ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday, 23 January 2014

ഒന്നാംക്ലാസിലെ കുഞ്ഞുപാവകള്‍


രാവിലെ ഒന്നാം ക്ലാസിലെക്കുചെന്നപ്പോള്‍ ശാന്ത ടീച്ചറും കുട്ടികളും കടലാസുപാവകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു.കുട്ടികള്‍ നിര്‍മ്മിച്ച പാവകള്‍ കാണാന്‍ എനിക്കു ധൃതിയായി.എന്റെ ക്ലാസു കഴിഞ്ഞ് വീണ്ടും ഒന്നാം ക്ലാസിലേക്കു ചെന്നു.മനോഹരമായ കലാസുപാവകളെയും ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ നില്‍ക്കുന്നു.
"മാഷെ ഞങ്ങളുടെ പാവകളെ കണ്ടോ?”
അവര്‍ അഭിമാനത്തോടെ പറഞ്ഞു.
"ഇവരുടെ പേരെന്താ?” ഞാന്‍ ചോദിച്ചു.
"ദേവികപ്പാവ...ഉണ്ണിപ്പാവ...ചക്കരപ്പാവ..”
കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
അവര്‍ പാവകളെയെല്ലാം നിലത്തുകിടത്തി.ഓരോ പാവക്കുഞ്ഞിന്റെയും അരികിലായി അച്ഛന്‍ പാവയും അമ്മപ്പാവയും അനുജത്തിപ്പാവകളും ഒക്കെ കിടന്നു.
ടീച്ചര്‍ പാവകളെ ഉപയോഗപ്പെടുത്തി ഗണിതത്തിന്റെ പ്രവര്‍ത്തനത്തിലേക്കു കടന്നു.പാവകളെ ബിഗ് സ്ക്രീനില്‍ വരികളിലും നിരകളിലും നിശ്ചിത എണ്ണം വരുന്ന രീതിയില്‍ ക്രമീകരിക്കാന്‍ കുട്ടികളോടു പറഞ്ഞു........


താന്‍ നിര്‍മ്മിച്ച പാവകളുമായി കുട്ടികള്‍ ഇതിനകം തന്നെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.അതിനെ പേരിട്ടു വിളിക്കുന്നതോടെ അതു പൂര്‍ണ്ണമായി.അതേ പാവകളെ തന്നെയാണ് ടീച്ചര്‍ ഗണിതപ്രവര്‍ത്തിനായി ഉപയോഗിച്ചത്.പാവകള്‍ ഒരേ സമയം ഒരു മൂര്‍ത്ത വസ്തുവും കുട്ടിയെ ഗണിത ചിന്തയിലേക്കു നയിക്കാനുള്ള ഒരു സ്റ്റിമുലിയുമാകുന്നു.

പാവനിര്‍മ്മാണം ആഖ്യാനവുമായി ബന്ധപ്പെട്ട ഒരു സന്ദര്‍ഭം ആവശ്യപ്പെടുന്ന സമയത്താണ് ടീച്ചര്‍ ചെയ്തത്.ഗണിത പ്രവര്‍ത്തനത്തിനായി പുതിയ സന്ദര്‍ഭങ്ങളുണ്ടാക്കി പിറ്റേ ദിവസം ഈ പാവകളെ ടീച്ചര്‍ വീണ്ടും ഉപയോഗിച്ചു.തറയില്‍ പാവകളുടെ വീടുകള്‍ വരച്ചു.കുട്ടികളെ നാലുഗ്രൂപ്പുകളാക്കി.ഓരോ വീടിന്റെയുംകാവല്‍ക്കാരായി കുട്ടികളെയിരുത്തി. വീടുകളില്‍ വ്യത്യസ്ത എണ്ണം പാവകളെ വെച്ചു. (ആകെയുള്ള ഇരുപതു പാവകള്‍.)ഓരോ വീട്ടിലെയും പാവകളുടെ എണ്ണം തുല്യമാക്കണം.പാവകളുടെ എണ്ണം മാറ്റി
മാറ്റി കളി ആവര്‍ത്തിച്ചു.കുട്ടികള്‍ ആസ്വദിച്ചു കളിച്ചു.ഒപ്പം അവരുടെ ചിന്ത ഉണര്‍ന്നു.തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

കൊച്ചുകട്ടികളില്‍ സംഖ്യാബോധം രൂപീകരിക്കാന്‍ മഞ്ചാടിയും കമ്പുകെട്ടുകളും എന്ന പരമ്പരാഗതചിന്തയില്‍ നിന്നും നാം മാറേണ്ടതുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ട ആഖ്യാന സന്ദര്‍ഭത്തില്‍ നിര്‍മ്മിക്കുന്ന വസ്തുവായിരിക്കണം ഗണിതത്തിന് ഉപയോഗപ്പെടുത്തേണ്ടത്.ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളായിരിക്കും കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കുക.അത് കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.

1 comment:

  1. "പാഠഭാഗവുമായി ബന്ധപ്പെട്ട ആഖ്യാന സന്ദര്‍ഭത്തില്‍ നിര്‍മ്മിക്കുന്ന വസ്തുവായിരിക്കണം ഗണിതത്തിന് ഉപയോഗപ്പെടുത്തേണ്ടത്.ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളായിരിക്കും കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കുക.അത് കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും."വളരെ ശരി.നമ്മുടെ വിദ്യാലയങ്ങള്‍ കമ്പുകെട്ടുകള്‍ പോലെ ആരോ ചിന്തകെട്ടിമുറുക്കി വെച്ചിരിക്കുന്ന അവസ്ഥയിലാണ്.പാഠപുസ്തകത്തെ പുത്തനുടുപ്പണിയിക്കുന്നവരും അങ്ങനെ തന്നെ. നമ്മുടെ ആഖ്യാനം നാം തന്നെ രൂപപ്പെടുത്തണം.

    ReplyDelete