അനന്തപുരിയില്‍ ഒരു ദിവസം
മേഘന ശശി
VII A
എന്നെ ഉറക്കത്തില്‍ നിന്നും ആരോ തട്ടിയുണര്‍ത്തി.വണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിയിരിക്കുന്നു.ഞാന്‍ സമയം നോക്കി. സമയം രാവിലെ 5.15.
എല്ലാവരും ഇറങ്ങാനുള്ള തിടുക്കത്തിലാണ്.ഞാനും സ്നേഹയും പെട്ടെന്ന് ബാഗെടുത്ത് റെഡിയായി.ഞങ്ങള്‍ ഇറങ്ങി.വലിയ സ്റ്റേഷന്‍.വണ്ടിയില്‍ വന്നിറങ്ങിയ ആളുകളുടെ തിരക്ക്.ഞങ്ങളെ കാത്ത് ധനുഷ് എന്നു പേരുള്ള ടൂറിസ്റ്റ് ബസ് നില്‍പ്പുണ്ടായിരുന്നു.
ഞങ്ങളെയും കൊണ്ട് ബസ് തിരുവനന്തപുരം നഗരത്തിലൂടെ യാത്രയായി.ഞാന്‍ ജനല്‍പാളിയിലൂടെ പുറത്തേക്കു നോക്കി.ചുവന്ന വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരം.ഗോപുരങ്ങള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍.ഏതോ സ്വപ്ന ലോകത്ത്
എത്തിയപോലെ.ഇളം തണുപ്പ്. ഇങ്ങനെ യാത്രചെയ്യാന്‍ നല്ല സുഖം.പക്ഷേ,ബസ് പെട്ടെന്നുതന്നെ ഞങ്ങളുടെ താമസ സ്ഥലത്തിനു മുന്നിലെത്തി.അവിടെ വലിയ അക്ഷരത്തില്‍ എഴുതിവെച്ചിരിക്കുന്നു-അധ്യാപകഭവന്‍.
ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി നേരെ കെട്ടിടത്തിന് അകത്തേക്കു കയറി.
വിശാലമായ ഒരു മുറിയിലേക്കാണ് കയറിച്ചെന്നത്. മുറി നല്ല വലുപ്പമുണ്ട്.പക്ഷേ,നിലം തീരെ വൃത്തിയില്ല.ആ മുറിയില്‍ ഒരു കട്ടിലോ കിടക്കയോ ഇല്ല.എന്തിന് വിരിച്ചിരിക്കാന്‍ ഒരു പായപോലും ഇല്ലെന്നു കണ്ടപ്പോള്‍ എനിക്കു സങ്കടമായി. ഇതെന്തൊരു അധ്യാപകഭവന്‍! ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പായയെങ്കിലും തരാമായിരുന്നില്ലേ?ഇങ്ങനെയാണോ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്!
പ്രഭാതഭക്ഷണം ഇവിടെ നിന്നായിരുന്നു കഴിച്ചത്. ഇഡ്ഡലിയും സാമ്പാറും. എനിക്ക് ഭക്ഷണം തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് ഞങ്ങളുടെ യാത്ര തുടങ്ങി. നേരെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക്.എന്തെല്ലാം ചിട്ടകളാണ് അവിടെ.ക്ഷേത്രത്തിനകത്ത് ഭയങ്കര പരിശോധനയായിരുന്നു.നിറയെ പോലീസുകാര്‍.അതുകണ്ടപ്പോള്‍ എനിക്കു പേടിയായി.സര്‍വ്വ ചരാചരങ്ങളുടെയും രക്ഷകനായിട്ടുള്ള ദൈവത്തിന് എന്തിനാണ് പോലീസുകാരുടെ കാവല്‍?
ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.കരിങ്കല്ലില്‍ കൊത്തിയെടുത്ത അതി മനോഹരമായ ഒരു ശില്പം എന്ന് ക്ഷേത്രത്തെ വിശേഷിപ്പിക്കാം.തെക്കേ നടയിലൂടെയായിരുന്നു ഞങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി ദര്‍ശനം ലഭിച്ചത്.സ്വര്‍ണം പൂശിയ മൂന്നു വാതിലുകള്‍ മാത്രം തുറന്നാല്‍ കാണപ്പെടുന്ന അനന്തശയനം.ആ കാഴ്ച അതി മനോഹരമായിരുന്നു.
നിധി സൂക്ഷിച്ച നിലവറകളെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചത് ഓര്‍മിച്ചു.ഇവിടെ എവിടെയായിരിക്കും നിലവറ?ഞാന്‍ പരതിനോക്കി. കണ്ടില്ല.
ക്ഷേത്രത്തിനു തൊട്ടടുത്തുള്ള കുതിരമാളികയിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്.വലിയ കൊട്ടാരം. തിരുവിതാംകൂര്‍ രാജാക്കന്മാരില്‍ പ്രമുഖനായ സ്വാതിതിരുനാള്‍ താമസിച്ചത് ഈ കൊട്ടാരത്തിലായിരുന്നു.അതിന്റെ ഓരോ മുറിയും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.അതിന്റെ ഉത്തരത്തില്‍ മുഴുവനും മരത്തടിയില്‍ തീര്‍ത്ത കൊത്തുപണികള്‍.
കലാസ്നേഹിയായിരുന്നു സ്വാതിതിരുനാള്‍ എന്നു കേട്ടിട്ടുണ്ട്.അദ്ദേഹം ധാരളം കിര്‍ത്തനങ്ങള്‍ എഴുതിയിട്ടുണ്ട്.തഞ്ചാവൂരില്‍നിന്നും നര്‍ത്തകികളെ കൊണ്ടുവന്ന് നൃത്തം ചെയ്യിക്കാറുള്ള നൃത്തമണ്ഡപത്തില്‍ ഞാന്‍ അല്പസമയം ഇരുന്നു.മുകളിലത്തെ നിലയിലാണത്.മുഴുവന്‍ തടിയില്‍ തീര്‍ത്തത്.അതിനു ധാരാളം കിളിവാതിലുകളുണ്ട്. അതിലൂടെ നോക്കിയാല്‍ താഴെ കൊട്ടാരം മുഴുവനായും കാണാം.എത്രയെത്ര നര്‍ത്തകികളുടെ ചിലമ്പൊലികള്‍ ഇവിടെ ഉയര്‍ന്നു കാണും.അതില്‍ ഒരു നര്‍ത്തകിയെ
സ്വാതിതിരുനാള്‍ പിന്നീട് വിവാഹം കഴിച്ചുവെന്ന് കേട്ടിട്ടുണ്ട്.
സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്ന മണ്ഡപം,വലിയ കണ്ണാടികള്‍ പതിച്ച മുറികള്‍,ആനക്കൊമ്പുകൊണ്ടുതീര്‍ത്ത സിംഹാസനം,ആട്ടുകട്ടില്‍, പല്ലക്ക്, ആയുധങ്ങള്‍ എന്നിവ രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്നവയായിരുന്നു.മനസ്സില്ലാമനസ്സോടെയായിരുന്നു ഞങ്ങള്‍ ആകൊട്ടാരത്തോട് വിടപറഞ്ഞത്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം മൃഗശാലയായിരുന്നു.ബസ് നഗരത്തിലുടെ ഓടിക്കൊണ്ടിരുന്നു.ബസില്‍ അടിപൊളി പാട്ട് വെച്ചു. അശ്വതിയുടെ നേതൃത്വത്തില്‍ എല്ലാവരും ഡാന്‍സ് കളിക്കാന്‍ തുടങ്ങി.പത്ത്
മിനുട്ട്ആയിക്കാണും. ബസ് നിന്നു.ഞങ്ങള്‍ ചാടിയിറങ്ങി.
മൃഗശാലയിലെ കവാടത്തില്‍ പുല്ല് വെട്ടി ആനയുടെ ആകൃതിയുണ്ടാക്കി വെച്ചിരിക്കുന്നു.കാണാന്‍ നല്ല ഭംഗി.മാത്രമോ സ്വാഗതം,Zoo എന്നിങ്ങനെ എഴുതിയുണ്ടാക്കിയിരിക്കുന്നു.ഞാനതു കണ്ട് അതിശയപ്പെട്ടു! ഇതെങ്ങനെയാ ഉണ്ടാക്കുക?നല്ല വിദ്യതന്നെ. ഇതുണ്ടാക്കിയ ആളെ അഭിനന്ദിക്കണം.
ഞങ്ങള്‍ മൃഗശാലയിലേക്ക് പ്രവേശിച്ചു.പക്ഷികളുടേയും മൃഗങ്ങളുടേയും ഒരത്ഭുത ലോകം.ചിലത് കൂട്ടില്‍. ചിലത് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ പറ്റുന്ന രീതിയില്‍ വേര്‍തിരിക്കപ്പെട്ട സ്ഥലത്ത്.പലതരം കുരങ്ങന്മാര്‍,കരടി,ഹിപ്പോ, സിംഹം,മുതലകള്‍,തത്തകള്‍... തത്തകളുടെ വൈവിധ്യം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി!ലോകത്ത് ഇത്രമാത്രം തത്തകളുണ്ടോ?
എന്നെ വിസ്മയിപ്പിച്ച ഒരു കാഴ്ച ഞാന്‍ അവിടെ കണ്ടു.ആണ്‍മയില്‍ പീലിവിടര്‍ത്തി നൃത്തം ചെയ്യുന്നത്.മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാഴ്ച.പിന്നെ ഒട്ടകപ്പക്ഷിയുടെ ഗാംഭീര്യമുള്ള
നടത്തം.ഇവന്‍ പക്ഷികളുടെ രാജാവുതന്നെ. സംശയമില്ല.
മൃഗശാല മുഴുവന്‍ കണ്ടുതീരാന്‍ ഏതാണ്ട് ഒന്നരമണിക്കൂറോളം സമയം വേണ്ടിവന്നു.ഞങ്ങള്‍ മൃഗശാലയില്‍ നിന്നും പുറത്തിറങ്ങി.ഞങ്ങള്‍ ക്ഷീണിതരായിരുന്നു. സുരേന്ദ്രന്‍ മാഷ് ഞങ്ങള്‍ക്ക് ചോക്കോബാര്‍ വാങ്ങിത്തന്നു.
മൃഗശാലയ്ക്കു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രമ്യൂസിയത്തിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കണ്ടെടുക്കപ്പെട്ട വിഗ്രഹങ്ങള്‍, ആയുധങ്ങള്‍,പാത്രങ്ങള്‍,ക്ഷേത്രകലകള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.കേരളത്തിന്റെ പൊയ്പ്പോയ കാലത്തെക്കുറിച്ചു അറിവ് പകരുന്ന ഈ മ്യൂസിയം സന്ദര്‍ശിച്ചില്ലെങ്കില്‍ ഒരു തീരാനഷ്ടമായേനെ.
പിന്നീട് അവിടെത്തന്നെയുള്ള ഫിഷ് ഗ്യാലറിയിലേക്കാണ് ഞങ്ങള്‍ പോയത്.ധാരാളം വിചിത്ര മത്സ്യങ്ങളെ സൂക്ഷിച്ചിരിക്കുന്ന ഒരു കൊച്ചു കേന്ദ്രം.മത്സ്യങ്ങളുടെ വൈവിധ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.കൊച്ചു സുന്ദരികള്‍. കടലിനടിയില്‍ ഇത്തരക്കാര്‍ ജീവിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ കടലിനോടുതന്നെ ഒരിഷ്ടം തോന്നുന്നു.
ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ അധ്യാപക ഭവനിലേക്കു തിരിച്ചു.അവിടെ ഞങ്ങള്‍ക്കായി ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു.വറുത്ത മീനും കൂട്ടി നന്നായി ഭക്ഷണം കഴിച്ചു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം പ്ലാനറ്റോറിയമായിരുന്നു.അവിടെ പുറത്ത് റോക്കറ്റുകളുടെ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു.അവിടെ ദീനോസോറിന്റെ വലിയ പ്രതിമ.അത് മെല്ലെ ചിരിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പേടിച്ചുവിറച്ചു.
പിന്നീട് ഞങ്ങള്‍ വിശാലമായ ഒരു മുറിക്കകത്തേക്കു കയറി.അവിടെ മുഴുവന്‍ ചാരിക്കിടക്കാവുന്ന കസേരകള്‍.പെട്ടെന്ന് മുറി ഇരുട്ടായി.മുകളില്‍ നിറയെ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.പിന്നെ
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ചിത്രങ്ങളും ശബ്ദങ്ങളും ഒരു സിനിമയിലെന്നപോലെ ആകാശത്തിലൂടെ പാഞ്ഞു പോകുന്നു.സത്യം പറയട്ടെ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.ഞാന്‍ മാത്രമല്ല. പലരും.ഷോ കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റത്.
പിന്നെ വേളിയിലേക്ക്.കായലിനോട് ചേര്‍ന്നു നില്‍ക്കുന്ന സുന്ദരമായ ഒരു പാര്‍ക്ക്.അവിടെ ഊഞ്ഞാലില്‍ ഞങ്ങള്‍ പ്രീതി ടീച്ചര്‍ക്കൊപ്പം ഇരുന്നാടി.നല്ല കാറ്റ്.എന്റെ ക്ഷീണമെല്ലാം പമ്പകടന്നു.അവിടത്തെ ഒരു പ്രത്യേകത പാര്‍ക്കില്‍ ധാരാളം ശില്പങ്ങള്‍ ഉണ്ടായിരുന്നു.അതില്‍ എന്നെ ആകര്‍ഷിച്ചത് ആ വലിയ ശംഖായിരുന്നു.ഈ ശില്പങ്ങളെല്ലാം ഉണ്ടാക്കിയത് കാനായി കുഞ്ഞിരാമന്‍ എന്ന പ്രശസ്തനായ ശില്പിയാണെന്ന് മാഷ് പറഞ്ഞു.ഒരു
മണിക്കൂറോളം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.പിന്നീട് നേരെ കോവളത്തേക്ക്
കോവളം.സഞ്ചാരികളുടെ പറുദീസ.വൈകുന്നേരമായിരിക്കുന്നു..തിരമാലകള്‍ സ്വര്‍ണ്ണവെയിലില്‍ കുളിച്ച് ഇളകിമറിയുന്നു.കടല്‍ ഞങ്ങളെ മാടിവിളിച്ചു.ഞങ്ങള്‍ കടലിലേക്ക് ഇറങ്ങി.ഇടയ്ക്ക് വലിയ തിരമാലകള്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ നനച്ചു.കരയില്‍ ഞങ്ങള്‍ കടലമ്മ കള്ളത്തിയെന്ന് എഴുതിയിട്ടു.തിരമാലകള്‍ വന്ന് അതു മായ്ച്ചു കളഞ്ഞു.ആണ്‍കുട്ടികള്‍ മണലുകൊണ്ട് വലിയ കൊട്ടാരമുണ്ടാക്കി.കുറച്ചു മാത്രം വസ്ത്രം ധരിച്ച വിദേശികളെ കണ്ടപ്പോള്‍ ഞങ്ങള്‍ മുഖം തിരിച്ചു.മേഘം മറച്ചുതുകാരണം സൂര്യന്‍ അസ്തമിക്കുന്നതു കണ്ടില്ല.സന്ധ്യയായപ്പോള്‍ ഞങ്ങള്‍ അവിടെനിന്നും താമസസ്ഥലത്തേക്കു
മടങ്ങി.
അനന്തപുരിയിലെ ഒരു ദിവസം അവസാനിക്കുകയായി.ഹോട്ടലില്‍ നിന്നായിരുന്നു രാത്രി ഭക്ഷണം.നാളെ കാലത്ത് മൂന്നുമണിക്ക് കന്യാകുമാരിയിലേക്ക് പുറപ്പെടണം.ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.
തുടരും...
അടുത്തലക്കം-കന്യാകുമാരിയിലെ സൂര്യോദയം.
No comments:
Post a Comment