ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 9 August 2014

സയന്‍സ് ക്ലാസില്‍ നാടകീകരണം സാധ്യമാണോ?


സയന്‍സ് ക്ലാസില്‍ കുട്ടികളുടെ ഒരു ആവിഷ്ക്കാരമാണ് ഫോട്ടോയില്‍.

കുട്ടികള്‍ എന്താണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് മനസ്സിലായോ?
ഒരു മത്തന്‍ വള്ളിയാണ്.പടര്‍ന്നു കായ്ച്ചു നില്‍ക്കുന്ന ഒരു മത്തന്‍ വള്ളി.   മത്തന്‍വള്ളിയെ ഇതിലും നന്നായി എങ്ങിനെയാണ് ആവിഷ്ക്കരിക്കുക?മൂന്ന് കുട്ടികള്‍ കൂടിയിരിക്കുന്നത് കണ്ടില്ലേ?ഇതാണ് മത്തങ്ങ.പച്ച ഷാളിനടിയില്‍ നിന്നും വിടരുന്ന ശാരികയുടെ  മുഖമാണത്രെ മത്തന്‍ പൂവ്.പരസ്പരം തൊട്ട്തൊട്ട് നീണ്ടു കിടന്നാല്‍ വള്ളിയായി.

ആറാം ക്ലസിലെ ഒന്നാമത്തെ യൂണിറ്റിലാണ് ഇഴവള്ളികളെക്കുറിച്ചും ആരോഹികളെക്കുറിച്ചും പഠിക്കാനുള്ളത്.ചുറ്റുമുള്ള സസ്യങ്ങളെ നിരീക്ഷിക്കുന്നു.ഇഴവള്ളികള്‍ക്കും ആരോഹികള്‍ക്കുമുള്ള പ്രത്യേകതകള്‍ കണ്ടെത്തുന്നു.ചിലതിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും കാണുന്നു.ഈ സസ്യങ്ങള്‍ക്ക് വളരാനുള്ള അനുകൂലനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുന്നു.അതിനുശേഷമാണ് ഇതിന്റെ നാടകീകരണം.

ഇനി മറ്റൊരു ഗ്രൂപ്പ് ആരോഹികളെ അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.


സൂര്യനുനേരെ പടര്‍ന്ന് കയറുന്ന ആരോഹിയെ മറ്റെങ്ങനെയാണ് അവതരിപ്പിക്കുക?അവര്‍ ആവിഷ്ക്കരിച്ചത് ഒരു കയ്പവല്ലരിയെയാണ്.

ഒരു കാര്യം ഉറപ്പിച്ചു പറയാം.ഇതിന്റെ അവതരണത്തിലല്ല,ആസൂത്രണ സമയത്താണ് പഠനം നടക്കുന്നത്.ഇഴവള്ളികളെയും ആരോഹികളെയും
എങ്ങനെ അവതരിപ്പിക്കാം എന്നതാണ് ഓരോ ഗ്രൂപ്പിന്റെയും മുന്നിലുള്ള വെല്ലുവിളി.അവതരണത്തിനു മുന്നോടിയായി ഇവരുടെ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച എന്തൊക്കെയാണെന്നു നോക്കാം.

  • ഓരോ സസ്യത്തിന്റേയും  പ്രത്യേകതകളെക്കുറിച്ച് തലനാരിഴകീറിയുള്ള ചര്‍ച്ച.
  • സസ്യങ്ങളുടെ അനുകൂലനങ്ങള്‍ എങ്ങനെ വിഷ്വലൈസ് ചെയ്യാമെന്ന ആലോചന.
  • ഓരോരുത്തരുടേയും ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍.
  • നിര്‍ദ്ദേശങ്ങളുടെ പരിശോധന.വിഷ്വലൈസ് ചെയ്യാന്‍പറ്റുന്നവ സ്വീകരിക്കലും അല്ലാത്തവ തള്ളലും.
  • ആവശ്യമായ പ്രോപ്പര്‍ട്ടികള്‍ എങ്ങനെ കണ്ടെത്താം എന്ന ആലോചന.
  • ഓരോരുത്തരുടേയും റോള്‍ നിശ്ചയിക്കല്‍
  • അഞ്ചുമിനുട്ട് സമയത്തെ റിഹേര്‍സല്‍.
 ഈ സമയത്ത് കുട്ടികളില്‍ കൂടുതല്‍ സംശയങ്ങള്‍ രൂപപ്പെടും.ചോദ്യങ്ങള്‍ ചോദിക്കും.റഫറന്‍സിനായി പുസ്തകങ്ങളും മറ്റും ഇവിടെ നല്‍കാം.അവര്‍ ആന്വേഷണ ബുദ്ധിയോടെ അതു വായിച്ചുനോക്കും.കാരണം തങ്ങളുടെ അവതരണം മെച്ചപ്പെടുത്തേണ്ടത് ഓരോ ഗ്രൂപ്പിന്റേയും ആവശ്യമാണ്.എന്നാല്‍ ഇത്തരം റഫറന്‍സ് മെറ്റീരിയലുകള്‍ വേണ്ടത്ര സംഘടിപ്പിക്കാന്‍ കഴിയാത്തതാണ് നമ്മുടെ പരിമിതി.


ഇനി മറ്റൊരു പ്രധാനഘട്ടം ഇതിന്റെ വിലയിരുത്തലാണ്.ഓരോ അവതരണത്തേയും നന്നായി വിലയിരുത്താന്‍ കുട്ടികള്‍ക്ക് കഴിയണം.കുട്ടികളുടെ നില്‍പ്പ്, ഭാവം,ഉപയോഗിച്ച പ്രോപ്പര്‍ട്ടികള്‍  എന്നിവ കൂടാതെ ഇഴവള്ളികളുടെ പ്രത്യേകതകള്‍ അവര്‍ക്ക് എത്രമാത്രം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന മുഖ്യചോദ്യമായിരിക്കണം വിലയിരുത്തലില്‍ പരിഗണിക്കേണ്ടത്. ഈ വിലയിരുത്തലാണ് കുട്ടികളെ മുന്നോട്ടു നയിക്കുന്നത്.തന്റെ പരിമിതികള്‍ തിരിച്ചറിയാനും സ്വയം മെച്ചപ്പെടാനും അവരെ സഹായിക്കുന്നത്.

ഏഴാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റില്‍ കണ്ണാടിയുടെ പ്രത്യേകതകളെക്കുറിച്ച് പഠിക്കാനുണ്ട്.പാര്‍ശ്വികവിപര്യയം എന്ന ആശയം മിറര്‍ ആക്ടിവിറ്റിയിലൂടെയാണ് കുട്ടികള്‍ അവതരിപ്പിച്ചത്.രണ്ടുപേര്‍ ചേര്‍ന്ന് സ്വയം കണ്ണാടിയും വസ്തുവും പ്രതിബിംബവുമായി മാറുന്നു. പാര്‍ശ്വികവിപര്യയം എന്ന ആശയം കുട്ടികള്‍ ഇവിടെ മനസ്സിലാക്കുക മാത്രമല്ല, അനുഭവിക്കുക കൂടി ചെയ്യുന്നു..



 ആറാം ക്ലാസില്‍ വിത്തുമുളയ്ക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം കുട്ടികള്‍ ചെയ്യുന്നുണ്ട്.ഇനി ഈ ചിത്രം നോക്കൂ.


ഇവിടെ ഒരോ കുട്ടിയും ഓരോ പയര്‍മണിയാകുന്നു.മണ്ണിനടിയില്‍ ഉറങ്ങുന്ന പയര്‍മണി.മഴ പെയ്യുന്നു.നേര്‍ത്ത തണുപ്പ്.വെള്ളത്തിന്റെ സാമീപ്യം.പയര്‍മണി വീര്‍ത്തുവരുന്നു.തോട് മൃദുലമാകുന്നു.തോടുപൊട്ടുന്നു....


ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ സ്വയം ആവിഷ്ക്കരിക്കുന്നു.
പയര്‍മണി മുളയ്ക്കുന്നത് കുട്ടികള്‍ അനുഭവിക്കുകയാണിവിടെ.ഭാവനയാണ് അവരുടെ കൈമുതല്‍.കുട്ടികളുടെ അനുഭവതലത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.കുട്ടികളുടെ അപ്പോഴത്തെ മാനസികാവസ്ഥ,അവരുടെ ഭാവന,ക്ലാസുമുറിയിലെ അന്തരീക്ഷം എന്നിവയൊക്കെ കുട്ടികളുടെ ആവിഷ്ക്കാരത്തെ സ്വാധീനിക്കും.

പഠനപ്രശ്നത്തിലേക്ക് വരാനുള്ള ഒരു സ്റ്റിമുലിയായും നാടകീകരണത്തെ ഉപയോഗിക്കാം.ആറാം ക്ലാസില്‍ പ്രകാശത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട രണ്ടാം യൂണിറ്റിന്റെ തുടക്കം ഒരു സിനിമാഷൂട്ടിങ്ങിന്റെ ചിത്രീകരണത്തോടെയാണ് ആരംഭിച്ചത്.തുടര്‍ന്ന് ചോദ്യം:
 ക്യാമറയില്‍ ഫ്ലാഷ് ഉപയോഗിക്കുന്നത് എന്തിനാണ്?
ഇതോടെ പ്രശ്നം കുട്ടികള്‍ ഏറ്റെടുക്കുന്നു.അവര്‍ സജീവമായ പഠനത്തിലേക്ക് നീങ്ങുന്നു. 


നാടകീകരണം ശാസ്ത്രപഠനത്തെ എളുപ്പവും രസകരവുമാക്കിത്തീര്‍ക്കുന്നു.കുട്ടികളെ concept രൂപീകരണത്തിലേക്കു നയിക്കാനുള്ള ഒരു വഴിയാണത്.അല്ലെങ്കില്‍ രൂപീകരിക്കപ്പെട്ട  concept കളെ, ഭാവനയുടേയും വൈകാരികതയുടേയും ഒരു ലോകത്ത് നിന്നുകൊണ്ട് അനുഭവിക്കുന്നതിലൂടെ കൂട്ടി അതു തന്റേതാക്കി മാറ്റുന്നു.ശാസ്ത്രപഠനത്തില്‍ സര്‍ഗ്ഗാത്മകതയുടെ പുതു ചൈതന്യം നിറയുന്നു.ശാസ്ത്രതത്വങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ വായിച്ചെടുക്കാന്‍ അവന്  കഴിയുന്നു.പുതിയ ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കുമായിരിക്കും  ഇതവനെ നയിക്കുക.


1 comment: