വിഷയം ആറാം ക്ലാസിലെ സയന്‍സ്. രണ്ടാമത്തെ യൂണിറ്റിലെ ആദ്യ മൊഡ്യൂളാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്.പ്രകാശത്തിന്റെ പ്രതിപതനത്തെക്കുറിച്ച്.
ക്ലാസില്‍ ഒരു പരീക്ഷണം നടക്കുകയാണ്.ക്ലാസിലെ ജനാലകളും വാതിലുകളുമടച്ച് ക്ലാസിനെ ഒരു ഇരുട്ടുമുറിയാക്കി മാറ്റിയിരിക്കുന്നു.ടോര്‍ച്ചിന്റെ ശക്തിയേറിയ പ്രകാശം വിവിധ വസ്തുക്കളില്‍ പതിപ്പിച്ച് പ്രകാശം തിരിച്ചയക്കുന്നവയെയും കടത്തിവിടുന്നവയേയും കുറിച്ച് പഠിക്കുകയാണ് കുട്ടികള്‍.ഓരോ വസ്തുവും പ്രകാശം എത്രമാത്രം തിരിച്ചയക്കുന്നുവെന്ന് കുട്ടികള്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. നിഗമനങ്ങള്‍ രൂപീകരിക്കുന്നു.
ടീച്ചര്‍ കണ്ണാടിയിലേക്ക് ടോര്‍ച്ച് തെളിച്ചുകൊണ്ട് ഒരു ചോദ്യം ഉന്നയിക്കുന്നു.
"പ്രകാശം കടന്നുപോകുന്ന വഴി നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ടോ?”
കുട്ടികള്‍ സൂക്ഷിച്ച് നോക്കി. അവര്‍ പറഞ്ഞു.
"വ്യക്തമായി കാണാന്‍ കഴിയുന്നില്ല.”
ടീച്ചര്‍ ഡസ്റ്റര്‍ ഒന്നു കുടഞ്ഞു.ക്ലാസില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നു.
വീണ്ടും കണ്ണാടിയിലേക്ക് ടോര്‍ച്ച് തെളിച്ചു.
"ഇപ്പോഴോ?”
"വ്യക്തമായി കാണാം.”
ടീച്ചര്‍ ടോര്‍ച്ചിന്റെ സ്ഥാനം മാറ്റി പ്രകാശം തെളിച്ചുകൊണ്ടിരുന്നു.അതിനനുസരിച്ച് പ്രകാശത്തിന്റെ പാതയില്‍ വ്യത്യാസം വരുന്നത് കുട്ടികള്‍ നിരീക്ഷിക്കാനായിരുന്നിരിക്കണം അത്.
"പ്രകാശം കടന്നുപോകുന്ന വഴി നിങ്ങള്‍ വ്യക്തമായി കണ്ടുവല്ലോ.ഇനി ഇതിന്റെ ചിത്രം വരക്കാമോ?”
വരക്കാമെന്നായി കുട്ടികള്‍.നിമിഷങ്ങള്‍ക്കകം അവര്‍ പുസ്തകവും സ്കെയിലും പെന്‍സിലുമെടുത്ത് വരയില്‍ മുഴുകി.
വരക്കുന്നതിനിടയില്‍ ടീച്ചര്‍ ഓരോ കുട്ടിയുടേയും അടുത്തേക്കുപോകുന്നുണ്ട്. അവരുടെ വര സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.അവരെ പ്രത്സാഹിപ്പിക്കുന്നുണ്ട്.
"വര നന്നായിട്ടുണ്ട്.പ്രകാശം എവിടെനിന്ന് എങ്ങോട്ടു പോകുന്നു (കടന്നുപോകുന്ന ദിശ)എന്നതു കൂടി അടയാളപ്പെടുത്തേണ്ടതല്ലേ?”
ടീച്ചറുടെ ഫീഡ്ബാക്ക്.
കുട്ടികള്‍ ചിത്രം ഒരിക്കല്‍ കൂടി നിരീക്ഷിക്കുന്നു.പ്രകാശത്തിന്റെ ദിശ അടയാളപ്പെടുത്തുന്നു.
മിക്ക കുട്ടികളും ശരിയായി വരച്ചിട്ടുണ്ട്. നാലു കുട്ടികള്‍ വരച്ചതില്‍ പിശകുകളുണ്ട്.പതന ബിന്ദുവില്‍നിന്നല്ല പ്രതിപതന കിരണം വരച്ചിരിക്കുന്നത്.
ടീച്ചര്‍ നന്ദനയെ ബോര്‍ഡിനടുത്തേക്ക് വിളിച്ചു.
"നന്ദന വരച്ച ചിത്രം ബോര്‍ഡില്‍ വരക്കാമോ?”
നന്ദന നോട്ടുപുസ്തകത്തില്‍ വരച്ച ചിത്രം ബോര്‍ഡിലേക്കു പകര്‍ത്തി.
"നന്ദന ചിത്രം നന്നായി വരച്ചു.ഈ ചിത്രം ശരിയാണോ?”
ടീച്ചറുടെ ചോദ്യം.കുട്ടികള്‍ ചിത്രം സൂക്ഷിച്ചുനോക്കി.
"ശരിയാണ്."
കുട്ടികള്‍ ഏക സ്വരത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്ക് അതിലെ തെറ്റു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.ശരിയായി വരച്ച കുട്ടികള്‍ക്കു പോലും ബോര്‍ഡിലെ ചിത്രത്തിലെ തെറ്റ് കണ്ടുപിടിക്കാന്‍ കഴിയാഞ്ഞത് എന്തു കൊണ്ടായിരിക്കും?
ഒരു നിമിഷം ടീച്ചര്‍ ആലോചിച്ചു.അവരുടെ നിരീക്ഷണം വേണ്ടത്ര ഫലപ്രദമാകാത്തതുകൊണ്ടായിരിക്കണം.
"ഞാന്‍ പരീക്ഷണം ഒരിക്കല്‍ കൂടി ചെയ്യാം.എന്താണ് കാണുന്നതെന്ന് ശ്രദ്ധിച്ച് നോക്കണം"
ടീച്ചര്‍ പരീക്ഷണം ആവര്‍ത്തിച്ചു.
കുട്ടികള്‍ അവരുടെ നിരീക്ഷണം സൂക്ഷ്മമാക്കി.
പരീക്ഷണം കഴിഞ്ഞയുടനെ നന്ദന എഴുന്നേറ്റു.
"ടീച്ചര്‍, എന്റെ ചിത്രം ഞാന്‍ നേരെ വരക്കാം."നന്ദന പറഞ്ഞു.
അവള്‍ ബോര്‍ഡില്‍ ചിത്രം മാറ്റി വരച്ചു.ഇത്തവണ പ്രകാശം പതിക്കുന്ന ബിന്ദുവില്‍നിന്നുതന്നെ പ്രതിപതന കിരണം വരച്ചിരിക്കുന്നു.
"നന്നായിരിക്കുന്നു."ടീച്ചര്‍ അവളെ അഭിനന്ദിച്ചു.
പ്രയാസം നിറഞ്ഞ മറ്റൊരു മേഖലയിലേക്കാണ് ടീച്ചര്‍ അടുത്തതായി കടന്നത്.ഇതുമായി ബന്ധപ്പെട്ട ചില ശാസ്ത്രപദാവലികള്‍(Scientific terms) കുട്ടികളെ പരിചയപ്പെടുത്തണം. ഇതുവരെ ടീച്ചര്‍ ഇത്തരം പദാവലികളൊന്നും ഉപയോഗിച്ചതേയില്ല.ശാസ്ത്രം പഠിപ്പിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതുതന്നെയാണ്.ഈ പദാവലികള്‍ ശരിയായി അവതരിപ്പിച്ചില്ലെങ്കില്‍ അത് ആശയരൂപീകരണത്തിന് തടസ്സമാകും.കുട്ടികള്‍ക്ക് ശാസ്ത്രപഠനം പ്രയാസമാകും.
"ചിത്രം വര പൂര്‍ത്തിയാവണമെങ്കില്‍ അതിന്റെ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക(labelling) കൂടി വേണം."ടീച്ചര്‍ പറഞ്ഞു."നിങ്ങള്‍ക്ക് രണ്ടുപേരുടെ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തുകൊണ്ട് ചെയ്യാം.”
കുട്ടികള്‍ രണ്ടുപേരുടെ ഗ്രൂപ്പില്‍ ചിത്രം അടയാളപ്പെടുത്തി.
ആദര്‍ശും നവീനും ചേര്‍ന്ന് അടയാളപ്പെടുത്തിയത് നോക്കുക.
കണ്ണാടി,പോകുന്ന വെളിച്ചം,തിരിച്ചുവരുന്ന വെളിച്ചം,ടോര്‍ച്ച് എന്നിങ്ങനെയായിരുന്നു മിക്ക കുട്ടികളും അടയാളപ്പെടുത്തിയത്.എന്നാല്‍ ആദര്‍ശ് കണ്ണാടിക്കുപകരം ദര്‍പ്പണം എന്നെഴുതിയിരിക്കുന്നു.
"നിങ്ങള്‍ അടയാളപ്പെടുത്തിയത് പൂര്‍ണ്ണമായും ശരിയാണ്.എന്നാല്‍ ഇതൊക്കെ സൂചിപ്പിക്കാന്‍ ശാസ്ത്രത്തിനു ഒരു ഭാഷയുണ്ട്.അതെന്താണെന്നു കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ പുസ്തകത്തില്‍ നല്‍കിയ കുറിപ്പു വായിച്ചു നോകൂ.”
ടീച്ചര്‍ പറഞ്ഞു.
'പ്രകാശത്തന്റെ പ്രതിപതനം' എന്ന കുറിപ്പ് കുട്ടികള്‍ വ്യക്തിഗതമായി വായിക്കുന്നു.ഇനി ശരിയായ പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് ചിത്രം ഒരിക്കല്‍കൂടി അടയാളപ്പെടുത്തൂ.
ക്ലാസിലെ മുഴുവന്‍ കുട്ടികളും അതു നേരായിത്തന്നെ അടയാളപ്പെടുത്തി.
ടീച്ചറുടെ അടുത്ത ചോദ്യം.
"ഇനി പതനകിരണവും പ്രതിപതനകിരണവും എന്താണെന്ന് വിശദീകരിക്കാമോ?”
കുട്ടികള്‍ വ്യക്തിഗതമായി എഴുതി.ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള തടസ്സം ഉള്ളതായി കണ്ടില്ല.മൂന്നോ നാലോ കുട്ടികള്‍ അവതരിപ്പിച്ചു.
ആശയരൂപീകരണവുമായി ബന്ധപ്പെട്ട ടീച്ചറുടെ അവസാനത്തെ ചോദ്യം ഇതായിരുന്നു.
"പ്രകാശത്തന്റെ പ്രതിപതനം എന്നാല്‍ എന്താണ്?”
അത് നിര്‍വ്വചിക്കുകയെന്നത് കുട്ടികള്‍ക്ക് പ്രയാസമുള്ള കാര്യമായിരുന്നില്ല.അപ്പോഴേക്കും കുട്ടികള്‍ ആശയരൂപീകരണത്തിലേക്ക് സ്വയം എത്തിച്ചേര്‍ന്നിരുന്നു.ഈ ആശയം ഉറപ്പിക്കുന്നതിനുവേണ്ടി കിരണപേടകം ഉപയോഗിച്ചുള്ള പരീക്ഷണത്തിലേക്കായിരുന്നു ടീച്ചര്‍ പിന്നീട് പോയത്.
ശരിയായ സമീപനം. തുടര്‍ന്നും ശാസ്ത്രക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു
ReplyDelete