ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Tuesday, 4 March 2014

പത്രപ്രവര്‍ത്തനം എന്ന സാമൂഹ്യപാഠം


കാനത്തൂര്‍ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലെ കുട്ടികളെല്ലാം പത്രപ്രവര്‍ത്തകരാണ്.കാരണം അവര്‍ ആഴ്ചയില്‍ ഒരു പത്രം വീതം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.ക്ലാസ്സിലെ നാലു ബേസിക്ക് ഗ്രൂപ്പുകളില്‍ ഒരു ഗ്രൂപ്പിന്റെ ചുമതലയാണ് പത്രനിര്‍മ്മാണം.അടുത്താഴ്ച മറ്റൊരു ഗ്രൂപ്പിനായിരിക്കും ആ ചുമതല.ഇങ്ങനെ ഒരു മാസത്തില്‍ നാലു ഗ്രൂപ്പിനും പത്രക്കാരാകാന്‍ അവസരം കിട്ടുന്നു.ഇങ്ങനെ ഏതാണ്ട് മുപ്പതോളം പത്രങ്ങള്‍ ഇതുവരെയായി ഒരു ക്ലാസില്‍ മാത്രം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു.

സാധാരണ ദിനപ്പത്രങ്ങളുടെ രൂപവും ഭാവവും ഭാഷയും അവര്‍ തങ്ങളുടെ പത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.പ്രധാന തലക്കെട്ടുകള്‍,കൗതുകവാര്‍ത്തകള്‍,സ്പോര്‍ട്സ് വാര്‍ത്തകള്‍,കാര്‍ട്ടൂണുകള്‍,പരസ്യങ്ങള്‍,പദപ്രശ്നങ്ങള്‍......ഇങ്ങനെ പോകുന്നു പത്രത്തിലെ വിഭവങ്ങള്‍.പത്രം പ്രസിദ്ധീകരിക്കേണ്ട ദിവസം വെള്ളിയാഴ്ചയാണ്.തിങ്കളാഴ്ച മുതലേ കുട്ടികള്‍ പത്രത്തിന്റെ ജോലി ആരംഭിക്കും.അവര്‍ വാര്‍ത്തകള്‍ ശേഖരിക്കും.ഗ്രൂപ്പിലിരുന്ന് എഡിറ്റുചെയ്യും.വാര്‍ത്തകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കും.തലക്കെട്ടുകള്‍ കണ്ടെത്തും.പത്രത്തിന്റെ പേര്,ലേ ഔട്ട് തുടങ്ങിയവ തീരുമാനിക്കും... 
 
അതീവ രഹസ്യമായാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.വാര്‍ത്തകളൊന്നും നേരത്തേ പുറത്തുപോകരുത്.കാരണം പത്രത്തിന്റെ ഗുണമേന്മ നോക്കി അതിനു ക്ലാസ്സ് ടീച്ചര്‍ ഗ്രേഡ് നല്‍കും.വാര്‍ത്തകളും മറ്റും പുറത്തുപോകുന്നത് പത്രത്തിനെ ദോഷകരമായി ബാധിക്കും.

ഗ്രൂപ്പിലെ കുട്ടികളുടെ പങ്കാളിത്തം,പത്രത്തിന്റെ ലേഔട്ട്,വാര്‍ത്തകളുടെ ഉള്ളടക്കം തുടങ്ങിയവയാണ് പത്രത്തിനെ ഗ്രേഡുചെയ്യാന്‍ ടീച്ചര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍.

പത്രത്തിന്റെയും ഗ്രൂപ്പിന്റെ മറ്റു ചുമതലകളിലെ പ്രകടനങ്ങളും ഇതുപോലെ ഗ്രേഡു ചെയ്താണ് മാസത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ലഭിച്ച ഗ്രൂപ്പിനെ കണ്ടെത്തുക
 
പത്രനിര്‍മ്മാണത്തിലേക്കു നയിക്കാന്‍ കുട്ടികള്‍ക്കു ടീച്ചര്‍ നല്‍കുന്ന പഠനാനുഭവം എന്താണ്?
രണ്ടു പ്രമുഖ ദിനപ്പത്രങ്ങള്‍ എല്ലാ ക്ലാസുകളിലേക്കും വരുത്തുന്നുണ്ട്.ഇതു കുട്ടികള്‍ വായിക്കുന്നുണ്ട്.വായനകൊണ്ട് മാത്രമായില്ല.ഗ്രൂപ്പ് ചുമതലകളില്‍ ഒന്ന് പത്രവിശേഷം തയ്യാറാക്കലാണ്.പത്രവിശേഷം എന്നാല്‍ ഓരോ ദിവസത്തേയും പ്രധാന വാര്‍ത്തകള്‍
എഴുതി അവതരിപ്പിക്കലാണ്.ഒപ്പം അതിനെ വിശകലനം ചെയ്യണം.വാര്‍ത്തയുമായി ബന്ധപ്പെട്ട തങ്ങളുടെ കമന്റുകള്‍ അവതരിപ്പിക്കണം. പരമാവധി പത്തുമിനുട്ട് സമയം.ഒരു ഗ്രൂപ്പ് ആഴ്ചയില്‍ ഒരു ദിവസം
 
ദിവസവും കിട്ടുന്ന ഈ അനുഭവമാണ് കുട്ടികളുടെ ഊര്‍ജം.
ഇത് അവരെ നല്ല പത്രക്കാരാക്കി മാറ്റിയോ?

 • സ്ക്കൂളും പരിസരവും നിരീക്ഷിച്ച് അവര്‍ വാര്‍ത്തകള്‍കണ്ടെത്തി.മാലിന്യസംസ്ക്കരണം,സ്ക്കുളുന്റെയും പരിസരത്തിന്റെയും ശുചിത്വം,ഉച്ചഭക്ഷണം എന്നിവ സംബന്ധിച്ച തങ്ങളുടെ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ പത്രത്തിലൂടെ അവതരിപ്പിച്ചു.
 • സ്ക്കൂളില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ മറ്റു പരിപാടികള്‍ എന്നിവയുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ അവര്‍ പത്രത്തില്‍ നല്കി. അതിനു നേതൃത്വം കൊടുക്കുന്ന അധ്യാപകരെ അഭിനന്ദിച്ചു.
 • ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി.
 • ഇടക്കിടെ ലീവെടുക്കുന്ന അധ്യാപകരെ മയത്തില്‍ കളിയാക്കി.
 • സ്ക്കൂളിലെയും സമൂഹത്തിലെയും സംഭവവികാസങ്ങളോട് കാര്‍ട്ടൂണുകളിലൂടെയും മറ്റും പ്രതികരിച്ചു.
 • പത്രപരസ്യങ്ങളിലെ കള്ളത്തരങ്ങളെ പരസ്യങ്ങളിലൂടെതന്നെ തുറന്നുകാട്ടി.
 • കലോത്സവങ്ങളിലും മറ്റും വിജയിക്കുന്ന കുട്ടികളെ മുക്തകണ്ഠം പ്രശംസിച്ചു.
 • ലേഔട്ടിലൂടെയും മറ്റും ഓരോ തവണയും പത്രങ്ങള്‍ വ്യത്യസ്തമാക്കാന്‍ ശ്രദ്ധിച്ചു.
 • നിര്‍മ്മിക്കപ്പെട്ട പത്രങ്ങള്‍ വിവിധ ക്ലാസ്സുകളിലേക്കു കൈമാറി എല്ലാകുട്ടികളെയും കൊണ്ട് വായിപ്പിക്കാന്‍ ശ്രദ്ധിച്ചു.

  പത്രനിര്‍മ്മാണം എന്നത് കുട്ടികളുടെ മുതുകില്‍ കെട്ടിവച്ച ഒരു പ്രവര്‍ത്തനമായിരുന്നില്ല.കുട്ടികള്‍ ആവേശപൂര്‍വ്വം അത് ഏറ്റെടുക്കുകയായിരുന്നു.എന്തുകൊണ്ട്?


  കുട്ടികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള യഥാതഥമായ ജീവിത സന്ദര്‍ഭം ഒരുക്കുകയാണ് പത്രനിര്‍മ്മാണം.അവര്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കേണ്ടതുണ്ട്.സംഭവങ്ങളെ/വസ്തുതകളെ അവര്‍ വിമര്‍ശന ബുദ്ധിയോടെ നോക്കികാണുന്നു.അതിലെ നന്മകള്‍ തിരിച്ചറിയുന്നു.തിന്മകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന ധാരണ രൂപീകരിക്കുന്നു.അവരുടെ ലോകവീക്ഷണത്തെ അത് തെളിച്ചമുള്ളതാക്കുന്നു.
   
  സംഭവങ്ങളെ/വസ്തുതകളെ എഴുത്തു ഭാഷയിലൂടെയാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.സന്ദര്‍ഭം
  ആവശ്യപ്പെടുന്ന എഴുത്താണത്.ഭാഷാശേഷി വികസിക്കാന്‍ നല്‍കാവുന്ന ഇതിലും നല്ല പ്രവര്‍ത്തനം മറ്റേതുണ്ട്?

  കുട്ടികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്ക്കാരത്തിനുള്ള നല്ല സാധ്യതകള്‍ പത്രനിര്‍മ്മാണം നല്‍കുന്നുണ്ട്.അലങ്കാരത്തോടുകൂടിയുള്ള എഴുത്ത്,ചിത്രംവര,കാര്‍ട്ടൂണ്‍ വര,ലേ ഔട്ട്....

  ഗ്രൂപ്പ് അംഗങ്ങളുടെ പരസ്പര സഹകരണം ദൃഢമാക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നു.സഹകരണത്തോടെ പ്രവര്‍ത്തിച്ചാലേ പത്രം നന്നാവൂ.അംഗങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവും നന്നായിരിക്കണം.

  പത്രനിര്‍മ്മാണം വിജയകരമായി നടക്കണമെങ്കില്‍ ടീച്ചറുടെ നിരന്തരമായ മേല്‍നോട്ടവും പിന്തുണയും കൂടിയേ തീരൂ.കുട്ടികള്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ ടീച്ചര്‍ വായിച്ചുനോക്കണം.അതിന്റെ ഉള്ളടക്കം,ഭാഷ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധകൊണ്ടുവരണം.വാര്‍ത്തകള്‍ സ്വയം എഡിറ്റ്ചെയ്യാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കു നല്‍കണം.വിമര്‍ശിക്കാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാനുമുള്ള കുട്ടികളുടെ വാസനകളെ പ്രോത്സാഹിപ്പിക്കണം.

  അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസ്സുകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ആലോചന.

2 comments:

 1. കാനത്തൂര്‍ സ്കൂളിനു മറ്റൊരു പൊന്‍തൂവല്‍ !!! വിമര്‍ശനാത്മക ബോധം (Critical Consciousness) കുട്ടികളില്‍ വളര്‍ത്താന്‍ ഉചിതമായതു തന്നെ പത്ര പ്രവര്‍ത്തനം .ഏറ്റവും ജൈവികമായ പ്രശ്നങ്ങളില്‍ സംവാദാത്മകമായ ഇടപെടല്‍ വിമോചനത്തിനുള്ള ഉപാധിയാണെന്ന് പൌലോ ഫ്രയര്‍ അനുഭവങ്ങളിലൂടെ നമ്മോട് പറയുന്നുണ്ട് .ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ .വിമര്‍ശനപരമായി നോക്കിക്കാണാനുള്ള കുട്ടികളുടെ സഹജ താത്പര്യത്തെ ഉണര്‍ത്തുക മാത്രമാണ് അധ്യാപകര്‍ ചെയ്യുന്നത് എന്നത് പ്രശംസനീയം തന്നെ .അധ്യാപകരെ പോലും വിമര്‍ശനപരമായി നോക്കിക്കാണാന്‍ അവസരം നല്‍കുകയെന്ന പുരോഗമന കാഴ്ചപ്പാട് മാതൃകാപരം.ഏഴാം ക്ലാസ്സിലെസുന്ദരന്മാര്‍ക്കും സുന്ദരിമാര്‍ക്കും അഭിനന്ദനങ്ങള്‍.പത്രങ്ങള്‍ വായിക്കാന്‍ എന്തെങ്കിലും സംവിധാനം ചെയ്യാന്‍ പറ്റുമോ?

  ReplyDelete
 2. ഏറ്റവും ജൈവികമായപ്രശ്നങ്ങളില്‍ സംവാദാത്മകമായ ഇടപെടല്‍ വിമോചനത്തിനുള്ള ഉപാധിയാണെന്ന്.....നന്ദി ടീച്ചര്‍. പക്ഷേ, പത്രങ്ങള്‍ വായിക്കാന്‍ എങ്ങനെയാണ് സൗകര്യം ചെയ്യുക....

  ReplyDelete