ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday, 5 October 2014

അറിവും മുന്നറിവും ശാസ്ത്രപഠനത്തില്‍


ബ്ലാക്ക് ബോര്‍ഡില്‍ കാണുന്ന ചിത്രങ്ങള്‍ ഒന്നു സൂക്ഷിച്ച് നോക്കുക. ഇതിലെ ഓരോ ചിത്രവും വരച്ചത് ഓരോ കുട്ടിയാണ്. ആറാംക്ലാസുകാര്‍ അവരുടെ സയന്‍സ് ക്ലാസില്‍ വരച്ച ചിത്രങ്ങള്‍ .

ചിത്രങ്ങള്‍ എന്താണെന്നു മനസ്സിലായോ?

മനുഷ്യന്റെ ശ്വാസകോശമാണ്.ശ്വാസകോശം എങ്ങനെയാണെന്നതിനെക്കുറിച്ച് ഓരോ കുട്ടിയുടെ മനസ്സിലും ഓരോ ഇമേജുണ്ടാകും.അതുമായി ബന്ധപ്പെട്ട അവരുടെ സാമാന്യ ധാരണ(pre-concept).അത് എന്താണെന്ന് അറിയാനായിരുന്നു എന്റെ ശ്രമം.

ഈ പ്രവര്‍ത്തനം എന്നെ ആശ്ചര്യപ്പെടുത്തുകയുണ്ടായി.ഓരോ കുട്ടിയുടേയും മനസ്സിലെ അറിവ് എത്ര വ്യത്യസ്തമാണ്!അത് അറിയുക എന്നത് ഏറെ   കൗതുകകരവും.

ചിലര്‍ക്ക്  ശ്വാസകോശം കുടലിന് ഇരുവശവുമാണ്.ചിലര്‍ക്ക് ശരീരത്തന്റെ പുറം ഭാഗത്താണ്.നവ്യ പറഞ്ഞത് ശ്വാസകോശം നെഞ്ചിന്റെ ഇടതുഭാഗത്തുള്ള ഒരു സഞ്ചിയാണെന്നാണ്.ഷീബ പറഞ്ഞത് വയറിലാണെന്നാണ്.ആദിത്യ പറഞ്ഞത് അതിന് രണ്ട് അറകളുണ്ടെന്നാണ്.ഒന്നിലൂടെ വായു അകത്തേക്ക് വരുന്നു.മറ്റൊന്നിലൂടെ വായു പുറത്തേക്കു പോകുന്നു.ചിലര്‍ക്ക് മൂക്കില്‍ നിന്ന് പുറപ്പെടുന്ന ഒരു കുഴലാണ് ശ്വാസകോശം.അഞ്ചല്‍ പറഞ്ഞു. "ഹൃദയത്തിനടുത്താണത്.അതിന്റെ താളത്തിനനുസരിച്ചാണ് നാം ശ്വസിക്കുന്നത്.”


മനുഷ്യന്റെ ശ്വാസകോശത്തെക്കുറിച്ച് അവര്‍ മുന്‍ ക്ലാസുകളിലൊന്നും പഠിച്ചിട്ടില്ല.എങ്കിലും അവര്‍ക്ക് ചില സാമാന്യധാരണകളുണ്ടാകും.ഈ ധാരണകളെ പുനഃപരിശോധിച്ചും വിശകലനം ചെയ്തുമാണ് ശ്വാസകോശവുമായി ബന്ധപ്പെട്ട പുതിയ അറിവുകള്‍ കുട്ടികള്‍ രൂപീകരിക്കുന്നത്.പഴയതിനെ ചിലപ്പോള്‍ തിരുത്തേണ്ടതായി വരും.ചിലപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളയേണ്ടതായി വരും.മറ്റു ചിലപ്പോള്‍ അതിനെ നവീകരിക്കേണ്ടതായും വരും.ശ്വാസകോശവുമായി ബന്ധപ്പെട്ട് താന്‍ നേടിയ അറിവ് എന്താണെന്ന് പരിശോധിക്കാനുള്ള പഠനാവസരം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

പിന്നീട് കുട്ടികള്‍ നലത്ത് നിശബ്ദരായി പരസ്പരം തൊടാതെയിരുന്ന് ചില ബ്രീത്തിങ്ങ് എക്സര്‍സൈസുകള്‍ ചെയ്തു.ശ്വസിക്കുകയും നിശ്വസിക്കുകയും ശ്വസനത്തെ ക്രമപ്പെടുത്തുകയും.ശ്വസനം എന്ന പ്രക്രിയയെ ഓരോ കുട്ടിയും വ്യക്തിപരമായി അനുഭവിക്കാനായിരുന്നു ഇത്.ശ്വസനം എന്ന concept നെ സ്വന്തം അനുഭവുമായി ബന്ധിപ്പിക്കണം.എങ്കിലേ പഠനത്തില്‍ കുട്ടികള്‍ മനസ്സ് കൊണ്ടു മുഴുകൂ.അതാണ് ആശയരൂപീകരണത്തിലേക്ക് അവരെ നയിക്കുക.

അടുത്തതായി ഞാന്‍ ഇങ്ങനെ ഒരു ചോദ്യം കുട്ടികളോടു ചോദിച്ചു.

  • ശ്വസിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്?

അവര്‍ ഒന്നാലോചിച്ചു.പിന്നീട് നേരത്തെ ചെയ്ത ബ്രീത്തിങ്ങ് എക്സര്‍സൈസ് ഒരിക്കല്‍ കൂടി ചെയ്തുനോക്കി.ശരീരത്തിലുണ്ടാകുന്ന മാറ്റത്തെ അവര്‍ കണ്ണടച്ചിരുന്ന് സൂക്ഷമമായി മനസ്സിലാക്കുകയാണെന്ന്  എനിക്കു തോന്നി.
തങ്ങളുടെ കണ്ടെത്തലുകള്‍ അവര്‍ ഒരു നോട്ടുപുസ്തകത്തില്‍ കുറിക്കാന്‍ തുടങ്ങി.

സ്വന്തം ശ്വസനാനുഭവത്തെ വിശകലനം ചെയ്യുന്നതിലൂടെ അവര്‍ എന്തെല്ലാം കാര്യങ്ങളായിരിക്കും കണ്ടെത്തിയിരിക്കുക?ശ്വസനത്തെക്കുറിച്ചുള്ള അവരുടെ സാമാന്യധാരണകള്‍ എന്തൊക്കെയായിരിക്കും?

'ശ്വസിക്കുമ്പോള്‍ നല്ല സുഖമുണ്ട്.ശ്വസിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണം മാറിയതുപോല. ശ്വാസം വലിക്കുമ്പോള്‍ ശ്വാസകോശം വീര്‍ക്കുന്നു.ശ്വസിക്കുമ്പോള്‍ വയറ് ചെറുതാകുന്നു.കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിടുമ്പോള്‍ വയറ് വലുതാകുന്നു...'

ഇങ്ങനെയായിരുന്നു അഭിരാജ് എഴുതിയത്.

 ശ്വസിച്ചപ്പോഴുള്ള അവന്റെ അനുഭവത്തെ വിശകലനം ചെയ്തു കൊണ്ടാണ് അവന്‍ എഴുതിയത്.ശ്വസനത്തില്‍ വയറിനു പങ്കുണ്ടെന്ന് അവന്‍ കണ്ടെത്തിയിരിക്കുന്നു.ശ്വാസകോശം,കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നീ പദങ്ങള്‍ മറ്റെവിടെനിന്നോ അവന്‍ സ്വാംശീകരിച്ചതാണ്.
എവിടെ നിന്നായിരിക്കും? അതിലേക്കു പിന്നീട് വരാം.

ശിവരൂപ് എഴുതിയത് എന്താണെന്നു നോക്കാം.

'ശ്വസിക്കുമ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു.കുറേ സമയം ശ്വാസം വലിക്കുമ്പോള്‍ മരണത്തിലേക്ക് പോകും പോലെ തോന്നുന്നു.പിന്നെ ശ്വസിക്കുമ്പോള്‍ കുറേ വായു മൂക്കിന്റെ ഉള്ളിലേക്ക് പോകുന്നു.'

ഒരേ അനുഭവത്തില്‍ നിന്നുള്ള  രണ്ടു കുട്ടികളുടേയും തിരിച്ചറിവ്  എത്ര വ്യത്യസ്തമായ രീതിയിലാണെന്നു നോക്കുക.എന്തു കൊണ്ടായിരിക്കും ഇങ്ങനെ?

ഇനി നന്ദന എന്താണ് എഴുതിയതെന്ന് നോക്കാം.

'നാം ഓക്സിജന്‍ ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തിലെത്തി അവിടുന്ന് ശരീരത്തിലെ ഓക്സിജന്‍ ശ്വസിക്കേണ്ട അവയവങ്ങള്‍ ശ്വസിച്ച് തിരിച്ച് ശ്വാസകോശത്തിലെത്തി അവിടുന്ന് അത് കാര്‍ബണ്‍ ഡയോക്സൈഡായി പുറത്ത് വരുന്നു.മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ആവശ്യമുള്ള ഒരു ഘടകം കൂടിയാണ് വായു.എല്ലാ അവയവങ്ങള്‍ക്കും ശ്വസിക്കണം.ശ്വാസകോശത്തില്‍ ഓക്സിജന്‍ കുറച്ച് കൂടി നില്‍ക്കും.അവിടുന്ന് ശ്വാസകോശവും ശ്വസിക്കും.ശ്വാസകോശമുണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ.'

ശരീരത്തിലെ എല്ലാ അവയവങ്ങളും ശ്വസിക്കുന്നു എന്നാണ് നന്ദനയുടെ കണ്ടെത്തല്‍.ശ്വാസകോശത്തില്‍ ഓക്സിജന്‍ കുറച്ച് കൂടുതല്‍ ഉണ്ടാകും.അത് ശ്വാസകോശത്തിനു ശ്വസിക്കാന്‍ വേണ്ടിയാണ്.നന്ദനയുടെ ശാസ്ത്രപദ സമ്പത്ത് നോക്കുക-ഓക്സിജന്‍,ശ്വാസകോശം,അവയവങ്ങള്‍, കാര്‍ബണ്‍ ഡയോക്സൈഡ്.
ഇത്രയും  പദസമ്പത്ത് കൈമുതലായുള്ളതുകൊണ്ടാണ് നന്ദനയ്ക്ക് ശ്വസനപ്രക്രിയയെ അവളുടേതായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്.

'ശ്വാസകോശമുണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ' എന്ന നിഗമനം ഞാന്‍ തൊട്ടുമുമ്പ്  നല്‍കിയ പഠനാനുഭവത്തില്‍ നിന്നും അവള്‍ രൂപീകരിച്ച അറിവായിരിക്കുമോ?അതോ അവള്‍ നേരത്തേ നേടിയ അവളുടെ സാമാന്യ ധാരണയോ?കൃത്യമായി പറയുക പ്രയാസമായിരിക്കും.

ശ്വസിക്കുമ്പോള്‍ ശരീരം തണുക്കുന്നുവെന്ന് ഒറ്റ വരിയിലെഴുതിയ സുവണ്യ മുതല്‍
ഒരു പേജില്‍ ഉപന്യസിച്ച കുട്ടികള്‍ വരെയുണ്ട് കൂട്ടത്തില്‍.എല്ലാം ഇവിടെ വിശദമാക്കുക പ്രയാസമാണ്.

മുകളില്‍ സൂചിപ്പിച്ച മൂന്നു കുട്ടികളുടേയും സാമാന്യധാരണയില്‍ എന്തു കൊണ്ടാണ് ഇങ്ങനെ വ്യത്യാസം വന്നത്?
കുട്ടികളുടെ സാമാന്യ ധാരണ രൂപപ്പെടുന്നത് എങ്ങനെയാണ്?

കുട്ടികളുടെ കുടുംബാന്തരീക്ഷം വളരെ പ്രധാനമാണ്.കുടുംബത്തിന്റെ സാമ്പത്തിക നില,വിദ്യാഭ്യാസ നിലവാരം,ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന ചേട്ടനോ ചേച്ചിയോ,കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ച,കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതുകാര്യങ്ങളെ പറ്റിയുള്ള മുതിര്‍ന്നവരുടെ ചര്‍ച്ച,പുസ്തകങ്ങള്‍,പത്രമാസികകള്‍ എന്നിവയുടെ ലഭ്യത,വായനയുടെ അന്തരീക്ഷം എന്നിവ കുട്ടികളുടെ സാമാന്യധാരണ രൂപപ്പെടുത്തുന്നതില്‍ പ്രധാനമാണ്.താരതമ്യേന ദരിദ്രരും നിരക്ഷരുരുമായ കുടുംബാംഗങ്ങളുള്ള വീട്ടിലെ കുട്ടികളും മുകളില്‍ സൂചിപ്പിച്ച അന്തരീക്ഷത്തില്‍ നിന്നും വരുന്ന കുട്ടികളും തമ്മില്‍ പഠനത്തില്‍ വ്യത്യാസം വരുന്നത് അതുകൊണ്ടായിരിക്കണം.

കുട്ടികളുടെ സാമാന്യധാരണ രൂപപ്പെടുത്തുന്നതില്‍ വിദ്യാലയത്തിലെ സാംസ്ക്കാരികാന്തരീക്ഷം വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.ദിനാഘോഷങ്ങള്‍,സ്ക്കൂള്‍ അസംബ്ലി,ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍,സഹവാസ ക്യാമ്പുകള്‍,കലാപരിപാടികള്‍,സിനിമാപ്രദര്‍ശനങ്ങള്‍,കലോത്സവങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സജീവമായി നിലനിര്‍ത്തുന്നതാണ് ഈ സാസ്ക്കാരിക അന്തരീക്ഷം.പത്രങ്ങളില്‍ വാര്‍ത്തയാക്കുന്നതില്‍ ഒതുങ്ങിപ്പോകാതെ ഓരോ പ്രവര്‍ത്തനത്തില്‍ നിന്നും കുട്ടികള്‍ എന്തുനേടി എന്നു വിലയിരുത്തിക്കൊണ്ടായിരിക്കണം അതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടത്.അപ്പോള്‍ മാത്രമേ കുട്ടികളുടെ ബോധനിലവാരത്തില്‍ അത് മാറ്റങ്ങള്‍ കൊണ്ടുവരൂ.അത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യേകം തിരിച്ചറിയാന്‍ കഴിയും.

കുട്ടി ജീവിക്കുന്ന പ്രദേശത്തിലെ സാംസ്ക്കാരിക അന്തരീക്ഷമാണ് അവന്റെ സാമാന്യ ധാരണയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം.ആ സമൂഹം പൂര്‍ണ്ണമായും ജനാധിപത്യപരമായിരിക്കണം.പുരോഗമന ആശയങ്ങള്‍ക്ക് അവിടെ വേരോട്ടമുണ്ടായിരിക്കണം.വായനശാലകള്‍,ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍,കലാസമിതികള്‍,നാടകക്കൂട്ടായ്മകള്‍,സിനിമാ സൊസൈറ്റികള്‍,പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ആരോഗ്യകരമായ ഒരന്തരീക്ഷത്തിലായിരിക്കണം കുട്ടികള്‍ വളരേണ്ടത്.ഈ അന്തരീക്ഷം അവന്റെ തിരിച്ചറിവിനേയും വികാസത്തേയും  സ്വാധീനിക്കും.

ഇങ്ങനെ നേടുന്ന സാമാന്യ ധാരണകളെ വിശകലനം ചെയ്തും  വ്യാഖ്യാനിച്ചും പുനഃസൃഷ്ടിച്ചുമാണ് കുട്ടി തന്റെ അറിവിന്റെ വിളക്കുകള്‍  കൊളുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പഠനത്തില്‍ ഇവയൊക്കെ പ്രധാനമാണുതാനും.

ശ്വാസകോശവുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശദീകരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

മനുഷ്യശ്വാസകോശത്തിന്റെ വലിയ ചിത്രം സ്ക്രീനില്‍ പ്രൊജക്ട് ചെയ്തു കാണിച്ചു കൊടുത്തു.കുട്ടികളോട് ചിത്രം നിരീക്ഷിക്കാന്‍ പറഞ്ഞു.

ശ്വാസകോശത്തിന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണ്?ചോദ്യം.
  • കുട്ടികള്‍ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു.
ചിത്രത്തിന്റെ സഹായത്തോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ?അടുത്ത ചോദ്യം.

  • കുട്ടികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു.
  • ശ്വാസകോശത്തിന്റെ  പ്രവര്‍ത്തനം വിശദമാക്കുന്ന ആനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നു.
  • കുട്ടികള്‍ നേരത്തെ എഴുതിയ കുറിപ്പിലെ സാമാന്യ ധാരണയുമായി അതിനെ തട്ടിച്ചുനോക്കുന്നു.നേരത്തെയുള്ള ധാരണയില്‍ എന്തുമാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്?കുട്ടികള്‍ക്ക് വിശദീകരിക്കാനുള്ള അവസരം. 

  • ശ്വാസകോശവുമായി ബന്ധപ്പെട്ട് പാഠഭാഗത്തുനല്‍കിയ കുറിപ്പ്,വീഡിയോ ചിത്രം എന്നിവ വിശകലനം ചെയ്ത് ശ്വാസകോശത്തന്റെ പ്രവര്‍ത്തനം വിശദമാക്കുന്ന കുറിപ്പ് വ്യക്തിഗതമായി തയ്യാറാക്കുന്നു.
  •  ഗ്രൂപ്പില്‍ മെച്ചപ്പെടുത്തിയെഴുതുന്നു.
  • അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ശ്വാസകോശത്തിന്റെ മാതൃക നിര്‍മ്മിക്കുന്നു.
    മാതൃക ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നു.


1 comment:

  1. സാംസ്കാരിക അന്തരീക്ഷം എന്ന ആശയം നന്നായി. അതിനെ വിശദീകരിക്കാനുള്ള ശ്രമവും നന്നായി.

    ReplyDelete