ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 30 August 2014

പ്രശ്നോന്നതീയ പഠനത്തെ എന്തിനാണ് പടിക്ക് പുറത്തുനിര്‍ത്തിയത്?


ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രമാണ് വിഷയം.'ഭക്ഷ്യസുരക്ഷ' എന്ന പാഠമാണ് പഠിപ്പിക്കുന്നത്.നമുക്കുചുറ്റും ദരിദ്രരായ ജനവിഭാഗങ്ങളുണ്ടെന്നും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ പലപദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ടെന്നതുമാണ് പഠനാശയം.

അട്ടപ്പാടി ആദിവാസി ഊരുകളിലെ പട്ടിണിമരണത്തെക്കുറിച്ച് ഒരു വാര്‍ത്താചാനലില്‍ വന്ന റിപ്പോര്‍ടിന്റെ വീഡിയോ ക്ലിപ്പിങ്ങ് കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നു.പോഷകാഹാരക്കുറവും പട്ടിണിയും മൂലം കുട്ടികള്‍ മരിക്കുന്നു.വാര്‍ത്ത കണ്ടതിനുശേഷം ചോദ്യം.
"ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം എന്താണ്?”
വാര്‍ത്തയെക്കുറിച്ച് ചര്‍ച്ച.
'ദാരിദ്ര്യം' എന്നു ബോര്‍ഡിലെഴുതുന്നു.


പാഠഭാഗത്തു നല്‍കിയ സൗമ്യ എന്ന കുട്ടിയുടെ ജീവിതാനുഭവത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരുന്നു.സൗമ്യയുടെ അമ്മയ്ക്ക് കൂലിപ്പണിയാണ്.ഒരാഴ്ചയായി അവര്‍ പനി പിടിച്ച് കിടപ്പിലാണ്.അവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.അടുക്കളയിലെ സാധനങ്ങള്‍ തീര്‍ന്നിരിക്കുന്നു.ഇനി സൗമ്യ എന്തുചെയ്യും? സൗമ്യയുടെ ജീവിതാനുഭവം കുട്ടികള്‍ മൗനമായി വായിച്ചു നോക്കുന്നു.

ദാരിദ്ര്യം എന്ന അവസ്ഥ കുട്ടികള്‍ക്ക് ഭാവനയില്‍ അനുഭവിക്കാന്‍ കഴിയണം.ഒരു നിമിഷനേരത്തേക്ക് അവര്‍ ദരിദ്രരാകണം.  ദാരിദ്ര്യം എന്ന അവസ്ഥയുമായി അവര്‍  താദാത്മ്യം പ്രാപിക്കണം.എങ്കിലേ അവരുടെ മനസ്സ് ഉണരൂ.പഠനം അര്‍ത്ഥവത്താകൂ.


കുട്ടികളെ ഏഴുപേരടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും ദാരിദ്ര്യം എന്ന വിഷയം നല്‍കി.ഈ വിഷയത്തെ അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും മൂന്ന് സ്റ്റില്ലുകള്‍ അവതരിപ്പിക്കണം.ആസൂത്രണത്തിനായി പത്തു മിനുട്ട് സമയം അനുവദിച്ചു.

കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.ദാരിദ്ര്യത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെയാണ് അവര്‍ നോക്കിക്കാണുന്നതെന്ന് എനിക്കു മനസ്സിലായി.ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വേദന,അവരുടെ ഒത്തൊരുമ,അതിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം,ദരിദ്രരെ തല്ലിയോടിക്കുന്നവര്‍,അതിനെ പുച്ഛത്തേടെ നോക്കിക്കാണുന്നവര്‍,അതിനെ കണ്ടില്ലെന്നു നടിക്കുന്നവര്‍....


ചില ഗ്രൂപ്പുകള്‍ ചില തീരുമാനങ്ങള്‍ മാത്രമെടുത്തു.ബാക്കി അവതരണസമയത്തെ ഇംപ്രൊവൈസേഷന്‍.മറ്റു ചിലര്‍ റിഹേഴ്സല്‍ ചെയ്തുനോക്കി.അവസാന മിനുക്കുപണികള്‍ നടത്തി.

ഒടുവില്‍ അവതരണത്തിനുള്ള നേരമായി.ഗ്രൂപ്പുകള്‍ ഒന്നൊന്നായി വന്ന് അവതരിപ്പിച്ചുകൊണ്ടിരുന്നു.സ്പീക്കറിലൂടെ ഉയര്‍ന്നു വന്ന സംഗീതം കുട്ടികളുടെ അവതരണത്തിനുള്ള പശ്ചാത്തലമൊരുക്കി.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ആ സംഗീതം അവരെ ശരിക്കും കഥാപ്പാത്രങ്ങളാക്കി മാറ്റി.ഒരു നമിഷത്തേക്ക് കുട്ടികള്‍ ദാരിദ്ര്യത്തിന്റെ തീരാദുഖത്തിലേക്ക്  എടുത്തെറിയപ്പെട്ടു.രോഗികള്‍,അംഗവൈകല്യം സംഭവിച്ചവര്‍,വാര്‍ദ്ധക്യം ബാധിച്ചവര്‍,പട്ടിണികിടന്ന് മരണം വരിക്കുന്നവര്‍,ഭക്ഷണത്തിനുപകരം വിശ്വാസം നല്‍കുന്നവര്‍,പണക്കാരുടെ കാരുണ്യത്തിനായി കൈ നീട്ടുന്നവര്‍,അവരുടെ ആട്ടും തുപ്പും സഹിക്കുന്നവര്‍....


ദാരിദ്ര്യം എന്താണെന്നറിയാത്ത ഒരു പതിനൊന്നുവയസ്സുകാരിക്ക് ഈ അനുഭവം ഉള്‍ക്കാന്‍ കഴിയുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം.പക്ഷേ, അതു വെറുതെയായിരുന്നു.

കുട്ടികളുടെ അവതരണത്തിന്റെ ഒരു പൊതു വിലയിരുത്തലിനുശേഷം
എത്ത്യോപ്യയിലെ പട്ടിണി യെക്കുറിച്ചുള്ള അഞ്ചുമിനുട്ട് വീഡിയോച്ചിത്രം കാണുന്നു.
ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ചിലരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

 ക്ലാസിലെ വിറങ്ങലിച്ച നിശബ്ദതയില്‍ ദാരിദ്ര്യം എന്നാലെന്താണെന്ന ചോദ്യം ഞാന്‍ ഉന്നയിച്ചു.അത് നിങ്ങള്‍ എങ്ങനെയാണ് എഴുതി അവതരിപ്പിക്കുക?
ഒരു നിമിഷം കുട്ടികള്‍ ആലോചിച്ചു.പിന്നീട് നിശബ്ദമായി നോട്ടുപുസ്തകത്തില്‍ കുറിക്കാന്‍ തുടങ്ങി.


ആഹാരം കിട്ടാതെ മരിക്കേണ്ടിവരുന്ന അവസ്ഥ എന്നായിരുന്നു ആകാശിന്റെ പ്രതികരണം.
വിശപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ എന്ന് സനിക.
പോഷകാംശമുള്ള ആഹാരം കിട്ടാത്തതും നല്ല വസ്ത്രങ്ങളും വീടുമില്ലാത്ത അവസ്ഥ-ഇങ്ങനെയായിരുന്നു നവീന്‍ എഴുതിയത്.
ജിഷ്ണു എഴുതിയിരിക്കുന്നു.
ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,വിദ്യാഭ്യാസം,ജോലി..ഇതൊന്നുമില്ലാത്തവരാണ് ദരിദ്രര്‍.
വ്യത്യസ്തമായ അഭിപ്രായങ്ങള്‍.
പാഠഭാഗത്ത് ദാരിദ്ര്യവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണങ്ങള്‍ കുട്ടികള്‍ എഴുതിയതുമായി ചേര്‍ത്തുവായിക്കുകയായിരുന്നു പിന്നീട് ചെയ്തത്.


അടുത്തതായി പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉന്നയിച്ചു.
"എങ്കില്‍ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?”
വീണ്ടും കുട്ടികളുടെ ആലോചന.
"നമ്മെ ആരാണോ ഭരിക്കുന്നത്,അവര്‍ക്ക്."നന്ദന പറഞ്ഞു.
"നമ്മുടെ സര്‍ക്കാരിന്."അമര്‍നാഥ് പറഞ്ഞു.
"നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്."നവീന്‍ ഒന്നാലോചിച്ച് എഴുന്നേറ്റുനിന്ന് പറഞ്ഞു.
അതുവരെ മിണ്ടാതിരുന്ന ഷീബ എഴുന്നേറ്റു.
"ഒന്ന്വല്ല മാഷേ,നമുക്കു തന്നെയാണ് ഉത്തരവാദിത്തം.ദാരിദ്ര്യംഇല്ലാതാക്കേണ്ടത് നമ്മള്‍ തന്നെയാണ്.”
നവ്യയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.


വ്യത്യസ്തമായ അഭിപ്രായങ്ങള്‍.ഇതില്‍ ഏത് അഭിപ്രായത്തോടാണ് നിങ്ങള്‍ യോജിക്കുന്നത്?
"ഷീബയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല,സാര്‍.നാട് ഭരിക്കുന്നവര്‍ക്കാണ് അവിടത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം."ആദര്‍ശ് പറഞ്ഞു.
ആദര്‍ശിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു.
"സര്‍ക്കാരിനും സമൂഹത്തിനും.രണ്ടു പേര്‍ക്കുമാണ് ഉത്തരവാദിത്തം.നമ്മൂടെ തൊട്ടടുത്ത വീട്ടില്‍ പട്ടിണിയുണ്ടെങ്കില്‍ നമ്മള്‍ അതു നോക്കിയിരിക്കാന്‍ പാടില്ല.”
ശിവനന്ദന്‍ പറഞ്ഞു.
ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികളെ ക്കുറിച്ചുള്ള വിവരശേഖരണവും കുറിപ്പു തയ്യാറാക്കലുമായിരുന്നു  അടുത്തപ്രവര്‍ത്തനം.



ഭക്ഷ്യസുരക്ഷ,ഭക്ഷ്യസ്വയംപര്യാപ്തത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു രണ്ടാമത്തെ മൊഡ്യൂള്‍.കെവിന്‍ കാര്‍ട്ടറുടെ പ്രശസ്തമായ ഫോട്ടോ കാണിച്ചുകൊണ്ടായിരുന്നു തുടങ്ങിയത്.

കുട്ടികള്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.ഒരു നിമിഷനേരത്തെ നിശബ്ദത.

"ഈ ഫോട്ടോ കണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?നിങ്ങളുടെ പ്രതികരണം കുറിക്കാമോ?”
"വേദനിപ്പിക്കുന്ന കാഴ്ചതന്നെ.പട്ടിണി കിടന്ന് മരിക്കാറായ കുട്ടി.അവന് മുകളില്‍ ചാടിവീഴാന്‍ നില്‍ക്കുന്ന കഴുകന്‍...”



എങ്കില്‍ കുട്ടി ഉള്‍പ്പെടുന്ന ഈ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെപ്പറയാം?
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.
ആ രാജ്യത്തെ ഭരണാധികാരികളോടുള്ള രോഷം മിക്കവാറും എല്ലാ കുട്ടികളുടേയും എഴുത്തില്‍ പ്രകടമായിരുന്നു.ഉദാഹരണമായി ആദിത്യ എഴുതിയത് നോക്കൂ..



തുടര്‍ന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നുണ്ടോ എന്നതും എന്താണ് ഭക്ഷ്യസ്വയം പര്യാപ്തത എന്നുള്ളതും കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തും വായനാസാമഗ്രികള്‍ വായിച്ചും വിശദീകരിച്ചു.ഭക്ഷ്യസ്വയംപര്യാപ്തതയുടെ കാര്യത്തില്‍ കേരളവും ഉത്തര്‍പ്രദേശും താരതമ്യം ചെയ്തു.ഭക്ഷ്യസ്വയം പര്യാപ്തത നേടിയിട്ടും ഉത്തര്‍പ്രദേശില്‍ കേരളത്തെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണം കൂടാനുള്ള  കാരണങ്ങള്‍ കണ്ടെത്തി നിഗമനങ്ങള്‍ രൂപീകരിച്ചു....

സാമൂഹ്യപ്രശ്നങ്ങള്‍ ക്ലാസുമുറിയിലേക്ക് കടന്നുവരുമ്പോള്‍ പഠനം സജീവവും അര്‍ത്ഥവത്താകുന്നതുമെങ്ങനെയെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.ഇവിടെ  ക്ലാസുമുറി സമൂഹത്തിലേക്കു വളരുന്നു.സമൂഹം ക്ലാസമുറിയിലേക്കും.സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കുട്ടികളെ ചിന്തിപ്പിക്കുന്നു.വ്യത്യസ്ത വീക്ഷണകോണിലൂടെ അവര്‍ അതിനെ നോക്കിക്കാണുന്നു. വസ്തുതകളെ അപഗ്രഥിക്കുന്നു.വിമര്‍ശന വിധേയമാക്കുന്നു.സ്വന്തം നിലപാടുകള്‍ സ്വീകരിക്കുന്നു.

.

.വിവരങ്ങളെ അപഗ്രഥിക്കുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും വിമര്‍ശനവിധേയമാക്കുമ്പോഴുമാണ് യഥാര്‍ത്ഥ പഠനം നടക്കുന്നത്. 


എം.എം.സുരേന്ദ്രന്‍. 





Saturday, 23 August 2014

നോട്ടുപുസ്തകം സയന്‍സ് ജേര്‍ണലാകുന്നത് എപ്പോള്‍?

പരസ്പരവിലയിരുത്തല്‍ കുട്ടികളുടെ നോട്ടുപുസ്തകത്തില്‍ എന്തു മാറ്റം വരുത്തി?


 ഏഴാം ക്ലാസ് സയന്‍സിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തലിന്റെ അനുഭവങ്ങള്‍ 'വിലയിരുത്തല്‍തന്നെ പഠനം' എന്ന പേരില്‍ ജൂലായ് മാസത്തെ പോസ്റ്റില്‍ ചര്‍ച്ചചെയ്യുകയുണ്ടായി.ആ പോസ്റ്റിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

“….. അനുശ്രീ തന്റെ കൂട്ടുകാരന്‍ അജയ് കൃഷ്ണയുടെ സയന്‍സ് നോട്ടിലെ ഒന്നാമത്തെ യൂണിറ്റ് വിലയിരുത്തിയെഴുതിയ കുറിപ്പാണിത്.

എഴുത്ത് ചിലയിടത്ത് ഭംഗിയാക്കാന്‍ ശ്രദ്ധിക്കണം.മെച്ചപ്പെടുത്തിയ ചോദ്യാവലികള്‍ കുറഞ്ഞുപോയി.ചിത്രങ്ങള്‍ ഭംഗിയായിട്ടുണ്ട്.രേഖപ്പെടുത്തലുകള്‍ ക്രമമായിട്ടുണ്ട്.അന്വേഷണപ്രൊജക്ടുകള്‍ ചെയ്തതും രേഖപ്പെടുത്തിയതും നന്നായിട്ടുണ്ട്.ചിത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്.കൂടുതല്‍ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്.എല്ലാപ്രവര്‍ത്തനത്തിന്റേയും കുറിപ്പുകളുമുണ്ട്....

അജയ് കൃഷ്ണ ഇത് ആകാംഷയോടെയാണ് വായിച്ചു നോക്കിയത്.ഈ കുറിപ്പ് അവന്റെ നോട്ടുപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍  മെച്ചപ്പെടുത്തുന്നതിന്ന് അവനെ സഹായിക്കുമോ?
അടുത്ത യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തും.
അപ്പോള്‍ അറിയാം.”

രണ്ടാം യൂണിറ്റിന്റെ അവസാനം കുട്ടികള്‍ വീണ്ടും വിലയിരുത്തി.
അവരുടെ നോട്ടുപുസ്തകങ്ങളുടെ കെട്ടും മട്ടും മാറിയിരിക്കുന്നു!
എന്താണു മാറ്റം?പരിശോധിക്കാം.

നോട്ടുപുസ്തകം വിലയിരുത്താനായി കഴിഞ്ഞതവണ കുട്ടികള്‍ രൂപപ്പെടുത്തിയ സൂചകങ്ങള്‍ ഇവയായിരുന്നു.



  • നോട്ടുപുസ്തകത്തിന്റെ ഭംഗി(കൈയക്ഷരം,തെറ്റുകൂടാതെ എഴുതല്‍,ശീര്‍ഷകങ്ങളും മറ്റും ഭംഗിയാക്കല്‍.)
  • ചിത്രങ്ങളുടെ ഭംഗി,ശരിയായ അടയാളപ്പെടുത്തല്‍
  • ഉള്ളടക്കം(കുട്ടി സ്വന്തമായിചെയ്യുന്ന വിവരശേഖരണം,അന്വേഷണ പ്രൊജക്ടുകള്‍,കുറിപ്പുകള്‍...)
  • ക്രമമായ രേഖപ്പെടുത്തല്‍
 ഈ സൂചകങ്ങളും അവര്‍ പരസ്പരം നല്‍കിയ ഫീഡ്ബാക്കുകളുമായിരുന്നു കുട്ടികളുടെ സയന്‍സ് നോട്ടുപുസ്തകത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയത്.

പ്രകാശത്തിന്റെ പ്രകീര്‍ണ്ണനവുമായി ബന്ധപ്പെട്ട് പ്രിസം ഉപയോഗിച്ച് ക്ലാസില്‍ ചെയ്തപരീക്ഷണത്തന്റെ കുറിപ്പാണ് അജയ് കൃഷ്ണന്‍ തന്റെ നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സില്‍ പതിഞ്ഞ മഴവില്ലിന്റെ വര്‍ണ്ണ രാജിയാണ്
തന്റെ എഴുത്തിന് പശ്ചാത്തലമായി അവന്‍ നല്‍കിയിരിക്കുന്നത്.അവന്റെ കൈയ്യക്ഷരം നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ് അവന്റെ നോട്ടുപുസ്തകം.ഒപ്പം അവന്റെ സര്‍ഗ്ഗവാസനകളുടെ ചില അടയാളങ്ങളും പുസ്തകത്തിലുണ്ട്.



ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കളര്‍ ഡിസ്ക്കുമായാണ് രാഹുല്‍ രവീന്ദ്രന്‍ ഒരു ദിവസം ക്ലാസില്‍ വന്നത്.അത് അഭിമാനത്തോടെ അവന്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.അത് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് വിശദീകരിച്ചു.അവന്‍ അതു നിര്‍മ്മിച്ച രീതി ചിത്രത്തിന്റെ സഹായത്തോടെ നോട്ടില്‍ വിശദീകരിച്ചിരിക്കുന്നു.ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പിറ്റേ ദിവസം ഏതാണ്ട് പത്തോളം കുട്ടികള്‍ ഇത്തരം കളര്‍ ഡിസ്ക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടുവന്നു.

കഴിഞ്ഞ തവണ രാഹുലിന് കിട്ടിയ ഫീഡ് ബാക്കിലെ ഒരു വരി ഇങ്ങനെയായിരുന്നു.
'ഹോംവര്‍ക്കുകളും അന്വേഷണപ്രൊജക്ടുകളും ചെയ്യുന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ട്.'
ഇത്തവണ രാഹുലിന് കിട്ടിയ ഫീഡ് ബാക്ക് നോക്കൂ.



കിരണ്‍ അവനുണ്ടാക്കിയ കാലിഡോസ്ക്കോപ്പിനെക്കുറിച്ചാണ് എഴുതിയത്.അര്‍ഷിത ജലത്തിലൂടെ പ്രകാശം കടത്തിവിട്ട് മഴവില്ല് ഉണ്ടാക്കിയ വിദ്യയെക്കുറിച്ച് എഴുതിയിരിക്കുന്നു.

രണ്ടാമത്തെ യൂണിറ്റ് വിലയിരുത്തിയപ്പോള്‍ അവള്‍ക്കു കിട്ടിയ ഫീഡ് ബാക്ക് നോക്കൂ.

 അഖിലേഷ് അവനുണ്ടാക്കിയ പെരിസ്ക്കോപ്പിനെക്കുറിച്ചും ധനസ്സ് ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച്   ഉണ്ടാക്കിയ വലിയ കോണ്‍വെക്സ് ലെന്‍സിനെക്കുറിച്ചും മനോഹരമായ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.അവന്റെ കൈയ്യിലെ ലെന്‍സ് കണ്ട് മറ്റു കുട്ടികള്‍ അത്ഭുതപ്പെട്ടു.അതിലൂടെ നോക്കുമ്പോള്‍ എല്ലാം വളരെ വലുതായിക്കാണുന്നു.അതുണ്ടാക്കാനാനുള്ള ശ്രമത്തില്‍ നാലു ബള്‍ബുകള്‍ അവന്റെ കൈയ്യില്‍നിന്നും ഉടഞ്ഞുപോയി.അഞ്ചാമത്തേതാണ് വിജയിച്ചത്.ഈ ലെന്‍സ് ഉപയോഗിച്ച് സനിമ കാണിക്കാനുള്ള വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണവന്‍.

കുട്ടികളുടെ നോട്ടുപുസ്തകങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാകാനുള്ള കാരണം എന്താണ്?
ഒന്ന് കുട്ടികളുടെ പരസ്പരവിലയിരുത്തല്‍.രണ്ട് അവര്‍ പരസ്പരം എഴുതി നല്‍കിയ ഫീഡ് ബാക്ക്.

തങ്ങളുടെ  നോട്ടുപുസ്തകങ്ങള്‍ നേത്തെ രൂപപ്പെടുത്തിയ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം പരിശോധിക്കുന്നതിലൂടെ സ്വന്തം പരിമിതികള്‍ മനസ്സിലാക്കാനും ഗുണങ്ങള്‍ തിരിച്ചറിയാനും ഇതവരെ സഹായിച്ചു.തന്റെ പരിമിതികളെ മറികക്കാനുള്ള ഉറച്ച തീരുമാനങ്ങളിലേക്ക് ഇതു കുട്ടികളെ നയിച്ചിട്ടുണ്ടാകണം.

ഓരോ യൂണിറ്റു കഴിയുമ്പോഴും കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ വിലയിരുത്തുകയും ചുവന്ന മഷികൊണ്ട് അക്ഷരത്തെറ്റുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്യുന്ന കര്‍ക്കശക്കാരായ അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇതുകൊണ്ട് ഏതെങ്കിലും കുട്ടികളുടെ അക്ഷരത്തെറ്റുകള്‍ കുറഞ്ഞിട്ടുണ്ടാകുമോ?അവരുടെ കൈയ്യക്ഷരം നന്നായിട്ടുണ്ടാകുമോ?മുന്‍കാല അനുഭവം വെച്ചുപറയാം:ഒരിക്കലുമില്ല.പക്ഷേ,ഈ അധ്യാപകര്‍ അതു ചെയ്തുകൊണ്ടേയിരിക്കും.എങ്കിലേ അവര്‍ തൃപ്തരാകൂ.

വിലയിരുത്തലുമായി ബന്ധപ്പെട്ട കഴിഞ്ഞ പോസ്റ്റില്‍ ഹരിത എന്ന പെണ്‍കുട്ടി വിലയിരുത്തല്‍ക്കുറിപ്പ് വായിച്ച് പരാതിപ്പെട്ടകാര്യം സൂചിപ്പിച്ചിരുന്നു.തന്റെ എഴുത്തില്‍ ഒരക്ഷരത്തെറ്റുപോലുമില്ലെന്ന് അഹങ്കരിച്ചിരുന്ന അവളുടെ നോട്ടുപുസ്തകത്തിലെ  തെറ്റുകള്‍ മറ്റുള്ളവര്‍ കണ്ടുപിടിച്ചപ്പോഴുള്ള ജാള്യതയായിരുന്നു അവള്‍ക്ക്.പക്ഷേ,ഇത്തവണ അവളുടെ നോട്ടില്‍ ഒരു തെറ്റുപോലും കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.അവര്‍ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും.

 ഇനി കുട്ടികളുടെ പരസ്പരവിലയിരുത്തലിനിടയില്‍ അധ്യാപകന്റെ റോള്‍ എന്താണ്?
ഒരോ കുട്ടിയുടേയും നോട്ടുപുസ്തകത്തില്‍ അവന്റെ സഹപാഠി നല്‍കിയ ഫീഡ് ബാക്ക് അധ്യാപകന്‍ വായിച്ചുനോക്കണം. അവനുകിട്ടിയ ഗ്രേഡ് കുറിച്ചുവെക്കണം.അവന്റെ നോട്ടുപുസ്തകത്തില്‍ ഇനി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ധാരണ രൂപീകരിക്കണം.അതു കുട്ടിയുമായി 
പങ്കുവെക്കണം.അപ്പോള്‍ മാത്രമേ നോട്ടുപുസ്തകം പിന്നേയും വളരൂ.
 കുട്ടികള്‍ എപ്പോഴാണ് സ്വന്തം നോട്ടുപുസ്തകത്തെ ഇഷ്ടപ്പെട്ടു തുടങ്ങുക?എപ്പോഴാണ് തന്റെ പുസ്തകം ഇടക്കിടെ മറിച്ചുനോക്കണമെന്ന് അവള്‍ക്ക് തോന്നുക?


 കണ്ടും കേട്ടും വായിച്ചും നിരീക്ഷിച്ചും പരീക്ഷിച്ചും കൂട്ടുകാരുടേയും അധ്യാപകന്റെയും സഹായം തേടിയും കുട്ടി ക്ലാസുമുറിയില്‍ നിന്നും രൂപീകരിക്കുന്ന അറിവ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ അവള്‍ക്ക് കഴിയണം.അതവളുടെ പ്രിയപ്പെട്ട അറിവായിരിക്കും.അത് രേഖപ്പെടുത്തിയ പുസ്തകവും.സ്വന്തമായി ഏറ്റെടുത്തുചെയ്യുന്ന പ്രൊജക്ടുകളെക്കുറിച്ചും ഡിസൈന്‍ ചെയ്യുന്ന പരീക്ഷണങ്ങളെക്കുറിച്ചുമുള്ള രേഖപ്പടുത്തലുകളും ചിത്രങ്ങളും  അതിലുണ്ടാകണം.തന്റെ കണ്ടെത്തലുകള്‍ തനിക്കു തോന്നുന്ന രീതിയില്‍ അതില്‍ എഴുതിവെക്കാന്‍ കഴിയണം.അതാതു പഠനമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും അതില്‍ വേണം.കുട്ടിക്ക് തന്റെ സര്‍ഗ്ഗപരമായ കഴിവുകള്‍ അതില്‍ പ്രയോഗിക്കാന്‍ കഴിയണം-അതിലെ ചിത്രങ്ങളില്‍,ലേ ഔട്ടില്‍,അത് നിറം നല്‍കി മനോഹരമാക്കുന്നതില്‍....അപ്പോഴാണ് അത് കുട്ടിയുടെ സ്വന്തം സയന്‍സ് നോട്ടുപുസ്തകമാകുന്നത്.അതവള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കും.വീണ്ടും വീണ്ടും തുറന്നുനോക്കും.  അത് തുറന്നുനോക്കുമ്പോള്‍ അവള്‍ക്ക് ഒരിക്കലും ഉറക്കം വരില്ല.

 രണ്ടു യൂണിറ്റു കഴിഞ്ഞതേയുള്ളു.എന്റെ കുട്ടികള്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നറിയാം.പക്ഷേ,അവര്‍ നേരായ വഴിയിലാണ്. രണ്ടു യൂണിറ്റുകൂടി കഴിയുമ്പോള്‍ അവരുടെ നോട്ടുപുസ്തകത്തില്‍ ഗുണപരമായ   മാറ്റങ്ങള്‍ ഇനിയുമുണ്ടായേക്കാം.അപ്പോള്‍ ആ മാറ്റങ്ങളും അനുഭവങ്ങളും    മാന്യവായനക്കാരുമായി പങ്കുവയ്ക്കാം.





Saturday, 16 August 2014

തെരഞ്ഞെടുപ്പ് എന്ന പാഠപുസ്തകം


സമയം രാവിലെ പതിനൊന്നര.
പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഹാളിനുമുന്നില്‍ വരിവരിയായി നിന്നിട്ടുണ്ട്.ഓരോ ബൂത്തിലെയും പ്രിസൈഡിങ്ങ് ഓഫിസര്‍മാര്‍ അതാതു ബൂത്തിലെ മറ്റു ഉദ്യോഗസ്ഥന്‍മാരെ കണ്ടെത്തി സംഘമായിട്ടാണ് നില്‍പ്പ്.മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ ഓരോ സംഘത്തിലുമുണ്ട്.ആകെ അഞ്ചുപേര്‍.
മൈക്കിലൂടെ അറിയിപ്പ് വന്നു.

"മൂന്നാം ക്ലാസിലെ ആദിത്യ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല. ആദിത്യ എത്രയും പെട്ടെന്ന് ബൂത്ത് നമ്പര്‍ അഞ്ചിലെ പ്രിസൈഡിങ്ങ് ഓഫീസറുമായി ബന്ധപ്പെടുക.”

ആദിത്യ  എവിടേനിന്നോ ഓടി വന്നു. അവളുടെ മുഖത്ത് പരിഭ്രമം.അവള്‍ ബൂത്ത് നമ്പര്‍ നാലിലെ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ചേര്‍ന്നു. പ്രിസൈഡിങ്ങ് ഓഫിസര്‍ അവളെ ശകാരിക്കുന്നതു കണ്ടു.
ഓരോ സംഘവും കൗണ്ടറില്‍ നിന്നും പോളിങ്ങ് സാമഗ്രികള്‍ കൈപ്പറ്റി.
പ്രിസൈഡിങ്ങ് ഓഫിസര്‍ ഒപ്പിട്ടു നല്‍കി.സംഘാംഗങ്ങള്‍ ദൂരെ മാറിയിരുന്ന് പോളിങ്ങ് സാമഗ്രികള്‍ പട്ടികയുമായി ഒത്തുനോക്കി പരിശോധിച്ചു.ബാലറ്റ് പെട്ടി,ക്യാരറ്റ് സീല്‍,സീല്‍ പാഡ്,ഇന്‍ഡജിബ്ള്‍ ഇന്‍ക്,സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ ബാലറ്റ് പേപ്പര്‍,വോട്ടര്‍ പട്ടിക,വോട്ടേര്‍സ് സ്ലിപ്പ്,വേസ്റ്റ് പേപ്പര്‍,ഈര്‍ക്കില്‍ കഷണം....


പോളിങ്ങ് സാമഗ്രികള്‍ സൂക്ഷ്മപരിശോധന നടത്തി ഏതെങ്കിലും വസ്തുക്കള്‍ കുറവുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു.പോളിങ്ങ് ഓഫീസര്‍മാര്‍  ഒരിക്കല്‍കൂടി തങ്ങളുടെ സാമഗ്രികള്‍ പരിശോധിച്ചു.ഒന്നും കുറവില്ല.എല്ലാം ഭദ്രം.ഓരോ ബൂത്തിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസുകാരുടെ അകമ്പടിയോടെ സംഘം ബൂത്തിലേക്കു നടന്നു നീങ്ങി.

പോളിങ്ങ് ഉദ്യോഗസ്ഥര്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ബൂത്തിലേക്ക് പോകുന്നത്.ബൂത്തില്‍ തങ്ങളുടെ ഡ്യൂട്ടി എന്താണെന്ന് ഓരോരുത്തര്‍ക്കും നന്നായി അറിയാം.കാരണം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് കിട്ടിയിരുന്നു.ഓരോ നമ്പറുകാരുടേയും ഡ്യൂട്ടി എന്താണെന്നതിനെക്കുറിച്ചുള്ള വിശദമായ ക്ലാസ്.സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍മാരായ അതുല്‍ ചന്ദ്രനും സ്വാതിയും ചേര്‍ന്നായിരുന്നു ക്ലാസ് എടുത്തത്.ഇവരായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍.ക്ലാസ് കഴിഞ്ഞപ്പോള്‍ ഐഫൂന എന്റെ അടുത്ത് വന്നു പറഞ്ഞു.
"മാഷേ,ക്ലാസ് ജോറായി.ബൂത്തിലെത്തിയാല്‍ എന്തു ചെയ്യണമെന്നത് ഇപ്പോഴാണ് ശരിക്കുമനസ്സിലായത്.”

തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനമുണ്ടായിരുന്നു.ഓരോ ക്ലാസില്‍ നിന്നും ആ ആഴ്ച പത്രം തയ്യാറാക്കേണ്ട പത്രക്കാരുടെ ഗ്രൂപ്പായിരുന്നു അതില്‍ പങ്കെടുത്തത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം,പ്രചരണസമയത്ത് പാലിക്കേണ്ട മര്യാദകള്‍,ബാലറ്റു പേപ്പറിന്റെ മാതൃക,ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ എണ്ണം, വോട്ടു ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളൊക്കെ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി.അടുത്ത ദിവസത്തിലെ പത്രത്തിലെ പ്രധാനവാര്‍ത്തകള്‍  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.

പത്രവാര്‍ത്ത വായിച്ച് അഞ്ചാം ക്ലാസിലെ മാളവിക എന്റെ അടുത്തുവന്ന് ചോദിച്ചു.
"മാഷേ,ഈ ബാലറ്റുപേപ്പര്‍ എന്നുവച്ചാലെന്താ?”
"വോട്ടുചെയ്യുന്ന കടലാസ്.അതില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും കാണും.നമുക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനുമുകളില്‍ സീലുചെയ്യണം.എങ്ങനെയാണ് വോട്ടുചെയ്യേണ്ടത് എന്നൊക്ക പിന്നീട് സ്ഥാനാര്‍ത്ഥികള്‍ വന്ന് നിങ്ങള്‍ക്ക് കാണിച്ചുതരും.”
‍ഞാന്‍ വിശദീകരിച്ചുകൊടുത്തു.അവള്‍ക്ക് സമാധാനമായി.


പോളിങ്ങ് ആരംഭിച്ചു.ഓരോ ബൂത്തിനുമുന്നിലും കുട്ടികളുടെ നീണ്ട ക്യൂ.എല്ലാവരുടേയും കൈയില്‍ വോട്ടര്‍ സ്ലിപ്പുണ്ട്.കുട്ടികളെ നിയന്ത്രിക്കാന്‍ പോലീസുകാരുമുണ്ട്.

ക്യൂവിലെ ആദ്യത്തെ വോട്ടര്‍ അകത്തു കടന്നു.കൈയിലെ സ്ലിപ്പ് ഒന്നാമത്തെ പോളിങ്ങ് ഓഫീസറെ ഏല്‍പ്പിച്ചു.പോളിങ്ങ് ഓഫീസര്‍ സ്ലിപ്പിലെ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി വോട്ടറുടെ പേര് ഉറക്കെ വായിച്ചു.വോട്ടര്‍പട്ടികയില്‍ വോട്ടറുടെ ഒപ്പ് വാങ്ങിച്ചു.രണ്ടാമത്തെ പോളിങ്ങ് ഓഫീസര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടി.മൂന്നും നാലും പോളിങ്ങ് ഓഫീസര്‍മാര്‍ ബാലറ്റുപേപ്പര്‍ വിതരണം ചെയ്തു.

ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഒരു വോട്ടര്‍ക്ക്  മൂന്നു ബാലറ്റു പേപ്പറുകളുണ്ട്.സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എന്നിങ്ങനെയാണിത്.പാര്‍ലമെന്റിലേക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലാണ്  തെരഞ്ഞെടുപ്പ് നടക്കുക.മറ്റു ക്ലാസുകളില്‍ അഞ്ചുപേര്‍ വീതമേയുള്ളു.അതുകൊണ്ട് ഈ ക്ലാസുകളില്‍ പാര്‍ലമെന്റിലേക്കുള്ള ബാലറ്റുപേപ്പര്‍ ഇല്ല.

അഞ്ചാമത്തെ പോളിങ്ങ് ഓഫീസര്‍ നല്‍കിയ മഷി പുരട്ടിയ സീലുമായി വോട്ടര്‍ മുറിയുടെ ഒരു മൂലയില്‍ സജ്ജീകരിച്ച വോട്ടിങ്ങ് കമ്പാര്‍ട്ടുമെന്റിലേക്കു നടന്നു.ഒരു നിമിഷം ആലോചിച്ചു.ബാലറ്റു പേപ്പറിലെ ചിഹ്നത്തിനു നേരെ ശ്രദ്ധാപൂര്‍വ്വം സീലു പതിപ്പിച്ചു.പോളിങ്ങ് ഓഫീസര്‍മാര്‍ അടയാളപ്പെടുത്തി നല്‍കിയ അതേ വരിയിലൂടെ മടക്കി അതു ബാലറ്റുപെട്ടിയില്‍ നിക്ഷേപിച്ചു.

പുറത്തുവന്നപ്പോള്‍ ഞാനവനോട് സ്വകാര്യമായി ചോദിച്ചു.
"ആര്‍ക്കാണ് വോട്ടുചെയ്തത്?”
അവന്‍ മറുപടി പറഞ്ഞില്ല.ഒന്നു ചിരിക്കുകമാത്രം ചെയ്തു.
"ശരി.നീ ഒരു കുട്ടിക്ക്  വോട്ടുചെയ്തുവല്ലോ.എന്തുകൊണ്ടാണ് നീ ആ  കുട്ടിക്ക് തന്നെ വോട്ടുചെയ്തത്?”
"അവള്‍ക്ക് അഹങ്കാരമില്ല.മറ്റയാള്‍ അങ്ങനെയല്ല.കുറച്ചു കുട്ടികളോടെ മിണ്ടൂ.”

കുട്ടികള്‍ വോട്ടുചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡമെന്താണെന്നറിയാന്‍ എനിക്ക് കൗതുകമായി.
പലകുട്ടികളോടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

"അവന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും.”
"കഴിഞ്ഞതവണ ക്ലാസ് ലീഡറായപ്പോള്‍ അവള്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.”
"ഭക്ഷണം കഴിച്ച സ്ഥലം അവള്‍ വൃത്തിയാക്കില്ല.അതുകൊണ്ടാണ് അവള്‍ക്ക് വോട്ടുകൊടുക്കാത്തത്.”
"അവന്‍ എന്തു സഹായം വേണമെങ്കിലും ചെയ്തുതരും..”
"ഉച്ചഭക്ഷണം നന്നാക്കാന്‍ ശ്രമിക്കും എന്നവന്‍ പറഞ്ഞിട്ടുണ്ട്.”
രസകരമായിരുന്നു കുട്ടികളുടെ പ്രതികരണങ്ങള്‍.



അതിനിടയില്‍ ബൂത്ത് നമ്പര്‍ ഏഴില്‍ നിന്നും ഒരു കള്ളവോട്ട് പിടികൂടി എന്ന വാര്‍ത്ത പരന്നു.അന്വേഷിച്ചപ്പോള്‍ കള്ളവോട്ട് പിടിക്കുമോ എന്നറിയാന്‍ ഒരു കുട്ടിയെ പറഞ്ഞയച്ച് ടീച്ചര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അത്.ടീച്ചര്‍ എന്റെയടുത്ത് വന്ന് പറഞ്ഞു.
"ഉദ്യോഗസ്ഥര്‍ മിടുക്കരാണ്.അവര്‍ കള്ളവോട്ട് കയ്യോടെ പിടികൂടി.”


ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടെടുപ്പ് കഴിഞ്ഞു.
മൈക്കിലൂടെ അറിയിപ്പ് വന്നു.
"പോളിങ്ങ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്.പോളിങ്ങ് കഴിഞ്ഞാല്‍ ഉടന്‍തന്നെ പോളിങ്ങ് സാമഗ്രികള്‍ കൗണ്ടറില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.”


ഓരോ ബൂത്തില്‍നിന്നും ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ ഹാളിലേക്കു നടന്നു.ഹാളിലെ കൗണ്ടര്‍ സജീവമായി.തിരിച്ചേല്‍പ്പിച്ച വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവര്‍ക്ക് റസീറ്റ് നല്‍കി.റസീറ്റ് കൈപ്പറ്റിയതിനുശേഷം ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണം കഴിക്കാനായി പിരിഞ്ഞുപോയി.
ബാലറ്റുപെട്ടികള്‍ പോലീസുകാരുടെ സംരക്ഷണയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു മാറ്റി.മുറിക്കു മുന്നില്‍ പോലീസുകാര്‍ കാവല്‍നിന്നു.



തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടം ഗംഭീരമായിരുന്നു.കോരിച്ചൊരിയുന്ന മഴ അവരുടെ ആവേശം കെടുത്തിയില്ല.തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മഴ മാറി നില്‍ക്കുന്ന ഇടവേളകളില്‍ അവര്‍ തെരുവ് നാടകം കളിച്ചു.ക്ലാസുകളില്‍ കയറി പ്രസംഗിച്ചു.ഓരോ കുട്ടിയെക്കണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചു.

സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി സംഘടിപ്പിച്ചു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രകടനപത്രിക പരിപാടിയില്‍ അവതരിപ്പിച്ചു.തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താന്‍ സ്ക്കൂളിനുവേണ്ടി എന്തൊക്കെചെയ്യും എന്നത് അവര്‍ പ്രസംഗത്തില്‍ അക്കമിട്ട് നിരത്തി.വോട്ടര്‍മാരുടെ നിശിതമായ ചോദ്യമുനകള്‍ക്കുമുന്നില്‍ ചിലപ്പോള്‍ അവര്‍ പതറി.മറുപടി തൃപ്തികരമല്ലാത്തപ്പോള്‍ വോട്ടര്‍മാര്‍ വീണ്ടും ചോദ്യങ്ങളുമായി എഴുന്നേറ്റു.

'മീറ്റ് ദ കാന്‍ഡിഡേറ്റ് 'പരിപാടി ഓരോ ക്ലാസിലും സംഘടിപ്പിച്ചു.ക്ലാസ് ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നയ പരിപാടികള്‍  അവിടെ അവതരിപ്പിച്ചു.ക്ലാസ് തലത്തില്‍ നല്ല ചര്‍ച്ച നടന്നു.ഒരു ക്ലാസ് എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞുവരാന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചു.

ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമായിരുന്നു പ്രവേശനം.

ഫലമറിയാന്‍ കുട്ടികള്‍ തൊട്ടപ്പുറത്തെ ഹാളില്‍ തടിച്ചുകൂടിയിരുന്നു.
"ഒന്നാം ബൂത്തിലെ ഫലമെണ്ണിക്കഴിഞ്ഞപ്പോള്‍ സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥിയായ അനുശ്രീമോഹന്‍  ശ്രീരാഗ് സുരേഷിനേക്കാള്‍ അഞ്ചുവോട്ടിന്റെ ഭൂരിപക്ഷത്തിനു ലീഡുചെയ്യുന്നു.”
കാര്‍ത്തിക മൈക്കിലൂടെ ലീഡുനില കുട്ടികളെ അറിയിച്ചുകൊണ്ടിരുന്നു. ഒപ്പം ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയവും.ഹാളില്‍ ആര്‍പ്പുവിളിയുയര്‍ന്നു.
അഞ്ചാം ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡുനില മാറിമറിഞ്ഞു.നേരിയ ഭൂരിപക്ഷത്തിന് ശ്രീരാഗ് മുന്നിലായി.ഹാളില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.


ഒടുവില്‍ ശ്രീരാഗ് എട്ടുവോട്ടിന്റെ ഭൂരിക്ഷത്തിനു വിജയിച്ചു.ശ്രീരാഗിനെ ഹാരമണിയിച്ച്  തോളിലേറ്റിക്കൊണ്ടായിരുന്നു കുട്ടികള്‍ ഹാളില്‍ നിന്നു പുറത്തുകടന്നത്.പിന്നീട് സ്ക്കൂളിനെ വലംവെച്ചുകൊണ്ടുള്ള കുട്ടികളുടെ ഗംഭീരമായ ആഹ്ളാദപ്രകടനം.വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ശ്രീരാഗന്റെ പ്രസംഗം.



 പിന്നീട് നടന്ന ചടങ്ങില്‍ ഓരോ കുട്ടിക്കും കിട്ടിയ  വോട്ടുകളുടെ എണ്ണം മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ പ്രഖ്യാപിച്ചു.ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കും.തനിക്ക് വോട്ടുകുറയാനുള്ള കാരണം അവന്‍ കണ്ടെത്തിയേക്കും.തന്റെ പെരുമാറ്റത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്  വരുത്തേണ്ടത് എന്നവന്‍ ആലോചിച്ചേക്കും.


അവസാനമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടലും (ഓരോ ക്ലാസിലേയും)അവരുടെ സത്യപ്രതിജ്ഞയും നടന്നു.സ്ക്കൂള്‍ ലീഡര്‍ക്ക് ഹെഡ്മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്ക്കൂള്‍ ലീഡര്‍ ക്ലാസ് ലീഡര്‍മാര്‍ക്കും.പാര്‍ലമെന്റ് അംഗങ്ങള്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിലാണ് സത്യപ്രതിജ്ഞചെയ്ത്
സ്ഥാനമേല്‍ക്കുക.


സ്ക്കൂള്‍ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചുമതലയും വഹിച്ചത് സോഷ്യല്‍ ക്ലബ്ബിന്റെ പതിമൂന്നംഗ കമ്മറ്റിയായിരുന്നു.കണ്‍വീനര്‍ അതുല്‍ ചന്ദ്രനും ജോ.കണ്‍വീനര്‍ സ്വതിയുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

തെരഞ്ഞെടുപ്പ് എന്ന ഈ പാഠപുസ്തകത്തിന് ഒരു പ്രത്യകതയുണ്ട്.ഇത് കേവലമായ പാഠങ്ങളല്ല.അനുഭവ പാഠങ്ങളാണ്.ഇതിലെ ഓരോ അധ്യായവും അനുഭവിച്ചുകൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരിക്കും അവര്‍ക്കിത്.തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ഇനി അവര്‍ക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.അതിന്റെ പ്രാധാന്യം കൂടുതല്‍ തെളിച്ചത്തോടെ ഇനി അവര്‍ തിരിച്ചറിയും.ഇതിലൂടെ എന്തൊക്കെ കഴിവുകളാണ് അവര്‍ നേടിയത് എന്നു ചോദിച്ചാല്‍ കുഴങ്ങും.ഒന്നുമാത്രം പറയാം.പൂര്‍ണ്ണ വ്യക്തിത്വങ്ങളായി വളരാന്‍,നല്ലതും മോശവും തിരിച്ചറിയാന്‍,നല്ല മനുഷ്യരാകാന്‍ ഇതവരെ സഹായിക്കും. തീര്‍ച്ച!