കാനത്തൂര്‍ സ്ക്കൂള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്.കോരിച്ചൊരിയുന്ന മഴ കുട്ടികളുടെ ആവേശത്തെ തെല്ലും തണുപ്പിക്കുന്നില്ല.ഒഴിവ് സമയം അവര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഉപയോഗിക്കുന്നു.
രാവിലെ അവര്‍ ഗേറ്റിനരികില്‍ കുട്ടികളോട് വോട്ട് അഭ്യര്‍ത്ഥിക്കുകയായിരിക്കും.
"കൂട്ടുകാരേ,തത്തയെ മറക്കല്ലേ.തത്തയ്ക്ക് കുത്തി ശ്രീരാഗിനെ വിജയിപ്പിക്കണേ....”
"കൂട്ടുകാരേ,നമ്മുടെ ചിഹ്നം മയില്‍.നമ്മുടെ ദേശീയ പക്ഷി.മയിലിനു കുത്തി അനുശ്രീയെ വിജയിപ്പിക്കണേ...”
കൈയില്‍ പോസ്റ്ററും പ്ലക്കാര്‍ഡുകളുമുണ്ടാകും.ഗഞ്ചിറ പോലുള്ള വാദ്യോപകരണവും.ഗഞ്ചിറയില്‍ മുട്ടി ശബ്ദമുണ്ടാക്കും.മുദ്രാവാക്യം വിളിക്കും.ചിലപ്പോള്‍ അതൊരു പ്രകടനത്തിലായിരിക്കും അവസാനിക്കുക.
സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ക്ലാസ് ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നങ്ങളുണ്ട്.തത്ത,മയില്‍,ക്ലോക്ക്,ആന,റോസാപ്പൂവ്,വയലിന്‍...ഇങ്ങനെ പോകുന്നു ചിഹ്നങ്ങളുടെ പട്ടിക.
ഉച്ച സമയത്ത് നീണ്ട ജാഥ നടത്തും. സ്ഥാനാര്‍ത്ഥികളുടെ കവല പ്രസംഗങ്ങളുണ്ടാകും.ഓരോ ക്ലാസിലും കയറി വോട്ട് അഭ്യര്‍ത്ഥിക്കും.
വൈകുന്നേരത്തെ പ്രചരണവും ഈ രീതിയില്‍ തന്നെ.രസകരമായ മുദ്രാവാക്യങ്ങളും പാട്ടുകളുമാണ് ജാഥകളുടെ മുഖ്യ ആകര്‍ഷണം.
വരും ദിവസങ്ങളില്‍ തെരുവ് നാടകങ്ങളും സൈക്കിള്‍ പ്രചരണങ്ങളും മറ്റുമുണ്ടാകുമെന്നാണ് ഇവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു നേതൃത്വം നല്‍കുന്ന രാഹൂലും ദൃശ്യയും പറയുന്നത്.
സ്ക്കൂള്‍ ലീഡര്‍ സ്ഥാനത്തേക്കാണ് പ്രധാന മത്സരം.ആദ്യം മൂന്നു സ്ഥാനാര്‍ത്ഥികളായിരുന്നു നാമനിര്‍ദ്ദേശപത്രിക നല്‍കിയത്-അനുശ്രീ,ശ്രീരാഗ്,നന്ദന.മൂന്നുപേരും ഏഴാം ക്ലാസുകാര്‍.നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന സമയം നന്ദന പിന്‍വാങ്ങിക്കളഞ്ഞു.ഒരു ത്രികോണ മത്സരം ഒഴിവാക്കുന്നതാണ് നല്ലതെന്നു കരുതി സ്വയം പിന്‍വാങ്ങിയതായിരിക്കാം.
ചിഹ്നങ്ങള്‍ അനുവദിച്ചപ്പോള്‍ ശ്രീരാഗിന് തത്തയും അനുശ്രീക്ക് മയിലും.രണ്ടുപേരും നല്ല അത്മവിശ്വാസത്തിലാണ്.
ഉച്ചഭക്ഷണത്തിലെ അപാകത പരിഹരിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നതാണ് ശ്രീരാഗിന്റെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം.സ്ക്കൂള്‍ ലൈബ്രറിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിക്കാനും ഉച്ചഭക്ഷണം പാഴാക്കിക്കളയുന്നത് അവസാനിപ്പിക്കാനും മുന്‍കൈയെടുക്കുമെന്നാണ് അനുശ്രീ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നത്.
മൂന്നാംക്ലാസു മുതല്‍ ഏഴാം ക്ലാസുവരെയുള്ള മുഴുവന്‍ കുട്ടികളും വോട്ടു ചെയ്താണ് സ്ക്കൂള്‍ ലീഡറെ തെരഞ്ഞെടുക്കുന്നത്. ഒപ്പം ക്ലാസ് ലീഡര്‍മാരെയും തെരഞ്ഞെടുക്കും.ഓരോ ക്ലാസിലേയും ക്ലാസ് ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം അതാതുക്ലാസിലെ കുട്ടികള്‍ക്കു മാത്രം.ക്ലാസ് ലീഡര്‍സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ഇനി ഓരോ ക്ലാസില്‍ നിന്നും അഞ്ചുപേരെ വീതം സ്ക്കൂള്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കും.അഞ്ചുപേരില്‍ കൂടുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഈ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പു നടക്കും.ഇത്തവണ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളായി ഏഴാം ക്ലാസില്‍ നിന്ന് 14പേരും ആറാം ക്ലാസില്‍ നിന്ന് പത്ത് പേരുമുണ്ട്.ഈ ക്ലാസുകളില്‍ പ്രസ്തുത സ്ഥാനത്തേക്കും തെരഞ്ഞെടുപ്പു നടത്തേണ്ടിവരും.
6,7 ക്ലാസിലെ കുട്ടികള്‍ക്ക് മൂന്നു ബാലറ്റുപേപ്പറുകളില്‍ വോട്ടുചെയ്യാം.സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് മെമ്പര്‍.മറ്റു ക്ലാസിലെ കുട്ടികള്‍ക്ക് രണ്ടു ബാലറ്റുപേപ്പറുകളിലും.
പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് ചിഹ്നങ്ങളുണ്ടാകില്ല.അവരുടെ പേരിനു നേരെയുള്ള കോളത്തില്‍ സീല്‍ ചെയ്യുകയാണ് വേണ്ടത്.
വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍മാര്‍,പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നതാണ് സ്ക്കൂള്‍ പാര്‍ലമെന്റ്.ഇതില്‍നിന്നും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും തെരഞ്ഞെടുക്കും.ഭരണപക്ഷത്തുനിന്നുള്ള ചിലര്‍ മന്ത്രിമാരാകും.സ്ക്കൂള്‍ ലീഡറായിരിക്കും പ്രധാനമന്ത്രി.മറ്റു വകുപ്പുകളിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുക്കും.ഭക്ഷ്യം,അച്ചടക്കം,സ്പോര്‍ട്സ്,പരിസ്ഥിതി,സാംസ്ക്കാരികം എന്നിവയാണ് പ്രധാനവകുപ്പുകള്‍.
മാസത്തില്‍ ഒന്നോ രണ്ടോ തവണ പാര്‍ലമെന്റ് ചേരും.പാര്‍ലമെന്റ് നടപടികള്‍ വീക്ഷിക്കാന്‍ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരമുണ്ട്.
സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല സോഷ്യല്‍ ക്ലബ്ബിനാണ്.സോഷ്യല്‍ ക്ലബ്ബി ന്റെ കണ്‍വീനര്‍ അതുല്‍,ജോയിന്റ് കണ്‍വീനര്‍ സ്വാതി എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.മൂന്നാം ക്ലാസ് മുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇലക്ഷന്‍ ക്ലാസ്(എങ്ങനെ വോട്ടുചെയ്യണം എന്നതിനെക്കുറിച്ച്),ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്, സ്ഥാനാര്‍ത്ഥികളുടെ പ്രകടനപത്രികയുടെ പ്രകാശനവും ചര്‍ച്ചയും,മീറ്റ് ദി കാണ്‍ടിഡേറ്റ് തുടങ്ങിയ പരിപാടികളാണ് ഇലക്ഷന് മുമ്പുള്ള ദിവസങ്ങളില്‍ നടക്കുക.
No comments:
Post a Comment