ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday 17 March 2014

സിന്ധുനദീതടത്തിലെ പുരാവസ്തു ഗവേഷകര്‍


'നദികള്‍ നാടിന്‍ സമ്പത്ത് 'എന്ന അധ്യായത്തിലെ സിന്ധുനദീതട സംസ്ക്കാരം എന്ന ഭാഗമാണ് പഠിപ്പിക്കുന്നത്.പ്രാചീന നാഗരികതകള്‍ രൂപപ്പെട്ടതില്‍ നദികള്‍ക്ക് മുഖ്യപങ്കുണ്ട് എന്നതാണ് ആശയം..ടി,സര്‍ഗ്ഗാത്മകനാടകം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസ്സ്.ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പിരീയഡ്.
 
ഇങ്ങനെയായിരുന്നു തുടക്കം:

ഇന്ത്യയില പ്രധാനപ്പെട്ട നദികള്‍ ഏതൊക്കെയാണെന്നു ചോദിച്ചു.കുട്ടികള്‍ അവര്‍ക്കറിയാവുന്ന നദികളുടെ പേരുകള്‍ എഴുതി.ചില കുട്ടികള്‍ അവതരിപ്പിച്ചു.

ഇതില്‍ സിന്ധുനദി എവിടെയാണ്?

നദികളുടെ മേപ്പില്‍ നിന്നും സിന്ധു നദിയെ കണ്ടെത്തി.എവിടെ നിന്നും പുറപ്പെടുന്നു? ഏതൊക്കെ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു?പതനസ്ഥലം എവിടെയാണ്.....?
 
ഇതു മാത്രം പോര. സിന്ധു നദിയിലെ ജലത്തിന്റെ തണുപ്പ് കുട്ടികള്‍ അനുഭവിക്കണം.ശാന്തമായി ഒഴുകുന്ന നദിയെ കുട്ടികള്‍ അറിയണം. ഇടയ്ക് പ്രക്ഷുബ്ധമാകുന്ന നദിയെ കുട്ടികള്‍ സങ്കല്‍പ്പിക്കണം.എങ്കിലേ മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന്റെ തീരങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യരെകുറിച്ച് കുട്ടികള്‍ക്കു മനസ്സിലാകൂ.അവരുടെ ജീവിത രീതിയെ കുറിച്ച്.തൊഴിലിനെ കുറിച്ച്. സംസ്ക്കാരത്തെക്കുറിച്ച്.ഒരു ജനതയും അവരുടെ ജീവിതവും മണലടരുകള്‍ക്കടിയില്‍ മറഞ്ഞുപോയതിനെക്കുറിച്ച്.
പക്ഷേ, സിന്ധു നദിയെ എങ്ങിനെയാണ് ക്ലാസ്സിലേക്കു കൊണ്ടുവരിക?

സാധ്യമാണ്. നദി ക്ലാസ്സിലൂടെ ഒഴുകും.അതിനു രണ്ടോ മൂന്നോ ചുരിദാര്‍ ഷാളുകള്‍ മതിയാകും.ബാക്കി കുട്ടികളുടെ ഭാവനയും.കുട്ടികളുടെ ഭാവനയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല.അത് ആകാശം പോലെയാണ്.അതിരുകളില്ല.

കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളായി.ക്ലാസിന്റെ രണ്ടു ഭാഗത്തായി നിരന്നു നിന്നു.ഞാന്‍ വിഷയം നല്‍കിയപ്പോള്‍ രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ അവര്‍ പ്ലാന്‍ ചെയ്തു.പ്ലാനിങ്ങ് ശ്രമകരമാണ്.കാരണം പതിമൂന്ന് പേരടങ്ങുന്ന വലിയ ഗ്രൂപ്പാണ്.അതില്‍ പെട്ടെന്നു തീരുമാനത്തിലെത്തുക പ്രയാസമാണ്.നേരത്തെ ലഭിച്ച ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ അതിന് പ്രാപ്തരാക്കിയിരിക്കുന്നു
വിസിലടിക്കുമ്പോഴേക്കും അവര്‍ അവതരിപ്പിച്ചു. ഫ്രീസ് ചെയ്തു. മനോഹരമായ സംഗീതം കേള്‍പ്പിച്ചു.സംഗീതം കുട്ടികളെ നദീതീരത്തേക്ക് എളുപ്പം കൊണ്ടെത്തിച്ചു.

കുട്ടികള്‍ ശാന്തമായി ഒഴുകുന്ന സിന്ധുവായി.
ഇടയ്ക്ക് കരാളരൂപംപൂണ്ട് കരകവിഞ്ഞൊഴുകുന്ന നദിയായി.
നദിയിലെ മീനുകളായി.
മീന്‍ പിടിക്കുന്ന മുക്കുവരായി.
നദിക്കരയിലെ വയലുകളായി.
വയലുകളില്‍ കൃഷിചെയ്യുന്ന കൃഷിക്കാരായി.
കൃഷിക്കാരുടെ കുടിലുകളായി.
അവരുടെ സന്തോഷവും സങ്കടവുമായി.
സംഗീതം നിലച്ചു.അഞ്ചു മിനിട്ടു നേരം അവര്‍ വിശ്രമിച്ചു.പിന്നീട് പാഠപുസ്തകമെടുത്തു.സിന്ധുനദീതടസംസ്ക്കാരത്തെകുറിച്ചുള്ള കുറിപ്പുവായിച്ചു.ഞാന്‍ കരുതിയ ഒരു കുറിപ്പും കുട്ടികള്‍ക്ക് വായിച്ചു കൊടുത്തു.

സിന്ധു നദീതടസംസ്ക്കാരത്തെക്കുറിച്ച് ഇനിയും നമുക്ക് എന്തൊക്കെയാണ് അറിയേണ്ടത്?നിങ്ങളുടെ സംശയങ്ങള്‍
എന്തൊക്കെയാണ്?

കുട്ടികള്‍ അവരുടെ മനസ്സിലുള്ള ചോദ്യങ്ങള്‍ എഴുതി.ഗ്രൂപ്പില്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു.ഞാന്‍ ആ ചോദ്യങ്ങള്‍ ചാര്‍ട്ടില്‍ എഴുതി.

തുടര്‍ന്ന് ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചു.ആ കാലഘട്ടത്തിലെ മനുഷ്യരുടെ വസ്ത്രധാരണം,തൊഴില്‍,കെട്ടിടങ്ങള്‍,ജലസംഭരണികള്‍,യന്ത്രങ്ങള്‍,വാഹനങ്ങള്‍ തുടങ്ങിയവയുടെ അനിമേഷന്‍ ദൃശ്യങ്ങള്‍ അടങ്ങിയ മനോഹരമായ ഒരു വീഡിയോ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു ഇത്.
പിന്നീട് അവിടെ നിന്നും കുഴിച്ചെടുക്കപ്പെട്ട വസ്തുക്കളുടെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു.ശില്‍പ്പങ്ങളുടെ,നാണയങ്ങളുടെ,ആയുധങ്ങളുടെ,കളിപ്പാട്ടങ്ങളുടെ, പാത്രങ്ങളുടെ....
ഈ വസ്തുക്കള്‍ എങ്ങനെയാണ് കണ്ടെടുക്കപ്പെട്ടത്?ആരാണ് കണ്ടെടുത്തത്?

പുരാവസ്തു ഗവേഷകര്‍ മോഹന്‍ജോദാരോ,ഹാരപ്പ പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങുകളായിരുന്നു തുടര്‍ന്നു പ്രദര്‍ശിപ്പിച്ചത്.
.
കുട്ടികളുടെ മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇതിനകം തന്നെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു.ഇനി ഇത് കുട്ടികളുടെ അനുഭവമാക്കിമാറ്റണം.എങ്ങനെ?

കുട്ടികള്‍ വീണ്ടും രണ്ടു ഗ്രൂപ്പുകളായി.ഇത്തവണ അവര്‍ പരസ്പരം സ്ഥലം മാറി നിന്നു.‍കുട്ടികള്‍ അവതരണത്തിനു തയ്യാറായി.ഞാന്‍ വിഷയം
നല്‍കാന്‍ തുടങ്ങി.

സിന്ധു നദീതടത്തില്‍ പുരാവസ്തു ഗവേഷകരുടെ ഉത്ഖനനം.
ഓരോ വസ്തുവും കണ്ടെത്തുമ്പോഴുള്ള അവരുടെ ആഹ്ലാദം.
വസ്തുക്കളുടെ സൂക്ഷ്മ പരിശോധന.
ആദിമനിവാസികളുടെ ചന്ത.
അവരുടെ കൃഷി.
മത്സ്യബന്ധനം.
പുരോഹിതരും ജനങ്ങളും.
അവരുടെ ശവമടക്ക്
വിവാഹം
യുദ്ധം.....
................
ഓരോ വിഷയവും പ്ലാന്‍ ചെയ്യാനായി രണ്ടോ മൂന്നോ മിനുട്ട് സമയം നല്‍കി.രണ്ടു ഗ്രൂപ്പുകളും രണ്ടിടത്തായി ഒരേ സമയം അവതരിപ്പിച്ചു.ഫ്രീസ് ചെയ്യുമ്പോഴുള്ള നിശബ്ദതയിലേക്ക് പെയ്തിറങ്ങിയ സംഗീതം കുട്ടികളുടെ ഭാവനയെ മൂവായിരം വര്‍ഷങ്ങള്‍ക്കു പുറകിലോട്ടു കൊണ്ടുപോയി.ഒരേ സമയം അവര്‍ പുരാവസ്തു ഗവേഷകരും ആദിമ നിവാസികളുമായി.അവരുടെ ജീവിതവും മരണവുമായി.
കൈയില്‍ കിട്ടിയതെന്തും കുട്ടികള്‍ പ്രോപ്പര്‍ട്ടികളാക്കി.ചെസ്സ് ബോര്‍ഡു മുതല്‍ പ്ലാസ്റ്റിക്ക് ബക്കറ്റ് വരെ.ഓരോന്നും മറ്റൊന്നായി സങ്കല്‍പ്പിച്ചു.എല്ലാം നിമിഷനേരം കൊണ്ട്.ചെസ്സിന്റെ കരുക്കള്‍ അവിടെനിന്നും കുഴിച്ചെടുക്കപ്പെട്ട നാണയങ്ങളായി സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല.

വീണ്ടും അഞ്ചു മിനുട്ട് വിശ്രമം. പിന്നീട് സംഘം ചേര്‍ന്ന് കുറിപ്പു തയ്യാറാക്കല്‍.സിന്ധു നദീതട സംസ്ക്കാരത്തെക്കുറിച്ച്.അത് നദിക്കരയില്‍തന്നെ രൂപപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച്.

4 comments:

  1. "ഫ്രീസ് ചെയ്യുമ്പോഴുള്ള നിശബ്ദതയിലേക്ക് പെയ്തിറങ്ങിയ സംഗീതം കുട്ടികളുടെ ഭാവനയെ മൂവായിരം വര്‍ഷങ്ങള്‍ക്കു പുറകിലോട്ടു കൊണ്ടുപോയി.ഒരേ സമയം അവര്‍ പുരാവസ്തു ഗവേഷകരും ആദിമ നിവാസികളുമായി.അവരുടെ ജീവിതവും മരണവുമായി." മാഷുടെ സാമൂഹ്യശാസ്ത്രം ക്ലാസ് അനുഭവിച്ചറിയണംഎന്നുണ്ട്.എങ്ങനെ സാധ്യമാകും ? വീഡിയോയുടെ സാധ്യത ഉണ്ടോ? മികവുല്‍സവം വീഡിയോ ഡോകുമെന്റു ചെയ്താല്‍ നന്നായിരുന്നു.വേറിട്ട മാതൃകകളുടെ തെളിവുകള്‍ ആണല്ലോ ? മികവുല്സവത്തിനു എല്ലാ ആശംസകളും നേരുന്നു .രീതി ശാസ്ത്രത്തില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ താത്പര്യമുള്ള കുറച്ചു കൂട്ടുകാര്‍ ഉണ്ട് .

    ReplyDelete
  2. കുട്ടികളുടെ പ്രകടനങ്ങളുടെ വീഡിയോ എന്റെ ഫേസ് ബുക്കില്‍ ഉണ്ട്.പ്രധാനമായും സാമൂഹ്യശാസ്ത്രക്ലാസിന്റെ.mmsurendrankandangali എന്നാണ് അഡ്രസ്.ക്ലാസില്‍ നന്നായി ചെയ്യാന്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മയുണ്ടാക്കിയെടുക്കണം.നിശബ്ദമായി ചെയ്യുന്ന പലരുമുണ്ട്. അവരുടെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ ഷേയര്‍ ചെയ്യണം.

    ReplyDelete
  3. എറണാകുളത്ത് പറവൂര്‍ കേന്ദ്രീകരിച്ച് വിദ്യാലയ കൂട്ടായ്മ കഴിഞ്ഞ വര്ഷം തുടങ്ങിയിട്ടുണ്ട്.ഒരു അക്കാദമിക ജേണല്‍ പ്രസിദ്ധീകരിച്ചു .രീതി ശാസ്ത്ര ഗവേഷണ അനുഭവങ്ങളും പ്രക്രിയകളും തെളിവുകള്‍ സഹിതം ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയത്.ഈ വര്ഷം വിപുലീ കരിക്കണമെന്ന് കരുതുന്നു.ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.മെച്ചപ്പെടാനുണ്ട്‌.പൊതു വിദ്യാലയങ്ങളെ ക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുന്നു.നമുക്ക് കാണാം സാറെ

    ReplyDelete
  4. തീര്‍ച്ചയായും. എന്റെ എല്ലാ പിന്തുണയും...

    ReplyDelete