ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 25 October 2014

കണ്ടെത്തലിന്റെ ആഹ്ലാദം


  
കുട്ടികള്‍ അവരുടെ ബാഗ് തുറന്നു. ഓരോരുത്തരും കൊണ്ടുവന്ന സാധനങ്ങള്‍ പുറത്തെടുത്തു.പലനിറത്തിലും വലുപ്പത്തിലുമുള്ള വയറുകള്‍,ചെമ്പുകമ്പികള്‍,ടോര്‍ച്ച് ബള്‍ബുകള്‍,വിവിധ നിറങ്ങളിലുള്ള ഡക്കറേഷന്‍ ബള്‍ബുകള്‍,എല്‍ഇഡി ബള്‍ബുകള്‍,ഫ്ലാഷ് ലൈറ്റുകള്‍,കളിപ്പാട്ടങ്ങളുടെ ലഘുമോട്ടോറുകള്‍,സൈറണുകള്‍,ടോര്‍ച്ച് സെല്ലുകള്‍,മൊബൈല്‍ സെല്ലുകള്‍....
കുട്ടികള്‍ കൊണ്ടുവന്ന വസ്തുക്കളുടെ വൈവിധ്യം കണ്ട് ഞാന്‍ അതിശയിച്ചു പോയി!


ഒരു ടോര്‍ച്ചുസെല്ലും ബള്‍ബും ഒരു കഷണം വയറും കൊണ്ടുവരാനായിരുന്നു ഞാന്‍ കുട്ടികളോട് പറഞ്ഞത്.അതുതന്നെ മടിച്ചുമടിച്ചായിരുന്നു പറഞ്ഞത്.കാരണം പഠനത്തിനാവശ്യമായ ഇത്തരം വസ്തുക്കള്‍ ലബോറട്ടറിയില്‍ കരുതിവെക്കേണ്ടതാണെന്ന് അറിയാം.പക്ഷേ,ഞങ്ങളുടെ ശേഖരത്തിലുള്ളത് വളരെ കുറവായിരുന്നു.കുട്ടികള്‍ക്ക് ആവശ്യമായതത്രയും വാങ്ങാനുള്ള ഫണ്ടും ഇല്ലായിരുന്നു.

കുട്ടികളുടെ ശേഖരം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു!ലബോറട്ടറിയിലെ വസ്തുക്കള്‍ക്ക് ഇത്രയും വൈവിധ്യപൂര്‍ണ്ണമാകാന്‍ ഒരിക്കലും കഴിയില്ല.

കുട്ടികള്‍ക്ക് നല്‍കുന്ന വസ്തുക്കളുടെ വൈവിധ്യവും കൗതുകവും പഠനത്തില്‍ നിര്‍ണ്ണായകമാണ്.ഈ വസ്തുക്കള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണം.അപ്പോഴാണ് അവരുടെ ജിജ്ഞാസ ഉണരുക.ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് അവര്‍ അതീവ താത്പര്യത്തോടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.അത് അവരുടെ ചിന്തയെയും ഭാവനയെയും ഉത്തേജിപ്പിക്കും.അവരെ കൂടുതല്‍ അന്വേഷണത്തിലേക്ക് നയിക്കും.

കുട്ടികളുമായി സംസാരിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി.ഓരോ കുട്ടിയുടെ പക്കലും ഇത്തരം വസ്തുക്കളുടെ  സ്വകാര്യ ശേഖരങ്ങളുണ്ട്.വീടുകളിലെ കേടുവന്ന ഉപകരണങ്ങളില്‍ നിന്നും പൊട്ടിയ കളിപ്പാട്ടങ്ങളില്‍ നിന്നുമൊക്കെ അവര്‍ ശേഖരിച്ചു സൂക്ഷിച്ചവ.ഈ വസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചും അടര്‍ത്തിമാറ്റിയും പുതിയവ നിര്‍മ്മിച്ചും അവര്‍ സ്വകാര്യമായി പല പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.ഓരോ വിജയത്തിന്റെയും നിഗൂഢമായ ആഹ്ലാദം അവര്‍ അനുഭവിക്കുന്നുണ്ട്.ഓരോ പരാജയവും പുതിയ വസ്തുക്കള്‍ ശേഖരിക്കുന്നതിലേക്കും  പരീക്ഷണം നടത്തുന്നതിലേക്കും അവരെ വഴിതിരിച്ചു വിടുന്നുണ്ട്.ക്ലാസുമുറിക്ക് സമാന്തരമായി കുട്ടികള്‍ പാത്തും പതുങ്ങിയും സ്വന്തം നിലയ്ക്ക് നടത്തുന്ന പഠനം.

സ്വതഃസിദ്ധമായ ജിജ്ഞാസയും അന്വേഷണത്വരയുമാണ് അവരുടെ കൈമുതല്‍.
ഈ പഠനത്തെ ക്ലാസുമുറിയുമായി ബന്ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് കിട്ടിയ അവസരമായിരുന്നു ഏഴാം ക്ലാസിലെ സയന്‍സില്‍ 'വൈദ്യുതി പ്രവഹിക്കുമ്പോള്‍' എന്ന പാഠം.
കഴിഞ്ഞ ദിവസത്തെ പവര്‍ കട്ടിനെക്കുറിച്ചുള്ള ലഘുവായ ചര്‍ച്ചയിലൂടെയാണ് പാഠം തുടങ്ങിയത്.തുടര്‍ന്ന് കറണ്ട് എന്ന വിഷയം നല്‍കി.ഇതുമായി ബന്ധപ്പെട്ട ഒരു മൈം അവതരിപ്പിക്കണം.കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞു.പ്ലാനിങ്ങിന് അഞ്ചുമിനുട്ട് സമയം.അവതരണത്തിനും അഞ്ചുമിനുട്ട്.
കുട്ടികള്‍ ഗ്രൂപ്പില്‍ ആലോചന തുടങ്ങി.അവതരിപ്പിക്കേണ്ട സംഭവത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണയിലെത്തി.ബാക്കി തത്സമയ ഇംപ്രൊവൈസേഷന്‍.
ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലായിരുന്നു വിഷയത്തെ സമീപിച്ചത്.

ഫ്യൂസ് കെട്ടാന്‍ ചെന്ന ഒരാളെ തൊട്ട് കുടുംബത്തിലെ മുഴുവന്‍ പേരും ഷോക്കടിച്ചു മരിക്കുന്നത്,കാറ്റിലും മഴയിലും പെട്ട് മറിഞ്ഞു വീഴുന്ന വൈദ്യുതി പോസ്റ്റും ഇലക്ട്രിസിറ്റി ജീവനക്കാര്‍ വന്ന് അത് നേരെയാക്കുന്നതും,പഠിക്കാനിരിക്കുന്ന നേരത്ത് കറണ്ട് പോകുന്നതും തുടര്‍ന്നുള്ള സംഭവവും,കറണ്ട് ബില്‍ കണ്ട് ഹൃദയം പൊട്ടി മരിക്കുന്ന കുടുംബം....

ഓരോ അവതരണത്തിനും നല്‍കിയ സംഗീതം അവരുടെ അവതരണത്തെ ഒന്നുകൂടി പൊലിപ്പിച്ചു.പിന്നീട് അവതരണത്തെ ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.
ഒരു ടോര്‍ച്ച് ബള്‍ബ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞാന്‍  ചോദിച്ചു.
"ഈ ബള്‍ബ് ആര്‍ക്കെങ്കിലും പ്രകാശിപ്പിക്കാന്‍ കഴിയുമോ?”
കുട്ടികള്‍ എല്ലാവരും എഴുന്നേറ്റു.

"അതിനു ബാറ്ററിയും വയറും വേണം സാര്‍.” ലാവണ്യ പറഞ്ഞു.

ലാവണ്യ മുന്നോട്ട് വന്നു. സഹായത്തിനു ശാരികയേയും വിളിച്ചു.ഞാനവര്‍ക്ക് ടോര്‍ച്ച് സെല്ലുകളും രണ്ടു കഷണം വയറും നല്‍കി.
അവര്‍ ബള്‍ബ് കത്തിക്കാന്‍ ശ്രമിച്ചു.പക്ഷേ, പരാജയപ്പെട്ടു.

പിന്നീട് സുഹാനയും അര്‍ഷിതയും ചേര്‍ന്ന് വന്നു.അവര്‍ക്കും കഴിഞ്ഞില്ല.
അടുത്തതായി കാര്‍ത്തികയും അനുശ്രീയും വന്നു.അവര്‍ ബള്‍ബ് കത്തിച്ചു.ക്ലാസ് കൈയ്യടിച്ച്   അവരെ പ്രോത്സാഹിപ്പിച്ചു.

 "ഇനി നിങ്ങള്‍ കൊണ്ടുവന്ന ബള്‍ബുകള്‍ ഇതുപോലെ കത്തിക്കാന്‍ കഴിയുമോ?”

കുട്ടികള്‍ക്ക് ആവേശമായി.അവര്‍ ഗ്രൂപ്പ് തിരിഞ്ഞിരുന്നു.അവര്‍ കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് അവര്‍ പണി തുടങ്ങി.പച്ചയും ചുവപ്പും നീലയും മഞ്ഞയും നിറമുള്ള പ്രകാശം ക്ലാസില്‍ പരന്നു തുടങ്ങി.  വെളിച്ചം നന്നായി കാണാന്‍ അവര്‍ ജനാലകളടച്ച് ഇരുട്ടുണ്ടാക്കി.ചിലര്‍ ലഘുമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു.അതിന്റെ ഷാഫ്റ്റില്‍ കട്ടിക്കടലാസ് കോര്‍ത്ത് അത് കറങ്ങുമ്പോള്‍ അതില്‍ സ്കെച്ച് പേന കൊണ്ട് വരഞ്ഞു.കടലാസില്‍ രൂപം കൊള്ളുന്ന ഗംഭീരമായ വൃത്തങ്ങള്‍ മറ്റുള്ളവരെ കാണിച്ച് രസിച്ചു.ചിലര്‍ കത്തുന്ന ബള്‍ബുകള്‍ കീശയിലിട്ടു നടന്നു.ചില ഗ്രൂപ്പുകള്‍ കൂട്ടം കൂടിയിരുന്ന് പ്രകാശം കൊണ്ട് ഗോപുരം പണിതു.ഈ ആഹ്ലാദം പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ എന്റെ ക്യമറയ്ക് കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു.

‍ഈ കൊച്ചു ഇലക്ട്രീഷ്യന്‍മാര്‍ എന്റെ ക്ലാസ് ഹൈജാക്ക് ചെയ്തിരിക്കുന്നു!ഞാനിനിയെന്തുചെയ്യും?അടുത്ത ഘട്ടത്തിലേക്ക് എനിക്ക് കടന്നേ തീരൂ.എങ്ങനെയാണ് ഇതിലൊന്ന് ഇടപെടുക?

അപ്പോള്‍ ലാവണ്യയും ശാരികയും എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു.
"മാഷേ,നോക്ക്...ബള്‍ബ് കത്തുന്നത്.പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഇപ്പോള്‍ മനസ്സിലായോ?”
ഞാന്‍ ചിരിച്ചു.
"നേരത്തെ എന്തുകൊണ്ടാണ് ബള്‍ബ് കത്താഞ്ഞത്?”
ഞാന്‍ ആ ചോദ്യം എല്ലാവരോടുമായി ചോദിച്ചു.

"ഞങ്ങള്‍ വയറിന്റെ രണ്ടറ്റവും ബള്‍ബിന്റെ അടിയിലാണ് ഘടിപ്പിച്ചത്.അതുകൊണ്ടാണ് കത്താഞ്ഞത്.വയറിന്റെ ഒരറ്റം ബള്‍ബിന്റെ അടിയിലും മറ്റേ അറ്റം ബള്‍ബിന്റെ സൈഡിലുമായി ഘടിപ്പിക്കണം."ലാവണ്യ പറഞ്ഞു.

 "ലാവണ്യ പറഞ്ഞത് ശരിയാണോ?”
"അതെ."എല്ലാവരും സമ്മതിച്ചു.
"ടോര്‍ച്ച് സെല്ലും വയറും ബള്‍ബും നിങ്ങള്‍ എങ്ങനെയാണ് ഘടിപ്പിച്ചത്?അതിന്റെ ചിത്രം വരയ്ക്കാമോ?”

കുട്ടികള്‍ നോട്ടുപുസ്തകത്തില്‍ പെന്‍സില്‍ കൊണ്ട് വരയ്ക്കാന്‍ തുടങ്ങി.അല്പ സമയത്തിനകം വര പൂര്‍ത്തിയായി.

നോട്ടു പുസ്തകങ്ങള്‍ തമ്മില്‍ കൈമാറി.വരച്ച ചിത്രം പരസ്പരം പരിശോധിക്കാനായിരുന്നു ഇത്.
"മാഷേ,ദിനേശ് ബള്‍ബില്‍ ഫിലമെന്റ് വരച്ചിട്ടില്ല."വിശാഖ് പറഞ്ഞു.
അപ്പോള്‍ പല കുട്ടികളും എഴുന്നേറ്റു.അവരാരും ബള്‍ബില്‍ ഫിലമെന്റ് വരച്ചിട്ടില്ല.

വിശാഖിനോട് ഞാന്‍ ചിത്രം ബോര്‍ഡില്‍ വരയ്ക്കാന്‍ പറഞ്ഞു.
വിശാഖ് ചിത്രം ഭംഗിയായി വരച്ചു.
"ഈ ചിത്രം ശരിയാണോ?” ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"ശരിയാണ്.” കുട്ടികള്‍ ഉറപ്പിച്ചു പറഞ്ഞു.
"എന്തുകൊണ്ട്?”
"ബള്‍ബ് പ്രകാശിക്കണമെങ്കില്‍ വയറിലൂടെ കറണ്ടിന് കടന്നുപോകാന്‍ കഴിയണം.എവടെയും തടസ്സം പാടില്ല.”
'സെര്‍ക്കീട്ട് 'എന്ന വാക്ക് പരിചയപ്പെടുത്തേണ്ട ശരിയായ സന്ദര്‍ഭം.
ഞാന്‍ 'സെര്‍ക്കീട്ട്' എന്ന് ബോര്‍ഡിലെഴുതി.ഈ ചിത്രത്തെയാണ് ഒരു വൈദ്യുത സെര്‍ക്കീട്ട് എന്ന് പറയുക.

"ഇതിനെ വിശദീകരിക്കാന്‍ കഴിയുമോ?”
ചില കുട്ടികള്‍ ശ്രമം തുടങ്ങി.
"വൈദ്യുതി തടസ്സപ്പെടാതെ പ്രവഹിക്കുന്ന സംവിധാനം.”
"ബാറ്ററിയില്‍ നിന്ന് വയറിലൂടെ വൈദ്യുതി കടന്നുപോയി ബള്‍ബ് പ്രകാശിക്കുന്നുവെങ്കില്‍ അതൊരു സര്‍ക്കീട്ടായി.”

'എവിടെ നിന്നാണ് വൈദ്യുതി പുറപ്പെടുന്നത് ?എവിടെയാണ് തിരിച്ചെത്തുന്നത്?'
തുടങ്ങിയ ചോദ്യങ്ങള്‍ സെര്‍ക്കീട്ടിന്റെ ശരിയായ നിര്‍വ്വചനം രൂപപ്പെടുത്തുന്നതിലേക്ക് കുട്ടികളെ നയിച്ചു.
ഞാന്‍ ചിത്രത്തിലെ ബള്‍ബിന്റെ ഫിലമെന്റ് മായ്ച്ചുകളഞ്ഞു.
"ഇപ്പോഴോ?”

"ബള്‍ബ് പ്രകാശിക്കില്ല.”
"എന്തുകൊണ്ട്?”
"വൈദ്യുതിക്ക് തുടര്‍ച്ചയായി പ്രവഹിക്കാന്‍ കഴിയില്ല.”
അടഞ്ഞ സെര്‍ക്കീട്ട്,  തുറന്ന സെര്‍ക്കീട്ട് തുടങ്ങിയ ടേമുകള്‍ ഇവിടെ പരിചയപ്പെടുത്തി.
കുട്ടികള്‍ തുറന്ന സെര്‍ക്കീട്ടിന്റെ ചിത്രം വരച്ചു.



തുടര്‍ന്ന് ഒരു ചോദ്യം ഉന്നയിച്ചു.
"ഒരു സെര്‍ക്കീട്ടില്‍ എന്തിനാണ് സ്വിച്ച് ഉപയോഗിക്കുന്നത്?”

കുട്ടികള്‍ ആലോചിച്ച് ഉത്തരം എഴുതാന്‍ തുടങ്ങി.
കാര്‍ത്തിക അവള്‍ എഴുതിയ ഉത്തരം ഉറക്കെ വായിച്ചു.

"ഒരു സെര്‍ക്കീട്ടിനെ അടയ്ക്കാനും തുറയ്ക്കാനും സ്വിച്ച് ഉപയോഗിക്കാം.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ബള്‍ബ് പ്രകാശിക്കും.അപ്പോള്‍ സെര്‍ക്കീട്ട് അടഞ്ഞതായിരിക്കും.സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ ബള്‍ബ് കെടും. അപ്പോള്‍ സര്‍ക്കീട്ട് തുറന്നതായിരിക്കും.”

"കാര്‍ത്തിക എഴുതിയ ഉത്തരം ശരിയാണോ?”
ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
 "ശരിയാണ്”.കുട്ടികള്‍ പറഞ്ഞു.
ഞാന്‍ ക്ലാസിലെ ഫാന്‍ ഒരുതവണ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്തു.
"ഇതൊരു സെര്‍ക്കീട്ടല്ലേ?”
"ആണ്.”
"എങ്കില്‍ കാര്‍ത്തിക എഴുതിയത് എങ്ങനെയാണ് മെച്ചപ്പെടുത്തുക?”
"ബള്‍ബ് എന്നതിനു പകരം ഏതൊരു ഉപകരണവും പ്രവര്‍ത്തിപ്പിക്കാന്‍ എന്നാക്കണം."ഹരിത പറഞ്ഞു.

തുടര്‍ന്ന് ഒരു സെര്‍ക്കീട്ടിന്റെ ചിത്രവും സെര്‍ക്കീട്ട് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നു വിശദമാക്കുന്ന രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു  വീഡിയോയും  പ്രൊജക്ടര്‍ ഉപയോഗിച്ച് ഞാനവര്‍ക്ക്  കാണിച്ചു കൊടുത്തു.









No comments:

Post a Comment