ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 22 August 2015

തെരഞ്ഞെടുപ്പ് കുട്ടികളെ എന്തു പഠിപ്പിച്ചു?



തെരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥിയായ ആകാശ് 45 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.ആദിത്യ തോറ്റുപോയി.സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ആദിത്യ വേദിയിലേക്ക് വന്ന് ആകാശിനെ അഭിനന്ദിച്ചുകൊണ്ട് രണ്ടുവാക്ക് സംസാരിച്ചു.

 "ആകാശിന് അഭിനന്ദനങ്ങള്‍.ആകാശ് കുട്ടികള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊക്കെ നടപ്പാക്കണം.സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം.അതിന് എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും."അവള്‍ ആകാശിന്റെ കൈപിടിച്ചു കുലുക്കി.കുട്ടികള്‍ ആ കാഴ്ച കണ്ട് കൈയ്യടിച്ചു. 

 തെരഞ്ഞെടുപ്പ് ആ കുട്ടിയെ കൂടുതല്‍ പക്വതയുള്ളവളാക്കി തീര്‍ത്തിരിക്കുന്നു.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആദിത്യ വന്ന് എന്നോട് സ്വകാര്യമായി ചോദിച്ചു.
"മാഷേ,ഞാന്‍ തോറ്റാല്‍ അവരെന്നെ കളിയാക്ക്വോ?”
"തെരെഞ്ഞെടുപ്പാകുമ്പോള്‍ ഒരാള്‍ ജയിക്കും ഒരാള്‍ തോല്‍ക്കും.അവര്‍ കളിയാക്കുന്നുവെങ്കില്‍ അതിനെ ധൈര്യമായി നേരിടണം. ആദിത്യയ്ക്ക് അതിനു കഴിയും."ഞാന്‍ പറഞ്ഞു.
"ശരി,സാര്‍.” അവള്‍ ചിരിച്ചു കൊണ്ടുപോയി. അവള്‍ക്ക് ധൈര്യം കൈവന്നതുപോലെ.


തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആദിത്യയ്ക്ക് ആത്മവിശ്വാസം കുറവായിരുന്നു.
അവള്‍ കൂട്ടുകാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.കാരണം ആകാശ് എല്ലാകുട്ടികള്‍ക്കും വേണ്ടപ്പെട്ടവനാണ്.അവനേ ജയിക്കൂ.


 എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ആദിത്യയും കൂട്ടുകാരികളും സജീവമായി.അവര്‍ ഓരോ ദിവസവും തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ജാഥയില്‍ വിളിക്കേണ്ടുന്ന പുത്തന്‍ മുദ്രാവാക്യങ്ങളുണ്ടാക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തി.പോസ്റ്റര്‍,ബാനര്‍,പ്ലക്കാര്‍ഡുകള്‍,ചിഹ്നത്തിന്റെ ബാഡ്ജുകള്‍ എന്നിവ തയ്യാറാക്കേണ്ടുന്ന  ഉത്തരവാദിത്തം നന്ദനയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തിനായിരുന്നു. തെരുവുനാടകത്തിന് രൂപം കൊടുക്കാന്‍ മറ്റൊരു സംഘത്തെ ഏല്‍പ്പിച്ചു.

ആദിത്യയുടെ ചിഹ്നം മയിലാണ്.അവസാനഘട്ടത്തില്‍ അവതരിപ്പിക്കപ്പെടേണ്ടത് ഒരു മയുരനൃത്തമായിരിക്കണമെന്ന് അവര്‍ തീരുമാനിച്ചു.നൃത്തത്തിന് പാട്ടെഴുതുന്ന ജോലി രേവതിയും ശാരികയും ഏറ്റെടുത്തു.നൃത്തം അഭ്യസിപ്പിക്കേണ്ട ചുമതല നവ്യശ്രീക്കും ഷീബയ്ക്കും നല്‍കി.പ്രചാരണം പൊടിപൊടിക്കണമെങ്കില്‍ കുറച്ചു കാശ് ചെലവാകും.ചാര്‍ട്ടുപേപ്പര്‍,പശ,മാര്‍ക്കര്‍,സ്കെച്ചുപേന തുടങ്ങിയ സാധനങ്ങളൊക്കെ വാങ്ങണം.പണം പിരിക്കേണ്ടിവരും.അതിന് മറ്റൊരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
 
 തികച്ചും  ജനാധിപത്യപരമായ രീതിയിലാണ് കുട്ടികള്‍ ഈ കാര്യങ്ങളൊക്കെ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്.അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഇതിലും മികച്ച സന്ദര്‍ഭം ഏതു ക്ലാസുമുറിയിലാണ് അവര്‍ക്ക് ലഭിക്കുക? 


ഇതൊക്കെ അവരെ പഠിപ്പിക്കാന്‍ ഏതെങ്കിലും പാഠപുസ്തകത്തിനു കഴിയുമോ? കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള അപൂര്‍വ്വ സന്ദര്‍ഭമാണ് സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന മൂന്നാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനം കുട്ടികള്‍ക്കുമുന്നില്‍ തുറന്നിട്ടത്.




"ആദിത്യയെ ജയിപ്പിക്കേണ്ടത് നമ്മുടെ അഭിമാന പ്രശ്നമാണ്.ഇനി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നമുക്ക് വിശ്രമമില്ല."ആദിത്യ.സിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ആദിത്യ.കെ പറഞ്ഞു.


പറന്നുയരും വിജയപഥത്തില്‍
ചുവടുകള്‍വയ്ക്കും മയിലമ്മ
ഓരോ വോട്ടും മയിലമ്മയ്ക്ക്
ചിറകുവിരിച്ചു പറക്കാം
കൈകള്‍ കോര്‍ക്കാം ഒരുമിക്കാം
സ്നേഹിക്കാം വിജയിക്കാം
ഓരോ വോട്ടും മയിലമ്മയ്ക്ക്



തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു.ആദ്യത്യ മുന്നേറുകയാണ്.കൂടുതല്‍ കുട്ടികള്‍ ആദിത്യയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തുടങ്ങി.ആകാശ്  ഞെട്ടി.എളുപ്പം ജയിക്കാമെന്ന അവന്റെ കണക്കുക്കൂട്ടല്‍ തെറ്റി.ആമയെ പന്തയത്തിനു ക്ഷണിച്ച മുയലിന്റെ ഗതിയായിരിക്കുമോ തനിക്ക് എന്നവന്‍ ചിന്തിച്ചിരിക്കണം.ആകാശും കൂട്ടുകാരും സടകുടഞ്ഞെഴുന്നേറ്റു.സ്ക്വാഡ് പ്രവര്‍ത്തനം സജീവമാക്കി.സ്ക്കൂളും പരിസരവും പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞു.പ്രചരണത്തില്‍ ആദിത്യയെ കടത്തിവെട്ടുന്ന തന്ത്രങ്ങള്‍ അവരും പയറ്റി.


ചാരമല്ല പൂമ്പൊടിയല്ല
ധീരനാണ് ആകാശ്
നന്മയുടെ പ്രതീകവും
പച്ചപ്പിന്റെ മുദ്രയുമായ
തത്തമ്മയ്ക്ക് വോട്ടുനല്‍കൂ..

 
ഒരു പ്ലക്കാര്‍ഡിലെ വാചകം നോക്കുക.


പുലിമടയില്‍ ചെന്ന് പുലിയെ വെല്ലുവിളിക്കുന്ന ശീലമാണ് സിംഹക്കുട്ടിയായ ആകാശിനുള്ളത്...ആകാശ് കീ യ്..


ഒഴിവു സമയങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് റാലിയും മുദ്രാവാക്യം വിളികളും.
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'മീറ്റ് ദ കേന്‍ഡിഡേറ്റ്' പരിപാടി സംഘടിപ്പിച്ചു.സ്ഥനാര്‍ത്ഥികള്‍ സ്ക്കൂള്‍ വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴിചപ്പാടുകള്‍ അതില്‍ അവതരിപ്പിച്ചു.മൂന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളുമായി സംവദിക്കാന്‍ അവസരം നല്‍കി.അവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ കൊണ്ട് സ്ഥാനാര്‍ത്ഥികളെ കുഴക്കി.


തെരഞ്ഞെടുപ്പ് വിവിധ ക്ലാസുകളിലെ കുട്ടികളെ ഒരുമിപ്പിച്ചു.മൂന്നാം ക്ലാസുകാരും ഏഴാം ക്ലാസുകാരും ഒരുമിച്ച് സ്ക്വാഡ് പ്രവര്‍ത്തനം നടത്തി.മുദ്രാവാക്യം വിളിക്കാനും ജാഥ നയിക്കാനും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.വിവിധ ക്ലാസുകളിലെ കുട്ടികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ അത് സഹായിച്ചു. 


സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് അംഗങ്ങള്‍ എന്നീസ്ഥാനങ്ങളിലേക്കായിരുന്നു മത്സരം.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. ക്ലാസുകളെ ബൂത്തുകളായി തിരിച്ചു.ഓരോ ബൂത്തിലേയും സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കി.ഓരോ ബൂത്തിലും നാലുവീതം ഉദ്യോഗസ്ഥന്‍മാരെയും പോലീസുകാരെയും നിയമിച്ചു.പോളിങ്ങ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നതുവരേയുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച്  അവര്‍ക്ക് വിശദമായ ക്ലാസുകള്‍ നല്‍കി.

 ഒരു കാര്യം ഉറപ്പിക്കാം.തെരഞ്ഞുടുപ്പില്‍ സജീവമായി പങ്കെടുത്ത കുട്ടികളാരും ഇപ്പോള്‍ പഴയകുട്ടികളല്ല.അവര്‍ മാനസികമായി ഒരു പടി കൂടി വളര്‍ന്നിരിക്കുന്നു.അവര്‍കൂടുതല്‍ പക്വമതികളായിരിക്കുന്നു.കൃത്യമായി അളക്കാന്‍ പറ്റുന്നതല്ല ഈ വളര്‍ച്ച എന്നറിയാം.ചില സന്ദര്‍ഭങ്ങളിലെ കുട്ടികളുടെ പ്രതികരണങ്ങളില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും നമുക്ക് ഈ വളര്‍ച്ച വായിച്ചെടുക്കാം.ജീവിതത്തില്‍ അവര്‍ കൂടുതല്‍ ജനാധിപത്യവാദികളായി മാറിയിരിക്കുന്നു.

തെരഞ്ഞെടുപ്പിനെ കുട്ടികളുടെ ആഴത്തിലുള്ള അനുഭവമാക്കി എങ്ങനെ മാറ്റാം
 എന്നതായിരുന്നു ഞങ്ങളുടെ ആലോചന.ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കണം. ഒരു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകുമ്പോഴാണ് അതു സാധ്യമാകുന്നത്.


തെരഞ്ഞെടുപ്പിനു ശേഷം സ്ക്കൂള്‍ പാര്‍ലമെന്റ് രൂപീകരിക്കണം.വിദ്യാലയത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ നേതൃത്ത്വത്തില്‍ അവിടെ സജീവമായ ചര്‍ച്ച നടക്കണം.വിദ്യാലയം ഇനി എങ്ങനെയെല്ലാമാണ് മാറേണ്ടത് എന്ന കാഴ്ചപ്പാട് കുട്ടികള്‍ രൂപീകരിക്കണം.കുട്ടികളുടെ കാഴ്ചപ്പാട് പി.ടി.എ യുമായി ചര്‍ച്ച ചെയ്യണം.അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിദ്യാലയത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത്.ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഞങ്ങള്‍ ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്.


തെരഞ്ഞെടുപ്പ് എന്ന ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇനി സ്ക്കുള്‍ പാര്‍ലമെന്റ് രൂപീകരിക്കണം.അത് സജീവമായി നിലനിര്‍ത്തണം.അത് കുട്ടികള്‍ക്കമുന്നില്‍  പഠനത്തിനും വികാസത്തിനുമുള്ള മറ്റൊരു വലിയ സാധ്യതയായിരിക്കും തുറന്നിടുക.


അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം ഒരു വിദ്യാലയം ജനാധിപത്യപരമാകണമെന്നില്ല.വിദ്യാലയത്തിലെ ബഹുഭൂരിപക്ഷം എന്നത് കുട്ടികളാണ്.വിദ്യാലയത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും അതിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും  കുട്ടികളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോഴാണ്  വിദ്യാലയം ജനായത്തമാകുന്നത്.

കുട്ടികള്‍ക്ക് ചിന്തിക്കാനോ സ്വന്തമായി അഭിപ്രായംരൂപീകരിക്കാനോ കഴിവില്ല എന്നു കരുതുന്ന മുതിര്‍ന്നവരുടെ യാഥാസ്ഥിതിക മനോഭാവവും വിദ്യാലയത്തിന്റെ ശിശുവിരുദ്ധമായ  ചട്ടക്കൂടും ഭരണസംവിധാനവുമാണ് ജനായത്ത വിദ്യാലയം പ്രാവര്‍ത്തികമാക്കുന്നതിന് പലപ്പോഴും തടസ്സം നില്‍ക്കുന്നത്.











 

2 comments:

  1. "അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം ഒരു വിദ്യാലയം ജനാധിപത്യപരമാകണമെന്നില്ല.വിദ്യാലയത്തിലെ ബഹുഭൂരിപക്ഷം എന്നത് കുട്ടികളാണ്.വിദ്യാലയത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും അതിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും കുട്ടികളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോഴാണ് വിദ്യാലയം ജനായത്തമാകുന്നത്." ഈ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു .വിമര്‍ശനാത്മക ബോധമുള്ള ,സാമൂഹ്യ പ്രതിബദ്ധതയും മതേതര ചിന്തകളും ഉള്ള ഒരു തലമുറ കാനതൂരിലെ ഈ ജനായത്ത വിദ്യാലയത്തില്‍ വളരട്ടെ എന്നാശംസിക്കുന്നു .

    ReplyDelete
    Replies
    1. ജനായത്ത വിദ്യാലയത്തിലേക്കുള്ള കടമ്പകള്‍ ഏറെയാണ്.അത് എങ്ങനെയായിരിക്ക​ണമെന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വരണം.പ്രയോഗത്തില്‍ വരുത്തിക്കൊണ്ടേ അതു സാധ്യമാകൂ.അധ്യാപകരും പിടിഎയും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം.അത് വിദ്യാലയത്തിലുണ്ടാക്കാന്‍പോകുന്ന മാറ്റം ഗംഭീരമായിരിക്കും.വിദ്യാലയം കുട്ടികളുടെ ഏറ്റവും പ്രയപ്പെട്ട ഇടമായി മാറുന്നത് അപ്പോഴായിരിക്കും..അപ്പോള്‍ ഓരോ കുട്ടിയും വിദ്യാലയം തന്റെ സ്വന്തമാണെന്നു പറയും...

      Delete