ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 29 November 2014

മോണിംഗ് ന്യൂസിലേക്ക് സ്വാഗതം....


"മോണിംഗ് ന്യൂസിലേക്ക് സ്വാഗതം....
ഞാന്‍ ആകാശ്...പ്രധാനവാര്‍ത്തകള്‍...”
ആകാശാണ് ഇന്നത്തെ വാര്‍ത്താഅവതാരകന്‍.ടി.വി യിലെ വാര്‍ത്താ അവതാരകരുടെ അതേ  ഇരിപ്പും ഭാവവും.മുന്നില്‍ ലാപ് ടോപ്പ്.കൈയ്യില്‍ വാര്‍ത്തകള്‍ കുറിച്ചെടുത്ത കടലാസ്.അവന്റെ തൊട്ടു പുറകിലായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അഞ്ചോ ആറോ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറായി നില്‍പ്പുണ്ട്.

അന്നത്തെ പ്രധാനവാര്‍ത്തകള്‍ അവതരിപ്പിച്ചതിനുശേഷം വിശദമായ വാര്‍ത്താവായനയിലേക്കു കടക്കുകയാണ് ആദര്‍ശ്.


"ആലപ്പുഴയില്‍ പക്ഷിപ്പനി പടരുന്നു.സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനം.ആലപ്പുഴയില്‍ നിന്നും നവ്യശ്രീധറിന്റെ റിപ്പോര്‍ട്ടിലേക്ക് ….
നവ്യ പറയൂ,എന്താണ് അവിടത്തെ സ്ഥിതി? ജനങ്ങള്‍ ഭീതിയിലാണോ?”


നവ്യ ശ്രീധര്‍ മുന്നോട്ടു വരുന്നു.അവളുടെ കൈയ്യില്‍ മൈക്രോഫോണുണ്ട്.
"ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്.ആയിരക്കണക്കിനു താറാവുകളാണ് ഓരോ ദിവസവും രോഗം പിടിച്ച് ചത്തു വീഴുന്നത്.ജനങ്ങള്‍ ഭീതിയിലാണ്.രോഗം മനുഷ്യരിലേക്കും പടരുമോ എന്നാണ് ഇവരുടെ പേടി.എന്തിനും തയ്യാറായി ധ്രുതകര്‍മ്മ സേനയുണ്ട്.....”
"മന്ത്രിമാര്‍ ആരെങ്കിലും അവിടെ എത്തിയിട്ടുണ്ടോ?” 
ഇടയ്ക്ക് അവതാരകന്റെ ചോദ്യം.
"ആദര്‍ശ്, ആരോഗ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

കൊടുക്കുന്നുണ്ട്.....”

ആലപ്പുഴയില്‍ നിന്നും നവ്യയുടെ റിപ്പോര്‍ട്ടിനു ശേഷം അടുത്ത വാര്‍ത്തയിലേക്ക് അവതാരകന്‍ കടക്കുന്നു.
"പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിന്റെ  വധവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നു.കാഞ്ഞങ്ങാട്ടു നിന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി ശാരികയെ ക്ഷണിക്കുന്നു...”
റിപ്പോര്‍ട്ടര്‍മാര്‍  മാറിമാറി വരുന്നു. വാര്‍ത്താ അവതരണം പൊടിപൊടിക്കുന്നു...



എന്നും കാലത്ത് ഒന്‍പതര മണിക്കാണ് മോണിംഗ് ന്യൂസ് ആരംഭിക്കുക.ന്യൂസ് അവതരിപ്പിക്കേണ്ട ഗ്രൂപ്പിലെ എല്ലാ കുട്ടികളും  ഒന്‍പത് മണിക്ക് മുമ്പായി സ്ക്കൂളിലെത്തും.ക്ലാസിലെ ദിനപ്പത്രങ്ങള്‍ വായിക്കും.അന്ന് അവതരിപ്പിക്കേണ്ട വാര്‍ത്തകള്‍ ഏതൊക്കെയാണെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.ഓരോരുത്തരും വാര്‍ത്തകള്‍ കുറിച്ചെടുക്കും.പ്രധാന അവതരാകനെ തെരഞ്ഞെടുക്കും.വാര്‍ത്തകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കും.


അടുത്ത ദിവസം വാര്‍ത്ത അവതരിപ്പിക്കാനുള്ള ചുമതല മറ്റൊരു ഗ്രൂപ്പിനായിരിക്കും.

അവതരണത്തിനിടയില്‍ വൈവിധ്യം കൊണ്ടുവരാന്‍ കുട്ടികള്‍ ശ്രമിക്കും.ചില വാര്‍ത്തകളുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തും.അത് കുട്ടികള്‍ അഭിനയിക്കും.ഇടയ്ക് പരസ്യത്തിനായുള്ള ഇടവേളയുണ്ടാകും.അപ്പോള്‍ കുട്ടികള്‍ പരസ്യം അവതരിപ്പിക്കും.അങ്ങനെ വാര്‍ത്താ അവതരണം രസകരമാക്കും.


മോണിംഗ് ന്യൂസിന്റെ അവതരണത്തിനുശേഷം മറ്റു ഗ്രൂപ്പുകള്‍ അതിന്റെ വിലയിരുത്തല്‍ നടത്തും.അവതരണത്തിന്റെ ഭംഗി,വായനയുടെ വേഗത,ശബ്ദം,അക്ഷരസ്ഫുടത,വാര്‍ത്തകളുടെ ക്രമം,ആ ദിവസത്തെ ഏതെങ്കിലും പ്രധാനവാര്‍ത്തകള്‍ വിട്ടുപോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും വിലയിരുത്തുക.അതിനുശേഷം അതിനെ ഗ്രേഡുചെയ്യും.വൃത്തം,ചതുരം, ത്രികോണം എന്നീ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന്  ഉപയോഗിച്ചായിരിക്കും ഗ്രേഡ് ചെയ്യുക.മികച്ചതിന് വൃത്തം.ശരാശരിക്ക് ചതുരം.ശരാശരിക്കു താഴെ ത്രികോണം.

ശേഷം അന്നത്തെ ഏതെങ്കിലും ഒരു വാര്‍ത്തയെക്കുറിച്ചുള്ള അവലോകനമാണ് ക്ലാസില്‍ നടക്കുക.വാര്‍ത്തയോട് കുട്ടികള്‍ക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട്.കുട്ടികള്‍ക്ക് സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാം.ഉദാഹരണമായി ബാര്‍കോഴ വിഷയത്തില്‍ അഴിമതി നടന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍/ഇല്ലെങ്കില്‍ എന്തുകൊണ്ട്?വാര്‍ത്തകള്‍ വിശകലനം ചെയ്തുകൊണ്ട് കുട്ടികള്‍ക്ക് അവരുടെ നിലപാടുകള്‍ വ്യക്തമാക്കാം.പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ നിരവധി സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി.എങ്ങനെയാണ് പനി പകരുന്നത്?മനുഷ്യനിലേക്കു പകരുമോ?ഏതൊക്കെ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്?...

"മാഷെ,ധ്രുതകര്‍മ്മ സേന എന്നാലെന്താണ്?"ചര്‍ച്ചയ്ക്കിടയില്‍ അക്ഷയ് ചോദിച്ചതാണ്.അപ്പോള്‍ രേവതി എഴുന്നേറ്റു.അവള്‍ക്ക് മറ്റൊരു സംശയം."എന്താണ് ക്രൈംബ്രാഞ്ച്?”

കുട്ടികളെ മനസ്സിലാക്കാന്‍,ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടുള്ള അവരുടെ പ്രതികരണം അറിയാന്‍,അവര്‍ക്ക് സ്വന്തമായി നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നറിയാന്‍,അവരുടെ സാമാന്യധാരണകളും തിരിച്ചറിവുകളും മനസ്സിലാക്കാന്‍ ഇതിലും നല്ല പ്രവര്‍ത്തനം വേറെയില്ല.


ഇനി കുട്ടികളെ സംബന്ധിച്ചാണെങ്കിലോ?

തന്റെ ധാരണകളേയും നിലപാടുകളേയും പരിശോധിക്കാനും വിശകലനം ചെയ്യാനും,താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ച് പുതിയ അറിവുകള്‍ സ്വായത്തമാക്കാനും,തന്റെ അറിവിനെ സമകാലീന സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതുവഴി അറിവിന്റെ  മണ്ഡലം നിരന്തരം വികസിപ്പിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍  കുട്ടികളെ സഹായിക്കും.പത്രവായനയില്‍ കുട്ടികള്‍ തത്പരരാകും.വാര്‍ത്തകള്‍ അക്ഷരസ്ഫുടതയോടെ ഉറക്കെ വായിക്കാനുള്ള ശേഷി കുട്ടികളില്‍ രൂപപ്പെടും.അവരുടെ പദസമ്പത്ത് വര്‍ദ്ധിക്കും.ക്രമേണ വരികള്‍ക്കിടയലൂടെയുള്ള വായന അവള്‍ പരിചയപ്പെടും.ചുറ്റുപാടിനെ വിമര്‍ശനബുദ്ധിയോടെ നോക്കിക്കാണാന്‍ ഇതവളെ പ്രാപ്തയാക്കും.തന്നെയും തന്റെ ചുറ്റുപാടിനേയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവള്‍ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിക്കും.



Saturday, 22 November 2014

പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍...


 "Let me tell you what I think of bicycling. I think it has done more to emancipate women than anything else in the world. I stand and rejoice every time I see a woman ride by on a  bicycle.”
Susan B. Anthony( 1896)



കഴിഞ്ഞ ശിശുദിനത്തില്‍ സ്ക്കൂള്‍ ഗേള്‍സ് ക്ലബ്ബിന് ആറു സൈക്കിളുകളാണ് സമ്മാനമായി ലഭിച്ചത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വകയായിരുന്നു ഈ വിലപ്പെട്ട സമ്മാനം.'പെണ്‍കുട്ടികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞിരിക്കുന്നു' എന്നാണ് കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട് ക്ലാസ് പത്രത്തില്‍ കൊടുത്ത വാര്‍ത്തയുടെ തലക്കെട്ട്.അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരിക്കുന്നു പോലും.
അവര്‍ എന്തായിരിക്കും ഉദ്ദേശിച്ചത്?


ഇന്നലെ വാജ്ദ എന്ന സിനിമ കണ്ടു.സൗദി അറേബ്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഫീച്ചര്‍ സിനിമ.നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ സിനിമയുടെ സംവിധായിക ഒരു സ്ത്രീയാണ്-ഹൈഫ അല്‍-മന്‍സൂര്‍.
പതിനൊന്ന് വയസ്സുകാരിയായ വാജ്ദയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സൈക്കിള്‍ സ്വന്തമാക്കുക എന്നതാണ്.അവള്‍ സ്ക്കൂളിലേക്ക് പോകുന്ന വഴിക്കാണ് സൈക്കിള്‍ കട.അവള്‍ എപ്പോഴും കടയില്‍ കയറും.തന്റെ ഇഷ്ടപ്പെട്ട സൈക്കിള്‍ തൊട്ട് നോക്കും.ഈ സൈക്കിള്‍ ആര്‍ക്കും വില്‍ക്കരുതേ എന്നാണ് കടക്കാരനോടുള്ള അവളുടെ അപേക്ഷ.ഒരു ദിവസം ഞാന്‍ തീര്‍ച്ചയായും പണവുമായി വരും.


അവള്‍ തന്റെ ആഗ്രഹം അമ്മയോടു പറയുന്നു.പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കരുത് എന്നാണ് അമ്മ അവളെ വിലയ്ക്കുന്നത്.തന്റെ കൂട്ടുകാരന്‍ അബ്ദുള്ളയ്ക്ക് സൈക്കിള്‍ ഉണ്ട്.അവന്‍ ഇടക്കിടെ സൈക്കിള്‍ അവളെ ചുറ്റി ഓടിക്കും.നീ പെണ്ണാണ്.നിനയ്ക്ക് ഒരിക്കലും സൈക്കിള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് അവന്‍ അവളെ കളിയാക്കും.ബ്രേസ് ലെറ്റുകളും  മറ്റും സ്വന്തമായി ഉണ്ടാക്കി സ്ക്കൂളിലെ കൂട്ടുകാര്‍ക്ക് രഹസ്യമായി വിറ്റ് അവള്‍ പണം സ്വരൂപിക്കുന്നണ്ടെങ്കലും തികയുന്നില്ല.

ആയിടയ്ക്ക് സ്ക്കൂളില്‍ ഖുര്‍-ആന്‍ പാരായണ മത്സരം നടക്കുന്നതായി അറിയിപ്പ് വന്നു.ആയിരം റിയാലാണ് സമ്മാന തുക.വാജ്ദ മത്സരത്തിന് പേരു കൊടുത്തു.സമ്മാനത്തുക കൊണ്ട് സൈക്കിള്‍ വാങ്ങിക്കാമെന്ന് അവള്‍ കണക്ക് കൂട്ടുന്നു.മത്സരത്തില്‍ അവള്‍ വിജയിച്ചു.സ്റ്റേജില്‍ വെച്ച്,സമ്മാനത്തുക എന്തുചെയ്യുമെന്ന ഹെഡ്മിസ്റ്റ്രസിന്റെ ചോദ്യത്തിന് അവള്‍ കൂസലില്ലാതെ മറുപടി പറഞ്ഞു."സൈക്കിള്‍ വാങ്ങിക്കും."അവളുടെ മറുപടി സ്ക്കൂള്‍ അധികൃതരെ ചൊടിപ്പിക്കുന്നു.സമ്മാനത്തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനചെയ്യാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

ഒടുവില്‍ തന്റെ മകളോട് ഐക്യപ്പെടുകയാണ് അമ്മ. അവളുടെ ആഗ്രഹം അമ്മ നിറവേറ്റിക്കൊടുക്കുന്നു.സിനിമയുടെ അവസാനം അബ്ദുള്ളയ്ക്കൊപ്പം സൈക്കിള്‍ സവാരിക്ക് ഇറങ്ങുകയാണവള്‍.അബ്ദുള്ളയെ അവള്‍ പിന്നിലാക്കുന്നു.അവളുടെ പതിവു സഞ്ചാര പാതകള്‍ വലിയ നിരത്തുകള്‍ക്ക് വഴിമാറുന്നു.വിശാലമായ ലോകത്തേക്ക് അവള്‍ സൈക്കിളോടിച്ച് മുന്നേറുന്ന ഒരു ലോങ്ങ് ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.


വാജ്ദ എന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ,കുടുംബവും വിദ്യാലയവും സമൂഹവും അവള്‍ക്ക് കല്‍പ്പിച്ചുകൊടുത്ത പരിധികളുടെ ലംഘനത്തിന്റെ പ്രതീകമായി സൈക്കിള്‍ മാറുകയാണ്.തന്റെ പരിമിതമായ  ലോകത്തുനിന്നും അവള്‍ പതുക്കെ പുറത്തുകടക്കുന്നു.അതിനുള്ള ആത്മവിശ്വാസം അവള്‍ക്ക് നല്‍കുന്നതോ സൈക്കിളും!

പത്രവാര്‍ത്തയില്‍ കുട്ടികള്‍ കുറിച്ചിട്ട 'അഭിലാഷം' വാജ്ദയുടേതു തന്നെയായിരിക്കുമോ?

സൈക്കിള്‍ വേഗത്തില്‍ ഓടിച്ചുപോകുമ്പോള്‍ കിട്ടുന്ന ആനന്ദവും ആത്മവിശ്വാസവും?ശരീരത്തിനു കിട്ടുന്ന കരുത്ത്?അതു വഴി ആണ്‍കുട്ടികള്‍ക്കുമുന്നില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കാനുള്ള തന്റേടം?തങ്ങളുടെ പരിമിതമായ സഞ്ചാരപഥങ്ങളെ  സൈക്കിള്‍ ഓടിച്ചു വിസ്തൃതമാക്കാനുള്ള അഭിവാഞ്ച?


പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചിരിക്കണം.നമ്മുടേതു പോലുള്ള ഗ്രാമപ്രദേശത്തെ സ്ക്കൂളുകളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും സ്വന്തമായി സൈക്കിള്‍ വാങ്ങിക്കാന്‍ കഴിവില്ലാത്തവരാണ്.അവര്‍ക്കുള്ള ഏക ആശ്രയം വിദ്യാലയമാണ്.
അതുകൊണ്ടു തന്നെയാണ് സ്ക്കൂളിലെ ഗേള്‍സ് ക്ലബ്ബ് യു പി ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും സൈക്കിള്‍ പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.ക്ലബ്ബിന്റെ ശ്രമഫലമായിട്ടാണ് ആറു സൈക്കിളുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്.


വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്.എസ്.എ യുടെ വകയായി രണ്ടു സൈക്കിള്‍ വീതം ഓരോ വിദ്യാലയത്തിനും നല്‍കിയിരുന്നു.മിക്ക വിദ്യാലയങ്ങളിലും അതു തുരുമ്പെടുത്ത് നശിച്ചു.അതോടെ സൈക്കിള്‍ പഠനം മുടങ്ങുകയാണുണ്ടായത്.

ഞങ്ങളുടെ വിദ്യാലയത്തില്‍ സൈക്കിള്‍ പഠനം തുടങ്ങിയിട്ട് രണ്ടാഴ്ചയായി.
ഏഴാം ക്ലാസില്‍ ആകെ ഇരുപത്തിരണ്ട് പെണ്‍കുട്ടികളാണുള്ളത്.ആറാം ക്ലാസില്‍ പതിനെട്ടും.കുട്ടികളെ ആറു ഗ്രൂപ്പുകളാക്കി.ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ മാറി മാറി സൈക്കിള്‍ പഠിക്കും.ഏഴ്,ആറ് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും പഠിച്ചതിനുശേഷം അഞ്ചാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കും. വൈകുന്നേരം സ്ക്കൂള്‍ വിട്ടതിനുശേഷം നാലു മണി മുതല്‍ അഞ്ചു മണി വരെയാണ് സൈക്കിള്‍ പഠനം.കുട്ടികള്‍ക്കൊപ്പം അധ്യാപകരും ഉണ്ടാകും.



ഇത്രയും പെണ്‍കുട്ടികളില്‍ സൈക്കിള്‍ ഓടിക്കാന്‍ നേരത്തെ പഠിച്ചവര്‍ രണ്ടു പേര്‍ മാത്രമാണ്!ഈ വസ്തുത സൂചിപ്പിക്കുന്നത് വിദ്യാലയത്തില്‍ സൈക്കിള്‍ പരിശീലനം നടത്തേണ്ടുന്നതിന്റെ പ്രാധാന്യം തന്നെയാണ്.അല്ലെങ്കില്‍ ഈ കുട്ടികള്‍ ഒരിക്കലും സൈക്കിള്‍ പഠിക്കില്ല.

എത്ര വേഗത്തിലാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്!ഏതാണ്ട് പകുതിയോളം കുട്ടികളും രണ്ടാഴ്ച കൊണ്ടുതന്നെ സൈക്കിള്‍ പഠിച്ചു കഴിഞ്ഞു.കുട്ടികള്‍ നല്ല സന്തോഷത്തിലാണ്.പലരും പലതവണ സൈക്കിളില്‍ നിന്നും വീണു. അതോടെ അവരുടെ പേടി വിട്ടു മാറിയിരിക്കുന്നു. അവരുടെ ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിച്ചിരിക്കുന്നു.

വിദ്യാലയം ശിശുസൗഹൃദമാകുന്നത് കുട്ടികള്‍ക്ക് ഓടിച്ചു കളിക്കാന്‍ ആവശ്യത്തിന് സൈക്കിള്‍ കൂടി ഉള്ളപ്പോഴാണ്.





Saturday, 15 November 2014

വന്‍കരകള്‍ താണ്ടി ഒരു സമുദ്രസഞ്ചാരം


ക്ലാസ്സുമുറി ആരുടേതാണ് ?
അധ്യാപകന്റേയോ കുട്ടികളുടേതോ?
അതെപ്പോഴാണ് കുട്ടികളുടേതാകുന്നത്?

ക്ലാസുമുറിയുടെ ഘടനയെ കുട്ടികള്‍ മാറ്റിമറിക്കും.ക്ലാസ്സുമുറി കുട്ടികള്‍ അവരുടേതാക്കും.പഠനത്തിനിടയിലെ അപൂര്‍വ്വം  ചില അവസരങ്ങളില്‍. കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുമ്പോഴാണ് അതു സംഭവിക്കുക.അതിരുകളില്ലാത്ത അവരുടെ ഭാവന ക്ലാസുമുറിയുടെ നാലു ചുമരുകളെ ഭേദിക്കും.അപ്പോള്‍ ക്ലാസുമുറിയിലെ സകല വസ്തുക്കളും മറ്റൊന്നാകും.ഒരേ സമയം അവര്‍ തിരമാലകളും കൊടുങ്കാറ്റുമാകും.ഡസ്കുകളും ബെഞ്ചുകളും ചേര്‍ത്തിട്ട് കപ്പലുകളുണ്ടാക്കാന്‍ അവര്‍ക്ക് നിമിഷനേരം മതി.അവര്‍ സ്വയം കപ്പിത്താനും കപ്പല്‍ ജോലിക്കാരുമാകും.ഒരു ചുരിദാര്‍ ഷാളുകൊണ്ട് അവര്‍ ഒരു മഞ്ഞുമല സൃഷ്ടിക്കും.കാറ്റിലും കോളിലുംപെട്ട കപ്പലിലിരുന്ന് അവര്‍ ആടിയുലയും.ഒടുവില്‍ കടലിന്റെ നിലയില്ലാക്കയത്തിലേക്ക് കപ്പലിനോടൊപ്പം അവര്‍ മുങ്ങിത്താഴും.


യാത്രക്കിടയില്‍ തിരമാലകളുടെ ശബ്ദം അവര്‍ കേള്‍ക്കും.കപ്പലിന്റെ മുകള്‍ത്തട്ടിലിരുന്ന് അവര്‍ ദൂരക്കാഴ്ചകള്‍ കാണും.മഞ്ഞുമലകളിലെ തണുപ്പ് അവര്‍ തൊട്ടറിയും.കടലിന്റെ ആഴങ്ങളിലെ ഇരുട്ടും നിശബ്ദദയും അവര്‍ അനുഭവിക്കും.
ഓരോ കുട്ടിയുടേയും അനുഭവതലം വ്യത്യസ്തമായിരിക്കുമെന്നുമാത്രം.അതവന്റെ ഭാവനയെ ആശ്രയിച്ചിരിക്കും.വ്യത്യസ്തമായ ദേശങ്ങളെക്കുറിച്ച് അവനില്‍ രൂപീകരിക്കപ്പെട്ട അറിവിനെ ആശ്രയിച്ചിരിക്കും.കടലിനെയും കപ്പലിനെയുംകുറിച്ച് അവന്റെ മനസ്സില്‍ പതിഞ്ഞ ഇമേജുകളെ ആശ്രയിച്ചിരിക്കും.

അപ്പോള്‍ ക്ലാസുമുറിക്ക് ലോകത്തോളം വളരാന്‍ കഴിയും.അത് കുട്ടികള്‍ക്ക് സ്വന്തമാകും.



ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ ഭൂമിയില്‍ നമ്മുടെ സ്ഥാനം എന്ന യൂണിറ്റായിരുന്നു പഠനസന്ദര്‍ഭം.വന്‍കരകളേയും മഹാസമുദ്രങ്ങളേയും കുറിച്ച് കുട്ടികള്‍ കഴിഞ്ഞ മൊഡ്യൂളില്‍ പഠിച്ചു കഴിഞ്ഞു.ഇനി അക്ഷാംശ-രേഖാംശ രേഖകളെക്കുറിച്ചാണ് പഠിക്കേണ്ടത്.

  • അക്ഷാംശ-രേഖാംശ രേഖകളുടെ പ്രാധാന്യം എന്താണ്?
  • ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഈ രേഖകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത്?

കഴിഞ്ഞ മൊഡ്യൂളുമായി ബന്ധിപ്പിച്ചുകൊണ്ടുവേണം തുടങ്ങാന്‍.വന്‍കരകളേയും മഹാസമുദ്രങ്ങളേയും അക്ഷാംശ-രേഖാംശ രേഖകളുമായി ബന്ധിപ്പിക്കണം.
വന്‍കരകള്‍ താണ്ടിയുള്ള ഒരു സമുദ്രസഞ്ചാരമാണ് ആലോചിച്ചത്.ഒരു സാങ്കല്പ്പിക യാത്ര.


കുട്ടികളെ പത്ത് പേര്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളാക്കി.മൂന്ന് ഗ്രൂപ്പുകള്‍ക്കും മൂന്ന് സ്ഥലങ്ങള്‍ അനുവദിച്ചു.ആദ്യ വിഷയം നല്‍കി.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു കപ്പല്‍ യാത്ര.


കുട്ടികള്‍ ആലോചന തുടങ്ങി. ആലോചനയ്ക്ക്   മൂന്നു മിനുട്ട് സമയം മാത്രം.അതിനിടയില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന ധാരണയിലെത്തണം.മഹാസമുദ്രവും കപ്പലും രൂപപ്പെടുത്തേണ്ട രീതി ആലോചിക്കണം.ക്ലാസില്‍ ലഭ്യമായ പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കണം.ഓരോരുത്തരും യഥാസ്ഥാനത്തു നില്‍ക്കണം.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ല.പെട്ടെന്നു തീരുമാനത്തിലെത്തണം.വിസിലടിക്കുമ്പോള്‍ ഫ്രീസ് ചെയ്തിരിക്കണം.

പത്ത് തലകളും ഒരുമിക്കുന്നു.വളരെ പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.അവരവര്‍ക്ക് അനുവദിച്ച സ്ഥലത്ത് കപ്പലുകള്‍ തീര്‍ക്കുന്നു.ഒരാള്‍ കപ്പിത്താനാകുന്നു.മറ്റൊരാള്‍ ക്യാപ്റ്റനാകുന്നു.ചിലര്‍ കപ്പല്‍ ജോലിക്കാര്‍.മറ്റു ചിലര്‍ നിലത്ത് ഷാളുകള്‍ നിവര്‍ത്തിപ്പിടിച്ച് സമുദ്രവും.കപ്പിത്താന് കപ്പല്‍ നിയന്ത്രിക്കാന്‍ സ്റ്റിയറിങ്ങ്(?) വേണം.അതെങ്ങനെയാക്കും?പ്രശ്നമായി.അപ്പോഴാണ് ക്ലാസിന്റെ  മൂലയിലുണ്ടായിരുന്ന സ്റ്റൂള്‍ ശിവനന്ദന്റെ ശ്രദ്ധയില്‍പ്പെട്ടത്.മതി.ഇതുതന്നെ പറ്റിയ സാധനം.അവന്‍ ഓടിച്ചെന്ന് സ്റ്റൂള്‍ എടുത്തു.കപ്പലിന്റെ മുന്നിലായി സ്ഥാനം പിടിച്ചു.


ഗ്രൂപ്പ് പ്രവര്‍ത്തനം ഇങ്ങനെയായിരിക്കണം.എല്ലാവരും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും മുഴുകുന്നു.പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നു.പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.കുട്ടികള്‍ക്കിടയില്‍ ഗ്രൂപ്പു ഡൈനാമിക്സ് രൂപപ്പെടുന്ന‌ത് ഇങ്ങനെയാണ്.

വിസിലടിച്ചു.കുട്ടികള്‍ ഫ്രീസ് ചെയ്തു.ശബ്ദകോലാഹലങ്ങള്‍ കെട്ടടങ്ങി.പരിപൂര്‍ണ്ണ നിശബ്ദത. മൂന്നു കപ്പലുകളും കപ്പിത്താന്‍മാരും സമുദ്രവും.സന്ദര്‍ഭത്തിനുയോജിച്ച സംഗീതം സ്പീക്കറിലൂടെ ഒഴുകി വന്നു.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കുതിച്ചുയരുന്ന തിരമാലകളുടെ ശബ്ദം കുട്ടികള്‍ കേട്ടു.



വിഷയങ്ങള്‍ ഒന്നൊന്നായി നല്‍കിക്കൊണ്ടിരുന്നു.ക്ലാസുമുറി അന്റാര്‍ട്ടിക്കയിലെ മഞ്ഞു മലകളായി മാറി.ഒരു വേള ആമസോണ്‍ വനാന്തരങ്ങളായി.ഈജിപ്തിലെ പിരമിഡുകളും ഓസ്ട്രേലിയയിലെ കംഗാരുക്കളുമായി.നയാഗ്രാ വെള്ളച്ചാട്ടമായി.ആഫ്രിക്കയിലെ ഉരുക്കില്‍ വാര്‍ത്തെടുത്ത ഖനിത്തൊഴിലാളികളായി.
ഓരോ അവതരണത്തിനും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തു നല്‍കിയ സംഗീതം കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.അത് കുട്ടികളുടെ സങ്കല്‍പ്പങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി.


വീണ്ടും കപ്പല്‍ യാത്ര.പെട്ടെന്ന് തിരമാലകള്‍ക്ക് മുകളിലൂടെ  വീശിയടിച്ച ഒരു കൊടുങ്കാറ്റ്.കപ്പല്‍ ആടിയുലഞ്ഞു.കപ്പല്‍ ജോലിക്കാര്‍ കടലിലേക്ക് തെറിച്ചുവീണു.
കപ്പല്‍ കടലില്‍ മുങ്ങാന്‍ തുടങ്ങി.അത് സമുദ്രത്തിന്റെ ആഗാധതകളിലേക്ക് ആണ്ടുപോയി.വയലിനില്‍ നിന്നുയരുന്ന വിഷാദം നിറഞ്ഞ നേര്‍ത്ത ശബ്ദം.



കപ്പല്‍ എവിടെയാണ് താണുപോയത്?
കപ്പല്‍ ഉണ്ടായിരുന്ന സ്ഥലം എങ്ങനെയാണ് കണ്ടെത്തുക?


ക്ലാസുമുറിയുടെ മധ്യത്തില്‍ വലിയൊരു ചതുരം വരച്ചു.അതിനുള്ളില്‍ ഒരു കപ്പലും.
ഈ കപ്പലിന്റെ സ്ഥാനം എങ്ങനെയാണ് നിര്‍ണ്ണയിക്കുക?

കുട്ടികള്‍ തലപുകഞ്ഞാലോചിച്ചു.പലരും പലതും പറഞ്ഞു.ഒന്നും ശരിയായില്ല.
ഒടുവില്‍ അക്ഷയ് വന്നു.അവന്‍ കളത്തില്‍ കുത്തനേയും വിലങ്ങനേയും വരകളിട്ടു.
എന്നിട്ടുപറഞ്ഞു. "മൂന്നാമത്തെ കളത്തിനുള്ളിലാണ് കപ്പലുള്ളത്.”
"കടലില്‍ ഇതുപോലെ വരയിടാന്‍ കഴിയുമോ?"നവീന്‍ ചോദിച്ചു.
ക്ലാസില്‍ കൂട്ടച്ചിരിയുയര്‍ന്നു.
"ഗ്ലോബില്‍ ഇതുപോലെ വരയിട്ടിട്ടുണ്ടല്ലോ.."അക്ഷയ് വിട്ടുകൊടുത്തില്ല.
"അക്ഷയ് പറഞ്ഞത് നേരാണോ?ഗ്ലോബില്‍ ഇങ്ങനെയുള്ള വരകളുണ്ടോ?”
കുറച്ചുപേര്‍ ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.ഗ്ലോബ് കഴിഞ്ഞ ക്ലാസില്‍ പലതവണ പരിശോധിച്ചിട്ടുണ്ടെങ്കിലും അതിലെ വരകള്‍ പലരുടേയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല.
ഗ്ലോബ് ഗ്രൂപ്പില്‍ വീണ്ടും പരിശോധിച്ചു.അതില്‍ കണ്ട വരകള്‍ അഭിരാജ് ബോര്‍ഡില്‍ വരച്ചു.
ഓരോ വരയ്ക്കും അളവുകളുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി.



വീണ്ടും കപ്പലിന്റെ ചിത്രത്തിലേക്കു വന്നു.
"കടലില്‍ കപ്പലിന്റെ സ്ഥാനം വെറും വരകള്‍ കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുമോ?”
നിലത്തുവരച്ച ചിത്രത്തില്‍ കുട്ടികള്‍ അളവുകള്‍ നല്‍കി.
ഇപ്പോള്‍ കപ്പലിന്റെ സ്ഥാനം കുട്ടികള്‍ കൃത്യമായി പറഞ്ഞു.
"വിലങ്ങനെയുള്ള വര 10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയില്‍.കുത്തെയുള്ള വര 15ഡിഗ്രിക്കും  25 ഡിഗ്രിക്കും ഇടയില്‍.”
"കുത്തനെയുള്ള വരകള്‍ക്കും വിലങ്ങനെയുള്ള വരകള്‍ക്കും പേരുകളുണ്ട്.അതു പാഠപുസ്തകം നോക്കി കണ്ടെത്തൂ.”




കുട്ടികള്‍ പാഠപുസ്തകം തുറന്നു.അക്ഷാംശ-രേഖാംശ രേഖകളുടെ പ്രത്യേകതകള്‍ കണ്ടെത്തി.അക്ഷാംശ-രേഖാംശ രേഖകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു.വിവിധ സ്ഥലങ്ങളുടെ  അക്ഷാംശ-രേഖാംശ രേഖകള്‍ ഗ്ലോബും മേപ്പും പരിശോധിച്ച് കണ്ടെത്തി.


ഈ ക്ലാസിന്റെ ഫോട്ടോകള്‍ ഞാന്‍ നാട്ടിലെ അധ്യാപകനായ എന്റെ കൂട്ടുകാരനെ കാണിച്ചു.
"ക്ലാസ്സുമുറി ഇങ്ങനെയാകാമോ?”
അയാള്‍ ചോദിച്ചു.
"ക്ലാസുമുറി ഇങ്ങനെയായാല്‍ പോര.എളുപ്പം അഴിച്ചുമാറ്റാവുന്നതും കൂട്ടിയോജിപ്പിക്കാവുന്നതുമായ ഫര്‍ണ്ണിച്ചറുകള്‍ ക്ലാസില്‍ വേണം.എങ്കില്‍ ഇത് മറ്റൊന്നാകുമായിരുന്നു."ഞാന്‍ പറഞ്ഞു.




Saturday, 8 November 2014

ഇവിടെ വായന മരിക്കുന്നില്ല


വായനാവാരം അതിഗംഭീരമായാണ് നമ്മള്‍ ആഘോഷിച്ചത്. പുസ്തകങ്ങള്‍ കൊണ്ടും വായനകൊണ്ടും ഓരോ വായനാദിനവും നമ്മള്‍ ഉത്സവമാക്കി മാറ്റി.പുസ്തകക്കൂടാരമൊരുക്കിയും പുസ്തകപ്പൂമരം നിര്‍മ്മിച്ചും വായനയുടെ മഹാത്മ്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തെ  മാറ്റിത്തീര്‍ക്കുന്നതിനെക്കുറിച്ചും  നാം കുട്ടികളോട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.ഇന്ന് വിദ്യാലയങ്ങളിലെ വായനയുടെ അവസ്ഥ എന്താണ്?പഴയ ആവേശം കെട്ടടങ്ങിയോ?  കുട്ടികളുടെ ബാഗ് തുറന്നാല്‍  പാഠപുസ്തകങ്ങള്‍ക്കിടയില്‍  ഒരു കഥാപുസ്തകം കൂടി കാണുമോ?അവരത് വായിക്കുന്നുണ്ടോ? വായിച്ച പുസ്തകങ്ങളെക്കുറിച്ച്,അതിലെ  കഥയെക്കുറിച്ച്, ചിത്രങ്ങളെക്കുറിച്ചും കഥാപ്പാത്രങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നാം സമയം കണ്ടെത്താറുണ്ടോ?അതോ പാഠപുസ്തകം പഠിപ്പിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ വായനയുടെ പ്രാധാന്യത്തെ തത്ക്കാലം അലമാരക്കകത്ത് വെച്ച് പൂട്ടിയോ?



ഇതൊരു ക്ലാസ് ലൈബ്രറിയാണ്.ഇക്കഴിഞ്ഞ വായനാദിനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.ഇന്നും ഇതുപോലെ തുടരുന്നു.എല്ലാ സമയത്തും അന്‍പതോളം പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ടാകും.എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റുന്നവ.വായിച്ചു തീരുന്ന മുറയ്ക് പുസ്തകങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും.
രണ്ട് ആനുകാലികങ്ങളും ക്ലാസില്‍ വരുത്തുന്നുണ്ട്-തളിരും യുറീക്കയും.കൂടാതെ രണ്ടു മലയാള ദിനപ്പത്രങ്ങളും. ഞങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസിലുമുണ്ട് ഇങ്ങനെയുള്ള ക്ലാസ് ലൈബ്രറികള്‍.


പുസ്തകങ്ങള്‍ ഇങ്ങനെ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ടുള്ള നേട്ടം എന്താണെന്നല്ലേ?പറയാം.
കുട്ടികള്‍ ദിവസം പലതവണ ഈ പുസ്തകങ്ങള്‍ക്കടുത്തേക്ക് എത്തും.പൂക്കള്‍ തേനീച്ചകളെ ആകര്‍ഷിക്കുംപോലെയാണത്.അവര്‍ പുസ്തകങ്ങള്‍ കൈയ്യിലെടുക്കും.ഒന്നു തുറന്നുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കും.ചിലപ്പോള്‍ ചില ഭാഗങ്ങള്‍ വായിക്കും.ഒന്നു മണത്തുനോക്കും.പിന്നെ തിരികെ വയ്ക്കും.അവര്‍ വായിച്ചതും ഇഷ്ടപ്പെട്ടതുമായ പുസ്തകമാണെങ്കില്‍ പുസ്തകമെടുത്ത് കൂട്ടുകാരിക്ക് നേരെ നീട്ടും.എന്നിട്ട് പറയും."ഈ പുസ്തകം നീ തീര്‍ച്ചയായും വായിക്കണം."
അടുത്ത തവണ ഏതു പുസ്തകമാണ് വായിക്കേണ്ടതെന്ന് മനസ്സിലുറപ്പിച്ചായിരിക്കും അവര്‍ തിരികെപ്പോകുക.


പുസ്തകങ്ങള്‍ തുറന്നുനോക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം വായനയില്‍ പ്രധാനമാണ്.ക്ലാസില്‍ ആ സ്വാതന്ത്ര്യം നല്‍കിയാലേ കുട്ടികള്‍ വായനയിലേക്കു വരൂ.അവര്‍ക്കു ചുറ്റും പുസ്തകങ്ങള്‍ ഉണ്ടാകണം.കാണാനും തുറന്നുനോക്കാനും വായിക്കാനും  തിരികെ വയ്ക്കാനും പാകത്തില്‍ അവ പ്രദര്‍ശിപ്പിച്ചിരിക്കണം.


പണ്ട്,ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്നുവെന്ന ശ്രുതി ക്ലാസില്‍ പരന്നു.ഞങ്ങള്‍ക്ക്  അതിയായ സന്തോഷം തോന്നി.ഒപ്പം ആകാംക്ഷയും.അല്പം കഴിഞ്ഞപ്പോള്‍ ക്ലാസ് ലീഡര്‍ ചുമലില്‍ വലിയൊരു പുസ്തകക്കെട്ടുമായി വന്നു.ടീച്ചര്‍ പുറകേയും.മേശപ്പുറത്ത് വെച്ച പുസ്തകക്കെട്ടിലേക്ക് ഞങ്ങള്‍
കൗതുകത്തോടെ നോക്കി.ടീച്ചര്‍ ഓരോരുത്തരെയായി വിളിച്ച് റെജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ട് പുസ്തകങ്ങള്‍ തരാന്‍ തുടങ്ങി.എനിക്കുനേരെ നീട്ടിയ പുസ്തകം ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ഏറ്റു വാങ്ങി.പുറംചട്ട കീറിപ്പോയ ഒരു പുസ്തകമായിരുന്നു അത്.പുസ്തകത്തിന്റെ പേര് ഞാന്‍ വായിച്ചു.ഭാരതപര്യടനം-കുട്ടിക്കൃഷ്ണമാരാര്‍.വീട്ടിലെത്തിയ ഉടനെ ഞാന്‍ പുസ്തകം വായിക്കാനിരുന്നു.ആദ്യപേജ് വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല.പിന്നെയും വായിച്ചു.ഞാന്‍ നിരാശനായി. ഒരു ആറാം ക്ലാസുകാരനു ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല ആ ക്ലാസിക്ക് കൃതിയുടെ ഭാഷ.രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പുസ്തകം തിരികെ വാങ്ങി.വിദ്യാലയ ജീവിതത്തില്‍ എനിക്കാദ്യമായും അവസാനമായും കിട്ടിയ പുസ്തകം.പിന്നീട് പത്താം ക്ലാസ് കഴിഞ്ഞതിനുശേഷമാണ് ശരിക്കും പുസ്തകവായന തുടങ്ങുന്നത്.


പറഞ്ഞുവന്നത് ക്ലാസില്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം ഒരേ നിലവാരത്തിലുള്ളവയല്ല. വായനയില്‍ വ്യത്യസ്ത നിലവാരക്കാരായ കുട്ടികളുണ്ട് ക്ലാസില്‍.എല്ലാവരേയും പരിഗണിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്.എങ്കിലേ എല്ലാ കുട്ടികളേയും വായനയിലേക്കു കൊണ്ടുവരാന്‍ കഴിയൂ.

ഇനി ഈ ക്ലാസില്‍ പുസ്തകം വിതരണം ചെയ്യുന്നത് എങ്ങനെയാണെന്നു നോക്കാം.
രണ്ടു കുട്ടികളെ ക്ലാസ്സ് ലൈബ്രേറിയന്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.നവ്യയും ആദര്‍ശും.രണ്ടുപേരും നല്ല വായനക്കാര്‍.ഇവര്‍ക്കാണ് പുസ്തകവിതരണത്തിന്റെ ചുമതല.പുസ്തകം മാറ്റാനുള്ള അവസരം ആഴ്ചയില്‍ രണ്ടു ദിവസമാണ്.ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.ഉച്ചഭക്ഷണത്തിനു  ശേഷമുള്ള സമയം ഇതിനായി ഉപയോഗിക്കാം.



പുസ്തകം വിതരണം ചെയ്യുമ്പോഴും തിരിച്ചുവാങ്ങുമ്പോഴും ഇവര്‍ നല്ല പോലെ ശ്രദ്ധിക്കും.പുസ്തകത്തിന് വല്ല കേടുപാടുകളും പറ്റിയിട്ടുണ്ടോയെന്ന്.ഉണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തും.ഇത്തരം കേസുകള്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളു.കാരണം എല്ലാ കുട്ടികളും പുസ്തകം നന്നായി സൂക്ഷിക്കുന്നവരാണ്.

വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പലതും പറയാനുണ്ടാകും.അതിനു ചെവി കൊടുക്കുക എന്നത് വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന കാര്യമാണ്. പുസ്തകത്തെക്കുറിച്ച് കുട്ടികള്‍ക്ക് പരസ്പരം പറയാനും അവസരം നല്‍കേണ്ടതുണ്ട്.


ആഴ്ചയില്‍ എല്ലാ തിങ്കളാഴ്ച്ചയും രാവിലെ അര മണിക്കൂര്‍ സമയം കുട്ടികളുടെ വായനയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ്.എല്ലാവരും പുസ്തകം വായിക്കുന്നുണ്ടോ,ദിവസം എത്ര പേജ് വീതം വായിക്കും,കഴിഞ്ഞയാഴ്ച വായിച്ച പുസ്തകം,പുസ്തകം ഇഷ്ടപ്പെട്ടോ,അതിന്റെ ഉള്ളടക്കം,എല്ലാ കുട്ടികളും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണോ? തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക.കൂടാതെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഒന്ന് പുസ്തക പരിചയമാണ്.എല്ലാ വെള്ളിയാഴ്ചയും ഒരു ഗ്രൂപ്പ് ഒരു പുസ്തകം പരിയപ്പെടുത്തണം.അതിന്റെ വായനാക്കുറിപ്പ് തയ്യാറാക്കിവേണം പരിചയപ്പെടുത്താന്‍.
 
ഇടയ്ക്ക് പുസ്തകം ഞാനും പരിചയപ്പെടുത്താറുണ്ട്.പുസ്തകത്തിലെ ചിലഭാഗങ്ങള്‍ വായിച്ചുകൊടുത്തും കഥപറഞ്ഞു കൊടുത്തും പുസ്തകം വായിക്കാന്‍ ഞാനവരെ പ്രചോദിപ്പിക്കും.കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു പുസ്തകം ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളായിരുന്നു.ആന്‍ ഫ്രാങ്കിന്റെ കഥ പറഞ്ഞുകൊടുത്തു.കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില കുട്ടികളുടെ കണ്ണുനിഞ്ഞിരിക്കുന്നത് കണ്ടു.പുസ്തകത്തിന്റെ ഒരു കോപ്പിയേ ക്ലാസിലുള്ളു.അത് കൈക്കലാക്കാനുള്ള മത്സരത്തിലാണ് കുട്ടികള്‍.

വായനാക്കുറിപ്പ് തയ്യാറാക്കാന്‍ കുട്ടികളെ  നിര്‍ബന്ധിക്കാറില്ല.അങ്ങനെ ചെയ്യുന്നത് അവരുടെ വായനയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.താത്പര്യമുള്ളവര്‍ക്ക് വായനാക്കുറിപ്പ് തയ്യാറാക്കാം.അങ്ങനെ തയ്യാറാക്കുന്നവര്‍ക്ക് അത് വായിച്ച് അവതരിപ്പിക്കാന്‍ അവസരവും നല്‍കും.

ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും നല്ല വായനക്കരായി മാറിയിരിക്കുന്നു.ഏതാണ്ട് ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ ഇത്രയും മാസങ്ങള്‍ക്കുള്ളില്‍ ഓരോ കുട്ടിയും വായിച്ചു കഴിഞ്ഞു.അവര്‍ പുസ്തകം എടുക്കുക മാത്രമല്ല.വായിക്കുക കൂടി ചെയ്യുന്നുണ്ട്.മാസം തോറും നടക്കുന്ന ക്ലാസ് പിടിഎ യോഗങ്ങളിലെ ഒരു അജണ്ട കുട്ടികളുടെ വായനയാണ്.അതിന് രക്ഷിതാക്കളുടെ പിന്തുണ എങ്ങനെ ഉറപ്പാക്കാം എന്നതായിരിക്കും ചര്‍ച്ചാവിഷയം.
ക്ലാസ് ലൈബ്രേറിയന്‍ ആദര്‍ശ് പറയുന്നത് നോക്കുക.


"മാഷേ, കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല.കുട്ടികള്‍ നല്ല വായനക്കാരായി മാറിയിരിക്കുന്നു......., …...(കുട്ടികളുടെ പേരുകള്‍)മുമ്പ് പുസ്തകം വായിക്കാറേയില്ല.ഇപ്പോള്‍ അവര്‍ എല്ലാ ആഴ്ചയിലും പുസ്തകം മാറ്റുന്നുണ്ട്.”

ഗള്‍ഫില്‍ ജോലിയുള്ള കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി.പലതും പറഞ്ഞ കൂട്ടത്തില്‍ ഞാനെന്റെ വിദ്യാലയ വിശേഷങ്ങളും അവനോടു പറയുകയുണ്ടായി.അപ്പോള്‍ അവന്‍ പറഞ്ഞു.


"ഞാന്‍ പഠിച്ച വിദ്യാലയത്തെക്കുറിച്ചുള്ള ഓര്‍മ്മ, അന്ന് മാഷ് വായിക്കാന്‍ തന്ന പുസ്തകങ്ങളെ കുറിച്ചുള്ള ഓര്‍മമ്മകളാണ്.ലൈബ്രറിയിലെ അലമാരകളില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് റെജിസ്റ്ററില്‍ ചേര്‍ക്കാനായി ചെല്ലുമ്പോള്‍ മാഷ് ആ പുസ്തകം വാങ്ങി മറിച്ചുനോക്കും.എന്നിട്ടു പറയും.'കൊള്ളാം.ഇത് നീ വായിക്കേണ്ട പുസ്തകം തന്നെ'.അല്ലെങ്കില്‍ 'ഇതു കൊള്ളില്ല. മാറ്റിയെടുത്തോളൂ'.അന്ന് എത്ര ആവേശത്തോടെയാണ് ഓരോ പുസ്തകവും വായിച്ചു തീര്‍ത്തത്....”

നല്ല കഥാപ്പുസ്തകങ്ങള്‍ ഇഷ്ടംപോലെ വായിക്കാന്‍ കിട്ടുന്ന ഒരു വിദ്യാലയത്തെ ഏതു കുട്ടിയാണ് ഇഷ്ടപ്പെടാതിരിക്കുക!





Sunday, 2 November 2014

സ്ക്കൂള്‍ കലോത്സവം കുട്ടികളുടെ ഉത്സവമാകുമോ?


ഒക്ടോബര്‍ 30,31 തീയ്യതികളിലായിരുന്നു ഞങ്ങളുടെ സ്ക്കൂള്‍ കലോത്സവം.എടുത്തു പറയേണ്ട ഒരു കാര്യം, കലോത്സവത്തില്‍ കുട്ടികളുടെ പങ്കാളിത്തമായിരുന്നു. 230 കുട്ടികളില്‍ 8 പേരോഴികെ ബാക്കി എല്ലാവരും മത്സരത്തില്‍ പങ്കെടുത്തു.എട്ടു കുട്ടികള്‍ ഒഴിഞ്ഞു നിന്നത് രോഗാവസ്ഥ,ബന്ധുക്കളുടെ മരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടായിരുന്നു.

കലോത്സവം വിജയിക്കാനുള്ള മറ്റൊരു പ്രധാന കാരണം രക്ഷിതാക്കളുടെയും  നാട്ടുകാരുടേയും  പങ്കാളിത്തവും സഹകരണവുമായിരുന്നു.പരിപാടി കാണാനെത്തിയ മുഴുവന്‍ പേര്‍ക്കും രണ്ടു ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം  പിടിഎ നല്‍കി.മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ക്ലബ്ബുകളും കുടുംബശ്രീ യൂണിറ്റുകളും വ്യക്തികളും സ്പോണ്‍സര്‍ ചെയ്തു.

നാലു ഹൗസുകളായി തിരിഞ്ഞായിരുന്നു കുട്ടികളുടെ മത്സരം.കുട്ടികള്‍ പരസ്പരം സഹകരിച്ചു കൊണ്ടു പഠിച്ചും മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുമായിരുന്നു കുട്ടികളുടെ ഒരു മാസം നീണ്ടുനിന്ന തയ്യാറെടുപ്പ്.('കലോത്സവത്തിലെ കാനത്തൂര്‍ സ്റ്റൈല്‍' എന്ന കഴിഞ്ഞ ലക്കത്തിലെ പോസ്റ്റ് കാണുക) വൈകുന്നേരം നാലു മണി മുതല്‍ അഞ്ചര വരെയും ശനി,ഞായര്‍ ദിവസങ്ങളിലുമായിരുന്നു കുട്ടികളുടെ തയ്യാറെടുപ്പ്.അവര്‍ നന്നായി അധ്വാനിച്ചു.കുട്ടികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അതാതു ഹൗസുകളുടെ ചുമതലയുള്ള അധ്യാപികമാര്‍ ശ്രദ്ധിച്ചിരുന്നു.

 


നാടകം.നൃത്തം,തിരുവാതിര,ഒപ്പന തുടങ്ങിയ ഇനങ്ങളുടെ പരിശീലനത്തിന് കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും പോയ കുട്ടികളുടെ സഹായം അവര്‍ക്കു ലഭിച്ചിരുന്നു.അവരിപ്പോള്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഇരിയണ്ണി ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.


കലോത്സവം കുട്ടികള്‍ നന്നായി ആസ്വദിച്ചു.കാരണം അവര്‍ക്ക് ഒരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ ചുമതലകള്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നു.ഓരോ ഇനത്തിലും പങ്കെടുക്കുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി പങ്കെടുപ്പിക്കുക അവരുടെ ഉത്തരവാദിത്തമായിരുന്നു.  

ഞങ്ങളുടെ സ്ക്കൂള്‍ കലോത്സവം കുട്ടികളുടെ  വികാസം (development) ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.ഉല്‍പ്പന്നത്തോടൊപ്പം ഞങ്ങള്‍ അതിന്റെ പ്രക്രിയയ്ക്കും പ്രാധാന്യം കൊടുത്തു.നാടകമായാലും നൃത്തമായാലും മറ്റു കലാരൂപങ്ങളായാലും അതു രൂപപ്പെടുന്നത് കുട്ടികളുടെ കൂട്ടായ്മയില്‍ നിന്നാണ്. 

ഗ്രീന്‍ ഹൗസിനു വേണ്ടി അശ്വതി നാടകം സംവിധാനം ചെയ്യുന്നത് ഞാന്‍ നിരീക്ഷിക്കുകയുണ്ടായി.


നാടകത്തിലുള്ള അവളുടെ താത്പര്യം;അശ്വതി നിര്‍ദ്ദേശം കൊടുക്കുന്ന രീതി;കുട്ടികളുടെ ചലനങ്ങളും ഡയലോഗുകളും നേരെയാകാതെ വരുമ്പോള്‍ അവള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍;കുട്ടികളെ ഇംപ്രൊവൈസ് ചെയ്യിച്ചുകൊണ്ട് അവള്‍ അതിനെ മറികടക്കുന്നത്;ചില കാര്യങ്ങളില്‍ അവള്‍ക്കു തന്നെ നിശ്ചയമില്ലാതെ വരുമ്പോള്‍ അവള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നത്;സംഗീതം പലതവണ കേട്ടും ചലനങ്ങള്‍ കൃത്യതപ്പെടുത്തിയും കുട്ടികളെ പരിശീലിപ്പിക്കുന്നത്....

ഇനി നടീനടന്‍മാരോ?
അവര്‍ സംവിധായകയുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.അവളുടെ  കഴിവുകളില്‍ അവര്‍ക്ക്   വിശ്വാസമുണ്ട്.അവളുടെ നേതൃത്വം അവര്‍ അംഗീകരിക്കുന്നുണ്ട്.അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ സംവിധായകയുമായി ചര്‍ച്ചചെയ്യുന്നു.നാടകത്തിന്റെ സൗന്ദര്യശാസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച.നടന്റെ നില്‍പ്പ്,ചലനം,ഭാവം,പ്രേക്ഷകരെ അഭിമുഖീകരിക്കേണ്ട രീതി...



നല്ല അച്ചടക്കത്തോടെയാണ് അവരുടെ റിഹേഴ്സല്‍.നാടകം കളിക്കുന്നത് അവര്‍ നന്നായി ആസ്വദിക്കുന്നുണ്ട്.അവിടെ അവര്‍ സ്വന്തം  അഭിപ്രായങ്ങള്‍ തുറന്നുപറയുന്നു.ചിലയിടത്ത് അവരുടേതായ സംഭാവനകള്‍ നല്‍കുന്നു.വര്‍ദ്ധിച്ച ആഹ്ലാദത്തോടെ സംവിധായിക അതിനെ പ്രോത്സാഹിപ്പിക്കുന്നു.

ഈ പ്രക്രിയ കുട്ടികളുടെ വികാസത്തേയും പഠനത്തേയും എങ്ങനെയാണ് സ്വാധീനിക്കുന്നത്?

അഞ്ച് മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളാണ് ഈ നാടക സംഘങ്ങളില്‍.ഇവര്‍ക്കിടയില്‍ നല്ല ചര്‍ച്ചയും പങ്കുവയ്ക്കലുമാണ് നടക്കുന്നത്.കഥാപ്പാത്രങ്ങളെക്കുറിച്ച്,ഓരോരുത്തരുടേയും പ്രത്യേകതകളെക്കുറിച്ച്,പെരുമാറ്റങ്ങളെക്കുറിച്ച്,നാടകത്തെ അവര്‍ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയെക്കുറിച്ച്,ഓരോരുത്തരും ഏതെല്ലാം കാര്യങ്ങളിലാണ് ഇനിയും മെച്ചപ്പെടേണ്ടത് എന്നതിനെക്കുറിച്ച്...



ഗ്രൂപ്പില്‍ ചില കുട്ടികള്‍ ഏറ്റെടുക്കുന്ന നേതൃത്വപരമായ ചുമതലകളുണ്ട്.അതില്‍ അഞ്ചാം ക്ലാസ്സ് കാരെന്നോ ഏഴാം ക്ലാസെന്നോ വ്യത്യാസമില്ല.ചില കുട്ടികള്‍ അവരറിയാതെ മുന്നോട്ടു വരും.അവരാണ് ഗ്രൂപ്പിനെ നയിക്കുക.ഇതില്‍ കൂടുതലും നാടകത്തില്‍ അഭിനയിക്കാത്ത പിന്നണിക്കാരാണ്.നാടകക്കാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത് അവരാണ്.ഇവര്‍ ഓരോരുത്തരും വിവിധ ചുമതലകള്‍ വീതിച്ചെടുക്കും.

അഭിപ്രായ വ്യത്യാസങ്ങള്‍ ഗ്രൂപ്പില്‍ സ്വാഭാവികമായും ഉയര്‍ന്നു വരും.പക്ഷേ,അവര്‍ വളരെ പെട്ടെന്നുതന്നെ ഒത്തുതീര്‍പ്പിലെത്തും.ഗ്രൂപ്പിന്റെ സുഗമമായ മുന്നോട്ടു പോക്കിന് അത് അത്യാവശ്യമാണ്. നിരവധിപ്പേരുടെ സഹകരണവും കൂട്ടായ്മയും ആവശ്യമുള്ള കലാരൂപമാണ് നാടകം.ഇതില്‍ പങ്കാളികളാകുന്നതിലൂടെ സാമൂഹീകരണ പ്രക്രിയയുടെ ബാലപാഠങ്ങളാണ് കുട്ടികള്‍ സ്വായത്തമാക്കുന്നത്.അവര്‍ സ്വയം അച്ചടക്കമുള്ളവരായി മാറുന്നു.അവര്‍ വെല്ലുവിളികള്‍  ഏറ്റെടുക്കാന്‍ സന്നദ്ധരാകുന്നു.പ്രതിസന്ധികളെ അഭിമുഖീകരിക്കാനും മറികടക്കാനുമുള്ള കരുത്ത് നേടുന്നു.



ഇനി മുതിര്‍ന്ന ഒരാളാണ് ഇവരെ നൃത്തമോ നാടകമോ പഠിപ്പിക്കുന്നതെന്നു കരുതുക.അത് കുട്ടികളെ എങ്ങനെയാണ് സ്വാധീനിക്കുക?

കുട്ടികള്‍ സ്വയം ഉള്‍വലിയും.അവിടെ കുട്ടികള്‍ക്ക് ചുമതലകളൊന്നുമില്ല.ചുമതലകള്‍ മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിക്കും.കുട്ടികള്‍ പഠിപ്പിക്കുന്ന ആളിനു പൂര്‍ണ്ണമായും വിധേയരാകും.അല്ലെങ്കില്‍ വിധേയരാക്കും.അടിയിലൂടേയും ആക്രോശങ്ങളിലൂടേയും കുട്ടികളുടെ സ്വതഃസിദ്ധമായ കഴിവുകളെ ഇല്ലാതാക്കും.പഠിപ്പിക്കുന്ന ആളിന്റെ അഭിനയ പദ്ധതിയും ശരീര ചലനങ്ങളും കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കും.മത്സര വേദികളില്‍ വിജയിക്കാന്‍ ഒരേ മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ചട്ടക്കൂടുകളിലേക്ക് കുട്ടികളെ കയറ്റി നിര്‍ത്തും.അയാള്‍ കറക്കിവിടുന്ന യന്ത്രപ്പാവകളായി കുട്ടികള്‍ മാറും.മികച്ച നര്‍ത്തകിമാര്‍ക്കോ അഭിനേതാക്കള്‍ക്കോ ഉള്ള സമ്മാനങ്ങള്‍ അവര്‍ നേടിയെന്നിരിക്കും.പക്ഷേ,അവരിലെ സര്‍ഗ്ഗാത്മകതയ്ക്ക് പുഴുക്കുത്ത് വീണിരിക്കും.
കലോത്സവ വേദികളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന കുട്ടികള്‍ പിന്നീട് കലാരംഗത്ത് നിന്ന് അപ്രത്യക്ഷമാകുന്നതിനുള്ള ഒരു കാരണം ഇതുതന്നെയായിരിക്കണം.


ഇരുപത്തെട്ട് കുട്ടികളാണ് നാടകത്തില്‍ മേക്കപ്പിട്ടത്.പിന്നണിയില്‍ ധാരാളം പേര്‍.മുഖത്ത് ചായം തേച്ചതോടെ അവരെല്ലാവരും കഥാപ്പാത്രങ്ങളായിമാറി.
സാരിയുടുത്തും തൊപ്പി ധരിച്ചും കൊമ്പന്‍ മീശവെച്ചും അവര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.നാടകം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുമ്പോഴും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഗൗരി വേഷവും മേക്കപ്പും അഴിച്ചിരുന്നില്ല.ലുങ്കിയും ഷര്‍ട്ടും മുഖത്തൊരു 'റ' മീശയും.


രാത്രി വൈകിയപ്പോള്‍ അവളുടെ അമ്മയുടെ കോള്‍.
"മാഷേ,ഗൗരി മേക്കപ്പഴിക്കാന്‍ കൂട്ടാക്കുന്നില്ല.മാഷൊന്ന് അവളോട് പറയ്വോ?”


ഗൗരി ഈ വര്‍ഷമാണ് ഞങ്ങളുടെ സ്ക്കൂളില്‍ വന്നുചേര്‍ന്നത്.മുമ്പ് പഠിച്ചതും ഒരു യു.പി സ്ക്കൂളില്‍ തന്നെയായിരുന്നു.ഞാന്‍ അവളോടു ചോദിച്ചു.
"ഏതു കലോത്സവമാണ് ഗൗരിക്ക് ഇഷ്ടപ്പെട്ടത്?പഴയ സ്ക്കൂളിലേയോ,ഈ സ്ക്കൂളിലേയോ?”
"ഈ സ്ക്കൂളിലെ.'
അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു.
"എന്തുകൊണ്ട്?”

"അവിടെ ചേട്ടന്‍മാരുടേയോ ചേച്ചിമാരുടേയോ സഹായമുണ്ടാവില്ല.എല്ലാം നമ്മളൊറ്റയ്ക്കു ചെയ്യണം.പിന്നെ പരിപാടി നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുന്നിടത്തുനിന്ന് അനങ്ങാന്‍ പാടില്ല.അനങ്ങിയാല്‍ സ്കൗട്ട്കാര്‍ വന്ന്
ഞങ്ങളെ വഴക്കു പറയും.ഇവിടെ ഞങ്ങള്‍ക്ക് നല്ല സ്വാതന്ത്ര്യമുണ്ട്.പിന്നെ ഞങ്ങള്‍ക്ക് എല്ലാവരുടേയും സഹായവും കിട്ടുന്നു.സംഘ നൃത്തത്തിനും നാടകത്തിനും ഞാന്‍ ആദ്യമായാണ് പങ്കെടുക്കുന്നത്.ഇവിടത്തെ  ചേച്ചിമാരാണ് എന്നെ നാടകവും നൃത്തവും പഠിപ്പിച്ചത്....”



കലോത്സവത്തിന്റെ സംഘാടനം കൂടി കുട്ടികളെ ഏല്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആലോചിക്കുകയുണ്ടായി.അപ്പോള്‍ കലാമത്സരങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്ക കാരണമാണ് അതു വേണ്ടെന്നുവെച്ചത്.എങ്കിലും വേദി രണ്ടിന്റെ ചുമതല കുട്ടികളെ ഏല്‍പ്പിച്ചു.അവിടെ അനൗണ്‍സര്‍മാരും കുട്ടികളായിരുന്നു.

കലോത്സവം കുട്ടികളുടെ  വികാസമാണ് ലക്ഷ്യമിടുന്നതെങ്കില്‍  അവതരണത്തില്‍മാത്രം ശ്രദ്ധിച്ചാല്‍ പോര.അതിന്റെ പ്രക്രിയയിലൂടെ കുട്ടികളെ കടത്തിവിടണം.അത് കുട്ടികളുടെ കൂട്ടായ്മ വികസിപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ.അപ്പോഴാണ് കലോത്സവം കുട്ടികളുടെ ഉത്സവമായി മാറുന്നത്.അത് കുട്ടികളുടെ ആത്മാവിഷ് ക്കാരത്തിനുള്ള വേദികളാകുമ്പോഴാണ് എല്ലാ അര്‍ത്ഥത്തിലും അവര്‍ അത് ആസ്വദിക്കുന്നത്. 



സമാപന സമ്മേളനം ഉദുമ എം.എല്‍.എ ശ്രീ.പി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.