ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 13 December 2014

പ്രവര്‍ത്തിപരിചയ മേള ക്ലാസുമുറിയിലല്ലേ വേണ്ടത്?



ആറാം ക്ലാസില്‍ സയന്‍സ് പഠിപ്പിക്കുകയായിരുന്നു.ഉത്തോലകങ്ങളെക്കുറിച്ചും ലഘുയന്ത്രങ്ങളെക്കുറിച്ചും.ഒരു ലഘുയന്ത്രം നമ്മുടെ ജോലി എളുപ്പമാക്കുന്നു എന്ന അനുഭവത്തിലൂടെ കുട്ടികളെ കടത്തിവിടുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.

 ആണിയടിച്ച ഒരു പലക  കുട്ടികളെ കാണിച്ചുകൊണ്ടു ഞാന്‍ ചോദിച്ചു.
"ഈ ആണി പിഴുതെടുക്കാമോ?”
കുട്ടികള്‍ ഓരോരുത്തരായി വന്ന് ശ്രമം തുടങ്ങി.അവരുടെ വിരലുകള്‍ വേദനിച്ചു.പലരും തോല്‍വി സമ്മതിച്ച് പിന്‍മാറി.
"മാഷേ, ഒരു ചുറ്റിക തരുമോ?എങ്കില്‍ ഞാന്‍ ആണി പൊരിക്കാം."നന്ദന പറഞ്ഞു.
നേരത്തെ കരുതിയ ചുറ്റിക ഞാനവള്‍ക്ക് കൊടുത്തു.

നന്ദന ചുറ്റികയുമായി  മുന്നോട്ടു വന്നു.അവള്‍ ആണി പിഴുതെടുക്കാനായി ആഞ്ഞു.പക്ഷേ,അവള്‍ക്ക് കഴിഞ്ഞില്ല.ഞാന്‍ അത്ഭുതപ്പെട്ടുപോയി.
ചുറ്റികയുടെ വിടവുള്ള ഭാഗം ആണിക്കിടയില്‍ തിരുകി അവള്‍ പരാപരാ വലിക്കുകയാണ്!ചുറ്റിക എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അവള്‍ക്ക് അറിഞ്ഞുകൂട!അവളുടെ അച്ഛന്‍ കാര്‍പെന്റര്‍ ജോലിയാണ് ചെയ്യുന്നത്.എന്നിട്ടും...


താമസിയാതെ എനിക്ക് ഒരു സത്യം മനസ്സിലായി.ക്ലാസിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും ചുറ്റിക ഉപയോഗിക്കാന്‍ അറിഞ്ഞുകൂട. അതില്‍ പെണ്‍കുട്ടികള്‍  ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്.

11-12 വയസ്സുള്ള ഒരു കുട്ടിക്ക് ചുറ്റിക ഉപയോഗിച്ച് ഒരു ആണി അടിച്ചു കയറ്റാനും പിഴുതെടുക്കാനും കഴിയേണ്ടതല്ലേ?സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഒരു സ്ക്രൂ തിരിച്ചുമുറുക്കാന്‍ കഴിയേണ്ടതല്ലേ?കട്ടിങ്ങ് പ്ലേയര്‍ ഉപയോഗിച്ച് ഒരു വയര്‍ മുറിക്കാന്‍?കത്രിക കൊണ്ട് ഒരു കഷണം തുണി മുറിക്കാന്‍?

കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് അതിനു കഴിയാത്തത്?
ഇത്തരം ഉപകരണങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് അവരുടെപില്‍ക്കാല ജീവിതത്തെയും പഠനത്തേയും എങ്ങനെയാണ് ബാധിക്കുക?
ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്നു തോന്നുന്നു.കുട്ടികളുടെ
കാര്യത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന അമിതമായ ശ്രദ്ധയും ഉത്ക്കണ്ഠയും അവരുടെ ജീവിതത്തെ എങ്ങനെയാണ് പരിമിതപ്പെടുത്തുന്നുവെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല.


ടൂളുകള്‍ ഉപയോഗിക്കാനുള്ള കഴിവും കുട്ടികളുടെ മനോധൈര്യവും തമ്മില്‍ ബന്ധമുള്ളതായി ഏതോ ഒരു മനഃശാസ്ത്ര പഠനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.മാനസിക വളര്‍ച്ചയുടെ  ഉയര്‍ന്ന ഘട്ടത്തില്‍ കുട്ടി തന്റെ ചുറ്റുപാടിലെ  പല വസ്തുക്കളുടേയും പ്രത്യേകതകള്‍ തിരിച്ചറിയുന്നത് ലഘുവായ ഇത്തരം ടൂളുകളുടെ ഉപയോഗത്തിലൂടെയാണ്.
തൊഴില്‍ പരിശീലനത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്.
നിത്യജീവിതത്തില്‍ അവശ്യം വേണ്ടുന്ന ചില ശേഷികളെക്കുറിച്ചാണ്.ഈ ശേഷികള്‍ പഠനത്തില്‍ അവന് അത്യാവശ്യമാണുതാനും.നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാഠ്യപദ്ധതി ഈ വസ്തുത പരിഗണിച്ചിട്ടേയില്ല.

                                                      *******************   



 ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രപുസ്തകത്തിലെ 'അധ്വാനം സമ്പത്ത് 'എന്ന എട്ടാം യൂണിറ്റ് നാട്ടിലെ പാരമ്പര്യതൊഴിലുകളെക്കുറിച്ചും അവ ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.

സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഇത്തരം തൊഴിലിടങ്ങള്‍ ഒന്നും ഇന്ന് നിലനില്‍ക്കുന്നില്ല.  വട്ടിനിര്‍മ്മാണം,പായനെയ്ത്ത് തുടങ്ങിയ  തൊഴിലുകള്‍ വല്ലപ്പോഴും ചെയ്യുന്ന ചില കുടുംബങ്ങളുണ്ട്.ആ കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ക്ലാസിലുണ്ട്.ഈ തൊഴിലുകളുടെ പ്രത്യേകതകളൊക്കെ കുട്ടികള്‍ക്കറിയാം.പക്ഷേ,അവര്‍ക്ക് ഈ തൊഴില്‍ ചെയ്യാനറിയില്ല.


 കലം നിര്‍മ്മാണം,തുണി നെയ്ത്ത്,കയര്‍ പിരിക്കല്‍,കള്ള് ചെത്ത്,വട്ടി നിര്‍മ്മാണം,പായ നെയ്ത്ത് തുടങ്ങിയ തൊഴിലുകളുടെ വീഡിയോകളും ചിത്രങ്ങളും  കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
ഇങ്ങനെയുള്ള വസ്തുക്കള്‍ ക്ലാസില്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് ഞാന്‍ കുട്ടികളോടു ചോദിച്ചു.
കുട്ടികള്‍ക്ക് ഉത്സാഹമായി.


                        
"മാഷേ,എനിക്ക് ഓല മടയാനറിയാം.”
ഷീബ പറഞ്ഞു.
"എനിക്കുമറിയാം."ആകാശ് എഴുന്നേറ്റു നിന്നു.
"ഞങ്ങള്‍ക്ക് ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാനറിയാം."രേവതിയും ശ്രുതിയും ശാരികയും പറഞ്ഞു.
"ഞാന്‍ ചിരട്ടക്കയിലുണ്ടാക്കും."നന്ദന പറഞ്ഞു.ചുറ്റിക എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിഞ്ഞുകൂടാത്ത അതേ നന്ദന.
"നിനയ്ക്ക് അതിനു കഴിയുമോ?"എനിക്ക് വിശ്വാസം വന്നില്ല.
"ഞാന്‍ അച്ഛനോട് പഠിപ്പിച്ചു തരാന്‍ പറയും.”


"ഞാന്‍ ഇരിക്കുന്ന പലകയുണ്ടാക്കും."രാഹുല്‍ പറഞ്ഞു.അവന്റെ അച്ഛന്‍ കാര്‍പെന്ററാണ്.
"ഞാന്‍ തെരിയ ഉണ്ടാക്കും.” അഭിരാമി പറഞ്ഞു.
"ഞങ്ങള്‍ തൊപ്പിപ്പാളയുണ്ടാക്കും."രതീഷും സിനാനും പറഞ്ഞു.
"മാഷേ,ഞാന്‍ കലമാണുണ്ടാക്കുന്നത്."അതുവരെ മിണ്ടാതിരുന്ന അഞ്ചല്‍ പറഞ്ഞു.
"കലമോ? അതിനു കളിമണ്ണും വീലും മറ്റും വേണ്ടേ?”

"കളിമണ്ണ് ഞാന്‍ കൊണ്ടുവരും.വീല്  വേണമെന്നില്ല.”
വളരെ എളുപ്പത്തില്‍ മണ്‍കലം ഉണ്ടാക്കാന്‍ കഴിയും എന്നാണ് അവന്‍ ധരിച്ചുവെച്ചിരിക്കുന്നത്.നടക്കട്ടെ.


"മാഷേ,ഞാന്‍ പേപ്പര്‍ കമ്മല്‍ ഉണ്ടാക്കട്ടെ?"ആദിത്യ മടിച്ചുമടിച്ചു ചോദിച്ചു.അത് പാരമ്പര്യതൊഴിലില്‍ പെടില്ലല്ലോ എന്നതാണ് അവളുടെ പ്രശ്നം.
"അതു സാരമില്ല.നിനക്ക് പേപ്പര്‍ കമ്മല്‍ ഉണ്ടാക്കാം."ഞാന്‍ സമ്മതിച്ചു.
ഈ വിദ്യകളൊക്കെ പഠിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.


കുട്ടികള്‍ നല്ല ആവേശത്തിലായി.അവര്‍ക്കിത് പുതിയ അനുഭവമാണ്.ഓരോ ദിവസവും അവര്‍ അവരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.ഓലമടയാനുള്ള ഉണങ്ങിയ ഓല വെള്ളത്തിലിട്ട് പൊതിര്‍ത്തതിനെക്കുറിച്ച്,കൈതോല അരിഞ്ഞ് ഉണങ്ങാനിട്ടതിനെക്കുറിച്ച്,കളിമണ്ണ് ശേഖരിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച്.....

ഞാന്‍ അതീവ താത്പര്യത്തോടെ കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവി കൊടുത്തുകൊണ്ടിരുന്നു.ക്ലാസില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്നറിയാന്‍ ഇടയ്ക്ക് രക്ഷിതാക്കളുടെ ഫോണ്‍ വിളികള്‍ ...
ഒരു വെള്ളിയാഴ്ചത്തേക്കായിരുന്നു പരിപാടി നിശ്ചയിച്ചത്.


ഒടുവില്‍ ആ ദിവസം വന്നെത്തി.


കുട്ടികള്‍ പുസ്തകത്തോടൊപ്പം ഓലയും കളിമണ്ണും കവുങ്ങിന്‍ പാളയും കൈതോലയും മുളക്കഷണവും പലകയും ചിരട്ടയും കത്തിയും ഉളിയുമൊക്കെയായാണ് അന്ന് സ്ക്കൂളില്‍ വന്നത്.
ബെല്ലടിച്ചു.അവര്‍ പണി ആരംഭിച്ചു.ചിലര്‍ ഒറ്റയ്ക്ക്.മറ്റുചിലര്‍ ഗ്രൂപ്പില്‍.
ക്ലാസുമുറി അതിവേഗം ഒരു പരമ്പരാഗത തൊഴിലിടമായി മാറി.


ഞാന്‍ നന്ദനയെ നോക്കി.അവള്‍ ഉളികൊണ്ട് ചിരട്ട ചെത്തിമിനുക്കുകയാണ്.ഒപ്പം സനികയുമുണ്ട്.അഭിരാമി കൈതോല വളച്ചുകെട്ടി തെരിയ ഉണ്ടാക്കുകയാണ്.അതവള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്നുണ്ട്.ശ്രുതിയും ശാരികയും ഓല ഈര്‍ന്ന് ചൂലുണ്ടാക്കുന്നു.രാഹുലും ആദര്‍ശും നവീനും ചേര്‍ന്ന് ഇരിക്കാനുള്ള പലകയുണ്ടാക്കുന്നതില്‍ മുഴുകിയിരിക്കുന്നു.മണല്‍ പേപ്പര്‍കൊണ്ട് അവരതിനെ മിനുസപ്പെടത്തുകയാണ്.അഞ്ചല്‍ കളിമണ്ണുകൊണ്ട് കലമുണ്ടാക്കാന്‍ 
ശ്രമിച്ചു.പക്ഷേ,പരാജയപ്പെട്ടു.അങ്ങനെ എളുപ്പത്തില്‍ കലമുണ്ടാക്കാന്‍ കഴിയില്ലെന്ന് അവന് ബോധ്യപ്പെട്ടു.നല്ല പാഠം!അവനിപ്പോള്‍ ഓലമടയാന്‍ ഷീബയോടൊപ്പം കൂടി.അവന് നന്നായി ഓല മടയാനറിയാം.സിനാന്‍ പാളകൊണ്ടുള്ള കൂമ്പന്‍ തൊപ്പിയുണ്ടാക്കുന്നതില്‍ വിജയിച്ചു.എന്നാല്‍ രതീഷിന് കൊട്ടമ്പാള(നിര്‍മ്മാണത്തില്‍ വൈദഗ്ദ്യം ആവശ്യമുള്ള പാളത്തൊപ്പി)യുടെ പകുതി ഭാഗം മാത്രമേ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളു.കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിന്റെ മുന്‍വശം പൂര്‍ത്തിയാക്കാന്‍ അവനു കഴിഞ്ഞില്ല.ആദിത്യയും ഐഫൂനയും നവ്യയും ചേര്‍ന്ന് ഭംഗിയുള്ള പേപ്പര്‍ കമ്മലും മാലയുമൊക്കെ 

ഉണ്ടാക്കിയിരിക്കുന്നു.സുവണ്യയും അക്ഷയും ചേര്‍ന്ന് പാള കൊണ്ട് വിശറിയുണ്ടാക്കി.

കുട്ടികള്‍ പണി പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്തു.അവരില്‍ പലരും ക്ഷീണിച്ചു പോയിരുന്നു.നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനം ഹാളില്‍ ഒരുക്കി.വിവിധ ക്ലാസുകളിലെ കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തി.അതില്‍ കഞ്ഞിപ്പുരയിലേക്ക് ആവശ്യമുള്ള പലക,ചിരട്ടക്കയില്‍,തെരിയ,ചൂല് തുടങ്ങിയ വസ്തുക്കള്‍ അവര്‍ സന്തോഷത്തോടെ ലീലേട്ടിക്ക് കൈമാറി.


കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്! അവര്‍ ജോലിയില്‍ പരസ്പരം സഹകരിക്കുന്നത് നേരിട്ടുകാണണം.ഇത്രയും ഊര്‍ജ്വസ്വലരായി ഞാനീകുട്ടികളെ ഇതിനുമുമ്പ് കണ്ടിട്ടേയില്ല.പ്രകൃതിയില്‍ നിന്നും നേരിട്ടുകിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് അവരെ കൂടുതല്‍ ആനന്ദിപ്പിക്കുന്നുണ്ടാകണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാഠഭാഗവുമായി ബന്ധിപ്പിച്ച്  ക്ലാസുമുറിയില്‍ തന്നെയാണ് നല്‍കേണ്ടത്. അപ്പോഴാണ് പഠനത്തിന്റെ ചില്ല തളിര്‍ക്കുന്നത്.അതില്‍ പൂക്കളും കായ്കളും ഉണ്ടാകുന്നത്.



No comments:

Post a Comment