ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 21 June 2014

ക്ലാസുമുറിയെന്ന വളരുന്ന ഇടം

ക്ലാസുമുറി വളരുന്നതെപ്പോഴാണ്?

ക്ലാസുമുറി കുട്ടികള്‍ക്കൊപ്പമാണ്  വളരുന്നത്.ക്ലാസുമുറി അതിന്റെ  അതിരുകള്‍ ഭേദിക്കാന്‍ തുടങ്ങുന്നു. അപ്പോഴാണ് അത് കുട്ടികളുടെ ഇടമായി മാറുന്നത്.

ക്ലാസിലെ കുട്ടികളെ നാം ചില ബേസിക്ക് ഗ്രൂപ്പുകളാക്കാറുണ്ട്.ഈ ഗ്രൂപ്പുകള്‍ക്ക് ചില ഉത്തരവാദിത്തങ്ങളും നല്‍കാറുണ്ട്.ഇതില്‍ പ്രധാനം ക്ലാസ്, ടോയലറ്റ് എന്നിവയുടെ ക്ലീനിങ്ങാണ്.ഓരോ ഗ്രൂപ്പും ഊഴമിട്ട് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.ഫലമോ?ഒരു വര്‍ഷം മുഴുവനും കുട്ടികള്‍ ഈ പ്രവര്‍ത്തനത്തില്‍ മാത്രം തളച്ചിടപ്പെടും.


ഞങ്ങളുടെ വിദ്യാലയത്തിലെ സ്ഥിതിയുംവ്യത്യസ്തമായിരുന്നില്ല.എന്നാല്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ചില മാറ്റങ്ങള്‍ ആലോചിച്ചു.

എന്തൊക്കെയായിരുന്നു ഈ മാറ്റങ്ങള്‍?

ബേസിക്ക് ഗ്രൂപ്പിനെ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം  എന്നതായിരുന്നു ഞങ്ങളുടെ ആലോചന.

ബേസിക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വികാസത്തിനായിരിക്കണം.കുട്ടികള്‍ സജീവമായി പ്രവര്‍ത്തിക്കണം.അവര്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തരാകണം.അവര്‍ അച്ചടക്കമുള്ളവരാകണം.അവര്‍ക്കിടയില്‍ നല്ല  സൗഹൃദങ്ങള്‍ രൂപപ്പെടണം.അവര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ കഴിവുകള്‍ ആവിഷ്ക്കരിക്കാന്‍ അവസരം ലഭിക്കണം.താന്‍ ജീവിക്കുന്ന സമൂഹം എങ്ങനെയുള്ളതാണെന്നതിനെക്കുറിച്ച് അറിവുണ്ടാകണം.അവര്‍ അന്വേഷണത്തിലേക്കും സ്വയം പഠനത്തിലേക്കും നീങ്ങണം.


കുട്ടികള്‍ ഇങ്ങനെയൊക്കെത്തന്നെയാണ് വളരേണ്ടത്.സംശയമില്ല.ഇതിന് ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം?

യു.പി ക്ലാസിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പിലും 6-7 കുട്ടികള്‍.ഇതില്‍ നിന്നും കുട്ടികള്‍ തെരഞ്ഞെടുക്കുന്ന ഒരാള്‍ ലീഡര്‍. ഗ്രൂപ്പുകള്‍ക്ക് വ്യത്യസ്തമായ ചുമതലകള്‍.തിങ്കള്‍ മുതല്‍ വ്യാഴം വരെ.വെള്ളിയാഴ്ച ഈ ചുമതലയില്‍ വ്യത്യാസം വരും.ഡ്യൂട്ടിച്ചാര്‍ട്ട് കാണുക.



ഗണിതരസവും ക്ലീനിങ്ങുമാണ് ഒരു ഗ്രൂപ്പിന്റെ ചുമതല.ഗണിതരസത്തില്‍ എന്തൊക്കെയാവാം?

കുസൃതിക്കണക്കുകള്‍ അവതരിപ്പിക്കാം.അല്ലെങ്കില്‍ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്താം.അതുമല്ലെങ്കില്‍ ഗണിതത്തിലെ ഏതെങ്കിലും ആശയം അവതരിപ്പിക്കാം.ഇതു കൂടാതെ ഒരു ചുമതലകൂടി ഈ ഗ്രൂപ്പിനുണ്ട്.ക്ലീനിങ്ങ്.ക്ലാസ് ക്ലീനിങ്ങ്,ടോയ് ലറ്റ് ക്ലീനിങ്ങ്,ക്ലാസിന്റെ പരിസരം വൃത്തിയാക്കല്‍ എന്നിവ ഇതില്‍ പെടും.


ഇനി ആ ദിവസം രണ്ടാമത്തെ ഗ്രൂപ്പിന്റെ ചുമതല പത്രവിശേഷം തയ്യാറാക്കലാണ്. മലയാളത്തിലെ രണ്ടു ദിനപ്പത്രങ്ങള്‍ രാവിലെ ക്ലാസിലെത്തും.ഇതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ എഴുതി അവതരിപ്പിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ചുമതല.ഒപ്പം വാര്‍ത്തകളെ കുറിച്ചുള്ള കമന്റും ചര്‍ച്ചയുമാകാം.

മൂന്നാമത്തെ ഗ്രൂപ്പിന്റെ ചുമതല സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്.എന്താണ് സര്‍ഗ്ഗാത്മക ആവിഷ്ക്കാരം?പാഠഭാഗങ്ങള്‍,വായിച്ച കഥകള്‍ എന്നിവയുടെ നാടകാവിഷ്ക്കാരമാകാം.ഗ്രൂപ്പില്‍ തയ്യാറാക്കുന്ന ലഘുസ്ക്കിറ്റുകളുടെ അവതരണമാകാം.അതുമല്ലെങ്കില്‍ കവിതകള്‍,നാടപാട്ടുകള്‍  എന്നിവയുടെ ദൃശ്യാവിഷ്ക്കാരമാകാം.പരമാവധി സമയം പത്തു മിനുട്ട്.



'ടു ഡേയ്സ് വേഡ് 'എന്നെഴുതിയ ഡിസ്പ്ളേ ബോര്‍ഡില്‍ ഒരു ഇംഗ്ലീഷ് വാക്ക് പ്രദര്‍ശിപ്പിക്കുക എന്നതാണ് നാലാമത്തെ ഗ്രൂപ്പിന്റെ ചുമതല.പാഠഭാഗത്തുനിന്നുള്ള ഏതെങ്കിലും ഇംഗ്ലീഷ് വാക്കായിരിക്കണം അത്.അതിന്റെ അര്‍ത്ഥവും അത് ഉള്‍ക്കൊള്ളുന്ന ഒരു വാക്യവും മറ്റു ഗ്രൂപ്പുകള്‍ കണ്ടെത്തി പ്രദര്‍ശിപ്പിക്കണം.

ഇത്രയുമായാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തനമായി.വെള്ളിയാഴ്ചത്തെ ചുമതലകളില്‍ മാറ്റമുണ്ട്.


നമ്മുടെ പത്രം തയ്യാറാക്കലാണ് ഒരു ഗ്രൂപ്പിന്റെ ചുമതല.ആ ആഴ്ചത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് എഴുതി തയ്യാറാക്കുന്ന പത്രം.ക്ലാസിലെയും സ്ക്കൂളിലേയും  പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍,വിമര്‍ശനങ്ങള്‍ എന്നിവയൊക്കെ പത്രത്തില്‍ ഉള്‍പ്പെടുത്തണം.

 അടുത്ത ഗ്രൂപ്പ് ചെയ്യേണ്ടത് ശാസ്ത്രകൗതുകം അവതരിപ്പിക്കലാണ്.ലഘുപരീക്ഷണങ്ങള്‍ ആകാം.ശാസ്ത്രജ്ഞന്‍മാര്‍, അവരുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവതരണങ്ങളുമാകാം.

ഇനിയൊരു ഗ്രൂപ്പ് ഒരു ലൈബ്രറിപുസ്തകം പരിചയപ്പെടുത്തണം.വായിച്ചതില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകം.ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടി അവതരിപ്പിച്ചാല്‍ മതിയാകും.
നാലാമത്തെ ഗ്രൂപ്പ് ചെയ്യേണ്ടത് സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്.പക്ഷേ, അത് ഇംഗ്ലീഷില്‍ ആയിരിക്കണം.സ്ക്കിറ്റുകളോ പോയം വിഷ്വലൈസേഷനോ എന്തുമാകാം.




മത്സരബുദ്ധിയോടെയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.ഓരോ അവതരണവും സ്കോര്‍ ചെയ്യപ്പെടും.വൃത്തം,ചതുരം,
ത്രികോണം എന്നീ ചിഹ്നങ്ങള്‍ കൊടുത്താണ് സ്കോര്‍ചെയ്യുന്നത്.വൃത്തത്തിന് അഞ്ചു പോയിന്റ്.ചതുരത്തിന് മൂന്ന്.ത്രികോണത്തിന് രണ്ടും.മാസാവസാനം പോയിന്റുകള്‍ കൂട്ടി വിജയിച്ച ഗ്രൂപ്പിനെ കണ്ടെത്തി സമ്മാനങ്ങള്‍ നല്കും.



ഇനിയോ?
ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തന കാലാവധി ഒരു മാസമാണ്.പിന്നീട് പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കും.അതിനു പുതിയ ലീഡര്‍ വരും. പ്രവര്‍ത്തനം തുടരും.



കഴിഞ്ഞവര്‍ഷം ഇതു ക്ലാസുമുറിയില്‍ നടപ്പാക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ ആശങ്ക ഇതായിരുന്നു.പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ഭാരമായി മാറുമോ?


ഭാരമായില്ല എന്നു മാത്രമല്ല,വര്‍ദ്ധിച്ച താത്പര്യത്തോടെയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി.പിന്നോക്ക-മുന്നോക്ക ഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും അവരുടേതായ സംഭാവനകള്‍ നല്‍കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നു.അതോടെ ക്ലാസുമുറി എല്ലാവരുടേതുമായി മാറുന്നു.അതു നിരന്തരമായി വളരുന്നു. ഒപ്പം കുട്ടികളും.


അധ്യാപകരുടെ നിരന്തര ശ്രദ്ധയും ആത്മാര്‍ത്ഥമായ ഇടപെടലും ആവശ്യപ്പെടുന്നു ഈ പ്രവര്‍ത്തനങ്ങള്‍.രാവിലെ ക്ലാസ് ആരംഭിക്കുന്നതിന്ന് അര മണിക്കൂര്‍ മുന്നേയെങ്കിലും  അധ്യാപകന്‍ ക്ലാസിലെത്തിയിരിക്കണം.ഓരോ ഗ്രൂപ്പിന്റെയും അവതരണം കണ്ട് സ്കോര്‍ ചെയ്യണം.ആവശ്യമായ ഫീഡ്ബാക്കുകള്‍ നല്‍കണം.ഏതെങ്കിലും ഗ്രൂപ്പിനെ ജയിപ്പിക്കലോ മറ്റുള്ളവരെ തോല്‍പ്പിക്കുകയോ അല്ല നമ്മുടെ ലക്ഷ്യം.എല്ലാവരെയും ജയിപ്പിക്കലാണ്.പിന്നോട്ടുപോകുന്ന ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ മെനയണം.അവര്‍ക്കാവശ്യമായ പിന്തുണയും ആത്മവിശ്വാസവും നല്‍കണം.അപ്പോള്‍ മാത്രമേ നമ്മുടെ ലക്ഷ്യം കൈവരിക്കാനാകൂ.


ഒരു വര്‍ഷം ഈ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയപ്പോള്‍ കുട്ടികളില്‍ ഗുണപരമായ എന്തുമാറ്റങ്ങളാണുണ്ടായത്?



  • സംഘമായി പ്രവര്‍ത്തിക്കാനുള്ള കുട്ടികളുടെ കഴിവുകള്‍ വികസിച്ചു.അംഗങ്ങള്‍ക്കിടയിലുള്ള സഹകരണമനോഭാവം,സൗഹൃദം എന്നിവ ശക്തമായി.
  • പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പൂര്‍ണ്ണതയിലെത്തിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു.
  • കുട്ടികളില്‍ അച്ചടക്കശീലം വികസിച്ചുവരുന്നതായിക്കണ്ടു.
  • തങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് പ്ലാന്‍ ചെയ്യാനും ഭംഗിയായി അവതരിപ്പിക്കാനും കുട്ടികള്‍ ശ്രദ്ധിച്ചു.ഇതിലൂടെ ഭാവന,ഇംപ്രൊവൈസേഷനുള്ള കഴിവ് എന്നിവ കുട്ടികളില്‍ വികസിക്കുന്നതായിക്കണ്ടു.
  • കുട്ടികള്‍ക്ക് അവരുടെ വ്യത്യസ്ത കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികൂടിയായി ക്ലാസുമുറി.ഇതിലൂടെ എല്ലാവിഭാഗം കുട്ടികള്‍ക്കും ക്ലാസുമുറിയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.
  • പത്രവിശകലനം,പത്രംപ്രസിദ്ധീകരിക്കല്‍ എന്നിവയിലൂടെ ചുറ്റുപാടിനെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ശേഷി വികസിച്ചു.
  • ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ആരോഗ്യകരമായ സൗഹൃദം ഉടലെടുത്തു.
  • കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന പലതരം തടസ്സങ്ങള്‍(inhibitions)മാറുന്നതായി കണ്ടു.
 
 

2 comments:

  1. എല്ലാ ദിവസവും രാവിലെയാണോ അവതരണം ? പത്ര പ്രസിദ്ധീകരണവും വെള്ളിയാഴ്ച രാവിലെയാണോ ? മറ്റ് ഗ്രൂപ്പുകള്‍ക്ക് വിലയിരുത്തി മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങള്‍ പറയാന്‍ അവസരം ഉണ്ടോ? വിലയിരുത്തല്‍ പ്രക്രിയ വിശദമാക്കിയാല്‍ നന്നായിരുന്നു .എല്ലാ സ്കൂളിലും ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തനമാണ് എന്നതുകൊണ്ടാണ് വിശദാംശം ചോദിക്കുന്നത്

    ReplyDelete
  2. വിലയിരുത്തല്‍ കുട്ടികളുമായി അവതരണത്തിനുശേഷം നടക്കുന്ന ചര്‍ച്ച മാത്രമാണ്.ലഘുവായ ചര്‍ച്ച.ടീച്ചറുടെ വിലയിരുത്തല്‍ മാത്രമാണ് നടക്കുന്നത്.അതിന്റെ അടിസ്ഥാനത്തില്‍ സ്കോര്‍ ചെയ്യുന്നു.ഗ്രൂപ്പുകള്‍ തമ്മില്‍ നല്ല മത്സരം നടക്കുന്നതുകൊണ്ട് കുട്ടികളുടെ വിലയിരുത്തല്‍ ഫലപ്രദമാകുമോ എന്നറിയില്ല.അങ്ങനെ ചെയ്തുനോക്കിയിട്ടില്ല.പത്രത്തിന്റെ പണി തിങ്കളാഴ്ച മുതലേ കുട്ടികള്‍ തുടങ്ങും.വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിക്കും.

    ReplyDelete