ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday, 30 April 2014

Dramatic play ഒന്നാം ക്ലാസില്‍



Dramatic play permits children to fit the reality of the world into their own interests and knowledge. One of the purest forms of symbolic thought available to young children,dramatic play contributes strongly to the intellectual development of the children.

Piaget,1962.


കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ കഞ്ഞീം കറീം വെച്ചുകളിയുടെ പ്രാധാന്യം എന്താണെന്ന് നാം കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്യുകയുണ്ടായി.ഈ കളിയില്‍ ഏര്‍പ്പെടുന്നതിലൂടെ കുട്ടി അഹം കേന്ദ്രീകൃതാവസ്ഥയില്‍ നിന്നും പതുക്കെ പുറത്തുകടന്ന് ഒരു സാമൂഹ്യജീവിയായി മാറുന്നു;തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച്,ജീവിതത്തെക്കുറിച്ച്  അറിയാന്‍ തുടങ്ങുന്നു; തന്റെ ഭാഷാശേഷി വര്‍ധിക്കുന്നു;ചിന്ത തെളിവുറ്റതാകുന്നു;തന്റെ പെരുമാറ്റത്തെ നിയന്ത്രണ വിധേയമാക്കാന്‍ അവള്‍ക്ക് കഴിയുന്നു; വൈകാരികമായ പക്വത കൈവരിക്കുന്നു;  ബുദ്ധി പതുക്കെ വികസിക്കുന്നു;ഭാവനയ്ക്ക് ചിറകു മുളയ്ക്കുന്നു.

ഭക്ഷണം പോലെ,സ്നേഹം പോലെ പ്രധാനമാണ് കുട്ടികള്‍ക്ക്  കളിയും.അഞ്ചുവയസ്സായ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഈ കളിയിലൂടെ കടന്നു പോകാത്ത ഒരു ദിവസം പോലുമുണ്ടാകില്ല.
എങ്കില്‍ ഈ കളിയെ ഒന്നാം ക്ലാസിന്റെ പടിക്കുപുറത്തു നിര്‍ത്തുന്നതെന്തിന്?
ക്ലാസുമുറി ശിശുസൗഹൃദമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്.ചുമരിലെ നിറമോ ചിത്രങ്ങളോ മാത്രം പോര.ഇത്തരം കളികള്‍  കടന്നുവരുമ്പോഴാണ് ക്ലാസുമുറി കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടമായിമാറുന്നത്.അവര്‍ ക്ലാസിനെയും ടീച്ചറെയും വിദ്യാലയത്തേയും  അതോടെ സ്നേഹിക്കാന്‍ തുടങ്ങുന്നു.


dramatic playയുടെ സാധ്യതകള്‍ ഒന്നാം ക്ലാസില്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുക?പരിശോധിക്കാം.
വിദ്യാലയത്തിനു പുറത്ത് കുട്ടിയുടെ സ്വതന്ത്രമായ കളിയാണിത്.
എന്നാല്‍ ക്ലാസില്‍ ടീച്ചര്‍ കളിയെ ഗൈഡ് ചെയ്യണം.എങ്ങനെ?





ആദ്യം ഒരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.ലളിതമായ ഒരു കഥ.


ഉദാഹരണം:
(കഥയുടെ ചുരുക്കം)
തള്ളക്കോഴിയും കുഞ്ഞുങ്ങളും-കുഞ്ഞുങ്ങളോട് പുറത്തിറങ്ങരുതെന്നു പറഞ്ഞ് തള്ളക്കോഴി തീറ്റതേടിപ്പോകുന്നു-പൂച്ച വരുന്നു-കളിക്കാന്‍ വിളിക്കുന്നു(പൂച്ചയുടെ വിളി കുട്ടികള്‍ അനുകരിക്കുന്നു-അഭിനയം വേണ്ട.സംഭാഷണം മാത്രം)"അയ്യയ്യോ ഞങ്ങളില്ല."കോഴിക്കുഞ്ഞുങ്ങള്‍ പറഞ്ഞു-അണ്ണാന്‍ വരുന്നു-വിളിക്കുന്നു(സംഭാഷണം ആവര്‍ത്തിക്കുന്നു)തത്ത,കുഞ്ഞാറ്റക്കിളി എല്ലാവരും വിളിക്കുന്നു(കുട്ടികള്‍ സംഭാഷണം നല്‍കുന്നു)നേരം വൈകി-വിശക്കുന്നു-അമ്മയെ കാണുന്നില്ല-കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി-പെട്ടെന്ന് പരുന്ത്-കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിച്ചു......


ടീച്ചര്‍ ഇരുന്ന് കുട്ടികളെ അടുത്തിരുത്തി കഥ പറയുന്നതായിരിക്കും നല്ലത്.
ഇനി കഥയെക്കുറിച്ച് ചര്‍ച്ചയാകാം.കഥ ഇഷ്ടപ്പെട്ടോ?എന്തുകൊണ്ട്?  കഥയിലെ കഥാപ്പാത്രങ്ങള്‍ ആരൊക്കെ?.......

ഇനി കളിയിലേക്ക്
ഈ കഥ നമുക്ക് അഭിനയിച്ച് കളിച്ചാലോ? ആരൊക്കെയാണ് കോഴിക്കുഞ്ഞുങ്ങളാകുന്നത്?പരുന്തോ?
ആദ്യ ഘട്ടത്തില്‍ എല്ലാകുട്ടികളും കോഴിക്കുഞ്ഞുങ്ങളാകട്ടെ.കുട്ടികള്‍ക്കു കളിക്കാന്‍ ക്ലാസുമുറിയില്‍ സ്ഥലം ഒരുക്കണം.


കോഴിക്കുഞ്ഞുങ്ങളുടെ നടത്തം-കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം-കോഴിക്കുഞ്ഞുങ്ങള്‍ ചിറകടിക്കുന്നത്-തീറ്റ തേടുന്നത്-വെള്ളം കുടിക്കുന്നത്-കിടന്നുറങ്ങുന്നത്....

 ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  കുട്ടികള്‍ കളിക്കുന്നു.ഒരിക്കലും അഭിനയിച്ച് കാണിച്ചുകൊടുക്കരുത്.കുട്ടികള്‍ കോഴിക്കുഞ്ഞുങ്ങളാകുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.ഇത് ക്ലാസില്‍ ചെയ്തപ്പോള്‍ ഒരു കുട്ടി തറയിലൂടെ നിരങ്ങി നീങ്ങുന്നതു കണ്ടു.എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു."അതിന്റെ രണ്ടു കാലുകളും ഒടിഞ്ഞുപോയി സാര്‍.”


കളിയില്‍നിന്നും മാറിനില്‍ക്കുന്ന കുട്ടികളുണ്ടാകും.അവരെ നിര്‍ബന്ധിച്ച് കളിയിലേക്കു കൊണ്ടുവരേണ്ടതില്ല.അവര്‍ മാറിനിന്ന് കളി കാണും. ആസ്വദിക്കും.പതുക്കെ അവര്‍ കളിയിലേക്കു വരും.


ഇനി കുട്ടികളെല്ലാവരും പൂച്ചകളാവട്ടെ.

പൂച്ചകളുടെ നടത്തം-ശബ്ദം-പൂച്ചകളുടെ ഉറക്കം-പൂച്ചകള്‍ വാലാട്ടുന്നത്-മീശ തടവുന്നത്-എലിയെ പിടിക്കാന്‍ പമ്മി പമ്മി പോകുന്നത്......

ശ്രദ്ധിക്കേണ്ട ഒരു കാര്യം ടീച്ചര്‍ ഒരു പ്രേക്ഷകയുടെ റോളില്‍ ഇതിനെ കാണരുത്.കുട്ടികള്‍ ചെയ്യുന്നതില്‍ ഭംഗി വേണം എന്നു ശഠിക്കരുത്.ഇത് നാടകമല്ല.ഇതിനെ ഒരു കളിയായി മാത്രമേ കാണാവൂ.ചെയ്യുന്നതില്‍ ഭംഗി പിന്നീട് വരും.


ഇനി കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാവട്ടെ.ഒരു ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങള്‍ മറ്റേ ഗ്രൂപ്പ് പൂച്ച.
ഇവര്‍ തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കാം.

പൂച്ചകളെല്ലാം ഒന്നിച്ച്-കോഴിക്കുഞ്ഞുങ്ങളേ,വരൂ കളിക്കാം.
കോഴിക്കുഞ്ഞുങ്ങള്‍-അയ്യോ പറ്റില്ല. അമ്മ വഴക്കു പറയും.


പൂച്ചകളും കോഴിക്കുഞ്ഞുങ്ങളും പരസ്പരം സ്ഥലം മാറി നിന്ന് ഇതേ സംഭാഷണം വീണ്ടും അവതരിപ്പിക്കാം.


ഇതില്‍ ഒരു ഗ്രൂപ്പ് പരുന്താകട്ടെ. മറ്റേ ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങളും.

പരുന്ത് കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ വരുന്നു.കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിക്കുന്നു.


ഇത് ആവര്‍ത്തിച്ചു കളിക്കാം. ഗ്രൂപ്പുകള്‍ക്ക് അവരുടെ റോളുകള്‍ പരസ്പരം മാറാം.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒളിക്കാനുള്ള സ്ഥലം ക്ലാസില്‍ ഒരുക്കണം.കസേരവൃത്താകൃതിയില്‍ വച്ചോ,മേശക്കടിയില്‍ ഷാളുകൊണ്ട് മറച്ചോ മറ്റോ ഒളിക്കാനുള്ള സ്ഥലം സജ്ജീകരിക്കാം.



ഇനി അല്പസമയം വിശ്രമിക്കാം.
കളിച്ചപ്പോഴുള്ള അനുഭവം പറയാം.എന്തെങ്കിലും പ്രയാസമുണ്ടായിരുന്നോ? കളിക്കിടയില്‍ മറ്റു കുട്ടികളെ ഇടിക്കുക,തൊഴിക്കുക  തുടങ്ങിയ പ്രവണതകള്‍ കാണിക്കുന്ന കുട്ടികളുണ്ടാകും.അത്തരം പ്രവണതകളെ വിമര്‍ശിക്കണം. അവരുടെ പേരെടുത്തു പറയാതെ.കളിക്കുമ്പോള്‍ ഓരോരുത്തരും പാലിക്കേണ്ട
നിയമങ്ങളെക്കുറിച്ചും അതു തെറ്റിച്ചാലുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചുമൊക്കെ ഇവിടെ ചര്‍ച്ചചെയ്യാവുന്നതാണ്.


'കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയത് ശരിയായോ?എന്താ നിങ്ങളുടെ അഭിപ്രായം?'തുടങ്ങിയ ചോദ്യങ്ങളിലൂടെ കഥയെക്കുറിച്ചുള്ള കുട്ടികളുടെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ പങ്കുവയ്ക്കാം.

ഇനി കഥ പറയാന്‍ മുന്നോട്ടുവരുന്ന കുട്ടികളെക്കൊണ്ട് പറയിക്കാം.
കഥ ഒരു ചാര്‍ട്ടില്‍ ലഘുവാക്യങ്ങളില്‍ ചുരുക്കിയെഴുതാം.ആവര്‍ത്തിച്ചു വന്ന സംഭാഷണവും എഴുതാം. വായിക്കാം.കഥാപ്പാത്രങ്ങളുടെ പേരുകളും മറ്റും തൊട്ടുകാണിക്കാന്‍ പറയാം.


 Variation 1


ഇനി മറ്റൊരുരീതിയില്‍ ഈ കളി എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം കോഴിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങാം.
പിന്നീട് കോഴിക്കുഞ്ഞുങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാം.കോഴിക്കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പറയാം.
 കോഴിക്കുഞ്ഞുങ്ങളുടെ ചിത്രം വരക്കാം.തറയിലോ ചുമരിലോ വലുതായി ചോക്കുകൊണ്ടു വരക്കട്ടെ.(ടീച്ചര്‍ വരച്ചു കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം)ചിത്രത്തിനു നേരെ കോഴിക്കുഞ്ഞ് എന്നെഴുതാം.കോഴിക്കുഞ്ഞുങ്ങള്‍ക്ക് പേരുനല്‍കി അതും എഴുതാം.
ഇത്രയുമായാല്‍ കഥയിലേക്കു വരാനുള്ള മൂഡ് ക്രിയേഷന്‍ നടന്നു.



ഇനി കഥ പറയാം.
കഥയ്ക്കുശേഷം കളിയിലേക്കു വരാം.
കോഴിക്കുഞ്ഞുങ്ങളെ മനുഷ്യ സ്വഭാവം നല്‍കി അവതരിപ്പിക്കുകയാണ് വേണ്ടത്.
അതെങ്ങനെയെന്നു നോക്കാം.

കോഴിക്കുഞ്ഞുങ്ങളെല്ലാം കിടന്നുറങ്ങുന്നു-രാവിലെ ഉറക്കമുണരുന്ന കോഴിക്കുഞ്ഞുങ്ങള്‍-മുഖം കഴുകുന്നു-പല്ലു തേക്കുന്നു-കുളിക്കുന്നു-ഉടുപ്പിടുന്നു-ചായകുടിക്കുന്നു-അപ്പം തിന്നുന്നു....

 
ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കളിക്കുന്നു


ഇനി എല്ലാവരും തള്ളക്കോഴി-അരി അരക്കുന്ന തള്ളക്കോഴി-ദോശ ചുടുന്ന തള്ളക്കോഴി-ദോശ ചുടുമ്പോഴുള്ള ശബ്ദം-ചായ ഉണ്ടാക്കുന്ന തള്ളക്കോഴി-കോഴിക്കുഞ്ഞുങ്ങളെ ചായ കുടിക്കാന്‍ വിളിക്കുന്ന തള്ളക്കോഴി.സാധനം വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക്-കുഞ്ഞുങ്ങളോട് റ്റാറ്റാ പറയുന്നു.......
 
ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.അവര്‍ ആസ്വദിച്ച് കളിക്കും.
ഇതുപോലെ വിവിധ കഥാപ്പാത്രങ്ങളെ അവതരിപ്പിക്കാം.
പൂച്ചയുടെ വരവോ?


നൃത്തം ചെയ്തു കൊണ്ടു വരുന്ന പൂച്ച...
ഇതു ചെയ്യാനുള്ള നിലയിലേക്ക്  കുട്ടികള്‍ വളര്‍ന്നുവെങ്കില്‍ മാത്രം.
അല്ലെങ്കില്‍ പൊട്ടിച്ചിരിച്ചുകൊണ്ടു വരുന്ന പൂച്ച.
കുട്ടികളെല്ലാവരും പൊട്ടിച്ചിരിക്കുന്ന പൂച്ചയായി വരുന്നു.
അല്ലെങ്കില്‍ കണ്ണുകാണാത്ത പൂച്ച...
ഇങ്ങനെ കഥാപ്പാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാം.




കളിക്കുശേഷം കളിച്ചരീതിയെക്കുറിച്ചു ചര്‍ച്ച ചെയ്യണം.കളിക്കിടയില്‍
അനുഭവപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും.
കഥയെ വിശകലനം ചെയ്യാനാവശ്യമായ ലഘുവായ ചോദ്യങ്ങള്‍ ചോദിക്കണം.
കഥയുടെ ബാക്കി ഭാഗം കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കണം.
കഥ ചുരുക്കിയെഴുതാം.വായിച്ചു കൊടുക്കാം.കഥാപ്പാത്രങ്ങളുടെ പേരുകള്‍ എഴുതാം.
കോഴിക്കുഞ്ഞുങ്ങളുടെ കൊളാഷ് നിര്‍മ്മിക്കാം.



variation 2


ചക്കിപ്പരുന്ത്, കോഴിക്കുഞ്ഞുങ്ങള്‍ എന്നീ കഥാപ്പാത്രങ്ങളെ വെച്ചുകൊണ്ട്
കഥ സ്വയം രൂപപ്പെടുത്തുന്നതിലേക്ക്  കുട്ടികളെ നയിക്കാം.അതിന് ഈ കഥാപ്പാത്രങ്ങളുടെ ഇമേജുകള്‍ കുട്ടികളുടെ മനസ്സില്‍ പതിയണം.എങ്കിലേ കഥകള്‍ രൂപപ്പെടൂ.
അതിലേക്കുള്ള വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.


കമ്പ്യൂട്ടറിന്റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് തുടങ്ങാം.ഏതിന്റെ ശബ്ദമാണെന്ന് കുട്ടികള്‍ തിരിച്ചറിയട്ടെ.
പരുന്തിന്റെ ശബ്ദം കേള്‍പ്പിക്കാം.
ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കാം.
രണ്ടിന്റെയും പേരുകള്‍ ചാര്‍ട്ടില്‍ എഴുതണം.
രണ്ടു പക്ഷികളെയും   അഭിനയിച്ചു കാണിക്കാന്‍ കുട്ടികളോട് പറയാം.


ഈ രണ്ടു കഥാപ്പാത്രങ്ങളെയും ഉള്‍പ്പെടുത്തി കുട്ടികളുമായി സംവദിച്ചുകൊണ്ട് ഒരു കഥ രൂപപ്പെടുത്തണം.കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് കുട്ടികളായിരിക്കണം.കഥ ലഘുവാക്യങ്ങളില്‍ ചാര്‍ട്ടിലെഴുതണം.
ശേഷം നേരത്തെ സൂചിപ്പിച്ചതു പോലെ ഇതിന്റെ കളിയാവാം.
കഥയുടെ വലിയ ചിത്രങ്ങള്‍ കുട്ടികള്‍ നിലത്ത് ചുമരില്‍ വരക്കട്ടെ.



കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍


Dramatic playയ്ക്ക് വേണ്ടി കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.എന്തൊക്കെയാണവ?



  • കഥാപ്പാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ (conflict) വരുന്ന കഥാസന്ദര്‍ഭങ്ങള്‍ കഥയില്‍ വേണം.
  • മൃഗങ്ങള്‍ കഥാപ്പാത്രങ്ങളായിവരുന്ന കഥകളായിരിക്കും ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടം. അത്തരം കഥകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
  • കഥകള്‍ അടഞ്ഞവയാകരുത്. തുടര്‍ന്നു പോകാന്‍  പറ്റണം .
  • വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന കഥാപ്പാത്രങ്ങളുണ്ടാകുന്നതാണ് നല്ലത്.ഉദാ.പരുന്തും കോഴിക്കുഞ്ഞുങ്ങളും,പൂച്ചയും എലിയും, പാമ്പും തവളയും,കോഴിയും കുറുക്കനും....ഇങ്ങനെയുള്ള കഥാപ്പാത്രങ്ങളാകുമ്പോള്‍ ഓടുക,പിന്തുടരുക,ഒളിക്കുക തുടങ്ങിയ ക്രിയകള്‍ കളിയില്‍ വരും.അപ്പോഴാണ് കുട്ടികള്‍ കളി കൂടുതല്‍
    ഇഷ്ടപ്പെടുക.(ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ചയേ ഇത്തരം കഥകള്‍ ഉപയോഗിക്കേണ്ടതുള്ളു.പിന്നീട് കുട്ടികള്‍ ഏതു കഥയും താത്പര്യത്തോടെ കളിക്കും.പാഠഭാഗത്തെ കഥാസന്ദര്‍ഭങ്ങളിലേക്ക് കളിയെ adaptചെയ്യാം.)
  • കഥയിലെ കഥാപ്പാത്രങ്ങള്‍ക്ക് മാനുഷികഭാവം നല്‍കുന്നത് കുട്ടികളെ ഏറെ രസിപ്പിക്കും.
  • ആദ്യ ഘട്ടത്തില്‍ വേഷങ്ങളോ മുഖംമൂടിയോ ആവശ്യമില്ല.കളിക്കുന്നതിനിടയില്‍ കുട്ടികളുടെ ശ്രദ്ധ ഇതിലേക്കുപോകും.
  • പ്രോപ്പുകള്‍ ആവശ്യമാണ്. എങ്കിലേ കുട്ടികള്‍ നന്നായി കളിക്കൂ.ക്ലാസില്‍ prop boxഒരുക്കണം.
     
കളിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന കുട്ടികളെ നിരീക്ഷിക്കുമ്പോള്‍ ടീച്ചര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

  • കുട്ടികളുടെ ശ്രദ്ധിക്കാനുള്ള കഴിവ്-കഥ കേള്‍ക്കുക,ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുക എന്നിവയില്‍.
  • ചിത്രംവര,കൊളാഷ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ഏകാഗ്രത-ചില കുട്ടികള്‍ പ്രവര്‍ത്തനം മുഴുമിപ്പിക്കാതെ എഴുന്നേറ്റ് പോകുന്നതു കാണാം.
  • ഭാഷണത്തിലുള്ള കഴിവ്.
  • കുട്ടിളുടെ സര്‍ഗ്ഗാത്മകമായ കഴിവ്-ചിത്രംവര,അഭിനയം,ഇംപ്രൊവൈസേഷന്‍.
  • സാമൂഹീകരണം-മറ്റു കുട്ടികളുമായി നന്നായി ഇടപഴകല്‍,വസ്തുക്കളുടെ sharing.
  • കുട്ടികളുടെ ചലനപരമായ കഴിവ്.
  • കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍-നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കളിക്കാന്‍  കഴിയാതിരിക്കുക,കളിക്കിടയില്‍ മറ്റുകുട്ടികളെ ഉപദ്രവിക്കുക,നിശബ്ദത പാലിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനു കഴിയാതിരിക്കുക.
ക്ലാസു തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ കടത്തിവിടണം.ദിവസവും ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും ഇതിനുവേണ്ടി നീക്കിവയ്ക്കണം.പാഠഭാഗത്തേക്കു കടക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെ
പാഠത്തിലെ കഥാസന്ദര്‍ഭങ്ങളുമായി വിളക്കിച്ചേര്‍ക്കണം.




Saturday, 26 April 2014

കുട്ടികള്‍ ഇങ്ങനെയാണ് ജീവിതം പഠിക്കുന്നത്



In play child always behaves beyond his average age,above his daily behaviour; in play it is as though he were a head taller than himself. Play contains  all developmental tendencies in a condensed form and is itself a major source of development.

L.S.Vygotsky(Mind in society)


ഇത് അഭിരാമും കാര്‍ത്തികയും.അഭി ഒന്നാംക്ലാസ് കഴിഞ്ഞു.ഇനി രണ്ടിലേക്ക്.കാര്‍ത്തു രണ്ടാംക്ലാസ് കഴിഞ്ഞു. ഇനി മൂന്നിലേക്ക്.അവധിക്കാലം രണ്ടു പേരും കളിച്ച് ആസ്വദിക്കുകയാണ്.
ഇവരുടെ പ്രധാന കളി എന്താണെന്നല്ലേ?
കഞ്ഞീം കറീം വെച്ചു കളി.ഇവര്‍ ഇതിനെ വിളിക്കുന്നത് 'ജയേട്ടനും ഷീബയും' കളി എന്നാണ്. എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നത് വഴിയേ പറയാം.



 കുട്ടികളുടെ ഈ കളികാണുമ്പോഴാണ് പണ്ട് ഞങ്ങളും ഈ കളി കളിച്ചിട്ടുണ്ടല്ലോ എന്ന കാര്യം ഓര്‍ത്തത്.ഞങ്ങള്‍ മാത്രമല്ല,ഞങ്ങളുടെ പൂര്‍വ്വികരും അവരുടെ പൂര്‍വ്വികരും   ഈ കളി കളിച്ചിട്ടുണ്ടാകും.അങ്ങനെ നോക്കിയാല്‍ ഈ കളിക്ക് മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തോളം പഴക്കമുണ്ടാകണം.ലോകത്തിലുള്ള എല്ലാ കുട്ടികളും ഒരിക്കലെങ്കിലും ഈ കളിയിലൂടെ കടന്നുപോയവരായിരിക്കണം.നാട്ടിന്‍പുറത്തെ വിശാലമായ കളിസ്ഥലത്തുവെച്ചോ നഗരത്തിലെ കുടുസ്സുഫ്ലാറ്റിലെ ഇരുട്ടുവീണ മൂലകളില്‍വെച്ചോ കുട്ടികള്‍ ഈ കളി കളിക്കുന്നുണ്ടാകണം.


സാധാരണയായി നാലുവയസ്സു മുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികളാണ് ഈ കളിയില്‍ ഏര്‍പ്പെടുന്നത്. കേരളത്തില്‍ എല്ലായിടത്തും ഈ കളിയെ കഞ്ഞീം കറീംവെച്ചു കളി എന്നു തന്നെയാണോവിളിക്കുക എന്നറിയില്ല.ഡോ.പി.വി.പുരുഷോത്തമന്റെ 'വൈഗോട്സ്കിയും വിദ്യാഭ്യാസവും' എന്ന പുസ്തകത്തില്‍ ഇതിനെ 'ചമഞ്ഞുകളി' എന്നാണ് വിളിക്കുന്നത്.ഇംഗ്ലീഷില്‍ dramatic play എന്നും.ഇതിനെ മലയാളീകരിച്ചാല്‍ ശരിയാകുമോ?'നാടകക്കളി'..?

ഞാന്‍ ക്യാമറയുമായി  കളിയിടത്തിലേക്ക് കടന്നുകയറിയത് ഇവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.ഞാന്‍ ചില ചിത്രങ്ങളെടുത്തു. അതോടെ അന്നത്തെ അവരുടെ കളി അവസാനിക്കുകയും ചെയ്തു.

അഭിയുടെയും കാര്‍ത്തുവിന്റെയും കളി രഹസ്യമായി നിരീക്ഷിക്കുക എന്നതായിരുന്നു ഈ ദിവസങ്ങളിലെ എന്റെ പ്രധാന ഹോബി.കളിയിലേക്കുള്ള ഒരുതരം ഒളിച്ചുനോട്ടം. കളിയെക്കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു അത്.
എന്തൊക്കെയാണ് ഇവരുടെ കളിയുടെ പ്രത്യേകതകള്‍ എന്നു നോക്കാം.




അഭിയുടെ അച്ഛന്‍ ജയനും അമ്മ ഷീബയുമാണ്.കളിയിലെ പ്രധാനപ്പെട്ട രണ്ടു കഥാപ്പാത്രങ്ങള്‍ ഇവര്‍ രണ്ടുപേരുമാണ്.അഭിയാണ് ജയേട്ടന്‍. കാര്‍ത്തു ഷീബയും.അതുകൊണ്ടാണ് ഈ കളിക്ക് ഇവര്‍ 'ജയേട്ടനും ഷീബയും'  എന്നു പേരിട്ടത്.

ഷീബ(കാര്‍ത്തു)എപ്പോഴും അടുക്കളയിലാണ്.അവള്‍ ചോറും  കറിയും ഉണ്ടാക്കും.പാത്രം കഴുകും.  അതിനിടയില്‍ കുഞ്ഞിനെ കുളിപ്പിക്കും.അതിന് പൗഡറിടും. പൊട്ട് തൊടും.അതിനോട് സംസാരിക്കും.ജോലിക്കു പോയ ജയേട്ടനെ പലതവണ ഫോണില്‍ വിളിക്കും.പച്ചക്കറിയും മീനും കൊണ്ടുവരാന്‍ പറയും.മോളെ അംഗനവാടിയില്‍ കൊണ്ടാക്കും.അവിടത്തെ ടീച്ചറാവും.ആയയാവും.ഇടയ്ക്ക് മീന്‍കാരിയാവും. 

 ഇനി ജയേട്ട(അഭി)നോ?
രാവിലെ ജോലിക്കുപോകും.വൈകുന്നേരം സാധനങ്ങളുമായി തരിച്ചുവരും.രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയ ദൈര്‍ഘ്യം പരമാവധി അഞ്ചോ പത്തോ മിനുട്ടായിരിക്കും. ജോലി കഴിഞ്ഞു വന്നാല്‍പ്പിന്നെ കുഞ്ഞിനെ നോക്കണം.അപ്പോള്‍ ഷീബ തിരക്കിട്ട അടുക്കളപ്പണിയിലായിരിക്കും.അപ്പോഴായിരിക്കും കുഞ്ഞിന് രോഗം വരിക.കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോണം. ജയേട്ടന്റെ റോള്‍ മാറും. 


ഓട്ടോഡ്രൈവറാകും.ആശുപത്രിയില്‍ ഡോക്ടറായി ഇരിക്കുന്നതും ജയേട്ടനായിരിക്കും.തിരികെ വരുമ്പോള്‍ ബസിലായിരിക്കും.അപ്പോള്‍ ബസ്സ് ഡ്രൈവറാകും.മരുന്നു ഷാപ്പിലെ മരുന്നു വില്‍പ്പനക്കാരനാകും. 


മിക്കവാറും എല്ലാദിവസങ്ങളിലേയും കളിയിലെ കഥാപ്പാത്രങ്ങള്‍ ജയനും ഷീബയും തന്നെ.പക്ഷേ സംഭവങ്ങളില്‍ മാറ്റമുണ്ട്.ചില ദിവസങ്ങളില്‍ രണ്ടുപേരും കല്ല്യാണത്തിനുപോകുന്നതായിരിക്കും പ്രധാന തീം.അവിടെ കല്ല്യാണപ്പെണ്ണും ചെക്കനുമായി ഇവര്‍ വേഷം മാറും.കളി മറ്റൊരു രീതിയില്‍ പുരോഗമിക്കും.പിന്നെ രണ്ടുപേരും ദുബായിയിലേക്ക് പറക്കും.

ചിലപ്പോള്‍ കളി രണ്ടുപേരുടെയും ഉറക്കത്തിലാണ് ആരംഭിക്കുക. അപ്പോഴായിരിക്കും കള്ളന്മാരുടെ വരവ്.പിന്നെ പോലീസും പോലീസ്സ്സ്റ്റേഷനുമൊക്കെ രംഗത്ത് വരും.

തങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയ ജീവിതത്തെ കളിയിലൂടെ പ്രതീകാത്മകമായി(symbolic) അവതരിപ്പിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഒപ്പം കുടുംബത്തിലെ ഓരോരുത്തരുടെയും റോളുകള്‍ അവര്‍ സ്വയം തിരിച്ചറിയുന്നു. അതിനെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നു. 

ജയേട്ടന്‍ എങ്ങനെ പെരുമാറണമെന്ന് ഷീബയ്ക്ക് ചില ധാരണകളുണ്ട്.ജോലിസ്ഥലത്തുനിന്നും ജയേട്ടന്‍ വരാന്‍ വൈകിയാല്‍,പറഞ്ഞ സാധനങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍, ഷീബ അടുക്കളപ്പണിയെടുക്കുമ്പോള്‍ കുഞ്ഞിനെ നോക്കിയില്ലെങ്കില്‍ ഒക്കെ വഴക്കുണ്ടാകുന്നു.അതുപോലെ ഷീബ എങ്ങനെ പെരുമാറണനെന്നതിനെക്കുറിച്ച് ജയേട്ടനുമുണ്ട് ചില സങ്കല്‍പ്പങ്ങള്‍.തന്റെ ചുറ്റുപാടുമുള്ള ഓരോരുത്തരും  എന്താണ്,അവരുടെ പെരുമാറ്റം എങ്ങനെയാണ്,അവര്‍ അങ്ങനെ പെരുമാറിയില്ലെങ്കില്‍ എന്താണ് കുഴപ്പം തുടങ്ങിയ വസ്തുതകള്‍ കുട്ടി കളിയിലൂടെ പരിശോധിക്കുകയാണ്;വിമര്‍ശനവിധേയ മാക്കുകയാണ്.കഥാപ്പാത്രങ്ങളെ സ്വന്തം ഭാവനയ്ക്കനുസരിച്ച് പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പരിശോധന. ആവര്‍ത്തിച്ചു കളിക്കുന്നതിലൂടെ ഇത് കുട്ടിയുടെ അറിവായി മാറുന്നു.ഈ അറിവാണ് തന്റെ ചുറ്റുപാടിനെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണകളിലേക്ക് കുട്ടികളെ നയിക്കുന്നത്.അതുകൊണ്ടാണ് കഞ്ഞീം കറീംവെച്ചു  കളിയിലൂടെ കുട്ടികള്‍ ജീവിതത്തെ പഠിക്കുകയാണെന്നു പറയുന്നത്.

കഞ്ഞീം കറീംവെച്ചു കളിയിലൂടെ തന്റെ ചുറ്റുപാടിലെ യാഥാര്‍ത്ഥ്യത്തെ ഭാവനയില്‍ പുനഃസൃഷ്ടിക്കുകയാണ് കുട്ടി ചെയ്യുന്നത്.അത് ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കാന്‍ കുട്ടികള്‍ക്കു കഴിയില്ല.അതിന് പ്രചോദനം(stimuli) ആവശ്യമാണ്.കളിക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ്(property) കുട്ടികളെ പ്രചോദിപ്പിക്കുന്നത്.പ്രോപ്പുകള്‍  ചുറ്റുപാടില്‍ നിന്നും  ലഭ്യമാകുന്ന എന്തുമാകാം. വടിക്കഷണമോ ചിരട്ടകളോ മരക്കട്ടയോ പൗഡര്‍ടിന്നോ എന്തും.ഒരു പക്ഷേ,യാദൃശ്ചികമായി കൈയില്‍ കിട്ടുന്ന ഒരു പൗഡര്‍ ടിന്നായിരിക്കും അന്നത്തെ കളിയുടെ തീം തിരുമാനിക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്നത്.  

 പനിപിടിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഓട്ടോവിലാണ്.ഒരു വടിക്കഷണം കൊണ്ട് ഓട്ടോവിനെ സൃഷ്ടിക്കാനുള്ള മാന്ത്രികവിദ്യ കുട്ടികള്‍ക്കറിയാം. ഒപ്പം രണ്ടുപേരും ചേര്‍ന്നുണ്ടാക്കുന്ന അതിന്റെ ശബ്ദവും.ഒരു തവണ കളിക്കിടയില്‍ വടിക്കഷണം പരതി കാണാതായപ്പോള്‍ അവര്‍ രണ്ടുപേരും ആശുപത്രിയിലേക്ക് നടന്നുപോവുകയാണ് ചെയ്തത്.

 പക്ഷേ,ഇന്ന് പ്രോപ്പുകളുടെ  മിനിയേച്ചര്‍ രൂപങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.രക്ഷിതാക്കള്‍ ഇതു വാങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.ഇത് കുട്ടികളുടെ ഭാവനയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുക.നാട്ടിന്‍പുറത്തെ കുട്ടികള്‍ ഇന്നും പാത്രങ്ങള്‍ക്കുപകരം ചിരട്ടകളും,പാവക്കുട്ടിക്കുപകരം പൗഡര്‍ടിന്നോ മരക്കഷണമോ കത്തിക്കുപകരം വടിക്കഷണമോ ഒക്കെത്തന്നെയാണ് ഉപയോഗിക്കുന്നത്.ഭാവനാസമ്പന്നരായ കുട്ടികള്‍  കളിക്കിടയില്‍ ഒരു വസ്തുവിനെതന്നെ  മറ്റുപലതായി ഉപയോഗിക്കുന്നതും കാണാം.


 ഈ ചിത്രത്തില്‍ കുട്ടികള്‍ ബസില്‍ യാത്ര ചെയ്യുകയാണ്.മുന്നില്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന വസ്തുക്കളെ കണ്ടോ?കുട്ടികളെ കളിക്കാന്‍ പ്രചോദിപ്പിക്കുന്നത്,അവരുടെ ഭാവനയെ ഉണര്‍ത്തുന്നത് ഈ പ്രോപ്പുകളാണ്.ഇനി ഗ്രൂപ്പിലെ കുട്ടികളെ ഒന്നു നോക്കൂ.മൂന്നു വയസ്സുകാരന്‍ മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളുണ്ട് ഇതില്‍. യാത്രക്കിടയിലെ അവരുടെ സംഭാഷണം,അതിലൂടെ ബസിനെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള അവരുടെ അറിവ് തുടങ്ങിയവ ഈ മൂന്നു വയസുകാരന്റെ ധാരണകളെ എന്തുമാത്രം വികസിപ്പിക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതാണ്.ഒരു വടിയെ കുതിരയായി സങ്കല്‍പ്പിച്ചു കളിക്കുന്ന കുട്ടിക്ക് പില്‍ക്കാലത്ത് എഴുത്തു ഭാഷയിലെ ചിഹ്നങ്ങള്‍ സ്വായത്തമാക്കാന്‍ എളുപ്പമായിരിക്കുമെന്ന് വൈഗോട്സ്കി ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കഞ്ഞീം കറീം വെച്ചുകളി കുട്ടികളുടെ വൈജ്ഞാനിക വികാസത്തെ(cognitive development)സ്വാധീനിക്കുന്നുണ്ടോ?ഉണ്ടെന്നാണ് പിയാഷെയുടെയും  വൈഗോട്സ്കിയുടെയും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നിത്യജീവിത സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ കളിയിലൂടെ പുനരാവിഷ്ക്കരിക്കുന്നത്.കളിക്കിടയില്‍ യഥാര്‍ത്ഥ ജീവിതപ്രശ്നങ്ങള്‍ രൂപപ്പെടുകയും അതിനു കളിയിലൂടെ പരിഹാരം കണ്ടെത്താന്‍ കുട്ടി ശ്രമിക്കുന്നതും കാണാം.പ്രശ്ന പരിഹരണശേഷി(problem-solving skill)സ്വായത്തമാക്കുന്നതിലേക്കാണ് ഇത് കുട്ടിയെ നയിക്കുക. വസ്തുതകളെ ചോദ്യംചെയ്യാനും അന്വേഷിക്കാനും അര്‍ത്ഥം കണ്ടെത്താനും ഇതു കുട്ടിയെ പ്രാപ്തയാക്കുന്നു.ആര്‍ജിത അറിവുകളെ കളിക്കിടയില്‍ വീണ്ടുംവീണ്ടും പ്രയോഗിച്ച് കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഇതു കുട്ടിയെ സഹായിക്കുന്നു.



കളിക്കിടയിലെ ഒരു സംഭാഷണം നോക്കൂ. 


കാര്‍ത്തു :കുട്ടിക്ക് നല്ല പനിയുണ്ട്.
അഭി      :നമുക്ക് ഹരിദാസ് ഡോക്ടറെ കാണിക്കാം.
കാര്‍ത്തു  : അതു വേണ്ട. അത് ഇംഗ്ലീഷ് മരുന്നാ.ഹോമിയോ            മരുന്നാനല്ലത്.ഗുളികക്ക് നല്ല മധുരമുണ്ടാകും.
അഭി      : ഹോമിയോ മരുന്ന് കൊണ്ട് പനി വേഗം മാറില്ല.
കാര്‍ത്തു  : ആരു പറഞ്ഞു?എനിക്ക് മാറിയല്ലോ.മാറിയാല്‍ പിന്നെ       പനി വരില്ല.

ഈ സംഭാഷണത്തില്‍ നിന്നും കുട്ടികളുടെ ആര്‍ജിത അറിവ് എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.ഡോക്ടര്‍മാര്‍ രണ്ടുതരത്തിലുണ്ട്.രണ്ടുതരം മരുന്നുകളുമുണ്ട്.ഒന്ന് ഇംഗ്ലീഷ് മരുന്ന്,മറ്റേത് ഹോമിയോ മരുന്ന്.ആദ്യത്തേത് കൊണ്ട് രോഗം പെട്ടെന്ന് മാറും.രണ്ടാമത്തേത് കൊണ്ട് വേഗം മാറണമില്ല.ഹോമിയോ മരുന്ന് കഴിച്ച് രോഗം മാറിയാല്‍ പിന്നെ വരില്ല.ഹോമിയോ മരുന്ന് കഴിക്കാന്‍ നല്ല രസമാണ്.

രണ്ടു ചികിത്സാപദ്ധതിയെക്കുറിച്ചുള്ള അറിവ് കളിക്കിടയില്‍ കുട്ടികള്‍ പരസ്പരം കൈമാറുകയാണ്.അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയും തന്റെ അറിവിനെ പുനഃപ്പരിശോധനയ്ക്ക് വിധേയമാക്കി  തീരുമാനത്തിലെത്തുകയും ചെയ്യുന്നു.



കുട്ടികളെ  സാമൂഹീകരണത്തി(socialisation)ലേക്കു നയിക്കുന്നതില്‍ കഞ്ഞീം കറീം വെച്ചുകളിക്ക് സുപ്രധാനമായ പങ്കുണ്ട്.‍ ചെറുപ്രായത്തില്‍ കുട്ടികള്‍ egocentric അവസ്ഥയിലായിരിക്കും.  തന്നെ മൂടിയിരിക്കുന്ന ഈ ആവരണത്തില്‍ നിന്നും കുട്ടി സ്വയം പുറത്തു കടക്കേണ്ടതുണ്ട്.കുട്ടി ഒരു സാമൂഹ്യജീവിയായി മാറുന്നതിന്റെ തുടക്കമാണത്.എങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ  കാണാനും വസ്തുക്കള്‍ പങ്കുവെക്കാനും പരസ്പരം സഹകരിച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുമൊക്കെ കഴിയൂ. കാര്‍ത്തു ഷീബയായി രൂപം മാറുന്നതോടെ കാര്‍ത്തു ഷീബയുടെ വീക്ഷണകോണിലൂടെ(perspective)യാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്.വിവിധ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണാനും വിശകലനം ചെയ്യാനുമുള്ള കഴിവ് ആര്‍ജിക്കുകയെന്നത് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.



തന്റെ പെരുമാറ്റങ്ങളെ സ്വയം നിയന്ത്രിക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ കളിക്കിടയില്‍ സംജാതമാകുന്നുണ്ട്.പാല്‍പ്പൊടിയുടെ ടിന്നെടുത്ത് ചെണ്ടയായി സങ്കല്‍പ്പിച്ച് ഇടക്കിടെ കൊട്ടിക്കൊണ്ടിരിക്കുകയെന്നത് അഭിയുടെ ഒരു ശീലമാണ്.അവന് നിശ്ചയിക്കപ്പെട്ട റോളില്‍നിന്നും പെട്ടെന്ന് മാറുന്നത് കാര്‍ത്തുവിനെ വിഷമത്തിലാക്കാറുണ്ട്.കാര്‍ത്തു കളി നിര്‍ത്തി പിണങ്ങിയിരിക്കും.കാരണം അഭി കളിയുടെ നിയമങ്ങള്‍ തെറ്റിച്ചിരിക്കുകയാണ്.എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അഭി അവന്റെ ഈ സ്വഭാവത്തെ നിയന്ത്രണ വിധേയമാക്കുന്നതാണ് കണ്ടത്. കളിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അവന്റെ കൂടി ആവശ്യമാണല്ലോ.ഈ രീതിയില്‍ കുട്ടികളില്‍ ആത്മനിയന്ത്രണശീലം വളരുന്നത് കളിയിലൂടെയാണ്.

കുട്ടികളിലെ വൈകാരികവളര്‍ച്ചയെ സ്വാധീനിക്കുന്ന ഒരു ഘടകം സ്വതന്ത്രമായ വികാരപ്രകടനങ്ങള്‍ക്കുള്ള അവസരമാണ്.മറ്റു സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കാന്‍ പറ്റാത്തവ കുട്ടികള്‍ ഈ കളിയിലൂടെ പ്രകടിപ്പിക്കുന്നു.കളി കുട്ടികള്‍ക്ക് അളവറ്റ ആനന്ദം നല്‍കുന്നു.അവിടെ സ്നേഹിക്കാനും ദേഷ്യപ്പെടാനുമൊക്കെയുള്ള അവസരങ്ങളുണ്ട്.തന്റെ മാനസികപിരിമുറുക്കങ്ങളുടെയും ഉത്ക്കണ്ഠകളുടെയുമൊക്കെ ഭാണ്ഡക്കെട്ടുകള്‍ അവര്‍ കളിയിലിറക്കിവെച്ച് മനസ്സിനെ സ്വസ്ഥമാക്കുന്നു.


കഞ്ഞീം കറീം വെച്ചുകളിയെ നിസ്സാരമായി കാണേണ്ടതില്ല.ഈ കളിയിലൂടെ കുട്ടികള്‍ ജീവിതത്തെ വായിച്ചെടുക്കുകയാണ്.തനിക്കുചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് മനസ്സിലാക്കുകയാണ്.മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്യുകയാണ്.ഭാവി ജീവിതത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

കളി അവരുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുന്നു.അവരുടെ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നു.അവരുടെ ചിന്തകള്‍ക്ക് തെളിച്ചം നല്‍കുന്നു.കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി,വ്യക്തിത്വമുള്ളവരായി,നല്ല മനുഷ്യരായി കുട്ടികള്‍ വളരുന്നു. 



Wednesday, 23 April 2014

'ഉറവകള്‍ തേടി' നമ്മോട് എന്താണ് പറയുന്നത്?

'ഉറവകള്‍ തേടി' കൈയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷം തോന്നി.കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്ഥാനംപിടിച്ചേക്കാവുന്ന ഒരു പുസ്തകം സ്വന്തമാക്കിയതിന്റെ സന്തോഷം. മലയാളത്തിലെ ആദ്യത്തെ അക്കാദമിക്ക് ജേണല്‍ എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.പരിമിതികളുണ്ടെങ്കിലും ഇത് ധീരമായ ഒരു ശ്രമം തന്നെയാണ്.എറണാകുളത്തെ നോര്‍ത്ത് പറവൂരിലെ വിദ്യാലയക്കൂട്ടായ്മയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കാനത്തൂര്‍ പെരുമയുടെ അഭിനന്ദനങ്ങള്‍.ജയശ്രീ ടീച്ചറാണ് ഈ പുസ്തകം ഞങ്ങള്‍ക്ക് അയച്ചുതന്നത്.

എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍- പയ്യന്നൂരിലെ പി പ്രേമചന്ദ്രനും കെ.എം.ഉണ്ണികൃഷ്ണനും ഞാനും -ഇങ്ങനെയൊരു പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിച്ചിരുന്നു.ഞങ്ങള്‍ അതിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ ആ ശ്രമം പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്.അതിന് ആവശ്യമായ മുഴുവന്‍ സമയപ്രവര്‍ത്തനം, പുസ്തകത്തിന്റെ വിതരണം,പ്രസിദ്ധീകരണം തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റുമോ എന്ന ആശങ്ക എന്നിവ ഞങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാലയക്കൂട്ടായ്മ വേണ്ടിവന്നു.

ഉറവകള്‍ തേടി എന്ന പുസ്തകത്തിനു പിന്നില്‍ മൂന്നോ നാലോ വ്യക്തികളല്ല.ഇരുപത്തിനാല് വിദ്യാലയങ്ങളില്‍ നിന്നുള്ള ഏതാണ്ട് നാല്‍പ്പത്തഞ്ചോളം അധ്യാപിക-അധ്യാപകന്‍മാരുടെയും വിദ്യാഭ്യാസത്തില്‍ താത്പര്യമുള്ള രക്ഷിതാക്കളുടെയും മറ്റും കൂട്ടായ്മയുടെ ഫലമാണ് ഈ പുസ്തകം.അതുകൊണ്ടുതന്നെ ഇതിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് ആശങ്കകള്‍ വേണ്ട.

ഉറവകള്‍ തേടിയുടെ ആമുഖത്തില്‍ ഇതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

'ഔദ്യോഗികസംവിധാനങ്ങളെ മാത്രം ആശ്രയിച്ചുള്ള അക്കാദമികപ്രവര്‍ത്തനം അധ്യാപകരുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കില്ല.എവിടെയെല്ലാം വിദ്യാലയമികവുണ്ടോ അവിടെയെല്ലാം അതാതിടങ്ങളിലെ അധ്യാപകരുടെ സര്‍ഗാത്മക ഇടപെടല്‍ കാണാം.അധ്യാപകരുടെ അന്വേഷണങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം.അതിന് ഇന്നു വേദികള്‍ കുറവാണ്.ഈ ജേണല്‍ അത്തരമൊരു ധര്‍മ്മം ഏറ്റെടുക്കുകയാണ്....'


'….ക്ലാസ്റൂം പ്രയോഗത്തിന്റെ അനുഭവങ്ങളാണ് ഈ ജേണലില്‍ ഉണ്ടാവുക.ആധുനിക ബോധനശാസ്ത്രസമീപനങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറല്ലാത്ത അധ്യാപകരുടെ അധ്യയനാനുഭവങ്ങള്‍ പങ്കുവെക്കാനാകുന്നുവെന്നത് ചരിത്രപരമായി കേരളം നേടിയ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.....'

'...നിലവാരമില്ലെന്ന കപടവാദമുയര്‍ത്തി പൊതുവിദ്യാലയങ്ങളെ ആക്രമിക്കുന്നവരെ പ്രതിരോധിക്കണം.....അക്കാദമികചര്‍ച്ചയുടെ സംസ്ക്കാരം വളര്‍ത്തിയെടുക്കണം...കൂടുതല്‍ അധ്യാപകരുടെ സര്‍ഗാത്മക സംഘം രൂപപ്പെടണം.അതിന് ഇത്തരം ശ്രമങ്ങള്‍ പ്രചോദനം നല്‍കും.'

വിദ്യാഭ്യാസ മേഖലയാകെ കച്ചവടവല്‍ക്കരിക്കപ്പെടുന്ന കേരളത്തിന്റെ വര്‍ത്തമാന പരിതസ്ഥിതിയില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തം.പ്രധാന ലക്ഷ്യം പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നതുതന്നെ.പൊതുവിദ്യാലയങ്ങള്‍ ഗുണനിലവാരത്തോടെ നിലനില്‍ക്കുകയെന്നത് കേരളീയ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമാണ്.ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് വിദ്യാലയകൂട്ടായ്മയും അതിന്റെ മുഖപത്രവും രൂപം കൊള്ളുന്നത്.

അവധി ദിവസങ്ങളില്‍ അധ്യാപകര്‍ അനൗദ്യോഗികമായി
കൂടിയിരിക്കുന്നു.ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും അനുഭവപ്പെടുന്ന പ്രയാസങ്ങളെക്കുറിച്ചും പുതിയ അന്വേഷണങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നു.ഡോ.കെ.എന്‍.ആനന്ദിനെയും ടി.പി.കലാധരനെയും പോലുള്ള വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ക്ലാസുകളെടുക്കുന്നു.ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വര്‍ദ്ധിച്ച ഊര്‍ജത്തോടെ ക്ലാസുമുറിയില്‍ പ്രയോഗിച്ചു നോക്കുന്നു.അതിലൂടെ കിട്ടിയ തെളിച്ചങ്ങളും ആഹ്ലാദങ്ങളും എല്ലാവരുമായും പങ്കുവെക്കുന്നു.

ഇത്തരത്തില്‍ ഗവേഷണ സ്വഭാവമുള്ള മൂന്ന് പ്രബന്ധങ്ങളാണ് ഉറവകള്‍ തേടിയുടെ ആദ്യ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.'കാവ്യസഞ്ചാരം'  എന്ന ആദ്യപ്രബന്ധം തയ്യാറാക്കിയത് ജ്യോതി എ.ആര്‍,മീനാകുമാരി.പി.വി. എന്നീ അധ്യാപികമാര്‍ ചേര്‍ന്നാണ്.നാലാം ക്ലാസിലെ കുട്ടികളെ കവിതയുടെ ആസ്വാദനതലത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികള്‍ വിശദമായി അവതരിപ്പിക്കുകയാണ് പ്രസ്തുത പഠനത്തില്‍.

പൊതുവെ അധ്യാപകര്‍ പ്രയാസപ്പെടുന്ന ഒരു മേഖലയാണിത്.തങ്ങളുടെ ആസ്വാദനം കുട്ടികള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് സായൂജ്യമടയുകയാണ് സാധാരണയായി അധ്യാപകര്‍ ചെയ്യാറുള്ളത്.അതില്‍നിന്നും വ്യത്യസ്തമായി വായനയിലൂടെയും ചോദ്യങ്ങളിലൂടെ കുട്ടികളുടെ ചിന്തയുണര്‍ത്തിയും സമാനമായ കവിതകള്‍ അവതരിപ്പിച്ചും കുട്ടികളെ പടിപടിയായി കവിതയുടെ അര്‍ത്ഥതലങ്ങളിലേക്ക് കൈപിടിച്ച് കയറ്റുന്ന സന്ദര്‍ഭങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.കുട്ടികളെ കവിതാസ്വാദനത്തിലേക്കു നയിക്കാനുള്ള പുതുവഴികള്‍ കാണിച്ചു തരികയാണ് ഈ പ്രബന്ധം.

'പ്രശ്നാപഗ്രഥനത്തിലെ പുതുതെളിച്ചം' എന്ന രണ്ടാമത്തെ പഠനം തയ്യാറാക്കിയത് ബിനുശേഖര്‍,വൈഗ കെ.എം. എന്നീ അധ്യാപികമാര്‍ ചേര്‍ന്നാണ്.കുട്ടികള്‍ക്ക് പൊതുവെ പ്രയാസമുള്ള മേഖലയാണ് ഗണിതത്തിലെ പ്രശ്നാപഗ്രഥനം.ഗണിതപ്രശ്നങ്ങളെ കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചുകൊണ്ടും  ലഘുവായ ചോദ്യങ്ങളിലൂടെ കുട്ടികളുടെ ചിന്തയെ ക്രമീകരിച്ചും ദത്തങ്ങള്‍ വിശകലനം   ചെയ്യുന്നതിലേക്കു നയിച്ചും കുട്ടികള്‍ പ്രശ്നാപഗ്രഥന ശേഷി കൈവരിച്ചതിന്റെ തെളിവുകള്‍ സഹിതമുള്ള പഠനമാണിത്.അധ്യാപക സഹായിയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് നല്‍കിയ പ്രവര്‍ത്തനങ്ങളുടെ പരിമിതികൂടി ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.

വായനയിലും എഴുത്തിലും പ്രയാസം നേരിടുന്ന കുട്ടികളെ പരിഗണിച്ചുകൊണ്ട് യു.പി.ക്ലാസുകളില്‍ ഇംഗ്ലീഷ് എങ്ങനെ പഠിപ്പിക്കാം എന്നത് തെളിവുകള്‍ സഹിതം അവതരിപ്പിക്കുകയാണ് അധ്യാപികയായ ജയശ്രീ.കെ.

കുട്ടികളോട് സംവദിച്ച് അവരുടേതായ സബ്ബ്ടെക്സ്റ്റുകള്‍ രൂപീകരിച്ചുകൊണ്ടാണിത്.ഇങ്ങനെ പതുക്കെപ്പതുക്കെ കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും കൊണ്ടെത്തിച്ചതിന്റെ തെളിവുകള്‍ പഠനത്തില്‍ കാണാം.സാധാരണയായി അധ്യാപകര്‍ കരുതുമ്പോലെ ഈ കുട്ടികളെ പരിഗണിക്കുക അത്രയ്ക്കു പ്രയാസമുള്ള കാര്യമല്ലെന്ന് ടീച്ചര്‍ ഈ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നു.

ഡോ. കെ.എന്‍. ആനന്ദന്റെ 'പഠനം എന്നതിന്റെ വിവക്ഷ' എന്ന ആമുഖ ലേഖനം ചേഷ്ടാവാദത്തെയും സാമൂഹ്യജ്ഞാനനിര്‍മ്മിതിയേയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. പുതിയ കാലഘട്ടത്തിലെ ക്ലാസുമുറികളില്‍ സാമൂഹ്യജ്ഞാനനിര്‍മ്മിതിയുടെ പ്രസക്തിയെന്താണെന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിലൂടെ അദ്ദേഹം ചെയ്യുന്നത്.

ഓരോ പഠനത്തിന്റെയും അനുബന്ധമായി ടീച്ചിങ്ങ് മാന്വലിന്റെ ആസൂത്രണപ്പേജും മറ്റും ചേര്‍ത്തിട്ടുണ്ട്.

പ്രൈമറി വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന കേരളത്തിലെ മുഴുവന്‍ അധ്യാപകരുടെയും വിദ്യഭ്യാസ തത്പരരായ രക്ഷിതാക്കളുടെയും  കൈകളില്‍ ഈ പുസ്തകമെത്തണം.അവരുമായി  പുസ്തകത്തിലൂടെ നിരന്തരം സംവദിക്കാന്‍ പറ്റണം.അപ്പോഴാണ് ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ ദൗത്യം നിറവേറ്റപ്പെടുന്നത്.

എന്തുകൊണ്ടാണ് മലയാളത്തില്‍ ഇതുവരെയും ഇങ്ങനെയൊരു പ്രസിദ്ധീകരണം ഇല്ലാതെ പോയത്?

കുട്ടികളുടെ വിദ്യാഭ്യാസം ഇതുവരെയും നമ്മുടെ പ്രധാന വിഷയമായിട്ടില്ല എന്നതുതന്നെ കാരണം.ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള  വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ പ്രസിദ്ധീകരണങ്ങളുണ്ട്. വിദ്യാലയ ഘടനയോ ക്ലാസുമുറിയോ കുട്ടികളുടെ പഠനമോ,കുട്ടികള്‍ പഠിക്കേണ്ട രീതിയോ,അവരെ പഠിപ്പിക്കേണ്ട രീതിയോ ഒന്നും ഒരു പ്രസിദ്ധീകരണത്തിലൂടെ ചര്‍ച്ചചെയ്യപ്പെടേണ്ട  വിഷയമായി കേരളീയ സമൂഹം കാണുന്നില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍  ഇങ്ങനെയല്ല.കുട്ടികളുടെ വിദ്യാഭ്യാസം അവര്‍ പരമപ്രധാനമായി കാണുന്നു.ഈ വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം  പ്രസിദ്ധീകരണങ്ങള്‍ അവിടെയുണ്ട്.കുട്ടികളുടെ പഠനം, ബോധനരീതി, മനശ്ശാസ്ത്രം, പാരന്റിങ്ങ് എന്നിവയെക്കുറിച്ചൊക്കെ  ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നു.




  വിദ്യാഭ്യാസത്തെക്കുറിച്ച് നാം ചര്‍ച്ചചെയ്യാറുണ്ട്.പാഠ്യപദ്ധതി പരിഷ്ക്കരണവേളയില്‍. അതും സങ്കുചിതകക്ഷിരാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുമാത്രം.ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ.

എം.എം.സുരേന്ദ്രന്‍

Sunday, 20 April 2014

സങ്കടമഴ

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....3


എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


മഴയ്ക്ക് മുമ്പുള്ള ആകാശം നിരീക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാനും കുട്ടികളും.സ്ക്കൂളിനു പിറകിലെ, വിശാലമായ കുന്നിന്‍പുറത്ത് ആകാശത്തേക്ക് നോക്കി ഞങ്ങളിരുന്നു.തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.


"മാശേ, ദാ ഒരു മേഘം.ആനേനപ്പോലീണ്ട്!”
അജീഷ് ആകാശത്തേക്ക് കൈചൂണ്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു.
"ദാ...മറ്റൊന്ന്.കണ്ടാലൊരു കൊമ്പന്‍ തന്നെ."റിയാസ് പറഞ്ഞു."അത് കേക്കോട്ട് ഓടുന്നാ.”
"മറ്റൊന്നതാ ശെയ്ത്താനെപ്പോലെ..."റസീന പറഞ്ഞു."കരിമ്പന്‍.”


ആകാശത്തെ മേഘക്കൂട്ടങ്ങളില്‍ ഓരോരോ രൂപങ്ങള്‍ കണ്ടെത്താനുള്ള മത്സരമായി അവര്‍ തമ്മില്‍.പീലി വിടര്‍ത്തുന്ന മയില്‍.കൂനി നടക്കുന്ന വൃദ്ധന്‍,വലിയ കൊമ്പുള്ള കാള,പത്തി വിടര്‍ത്തിയാടുന്ന സര്‍പ്പം....


"മാശെ, നമുക്കയ്ന്റെ ചിത്രം വരയ്ക്കാം.”
ജുനൈദ് പറഞ്ഞു.എന്തു കണ്ടാലും അപ്പോളതിന്റെ ചിത്രം വരയ്ക്കണം അവന്.
"വേഗം വരയ്ക്കണം.ഇപ്പൊ മഴ പെയ്യും.”
കുട്ടികള്‍ ക്ലാസിന്റെ വരാന്തയില്‍ ചെന്നിരുന്നു.ചിത്രപുസ്തകം തുറന്നുവെച്ചു.ചുറ്റും നിറങ്ങള്‍ നിരത്തി. ആകാശം നോക്കി വരയ്ക്കാന്‍ തുടങ്ങി.
"അള്ളാ..ഞാന് ബെരച്ചുകൊണ്ടിരിക്കുമ്പൊ അയ്ന്റെ രൂപം മാറി.ആദ്യം ആമയാര്ന്ന്.ഇപ്പൊ ബെല്യ മല.” ഷാനിബ സങ്കടപ്പെട്ടു.

എത്ര ശ്രമിച്ചിട്ടും മേഘങ്ങളുടെ നിറം പുനഃസൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.ഒടുവില്‍ ശ്രുതി വിളിച്ചു പറഞ്ഞു.

"കിട്ടിപ്പോയ് മാശെ,കട്ടിനീലയില്‍ ഒരു തുള്ളി കറപ്പ് ചേര്‍ത്താമതി.”
അവള്‍ ചിത്രം എല്ലാവരെയും കാണിച്ചു.മേഘത്തിന്റെ തനിനിറം കടലാസില്‍ പകര്‍ത്തിയിരിക്കുന്നു.
"അസ്സലായിട്ടുണ്ട്."ഞാനവളെ അഭിനന്ദിച്ചു.


പൊടുന്നനെ ശക്തമായ ഒരു കാറ്റു വീശി.ഒപ്പം കോരിച്ചൊരിയുന്ന മഴയും.എല്ലാവരും ക്ലാസിലേക്ക് ഓടിക്കയറി.
"ഹൊ,ഈ നശിച്ച മയ ഒരു ശല്യം തന്നെ.ഒരു ചിത്രം വരക്കാനും സമ്മതിക്കൂല.” ആരോ വിളിച്ചു പറഞ്ഞു.





"കയിഞ്ഞ ഞാറായ്ച ഞാങ്ങ ഒരു മംഗലത്തിന് പോവാരുന്നു.അപ്പ ബന്നു മയ.ന്റെ പുതിയ കുപ്പായും ചെരുപ്പും ചെളീല് പെരങ്ങി.ഞാങ്ങ മയേന കൊറേ പ്രാകി...."അനീസ പറഞ്ഞു.

മഴ മനുഷ്യനിലുണ്ടാക്കുന്ന ഭാവമാറ്റത്തെക്കുറിച്ചാണ് കുട്ടികള്‍ പറയാന്‍ തുടങ്ങുന്നത്.
"മഴ വരുമ്പം സന്തോഷം തോന്നാറില്ലേ?അതെപ്പോഴാ?” ഞാന്‍ ചോദിച്ചു.
"രാത്രീല് മയേന്റെ പാട്ടുകേട്ട് മൂടിപ്പൊതച്ച് ഒറങ്ങുമ്പം.” റസീന പറഞ്ഞു.
"ഇസ്ക്കൂള് ബിടുമ്പം മയ പെയ്താലും നല്ല രസാ.മയവെള്ളം തെറിപ്പിച്ചോണ്ട് ബീട്ടിലേക്ക് നടക്കാന്‍."ശ്രുതി പറഞ്ഞു.


"മഴ പെയ്യുമ്പോള്‍ സങ്കടം തോന്നാറുണ്ടോ?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"ഉണ്ട് സേര്‍.ഉരുള് പൊട്ടി പൊരേം ആളുകളും ഒക്കെ ഒലിച്ച് പോകുമ്പം."യൂനുസ് പറഞ്ഞു.
"ഇന്നാള് നാട്ടില് ഞാങ്ങളെപൊരേന്റെടുത്ത്
മലവെള്ളപ്പാച്ചില്‍ല് ഒരു പൊരേം ആളും എല്ലാം ഒലിച്ചു പോയി.അത് വിചാരിക്കുമ്പം കരച്ചില് ബെരും.”


കുട്ടികള്‍ മഴയനുഭവം എഴുതാന്‍ തയ്യാറെടുക്കുകയാണ്.പുസ്തകം തുറന്ന്,പെന്‍സിലിന്റെ മുനപരിശോധിച്ച്,ഇടക്കിടെ മുഖത്ത് കൃത്രിമമായ ഒരു ഗൗരവം വരുത്തി അവര്‍ എഴുതാന്‍ തുടങ്ങി.


"കുഞ്ഞാമു എഴുതുന്നില്ലേ?”
ഞാന്‍ കുഞ്ഞാമുവിന്റെ അടുത്തുചെന്ന് ചോദിച്ചു.
അവന്‍ തന്റെ കയ്യിലുള്ള നോട്ടുപുസ്തകത്തിലേക്ക് നോക്കി വെറുതെ  ഇരിക്കുകയായിരുന്നു.


"നിക്ക് എയ്ത്തറീല്ല."അവന്‍ ഒരുതരം നിര്‍വ്വികാരതയോടെ പറഞ്ഞു.
"ഞാന് ഒര് ബോളന്‍, മാശെ.നിക്ക് ഒന്തും അറീല.”
"പക്ഷേ,നീ നേരത്തെ ഇരട്ടത്തോണി ഉണ്ടാക്കിയതോ?മറ്റാര്‍ക്കെങ്കിലും അതിന് സാധിച്ചോ?”
അവനൊന്നും മിണ്ടിയില്ല.
അവന്‍ പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി.


"മാശെ,ഇങ്ങന മയ പെയ്ത ഒരീസാ  ന്റെ ഉപ്പ മയ്യത്തായത്.  മയ കാരണത്താല് മയ്യെത്തെടുക്കാന്‍ പോലും ഓരാരും ബന്നില്ല.”

അവന്റെ കണ്ണ് നിറഞ്ഞു.
"ഉപ്പ കഞ്ഞി ബേയ്ച്ച് തിണ്ണേമല് ഇര്ന്നതാ.എന്തോ ഒച്ചകേട്ട് ഞാന്‍ പോയി നോക്കി.അപ്പോ മയ്യത്ത് നെല്ത്ത് കെടക്ക്ന്ന്.”



ഞാനവനെ ചേര്‍ത്തു പിടിച്ചു.അവന്റെ കുറ്റിത്തലമുടിയില്‍ പതുക്കെ തലോടി.
"കുഞ്ഞാമൂന്റെ പൊരേല് വേറെ ആരൊക്കെയുണ്ട്?”
"ഇച്ചേം ഉമ്മേം പിന്നെ മൂന്ന് അനിയത്തിമാരും.ഉപ്പ പോയേപ്പിന്നെ ഉമ്മാന്റെ തല നേരീല്ല.”
"ഇച്ച എന്തു ചെയ്യുന്നു?”
"ഓട്ടല്‍പണി.”


കുഞ്ഞാമുവിന്റെ കണ്ണുകള്‍ വീണ്ടും മഴയിലേക്കു നീണ്ടു.ഈ സങ്കടമഴയുടെ വെള്ളിനൂലുകള്‍  വകഞ്ഞുമാറ്റി തന്റെ ഉപ്പ കയറി വന്നെങ്കില്‍ എന്നവന്‍ ആശിക്കുന്നുണ്ടായിരിക്കണം.



കുഞ്ഞാമുവിനെ ക്ലാസിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരണം.ഒരു പളുങ്കുപാത്രം പോലെ വീണുടഞ്ഞുപോയ അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കണം.

ഞാനൊരു കടലാസും സ്കെച്ച്പേനയുമായി അവന്റെ അരികില്‍ ചെന്നിരുന്നു.അവന് ഇഷ്ടമുള്ള കുറേ വാക്കുകള്‍ പറയാന്‍ പറഞ്ഞു.അവനാദ്യമൊന്ന് മടിച്ചു.പിന്നീട് കുറച്ചുനേരം ആലോചിച്ചശേഷം പറയാന്‍ തുടങ്ങി.മഴ,കുട,ഉപ്പ,ഉമ്മ,നെയ്പ്പത്തല്, പള്ളി....

അവന്‍ പറഞ്ഞ പദങ്ങള്‍ ഞാന്‍ കടലാസില്‍ വലുതായി എഴുതി.എഴുതിയ പദങ്ങള്‍ അവനോട് വായിക്കാന്‍ പറഞ്ഞു.അതില്‍ ചിലത് മാത്രമേ അവന് വായിക്കാന്‍ കഴിഞ്ഞുള്ളു.മറ്റുള്ളവ ഞാനവന് വായിച്ചുകൊടുത്തു.പിറ്റേ ദിവസം വരുമ്പോള്‍ ഈ പദങ്ങള്‍ പുസ്തകത്തില്‍ എഴുതി വരാന്‍ പറഞ്ഞു.പക്ഷേ, അവന്റെ നോട്ടുപുസ്തകം കീറിപ്പറിഞ്ഞതായിരുന്നു.ഞാനവന് ഒരു പുതിയ പുസ്തകം നല്‍കി.



 കുട്ടികള്‍ മഴയനുഭവം എഴുതിക്കഴിഞ്ഞിരുന്നു.അനഘ അവളെഴുതിയത് ഉറക്കെ വായിക്കാന്‍ തുടങ്ങി.




കഴിഞ്ഞ ഓണം ഞങ്ങള്‍ അമ്മയുടെ നാട്ടിലാണ് ആഘോഷിച്ചത്.ഓണത്തിന് നല്ല പൂക്കളം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞാനും ഏട്ടനും പൂ പറിക്കാന്‍ പലേടത്തും നടന്നു.അമ്മൂമ്മ പ്ലാവില കൊണ്ട് ഉണ്ടാക്കിത്തന്ന പൂക്കൂടയിലാണ് ഞങ്ങള്‍ പൂക്കള്‍ ശേഖരിച്ചത്.സന്ധ്യയ്ക്ക് പൂക്കള്‍ ഞങ്ങള്‍ തരംതിരിച്ചുവെച്ചു.പിറ്റേ ദിവസം ഇടേണ്ട പൂക്കളത്തിന്റെ ഡിസൈന്‍ ഞങ്ങള്‍ ഒരു കടലാസില്‍ വരച്ചുവെച്ചിരുന്നു.അന്നു രാത്രി ഞാന്‍ ഉറങ്ങിയതേയില്ല.....

"മാശെ, ഇത് മയേന പറ്റീറ്റല്ല.ഓണത്തിന പറ്റീറ്റാ എയ്ത്യത്...”
ഷാഹുല്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
"ഷാഹൂലെ ക്ഷമിക്കൂ,അവള്‍ മുഴുവനും വായിക്കട്ടെ.”


തിരുവോണ ദിവസം ഞങ്ങള്‍ രാവിലെ എഴുന്നേറ്റു.കുളിച്ചു. ഓണക്കോടിയുടുത്തു.പുക്കളം തയ്യാറാക്കാനിരുന്നു.അല്പ സമയത്തിനകം മുറ്റത്ത് അതിമനോഹരമായ പൂക്കളം.പൂക്കളം കണ്ട് അച്ഛന്‍ ഞങ്ങളെ അഭിനന്ദിച്ചു.പക്ഷേ,ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല.പെട്ടെന്ന് മഴ പെയ്തു. പെരുമഴ.പൂക്കളം നനയാതിരിക്കാന്‍ ഞങ്ങള്‍ കുട പിടിച്ചുവെങ്കിലും ഫലമുണ്ടായില്ല.തുമ്പയും കാക്കപ്പൂവും അതിരാണിയും മുറ്റത്തെ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു...

വിവരണത്തിന് അവളൊരു തലക്കെട്ടും കൊടുത്തിരിക്കുന്നു.'മഴയില്‍ ഒലിച്ചുപോയ ഓണം'

വൈകുന്നേരം സ്ക്കൂള്‍ വിട്ടപ്പോഴും മഴ തോര്‍ന്നിരുന്നില്ല.കുട്ടികള്‍ തങ്ങളുടെ പുത്തന്‍ കുടകള്‍ നിവര്‍ത്തിപ്പിടിച്ച് മഴയിലേക്കിറങ്ങി.കുഞ്ഞാമു മാത്രം ഏറെ നേരം മഴയിലേക്കുനോക്കി വരാന്തയില്‍ ഒറ്റയ്ക്കു നിന്നു.അവന് കുടയുണ്ടായിരുന്നില്ല.പിന്നീട് എന്തോ നിശ്ചയിച്ചുറച്ച്,തന്റെ മുഷിഞ്ഞ പുസ്തകക്കെട്ട് കുപ്പായത്തിനകത്തേക്ക് തിരുകിക്കയറ്റി അവന്‍ മഴയിലേക്കിറങ്ങി.മഴയെതെല്ലും കൂസാതെ,കുന്നുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന പാതയിലൂടെ കുഞ്ഞാമു നടന്നുമറയുന്നത് ഞാന്‍ ക്ലാസുമുറിയുടെ ജനാലയിലൂടെ നോക്കിനിന്നു.

( തുടരും...)


Thursday, 17 April 2014

കുഞ്ഞാമു ഉണ്ടാക്കിയ ഇരട്ടത്തോണി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....2



എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി.ക്ലാസുമുറിയില്‍ ഇരുട്ട് വ്യാപിച്ചു.പെട്ടെന്ന് ഒരു ഇടിവെട്ടി. കൂടെ മഴയും.കുട്ടികള്‍ ജനാലയ്ക്കരികില്‍ കൂട്ടംകൂടി  മഴയെ നോക്കിനിന്നു.ജനാലയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരത് കേട്ടില്ല.

ഇപ്പോള്‍ ദൂരെ കുന്നുകളോ മലകളോ മരങ്ങളോ കാണാനില്ല.സ്ക്കൂളിനെചുറ്റി,വെള്ളി നൂലുകൊണ്ട് നെയ്തെടുത്ത മഴയുടെ വല.


മഴ മഴ മഴ മാനത്തുന്നൊരു
പുതുമഴ കുളിര്‍മഴ പവിഴമഴ
…..................................
മഴയുടെ താളത്തിനും ശബ്ദത്തിനും ഒപ്പിച്ച് കുട്ടികള്‍ മഴപ്പാട്ടുകള്‍ പാടാന്‍ തുടങ്ങി.അവരുടെ പാട്ടിനും ബഹളത്തിനുമിടയില്‍ എന്റെ ദുര്‍ബലമായ ശബ്ദം മുങ്ങിപ്പോയി.ഞാന്‍ നിസ്സഹായനായി വെറുതെ കുട്ടികളെയും നോക്കിനിന്നു.മഴ ശമിക്കട്ടെ; എന്നിട്ടാവാം ക്ലാസ്.

"മാശെ,ഞമ്മക്ക് തോണീണ്ടാക്കാ.എന്നിറ്റ് ദാ ആ ചാലില് കൊണ്ടോയി ഒയ്ക്കാ.."മൈമൂന പറഞ്ഞു.

സ്ക്കൂളിനെ ചുറ്റിവരിഞ്ഞ് കുന്നിനപ്പുറത്തേക്ക് ഒഴുകി മറയുന്ന ചാലിനെ ഞാന്‍ നോക്കി.വേനല്‍ക്കാലത്ത് അത് വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു.ഇപ്പോള്‍ അതില്‍ പതഞ്ഞൊഴുകുന്ന വെള്ളം.

മൈമുനയുടെ സൂത്രം എനിക്കു മനസ്സിലായി. അവള്‍ക്ക് എങ്ങനെയെങ്കിലും മഴയത്തിറങ്ങണം.
അതു നടക്കട്ടെയെന്നു ഞാനും കരുതി.നിറമുള്ള
 കുറേ ഒറിഗാമിക്കടലാസുകള്‍ കൊണ്ടുവന്നു.
കുട്ടികള്‍ക്ക് സന്തോഷമായി.അവര്‍ തോണി നിര്‍മ്മാണത്തില്‍ വ്യാപൃതരായി.നിമിഷങ്ങള്‍ക്കകം ക്ലാസില്‍ നിറയെ തോണികളുണ്ടായി.വിവിധ വര്‍ണ്ണങ്ങളിലുള്ള തോണികള്‍.ഓരോരുത്തരും തങ്ങളുണ്ടാക്കിയ തോണികള്‍ മറ്റുള്ളവരെ കാണിക്കുന്നു.അതിന്റെ ഭംഗി ആസ്വദിക്കുന്നു.
ഞാന്‍ കുഞ്ഞാമുവിനെ നോക്കി.ക്ലാസിലെ തോണി നിര്‍മ്മാണം അവനെ ബാധിച്ചിട്ടേയില്ല.നിറമുള്ള കടലാസോ തോണികളോ ഒന്നും അവന്‍ കാണുന്നുണ്ടായിരുന്നില്ല. ചുമരില്‍ചാരി ഏതോ ദിവാസ്വപ്നത്തില്‍ മുഴുകിയിരിപ്പാണ് അവന്‍.

"കുഞ്ഞാമു..” ഞാന്‍ വിളിച്ചു.
അവനെന്നെ തുറിച്ച് നോക്കി.
നീല നിറമുള്ള ഒരു കടലാസ് ഞാന്‍ അവനുനേരെ നീട്ടി.
പക്ഷേ, അവന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.
"കുഞ്ഞാമുവിന് തോണീണ്ടാക്കാനറിയില്ലെ?”
അവന്‍ അറിയാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
"എങ്കിലിതു വാങ്ങി ഒരു നല്ല തോണീണ്ടാക്കൂ.”

അവന്‍ മനസ്സില്ലാമനസ്സോടെ കടലാസു വാങ്ങി.കുറച്ചുനേരം കടലാസില്‍ തന്നെ നോക്കിയിരുന്നു.പിന്നീട് എന്തോ ആലോചിച്ചുറപ്പിച്ച് കടലാസ് മടക്കാന്‍ തുടങ്ങി.
 
അവന്റെ നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ക്കിടയില്‍നിന്നും നിമിഷങ്ങള്‍ക്കകം ഒരു തോണി രൂപം കൊണ്ടു.മറ്റു കുട്ടികള്‍ ഉണ്ടാക്കിയതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്.ഭംഗിയുള്ള ഒരു ഇരട്ടത്തോണി.

ഇതെന്തു വിദ്യ?കുട്ടികള്‍ അത്ഭുതത്തോടെ കുഞ്ഞാമുവിന് ചുറ്റും കൂടി.അവര്‍ തങ്ങളുണ്ടാക്കിയ തോണിയിലേക്കും കുഞ്ഞാമുവിന്റെ ഇരട്ടത്തോണിയിലേക്കും മാറിമാറി നോക്കി.

"നിങ്ങളുണ്ടാക്കിയതു പോലെയാണോ ഇത്?”
കുഞ്ഞാമു ഉണ്ടാക്കിയ തോണി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"അല്ല..” കുട്ടികള്‍ ഒരുമിച്ച് വിളിച്ചു പറഞ്ഞു.

ഇങ്ങനെയൊരു തോണി അവര്‍ ആദ്യമായി കാണുകയായിരുന്നു.അതിന്റെ നിര്‍മ്മാണരീതി പഠിച്ചെടുത്താല്‍ കൊള്ളാമെന്നുണ്ട് അവര്‍ക്ക്.
"അതെങ്ങനെയുണ്ടാക്കാന്ന് കുഞ്ഞാമു ഞങ്ങക്ക് കാണിച്ച് തര്വോ?”
അനഘ ചോദിച്ചു.

ഇരട്ട വഞ്ചിയുണ്ടാക്കുന്ന രീതി വിശദീകരിച്ചു കൊടുക്കാന്‍  കുഞ്ഞാമുവിനെ ബോര്‍ഡിനരുകിലേക്കു ക്ഷണിച്ചുവെങ്കിലും അവന്‍ വന്നില്ല.പകരം അവന്റെ ഇരിപ്പിടത്തില്‍തന്നെയിരുന്ന്  ഒന്നുകൂടി നിര്‍മ്മിച്ചു.നിര്‍മ്മാണരീതി കാണാന്‍ കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി.ചിലര്‍ പെട്ടെന്ന് ഗ്രഹിച്ചെടുത്തു.മറ്റുചിലര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.

കുഞ്ഞാമു ഇപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നു.അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ ഒരു സ്ഫുരണം മിന്നിമറയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്കറിയാത്തത് ചിലതൊക്കെ എനിക്കുമറിയാം എന്നതായിരുന്നു അപ്പോഴവന്റെ ഭാവം.


പുറത്ത് മഴ ശമിച്ചിരിക്കുന്നു. നേര്‍ത്ത,സുഖകരമായ കാറ്റ് ജനാലയിലൂടെ കടന്നു വന്നു.
കൈകളില്‍ കടലാസുവഞ്ചികളുമായി കുട്ടികള്‍ ഓരോരുത്തരായി പുറത്തിറങ്ങി.സ്ക്കൂളിനെചുറ്റി കുന്നുകള്‍ക്കിടയിലൂടെ ഓടിമറയുന്ന അരുവിയിലേക്ക് തങ്ങളുടെ വഞ്ചികള്‍ ഒഴുക്കി വിടാനുള്ള തയ്യാറെടുപ്പിലാണവര്‍.
            ഒഴുകട്ടങ്ങനെയൊഴുകട്ടെ
            ഞങ്ങളെ കുഞ്ഞന്‍ വഞ്ചി
             തോടുനീന്തി പുഴനീന്തി
              കടലില്‍ ചെന്നുചേരട്ടെ
                   …............................
 
"മാശെ,ഈ തോണി ഒയ്കി ഇന്നെന്നെ കടലിലെത്ത്വോ?”
അനീസ ചോദിച്ചു.
"ആവോ എനിക്കറിയില്ല.” ഞാന്‍ കൈ മലര്‍ത്തി.

"ഇടീം മയീം നല്ലോണം പെയ്യണം.അപ്പോ ബെള്ളം ബേഗത്തില് ഒയ്കും.എന്നാല് തോണി ബൈകീറ്റാവുമ്പം കടലിലെത്തും.”
ഷാഹുല്‍ പറഞ്ഞു.

"കടലീന്ന് പിന്നെ ഏട്ക്കാ പോവ്വാ?” റസീന ചോദിച്ചു.

"കടലിനക്കരെ....അങ്ങ് ദുബായ്ക്ക്.."അനഘ പറഞ്ഞു.

"അള്ളാ നേരാ..?” റസീന അത്ഭുതത്തോടെ ചോദിച്ചു."അപ്പൊ ദുബായിലുള്ള ന്റെ ഉപ്പാക്ക് ഇത് കിട്ടൂലോ.”

അവള്‍ പെട്ടെന്നുതന്നെ പേനയെടുത്ത് വഞ്ചിയുടെ പുറത്തെഴുതി.

 
'എന്റെ പ്രിയപ്പെട്ട ഉപ്പാക്ക്,
ഒരായിരം മുത്തം......
ഉപ്പാന്റെ സ്വന്തം റസീന.'
 
യൂനുസ് എഴുതിയത് ദുബായിലുള്ള മാമനോടുള്ള ഒരഭ്യര്‍ത്ഥനയായിരുന്നു.

'മാമന്‍ വരുമ്പോള്‍ എനക്ക് സ്കെച്ച് പേന കൊണ്ടരണം.'

ഞാന്‍ ഷാനിബയെ നോക്കി.അവള്‍ പേനയും പിടിച്ച് എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയാണ്.

"ഷാനിബാന്റെ ഉപ്പ ദുബായിലല്ലേ?എന്താ ഒന്നും എഴുതുന്നില്ലേ?”


അവളുടെ മുഖം വാടി. അവള്‍ ഒന്നും മിണ്ടിയില്ല.


"മാശെ, ഓളെ ഉപ്പ ആട ജയിലിലാന്ന്."


സ്വാതി എന്റെ ചെവിയില്‍ പറഞ്ഞു.
പിന്നീട് ഞാനവളോട് ഒന്നും ചോദിച്ചില്ല.
 
കുട്ടികള്‍ വഞ്ചികള്‍ തോട്ടിലൊഴുക്കി.ഓളങ്ങളിലൂടെ പൊങ്ങിയും താണും നീങ്ങുന്ന വഞ്ചികളെ അനുഗമിച്ചുകൊണ്ട് അവര്‍ കരയിലൂടെ കുറേ ദൂരം നടന്നു.വഞ്ചികള്‍ ഒന്നൊന്നായി മുങ്ങിത്താണു.
 
കുഞ്ഞാമുവിന്റെ ഇരട്ടത്തോണി കുതിച്ചുപാഞ്ഞു.എല്ലാത്തിനെയും പിന്നിലാക്കിക്കൊണ്ട്.

കുട്ടികള്‍ ആ നീലത്തോണിക്കു പിന്നാലെ കരയിലൂടെ ഓടി.ഒപ്പം കുഞ്ഞാമുവും.അങ്ങ് കുന്നുകള്‍ക്കിടയില്‍ ഒരു നീലപ്പൊട്ടായി മറയുന്നതുവരെ കുട്ടികള്‍ അതു നോക്കിനിന്നു.


ഞാന്‍ കുഞ്ഞാമുവിനെ നോക്കി.അവന്റെ മുഖത്ത്  ഒരു ചിരി വിരിയുന്നു.നല്ല ഭംഗിയുള്ള ചിരി.
(തുടരും...)





Monday, 14 April 2014

കുഞ്ഞാമു അഥവാ ക്ലാസില്‍ ബാക്കിയായ ഒരു കുട്ടി

ക്ലാസുമുറിയില്‍നിന്നുള്ള കുറിപ്പുകള്‍...1

 

 

എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക

 

 സ്ക്കൂള്‍ നില്‍ക്കുന്ന പ്രദേശത്തൂടെ ബസില്‍ പോകുമ്പോഴൊക്കെ ഞാന്‍ കുഞ്ഞാമുവിനെ പരതും.ടൗണിലെ ആള്‍ക്കൂട്ടത്തിലോ കടത്തിണ്ണയിലോ അവനുണ്ടോ?അഥവാ ഉണ്ടെങ്കില്‍ത്തന്നെ എനിക്കവനെ തിരിച്ചറിയാന്‍ കഴിയുമോ? അവന്റെ പ്രകാശം വറ്റിയ കണ്ണുകളും മൊട്ടത്തലയും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.അവന് പത്തിരുപത്തേഴ് വയസ്സായിക്കാണും.അവന്‍ ഒരുപാട് മാറിയിട്ടുണ്ടാകും.   അവന്റെ നിഷ്ക്കളങ്കമായ മുഖം മങ്ങിയ നിറംകൊണ്ട്  വരച്ച ഒരു ചിത്രം പോലെ എന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടപ്പുണ്ട്.

 

അന്ന് സ്ക്കൂള്‍ തുറന്ന ദിവസമായിരുന്നു.ഞാന്‍ മൂന്നാം ക്ലാസിലെ ക്ലാസ് ടീച്ചറായിരുന്നു.മൂന്നാം ക്ലാസിലെ കുട്ടികളെല്ലാവരും ജയിച്ചു.ഒപ്പം ഞാനും.ഇനി നാലാം ക്ലാസിലേക്ക്.

 

കുട്ടികളെല്ലാവരും നാലാം ക്ലാസിലേക്ക് ഓടി.ഏറെക്കാലത്തെ അജ്ഞാതവാസത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെയായിരുന്നു അവര്‍.അവധിക്കാലത്തെ വിശേഷങ്ങളൊക്കെ അവര്‍ക്ക് പറയാനുണ്ടായിരുന്നു.എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍...!

അവര്‍ ജനാലകളും വാതിലുകളും മലര്‍ക്കെ തുറന്നിട്ടു. ബെഞ്ചിലെ പൊടിതുടയ്ക്കാനും ക്ലാസ് തൂത്തുവാരാനും തുടങ്ങി. ചുമരിനുമുകളില്‍ കൂടുകൂട്ടിയ മാടപ്രാവുകള്‍  തങ്ങളുടെ ഏകാന്തവാസത്തിനു ഭംഗം വരുത്തിയ കൊച്ചുഭീകരരെ പേടിയോടെനോക്കിക്കൊണ്ട് പറന്നു പോയി.

 

''മാശ് ഞാങ്ങളൊപ്പം നാലാംക്ലാസ് മുയ്ക്കെ ഇണ്ടാവോ?”
അനീസ സ്വകാര്യം പറയുംപോലെ എന്റെ അടുത്ത് വന്ന് ചോദിച്ചു.
"ഉം.... ഉണ്ടാകും.അതെന്താ അങ്ങനെ ചോദിച്ചത്?”
"ഓ..ബെറ്തെ..."അവള്‍ ചിരിച്ചു.

 

അപ്പോഴാണ് ഞാത് ശ്രദ്ധിച്ചത്.കുട്ടികളുടെ ബഹളങ്ങളില്‍നിന്നെല്ലാം അകന്നുമാറി ബെഞ്ചിന്റെ മൂലയില്‍ ഒരു കുട്ടി ഒതുങ്ങിയിരിക്കുന്നു. മൊട്ടത്തല.അവന്റെ വലിയ കണ്ണുകള്‍ ശൂന്യമായിരുന്നു.മുന്നില്‍ നടക്കുന്നതൊന്നും അവന്‍ കാണുന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ള കുട്ടികളെയോ അവരുടെ കളിയോ ചിരിയോ ഒന്നും.

 

 

 

 

 

 

ഞാനവന്റെ അടുത്തേക്കുചെന്നു.


പഴകി മുഷിഞ്ഞ ഒരു കുപ്പായമായിരുന്നു അവന്‍ ധരിച്ചിരുന്നത്.അതിന് ഒന്നോ രണ്ടോ കുടുക്കുകളേയുണ്ടായിരുന്നുള്ളു.മറ്റു കുട്ടിളേക്കാള്‍ അവന് അല്പം പ്രായക്കൂടുതലുള്ളതായിത്തോന്നി.


"കുട്ടിയുടെ പേരെന്താ?"ഞാന്‍ ചോദിച്ചു.
"കുഞ്ഞിമൊയ്മ്മത്.” എന്റെ മുഖത്ത് നോക്കാതെ, മടിച്ച് മടിച്ച് അവന്‍ പറഞ്ഞു.
അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി തോന്നി.
"ഞാന് നാലീന്ന് തോറ്റ്...”

 

അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ തേങ്ങിക്കരയാന്‍ തുടങ്ങി.
"മാശെ ഓന് ഇന്റെ പൊരേന്റട്ത്താ.ഓന ഞാങ്ങ കുഞ്ഞാമൂന്നാ ബ്ളിക്ക...”
യൂനുസ് പറഞ്ഞു.
ഞാനവന്റെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു.
"ഇനി കുഞ്ഞാമു നന്നായി പഠിക്കണം,ട്ടോ.”
അവന്റെ കരച്ചില്‍ ഉച്ചത്തിലായി.കൈത്തലങ്ങള്‍ കണ്ണീരുകൊണ്ടു നനഞ്ഞു.

 

പുറത്ത് ചാറ്റല്‍മഴ പെയ്യുകയാണ്.ജനാലയിലൂടെ,അങ്ങ് മലനിരകള്‍ക്കുമുകളില്‍ ഒഴിഞ്ഞുപോകുന്ന മേഘക്കൂട്ടങ്ങളെ കാണാം.കുട്ടികളുടെ ശബ്ദകോലാഹലം താനേ അടങ്ങി. 

 

ഈ വര്‍ഷം നമ്മുടെ ക്ലാസ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഞാനൊരു ലഘുപ്രസംഗം നടത്തി.
"മാശേ,ലൈബ്രറിപുസ്തകങ്ങള്‍ തൊപ്പന്‍ ബേണം.അയിന്റെ ചാര്‍ജ് അനഘക്ക് മേണ്ട."അജീഷ് ഉറക്കെ  വിളിച്ചു പറഞ്ഞു.
"അതെന്താ ഓക്ക് കൊടത്താല്?”
അനഘയുടെ കൂട്ടുകാരി സൗമ്യയുടേതാണ് ചോദ്യം.

 

"നല്ല ബുക്ക് ഓള് പസ്റ്റില് പെണ്ണുങ്ങക്ക് കൊടുക്കും.എന്നിറ്റേ ഞാങ്ങക്ക് തെരൂ."യൂനുസ് പറഞ്ഞു.
"മാശെ,എല്ലാ ദെവസൂം ഫീല്‍ഡ് ട്രിപ്പ് ബേണം.ശേകരണബുക്കില് ഒട്ടിക്കല് ക്ലസിന്ന് തന്നെ ചെയ്യണം.” റസീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ശേഖരണപുസ്തകം റസീനയുടേതായിരുന്നു.
"ബൈകീറ്റ് കളിക്കാന്‍ബിട്ടാല്‍ മാശും ഞാങ്ങളൊപ്പം ബേണം.”
"ദെവസൂം ചിത്രംവര"
"ഒറിഗാമീന ഉണ്ടാക്കല്‍"

"പത്രം'
"ബാലസഭ..."
കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"ശരി..ശരി...” ഞാന്‍ പറഞ്ഞു.
"ഇങ്ങനെ വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് ഈ വര്‍ഷം ഏറ്റെടുത്ത് നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയെഴുതുന്നതായിരിക്കും.എന്താ സമ്മതമാണോ?”

 

കുട്ടികള്‍ സമ്മതിച്ചു.അവര്‍ ഉത്സാഹത്തോടെ എഴുന്നേറ്റു.ചിലര്‍ ബാഗ് തുറക്കുമ്പോഴേക്കും മറ്റു ചിലര്‍ തറയില്‍ പുസ്തകം തുറന്നുവെച്ച് കുനിഞ്ഞിരുന്ന് എഴുതാന്‍ തുടങ്ങിയിരുന്നു.മറ്റൊരുകൂട്ടര്‍ പെന്‍സിലിന് മുനകൂട്ടുന്നതിന്റെ തിരക്കിലാണ്.ഒരുവന്‍ തന്റെ കാണാതായ റബ്ബര്‍ തെരയുന്നു.
കുറച്ചുനേരത്തിനുള്ളില്‍ എല്ലാവരും എഴുത്തില്‍ മുഴുകി.ക്ലാസ് പൂര്‍ണ്ണമായും നിശബ്ദമായി.ജനാലയിലൂടെ ഒരു തണുത്ത കാറ്റ് വീശി.

 
"മാശെ, ഇന്ന് കഞ്ഞീണ്ടോ?”
ക്ലാസിലെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉച്ചത്തിലുള്ള ഒരു ചോദ്യം.


ആരാണ് ചോദിച്ചത്? ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.കുഞ്ഞാമുവാണ്.അവന്‍ ചട്ട കീറിയ ഒരു നോട്ടുപുസ്തകം തുറന്നു പിടിച്ചിട്ടുണ്ട്.അതിലൊന്നും എഴുതിയിട്ടില്ല.


"ഉച്ചക്ക് കഞ്ഞീണ്ടോന്ന്...?”
ഉത്തരം കിട്ടാത്തതുകൊണ്ട് അവന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.ഇത്തവണ അവന്റെ ശബ്ദം കര്‍ക്കശമായിരുന്നു.

 

ക്ലാസില്‍ ഒരു കൂട്ടച്ചിരിയുയര്‍ന്നു.സത്യത്തില്‍ എനിക്കും ചിരിവന്നു.ഇതിലെന്താണിത്ര ചിരിക്കാനെന്ന ഭാവത്തില്‍ കൂസലില്ലാതെയാണ് അവന്റെ നില്‍പ്പ്.

ഇന്ന് കഞ്ഞിയില്ലല്ലോ കുഞ്ഞാമു.” ഞാന്‍ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.
"അപ്പോ ഇസ്ക്കൂള് ഉച്ചക്ക് ബിട്വോ?”
കര്‍ക്കശമായ ശബ്ദത്തില്‍ അവന്റെ അടുത്ത ചോദ്യം.ക്ലാസില്‍ വീണ്ടും കൂട്ടച്ചിരി.
"വിടും.” ഞാന്‍ പറഞ്ഞു.

 

പക്ഷേ, അവനത് വിശ്വസിച്ചില്ല.നേരെ ജനലിനടുത്തേക്ക് ഓടി.തൊട്ടപ്പുറത്താണ് കഞ്ഞിപ്പുര.അവന്‍ അടുപ്പിലേക്കു നോക്കി.അടുപ്പില്‍ കഞ്ഞിച്ചെമ്പില്ല.തീയുമില്ല.അടുപ്പിനു മുന്നില്‍ കുത്തിയിരുന്ന് തീയൂതുന്ന ലക്ഷ്മിയേട്ടിയുമില്ല.അവന്‍  കുറേ നേരം ജനലഴിപിടിച്ച് പുറത്തേക്ക് നോക്കി നിന്നു.പിന്നീട് തിരിച്ച് വന്ന് ബെഞ്ചിന്റെ മൂലയിലെ തന്റെ ഇരിപ്പിടത്തില്‍ച്ചെന്ന് കൂനിയിരുന്നു.

ഈ സമയം മറ്റു കുട്ടികള്‍ എഴുതിക്കഴിഞ്ഞിരുന്നു.ജുനൈദ് പുസ്തകം എനിക്കുനേരെ നീട്ടി.അവന്‍ ഒരു കത്തുരൂപത്തിലാണ് എഴുതിയിരുന്നത്.

 

 

പ്രിയപ്പെട്ട മാഷേ,
ഇക്കൊല്ലം ലൈബ്രറിബുക്ക് കുറെ തരണം.നല്ല കളര്‍ച്ചിത്രങ്ങളുള്ള ബുക്കുകള്‍.എല്ലാ ദിവസവും ചിത്രംവര വേണം.നല്ല കളികള്‍ കളിപ്പിക്കണം.ഞാന്‍ യൂണിഫോം ഇടാത്തതിന് മാഷെന്നെ വഴക്കിട് പറയരുത്.എനിക്ക് ഒരു ജോടി യൂനിഫോമേയുള്ളു.അതാണ് കാരണം.ഇക്കൊല്ലം പുതിയത് വാങ്ങിത്തരാമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്.പിന്നെ സ്ക്കൂള്‍ മുറ്റത്തെ മരത്തില് ഊഞ്ഞാല് കെട്ടിത്തരാമെന്ന് മാഷ് കഴിഞ്ഞകൊല്ലേ പറഞ്ഞിരുന്നു.അത് ഇക്കൊല്ലം കെട്ടിത്തരണം.... .…
.

 

 

കത്ത് വായിക്കുന്നതിനിടയില്‍ ഞാന്‍ കുഞ്ഞാമുവിനെ വീണ്ടും നോക്കി.അവന്‍ തന്റെ കൈയിലെ കീറിപ്പറിഞ്ഞ നോട്ടുപുസ്തകം വെറുതെ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തുകൊണ്ടിരിപ്പാണ്.അവന്റെ കണ്ണുകള്‍ തടാകങ്ങളെപ്പോലെ നിറഞ്ഞുതുളുമ്പാന്‍ പോകുന്നു....

 

പുറത്ത് മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.അവന്‍ ജനാലയ്ക്കടുത്തേക്ക് നടന്നു.ജനലിലെ കമ്പിയഴികള്‍ പിടിച്ച് മഴയിലേക്ക് കുറച്ചുനേരം നോക്കി നിന്നു.ഇടയ്ക് മുഖം തിരിച്ച് എന്നെയൊന്ന് നോക്കി.അപ്പോള്‍ അവന്റെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

(തുടരും...)

Friday, 11 April 2014

പ്രസംഗം വന്ന വഴി

ആറാം ക്ലാസിലെ കാര്‍ത്തിക സ്വാഗതപ്രസംഗം നടത്തുകയാണ്.നല്ല തഴക്കം വന്ന പ്രാസംഗികയുടെ മട്ടും ഭാവവും.അളന്നു തൂക്കിയ വാക്കുകള്‍.നല്ല ഉച്ചാരണശുദ്ധി.സദസ്സ് ചെവികൂര്‍പ്പിച്ചിരിക്കുകയാണ്.

ഈ കൊച്ചുപ്രാസംഗിക ആരെയാണ് സ്വാഗതംചെയ്യുന്നതെന്നറിയാമോ?
 രണ്ടു വിശിഷ്ട വ്യക്തികളെയാണ്.അവര്‍ രണ്ടു പേരും സ്റ്റേജില്‍ ഉപവിഷ്ടരാണ്.ഡോ.വി പി ഗംഗാധരനും സിസ്റ്റര്‍ ഐഡയും.ആതുര സേവനരംഗത്ത് തങ്ങളുടെ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രശസ്തരായ വ്യക്തികള്‍. 


ദൃശ്യയാണ് ഡോക്ടര്‍.അവള്‍ സ്വതവേ ഒരു ചിരിക്കുടുക്കയാണ്.ഡോക്ടറായപ്പോള്‍ അവള്‍ക്ക് ഗൗരവം കൂടി. സ്വാതിയാണ് സിസ്റ്റര്‍ ഐഡ.അവള്‍ ഒരു ഗൗരവക്കാരിയാണ്.സ്റ്റേജിലെത്തിയപ്പോള്‍ അവളുടെ മുഖത്ത് നല്ല ചിരി.ഇവരെ അനുമോദിക്കുന്ന ചടങ്ങാണ് വേദിയില്‍ നടക്കുന്നത്.

ആശംസാപ്രാസംഗികരായി അഞ്ചാറുപേര്‍ വേറെയുമുണ്ട്.സ്ഥലത്തെ പ്രധാന വ്യക്തികള്‍-പഞ്ചായത്ത് പ്രസിഡണ്ട്,എംഎല്‍എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍....

വിദ്യാലയ മികവുത്സവത്തിലെ ഒരു അവതരണമായിരുന്നു ഇത്.ആറാം ക്ലാസില്‍ ഭാഷ പഠിപ്പിക്കുന്ന ഗംഗാധരന്‍ മാഷായിരുന്നു ഈ പ്രവര്‍ത്തനം അവതരിപ്പിച്ചത്..

ആറാം ക്ലാസ് കേരളപാഠാവലിയിലെ  'പ്രകാശഗോപുരങ്ങള്‍' എന്ന യൂനിറ്റിലെ 'സാന്ത്വന സ്പര്‍ശം' എന്ന പാഠഭാഗമാണ് ഇതിനായി തെരഞ്ഞെടുത്തത്.രോഗികളായ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോ.വി.പി. ഗംഗാധരന്‍,സിസ്റ്റര്‍ ഐഡ എന്നിവരുടെ ചികിത്സാനുഭവമാണ് പാഠഭാഗത്തില്‍.ഇവരെ അനുമോദിക്കുന്ന ചടങ്ങാണ് വേദിയില്‍ അവതരിപ്പിച്ചത്.

 കുട്ടികളുടെ പ്രകടനം അവിടെ കൂടിയ രക്ഷിതാക്കളെയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി.കുട്ടികള്‍ പ്രസംഗകല വശത്താക്കിയിരിക്കുന്നു. ഇതെങ്ങനെ സാധ്യമായി?

അതിന് ഗംഗാധരന്‍ മാഷ് ക്ലാസുമുറിയില്‍ കൊടുത്ത പ്രവര്‍ത്തനം വിശകലനം ചെയ്യണം.
എന്തൊക്കെയായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം?


  • പ്രസംഗത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്  പ്രസംഗം എഴുതിതയ്യാറാക്കുക.

  • പ്രസംഗം എങ്ങനെ ആര്‍ഷകമാക്കാം എന്ന ധാരണ കൈവരിക്കുക.
  • സഭാകമ്പമില്ലാതെ പ്രസംഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക

പ്രസംഗം തയ്യാറാക്കണമെങ്കില്‍ ആദ്യം വേണ്ടത് വിഷയവുമായി ബന്ധപ്പെട്ട ആശയമാണ്.ആശയരൂപീകരണത്തിനായി കുട്ടികള്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്?

ചികിത്സാരംഗത്തെ മൂല്യച്ചുതി,കച്ചവടവത്ക്കരണം എന്നിവയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ വിശകലനത്തില്‍ നിന്നാണ് തുടക്കം.പിന്നീട് ഡോക്ടര്‍മാരുടെയും നേഴ്സ്മാരുടെയും കൈപ്പുണ്യവുമായി ബന്ധപ്പെട്ട വായനാക്കുറിപ്പുകള്‍ കുട്ടികള്‍ വായിച്ചു.അതുമായി ബന്ധപ്പെട്ട ചര്‍ച്ച സ്വാഭാവികമായും കുട്ടികളുടെ ചികിത്സാനുഭവം പങ്കുവയ്ക്കുന്നതിലാണ് അവസാനിച്ചത്.

പാഠഭാഗത്തു നല്‍കിയ 'സാന്ത്വന സ്പര്‍ശം' വ്യക്തിഗതമായി വായിച്ചു.
ഡോ.വി.പി.ഗംഗാധരന്റെയും സിസ്റ്റര്‍ ഐഡയുടെയും പ്രവര്‍ത്തന മാതൃകകള്‍ അംഗീകരിക്കപ്പെടേണ്ടതല്ലേ?ഇരുവരുടെയും പ്രവര്‍ത്തന മഹിമകള്‍ എന്തൊക്കെയാണ്?എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ച അവരെ അനുമോദിക്കാനുള്ള തീരുമാനത്തിലേക്ക് കുട്ടികളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്തത്.


ഇനി അനുമോദന പ്രസംഗം തയ്യാറാക്കുകയാണ് വേണ്ടത്.പ്രസംഗം തയ്യാറാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കുട്ടികള്‍ ഇതിനകം ശേഖരിച്ചു കഴിഞ്ഞു.ആദ്യം വ്യക്തിഗതമായി കുട്ടികള്‍ പ്രസംഗം തയ്യാറാക്കി.തയ്യാറാക്കിയ പ്രസംഗങ്ങളില്‍ ചിലത് അവതരിപ്പിച്ചു.അവയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്തു.ചര്‍ച്ച പ്രധാനമായും പ്രസംഗത്തിലെ ആശയവുമായി ബന്ധപ്പെട്ടായിരുന്നു.
ഇനി പ്രസംഗത്തിന്റെ മറ്റു പ്രത്യേകതകളിലേക്ക് കുട്ടികളുടെ ശ്രദ്ധകൊണ്ടുവരണം.
അതിനുവേണ്ടി മാഷ് എന്തുചെയ്തുവെന്ന് നോക്കാം


എഴുതി തയ്യാറാക്കിയ പ്രസംഗത്തിന്റെ രണ്ടു മാതൃകകള്‍ ഗ്രൂപ്പില്‍ വിശകലനം ചെയ്യാനായി കുട്ടികള്‍ക്കു നല്‍കി.ഓരോ ഗ്രൂപ്പും പ്രസംഗം വിശലനം ചെയ്ത് അതിന്റെ പ്രത്യേകതകള്‍ കണ്ടെത്തി. പ്രത്യേകതകള്‍ ചാര്‍ട്ടില്‍ എഴുതിയിട്ടു. 

ഈ പ്രത്യേകതകളുടെ വെളിച്ചത്തില്‍ നേരത്തേയെഴുതിയ പ്രസംഗം    മെച്ചപ്പെടുത്തിയെഴുതലായിരുന്നു അടുത്ത പ്രവര്‍ത്തനം.അതിലെ ആശയം,പ്രസംഗത്തിന്റെ തുടക്കം,ഒടുക്കം,ഭാഷാപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെയെഴുത്ത്.

 എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി കുട്ടികള്‍ വീണ്ടും ഗ്രൂപ്പിലേക്കുപോയി.ഗ്രൂപ്പില്‍ അവര്‍ പ്രസംഗം പരസ്പരം കൈമാറി വായിച്ചു.നേരത്തെ ചാര്‍ട്ടില്‍ എഴുതിയിട്ട പ്രത്യേകതകളുമായി അതിനെ തട്ടിച്ചു നോക്കി.ആവശ്യമായ മാറ്റം നിര്‍ദ്ദേശിച്ചു.ഒരിക്കല്‍കൂടി മെച്ചപ്പെടുത്തിയെഴുതി.

 അടുത്തത് നോട്ടീസ് തയ്യാറാക്കലാണ്.
 അനുമോദനച്ചടങ്ങിലേക്ക് ക്ഷണിക്കേണ്ട അതിഥികള്‍ ആരൊക്കെയായിരിക്കണം?ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നു.സ്ഥലം,സമയം എന്നിവ ഓരോ ഗ്രൂപ്പിന്റെയും ഭാവനയ്കനുസരിച്ച്.ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് ഗ്രൂപ്പുകള്‍ നോട്ടീസ് തയ്യാറാക്കുന്നു.


 ഇനിയാണ് അനുമോദനച്ചടങ്ങ്.ഗ്രൂപ്പുകള്‍ കൂടിയിരുന്ന് ഓരോരുത്തരുടെയും റോളുകള്‍ നിശ്ചയിക്കുന്നു.ചടങ്ങിന് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിക്കുന്നു.ഷാളുകള്‍, ഉപഹാരം തുടങ്ങിയവ.
ഓരോ ഗ്രൂപ്പും അവര്‍ ആസൂത്രണം ചെയ്തതനുസരിച്ച് അനുമോദനച്ചടങ്ങ് നടത്തുന്നു.ഓരോ ഗ്രൂപ്പിന്റെയും അവതരണത്തിനുശേഷം മറ്റു ഗ്രൂപ്പുകള്‍ അതിന്റെ മേന്മകളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നു.



പ്രസംഗം എന്നു കേട്ടാല്‍ സ്വതവേ കുട്ടികള്‍ക്കു പേടിയാണ്.പ്രസംഗിക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ ഓടിയൊളിക്കും.പക്ഷേ, ഈ ആറാം ക്ലാസുകാരോട് നിങ്ങള്‍ പ്രസംഗിക്കാന്‍ പറഞ്ഞുനോക്കൂ.അപ്പോള്‍ അവര്‍ ചോദിക്കും.
"ഏതു വിഷയം?"
വിഷയം നല്‍കിയാല്‍ അവര്‍ പറയും.
"ആലോചിക്കാന്‍ കുറച്ചുസമയം തരണേ.”


കുട്ടികളെ പ്രസംഗിക്കാന്‍ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെന്ന് ഈ പ്രവര്‍ത്തനം നമ്മെ ബോധ്യപ്പെടുത്തുന്നു.  പ്രസംഗം ആവശ്യമായിവരുന്ന സ്വാഭാവിക സന്ദര്‍ഭങ്ങള്‍ ക്ലാസുമുറിയില്‍ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.സന്ദര്‍ഭങ്ങള്‍ യഥാതഥമോ സാങ്കല്‍പ്പികമോ  ആകാം.(ആദ്യഘട്ടത്തില്‍ സാങ്കല്‍പ്പികമാകുന്നതാണ് നല്ലത്) എന്തായാലും  പ്രസംഗകല അനായാസം സ്വായത്തമാക്കുന്നതിലേക്കായിരിക്കും ഇതു കുട്ടികളെ നയിക്കുക.