ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 22 February 2014

ഒന്നാംക്ലാസ്സിലെ ചിത്രമെഴുത്തുകാര്‍...II

ഒഴിവ് നേരത്ത് ഒന്നാം ക്ലാസ്സിലേക്കു ചെന്നപ്പോള്‍ കുട്ടികള്‍ ചിത്രം വരക്കുകയായിരുന്നു.അച്ചുവിന്റെ സ്ക്കൂള്‍ എന്ന പാഠത്തില്‍ അച്ചുവിന്റെ കുടുംബത്തെയാണ് കുട്ടികള്‍ വരക്കുന്നത്.അച്ചു,അവന്റെ അച്ഛന്‍,അമ്മ എന്നിവരെ.വരയ്ക്കുന്നതിനിടയില്‍ ടീച്ചര്‍ ഓരോരുത്തരുടെയും അടുത്ത് ചെല്ലുന്നുണ്ട്.അവരുടെ വര കണ്ട് ആസ്വദിക്കുന്നുണ്ട്.അവരെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍ പറയുന്നുണ്ട്.

"നന്നായിട്ടുണ്ട്.”
"നല്ല നിറംതന്നൊണ് തെരഞ്ഞെടുത്തത്.”
"അച്ഛന് മീശയില്ലേ?”
"അമ്മയുടെ മുടി കാണാന്‍ നല്ല ഭംഗിയുണ്ട്.”

കുട്ടികള്‍ എല്ലാം മറന്ന് വരയ്ക്കകയാണ്.കുറച്ച് സമയത്തിനുള്ളില്‍ അവര്‍ പൂര്‍ണ്ണമായും വരയില്‍ മുഴുകി.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരയ്ക്കുന്നത്.

ചിത്രംവര കുട്ടികളെ എന്തുമാത്രം ആഹ്ലാദിപ്പിക്കുന്നു!
കളി കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടം ചിത്രം വരയാണ്.വരയിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണ്.കടും വര്‍ണ്ണങ്ങളോടാണ് അവര്‍ക്കുപ്രിയം. ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ച് താന്‍ സ്വാംശീകരിച്ച ധാരണകളെ ആവിഷ്ക്കരിക്കാന്‍ തത്ക്കാലം  കടുംവര്‍ണ്ണങ്ങള്‍തന്നെയാണ് വേണ്ടത്.കുട്ടികള്‍ വരയ്ക്കാന്‍ പെന്‍സിലോ റബ്ബറോ ഉപയോഗിക്കുന്നില്ല.കറുത്തസ്കെച്ച് പേന കൊണ്ടാണ് വരയ്ക്കുന്നത്.എന്തായിരിക്കും കാരണം?

പെന്‍സിലും റബ്ബറും കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുക.വരച്ച് മായ്ച്ച് വീണ്ടും വരച്ച്...ഒടുവില്‍ കടലാസ് കീറും വരെ വരയ്ക്കലും മായ്ക്കലും തുടരും.കറുത്ത സ്കെച്ച് പേന കൊണ്ട് ഒറ്റ വരമാത്രമേ പറ്റൂ.മായ്ക്കാന്‍ അവസരമില്ല.വരയ്ക്കുന്നതിനു മുന്നേ ചിത്രം വ്യക്തമായി മനസ്സില്‍ കാണണം.എന്നിട്ടുവേണം വരയ്ക്കാന്‍.അപ്പോള്‍ വരയ്ക്ക് കരുത്തുവരും.വര ശക്തമാകും.വരയ്ക്കാനുള്ള ആത്മവിശ്വാസം കൂടും.പിന്നീടാണ് നിറം നല്‍കുന്നത്.

കുട്ടികളുടെ ചിത്രംവരയെക്കുറിച്ചുപറയുമ്പോള്‍ ഒന്നാം ക്ലാസിലെ അധ്യാപികമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
‍‍ഞങ്ങള്‍ക്ക് വരയ്ക്കാന്‍ അറിയില്ല.പിന്നെ എങ്ങനെയാണ് ഞങ്ങള്‍ കുട്ടികളെ വരയ്ക്കാന്‍ പഠിപ്പിക്കുന്നത്?

ശാന്ത ടീച്ചര്‍ക്ക് വരയ്ക്കാന്‍ അറിയില്ല.അവര്‍ ബോര്‍ഡില്‍ ഒരു ചിത്രംപോലും വരച്ചുവെച്ചതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ,അവരുടെ ക്ലാസിലെ കുട്ടികള്‍ നന്നായി വരയ്ക്കുന്നു.

ടീച്ചര്‍ക്ക് വരയ്ക്കാന്‍ അറിയുമായിരുന്നെങ്കില്‍ കുട്ടികളെല്ലാം അവരെ അനുകരിക്കുമായിരുന്നു.കുട്ടികളുടെ വരയില്‍ ഇത്രമാത്രം വൈവിധ്യം കാണുമായിരുന്നില്ല.അവരുടെ ഭാവന തടസ്സപ്പെടുമായിരുന്നു.വരയ്ക്കാനറിയുന്ന ചിലര്‍ ക്ലാസ്സില്‍ ചെയ്തുകൂട്ടുന്നത് ഇതാണ്.അത് കുട്ടികളുടെ വരയെ ദോഷകരമായി ബാധിക്കും.

കുട്ടികളുടെ വര കണ്ട് ആസ്വദിക്കാനുള്ള ഒരു മനസ്സാണ് ആദ്യം വേണ്ടത്.പിന്നെ കുട്ടികള്‍ വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് പ്രോത്സാഹിപ്പിക്കല്‍.ഇടക്കിടെ ഫീഡ്ബാക്ക് നല്കല്‍.

ഇതുകൊണ്ടു മാത്രം കുട്ടികള്‍ വരയ്ക്കണമെന്നില്ല.കുട്ടികളെ  വരയിലേക്കു കൊണ്ടുവരണം.അവരെ പ്രചോദിപ്പിക്കണം.  കഥയിലൂടെയോ കളിയിലൂടെയോ അഭിനയത്തിലൂടെയോ.....എങ്കിലേ കുട്ടികളുടെ ഭാവന ഉണരൂ.വരകളെയും വര്‍ണ്ണങ്ങളെയും കൊണ്ട് കടലാസു നിറയൂ.

കുട്ടികള്‍ ചിത്രം വരച്ച് കഴിഞ്ഞിരിക്കുന്നു.അവരുടെ ചിത്രങ്ങള്‍ വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് ടീച്ചര്‍.
കുട്ടികള്‍ വരച്ച ചിത്രങ്ങളെല്ലാം ടീച്ചര്‍ ഡിസ്പ്ളേ ബോര്‍ഡില്‍ പിന്‍ചെയ്തുവെച്ചു.കുട്ടികള്‍ ചിത്രങ്ങള്‍ക്കു മുന്നിലായി ഇരുന്നു.ഒരു നിമിഷം കുട്ടികളോട് കണ്ണടച്ചിരിക്കാന്‍ പറഞ്ഞു.ക്ലാസ്സ് നിശബ്ദമായി.കുട്ടികള്‍ പതുക്കെ കണ്ണുതുറന്നു.

"നിങ്ങളുടെ ചിത്രങ്ങളിലേക്ക് ഒന്നു നോക്കൂ.”

കുട്ടികള്‍ ഓരോരുത്തരും ഡിസ്പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച തങ്ങളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കുകയാണ്.നോക്കുന്നതിനിടയില്‍ അവര്‍ ചില കമന്‍റുകള്‍ പറയുന്നുണ്ട്.

"ഗോപികയുടെ അമ്മ ഉടുപ്പിട്ടിരിക്കുന്നു.”
"സായന്തിന്റെ അച്ഛന് കൊമ്പന്‍ മീശ.”
"കാര്‍ത്തികേയന്റെ അമ്മയുടെ മാക്സി കാണാന്‍ നല്ല രസം.”
“....................”
ടീച്ചര്‍ ചോദിച്ചു.
"ഇതില്‍ ആരുടെ ചിത്രമാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?”
കുട്ടികള്‍ ഒരിക്കല്‍കൂടി ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി.

"അനിത്ത് പറയൂ.”
അനിത്ത് മുന്നോട്ട് വന്ന് ഒരു ചിത്രം ചൂണ്ടിക്കാണിച്ചു.
"ദേവീകൃഷ്ണയുടെ."

കുട്ടികള്‍ അവരവരുടെ ചിത്രം ചൂണ്ടിക്കാണിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്.ആ അവസ്ഥ കുട്ടികള്‍ മറികടന്നിരിക്കുന്നു.

"എന്തുകൊണ്ടാണ് ഈ ചിത്രം അനിത്തിന് ഇഷ്ടപ്പെട്ടത്?”
ടീച്ചറുടെ അടുത്ത ചോദ്യം.

"ചിത്രത്തിലെ അമ്മയെ കാണാന്‍ നല്ല ഭംഗിയുണ്ട്.അ
മ്മ പൊട്ട്
തൊട്ടിരിക്കുന്നു.സാരുയുടുത്തിരിക്കുന്നു.നല്ല മുടിയുണ്ട്.കമ്മലിട്ടിട്ടുണ്ട്.”കുട്ടി ചിത്രത്തിന്റെ വിശദാംശത്തിലേക്ക് പോകുകയാണ്.

മ്ഗോപികയ്ക്ക് ഇഷ്ടം വിനീഷ വരച്ച ചിത്രത്തിലെ അമ്മയെയാണ്.അമ്മയുടെ ചൂരിദാറിന്‍റെ നിറം.അതിലെ പൂക്കള്‍.....

ഇനി  വരയ്ക്കുമ്പോള്‍ ഇത്തരം വിശദാംശങ്ങളിലേക്ക് കുട്ടികളുടെ  ശ്രദ്ധപോകും എന്ന കാര്യത്തില്‍ സംശയമില്ല.ഈ രീതിയില്‍ നല്‍കുന്ന ഫീഡ്ബാക്ക് അവരുടെ വരയെ മെച്ചപ്പെടുത്തും. അവരുടെ ചിത്രങ്ങള്‍ക്ക് പുതിയ മാനം കൈവരും.ഒപ്പം അവരുടെ ഭാഷാപഠനവും.

കുട്ടികളുടെ വര തടസ്സപ്പെടുന്നതെപ്പോഴാണ്?

ഒരിക്കല്‍ ഒരു ക്ലാസ്സില്‍ ഒരു കുട്ടി വരച്ച ഒരു മരത്തിന്‍റെ മനോഹരമായ ചിത്രം നോക്കി ഒരു ടീച്ചര്‍ ചോദിച്ചുവത്രെ.

ഇതെന്തു മരം? ഇതിലെവിടെ ശാഖകള്‍?ഇലകള്‍?കുട്ടീ,ഇങ്ങനെയാണോ മരം വരയ്ക്കുന്നത്?

ഇതുകേട്ട് കുട്ടി അന്തംവിട്ടുനിന്നു.പിന്നീടൊരിക്കലും ആ കുട്ടി ഒരു ചിത്രം പോലും വരച്ചിട്ടില്ലെന്നാണ് കഥ.

3 comments:

  1. ശാന്ത ടീച്ചര്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ !!! രീതി ശാസ്ത്രത്തിലെ നൂതന ഇടപെടലുകള്‍ പുരോഗമനപരം തന്നെ .
    "ശാന്ത ടീച്ചര്ക്ക് വരയ്ക്കാന്‍ അറിയില്ല.അവര്‍ ബോര്ഡിതല്‍ ഒരു ചിത്രംപോലും വരച്ചുവെച്ചതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ,അവരുടെ ക്ലാസിലെ കുട്ടികള്‍ നന്നായി വരയ്ക്കുന്നു."

    ഭാഷാ പഠനവും ചിത്രം വരയും തമ്മില് ബന്ധമുണ്ട്എന്ന് ഞാനും കരുതുന്നു . ഒരു സ്കൂളില്‍ ആദ്യമായി ചെന്നത് ജൂണ്‍ 5 ന് ആയിരുന്നു.രണ്ടാം ക്ലാസ്സിലെ കുട്ടികളോട് ഒരു ചിത്രം വരയ്ക്കാന്‍ പറഞ്ഞു.ഭൂരിഭാഗം കുട്ടികളും ഒറ്റയ്ക്ക് നില്ക്കുയന്ന ചെടി/മരം ആണ് വരച്ചത്.അവരില്‍ ഒരാള്ക്ക് മാത്രമാണ് മലയാളം വായിക്കാന്‍ അറിയുമായിരുന്നത് . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഖ്യാനങ്ങളും മറ്റു പ്രവര്ത്തരനങ്ങളും നല്കിര.അവര്‍ വരക്കുമ്പോള്‍ അവരുടെ ചിന്തയെ തടസ്സപ്പെടുത്താതെയും ആത്മ വിശ്വാസം തകര്ക്കാതെയും ഞാന്‍ അവരോട് സംവദിക്കുമായിരുന്നു .ആ മരം വലിയ മരം ആയിരുന്നോ? അതിന്റെ ഏത് കൊമ്പില്‍ ആണ് പക്ഷി ഇരുന്നത്? വലിയ പക്ഷി ആണോ?കൊക്ക് എങ്ങിനെ? ആ മരത്തിന്റെു താഴെ മറ്റെന്തൊക്കെ ചെടികള്‍ ഉണ്ടായിരുന്നു? കൃത്യമായ ഉത്തരം കിട്ടാനല്ല ചോദിക്കുന്നത് .ഇങ്ങനെ നമ്മള്‍ ചോദിക്കുന്നതിനനുസരിച്ചു അവരുടെ ചിന്തയില്‍ തെളിച്ചമുള്ള ചിത്രങ്ങള്‍ വരും. ഒരു മാസത്തിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം ഭാഷയില്‍ വന്നു
    "അച്ചുവും അമ്മയും അച്ഛനും എവിടെയാണ്? വീടിനുള്ളിലാണോ? അതോ പുറത്താണോ? വീടിനു പുറത്തു എന്തൊക്കെയുണ്ട് ? അവര്‍ ഓരോരുത്തരും എന്താണ് ചെയ്യുന്നത്? "ഇങ്ങനെ ചോദിക്കുന്നതിനനുസരിച്ചു ചിത്ര രചനയില്‍ വൈവിധ്യവും ഗുണപരതയും കാണാനാവും . ഇത് കുട്ടികളുടെ ദൃശ്യ –സ്ഥല പരമായ ബുദ്ധിയെ ഉണര്ത്താണന്‍ സഹായിക്കും എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് .നമ്മള്‍ കുട്ടികളോട് കഥ പറയുമ്പോള്‍ അവര്‍ ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിക്കും .വലിയ രാക്ഷസനാണോ? കൊമ്പ് ഉണ്ടോ ?.......മനസ്സില്‍ രൂപപ്പെടുന്ന ചിത്രങ്ങളുടെ പൂര്ത്തീ കരണ ത്തിനാന് ഇങ്ങനെ ചോദിക്കുന്നത് എന്ന് ആനന്ദന്‍ മാഷ്‌ ഒരു പരിശീലനത്തില്‍ പറഞ്ഞതും ഓര്ക്കുുന്നു .

    ReplyDelete
    Replies
    1. ലേഖനവും കമന്റും ഇപ്പോഴും പ്രസക്തം, ഒരു രക്ഷിതാവ് എന്ന നിലയിൽ ഏറെ ഉപകാരപ്പെടുന്ന കുറിപ്പുകൾ

      Delete
  2. നന്ദി.താങ്കളുടെ കൂട്ടിച്ചേര്‍ക്കല്‍ ലേഖനത്തിലെ ആശയത്തെ പുഷ്ടിപ്പെടുത്താന്‍ സഹായകമായി.

    ReplyDelete