ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 28 June 2014

കാടിന്റെ സംഗീതം


ആറാം ക്ലാസാണ്.വിഷയം സാമൂഹ്യശാസ്ത്രം.പശ്ചിമഘട്ടത്തിലൂടെ  എന്ന ഒന്നാമത്തെ യൂണിറ്റാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു മൊഡ്യൂളുകളിലായി പശ്ചിമഘട്ടത്തിന്റെ സവിശേഷതകള്‍ കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.പശ്ചിമഘട്ടത്തില്‍ നിന്നാണ് കേരളത്തിലെ നദികള്‍ ഉത്ഭവിക്കുന്നതെന്നും നാം വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് ഈ നദികളില്‍ അണകെട്ടിയാണ് എന്നുമുള്ള ആശയമാണ് ഇനി രൂപീകരിക്കേണ്ടത്.

ക്ലാസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
ഞാന്‍ പത്തുവരെ എണ്ണുമ്പോഴേക്കും എല്ലാകുട്ടികളും നിശബ്ദരായി.
പതിയെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് അവര്‍  കണ്ണുകളടച്ചു.ക്ലാസ് ഏറെക്കുറെ നിശബ്ദമായി.
ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെ ശബ്ദങ്ങളാണ് കേള്‍ക്കുന്നത്?
കുട്ടികള്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കുന്നു.
ക്ലാസിനകത്തുനിന്ന് ?
….......................
ഇനി ക്ലാസിനു വെളിയില്‍ നിന്നോ?
…......................
അങ്ങു ദൂരെനിന്ന്?
…...................
അല്പസമയത്തിനുശേഷം കുട്ടികളോട് കണ്ണുതുറക്കാന്‍ ആവശ്യപ്പെട്ടു.

കേട്ട ശബ്ദങ്ങളെക്കുറിച്ചുപറയാന്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് അവസരം നല്‍കി.


 ക്ലാസിനകത്ത് ഒരു നാണയം വീണ ശബ്ദം കേട്ടു.ചെരുപ്പ് കൊണ്ട് ആരോ തറയിലുരസി.അപ്പുറത്ത് മാഷ് കണക്ക് പഠിപ്പിക്കുന്നു.അതിനുമപ്പുറത്തുനിന്ന് കൊച്ചുകുട്ടികളുടെ താളത്തിലുള്ള പാട്ട്.പണിക്കാര്‍ പലകയില്‍ ശക്തമായി അടിക്കുന്നു.എവിടെനിന്നോ ഒരു കാക്ക കരയുന്ന ശബ്ദം.

 ഇനി പശ്ചിമഘട്ടത്തിലെ വനപ്രദേശത്തിലൂടെ യാത്രചെയ്ത അഖിലാനാഥിന്റെ ഡയറിയിലെ ഒരു ഭാഗം വായിച്ചുനോക്കാം.
കുട്ടികള്‍ ആദ്യം മൗനമായി വായിച്ചു.ശേഷം ഒരു കുട്ടി ഉറക്കെ വായിച്ചു.

പശ്ചിമഘട്ടത്തിലെ വനപ്രദേശത്തിലൂടെയുള്ള യാത്രയുടെ മനോഹരമായ ഒരു ചെറുവിവരണമായിരുന്നു അത്.
"ഈ യാത്രക്കിടയില്‍ അഖിലാനാഥ് കേട്ട ശബ്ദങ്ങള്‍ എന്തൊക്കെയായിരിക്കും?”
ഞാന്‍ ചോദിച്ചു.
കുട്ടികള്‍ പറഞ്ഞു.


കാട്ടാറിന്റെ പൊട്ടിച്ചിരി.പക്ഷികളുടെ പാട്ട്.ചീവീടിന്റെ കരച്ചില്‍.പുലിയുടെ ഗര്‍ജ്ജനം.ആനയുടെ ചിഹ്നം വിളി.മരങ്ങളില്‍ വീശുന്ന കാറ്റിന്റെ ശബ്ദം.


 "കാട്ടാറിന്റെ ശബ്ദം എങ്ങനെയാണ്?ആ ശബ്ദം അനുകരിക്കാന്‍ കഴിയുമോ?"

ഒരു നിമിഷം കുട്ടികള്‍ ആലോചിച്ചു.ക്ലാസില്‍ പൂര്‍ണ്ണ നിശബ്ദത.
ആകാശ് എഴുന്നേറ്റു.അവന്‍ തന്റെ ബാഗ് തുറന്ന് വാട്ടര്‍ബോട്ടില്‍ പുറത്തെടുത്തു.അതിലെ വെള്ളം വായിലേക്കൊഴിച്ചു.മുഖമുയര്‍ത്തി 'ഗുളു ഗുളു' എന്ന് ശബ്ദമുണ്ടാക്കി.
ശരിക്കും കാട്ടാറിന്റെ ശബ്ദം.കുട്ടികള്‍ അത്ഭുതത്തോടെ ആകാശിനെ നോക്കി.

"ഇതുപോലെ അഖിലാനാഥ് കണ്ട പശ്ചിമഘട്ടത്തിലെ കാടിന്റെ ശബ്ദം മുഴുവനായും അനുകരിക്കാന്‍ കഴിയുമോ?"ഞാന്‍ ചോദിച്ചു.
'ഒരു കൈനോക്കാം' എന്നായി കുട്ടികള്‍.
"ഒറ്റയ്ക്കുവേണ്ട.ഗ്രൂപ്പില്‍.”
കുട്ടികള്‍ സമ്മതിച്ചു.


കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും പ്ലാനിങ്ങിനായി അഞ്ചുമിനുട്ട് സമയം അനുവദിച്ചു.ശബ്ദം വായകൊണ്ടും വസ്തുക്കള്‍ ഉപയോഗിച്ചും ഉണ്ടാക്കാമെന്ന നിര്‍ദ്ദേശവും നല്‍കി.

കുട്ടികള്‍ ക്ലാസിനുവെളിയിലെ മരച്ചുവട്ടിലേക്കും വായനാക്കൂടാരത്തിലേക്കും പോയി. ഒരു ഗ്രൂപ്പ് ക്ലാസിലിരുന്നു.മറ്റൊരുകൂട്ടര്‍ കമ്പ്യൂട്ടര്‍റൂമിലേക്കും.
അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ തയ്യാറായി.

അവരുടെ കൈകളില്‍ കോലുകള്‍,കരിങ്കല്‍ചീളുകള്‍,ചൂല്,ഷാളുകള്‍,കുപ്പിവെള്ളം തുടങ്ങിയ വസ്തുക്കള്‍ ഉണ്ടായിരുന്നു.കാടിന്റെ ശബ്ദമുണ്ടാക്കാനായി കുട്ടികള്‍ കണ്ടെത്തിയ വിവിധ ഉപകരണങ്ങളായിരുന്നു അവ.



 അമര്‍നാഥിന്റെ കൈകളിലെ കരിങ്കല്‍ചീളുകള്‍ ചൂണ്ടി ഞാന്‍ ചോദിച്ചു.
"ഇതുകൊണ്ട് എന്തു ശബ്ദമാണ് നീ ഉണ്ടാക്കുക?”
"ചീവീടിന്റെ.” അവന്‍ പറഞ്ഞു."മാഷിന് കേള്‍ക്കണോ?”
അവന്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടിയുരസി ശബ്ദമുണ്ടാക്കി.
ശരിക്കും ചീവീടിന്റെ ശബ്ദം!

ക്ലാസിന്റെ ഒരു മൂലയില്‍ തയ്യാറാക്കിയ മറവിനു പിന്നിലിരുന്നാണ് കുട്ടികള്‍ അവതരിപ്പിക്കേണ്ടത്.അവതാരകരെ ആരും കാണില്ല.ശബ്ദം മാത്രമേ കേള്‍ക്കൂ.അപ്പോള്‍ കേള്‍വിക്കാര്‍ക്ക് ശബ്ദത്തില്‍മാത്രം ശ്രദ്ധിക്കാന്‍ കഴിയും.


ഒന്നാം ഗ്രൂപ്പ് അവതരണത്തിനായി വന്നു.തങ്ങള്‍ കരുതിയ ഉപകരണങ്ങളുമായി അവര്‍ മറയ്ക്കു പിന്നിലിരുന്നു.
ക്ലാസ് നിശബ്ദമായി.
കാടിന്റെ സംഗീതം ഉയരുകയായി.
പുലിയുടെ ഗര്‍ജ്ജനം.ആനയുടെ ചിഹ്നം വിളി.ചീവീടിന്റെ ചെവിതുളയ്ക്കുന്ന ശബ്ദം. ഇടയ്ക് ഉയര്‍ന്നു കേള്‍ക്കുന്ന കുരങ്ങിന്റെ കൂവല്‍...



വായകൊണ്ടും  ചൂല് നിലത്തടിച്ചും വടികൊട്ടിയും കരിങ്കല്‍ ചീളുകള്‍ കൂട്ടിയുരച്ചും കുട്ടികള്‍ നിര്‍മ്മിച്ചെടുത്ത സിംഫണി.കാടിന്റെ സംഗീതം.
ഗ്രൂപ്പുകള്‍ ഒന്നൊന്നായി അവതരിപ്പിച്ചുകൊണ്ടിരുന്നു.കേള്‍വിക്കാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

എല്ലാ ഗ്രൂപ്പിന്റേയും അവതരണത്തിനുശേഷം അതിനെ വിലയിരുത്തുന്നതിനിടയില്‍ ഒരു ഗ്രൂപ്പ് ആടിന്റെ ശബ്ദമുണ്ടാക്കിയിരുന്നല്ലോ,കാട്ടില്‍ ആട് ഉണ്ടാകുമോ? എന്നു ഞാന്‍ ചോദിച്ചു.


അപ്പോള്‍ രതീഷ് എഴുന്നേറ്റുനിന്ന് പറഞ്ഞു.
"മാഷേ,അത് നാട്ടിലെ ആടല്ല.വരയാടാണ്.പശ്ചിമഘട്ടത്തിലെ വരയാട്.”












Saturday, 21 June 2014

ക്ലാസുമുറിയെന്ന വളരുന്ന ഇടം

ക്ലാസുമുറി വളരുന്നതെപ്പോഴാണ്?

ക്ലാസുമുറി കുട്ടികള്‍ക്കൊപ്പമാണ്  വളരുന്നത്.ക്ലാസുമുറി അതിന്റെ  അതിരുകള്‍ ഭേദിക്കാന്‍ തുടങ്ങുന്നു. അപ്പോഴാണ് അത് കുട്ടികളുടെ ഇടമായി മാറുന്നത്.

ക്ലാസിലെ കുട്ടികളെ നാം ചില ബേസിക്ക് ഗ്രൂപ്പുകളാക്കാറുണ്ട്.ഈ ഗ്രൂപ്പുകള്‍ക്ക് ചില ഉത്തരവാദിത്തങ്ങളും നല്‍കാറുണ്ട്.ഇതില്‍ പ്രധാനം ക്ലാസ്, ടോയലറ്റ് എന്നിവയുടെ ക്ലീനിങ്ങാണ്.ഓരോ ഗ്രൂപ്പും ഊഴമിട്ട് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.ഫലമോ?ഒരു വര്‍ഷം മുഴുവനും കുട്ടികള്‍ ഈ പ്രവര്‍ത്തനത്തില്‍ മാത്രം തളച്ചിടപ്പെടും.


ഞങ്ങളുടെ വിദ്യാലയത്തിലെ സ്ഥിതിയുംവ്യത്യസ്തമായിരുന്നില്ല.എന്നാല്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ചില മാറ്റങ്ങള്‍ ആലോചിച്ചു.

എന്തൊക്കെയായിരുന്നു ഈ മാറ്റങ്ങള്‍?

ബേസിക്ക് ഗ്രൂപ്പിനെ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം  എന്നതായിരുന്നു ഞങ്ങളുടെ ആലോചന.

ബേസിക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വികാസത്തിനായിരിക്കണം.കുട്ടികള്‍ സജീവമായി പ്രവര്‍ത്തിക്കണം.അവര്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തരാകണം.അവര്‍ അച്ചടക്കമുള്ളവരാകണം.അവര്‍ക്കിടയില്‍ നല്ല  സൗഹൃദങ്ങള്‍ രൂപപ്പെടണം.അവര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ കഴിവുകള്‍ ആവിഷ്ക്കരിക്കാന്‍ അവസരം ലഭിക്കണം.താന്‍ ജീവിക്കുന്ന സമൂഹം എങ്ങനെയുള്ളതാണെന്നതിനെക്കുറിച്ച് അറിവുണ്ടാകണം.അവര്‍ അന്വേഷണത്തിലേക്കും സ്വയം പഠനത്തിലേക്കും നീങ്ങണം.


കുട്ടികള്‍ ഇങ്ങനെയൊക്കെത്തന്നെയാണ് വളരേണ്ടത്.സംശയമില്ല.ഇതിന് ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം?

യു.പി ക്ലാസിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പിലും 6-7 കുട്ടികള്‍.ഇതില്‍ നിന്നും കുട്ടികള്‍ തെരഞ്ഞെടുക്കുന്ന ഒരാള്‍ ലീഡര്‍. ഗ്രൂപ്പുകള്‍ക്ക് വ്യത്യസ്തമായ ചുമതലകള്‍.തിങ്കള്‍ മുതല്‍ വ്യാഴം വരെ.വെള്ളിയാഴ്ച ഈ ചുമതലയില്‍ വ്യത്യാസം വരും.ഡ്യൂട്ടിച്ചാര്‍ട്ട് കാണുക.



ഗണിതരസവും ക്ലീനിങ്ങുമാണ് ഒരു ഗ്രൂപ്പിന്റെ ചുമതല.ഗണിതരസത്തില്‍ എന്തൊക്കെയാവാം?

കുസൃതിക്കണക്കുകള്‍ അവതരിപ്പിക്കാം.അല്ലെങ്കില്‍ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്താം.അതുമല്ലെങ്കില്‍ ഗണിതത്തിലെ ഏതെങ്കിലും ആശയം അവതരിപ്പിക്കാം.ഇതു കൂടാതെ ഒരു ചുമതലകൂടി ഈ ഗ്രൂപ്പിനുണ്ട്.ക്ലീനിങ്ങ്.ക്ലാസ് ക്ലീനിങ്ങ്,ടോയ് ലറ്റ് ക്ലീനിങ്ങ്,ക്ലാസിന്റെ പരിസരം വൃത്തിയാക്കല്‍ എന്നിവ ഇതില്‍ പെടും.


ഇനി ആ ദിവസം രണ്ടാമത്തെ ഗ്രൂപ്പിന്റെ ചുമതല പത്രവിശേഷം തയ്യാറാക്കലാണ്. മലയാളത്തിലെ രണ്ടു ദിനപ്പത്രങ്ങള്‍ രാവിലെ ക്ലാസിലെത്തും.ഇതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ എഴുതി അവതരിപ്പിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ചുമതല.ഒപ്പം വാര്‍ത്തകളെ കുറിച്ചുള്ള കമന്റും ചര്‍ച്ചയുമാകാം.

മൂന്നാമത്തെ ഗ്രൂപ്പിന്റെ ചുമതല സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്.എന്താണ് സര്‍ഗ്ഗാത്മക ആവിഷ്ക്കാരം?പാഠഭാഗങ്ങള്‍,വായിച്ച കഥകള്‍ എന്നിവയുടെ നാടകാവിഷ്ക്കാരമാകാം.ഗ്രൂപ്പില്‍ തയ്യാറാക്കുന്ന ലഘുസ്ക്കിറ്റുകളുടെ അവതരണമാകാം.അതുമല്ലെങ്കില്‍ കവിതകള്‍,നാടപാട്ടുകള്‍  എന്നിവയുടെ ദൃശ്യാവിഷ്ക്കാരമാകാം.പരമാവധി സമയം പത്തു മിനുട്ട്.



'ടു ഡേയ്സ് വേഡ് 'എന്നെഴുതിയ ഡിസ്പ്ളേ ബോര്‍ഡില്‍ ഒരു ഇംഗ്ലീഷ് വാക്ക് പ്രദര്‍ശിപ്പിക്കുക എന്നതാണ് നാലാമത്തെ ഗ്രൂപ്പിന്റെ ചുമതല.പാഠഭാഗത്തുനിന്നുള്ള ഏതെങ്കിലും ഇംഗ്ലീഷ് വാക്കായിരിക്കണം അത്.അതിന്റെ അര്‍ത്ഥവും അത് ഉള്‍ക്കൊള്ളുന്ന ഒരു വാക്യവും മറ്റു ഗ്രൂപ്പുകള്‍ കണ്ടെത്തി പ്രദര്‍ശിപ്പിക്കണം.

ഇത്രയുമായാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തനമായി.വെള്ളിയാഴ്ചത്തെ ചുമതലകളില്‍ മാറ്റമുണ്ട്.


നമ്മുടെ പത്രം തയ്യാറാക്കലാണ് ഒരു ഗ്രൂപ്പിന്റെ ചുമതല.ആ ആഴ്ചത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് എഴുതി തയ്യാറാക്കുന്ന പത്രം.ക്ലാസിലെയും സ്ക്കൂളിലേയും  പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍,വിമര്‍ശനങ്ങള്‍ എന്നിവയൊക്കെ പത്രത്തില്‍ ഉള്‍പ്പെടുത്തണം.

 അടുത്ത ഗ്രൂപ്പ് ചെയ്യേണ്ടത് ശാസ്ത്രകൗതുകം അവതരിപ്പിക്കലാണ്.ലഘുപരീക്ഷണങ്ങള്‍ ആകാം.ശാസ്ത്രജ്ഞന്‍മാര്‍, അവരുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവതരണങ്ങളുമാകാം.

ഇനിയൊരു ഗ്രൂപ്പ് ഒരു ലൈബ്രറിപുസ്തകം പരിചയപ്പെടുത്തണം.വായിച്ചതില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകം.ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടി അവതരിപ്പിച്ചാല്‍ മതിയാകും.
നാലാമത്തെ ഗ്രൂപ്പ് ചെയ്യേണ്ടത് സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്.പക്ഷേ, അത് ഇംഗ്ലീഷില്‍ ആയിരിക്കണം.സ്ക്കിറ്റുകളോ പോയം വിഷ്വലൈസേഷനോ എന്തുമാകാം.




മത്സരബുദ്ധിയോടെയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.ഓരോ അവതരണവും സ്കോര്‍ ചെയ്യപ്പെടും.വൃത്തം,ചതുരം,
ത്രികോണം എന്നീ ചിഹ്നങ്ങള്‍ കൊടുത്താണ് സ്കോര്‍ചെയ്യുന്നത്.വൃത്തത്തിന് അഞ്ചു പോയിന്റ്.ചതുരത്തിന് മൂന്ന്.ത്രികോണത്തിന് രണ്ടും.മാസാവസാനം പോയിന്റുകള്‍ കൂട്ടി വിജയിച്ച ഗ്രൂപ്പിനെ കണ്ടെത്തി സമ്മാനങ്ങള്‍ നല്കും.



ഇനിയോ?
ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തന കാലാവധി ഒരു മാസമാണ്.പിന്നീട് പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കും.അതിനു പുതിയ ലീഡര്‍ വരും. പ്രവര്‍ത്തനം തുടരും.



കഴിഞ്ഞവര്‍ഷം ഇതു ക്ലാസുമുറിയില്‍ നടപ്പാക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ ആശങ്ക ഇതായിരുന്നു.പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ഭാരമായി മാറുമോ?


ഭാരമായില്ല എന്നു മാത്രമല്ല,വര്‍ദ്ധിച്ച താത്പര്യത്തോടെയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി.പിന്നോക്ക-മുന്നോക്ക ഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും അവരുടേതായ സംഭാവനകള്‍ നല്‍കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നു.അതോടെ ക്ലാസുമുറി എല്ലാവരുടേതുമായി മാറുന്നു.അതു നിരന്തരമായി വളരുന്നു. ഒപ്പം കുട്ടികളും.


അധ്യാപകരുടെ നിരന്തര ശ്രദ്ധയും ആത്മാര്‍ത്ഥമായ ഇടപെടലും ആവശ്യപ്പെടുന്നു ഈ പ്രവര്‍ത്തനങ്ങള്‍.രാവിലെ ക്ലാസ് ആരംഭിക്കുന്നതിന്ന് അര മണിക്കൂര്‍ മുന്നേയെങ്കിലും  അധ്യാപകന്‍ ക്ലാസിലെത്തിയിരിക്കണം.ഓരോ ഗ്രൂപ്പിന്റെയും അവതരണം കണ്ട് സ്കോര്‍ ചെയ്യണം.ആവശ്യമായ ഫീഡ്ബാക്കുകള്‍ നല്‍കണം.ഏതെങ്കിലും ഗ്രൂപ്പിനെ ജയിപ്പിക്കലോ മറ്റുള്ളവരെ തോല്‍പ്പിക്കുകയോ അല്ല നമ്മുടെ ലക്ഷ്യം.എല്ലാവരെയും ജയിപ്പിക്കലാണ്.പിന്നോട്ടുപോകുന്ന ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ മെനയണം.അവര്‍ക്കാവശ്യമായ പിന്തുണയും ആത്മവിശ്വാസവും നല്‍കണം.അപ്പോള്‍ മാത്രമേ നമ്മുടെ ലക്ഷ്യം കൈവരിക്കാനാകൂ.


ഒരു വര്‍ഷം ഈ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയപ്പോള്‍ കുട്ടികളില്‍ ഗുണപരമായ എന്തുമാറ്റങ്ങളാണുണ്ടായത്?



  • സംഘമായി പ്രവര്‍ത്തിക്കാനുള്ള കുട്ടികളുടെ കഴിവുകള്‍ വികസിച്ചു.അംഗങ്ങള്‍ക്കിടയിലുള്ള സഹകരണമനോഭാവം,സൗഹൃദം എന്നിവ ശക്തമായി.
  • പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പൂര്‍ണ്ണതയിലെത്തിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു.
  • കുട്ടികളില്‍ അച്ചടക്കശീലം വികസിച്ചുവരുന്നതായിക്കണ്ടു.
  • തങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് പ്ലാന്‍ ചെയ്യാനും ഭംഗിയായി അവതരിപ്പിക്കാനും കുട്ടികള്‍ ശ്രദ്ധിച്ചു.ഇതിലൂടെ ഭാവന,ഇംപ്രൊവൈസേഷനുള്ള കഴിവ് എന്നിവ കുട്ടികളില്‍ വികസിക്കുന്നതായിക്കണ്ടു.
  • കുട്ടികള്‍ക്ക് അവരുടെ വ്യത്യസ്ത കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികൂടിയായി ക്ലാസുമുറി.ഇതിലൂടെ എല്ലാവിഭാഗം കുട്ടികള്‍ക്കും ക്ലാസുമുറിയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.
  • പത്രവിശകലനം,പത്രംപ്രസിദ്ധീകരിക്കല്‍ എന്നിവയിലൂടെ ചുറ്റുപാടിനെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ശേഷി വികസിച്ചു.
  • ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ആരോഗ്യകരമായ സൗഹൃദം ഉടലെടുത്തു.
  • കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന പലതരം തടസ്സങ്ങള്‍(inhibitions)മാറുന്നതായി കണ്ടു.
 
 

Friday, 13 June 2014

അനഘ ലൈബ്രറി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....12



എം.എം.സുരേന്ദ്രന്‍


ഭാരിച്ച ഒരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സാദിഖ്.ഇപ്പോള്‍ ക്ലാസ് ലൈബ്രറിയുടെ ചുമതല അവനാണ്.അതില്‍പ്പിന്നെ എന്നും രാവിലെ ആദ്യം ക്ലാസിലെത്തുന്നത് അവനായിരിക്കും.എത്തിയാലുടന്‍ ലൈബ്രറി രജിസ്റ്റര്‍ പരിശോധിക്കും.ഓരോ പുസ്തകവും ആരുടേയൊക്കെ കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തും.വായിച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങി പുതിയവ നല്‍കും.തിരികെ വാങ്ങുമ്പോള്‍ പുസ്തകങ്ങള്‍ കേടുവരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.കേടുവരുത്തിയിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തും.ആഴ്ചയില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍,ബാക്കിയുള്ളവ എന്നിങ്ങനെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും.

സാദിഖില്‍ വന്ന ഈ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.അവന്‍ കൂടുതല്‍ ഗൗരവക്കാരനായിരിക്കുന്നു.അവനെക്കറിച്ച് ഇപ്പോള്‍ മറ്റു കുട്ടികള്‍ക്ക് പരാതിയില്ല.അവന്‍ കുട്ടികളെ ശല്യപ്പെടുത്താനോ അവരുമായി വഴക്കുകൂടാനോ പോകാറില്ല.ഒഴിവുസമയങ്ങളിലെല്ലാം സാദിഖ് വായനാമൂലയില്‍ ചെന്നിരുന്ന് എന്തെങ്കിലും വായിക്കുകയായിരിക്കും.

"പുസ്തകവിതരണത്തില്‍ നിങ്ങള്‍ക്കു വല്ല പരാതിയുമുണ്ടോ?"ഒരു ദിവസം ഞാന്‍ കുട്ടികളോടു ചോദിച്ചു.
"ഇല്ല സേര്‍.അക്കാര്യത്തില്‍ സാദിഖ് നല്ലോണം ശ്രദ്ധിക്കുന്നുണ്ട്.”
അജീഷ് പറഞ്ഞു.
"ഓന്‍ ബുക്ക് നല്ലപോലെ സൂക്ഷിക്കുന്നുണ്ട്."റസീന പറഞ്ഞു.
"പുസ്തകവിതരണത്തില് പക്ഷപാതം കാണിക്കലില്ല."സുനിത പറഞ്ഞു.
"ഓനിപ്പോള്‍ ഞാങ്ങളെ ശല്യം ചെയ്യലുമില്ല.'






















ഞാന്‍ സാദിഖിനെ നോക്കി. അവന്റെ മുഖം അഭിമാനംകൊണ്ടു വിടര്‍ന്നു.
തന്റെ പ്രവൃത്തി ആദ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അവനെ വിനയാന്വിതനാക്കി.ഞാനവന്റെ തോളില്‍ കൈവച്ചുകൊണ്ടു പറഞ്ഞു.
"സാദിഖ്,നീയാകെ മാറിയിരിക്കുന്നു.നീ ശരിക്കും നല്ല കുട്ടിയായിരിക്കുന്നു.”
അവന്‍ ലജ്ജ കൊണ്ട് മുഖം കുനിച്ചുനിന്നു.

ഒരു ദിവസം അനഘ ഭംഗിയേറിയ പുറംചട്ടയുള്ള ഒരു റഷ്യന്‍ പുസ്തകം ക്ലാസില്‍ കൊണ്ടുവന്നു.വി.സുഖ്നോവ് എന്ന റഷ്യന്‍ ബാലസാഹിത്യകാരന്റെ കഥകളുടെ മലയാള പരിഭാഷയായിരുന്നു അത്.അതിലെ മനോഹരമായ വര്‍ണ്ണചിത്രങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.അവര്‍ പുസ്തകം കാണാന്‍ അനഘയ്ക്ക് ചുറ്റും കൂടി.അവള്‍ പുസ്തകം എനിക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
"എന്റെ പിറന്നാളിന് അച്ഛന്‍ മേങ്ങിത്തന്നതാണ്.ഇതുകൂടി ചേര്‍ന്നാല്‍ എന്റെടുത്ത്  ആകെ 32  പുസ്തകങ്ങളായി.പുസ്തകം വെക്കാന്‍ ഒരലമാരതന്നെ അച്ഛന്‍ ഒഴിച്ചുതന്നു.”


അനഘ വീട്ടിലൊരു കൊച്ചു ലൈബ്രറി ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്.നഗരത്തില്‍ പുസ്തകോത്സവം നടക്കുമ്പോഴൊക്കെ അച്ഛന്‍ അവളെയും കൊണ്ട് പോകും.അവള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും.
"എന്റെ വീട്ടിലേക്കുവന്നാല്‍ ഞാന്‍ ലൈബ്രറി കാണിച്ചുതരാം.”
അവള്‍ എല്ലാവരോടുമായി പറഞ്ഞു.


സ്ക്കൂളിനടുത്തുള്ള ഒരു കുന്ന് കയറിയാല്‍ കാണുന്ന ഇറക്കത്തിലാണ്  അവളുടെ വീട്.ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെല്ലാവരും അനഘയുടെ വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിലെത്തിയപാടെ ഞങ്ങളെയും കൂട്ടി അനഘ അവളുടെ മുറിയിലേക്ക് നടന്നു.

നല്ല വെളിച്ചമുള്ള ഒരു കൊച്ചുമുറി.ചുമരില്‍ നാലു തട്ടുള്ള ഒരലമാര.രണ്ടു തട്ടുകളിലായി ലൈബ്രറി പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.മറ്റു തട്ടുകളില്‍ ബാലപ്രസിദ്ധീകരണങ്ങള്‍ മാസം തിരിച്ച് ക്രമീകരിച്ചുവെച്ചിരിക്കുന്നു.പുസ്തകങ്ങള്‍ക്ക് നമ്പര്‍ ഇട്ടിട്ടുണ്ട്.ഒരു നോട്ടുപുസ്തകത്തില്‍ പുസ്തകങ്ങളുടെ  കാറ്റലോഗ് തയ്യാറാക്കിയിരിക്കുന്നു.മറ്റൊരു നോട്ടുപുസ്തകം ഇഷ്യുറെജിസ്റ്ററായി സൂക്ഷിച്ചിരിക്കുന്നു.അതില്‍ കുറേ കുട്ടികളുടെ പേരും പുസ്തകമെടുത്ത തീയ്യതിയും കുട്ടികളുടെ ഒപ്പുമൊക്കെകണ്ടു.
"ചുറ്റൂള്ള വീട്ടിലെ കുഞ്ഞള് വന്ന് ഈട്ന്ന് പുസ്തകം കൊണ്ടോവും.ഓറെ പേരും ഒപ്പുമാണിതില്‍."അനഘ പറഞ്ഞു.


അലമാരയ്ക്ക് മുകളില്‍ ഒരു കാര്‍ഡ് ബോര്‍ഡ് കഷണം തൂക്കിയിട്ടിരിക്കുന്നതു കണ്ടു.അതില്‍ മഷി കൊണ്ട് വലുതായി എഴുതിയിരിക്കുന്നു.'അനഘ ലൈബ്രറി.'

"അനഘയുടെ ലൈബ്രറി കണ്ടോ?നിങ്ങള്‍ക്കും ഇതുപോലൊന്ന് വീട്ടില്‍ തുടങ്ങാവുന്നതാണ്."
ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.
"എന്റുപ്പ ഒരു ബുക്ക് പോലും മേങ്ങിത്തരില്ല.എയ്താനുള്ള നോട്ട്ബുക്ക് പോലും.എന്നിറ്റു ബേണ്ടേ...."മിസിരിയ നിരാശയോടെ പറഞ്ഞു.
"എന്റെയും....എന്റെയും...”
കുട്ടികള്‍ വിളിച്ചുപറയാന്‍ തുടങ്ങി.
"ഞാന് ഇത്രത്തോളം ഉപ്പേനോട് ഈ കാര്യം ചൊല്ലീറ്റേയില്ല.ഒന്നു ചൊല്ലിനോക്കട്ടെ...."ജംസീന പറഞ്ഞു.
അപ്പോള്‍ ജുനൈദ് ഒരു പ്രഖ്യാപനം നടത്തി.
"മാശെ,ഇന്നുമുതല്‍ ഞാന്‍ മുട്ടായി തിന്നുന്നത് നിര്‍ത്തി.”























"എന്താ കാര്യം?” ഞാന്‍ ചോദിച്ചു.
"മുട്ടായി മേങ്ങുന്ന പൈസ ഞാന്‍ കൂട്ടിബെക്കും.അതുകൊണ്ട്  കൊറേ ബുക്ക് മേങ്ങും. ഞാനും തൊടങ്ങും ഒര് ലൈബ്രറി.എന്നിറ്റ് അയിനി പേരിടും-അസ്ന ലൈബ്രറി.”
"ആരാടാ ഈ അസ്ന?” അനസ് ചോദിച്ചു.
"എന്റെ കൊച്ചനിയത്തി.”
"ഹ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!"ശ്രുതി കളിയാക്കി.
"അയിന് നീ മുട്ടായി തിന്നുന്നത് നിര്‍ത്തീറ്റ് ബേണ്ടേ?”
ശ്രുതിയുടെ തമാശ കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു.


അപ്പോഴേക്കും അനഘയുടെ അമ്മ ഒരു കലം നിറയെ മോരുവെള്ളവുമായി വന്നു.പിന്നെ കുറേ നെല്ലിക്കയും.മോരുവെള്ളവും കുടിച്ച് നെല്ലിക്കയും വായിലിട്ട് ചവച്ചുകൊണ്ട് പാതയോരത്തെ മരത്തണലുപറ്റി ഓരോ തമാശകള്‍ പറഞ്ഞുംചിരിച്ചും കൊണ്ട് ഞങ്ങള്‍ സ്ക്കൂളിലേക്കു നടന്നു.

നടക്കുന്നതിനിടയില്‍ കുഞ്ഞാമു എന്റെ ഒപ്പം കൂടി.അവന് എന്നോട് എന്തോ ചോദിക്കാനുണ്ട്.
"എന്താ കുഞ്ഞാമു?”
"മാശെ,ബൈക്കം മൊഹമ്മത് ബശീറ് എങ്ങനെയാ സാഹിത്ത്യകാരനായത്?”
കുഴക്കുന്ന ചോദ്യം.ഞാന്‍ പറഞ്ഞു.
"ചുറ്റുമുള്ള ജീവിതം കണ്ടറിഞ്ഞിട്ട്.പിന്നെ നന്നായി പുസ്തകം വായിച്ചിട്ട്.നല്ലോണം എഴുതീട്ട്.”
"എനക്കും സാഹിത്ത്യകാരനാവാന്‍ പറ്റോ?”
"പിന്നെന്താ പറ്റാതെ? ബഷീറിന് സാഹിത്യകാരനാവാമെങ്കില്‍ കുഞ്ഞാമുവിനും ആവാം.”
"അതിന് ഞാനെന്താ ബേണ്ട്?"അവനെന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
"ഒരു പാട് കഥാപുസ്തകങ്ങള്‍ വായിക്കണം.നന്നായി ചിന്തിക്കണം.പിന്നെ ധാരാളം എഴുതണം.”

വഴിയോരത്തെ മരങ്ങളുടെ തണലുപറ്റി ഞങ്ങള്‍ നടന്നു.കുന്നുകള്‍ക്കിടയിലൂടെ വീശിയ കാറ്റ് കുഞ്ഞാമുവിന്റെ കുടുക്കുകളില്ലാത്ത കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.അവന്‍ നിശബ്ദനായി കുട്ടികള്‍ക്കൊപ്പം നടന്നു. 
























Friday, 6 June 2014

പേരുമരം


ചിത്രത്തില്‍ കാണുന്ന  കുഞ്ഞ് പേരുമരത്തില്‍  സ്വന്തം പേരു തൂക്കിയിടുകയാണ്.അതവളെ സന്തോഷിപ്പിക്കുന്നുണ്ട്.ഒപ്പം കൗതുകവും.അമ്മ അവളെ ചേര്‍ത്തുപിടിച്ച് സ്നേഹപൂര്‍വ്വം സഹായിക്കുന്നുണ്ട്.ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തിയ മുഴുവന്‍ കുട്ടികളും പേരുമരത്തില്‍ തങ്ങളുടെ പേരുകള്‍ തൂക്കിയിട്ടു.

ഒന്നാം ക്ലാസിലെ നവാഗതരെ പരിചയപ്പെടുത്തിയത് ഏഴാം ക്ലാസിലെ  ചേട്ടന്‍മാരും ചേച്ചിമാരുമായിരുന്നു.അവര്‍ രാവിലെതന്നെ കുട്ടികളുടെ ഒപ്പം കൂടി.അവരുടെ പേര്,അമ്മയുടെ പേര്,അച്ഛന്റെ പേര്,ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ആഹാരം,ഇഷ്ടപ്പെട്ട കളി,ഇഷ്ടപ്പെട്ട സിനിമാതാരം,ഇഷ്ടപ്പെട്ട പാട്ട്....ഇങ്ങനെ നിരവധികാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഓരോ അമ്മയുടേയും കുട്ടിയുടേയും ഫോട്ടോയുമെടുത്തു.

കുട്ടിയെയും അമ്മയെയും പിന്നീട് സ്റ്റേജിലേക്ക് ക്ഷണിച്ചു.ഒപ്പം അവരുടെ ഫോട്ടോ സ്ക്രീനില്‍ വലുതായി പൊജക്ട് ചെയ്തു കാണിച്ചു.അവരെ പരിചയപ്പെടുത്താനായി ചേട്ടന്‍ ചേച്ചി വന്നു.കുട്ടിയെ പരിചയപ്പെടുത്തി.കുട്ടികളുടെ ഇഷ്ടങ്ങളും മറ്റും പറഞ്ഞത് പരിചയപ്പെടുത്തലിനെ കൂടുതല്‍ രസകരമാക്കി.പിന്നീട് ഒന്നാംക്ലാസിലെ അധ്യാപിക കുട്ടിയുടെ പേരെഴുതിയ സ്ലിപ്പ് അവരെ ഏല്‍പ്പിച്ചു.അമ്മയും കുട്ടിയും ചേര്‍ന്ന് പേരെഴുതിയ സ്ലിപ്പ് പേരുമരത്തില്‍ തൂക്കിയിട്ടു.

ഒന്നാം ക്ലാസിലായിരിക്കും ഇനി ഈ പേരുമരത്തിന്റെ സ്ഥാനം.കുട്ടികളുടെ പേരിന്റെ ലിഖിതരൂപം പരിചയപ്പെടുത്തലുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചര്‍ പേരുമരത്തെ പ്രയോജനപ്പെടുത്തും.

പേരുമരം ഒരുക്കാനുള്ള ചുമതല നവാഗതരായ ഒന്നാം ക്ലാസുകാരുടെ
അമ്മമാര്‍ക്കായിരുന്നു.ബലൂണുകളും തോരണങ്ങളും വര്‍ണ്ണക്കടലാസുകളും കൊണ്ട് അവര്‍ മരത്തെ മനോഹരമാക്കി.ഇതിനായി രാവിലെത്തന്നെ അവര്‍ സ്ക്കൂളിലെത്തി.
പരിചയപ്പെടുത്തലിനുശേഷം കുട്ടികള്‍ക്ക് ബാഗ്,പുസ്തകം,വാട്ടര്‍ബോട്ടില്‍,ക്രയോണ്‍സ്,പെന്‍സില്‍ബോക്സ്  ,യൂനിഫോം  എന്നിവ സമ്മാനമായി നല്‍കി.പ്രദേശത്തെ ക്ലബ്ബുകള്‍ സ്പോണ്‍സര്‍ ചെയ്തവയായിരുന്നു സമ്മാനങ്ങള്‍.

കാറടുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വക എല്‍.പി ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കുടയും വിതരണം ചെയ്തു.തുടര്‍ന്ന് എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയിലൂടെയാണ് കുട്ടികളെ സ്ക്കൂളിലേക്ക് ആനയിച്ചത്.കുട്ടികളുടെ മാതൃസ്ഥാപനമായ കാനത്തൂരിലെ അംഗനവാടിയില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.

 കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബി.എം.പ്രദീപ് ആയിരുന്നു മുഖ്യാതിഥി.ഒന്നാം ക്ലാസിലേക്ക് പുതുതായിചേര്‍ന്നത് 22   കുട്ടികളായിരുന്നു.കഴിഞ്ഞ വര്‍ഷം ഇത് 26ആയിരുന്നു.4 കുട്ടികള്‍ കുറഞ്ഞു.കാരണം പ്രദേശത്ത് കുട്ടികളുടെ എണ്ണത്തില്‍വന്ന കുറവുതന്നെയായിരുന്നു.ഒന്നിടവിട്ട വര്‍ഷങ്ങളില്‍ അത് കൂടിയും കുറഞ്ഞുമിരിക്കും.എന്നാല്‍ അഞ്ചാം ക്ലാസില്‍ ഞങ്ങള്‍ക്ക് പുതിയ ഒരു ഡിവിഷന്‍ കിട്ടി.

വിദ്യാലയത്തിലെ ആദ്യദിനം കുട്ടികളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാകുമോ?അതവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറിയിട്ടുണ്ടാകുമോ?എന്നെന്നും ഓര്‍ക്കാന്‍ പറ്റുന്ന ഒരനുഭവം?
അതു കുട്ടികള്‍തന്നെ പറയട്ടെ.

ഏതായാലൂം നെടുനീളന്‍ പ്രസംഗങ്ങള്‍ കൊണ്ട് ഞങ്ങള്‍ കുട്ടികളെ ബോറടിപ്പിച്ചില്ല.വിദ്യാലയത്തിലെ ആദ്യദിവസം  കുട്ടികള്‍ക്ക് അവിസ്മരണീയമായ അനുഭവമാക്കിമാറ്റുക എന്നതായിരുന്നു ഞങ്ങളുടെ മുഖ്യലക്ഷ്യം.ഒരു പരിധിവരെ  ഞങ്ങള്‍ അതില്‍ വിജയിച്ചു എന്നുപറയാം.