ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday, 27 January 2014

ഒരു കളി പുനര്‍ജനിച്ചപ്പോള്‍.....


മുപ്പത്തഞ്ചു വര്‍ഷം മുമ്പേ കളിച്ചു മറന്നുപോയ ഒരു കളിയെ ഓര്‍മ്മകളുടെ മണലടരുകള്‍ മാറ്റി പുറത്തെടുത്തിരിക്കുന്നു.അതു കുട്ടികളുടെ പ്രിയപ്പെട്ട കളിയായി മാറിയിരിക്കുന്നു,വറ്റി വരണ്ടുപോയ ഒരു പുഴയെ പുനരുജ്ജീവിപ്പിച്ചതുപോലെ.എന്നും ആ കളിതന്നെവേണമെന്ന് കുട്ടികള്‍ വാശിപിടിക്കുന്നു.
വൈകുന്നേരം കുട്ടികളെ കളിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് ആശ ഓടി വന്ന് പറഞ്ഞത്.

"മാഷേ,ഒരു കളിയുണ്ട്. കണ്ണൂരുള്ള എന്റെ ഒരു വല്യച്ഛനാണ് ഈ കളിയെക്കുറിച്ചു പറഞ്ഞത്.കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാകും.കുറേ വര വരച്ച് കോട്ടയുണ്ടാക്കും.ഓരോ വരയിലും ഓരോ കുട്ടിയെ കാവല്‍ക്കാരായി നിര്‍ത്തും.മറ്റേ ഗ്രൂപ്പുകാര്‍ ഈ കാവല്‍ക്കാരെ മറികടന്ന് ഓടി അപ്പുറത്തെത്തി ഉപ്പുവാരണം.പിന്നീട് അതുപോലെ തിരിച്ചുവന്ന് കോട്ടയ്ക്ക മുന്നിലെത്തണം.എത്ര കുട്ടികളാണോ ഇങ്ങനെ ഓടിയെത്തിയത് അതിനുകണക്കായി അവര്‍ക്കു പോയിന്റ് കിട്ടും.ഓടുന്നതിനിടയില്‍ കാവല്‍ക്കാര്‍ തൊട്ടാല്‍ കളിയില്‍ നിന്നു പുറത്താകും.നമുക്ക് ഈ കളിയൊന്ന് കളിച്ചു നോക്കിയാലോ...”
ചെറുപ്പത്തില്‍ ഞങ്ങള്‍ എത്രയോതവണ ഈ കളി കളിച്ചിട്ടുണ്ട്.പൂഴിയില്‍ വര വരച്ച് കാവല്‍ക്കാരായി നിന്ന് മറ്റുള്ളവരെ തൊടുന്നതും കാവല്‍ക്കാരെ മറികടന്ന് ഉപ്പുവാരുന്നതുമൊക്കെ ഓര്‍മ്മയുണ്ട്.എന്നാല്‍ ഈ കളിയുടെ നിയമങ്ങള്‍ ഓര്‍മ്മയില്ല.
നമുക്കു കളിച്ചുനോക്കാമെന്ന് ഞാന്‍ ആശയോടു പറഞ്ഞു.
കുട്ടികള്‍ തയ്യാറായി.ഞാന്‍ അവര്‍ക്കു കളി വിശദീകരിച്ചു കൊടുത്തു.അവര്‍ക്കു ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നു.അവരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്റെ പക്കലില്ലായിരുന്നു.
ചെമ്മണ്ണില്‍ അവര്‍ കാലുകൊണ്ടു വരയിടാന്‍ തുടങ്ങി.
കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.ഒരു ഗ്രുപ്പു് കാവല്‍ക്കാരായി നിന്നു.മറ്റേ ഗ്രൂപ്പ് കോട്ട മറികടക്കുന്നവരും.
കളി തുടങ്ങി.കളിയുടെ നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുട്ടികള്‍ ഉന്നയിക്കാന്‍ തുടങ്ങി.ഒരുതവണ എത്ര പേര്‍ക്ക് കളത്തില്‍ ഇറങ്ങാം? ആരൊക്കെയാണ് ഇറങ്ങുന്നതെന്ന് കാവല്‍ക്കാര്‍ എങ്ങനെ തിരിച്ചറിയും?ഒരു ടീമിന് എത്ര സമയം കളിക്കാം? ....അപ്പോഴുള്ള എന്റെ തോന്നലനുസരിച്ച് ഞാന്‍ കുട്ടികളെ മുന്നോട്ടു നയിച്ചു.കുട്ടികള്‍ കളിച്ചു. പക്ഷെ,കളിയുടെ ആഹ്ലാദം മുഴുവനായും കുട്ടികള്‍ അനുഭവിക്കുന്നതായി തോന്നിയില്ല.
പിറ്റേ ദിവസം ഞാന്‍ എന്റെ പഴയ കൂട്ടുകാരനെ വിളിച്ചു.ഞങ്ങള്‍ ഒരുമിച്ചു കളിക്കാറുള്ളതാണ്.കാര്യം കേട്ടപ്പോള്‍ അവന്‍ ചിരിച്ചു. മുപ്പത്തഞ്ച് വര്‍ഷം മുമ്പു കളിച്ചകളിയാണ്.
"കോട്ടയ്ക് നടുവിലൂടെ ഒരു വരയുണ്ട്.ഒരു കാവല്‍ക്കാരനു അതിലൂടെ മൂവ് ചെയ്യാം.”
അപ്പോഴാണ് ഞാനും അത് ഓര്‍മ്മിച്ചത്.
പിറ്റെദിവസം വീണ്ടും കളിച്ചു.കളി ക്ലിക്കായി. കുട്ടികള്‍ വര്‍ദ്ധിച്ച ആഹ്ലാദത്തതോടെ കളിയില്‍ മുഴുകി.രണ്ടു ടീമുകളും വാശിയോടെ കളിച്ചു.തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടായി.അവരെ നിയന്ത്രിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.കളികഴിഞ്ഞ് പിരിഞ്ഞു പോകുമ്പോള്‍ കുട്ടികള്‍ പറഞ്ഞു.
" മാഷെ,നാളെയും ഈ കളിതന്നെ കളിക്കണം.”
ഇപ്പോള്‍ കുട്ടികള്‍ക്ക് ഈ ഒരു കളി മാത്രമേ വേണ്ടൂ. അവരുടെ പ്രിയപ്പെട്ട കളി.ശോടി കളി.

1 comment:

  1. ബ്ലോഗെഴുത്ത് വളരെ നന്നായിട്ടുണ്ട്..തുടരണം..അനുഭവത്തിന്റെ കരുത്തില്‍ നമുക്ക് ഒപ്പം മുന്നേറാം....ആശംസകള്‍

    ReplyDelete