ക്ലാസ്സുമുറിയില്‍ സര്‍ഗ്ഗാത്മകതയുടെ വെളിച്ചം പരക്കുന്നത് എപ്പോഴാണ്? പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് സ്വതന്ത്രമായി ആവിഷ്ക്കാരം നടത്താന്‍ കഴിയണം.അത് കുട്ടികളുടെ പറച്ചിലുകളാകാം.അവരുടെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാകാം.എഴുത്തിലൂടെയുള്ള ആത്മപ്രകാശനമാകാം.ആവിഷ്ക്കാരം ചിത്രംവരയിലൂടെയാകാം.ഒരു നാടകാവതരണത്തിലൂടെയോ വാര്‍ത്താ അവതരണത്തിലൂടെയോ ആകാം.പ്രശ്നപരിഹരണത്തിനുള്ള വ്യത്യസ്തമായ ഒരു വഴിയാകാം.സംഘം തിരിഞ്ഞ് ഒരു പരീക്ഷണം രൂപപ്പെടുത്തലാകാം. അപ്പോള്‍ ക്ലാസുമുറി സര്‍ഗ്ഗാത്മകമാകും.അത് കുട്ടികളുടെ പ്രയപ്പെട്ട ഒരു ഇടമായി മാറും.തനിക്കും കൂട്ടുകാര്‍ക്കും അവിടെ പലതും ചെയ്യാനുണ്ടന്ന തോന്നല്‍ കുട്ടികളിലുണ്ടാകും.ഓരോ കുട്ടിയുടേയും പറച്ചിലുകള്‍ക്ക് ക്ലാസുമുറി ചെവി കൊടുക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുക.കുട്ടിയുടെ വ്യക്തിത്വം അവിടെ അംഗീകരിക്കപ്പെടുന്നു.കുട്ടി തന്റെ ക്ലാസുമുറി ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു.
നിര്‍ഭയമായ,സ്വതന്ത്രമായ അന്തരീക്ഷമായിരിക്കണം ക്ലാസില്‍.അപ്പോള്‍ കുട്ടികള്‍ അവരുടെ നിശബ്ദത കൈവെടിയും.കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണ് വ്യതിരിക്തമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നത്.അവിടെ കുട്ടികളുടെ ഭാവനയുണരും.സര്‍ഗ്ഗാത്മകതയുടെ വസന്തം വിരിയും.കുട്ടികളുടെ വരിഞ്ഞുകെട്ടിയ നാവുകള്‍ക്കു മുകളിലാണ് പതിറ്റാണ്ടുകളായി പരമ്പരാഗത ക്ലാസുമുറി അധ്യയനവും അച്ചടക്കവും സാധ്യമാക്കിയത്. അത്തരം ക്ലാസുമുറികള്‍ സര്‍ഗ്ഗാത്മകതയുടെ ശവപ്പറമ്പുകളായിരിക്കും. അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹപൂര്‍ണ്ണവുമായിരിക്കണം.ഗുണപരമായ ഫീഡ്ബാക്കുകളിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് നിരന്തരമായ ഉണര്‍വ്വ് നല്‍കിക്കൊണ്ടിരിക്കും.ഇത് അവരുടെ കുഞ്ഞു മനസ്സില്‍ ആത്മവിശ്വാസം നിറയ്ക്കും.പുതിയ ആലോചനകള്‍ അവിടെ മുളപൊട്ടും.കുട്ടികളെ സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു അധ്യാപകന്റെ ക്ലാസില്‍ കുട്ടികള്‍ അസ്വസ്തരായിരിക്കും.അവരുടെ മനസ്സ് മരുഭൂമിപോലെ വരണ്ടുപോയിരിക്കും.അവിടെ ഭാവന നാമ്പിടില്ല.
അധ്യാപകന്‍ തന്റെ ആശയങ്ങളും ചിന്തകളും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നിടത്താണ് സര്‍ഗാത്മകതയ്ക്ക് ക്ഷതം പറ്റുക.പകര്‍ന്നുകൊടുക്കുന്നതിനു പകരം ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ രൂപപ്പെടണം.അപ്പോഴാണ് അത് കുട്ടിയുടെ സ്വന്തമാകുക.അതില്‍ കുട്ടിയുടെ മൗലികതയുടെ കൈയ്യൊപ്പ് പതിഞ്ഞിരിക്കും. പരമ്പരാഗത ക്ലാസുമുറിയെ സംബന്ധിച്ചിടത്തോളം വിവരങ്ങള്‍ കുത്തിനിറയ്ക്കാനുള്ള സഞ്ചികളാണ് കുട്ടികളുടെ മനസ്സ്. മൗലികമായി ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വികസിപ്പിക്കുകയെന്നത് അതിന്റെ ലക്ഷ്യമല്ല. വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാന്‍ സര്‍ഗാത്മക ക്ലാസുമുറിക്ക് കഴിയും.കഥകളിലൂടെ,ചിത്രങ്ങളിലൂടെ,നാടകത്തിലൂടെ,വീഡിയോ ദൃശ്യങ്ങളിലൂടെ,സംഗീതംകേള്‍പ്പിക്കുന്നതിലൂടെ,തുറന്ന ചോദ്യങ്ങളിലൂടെ,പഠനോപകരണം എന്ന നിലയില്‍ ചുറ്റുപാടും കാണുന്ന വിവിധ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ അത് കുട്ടികളുടെ ചിന്തയെ പ്രക്ഷുബ്ധമാക്കും.തന്റെ ഭാവന പ്രയോജനപ്പെടുത്തി മുന്നേറേണ്ടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അത് കുട്ടിക്കുമുന്നില്‍ തുറന്നിടും.സര്‍ഗാത്മകത വര്‍ത്തമാനത്തിലെ പ്രഹേളികകളെ നേരിടാന്‍ അവന് തുണയാകുക മാത്രമല്ല,ഭാവിയെക്കുറിച്ചുള്ള നേരായ ഉള്‍ക്കാഴ്ച രൂപപ്പെടുത്താനും അവനെ സഹായിക്കും.
പഠനത്തിനിടയില്‍ കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് പരമ്പരാഗത ക്ലാസുമുറികള്‍ കാണുന്നത്.അവിടെ തെറ്റുകള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്താനുള്ളതാണ്.ചുവന്ന അടയാളം കുട്ടികള്‍ക്കുള്ള ഒരു ശിക്ഷയാണ്.അത് ഒരിക്കലും തെറ്റ് തിരുത്തുന്നതിലേക്ക് കുട്ടികളെ നയിക്കുന്നില്ല. സര്‍ഗാത്മക ക്ലാസുമുറി കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ നോക്കിക്കാണുന്നത് മറ്റൊരു രീതിയിലാണ്.തെറ്റുകള്‍ വരുത്തുക എന്നത് പഠനത്തില്‍ സ്വാഭാവികമാണ്. അത് കുട്ടിയുടെ കുറ്റമല്ല.കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ അധ്യാപകന്റെ പരിമിതിയെയാണ് ബോധ്യപ്പെടുത്തുന്നത്.കുട്ടിക്ക് നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ച് അത് അധ്യാപകന് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.അധ്യാപകന്‍ നല്‍കുന്ന ശരിയായ ഫീഡ്ബാക്കുകളിലൂടെ തന്റെ തെറ്റുകള്‍ കണ്ടെത്താനും അവ തിരുത്തി മുന്നേറാനും കുട്ടി പ്രാപ്തിനേടുന്നു. ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്ക്കുന്ന ഒരു ക്ലാസുമുറിയില്‍ സര്‍ഗ്ഗാത്മകതയ്ക്ക് സ്ഥാനമില്ല.ഇത്തരം വിവേചനങ്ങള്‍ക്കു മുകളിലായിരുന്നു പരമ്പരാഗത ക്ലാസുമുറികള്‍ അതിന്റെ സാംസ്ക്കാരിക അടിത്തറ കെട്ടിപ്പൊക്കിയത്.മുന്‍ബെഞ്ചുകാര്‍-പിന്‍ബെഞ്ചുകാര്‍,പഠിക്കുന്നവര്‍-മണ്ടന്‍മാര്‍,പണക്കാര്‍-പാവപ്പെട്ട കുട്ടികള്‍,തറവാട്ടുമഹിമയുള്ളവര്‍-അതില്ലാത്തവര്‍,ഉയര്‍ന്ന ജാതി-കീഴ്ജാതി....ഇങ്ങനെയുള്ള തരംതിരിവുവഴി അത് ഭൂരിപക്ഷം കുട്ടികളേയും ക്ലാസിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയകറ്റുകയാണുണ്ടായത്.സര്‍ഗ്ഗാത്മക ക്ലാസുമുറിയില്‍ ഓരോ കുട്ടിക്കും സ്വന്തമായ ഇടമുണ്ട്.അവള്‍ക്ക് അവിടെ വേരുകളിറക്കാം.വളരാം.
പഠനത്തെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് കുട്ടികളുടെ ഭാവന വികസിക്കുക.അപ്പോഴാണ് പുതിയ ചിന്തകള്‍ കുട്ടികളില്‍ പൊട്ടി മുളയ്ക്കുക.സര്‍ഗാത്മക ക്ലാസുമുറി കുട്ടികളുടെ ചുറ്റുപാടുമായി,മനുഷ്യജീവിതവുമായി,അവരുടെ അനുഭവുമായി ബന്ധിപ്പിച്ചുള്ള പഠനത്തിന് പരമപ്രാധാന്യം നല്‍കുന്നു.അതുവഴി പഠനം വൈകാരികമായ അനുഭവമായി മാറുന്നു.കുട്ടികളുടെ വികാരത്തെ സ്പര്‍ശിക്കുകക വഴി പഠനം അവരുടെ ജീവിതം തന്നെയായി മാറുന്നു.അത് പ്രകൃതിയുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും.എന്നാല്‍ പരമ്പരാഗത ക്ലാസുമുറികള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും പഠനത്തെ അടര്‍ത്തിമാറ്റുകയാണ് ചെയ്യുന്നത്.പഠനവും ജീവിതവും രണ്ടു വഴികളിലായി വേര്‍പിരിയുന്നു. പരമ്പരാഗത ക്ലാസുമുറിയെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന ധാരാളം അധ്യാപകരുണ്ട്.അന്നത്തെ അധ്യാപകരുടെ പ്രാഗല്‍ഭ്യത്തെക്കുറിച്ചും ക്ലാസിലെ നിശബ്ദതയ്ക്ക് മുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന അവരുടെ മുഴക്കമാര്‍ന്ന ശബ്ദത്തെക്കുറിച്ചും അവരോട് തോന്നിയിരുന്ന ഭയഭക്തി ബഹുമാനങ്ങളെക്കുറിച്ചും അവര്‍ വാചാലരാകും.സ്വന്തം മനസ്സിലെ ഇത്തരം അധ്യാപക റോള്‍ മോഡലുകളെ വിമര്‍ശനവിധേയമാക്കാനും ഉടച്ചുവാര്‍ക്കാനും കഴിയാതിടത്തോളംകാലം അവരുടെ ക്ലാസുമുറികള്‍ക്ക് ഒരിക്കലും സര്‍ഗ്ഗാത്മകമാകാന്‍ കഴിയില്ല. സര്‍ഗ്ഗാത്മതയുള്ളവരെന്നാല്‍ കലാപരമായ കഴിവുകളുള്ളവര്‍ എന്നാണ് നാം സാധാരണയായി വിവക്ഷിക്കാറുള്ളത്.ചിത്രം വരയ്ക്കാന്‍ കഴിവുള്ളവര്‍; പാട്ടുപാടാന്‍ കഴിവുള്ളവര്‍; എഴുതാന്‍ കഴിവുള്ളവര്‍; അഭിനയിക്കാന്‍ കഴിവുള്ളവര്‍; ശില്പം നിര്‍മ്മിക്കാന്‍ കഴിവുള്ളവര്‍ എന്നിങ്ങനെ.ഇവരെയാണ് ഭാവനാസമ്പന്നര്‍ എന്നു നാം വിളിക്കുന്നത്.ഇതു ശരിയാണെന്നു തോന്നുന്നില്ല.സര്‍ഗ്ഗാത്മത കലാകാരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല.ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍ഗ്ഗാത്മതയുടെ പ്രയോഗമുണ്ട്.ചെയ്യുന്നതൊഴിലില്‍,വസ്ത്രധാരണത്തില്‍,കാഴ്ചപ്പാടില്‍,സൗഹൃദത്തില്‍,മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍,മറ്റുള്ളവരെ മനസ്സിലാക്കുന്നതില്‍,പ്രശ്നം പരിഹരിക്കുന്നതില്‍,ആസ്വാദനത്തില്‍,ആഹ്ലാദം ആഴത്തില്‍ ആനുഭവിക്കാന്‍ കഴിയുന്നതില്‍.... സര്‍ഗ്ഗാത്മകത ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.അത് പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല.വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ്.കുട്ടികളില്‍ ഭാവനാശേഷി വളര്‍ത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.ഭാവനാശൂന്യരായ ഒരു തലമുറയ്ക്ക് നാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയില്ല.ക്ലാസുമുറി സര്‍ഗ്ഗാത്മകമാക്കുകയെന്നത് പുതിയകാലത്തിന്റെ ആവശ്യമാണ്. എം.എം.സുരേന്ദ്രന്‍
പരീക്ഷയ്ക്കിടയിലായിരുന്നിട്ടും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.പരീക്ഷ കഴിഞ്ഞ ഉടനെ കൃത്യം 12മണിക്ക് ക്രസ്മസ് കരോള്‍ ആരംഭിച്ചു.സാന്താക്ലാസ് അപ്പൂപ്പനാകാന്‍ ഭാഗ്യം ലഭിച്ചത് ഏഴാം ക്ലാസിലെ ശ്രീരാഗിനും ഋഷികേശിനുമായിരുന്നു.
ഏഴാം ക്ലാസിലെ മുഴുവന്‍ പെണ്‍കുട്ടികളും ചേര്‍ന്നുള്ള ഒരു ഗായകസംഘമായിരുന്നു ക്രസ്മസ് കരോളിന്റെ മറ്റൊരു ആകര്‍ഷണം. ആദ്യം സ്ക്കൂളിന് തൊട്ടടുത്തുള്ള അംഗന്‍വാടിയിലേക്കായിരുന്നു പോയത്.കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്തു.ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.അപ്പൂപ്പന്‍മാര്‍ നൃത്തം ചെയ്തു.
പിന്നെ കാനത്തൂര്‍ ടൗണിലൂടെയായിരുന്നു ക്രിസ്മസ് ഗാനങ്ങളും ആലപിച്ചു കൊണ്ടുള്ള ഘോഷയാത്ര.ടൗണിലെ അംഗന്‍ വാടിയിലും വിവിധ കടകളിലും ബാങ്കിലും ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പന്‍ എത്തി.എല്ലായിടത്തുനിന്നും നല്ല സ്വീകരണം.എല്ലാവര്‍ക്കും മിഠായികള്‍ നല്‍കി. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ഒരു മണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി.സ്കൂള്‍ ഹാളില്‍ എല്ലാ കുട്ടികളും ഒരുമിച്ചു ചേര്‍ന്നു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ബാലകൃഷ്ണന്‍ നായര്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.എല്ലാവര്‍ക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.
ആറാം ക്ലാസില്‍ സയന്‍സ് പഠിപ്പിക്കുകയായിരുന്നു.ഉത്തോലകങ്ങളെക്കുറിച്ചും ലഘുയന്ത്രങ്ങളെക്കുറിച്ചും.ഒരു ലഘുയന്ത്രം നമ്മുടെ ജോലി എളുപ്പമാക്കുന്നു എന്ന അനുഭവത്തിലൂടെ കുട്ടികളെ കടത്തിവിടുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.
ആണിയടിച്ച ഒരു പലക കുട്ടികളെ കാണിച്ചുകൊണ്ടു ഞാന്‍ ചോദിച്ചു. "ഈ ആണി പിഴുതെടുക്കാമോ?” കുട്ടികള്‍ ഓരോരുത്തരായി വന്ന് ശ്രമം തുടങ്ങി.അവരുടെ വിരലുകള്‍ വേദനിച്ചു.പലരും തോല്‍വി സമ്മതിച്ച് പിന്‍മാറി. "മാഷേ, ഒരു ചുറ്റിക തരുമോ?എങ്കില്‍ ഞാന്‍ ആണി പൊരിക്കാം."നന്ദന പറഞ്ഞു. നേരത്തെ കരുതിയ ചുറ്റിക ഞാനവള്‍ക്ക് കൊടുത്തു.
താമസിയാതെ എനിക്ക് ഒരു സത്യം മനസ്സിലായി.ക്ലാസിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും ചുറ്റിക ഉപയോഗിക്കാന്‍ അറിഞ്ഞുകൂട. അതില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്.
11-12 വയസ്സുള്ള ഒരു കുട്ടിക്ക് ചുറ്റിക ഉപയോഗിച്ച് ഒരു ആണി അടിച്ചു കയറ്റാനും പിഴുതെടുക്കാനും കഴിയേണ്ടതല്ലേ?സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഒരു സ്ക്രൂ തിരിച്ചുമുറുക്കാന്‍ കഴിയേണ്ടതല്ലേ?കട്ടിങ്ങ് പ്ലേയര്‍ ഉപയോഗിച്ച് ഒരു വയര്‍ മുറിക്കാന്‍?കത്രിക കൊണ്ട് ഒരു കഷണം തുണി മുറിക്കാന്‍?
കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് അതിനു കഴിയാത്തത്? ഇത്തരം ഉപകരണങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് അവരുടെപില്‍ക്കാല ജീവിതത്തെയും പഠനത്തേയും എങ്ങനെയാണ് ബാധിക്കുക? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്നു തോന്നുന്നു.കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന അമിതമായ ശ്രദ്ധയും ഉത്ക്കണ്ഠയും അവരുടെ ജീവിതത്തെ എങ്ങനെയാണ് പരിമിതപ്പെടുത്തുന്നുവെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. ടൂളുകള്‍ ഉപയോഗിക്കാനുള്ള കഴിവും കുട്ടികളുടെ മനോധൈര്യവും തമ്മില്‍ ബന്ധമുള്ളതായി ഏതോ ഒരു മനഃശാസ്ത്ര പഠനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.മാനസിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടത്തില്‍ കുട്ടി തന്റെ ചുറ്റുപാടിലെ പല വസ്തുക്കളുടേയും പ്രത്യേകതകള്‍ തിരിച്ചറിയുന്നത് ലഘുവായ ഇത്തരം ടൂളുകളുടെ ഉപയോഗത്തിലൂടെയാണ്. തൊഴില്‍ പരിശീലനത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നിത്യജീവിതത്തില്‍ അവശ്യം വേണ്ടുന്ന ചില ശേഷികളെക്കുറിച്ചാണ്.ഈ ശേഷികള്‍ പഠനത്തില്‍ അവന് അത്യാവശ്യമാണുതാനും.നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാഠ്യപദ്ധതി ഈ വസ്തുത പരിഗണിച്ചിട്ടേയില്ല.
*******************
ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രപുസ്തകത്തിലെ 'അധ്വാനം സമ്പത്ത് 'എന്ന എട്ടാം യൂണിറ്റ് നാട്ടിലെ പാരമ്പര്യതൊഴിലുകളെക്കുറിച്ചും അവ ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.
സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഇത്തരം തൊഴിലിടങ്ങള്‍ ഒന്നും ഇന്ന് നിലനില്‍ക്കുന്നില്ല. വട്ടിനിര്‍മ്മാണം,പായനെയ്ത്ത് തുടങ്ങിയ തൊഴിലുകള്‍ വല്ലപ്പോഴും ചെയ്യുന്ന ചില കുടുംബങ്ങളുണ്ട്.ആ കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ക്ലാസിലുണ്ട്.ഈ തൊഴിലുകളുടെ പ്രത്യേകതകളൊക്കെ കുട്ടികള്‍ക്കറിയാം.പക്ഷേ,അവര്‍ക്ക് ഈ തൊഴില്‍ ചെയ്യാനറിയില്ല.
കലം നിര്‍മ്മാണം,തുണി നെയ്ത്ത്,കയര്‍ പിരിക്കല്‍,കള്ള് ചെത്ത്,വട്ടി നിര്‍മ്മാണം,പായ നെയ്ത്ത് തുടങ്ങിയ തൊഴിലുകളുടെ വീഡിയോകളും ചിത്രങ്ങളും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. ഇങ്ങനെയുള്ള വസ്തുക്കള്‍ ക്ലാസില്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് ഞാന്‍ കുട്ടികളോടു ചോദിച്ചു. കുട്ടികള്‍ക്ക് ഉത്സാഹമായി.
"മാഷേ,എനിക്ക് ഓല മടയാനറിയാം.” ഷീബ പറഞ്ഞു. "എനിക്കുമറിയാം."ആകാശ് എഴുന്നേറ്റു നിന്നു. "ഞങ്ങള്‍ക്ക് ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാനറിയാം."രേവതിയും ശ്രുതിയും ശാരികയും പറഞ്ഞു. "ഞാന്‍ ചിരട്ടക്കയിലുണ്ടാക്കും."നന്ദന പറഞ്ഞു.ചുറ്റിക എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിഞ്ഞുകൂടാത്ത അതേ നന്ദന. "നിനയ്ക്ക് അതിനു കഴിയുമോ?"എനിക്ക് വിശ്വാസം വന്നില്ല. "ഞാന്‍ അച്ഛനോട് പഠിപ്പിച്ചു തരാന്‍ പറയും.” "ഞാന്‍ ഇരിക്കുന്ന പലകയുണ്ടാക്കും."രാഹുല്‍ പറഞ്ഞു.അവന്റെ അച്ഛന്‍ കാര്‍പെന്ററാണ്. "ഞാന്‍ തെരിയ ഉണ്ടാക്കും.” അഭിരാമി പറഞ്ഞു. "ഞങ്ങള്‍ തൊപ്പിപ്പാളയുണ്ടാക്കും."രതീഷും സിനാനും പറഞ്ഞു. "മാഷേ,ഞാന്‍ കലമാണുണ്ടാക്കുന്നത്."അതുവരെ മിണ്ടാതിരുന്ന അഞ്ചല്‍ പറഞ്ഞു. "കലമോ? അതിനു കളിമണ്ണും വീലും മറ്റും വേണ്ടേ?”
"കളിമണ്ണ് ഞാന്‍ കൊണ്ടുവരും.വീല് വേണമെന്നില്ല.” വളരെ എളുപ്പത്തില്‍ മണ്‍കലം ഉണ്ടാക്കാന്‍ കഴിയും എന്നാണ് അവന്‍ ധരിച്ചുവെച്ചിരിക്കുന്നത്.നടക്കട്ടെ. "മാഷേ,ഞാന്‍ പേപ്പര്‍ കമ്മല്‍ ഉണ്ടാക്കട്ടെ?"ആദിത്യ മടിച്ചുമടിച്ചു ചോദിച്ചു.അത് പാരമ്പര്യതൊഴിലില്‍ പെടില്ലല്ലോ എന്നതാണ് അവളുടെ പ്രശ്നം. "അതു സാരമില്ല.നിനക്ക് പേപ്പര്‍ കമ്മല്‍ ഉണ്ടാക്കാം."ഞാന്‍ സമ്മതിച്ചു. ഈ വിദ്യകളൊക്കെ പഠിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു. കുട്ടികള്‍ നല്ല ആവേശത്തിലായി.അവര്‍ക്കിത് പുതിയ അനുഭവമാണ്.ഓരോ ദിവസവും അവര്‍ അവരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.ഓലമടയാനുള്ള ഉണങ്ങിയ ഓല വെള്ളത്തിലിട്ട് പൊതിര്‍ത്തതിനെക്കുറിച്ച്,കൈതോല അരിഞ്ഞ് ഉണങ്ങാനിട്ടതിനെക്കുറിച്ച്,കളിമണ്ണ് ശേഖരിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച്.....
ഞാന്‍ അതീവ താത്പര്യത്തോടെ കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവി കൊടുത്തുകൊണ്ടിരുന്നു.ക്ലാസില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്നറിയാന്‍ ഇടയ്ക്ക് രക്ഷിതാക്കളുടെ ഫോണ്‍ വിളികള്‍ ... ഒരു വെള്ളിയാഴ്ചത്തേക്കായിരുന്നു പരിപാടി നിശ്ചയിച്ചത്. ഒടുവില്‍ ആ ദിവസം വന്നെത്തി. കുട്ടികള്‍ പുസ്തകത്തോടൊപ്പം ഓലയും കളിമണ്ണും കവുങ്ങിന്‍ പാളയും കൈതോലയും മുളക്കഷണവും പലകയും ചിരട്ടയും കത്തിയും ഉളിയുമൊക്കെയായാണ് അന്ന് സ്ക്കൂളില്‍ വന്നത്. ബെല്ലടിച്ചു.അവര്‍ പണി ആരംഭിച്ചു.ചിലര്‍ ഒറ്റയ്ക്ക്.മറ്റുചിലര്‍ ഗ്രൂപ്പില്‍. ക്ലാസുമുറി അതിവേഗം ഒരു പരമ്പരാഗത തൊഴിലിടമായി മാറി.
ഞാന്‍ നന്ദനയെ നോക്കി.അവള്‍ ഉളികൊണ്ട് ചിരട്ട ചെത്തിമിനുക്കുകയാണ്.ഒപ്പം സനികയുമുണ്ട്.അഭിരാമി കൈതോല വളച്ചുകെട്ടി തെരിയ ഉണ്ടാക്കുകയാണ്.അതവള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്നുണ്ട്.ശ്രുതിയും ശാരികയും ഓല ഈര്‍ന്ന് ചൂലുണ്ടാക്കുന്നു.രാഹുലും ആദര്‍ശും നവീനും ചേര്‍ന്ന് ഇരിക്കാനുള്ള പലകയുണ്ടാക്കുന്നതില്‍ മുഴുകിയിരിക്കുന്നു.മണല്‍ പേപ്പര്‍കൊണ്ട് അവരതിനെ മിനുസപ്പെടത്തുകയാണ്.അഞ്ചല്‍ കളിമണ്ണുകൊണ്ട് കലമുണ്ടാക്കാന്‍ ശ്രമിച്ചു.പക്ഷേ,പരാജയപ്പെട്ടു.അങ്ങനെ എളുപ്പത്തില്‍ കലമുണ്ടാക്കാന്‍ കഴിയില്ലെന്ന് അവന് ബോധ്യപ്പെട്ടു.നല്ല പാഠം!അവനിപ്പോള്‍ ഓലമടയാന്‍ ഷീബയോടൊപ്പം കൂടി.അവന് നന്നായി ഓല മടയാനറിയാം.സിനാന്‍ പാളകൊണ്ടുള്ള കൂമ്പന്‍ തൊപ്പിയുണ്ടാക്കുന്നതില്‍ വിജയിച്ചു.എന്നാല്‍ രതീഷിന് കൊട്ടമ്പാള(നിര്‍മ്മാണത്തില്‍ വൈദഗ്ദ്യം ആവശ്യമുള്ള പാളത്തൊപ്പി)യുടെ പകുതി ഭാഗം മാത്രമേ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളു.കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിന്റെ മുന്‍വശം പൂര്‍ത്തിയാക്കാന്‍ അവനു കഴിഞ്ഞില്ല.ആദിത്യയും ഐഫൂനയും നവ്യയും ചേര്‍ന്ന് ഭംഗിയുള്ള പേപ്പര്‍ കമ്മലും മാലയുമൊക്കെ
ഉണ്ടാക്കിയിരിക്കുന്നു.സുവണ്യയും അക്ഷയും ചേര്‍ന്ന് പാള കൊണ്ട് വിശറിയുണ്ടാക്കി. കുട്ടികള്‍ പണി പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്തു.അവരില്‍ പലരും ക്ഷീണിച്ചു പോയിരുന്നു.നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനം ഹാളില്‍ ഒരുക്കി.വിവിധ ക്ലാസുകളിലെ കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തി.അതില്‍ കഞ്ഞിപ്പുരയിലേക്ക് ആവശ്യമുള്ള പലക,ചിരട്ടക്കയില്‍,തെരിയ,ചൂല് തുടങ്ങിയ വസ്തുക്കള്‍ അവര്‍ സന്തോഷത്തോടെ ലീലേട്ടിക്ക് കൈമാറി.
കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്! അവര്‍ ജോലിയില്‍ പരസ്പരം സഹകരിക്കുന്നത് നേരിട്ടുകാണണം.ഇത്രയും ഊര്‍ജ്വസ്വലരായി ഞാനീകുട്ടികളെ ഇതിനുമുമ്പ് കണ്ടിട്ടേയില്ല.പ്രകൃതിയില്‍ നിന്നും നേരിട്ടുകിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് അവരെ കൂടുതല്‍ ആനന്ദിപ്പിക്കുന്നുണ്ടാകണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാഠഭാഗവുമായി ബന്ധിപ്പിച്ച് ക്ലാസുമുറിയില്‍ തന്നെയാണ് നല്‍കേണ്ടത്. അപ്പോഴാണ് പഠനത്തിന്റെ ചില്ല തളിര്‍ക്കുന്നത്.അതില്‍ പൂക്കളും കായ്കളും ഉണ്ടാകുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന കാസര്‍ഗോഡ് സബ്ബ് ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ കാനത്തൂര്‍ സ്ക്കൂള്‍ മികച്ച നേട്ടം കൊയ്തു.
കാനത്തൂരിന്റെ പ്രധാന മത്സര ഇനമായ നാടകത്തില്‍ മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും സ്ക്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.'കോഴി' എന്ന നാടകം സംവിധാനം ചെയ്തത് ഉദയന്‍ കുണ്ടംകുഴിയാണ്.വിജേഷിന്റേതാണ് രചന.ഒരു വേലിക്ക് അപ്പുറവും ഇപ്പുറവുമായി നിരന്തരം വഴക്കടിച്ചു ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന നാടകം കുടുംബനാഥന്‍മാരുടെ മരണാനന്തര യാത്രയിലാണ് അവസാനിക്കുന്നത്.ഈ യാത്രക്കിടയില്‍ അവര്‍ വലിയൊരു സത്യം തിരിച്ചറിയുന്നു.നമുക്കിടയില്‍ ഒന്നു ചിരിച്ചാല്‍ തീരണ പ്രശ്നമേയുണ്ടായിരുന്നുള്ളു.ഒന്നു മിണ്ടിയാല്‍ തീരണ പ്രശ്നമേയുണ്ടായിരുന്നുള്ളു.പിന്നെ എന്തിനാണ് ഒരു ജന്മം മുഴുവന്‍ നമ്മള്‍ വഴക്കടിച്ചു തീര്‍ത്തത്?ഈ ചോദ്യം പ്രക്ഷകര്‍ക്കു നേരെ തൊടുത്തു വിട്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.മനുഷ്യര്‍ തമ്മിലുള്ള വഴക്കിന്റേയും കുടിപ്പകയുടേയും പൊള്ളത്തരത്തെക്കുറിച്ച് നാടകം നമ്മെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു.
നാടകത്തില്‍ വിധി കര്‍ത്താക്കള്‍ എടുത്തു പറഞ്ഞ ഒരു കാര്യം കുട്ടികളുടെ അഭിയ മികവിനെക്കുറിച്ചായിരുന്നു.പ്രത്യേകിച്ചും രാഹുല്‍ രവീന്ദ്രന്റേയും സ്നേഹയുടേയും. ചങ്കരനും ചിരുതയും.രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്‍മാര്‍.ചിരുത കണ്ണുരുട്ടിയാല്‍ ചങ്കരന്റെ മുട്ടുവിറയ്ക്കും.ചിരുതയുടെ താളത്തിനൊത്താണ് ചങ്കരന്‍ തുള്ളുന്നത്.അപ്പുറത്തെ കോരനുമായി വഴക്കു കൂടാന്‍ ചങ്കരനെ പിരികയറ്റി വിടുന്നത് ചിരുതയാണ്.ചിരുതയും ചങ്കരനും പ്രേക്ഷകരെ മുഴുനീളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.മികച്ച നടീനടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ രണ്ടുപേരുമായിരുന്നു.രണ്ടുപേരും ഏഴാം ക്ലാസില്‍ പഠിക്കുന്നു.രാഹുല്‍ രവീന്ദ്രന്‍ കഴിഞ്ഞ വര്‍ഷത്തെ നാടകമായ ചെമ്പന്‍ പ്ലാവില്‍ അഭിനയിച്ചിരുന്നു.എന്നാല്‍ സ്നേഹ ആദ്യമായാണ് സ്റ്റേജില്‍ കയറുന്നത്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തിരുവാതിരക്കളിയില്‍ സ്ക്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.ആറാം ക്ലാസിലേയും ഏഴിലേയും തെരഞ്ഞെടുത്ത കുട്ടികളായിരുന്നു ടീം അംഗങ്ങള്‍.വിദ്യാലയത്തില്‍ കഴിഞ്ഞ വര്‍ഷം വരെ താത്ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്ത പ്രീതി ടീച്ചറായിരുന്നു കുട്ടികളെ തിരുവാതിരക്കളി പഠിപ്പിച്ചത്.ശാസ്ത്രീയമായി നൃത്തം പഠിച്ചവരാരും ഈ ടീമിലില്ലായിരുന്നു.എന്നിട്ടും കുട്ടികളുടെ അവതരണം വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
ഇത് ഗൗരി വിജയന്‍.അഞ്ചാം ക്ലാസ്.മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും ഗൗരി എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം.പദ്യംചെല്ലല്‍,ലളിതഗാനം എന്നിവയില്‍ രണ്ടാം സ്ഥാനം.തിരുവാതിരക്കളിയുടെ പാട്ടുകാരില്‍ ഒരാള്‍ ഗൗരിയാണ്.ഗൗരി കഴിഞ്ഞ ഒരു വര്‍ഷമായി സംഗീതം പഠിക്കുന്നു.
മോണോ ആക്ടില്‍ തിളക്കമാര്‍ന്ന വിജയമായിരുന്നു ജിഷ്ണയുടേത്.ഗംഭിരമായ ഏകാഭിനയം കാഴ്ചവെച്ച് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കി വേദി കീഴടക്കിക്കളഞ്ഞു.സ്റ്റാര്‍ സിംഗര്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മനൊമ്പരങ്ങളായിരുന്നു ജിഷ്ണ അവതരിപ്പിച്ചത്.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.ജിഷ്ണ നാടകത്തിലും മികച്ച അഭിനയം കാഴ്ചവെക്കുകയുണ്ടായി.പാടാനുള്ള കഴിവുമുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ബ് ജില്ലാ മത്സരത്തില്‍ നാടന്‍പാട്ട് സംഘത്തെ നയിച്ചത് ജിഷ്ണയായിരുന്നു.നാടന്‍ പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഈ സംഘം.
ഇത് ശ്രീരാഗ് സുരേഷ്.സ്ക്കൂള്‍ ലീഡറാണ്.ഏഴാം ക്ലാസില്‍ പഠിക്കുന്നു.പ്രസംഗത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി ശ്രീരാഗ്.പ്രസംഗത്തില്‍ സ്വന്തമായ ശൈലിയുണ്ട് ശ്രീരാഗിന്.ഇടയ്ക്ക് സദസ്സിനു നേരെ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് അവരെ ചിന്തിപ്പിക്കുന്ന രീതി.സ്ക്കൂളിലെ പൊതു പരിപാടികളില്‍ സ്ക്കൂള്‍ ലീഡര്‍ എന്ന നിലയില്‍ ശ്രീരാഗിന് സംസരിക്കാന്‍ അവസരം നല്‍കാറുണ്ട്.അവന്റെ പ്രസംഗം ഞങ്ങള്‍ അതീവ സന്തോഷത്തോടെ കേട്ടിരിക്കാറുണ്ട്.പ്രബന്ധ രചനയിലും ശ്രീരാഗ് മിടുക്കനാണ്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ബ് ജില്ലാ മത്സരത്തില്‍ പ്രബന്ധ രചനയില്‍ ഒന്നാം സ്ഥാനം നേടി ശ്രീരാഗ്.ക്വസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
അനുശ്രീ മോഹന്‍. കവിതാ രചന,കഥാരചന എന്നിവയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.നല്ല വായനക്കാരി.ഏഴാം ക്ലാസുകാരിയായ അനുശ്രീയുടെ പ്രധാന ഇനം ക്വസ് മത്സരമാണ്.ക്വസ് മത്സരത്തില്‍ സബ്ബ് ജില്ലയിലെ അറിയപ്പെടുന്ന താരമാണ് അനുശ്രീ.ദേശാഭിമാനി അക്ഷരമുറ്റം ക്വസ്,സാമൂഹ്യശാസ്ത്ര ക്വിസ് എന്നിവയില്‍ സബ്ബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ഇന്നലെ നടന്ന കാസര്‍ഗോഡ് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ക്വസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ മിടുക്കി.
ദേവാംഗന.നാലാം ക്ലാസ്. എല്‍.പി.വിഭാഗത്തില്‍ നാടോടിനൃത്തം, പദ്യംചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയത് ദേവാംഗനയായിരുന്നു.നൃത്തം ശാസ്ത്രീയമായി പഠിക്കുന്നില്ലെങ്കിലും നന്നായി നൃത്തം ചെയ്യും.പാടാനും കഴിവുണ്ട്.