്ക്കെ ഇണ്ടാവോ?”
അനീസ സ്വകാര്യം പറയുംപോലെ എന്റെ അടുത്ത് വന്ന് ചോദിച്ചു.
"ഉം.... ഉണ്ടാകും.അതെന്താ അങ്ങനെ ചോദിച്ചത്?”
"ഓ..ബെറ്തെ..."അവള്‍ ചിരിച്ചു.

 

അപ്പോഴാണ് ഞാത് ശ്രദ്ധിച്ചത്.കുട്ടികളുടെ ബഹളങ്ങളില്‍നിന്നെല്ലാം അകന്നുമാറി ബെഞ്ചിന്റെ മൂലയില്‍ ഒരു കുട്ടി ഒതുങ്ങിയിരിക്കുന്നു. മൊട്ടത്തല.അവന്റെ വലിയ കണ്ണുകള്‍ ശൂന്യമായിരുന്നു.മുന്നില്‍ നടക്കുന്നതൊന്നും അവന്‍ കാണുന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ള കുട്ടികളെയോ അവരുടെ കളിയോ ചിരിയോ ഒന്നും.

 

 

 

 

 

 

ഞാനവന്റെ അടുത്തേക്കുചെന്നു.


പഴകി മുഷിഞ്ഞ ഒരു കുപ്പായമായിരുന്നു അവന്‍ ധരിച്ചിരുന്നത്.അതിന് ഒന്നോ രണ്ടോ കുടുക്കുകളേയുണ്ടായിരുന്നുള്ളു.മറ്റു കുട്ടിളേക്കാള്‍ അവന് അല്പം പ്രായക്കൂടുതലുള്ളതായിത്തോന്നി.


"കുട്ടിയുടെ പേരെന്താ?"ഞാന്‍ ചോദിച്ചു.
"കുഞ്ഞിമൊയ്മ്മത്.” എന്റെ മുഖത്ത് നോക്കാതെ, മടിച്ച് മടിച്ച് അവന്‍ പറഞ്ഞു.
അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി തോന്നി.
"ഞാന് നാലീന്ന് തോറ്റ്...”

 

അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ തേങ്ങിക്കരയാന്‍ തുടങ്ങി.
"മാശെ ഓന് ഇന്റെ പൊരേന്റട്ത്താ.ഓന ഞാങ്ങ കുഞ്ഞാമൂന്നാ ബ്ളിക്ക...”
യൂനുസ് പറഞ്ഞു.
ഞാനവന്റെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു.
"ഇനി കുഞ്ഞാമു നന്നായി പഠിക്കണം,ട്ടോ.”
അവന്റെ കരച്ചില്‍ ഉച്ചത്തിലായി.കൈത്തലങ്ങള്‍ കണ്ണീരുകൊണ്ടു നനഞ്ഞു.

 

പുറത്ത് ചാറ്റല്‍മഴ പെയ്യുകയാണ്.ജനാലയിലൂടെ,അങ്ങ് മലനിരകള്‍ക്കുമുകളില്‍ ഒഴിഞ്ഞുപോകുന്ന മേഘക്കൂട്ടങ്ങളെ കാണാം.കുട്ടികളുടെ ശബ്ദകോലാഹലം താനേ അടങ്ങി. 

 

ഈ വര്‍ഷം നമ്മുടെ ക്ലാസ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഞാനൊരു ലഘുപ്രസംഗം നടത്തി.
"മാശേ,ലൈബ്രറിപുസ്തകങ്ങള്‍ തൊപ്പന്‍ ബേണം.അയിന്റെ ചാര്‍ജ് അനഘക്ക് മേണ്ട."അജീഷ് ഉറക്കെ  വിളിച്ചു പറഞ്ഞു.
"അതെന്താ ഓക്ക് കൊടത്താല്?”
അനഘയുടെ കൂട്ടുകാരി സൗമ്യയുടേതാണ് ചോദ്യം.

 

"നല്ല ബുക്ക് ഓള് പസ്റ്റില് പെണ്ണുങ്ങക്ക് കൊടുക്കും.എന്നിറ്റേ ഞാങ്ങക്ക് തെരൂ."യൂനുസ് പറഞ്ഞു.
"മാശെ,എല്ലാ ദെവസൂം ഫീല്‍ഡ് ട്രിപ്പ് ബേണം.ശേകരണബുക്കില് ഒട്ടിക്കല് ക്ലസിന്ന് തന്നെ ചെയ്യണം.” റസീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ശേഖരണപുസ്തകം റസീനയുടേതായിരുന്നു.
"ബൈകീറ്റ് കളിക്കാന്‍ബിട്ടാല്‍ മാശും ഞാങ്ങളൊപ്പം ബേണം.”
"ദെവസൂം ചിത്രംവര"
"ഒറിഗാമീന ഉണ്ടാക്കല്‍"

"പത്രം'
"ബാലസഭ..."
കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"ശരി..ശരി...” ഞാന്‍ പറഞ്ഞു.
"ഇങ്ങനെ വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് ഈ വര്‍ഷം ഏറ്റെടുത്ത് നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയെഴുതുന്നതായിരിക്കും.എന്താ സമ്മതമാണോ?”

 

കുട്ടികള്‍ സമ്മതിച്ചു.അവര്‍ ഉത്സാഹത്തോടെ എഴുന്നേറ്റു.ചിലര്‍ ബാഗ് തുറക്കുമ്പോഴേക്കും മറ്റു ചിലര്‍ തറയില്‍ പുസ്തകം തുറന്നുവെച്ച് കുനിഞ്ഞിരുന്ന് എഴുതാന്‍ തുടങ്ങിയിരുന്നു.മറ്റൊരുകൂട്ടര്‍ പെന്‍സിലിന് മുനകൂട്ടുന്നതിന്റെ തിരക്കിലാണ്.ഒരുവന്‍ തന്റെ കാണാതായ റബ്ബര്‍ തെരയുന്നു.
കുറച്ചുനേരത്തിനുള്ളില്‍ എല്ലാവരും എഴുത്തില്‍ മുഴുകി.ക്ലാസ് പൂര്‍ണ്ണമായും നിശബ്ദമായി.ജനാലയിലൂടെ ഒരു തണുത്ത കാറ്റ് വീശി.

 
"മാശെ, ഇന്ന് കഞ്ഞീണ്ടോ?”
ക്ലാസിലെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉച്ചത്തിലുള്ള ഒരു ചോദ്യം.


ആരാണ് ചോദിച്ചത്? ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.കുഞ്ഞാമുവാണ്.അവന്‍ ചട്ട കീറിയ ഒരു നോട്ടുപുസ്തകം തുറന്നു പിടിച്ചിട്ടുണ്ട്.അതിലൊന്നും എഴുതിയിട്ടില്ല.


"ഉച്ചക്ക് കഞ്ഞീണ്ടോന്ന്...?”
ഉത്തരം കിട്ടാത്തതുകൊണ്ട് അവന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.ഇത്തവണ അവന്റെ ശബ്ദം കര്‍ക്കശമായിരുന്നു.

 

ക്ലാസില്‍ ഒരു കൂട്ടച്ചിരിയുയര്‍ന്നു.സത്യത്തില്‍ എനിക്കും ചിരിവന്നു.ഇതിലെന്താണിത്ര ചിരിക്കാനെന്ന ഭാവത്തില്‍ കൂസലില്ലാതെയാണ് അവന്റെ നില്‍പ്പ്.

ഇന്ന് കഞ്ഞിയില്ലല്ലോ കുഞ്ഞാമു.” ഞാന്‍ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.
"അപ്പോ ഇസ്ക്കൂള് ഉച്ചക്ക് ബിട്വോ?”
കര്‍ക്കശമായ ശബ്ദത്തില്‍ അവന്റെ അടുത്ത ചോദ്യം.ക്ലാസില്‍ വീണ്ടും കൂട്ടച്ചിരി.
"വിടും.” ഞാന്‍ പറഞ്ഞു.

 

പക്ഷേ, അവനത് വിശ്വസിച്ചില്ല.നേരെ ജനലിനടുത്തേക്ക് ഓടി.തൊട്ടപ്പുറത്താണ് കഞ്ഞിപ്പുര.അവന്‍ അടുപ്പിലേക്കു നോക്കി.അടുപ്പില്‍ കഞ്ഞിച്ചെമ്പില്ല.തീയുമില്ല.അടുപ്പിനു മുന്നില്‍ കുത്തിയിരുന്ന് തീയൂതുന്ന ലക്ഷ്മിയേട്ടിയുമില്ല.അവന്‍  കുറേ നേരം ജനലഴിപിടിച്ച് പുറത്തേക്ക് നോക്കി നിന്നു.പിന്നീട് തിരിച്ച് വന്ന് ബെഞ്ചിന്റെ മൂലയിലെ തന്റെ ഇരിപ്പിടത്തില്‍ച്ചെന്ന് കൂനിയിരുന്നു.

ഈ സമയം മറ്റു കുട്ടികള്‍ എഴുതിക്കഴിഞ്ഞിരുന്നു.ജുനൈദ് പുസ്തകം എനിക്കുനേരെ നീട്ടി.അവന്‍ ഒരു കത്തുരൂപത്തിലാണ് എഴുതിയിരുന്നത്.

 

 

പ്രിയപ്പെട്ട മാഷേ,
ഇക്കൊല്ലം ലൈബ്രറിബുക്ക് കുറെ തരണം.നല്ല കളര്‍ച്ചിത്രങ്ങളുള്ള ബുക്കുകള്‍.എല്ലാ ദിവസവും ചിത്രംവര വേണം.നല്ല കളികള്‍ കളിപ്പിക്കണം.ഞാന്‍ യൂണിഫോം ഇടാത്തതിന് മാഷെന്നെ വഴക്കിട് പറയരുത്.എനിക്ക് ഒരു ജോടി യൂനിഫോമേയുള്ളു.അതാണ് കാരണം.ഇക്കൊല്ലം പുതിയത് വാങ്ങിത്തരാമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്.പിന്നെ സ്ക്കൂള്‍ മുറ്റത്തെ മരത്തില് ഊഞ്ഞാല് കെട്ടിത്തരാമെന്ന് മാഷ് കഴിഞ്ഞകൊല്ലേ പറഞ്ഞിരുന്നു.അത് ഇക്കൊല്ലം കെട്ടിത്തരണം.... .…
.

 

 

കത്ത് വായിക്കുന്നതിനിടയില്‍ ഞാന്‍ കുഞ്ഞാമുവിനെ വീണ്ടും നോക്കി.അവന്‍ തന്റെ കൈയിലെ കീറിപ്പറിഞ്ഞ നോട്ടുപുസ്തകം വെറുതെ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തുകൊണ്ടിരിപ്പാണ്.അവന്റെ കണ്ണുകള്‍ തടാകങ്ങളെപ്പോലെ നിറഞ്ഞുതുളുമ്പാന്‍ പോകുന്നു....

 

പുറത്ത് മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.അവന്‍ ജനാലയ്ക്കടുത്തേക്ക് നടന്നു.ജനലിലെ കമ്പിയഴികള്‍ പിടിച്ച് മഴയിലേക്ക് കുറച്ചുനേരം നോക്കി നിന്നു.ഇടയ്ക് മുഖം തിരിച്ച് എന്നെയൊന്ന് നോക്കി.അപ്പോള്‍ അവന്റെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

(തുടരും...)

No comments:

Post a Comment