ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday, 3 April 2014

കന്യാകുമാരിയിലേക്ക് ഒരു യാത്ര....3

കന്യാകുമാരിയിലെ സൂര്യോദയം


ഉണ്ണിമായ.കെ
VII B


അധ്യാപകഭവനിലെ ഉറക്കം തീരെ ശരിയായില്ല.പുലര്‍ച്ചെ രണ്ടുമണിക്ക് ഞാന്‍ ഉറക്കമുണര്‍ന്നു..എന്തിനാ?കന്യാകുമാരിയിലേക്ക് പുറപ്പെടാന്‍.

കന്യകുമാരിയിലെ സൂര്യോദയത്തെക്കുറിച്ച് ആളുകള്‍ പറയുന്നതു കേട്ടിട്ടുണ്ട്.എങ്ങനെയായിരിക്കും ആ കാഴ്ച? ഞാന്‍ ആലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു.ഇരുട്ടില്‍ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ട്.പലരും ഉറക്കമുണര്‍ന്നു.ടീച്ചറെ പേടിച്ച് അനങ്ങാതെ കിടക്കുകയാണ്.

ചൂടുപുതപ്പിനുള്ളില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി തോന്നി.കണ്ണ് പിന്നെയും പിന്നെയും അടഞ്ഞുപോകുന്നു.ഒന്നാം ക്ലാസിലെ ഉണ്ണിയുടെ കഥപോലെ കണ്ണുതിരുമ്മി ഞാന്‍ എഴുന്നേറ്റു.വേഗം ഒരുങ്ങാന്‍ തുടങ്ങി.


സമയം പുലര്‍ച്ചെ മൂന്നര. അപ്പോഴേക്കും ബസ് വന്നു.ബാക്കി ഉറക്കം ബസില്‍.
കന്യാകുമാരിയിലെത്തിയപ്പോഴാണ് ഉറക്കമുണര്‍ന്നത്.നേരം ഇനിയും പുലര്‍ന്നിട്ടില്ല.കാലാവസ്ഥ ആകെ മാറിയതുപോലെ.നല്ല തണുത്ത കാറ്റ്.
സമുദ്രത്തിനു മുകളിലൂടെ കരയിലേക്ക് വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് സാമൂഹ്യശാസ്ത്രത്തില്‍ പഠിച്ചിരുന്നു.ആ കാറ്റുതന്നെയായിരിക്കണം ഇത്.


അവിടെ ധാരാളം ആളുകള്‍.എല്ലാവരും സമുദ്രതീരത്തേക്കു നടക്കുകയാണ്.ഞങ്ങളും അവരോടൊപ്പം നടന്നു.അഞ്ചുമിനിട്ടു നടന്നു കാണും.മുന്നില്‍ മഹാസമുദ്രം. പുലര്‍കാലത്തെ നേരിയ വെളിച്ചത്തില്‍ അതു തെളിഞ്ഞുകാണാം.ഒരു മിനിട്ടുപോലും വിശ്രമമില്ലാതെ കാറ്റ് ആഞ്ഞുവീശുകയാണ്.കറുത്ത പാറക്കെട്ടുകള്‍ക്കുമുകളില്‍ പാല്‍ത്തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ എന്റെ മുഖത്ത് വെളളത്തുളളികള്‍ വീണുകൊണ്ടിരുന്നു.


ഞാന്‍ ഇപ്പോള്‍ എവിടെയാണെന്നറിയാമോ?ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള മുനമ്പില്‍.എനിക്ക് പടിഞ്ഞാറ് അറബിക്കടലാണ്.കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും.എനിക്കു മുന്നിലായി സമുദ്രത്തില്‍ വിവേകാനന്ദപ്പാറ തെളിഞ്ഞു കാണാം.വിവേകാനന്ദന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ മണ്ണാണ് ഇത്.ഇവിടെ നിന്നാകണം അദ്ദേഹം കടലിലേക്ക് എടുത്തു ചാടിയിട്ടുണ്ടാകുക.നീന്തി ആ പാറയില്‍ കയറി അവിടെ ധ്യാനസ്ഥനായി ഇരുന്നുവെന്നാണ് ചരിത്രം


.തൊട്ടപ്പുറത്ത് മറ്റൊരു പാറക്കെട്ട്.അവിടെ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതിമ.തമിഴ് പ്രാചീന കവി ശ്രീവള്ളുവരുടെ പ്രതിമയാണത്.കൈയില്‍ ഓലയും നാരായവും പിടിച്ചിരിക്കുന്നു.

ഇപ്പോള്‍ കടല്‍ത്തീരം മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.എല്ലാവരും കടലിന്റെ അനന്തതയിലേക്ക് നോക്കി നില്‍പ്പാണ്.സൂര്യന്‍ ഉദിച്ചുയരുന്നുണ്ടോ?കഴക്കേ ആകാശം മേഘങ്ങളാല്‍ ആവൃതമായിരിക്കുന്നു.


ഞങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അതാ തിരുവള്ളുവര്‍ പ്രതിമയ്ക്കിടയിലൂടെ സൂര്യന്‍ ഉദിച്ചുയരുന്നു.കടലില്‍നിന്നും പൊങ്ങിവന്ന ഒരു കനല്‍ക്കട്ട.എല്ലാവരും കൈകൂപ്പുന്നതിനിടയില്‍ ഞാനും സൂര്യനെ നോക്കി കൈകൂപ്പി.മനോഹരമായ ആ ദൃശ്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല.മനസ്സില്‍ എന്നെന്നും മായാതെ കിടക്കും ഈ സൂര്യോദയം

പിന്നീട് കടലിലൂടെ ബോട്ടില്‍ വിവേകാന്ദപ്പാറയിലേക്ക്.ആദ്യമായാണ് ഞാന്‍ ബോട്ടുയാത്ര നടത്തുന്നത്.ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു.തിരമാലകളില്‍ ബോട്ട് ചാഞ്ചാടിക്കൊണ്ടിരുന്നു.എനിക്കു പേടി തോന്നി. പക്ഷ, ആ യാത്ര വളരെ പെട്ടെന്നുതന്നെ അവസാനിച്ചു. കേവലം അഞ്ചുമിനുട്ടു മാത്രം..

ഞങ്ങള്‍ വിവേകാനന്ദപ്പാറയിലിറങ്ങി.വെയിലില്‍ കുളിച്ചു നില്‍ക്കുന്ന കൂറ്റന്‍ പാറ. അതില്‍ ചവിട്ടി കയറാനുള്ള പടികള്‍. പടി കയറിച്ചെല്ലുന്നത് വലിയ ഒരു ഹാളിലേക്കാണ്.അവിടെ വിവേകാനന്ദന്റെ വലിയ പ്രതിമ.പ്രതിമയ്ക്കു മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ അറിയാതെ കൈകൂപ്പിപ്പോയി.മഹാനായ മനുഷ്യന്‍. ഞങ്ങളുടെ സാമൂഹ്യപാഠപുസ്തകത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഞാന്‍ ഓര്‍ത്തു.അന്ധകാരത്തിലും അനാചാരങ്ങളിലും മുഴുകി ജീവിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മബോധം പകര്‍ന്നു നല്‍കിയ ആള്‍.

വീണ്ടും ബോട്ട് വന്നു.ബോട്ട് ഞങ്ങളെയും കൊണ്ട് അടുത്ത പറയിലേക്കു സഞ്ചരിച്ചു. അവിടെയാണ് തിരുവള്ളുവര്‍ പ്രതിമ.




.

ഞങ്ങള്‍ ആ പാറക്കെട്ടില്‍ ഇറങ്ങി. പടികള്‍ ഒന്നൊന്നായി കയറി.ഇപ്പോള്‍ കാറ്റിനു ശക്തി കൂടിയിരിക്കുന്നു.പറന്നുപോയേക്കുമോയെന്ന് പേടിച്ചു.

പ്രതിമയുടെ ചുവട്ടില്‍ എത്തി.കറുത്ത കരിങ്കല്ലു കൊണ്ടാണ് ഈ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.മഹാത്ഭുതം തന്നെ. ഇത്രയും കല്ലുകള്‍ കടലിലൂടെ എങ്ങനെയായിരിക്കും ഇവിടെ എത്തിച്ചിരിക്കുക?ഒരുപാടു മനുഷ്യരുടെ അധ്വാനത്തിന്റെ ഫലമായിരിക്കണം ഈ പ്രതിമ.ഞങ്ങള്‍ ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു

.
 കന്യാകുമാരിയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം.പിന്നീട് ഷോപ്പിങ്ങ് നടത്താനായി അല്പ സമയം അനുവദിച്ചു.ഞങ്ങള്‍ ഓരോ കടകളിലായി കയറിയിറങ്ങി.എവിടെ നോക്കിയാലും ശംഖുകൊണ്ടും കക്കകോണ്ടുമുള്ള ഉല്‍പ്പന്നങ്ങള്‍.കൗതുകവസ്തുക്കള്‍,ജനല്‍കര്‍ട്ടനുകള്‍,ലാംമ്പ് ഷേഡുകള്‍,പലതരം മാലകള്‍...സാധനങ്ങള്‍ വാങ്ങിക്കണമെങ്കില്‍ നന്നായി ബാര്‍ഗെന്‍ ചെയ്യാനറിയണം.അല്ലെങ്കില്‍ വഞ്ചിക്കപ്പെടും.‍‍ഞാന്‍ കുറച്ച് ശംഖുകളും മാലകളും മറ്റും വാങ്ങി

സമയം2.30. ഞങ്ങള്‍ കന്യാകുമാരിയോടു വിട പറഞ്ഞു.ഏതാണ്ട് രണ്ടു മണിക്കൂറോളം യാത്രചെയ്ത് അധാപകഭവനില്‍
തിരിച്ചെത്തി.ഒരു ഹോട്ടലില്‍ നിന്നും ചായയും ലഘുഭക്ഷണവും കഴിച്ചു.പിന്നെ റെയില്‍വേ സ്റ്റേഷനിലേക്ക്.ഏഴരയ്ക്കുള്ള മാവേലി എക്സ് പ്രസ്സില്‍ കയറി.വണ്ടി പതുക്കെ നീങ്ങാന്‍ തുടങ്ങി.ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി.എങ്ങും ഇരുട്ട്. തിരുവനന്തപുരം നഗരത്തോട് ഞങ്ങള്‍ വിട പറയുകയാണ്.എന്റെ ഹൃദയമിടിപ്പും ട്രെയിനിന്റെ താളവും ഒന്നായതായി എനിക്കു തോന്നി.

2 comments:

  1. എഴാം ക്ലാസ്സുകാരുടെ പഠന യാത്രാവിവരണം നന്നാവുന്നുണ്ട്.അഭിനന്ദനങ്ങള്‍ !!! സുരേന്ദ്രന്‍ മാഷിന്‍റെ ഫോണ്‍ നമ്പര്‍ഒന്ന് തരുമോ?

    ReplyDelete