വെള്ളിയാഴ്ച രാവിലെ എട്ടുമണി.സ്ക്കൂളിലെ ഓണാഘോഷം.ഏഴാം ക്ലാസുകാര്‍ എല്ലാവരും രാവിലെത്തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്.അവരുടെ കൈകളില്‍ പൂക്കളുണ്ട്. പലതരം നാടന്‍ പൂക്കള്‍.ഹനുമാന്‍ കിരീടം, കോളാമ്പി, ചെക്കി,ചെമ്പരത്തി,റോസാ,ജമന്തി,വട്ടാപ്പലം...എല്ലാം നാട്ടിന്‍പുറത്തു ലഭ്യമായവ.അവര്‍ പൂക്കളം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സംഘത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു.എന്തുപറ്റി?
അപ്പോഴാണ് തൊട്ടപ്പുറത്തെ ക്ലാസില്‍ നിന്നും തിരുവാതിരക്കളിയുടെ പാട്ട് കേട്ടത്.ഏഴാം ക്ലാസിലെ മുഴുവന്‍ പെണ്‍കുട്ടികളും ചേര്‍ന്ന് തിരുവാതിരക്കളി അവതരിപ്പിക്കുന്നുണ്ട്.അതിന്റെ അവസാന റിഹേഴ്സലിന്റെ തിരക്കിലാണവര്‍.അവര്‍ പൂക്കള്‍ ആണ്‍കുട്ടികളെ ഏല്‍പ്പിച്ച് തൊട്ടപ്പുറത്തെ മുറിയിലേക്ക് ഓടുകയാണ്.
നിലത്ത് കുനിഞ്ഞിരുന്ന്, ജനാലയിലൂടെ ഊര്‍ന്നു വീഴുന്ന ഇളവെയിലില്‍ കുളിച്ച്, ഒരു ചരടിനറ്റത്ത് കെട്ടിയ ചോക്കുകൊണ്ട് നല്ല കൈയ്യൊതുക്കത്തോടെ പൂക്കളത്തിനു വൃത്തം വരയ്ക്കുന്ന കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു.കിരണ്‍!
എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അതെ.കിരണ്‍ തന്നെ.അവനെ സഹായിക്കാന്‍ ശ്രീരാഗും അതുലും അഖിലേഷുമൊക്കെയുണ്ട്.
വരയ്ക്കുന്നതിനിടയില്‍ കിരണ്‍ കൂട്ടുകാരോട് അഭിപ്രായങ്ങള്‍ ചോദിക്കുന്നു;വൃത്തത്തിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു;ഇടയ്ക് പൂക്കള്‍ പരിശോധിക്കുന്നു;വലുപ്പം കൂട്ടിയാല്‍ പൂക്കള്‍ തികയുമോ എന്ന് ആശങ്കപ്പെടുന്നു...
എനിക്ക് മനോഹരമായ ഒരു ചിരി അവന്‍ സമ്മാനിച്ചു.കിരണിന്റെ ആദ്യത്തെ ചിരി.
ആറാം ക്ലാസുമുതല്‍ ഞാനവനെ പഠിപ്പിക്കുന്നുണ്ട്.
എപ്പോഴെങ്കിലും അവന്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല.ക്ലാസില്‍ എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞാലുടനെ ഞാന്‍ അവനെയാണ് നോക്കുക.
അവന്‍ മാത്രം ചിരിക്കില്ല.മേഘം മൂടിയ ആകാശം പോലെയായിരിക്കും അവന്റെ മുഖം.അവന്‍ കൂട്ടുകാരോട് ആവശ്യത്തിനു മാത്രമേ സംസാരിക്കൂ.അവര്‍ പറയുന്നത് കേള്‍ക്കാനാണ് അവനിഷ്ടം.ഗ്രൂപ്പില്‍ അവന്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാറേയില്ല.
പക്ഷ,ഇന്ന് അവന്റെ മുഖം പ്രസന്നമായിരിക്കുന്നു.അവിടെ ഒരു കുഞ്ഞു നക്ഷത്രം തെളിഞ്ഞിരിക്കുന്നു.
കിരണും കൂട്ടുകാരും പൂക്കളമുണ്ടാക്കുകയാണ്.സംഘത്തിലെ അംഗസംഖ്യ
വര്‍ധിച്ചിരിക്കുന്നു.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം കുട്ടികളുണ്ട്. ഇത്രയും കുട്ടികള്‍ ചേര്‍ന്ന് എങ്ങനെയാണ് ഒരു പൂക്കളം ഉണ്ടാക്കുക?അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വരില്ലേ?ഇവര്‍ എങ്ങനെയാണ് യോജിപ്പിലെത്തുക?കണ്ടറിയണം. എനിക്ക് കൗതുകമായി.
അന്ന് തിരക്കുള്ള ദിവസമായിരുന്നു.ഓണാഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.ഉദ്ഘാടനം,തിരുവാതിരക്കളി,കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓണക്കളികള്‍,ഓണസദ്യ...
ഒരു നിമിഷം ഞാന്‍ എല്ലാം മറന്നു.ഫോട്ടോ എടുക്കാനെന്ന വ്യാജേന നിശബ്ദനായി ഞാനാപരിസരത്ത് ചുറ്റിപ്പറ്റി നിന്നു.
കിരണ്‍ ചോക്കുകൊണ്ട് പൂക്കളം വരയ്ക്കുകയാണ്.നല്ല ആത്മവിശ്വാസത്തോടെയാണ് അവന്‍ വരയ്ക്കുന്നത്.മറ്റു കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ സ്വീകരിക്കുന്നുണ്ട്.അതിനനുസരിച്ച് തന്റെ വരയില്‍ ആവശ്യമായ മാറ്റം വരുത്തുന്നു.കൂട്ടുകാര്‍ അവനെ വരയില്‍ സഹായിക്കുന്നുമുണ്ട്.
കിരണ്‍ എപ്പോഴാണ് ഇത്ര ധൈര്യത്തോടെ വരക്കാന്‍ പഠിച്ചത്?
ഞാന്‍ അത്ഭുതത്തോടെ കിരണിനെ നോക്കി.വലിയൊരു സംഘത്തിനു അവന്‍ നേതൃത്വം കൊടുക്കുകയാണ്.തികച്ചും ജനാധിപത്യരീതിയിലാണ് അവന്റെ ഇടപെടല്‍.ഓരോ ഘട്ടത്തിലും മറ്റുള്ളവരോട് അഭിപ്രായം ചോദിച്ചുകൊണ്ടാണ് അവന്‍ മുന്നോട്ടുപോകുന്നത്.
കിരണ്‍ എപ്പോഴാണ് ഇങ്ങനെ സംസാരിക്കാന്‍ പഠിച്ചത്?
ക്ലാസിലെ സംഘപ്രവര്‍ത്തനങ്ങളില്‍ തികച്ചും മൗനിയായിരിക്കുന്ന,മറ്റു കുട്ടികളാല്‍ അവഗണിക്കപ്പെടുന്ന കിരണ്‍ തന്നെയാണോ ഇത്?ഒരിക്കലും സ്വന്തം അഭിപ്രായം പറഞ്ഞിട്ടില്ലാത്ത കുട്ടി.അവന്‍ പഠിക്കും.പക്ഷേ...
കഴിഞ്ഞ വര്‍ഷം ആറാംക്ലാസില്‍ വെച്ച് ഒരു സംഭവമുണ്ടായി.ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബോള്‍പേന കൊണ്ട് അവന്‍ കുത്തി പരിക്കേല്‍പ്പിച്ചു.എല്ലാവരും ചേര്‍ന്ന് തന്നെ കളിയാക്കി എന്നതായിരുന്നു അവന്‍ നല്‍കിയ വിശദീകരണം.
അതില്‍പ്പിന്നെയാണ് കിരണിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
കിരണില്‍ കണ്ട മാറ്റത്തെ ഞാന്‍ എങ്ങനെയാണ് വിശദീകരിക്കുക?
ഇപ്പോള്‍ സംഘം രണ്ടായി പിരിഞ്ഞിരിക്കുന്നു.വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ തരംതിരിച്ച് തൊല്ലിയിടുകയാണ് ഒരു ഗ്രൂപ്പ്.മറ്റുള്ളവര്‍ പൂക്കളത്തിന്റെ ഡിസൈന്‍ വരച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഇനി പൂക്കളിടണം.
മധ്യത്തിലെ കളത്തില്‍ ഏതു പൂവിടും?പ്രശ്നമായി.പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു.
തൊല്ലിയിട്ട പൂക്കള്‍ പരിശോധിച്ചുകൊണ്ട് കിരണ്‍ പറഞ്ഞു.
"ചുവന്ന പൂവാണ് അധികം.അതു കൊണ്ട് നടുക്ക് ചുവപ്പ് വേണ്ട.മഞ്ഞ കോളാമ്പിയായാലോ?”
"മഞ്ഞയും ചുവപ്പും നന്നായി യോജിക്കും."അതുല്‍ പറഞ്ഞു.
"ദാ, മഞ്ഞയുടെ നടുക്ക് ഈ വെള്ള കട്ടചെമ്പരത്തി വെക്കാം."വെളുത്ത ചെമ്പരത്തിപ്പൂവ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അഖിലേഷ് പറഞ്ഞു."നടുക്ക് വെള്ള.ചുറ്റും ചുവപ്പ്.നല്ല ഭംഗിയുണ്ടാകും.”
കിരണ്‍ അതിനോട് യോജിച്ചു.കളങ്ങള്‍ പൂക്കളെക്കൊണ്ട് നിറയാന്‍ തുടങ്ങി.
നിറങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പാറ്റേണുകളെക്കുറിച്ചും കുട്ടികള്‍ക്ക് നല്ല ധാരണയുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളിലാണ് അതു നമ്മള്‍ തിരിച്ചറിയുന്നത്.
കുട്ടികള്‍ എത്ര അച്ചടക്കത്തോടേയും പരസ്പര ബഹുമാനത്തോടേയുമാണ് പൂക്കളം തയ്യാറാക്കുന്നത്!അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ അപ്പപ്പോള്‍ പരിഹരിക്കുന്നു.മുന്നോട്ടു പോകുന്നു.മികച്ച ഒരു സംഘപ്രവര്‍ത്തനത്തിന് ഇതിലും നല്ല മാതൃക വേറെയില്ല.
പൂക്കളം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ കിരണ്‍ എഴുന്നേറ്റ് അല്പം മാറി നിന്ന് പൂക്കളത്തെ നോക്കി.അവന്റെ മുഖത്ത് വീണ്ടും ചിരി പരന്നു.ഞാന്‍ അവന്റെ അടുത്തുചെന്ന് കൈപിടിച്ചു കുലുക്കി.
"കിരണ്‍, പൂക്കളം മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍!”
"താങ്ക് യു,സര്‍.”
അവന്റെ മുഖത്ത് ഒരു കുഞ്ഞു നക്ഷത്രം തെളിഞ്ഞു.
കൂട്ടുകാരുടെ അടുത്ത് ചെന്ന് അവന്‍ പറഞ്ഞു.
"പൂക്കളെക്കൊണ്ട് 'ഹാപ്പി ഓണം'എന്നുകൂടി എഴുതണം.”
അവര്‍ പിന്നീട് അതിനുള്ള ശ്രമം തുടങ്ങി.
കിരണ്‍ എന്ന കുട്ടി എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു പൂക്കളം വേണ്ടി വന്നു.ഒപ്പം അവനെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചില തിരിച്ചറിവുകളും സമ്മാനിച്ചു ഈ പൂക്കളം.
No comments:
Post a Comment