ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 25 April 2015

ചമഞ്ഞുകളിയിലെ സാങ്കല്പിക സഞ്ചാരങ്ങള്‍

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 2


നീതുവും സൂരജും പൊന്നുവും ചേര്‍ന്ന് ഒരു യാത്ര പോവുകയാണ്.തീവണ്ടിയിലാണ് യാത്ര. ഏണിക്കൂടിനെയാണ് തീവണ്ടിയാക്കിയിരിക്കുന്നത്. തീവണ്ടിയുടെ 'ഝുക്ക് ഝുക്ക് 'ശബ്ദം ഇടയ്ക്കു കേള്‍ക്കാം.പൊന്നുവിന് ജനാലയിലൂടെ നീതു പുറത്തെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുന്നു."നോക്കൂ..വലിയ പുഴ.അതിനപ്പുറമാണ് കടല്‍.ആളുകള്‍ മീന്‍ പിടിക്കുന്നതു കണ്ടോ?”

തീവണ്ടി ചില സ്റ്റേഷനുകളില്‍ നില്‍ക്കുന്നുണ്ട്. അപ്പോള്‍ സൂരജ് പുറത്തിറങ്ങുന്നു.പൊന്നുവിന് വെള്ളവും മിഠായിയും വാങ്ങുന്നു.വണ്ടിയില്‍ തിരിച്ചു കയറുന്നു.അപ്പോള്‍ വണ്ടി നീട്ടിക്കൂവുന്നു.വീണ്ടും 'ഝുക്ക് ഝുക്ക് ' ശബ്ദം കേള്‍ക്കുന്നു.

ഏണിക്കൂടിനെ തീവണ്ടിയായി സ്വയം വിശ്വസിപ്പിക്കണം.അതിന് കുട്ടികള്‍ മൂന്ന് കാര്യങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

ഒന്ന്-ഇടക്കിടെയുണ്ടാക്കുന്ന തീവണ്ടിയുടെ ശബ്ദം,'ഝുക്ക് ഝുക്ക് ' 'കൂ..കൂ.'
രണ്ട്-ഏണിയുടെ കൈവരികള്‍ക്കിടയിലുള്ള വിടവ് ജനാലയായി സങ്കല്‍പ്പിച്ച് അതിലൂടെ കുഞ്ഞിന് പുറത്തെ കാഴ്ചകള്‍ കാണിച്ചുകൊടുക്കലും അതിനെക്കുറിച്ചുള്ള സംഭാഷണങ്ങളും.
മൂന്ന്-തീവണ്ടി സ്റ്റേഷനില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കല്‍.ഇടക്കിടെ ഏണിയില്‍ നിന്നും താഴെയിറങ്ങലും കയറലും.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഏണിക്കൂട്  തീവണ്ടിയായി.  ശരീരം കൊണ്ടുള്ള  ചലനവും ശബ്ദവും തീവണ്ടിയെ ചലിപ്പിക്കുന്നു.

ഏണിക്കൂടില്‍നിന്നും ഒരു തീവണ്ടിയെ മെനഞ്ഞെടുക്കാനും അതിനെ ചലിപ്പിക്കാനും കുട്ടികളുടെ ഭാവനയ്ക്കു മാത്രമേ കഴിയൂ.

എങ്ങോട്ടാണ് ഈ കുടുംബത്തിന്റെ യാത്ര?ഊട്ടിയിലേക്കാണ്.അഞ്ചു ദിവസം അവിടെ അടിച്ചുപൊളിക്കാനാണത്രെ പോകുന്നത്.ആദ്യം വയനാട്ടില്‍ പോകും.അവിടെ എടയ്ക്കല്‍ ഗുഹ കാണും.പിന്നെ ഊട്ടിയിലേക്കു പോകും.അവിടെ നല്ല തണുപ്പാണത്രേ.കുഞ്ഞിന് പനി പിടിക്കുമോ എന്ന സംശയമുണ്ട്.പനി വന്നാല്‍ കൊടുക്കാനുള്ള ഗുളികകള്‍ നീതുവിന്റെ ബാഗിലുണ്ട്.ഊട്ടിയില്‍ നല്ല പൂന്തോട്ടമുണ്ട്.അവിടെ നിറച്ചും ഭംഗിയുള്ള പൂക്കളുണ്ട്.പിന്നെ വലിയ മലകളും കാടുകളുമുണ്ട്.അതൊക്കെ കാണാനാണ് പോകുന്നത്...

കുട്ടികള്‍ തങ്ങളുടെ സാങ്കല്‍പ്പിക യാത്രയ്ക്ക് ഇങ്ങനെയൊരു  ലക്ഷ്യം  തീരുമാനിക്കാന്‍ എന്തായിരിക്കും കാരണം?

ഊട്ടിയിലേക്ക് കുട്ടികള്‍ ഇതുവരെ യാത്രപോയിട്ടില്ല.പക്ഷേ, അവര്‍ തീവണ്ടി യാത്ര നടത്തിയിട്ടുണ്ട്.വീട്ടില്‍ മുതിര്‍ന്ന ആരോ നടത്തിയ യാത്രാ അനുഭവങ്ങളില്‍ നിന്നായിരിക്കണം കുട്ടികള്‍ തങ്ങളുടെ യാത്രയുടേയും ലക്ഷ്യസ്ഥാനം തീരുമാനിച്ചത്.അവരുടെ സംഭാഷണങ്ങളില്‍ നിന്നാകാം ഊട്ടി,വയനാട് തുടങ്ങിയ സ്ഥലമനാമങ്ങള്‍ കുട്ടികളുടെ മനസ്സിലേക്ക് കടന്നു വന്നത്.ആ യാത്രയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അവര്‍   കണ്ടിരിക്കാം.അതുകൊണ്ടായിരിക്കണം ഈ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ അവര്‍ കൃത്യമായും ഓര്‍ത്തുവെച്ചത്. ഇങ്ങനെ ഒരു യാത്ര അവര്‍ നിഗൂഢമായി ആഗ്രഹിച്ചിരുന്നിരിക്കണം.ആ ആഗ്രഹമാണ് അവര്‍ കളിയിലൂടെ ആവിഷ്ക്കരിച്ചത്.

ദൂരസ്ഥലങ്ങളിലേക്ക് തീവണ്ടിയിലാണ് യാത്രചെയ്യുക എന്നവര്‍ക്കറിയാം.അതുകൊണ്ടാണ് വയനാട്ടിലേക്കും ഊട്ടിയിലേക്കും തീവണ്ടിയില്‍ തന്നെ യാത്രതിരിച്ചത്!

"ഊട്ടി എത്തി."സൂരജ് വിളിച്ചു പറഞ്ഞു.
വണ്ടി സ്റ്റേഷനില്‍ നിന്നു.എല്ലാവരും ഇറങ്ങി.നല്ല തണുപ്പ്.
കുട്ടികള്‍ തണുപ്പ് അഭിനയിച്ചുകൊണ്ട് ഹാളിലൂടെ നടന്നു.പതുക്കെ വീടിനു പുറത്തിറങ്ങി.കത്തുന്ന വെയില്‍.പറമ്പിലെ വൃക്ഷങ്ങളുടെ തണല്‍പറ്റി അവര്‍ നടക്കുകയാണ്.അവര്‍ ഊട്ടിയിലാണിപ്പോള്‍.ഊട്ടിയിലെ തണുത്ത കാറ്റ് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
"ദാ,വലിയ മല!"പറമ്പിനു മൂലയില്‍ നില്‍ക്കുന്ന പ്ലാവിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.
അവന്‍ പൊന്നുവിനെ എടുത്ത് മല കാണിച്ചു കൊടുത്തു.

"ആ പൂന്തോട്ടം കണ്ടോ.നമുക്ക് അവിടെ പോയിരിക്കാം."അവര്‍ മറ്റൊരു മരച്ചുവട്ടിലേക്കു നടന്നു.
"ഹായ്!ഈ പൂന്തോട്ടം കാണാന്‍ എന്തു രസം!"നീതു പറഞ്ഞു.അവര്‍ മരച്ചുവട്ടിലിരുന്നു.
"ഓ..പൊന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു.അവള്‍ക്ക് വിശക്കുന്നു.നമുക്ക് ഇവള്‍ക്ക് എന്തെങ്കിലും വാങ്ങിക്കടുക്കാം.ഹോട്ടല്‍ എവിടെ?”നീതു ചോദിച്ചു.
"ദാ..അവിടെ ഒരു ഹോട്ടലുണ്ട്.നമുക്കങ്ങോട്ടു പോകാം.”

പറമ്പിന്റെ ഓരോ ഇടങ്ങളിലേക്കാണ് അവര്‍ ചൂണ്ടുന്നത്.പറമ്പ് മുഴുവന്‍ ഊട്ടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു.ഊട്ടിയിലെ വിവിധ സ്ഥലങ്ങളിലൂടെ അവര്‍ സഞ്ചരിക്കുകയാണ്.ഊട്ടിയിലെ പുഴകള്‍,മലകള്‍,പൂന്തോട്ടങ്ങള്‍,ഹോട്ടലുകള്‍...

കുട്ടികള്‍ ഫാന്റസിയുടെ ലോകത്താണ്.അവര്‍ ഭാവനയില്‍ ഒരു ഊട്ടി കെട്ടിപ്പൊക്കിയിരിക്കുന്നു.അതിനു വേണ്ടിവന്ന അസംസ്കൃതവസ്തുക്കളോ?ഊട്ടിയിലേക്ക് യാത്രചെയ്ത മുതിര്‍ന്ന ഒരാളുടെ സംഭാഷണങ്ങളും ആ യാത്രക്കിടയിലെടുത്ത ചില   ഫോട്ടോകള്‍ കണ്ട ഓര്‍മ്മയും.അതും മാസങ്ങള്‍ക്കു മുമ്പേ.അത് അവരില്‍ ആരുടേയോ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നിരിക്കണം.അനുകൂലമായ കാലാവസ്ഥയില്‍  അതിനു മുളപൊട്ടി.കളിയിലൂടെ മറ്റൊരാളുടെ അനുഭവത്തെ അവര്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.തങ്ങള്‍ ഊട്ടിയിലാണെന്ന് അവര്‍ സ്വയം വിശ്വസിപ്പിച്ചു.ആ അനുഭവത്തെ വിശകലനം ചെയ്തു.പുതിയ അര്‍ത്ഥം നല്‍കി.അതിനെ പുതിയ ഒരു അറിവാക്കിമാറ്റി മനസ്സില്‍ സൂക്ഷിച്ചു.

ഊട്ടിയാത്ര തീം ആയ ഈ കളിക്ക്  കുട്ടികളുടെ സാധാരണ  കളികളില്‍ നിന്നും ഒരു പ്രധാന വ്യത്യാസമുണ്ട്.സാധാരണയായി കുട്ടികള്‍ അവരുടെ അനുഭവങ്ങളാണ് കളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.ദിവസേനയെന്നോണം കുട്ടികള്‍ക്കുണ്ടാകുന്ന പുതിയ അനുഭവങ്ങള്‍.എന്നാല്‍ ഈ കളിയില്‍ മറ്റൊരാളുടെ അനുഭവമാണ് കുട്ടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതും യാത്രാനുഭവം.ബസ്സ് യാത്ര
തീം ആയിവരുന്ന കളികളെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്തിരുന്നു.അവിടെ ഡ്രൈവറും കണ്ടക്ടറുമാണ് കഥാപ്പാത്രങ്ങള്‍.എന്നാല്‍ ഇവിടെ കുട്ടികള്‍ സ്വയം സഞ്ചാരികളായി മാറിയിരിക്കുന്നു. ഇത് അവരുടെ കളിയിലെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.കുട്ടികളുടെ ഉയര്‍ന്ന മാനസിക ശേഷിയുടെ ആവിഷ്ക്കാരമാണ് നാം കളിയില്‍ കാണുന്നത്. .യഥാര്‍ത്ഥ ലോകത്തിലെ പ്രതീകങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു അയഥാര്‍ത്ഥ ലോകത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നു.അവിടെ തങ്ങള്‍ മറ്റാരോ ആണ്.ആ മറ്റാരുടേയോ കാഴ്ചപ്പാടിലൂടെയാണ് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ലോകത്തെ അവര്‍ കാണുന്നതും അതിന് അര്‍ത്ഥം കൊടുക്കുന്നതും.

പെട്ടെന്നാണ് കളിയില്‍ ഒരു തര്‍ക്കം ഉടലെടുത്തത്.

"ദാ..പയ്യന്നൂര്‍ ഫെസ്റ്റ്."ഒരു മുലയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് സൂരജ് പറഞ്ഞു.
"ഇനി നമുക്ക് പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോകാം.”
പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോയ അനുഭവം അവനുണ്ട്.കളിയെ ഇനിയും മുന്നോട്ടു കൊണ്ടുപോകണം.അതിന് അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അത്.
"ഊട്ടിയില്‍ പയ്യന്നൂര്‍ ഫെസ്റ്റ് ഉണ്ടാവ്വോ?”
നീതു ചോദിച്ചു."പയ്യന്നൂര്‍ ഫെസ്റ്റ് പയ്യന്നൂരില്‍ മാത്രമല്ലേ ഉണ്ടാവൂ?”
"അല്ല.ഊട്ടിയിലും ഉണ്ടാവും."സൂരജ് ഉറപ്പിച്ചു പറഞ്ഞു.
"ഇല്ല.ഉണ്ടാവില്ല.”നീതുവിന്റെ ശബ്ദം കനത്തു.
"നീ പോടീ..”
"നീ പോടാ...”
സൂരജ് കളിയിലെ നിയമം തെറ്റിച്ചിരിക്കുന്നു.സങ്കല്‍പ്പത്തിനും ചില ലോജിക്കുകളുണ്ട്.അതു തെറ്റിച്ചാല്‍ കളിയുടെ രസം പോയി.
നീതു പിണങ്ങിപ്പോയി.
അതോടെ കളി അവസാനിച്ചു.





Saturday, 18 April 2015

കുട്ടികള്‍ ഇങ്ങനെയാണ് ജീവിതം പഠിക്കുന്നത്

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 1


Play is not only a release of surplus energy as is popularly believed, nor merely a means of amusement, nor an escape from reality. It is the means of organization and development of the physical, emotional, social life, and expression of the social and emotional elements which constitute the basis upon which a healthy, morally stabilized life rests. Play also contributes to sound intellectual achievement.

Neva Boyd

ഇത് കാര്‍ത്തുവും അഭിയും.രണ്ടുപേരും 'കഞ്ഞീം കറീം' വെച്ചു കളിക്കുകയാണ്.ഒരുതരം ചമഞ്ഞുകളി(dramatic play).അവധിക്കാലത്തെ അവരുടെ പ്രധാനകളിയാണിത്.കളിക്കണമെങ്കില്‍ അവര്‍ക്ക് സ്വന്തമായി ഒരു  വീടുവേണം.പഴയ സാരിയും തുണികളും കമ്പുകളും മറ്റും അവര്‍ തന്നെ കൊണ്ടുവന്നു.വീടു കെട്ടാന്‍ എന്റെ ചെറിയൊരു സഹായം ആവശ്യമായി വന്നു.പിന്നീട് കളി തുടങ്ങി.

വീടിന്റെ അകവും പുറവുമൊക്കെ നിമിഷനേരംകൊണ്ട്  മറ്റൊരു ലോകമായി മാറി.അഭി സൂരജ് ആയി.പൊന്നു എന്ന പാവക്കുട്ടിയുടെ അച്ഛന്‍.കാര്‍ത്തു നീതുവായി.പൊന്നുവിന്റെ അമ്മ.വീടിനകത്തുനിന്നും ഇടയ്ക്ക് താരാട്ടുപാട്ട് കേള്‍ക്കും. അമ്മ കുഞ്ഞിനെ ഉറക്കുകയാണ്.ചിലപ്പോള്‍ കുഞ്ഞുമായുള്ള ദീര്‍ഘമായ സംഭാഷണം കേള്‍ക്കാം.അതിനെ കൊഞ്ചിക്കുന്നതു കേള്‍ക്കാം.അല്ലെങ്കില്‍ വലിയ ശബ്ദത്തില്‍ ശാസിക്കും.അടിയുടെ ശബ്ദം കേള്‍ക്കും.പാവക്കുട്ടിക്ക് കരയാന്‍ കഴിയില്ലല്ലോ.അപ്പോള്‍ എന്തു ചെയ്യും? അതിനുമുണ്ട് വഴി.അമ്മ ശബ്ദം മാറ്റി കരയും. പൊന്നുവിന്റെ ശബ്ദത്തില്‍.
അരിശം തീരാഞ്ഞ് നീതു സൂരജിനെ വിളിക്കും.പൊന്നുവിന്റെ വികൃതികളെക്കുറിച്ച്  പരാതി പറയും.ഈ സമയം സൂരജ് സൂപ്പര്‍ മാര്‍ക്കറ്റിലായിരിക്കും.പൊന്നുവിന് ഫോണ്‍ കൈമാറാന്‍ പറയും.പൊന്നുവിനെ ഗുണദോഷിക്കും."അച്ഛന്‍ വരുമ്പോള്‍ ചോക്ലേറ്റ് കൊണ്ടുവരാം. നല്ല കുട്ടിയായിരിക്കണം.കേട്ടോ?”



വീട് മാത്രമല്ല,വീടിനു ചുറ്റുമുള്ള സ്ഥലങ്ങളും  കളിയിലെ പ്രധാനപ്പെട്ട ചില ഇടങ്ങളാണ്.ചിലപ്പോള്‍ അത് സൂപ്പര്‍ മാര്‍ക്കറ്റായിരിക്കും.അല്ലെങ്കില്‍ അംഗന്‍ വാടി.അതുമല്ലെങ്കില്‍ ആശുപത്രി.ചിലനേരങ്ങളില്‍ അതു കല്യാണമണ്ഡപമായി മാറും.ഈ സ്ഥലം നിമിഷനേരം കൊണ്ടാണ് മറ്റൊന്നാക്കി മാറ്റുന്നത്.ഒരു ഷാള്‍ വിരിച്ചാല്‍ അതു കല്യാണമണ്ഡപമായി.ഒരു സൂപ്പര്‍ മാര്‍ക്കറ്റുണ്ടാക്കണമെങ്കില്‍ ഒരു വടി കുത്തനെ നിര്‍ത്തിയാല്‍ മതി.അല്ലെങ്കില്‍ ഒരു സ്ഥലം മാര്‍ക്കുചെയ്ത് അത് അംഗന്‍ വാടിയെന്ന് പറഞ്ഞുകൊണ്ട് എസ്റ്റാബ്ലിഷ് ചെയ്യും.ഈ സ്ഥലങ്ങള്‍ രൂപപ്പെട്ടുവരുന്നത് കുട്ടികളുടെ ഭാവനയിലാണ്.വീട്ടില്‍ നിന്നും ഈ പരിസരങ്ങളിലേക്കുള്ള ഇടയ്ക്കിടേയുള്ള സാങ്കല്‍പ്പിക സഞ്ചാരമാണ് കളിയെ ചലനാത്മകമാക്കുന്നത്.കളിക്കിടയില്‍ നാടകീയമായ ട്വിസ്റ്റുകളുണ്ടാകും. പൊടുന്നെ ഒരു പ്രശ്നം ഉടലെടുക്കുന്നു.കുഞ്ഞിന് അസുഖം കൂടുന്നത്,വീട്ടില്‍ കള്ളന്‍ കയറുന്നത്,സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു വാഹനാപകടം...ഒക്കെ കളിക്കിടയിലെ സ്വാഭാവികമായ ക്ലൈമാക്സുകളാണ്.ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും പരിഹരിച്ചും കൊണ്ടാണ് കളി മുന്നോട്ടുപോകുന്നത്.


ഈ വീട്ടിനകത്തിരുന്നാണ് കുട്ടികള്‍ ദിവസം മുഴുവനും കളിക്കുക എന്നു കരുതുകയാണെങ്കില്‍ തെറ്റി.ഏറിയാല്‍ ഒരു മണിക്കൂര്‍ സമയം.അപ്പോഴേക്കും വീടിനെചുറ്റിപ്പറ്റിയുള്ള കളി അവസാനിപ്പിക്കും.പിന്നീട് ചിലപ്പോള്‍ മറ്റു  സമയങ്ങളില്‍ അവര്‍ ഇതിനകത്തേക്ക് തിരിച്ചു വന്നേക്കും.പുതിയ കഥാപ്പാത്രങ്ങളായി.അപ്പൂപ്പനും അമ്മൂമ്മയുമായി.അല്ലെങ്കില്‍ ചേച്ചിയും അനുജനുമായി.ഇത്തവണ വീടിനെ ഒരു അമ്പലമാക്കി അവര്‍ മാറ്റിയിരിക്കും.
അമ്പലത്തിലെ പ്രതിഷ്ഠയും പൂജാരിയും ചെണ്ടക്കാരും ഒക്കെയായി അവര്‍ മാറും.


വീടുകളി മതിയാക്കിയാല്‍ അല്പ സമയത്തെ ഇടവേളയുണ്ടാകും.പിന്നീട് വീണ്ടും കൂടിയാലോചിക്കും.വീട്ടുമുറ്റത്തെ മരത്തണലിലേക്ക് പോകും.അവിടെയിരുന്ന് ബസ്സ് കളിക്കും.വീടിനുപകരം കളിയിലെ തീം ബസ്സും യാത്രയുമായിരിക്കും.രണ്ടുപേരും കൂടിയാലോചിച്ച് ഒരു പ്ലോട്ട് തയ്യാറാക്കും.ആപ്ലോട്ട് പ്രകാരം തന്നെ കളി മുന്നോട്ട് പോകണമെന്നില്ല.എങ്കിലും കൂടിയാലോചനയിലൂടെ ഒരു ധാരണയിലെത്തും.കളിക്ക് ആവശ്യമായ സാധനങ്ങളൊക്കെ രണ്ടുപേരും ചേര്‍ന്ന് ശേഖരിച്ചു വരും. ബസ്സ് കെട്ടിയുണ്ടാക്കും.അബിയാണ് എപ്പോഴും ഡ്രൈവര്‍.കാര്‍ത്തു കണ്ടക്ടറും.യാത്രയില്‍ അറിയാവുന്ന സ്ഥലങ്ങളുടെ പേരുകളൊക്കെ വിളിച്ചു പറയും.ആളുകള്‍ കയറുന്നതും ഇറങ്ങുന്നതുമൊക്കെ കണ്ടക്ടറുടെ മോണോലോഗിലൂടെയാണ് അവതരിപ്പിക്കുക. 


"ണീം....."കണ്ടക്ടര്‍ ശബ്ദമുണ്ടാക്കുന്നു.
 ഡ്രൈവര്‍ ബ്രേക്കിടുന്നു.
"ആ ഡോറൊന്ന് തുറന്നു കൊടുക്കൂ..."ക്ലീനറോടാണ്.
"എങ്ങോട്ടാണ്?"ബസ്സില്‍ കയറിയ യാത്രക്കാരനോട് കണ്ടക്ടര്‍.
"ഓ..കണ്ണൂരേക്കോ?ഇതാ ടിക്കറ്റ്.  അമ്പത് രൂപാ..'
കൈയ്യിലുള്ള കടലാസില്‍ പോകേണ്ടുന്ന സ്ഥലവും ടിക്കറ്റ് ചാര്‍ജും എഴുതി മുറിച്ചു കൊടുക്കുന്നതുപോലെ കാണിച്ച് താഴെയിടുന്നു.
"ങേ..നൂറു രൂപയോ?ചില്ലറയില്ല.ബാക്കി പിന്നെത്തരാം...”


ബസ്സില്‍ കയറാന്‍ ആളുകളില്ലാതെ വരുമ്പോള്‍ പിന്നെ എന്തു ചെയ്യും?കണ്ടക്ടറുടെ ആത്മഭാഷണങ്ങള്‍വഴി ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന യാത്രക്കാരെയും      വഹിച്ചുകൊണ്ടാണ് ബസ്സിന്റെ തുടര്‍ന്നുള്ള സഞ്ചാരം.

ചിലപ്പോള്‍ ഒരു മുറി മുഴുവന്‍ ബസ്സായി സങ്കല്‍പ്പിക്കും.അവിടെ നിരത്തിയിട്ട കസേരകളും സ്ററൂളും സീറ്റുകളാക്കും.യാത്രക്കാരായി പാവക്കുട്ടികളുണ്ടാകും.ഡ്രൈവറുടെ സീറ്റിനുമുന്നില്‍ കടലാസില്‍ സ്ഥലനാമങ്ങളെഴുതി ഒട്ടിക്കും.ഒരു ദിവസം ചുമരിലും വാതിലിനു പുറകിലും മറ്റുമായി ചോക്കുകൊണ്ട് എഴുതിയിട്ടിരിക്കുന്നതു കണ്ടു.'കൈയും തലയും പുറത്തിടരുത്','പുകവലി പാടില്ല','സ്ത്രീകള്‍' …



കളിയില്‍ ഇടയ്ക്കിടെ കടന്നുവരുന്ന മറ്റൊരു തീം ബേങ്ക് ആണ്.ഒരു മുറിക്ക് അകത്തും പുറത്തുമായി നിന്ന് ജനാലയിലൂടെയാണ് ഇടപാട്.അഭിയായിരിക്കും എപ്പോഴും ബേങ്ക് മാനേജര്‍.കാര്‍ത്തുവാണ് കസ്റ്റമര്‍.പണം ഡപ്പോസിറ്റ് ചെയ്യാനും
എടുക്കാനുമാണ് അവള്‍ വരുന്നത്.ബേങ്കില്‍ കംപ്യൂട്ടറുകളും മറ്റു സംവിധാനങ്ങളുമുണ്ട്.അവള്‍  ഡപ്പോസിറ്റ് ചെയ്യുന്ന പണം അഭി എഴുതി വയ്ക്കും.പിന്നീട് കൂട്ടി നോക്കും....


മിക്കവാറും എല്ലാദിവസങ്ങളിലും ആവര്‍ത്തിച്ചു കളിക്കുന്ന ഒരു കളിയുണ്ട്.തെയ്യം കെട്ടിക്കളി.ചെണ്ട കൊട്ടുന്നതില്‍ വിദഗ്ദനാണ് അബി.മുത്തപ്പന്റെയും ചാമുണ്ഡിയുടേയും വ്യത്യസ്തമായ താളത്തിലുള്ള കൊട്ട് അഭിയ്ക്കറിയാം.അതുകൊണ്ട് കാര്‍ത്തുവിനെയാണ് മുത്തപ്പന്‍ കെട്ടുക.പൗഡറും കുങ്കുമവും മറ്റും ഉപയോഗിച്ച് തെയ്യത്തിന് മുഖത്തെഴുതുന്നത് അഭിയാണ്.മുടികെട്ടിയുറപ്പിക്കാന്‍ മുതിര്‍ന്നവരുടെ സഹായം തേടും.തോറ്റം പാട്ടിന്റേയും വാദ്യത്തിന്റേയും വായകൊണ്ടുള്ള വെടിക്കെട്ടിന്റേയുമൊക്കെ അകമ്പടിയോടെയാണ് തെയ്യത്തിന്റെ പുറപ്പാട്.തെയ്യത്തിന്റെ ഉറയലും ഉരിയാടലുമൊക്കെയുണ്ടാകും.ഇതില്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്കും റോളുണ്ട്.അവര്‍ പോയി തെയ്യത്തെ തൊഴണം എന്നാണ് ചട്ടം.


ചാമുണ്ഡിയെ കെട്ടുന്നത് അഭിതന്നെയാണ്.അപ്പോള്‍ ചെണ്ടകൊട്ടുന്നത് കാര്‍ത്തുവാണ്.പക്ഷേ,കാര്‍ത്തുവിന് താളത്തില്‍  ചെണ്ടകൊട്ടാനറിയില്ല.അപ്പോള്‍ തെയ്യം ചെണ്ടക്കാരിയെ വഴക്കു പറയും. അവള്‍ പിണങ്ങിപ്പോകും.അതോടെ തെയ്യംകെട്ടിക്കളി അവസാനിക്കും.ദിവസം അര മണിക്കൂര്‍ സമയമേ തെയ്യംകെട്ടിക്കളി നീണ്ടുനില്‍ക്കൂ.

കളിയിലെ മറ്റൊരു തീം കല്യാണമാണ്.വീട്ടിലെ ഏതെങ്കിലും മുറിയിലിരുന്നാണ് ഇതു കളിക്കുക.അഭി വരനായും കാര്‍ത്തു വധുവായും അണിഞ്ഞൊരുങ്ങും.വധു കൈയില്‍ തളികയും പിടിച്ച്  വിവാഹ വേദിയിലേക്ക് മന്ദംമന്ദം നടന്നു വരും.അല്പം കഴിഞ്ഞാല്‍ വരനുമെത്തും.പിന്നെ വിവാഹം.അതു കഴിഞ്ഞാല്‍ വിവാഹസദ്യയുണ്ടാകും.സദ്യയുണ്ണാന്‍ എല്ലാ പാവക്കുട്ടികളും നിരന്നിരിക്കും....


കഴിഞ്ഞ അവധിക്കാലത്ത് ഈ കുട്ടികളുടെ ചമഞ്ഞുകളിയെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു.അഭിക്ക് ഏഴുവയസ്സും കാര്‍ത്തുവിന് എട്ടു വയസ്സും പൂര്‍ത്തിയായിരിക്കുന്നു.കടന്നുപോയ ഒരുവര്‍ഷം ഇവരുടെ കളിയില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്നു നിരീക്ഷിക്കുകയായിരുന്നു ഞാന്‍.

കുട്ടികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളാണ് ചമഞ്ഞുകളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.തങ്ങള്‍ സാധാരണ പെരുമാറുന്ന ഇടങ്ങളില്‍ കണ്ടുമുട്ടുന്ന  മനുഷ്യരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും ധാരണകളും വികസിക്കുന്നതിനനുസരിച്ച് കളി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.വര്‍ദ്ധിച്ചുവരുന്ന ലോകപരിചയം വിശകലനം ചെയ്യുന്നത് കളിയില്‍ പുതിയ തീമുകള്‍ ഉണ്ടാക്കിക്കൊണ്ടാണ്.ബാങ്ക് പോലുള്ള തീമുകള്‍ കളിയില്‍ സ്ഥാനം പിടിക്കുന്നത് അങ്ങിനെയാണ്.വീടും കുടുംബവും പോലുള്ള തീമുകള്‍ കൂടുതല്‍ സൂക്ഷ്മതയോടേയും വിശദാംശങ്ങളോടെയുമാണ് കൈകാര്യം ചെയ്യപ്പെടുന്നത്.രണ്ടുപേരുടേയും പരസ്പര സംഭാഷണങ്ങളിലൂടേയും ഒറ്റയ്ക്കുള്ള ആത്മഭാഷണങ്ങളിലൂടേയും പകര്‍ന്നാട്ടത്തിലൂടേയും മുതിര്‍ന്നവരുടെ ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ നീരീക്ഷണങ്ങളും വിമര്‍ശനങ്ങളും വിശകലനങ്ങളും കളിയിലൂടെ ആവിഷ്ക്കരിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്.കളിയിലൂടെ അവര്‍ ജീവിതത്തെ പഠനവിധേയമാക്കുന്നു.


കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ തീമുമായി ബന്ധപ്പെട്ട് പ്ളോട്ട് തയ്യാറാക്കിക്കൊണ്ടാണ് കുട്ടികള്‍ കളിക്കുന്നത്.കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ് രണ്ടുപേരും  ചര്‍ച്ച ചെയ്ത് ഒരു പ്ളോട്ട് തീരുമാനിക്കും.ഒപ്പം റോളുകളും നിശ്ചയിക്കും.പിന്നീടാണ് കളിക്കുന്നത്.കളിക്കിടയില്‍ അപ്പപ്പോള്‍ തോന്നുന്ന മാറ്റങ്ങള്‍ വരുത്തിയേക്കും.ഇങ്ങനെ ഒരു തീമിലെ കളിയില്‍ത്തന്നെ ഒന്നിലധികം  പ്ലോട്ടുകള്‍ ഉണ്ടാകും.വീട് കളിക്കിടയില്‍ കുട്ടികള്‍ ഉണ്ടാക്കിയ ഒരു പ്ലോട്ട് നോക്കുക.

'രാത്രി.രണ്ടുപേരും കിടന്നുറങ്ങുന്നു.അപ്പോള്‍ പാദസരം കിലുങ്ങുന്നത് കേള്‍ക്കുന്നു.അടുത്ത വീട്ടിലെ ചേച്ചി നടന്നുപോകുന്നതാണെന്നുകരുതി ചേച്ചിയെ വിളിച്ചു ചോദിക്കുന്നു.അപ്പോഴാണ് അറിയുന്നത് ചേച്ചിക്ക് പാദസരമേയില്ല.അപ്പോള്‍ പേടിയാകുന്നു.അതൊരു പ്രേതം നടക്കുന്ന ശബ്ദമാണ്.പെട്ടെന്ന് പ്രേതം വരുന്നു.രണ്ടുപേരും പേടിച്ച് കട്ടിലിനടിയില്‍ ഒളിക്കുന്നു....'

ഈ കഥാതന്തു രണ്ടുപേരും ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയതാണ്. ഇതിനെയാണ് പിന്നീട് ആവിഷ്ക്കരിച്ചത്.ഇതില്‍ പ്രേതവും വീട്ടുകാരനും ഒരാള്‍തന്നെയായി.

കാര്‍ത്തുവും അഭിയും ഇതിനകം എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞു.അത്യാവശ്യം വേണ്ട ഗണിതശേഷികളും നേടിക്കഴിഞ്ഞു.എഴുത്തിന്റേയും ഗണിതത്തിന്റേയും സാധ്യതകള്‍ അവര്‍ കളിയില്‍ പ്രയോജനപ്പെടുത്തുന്നതു കണ്ടു.ബസ്സ് കളിയിലും ബാങ്ക് കളിയിലുമൊക്കെ ഇതു കാണാം. കടലാസു തുണ്ടുകള്‍ തുന്നിക്കെട്ടി കൂപ്പണ്‍ ഉണ്ടാക്കി അമ്പലത്തില്‍ ഉത്സവത്തിന് പണപ്പിരിവ് നടത്തുക എന്നതാണ് മറ്റൊരു കളിയിലെ തീം.ഒടുവില്‍ കിട്ടിയ പണം കൂട്ടിനോക്കും.വീടുകളിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു പോകുന്ന ഭര്‍ത്താവിന്റെ കൈവശം ഭാര്യ വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി നല്‍കുന്നതും ഇടയ്ക്കു കാണാം.എഴുത്തും വായനയും കണക്കുകൂട്ടലുമൊക്കെ നിത്യജീവിതത്തില്‍ നിന്നും എങ്ങനെ ഒഴിവാക്കാനാണ്?

കളിക്കിടയില്‍ ഒരാള്‍ തന്നെ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നത് കളിയിലെ ഒരു വളര്‍ച്ച തന്നെയാണ്. പ്ലോട്ടുകള്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ കൂടുതല്‍ കഥാപ്പാത്രങ്ങള്‍ വരുന്നു.കളിക്കാനാണെങ്കില്‍ രണ്ടുപേര്‍മാത്രമേയുള്ളുതാനും.അപ്പോള്‍ ഒരാള്‍തന്നെ വിവിധ റോളുകള്‍ ചെയ്താല്‍ മാത്രമേ കളിയെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമാകൂ.കളിക്കിടയില്‍ ഒരു റോളില്‍ നിന്നും മറ്റൊന്നിലേക്ക് പെട്ടെന്ന് മാറാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല.ഉയര്‍ന്ന മാനസികശേഷി കൈവരിക്കുന്നതിലൂടെയാണ് അവര്‍ക്കതിനു കഴിയുന്നത്.

കളിയിലെ വളര്‍ച്ചയുടെ മറ്റൊരു സൂചനയായി കാണുന്നത് കളിയില്‍ പ്രതീകങ്ങള്‍ (symbols) ധാരാളമായി  ഉപയോഗിക്കുന്നു എന്നതാണ്. പ്രതീകങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കളിയിടത്തില്‍ കളിക്കാവശ്യമായ ഒരു പരിസരം സൃഷ്ടിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.ഒരു ഷാള്‍ വിരിച്ച് ഒരു കല്യാണമണ്ഡപം സൃഷ്ടിക്കാനും ഒരു വടി കുത്തനെ നിര്‍ത്തി ഒരു സൂപ്പര്‍മാര്‍ക്കറ്റുണ്ടാക്കാനും ഈ വിദ്യയിലൂടെ കുട്ടികള്‍ക്ക് കഴിയും.കുട്ടികളുടെ അമൂര്‍ത്ത ചിന്താശേഷി(abstract thinking)  വികസിപ്പിക്കാന്‍ ഈ കളിയിലൂടെ സാധ്യമാകും എന്നുപറയുന്നത് അതുകൊണ്ടാണ്. 

ചമഞ്ഞുകളി കുട്ടികളുടെ അവകാശമാണ്.അവരുടെ ആഹാരവും സ്നേഹവും സുരക്ഷിതത്വവും പോലെ പ്രധാനപ്പെട്ട ഒന്ന്.

(തുടരും...)



എം.എം.സുരേന്ദ്രന്‍

Thursday, 9 April 2015

അവനെ പഠിപ്പിക്കുക,ഒരു നല്ല മനുഷ്യനാകാന്‍...

എബ്രഹാം ലിങ്കണ്‍
 മകന്‍ പഠിക്കുന്ന സ്ക്കൂളിന്റെ
 ഹെഡ്മാസ്റ്റര്‍ക്ക് അയച്ച കത്ത്
.......................................................................


അവനെ പഠിപ്പിക്കുക,ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന്.
സമയമെടുത്തേക്കും എന്നെനിക്കറിയാം,എങ്കിലും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവനെ പഠിപ്പിക്കുക.കളഞ്ഞുകിട്ടുന്ന അഞ്ചു ഡോളറിലും വിലയുണ്ട് അധ്വാനിച്ച് സമ്പാദിക്കുന്ന ഒരു ഡോളറിന് എന്ന്.

അവനെ പഠിപ്പിക്കുക,തോല്‍വികളെ അഭിമുഖീകരിക്കാന്‍, വിജയങ്ങള്‍
 ആസ്വദിക്കാനും.
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍,അസൂയ എന്ന
വികാരത്തില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുക.

അവനെ പഠിപ്പിക്കുക,പ്രശാന്തമായ ചിരിയുടെ രഹസ്യം.തന്നെക്കാള്‍ ദുര്‍ബലരായവരെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് മെരുക്കാന്‍ ഏറ്റവും എളുപ്പമെന്ന്  മനസ്സിലാക്കാന്‍ അവന് അവസരമുണ്ടാക്കുക.

അവനെ പഠിപ്പിക്കുക,പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി.ഒപ്പം,പക്ഷികളും പ്രാണികളും പൂവുകളുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുവദിക്കുകയും ചെയ്യുക.

അവനെ പഠിപ്പിക്കുക,നേരല്ലാത്ത വഴികളിലൂടെയുള്ള വിജയങ്ങളേക്കാള്‍ തോല്‍വിയാണ് കൂടുതല്‍ ആദരിക്കപ്പെടുക എന്ന്.
അവനെ പഠിപ്പിക്കുക,മറ്റുള്ളവരെല്ലാം തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വാസമുള്ളവനായിരിക്കാന്‍.
അവനെ പഠിപ്പിക്കുക,മാന്യന്മാരോട് മാന്യമായിരിക്കാന്‍;പരുക്കന്മാരോട് പരുക്കനായിരിക്കാനും.

കുഴലൂത്തിനു പിന്നാലെ നടക്കുന്ന ജനക്കൂട്ടത്തെ പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകന് പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കുക.

എല്ലാവരുടേയും വാക്കുകള്‍ക്ക് ചെവികൊടുക്കാനും അവയില്‍ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറിക്കിട്ടുന്ന നല്ലതു മാത്രം കൈക്കൊള്ളാനും അവനെ പഠിപ്പിക്കുക.


അവനെ പഠിപ്പിക്കുക,ദുഖിതനായിരിക്കുമ്പോഴും എങ്ങനെ ചിരിക്കണമെന്ന്;കണ്ണീരില്‍ ഒട്ടും ലജ്ജ തോന്നേണ്ടതില്ലെന്ന്.
അവനെ പഠിപ്പിക്കുക,ദോഷൈകദൃക്കുകളെ അവഗണിക്കാന്‍;അമിതമായ പുകഴ്ത്തലുകളെ കരുതിയിരിക്കാനും.

അവനെ പഠിപ്പിക്കുക,സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യക്കാര്‍ക്കായി മാത്രം പ്രയോജനപ്പെടുത്താന്‍.ഒപ്പം ഹദയത്തിനും മനസ്സാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കാനും.

ജനക്കൂട്ടത്തിന്റെ ബഹളത്തിനുനേരെ ചെവി അടച്ചുവെച്ച്,തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.


അവനോട് മാന്യമായി ഇടപെടുക,പക്ഷേ, ആശ്ലേഷിക്കാതിരിക്കുക.അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലോ യഥാര്‍ത്ഥ ഉരുക്ക് ഉണ്ടാവുന്നത്.

അക്ഷമനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാന്‍ അനുവദിക്കുക;ധൈര്യവാനായിരിക്കുവാനുള്ള ക്ഷമയുണ്ടാവാനും.

അവനെ പഠിപ്പിക്കുക,അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാന്‍.എങ്കില്‍ മാത്രമേ അവനില്‍ മനുഷ്യസമൂഹത്തില്‍ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു.

ഇത് ഒരു ഭാരിച്ച ചുമതലയാണ്;എങ്കിലും താങ്കള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കുക.....
എന്റെ മകന്‍,അവനൊരു കൊച്ചു മിടുക്കനാണ്.

  (ഒലീവ് പ്രസിദ്ധീകരിച്ച 'വിദ്യാഭ്യാസ ചിന്തകള്‍' എന്ന പുസ്തകത്തോട് കടപ്പാട്)



Saturday, 4 April 2015

സ്ക്കൂള്‍ വാര്‍ഷികം ഒരു നാടിന്റെ ആഘോഷമായപ്പോള്‍...


സ്ക്കൂളിന്റെ പോയ വര്‍ഷത്തെ/വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അവതരിപ്പിക്കുക എന്നതാണല്ലോ  സ്ക്കൂള്‍ വാര്‍ഷികം കൊണ്ട് ഉദ്ദേശിക്കുന്നത്.പഠനത്തില്‍ കുട്ടികളുടെ മികവുകള്‍,ക്ലാസുമുറിയിലെ ഉത്പ്പന്നങ്ങള്‍,കുട്ടികളുടെ കലാപരമായ കഴിവുകള്‍ തുടങ്ങയവയൊക്കെ അവതരിപ്പിക്കാം.രക്ഷിതാക്കള്‍ അതു കാണും.വിലയിരുത്തും.തങ്ങളുടെ നാട്ടിലെ വിദ്യാലയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കും.അടുത്ത വര്‍ഷം തന്റെ കുട്ടിയെ ഈ വിദ്യാലയത്തില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കും.‍

ഇതുമാത്രം മതിയോ?നേരത്തെ പഠിച്ചിറങ്ങിയവരുടെ കലാപ്രകടനങ്ങള്‍ കുട്ടികള്‍ കാണേണ്ടതല്ലേ?സ്ക്കൂള്‍ വാര്‍ഷികം അതിനുള്ള അവസരം കൂടി നല്‍കിയാലോ?ഇവിടെ നിന്നും പഠിച്ചിറങ്ങിയ തങ്ങളുടെ ചേട്ടന്‍മാരുടേയും ചേച്ചിമാരുടേയും കഴിവുകള്‍ കുട്ടികളും വിലയിരുത്തട്ടെ.അപ്പോഴാണ് അത് യഥാര്‍ത്ഥത്തില്‍ സ്ക്കൂള്‍ വാര്‍ഷികമാകുന്നത്.അവിടെ രക്ഷിതാക്കളും നാട്ടുകാരും കേവലം കാഴ്ചക്കാരല്ല.വാര്‍ഷികത്തിലെ സജീവ പങ്കാളികള്‍ കൂടിയാണ്.എങ്കില്‍ സ്ക്കൂള്‍ വാര്‍ഷികം തീര്‍ച്ചയായും ഒരു നാടിന്റെ ആഘോഷമായി മാറും.ഒരു വട്ടംകൂടി തന്റെ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാനുള്ള അവസരമാണ് അത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

കാനത്തൂര്‍ സ്ക്കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികം ഈ രീതിയിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.ഗംഭീരമായ ജനപങ്കാളിത്തവും കലാപരിപാടികളുടെ  മേന്മയും വാര്‍ഷികാഘോഷത്തെ അവിസ്മരണീയമാക്കി.പിടിഎ,എംപിടിഎ,എസ്എംസി അംഗങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ വാര്‍ഷികം.വാര്‍ഷികാഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത തങ്ങളുടെ പ്രിയ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാഷിനുള്ള യാത്രയയപ്പുകൂടിയായിരുന്നു ഈ വാര്‍ഷികം.

മാര്‍ച്ച് 30ന് വൈകുന്നേരം ആറുമണിക്ക് കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.ഭവാനി അധ്യക്ഷത വഹിച്ചു.സിനിമ-സീരിയല്‍ നടന്‍ ശ്രീ.ജയന്‍.ആര്‍ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
സ്ക്കൂളിന്റെ പത്രം നിറവ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബി.എം.പ്രദീപ് സ്ക്കൂള്‍ ലീഡര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഇ.മണികണ്ഠന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ശ്രീ.തമ്പാന്‍ നന്ദിയും പറഞ്ഞു.

അമ്മമാര്‍ അവതരിപ്പിച്ച തിരുവാതിരക്കളിയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.കുട്ടികളുടെ വിവിധ കലാപരിപാടികള്‍,നാടകം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നാടകം,സംഘനൃത്തം,നാടന്‍പാട്ട് എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.പരിപാടികള്‍ രാത്രി വൈകുവോളം നീണ്ടു.വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ ആളുകള്‍ക്കും ആഘോഷക്കമ്മിറ്റിയുടെ വക വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.