ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday, 26 March 2014

കന്യാകുമാരിയിലേക്ക് ഒരു യാത്ര....1


മാളവിക.
VII B

ഗുഡ്ബൈ കാനത്തൂര്‍....

 

എന്റെ മനസ്സിനു കുളിര്‍മ്മ നല്‍കിയ ദിവസം.നേര്‍ത്തകാറ്റ്.ആകാശത്തിലൂടെ അപ്പൂപ്പന്‍ താടി പറക്കുന്നതുപോലെ എനിക്കു തോന്നി.‍
 
ഞങ്ങളിന്ന് ഒരു യാത്ര പോകുകയാണ്.കന്യാകുമാരിയിലേക്ക്.ആദ്യമായാണ് തീവണ്ടിയില്‍ കയറുന്നത്.എന്റെ മനസ്സു നിറയെ ആശങ്കകള്‍.
അനിയനെ പിരിയാന്‍ എനിക്കു സങ്കടമായി.

12.45
ആകുമ്പോള്‍ ‍ഞങ്ങള്‍ കൂട്ടുകാരുമൊത്ത് കാനത്തൂരില്‍നിന്ന് കാസര്‍ക്കോടേക്കു യാത്രയായി.കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ തീവണ്ടി കാത്തിരുന്നു.
തീവണ്ടി ഇരമ്പിപ്പാ‍ഞ്ഞു വന്നു.ഞങ്ങള്‍ 52 പേരും വേഗം വണ്ടിയില്‍ കയറി.തിരക്കു കുറവായിരുന്നു.ഒരു സീറ്റില്‍ ഞാനും സ്നേഹയും മേഘനയും ഒന്നിച്ചിരുന്നു.
തീവണ്ടി ചൂളം വിളിച്ചു.അത് മെല്ലെ നീങ്ങാന്‍ തുടങ്ങി. കൈകൊട്ടിയും ഡാന്‍സ് കളിച്ചും ഞങ്ങള്‍ ആഹ്ലാദം പങ്കുവെച്ചു.ഗുഹയിലൂടെ ട്രെയിന്‍ പോകുമ്പോള്‍
എല്ലാ കുട്ടികളും ആര്‍ത്തുവിളിച്ചു.അപ്പോള്‍ ട്രെയിന്‍ ഒരു ഭീകരസത്വത്തെപ്പോലെ എനിക്കു തോന്നി.
 
കാറ്റാകെ വീശുമ്പോള്‍ പുഴ
കളകളമായൊഴുകുന്നു.
 
പുഴ കാണുമ്പോള്‍ കവിത ഓര്‍മ്മവരുന്നു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളം.പുഴയുടെ നടുവില്‍ കൂടിയാണ് ട്രെയിന്‍ പോകു
ന്നത്.ഇപ്പോള്‍ ട്രെയിനിന്റെ ശബ്ദം തന്നെ മാറിയിരിക്കുന്നു.

മന്യ കേക്കുമായിവന്ന് എന്നെ കൊതിപ്പിച്ചു.സ്നേഹയ്ക്ക് ബോബിന്‍സണ്‍ കുറേ മാങ്ങകള്‍ നല്‍കി.ഒന്ന് എനിക്കും തന്നു.വളരെ രുചികരമായ മാങ്ങ.
 
ട്രെയിന്‍ പയ്യന്നൂര്‍ വിട്ടു.പിന്നെ ഞങ്ങള്‍ കണ്ടത് ഏഴിമലയായിരുന്നു.ആ മലകള്‍ കാണാന്‍ എന്തൊരു ഭംഗി.കടും നീല നിറത്തില്‍.താഴെ പച്ചപ്പരവതാനി വിരിച്ചതുപോലെ വയലുകള്‍.അങ്ങനെ സ്റ്റേഷനുകള്‍ ഒന്നൊന്നായി പിന്നിട്ടു.കണ്ണൂര്‍,തലശ്ശേരി....കോഴിക്കോടെത്താന്‍ ഞങ്ങള്‍ കാത്തിരുന്നു.അവിടെ സണ്ണി മാഷിന്റെ ഭാര്യ ഞങ്ങള്‍ക്ക് ഹലുവയുമായി കാത്തുനില്‍പ്പുണ്ടാകും.
അങ്ങനെകോഴിക്കോടെത്തി.വലിയ സ്റ്റേഷന്‍.സണ്ണി മാഷിന്റെ ഭാര്യ രാജശ്രീചേച്ചിയെ കണ്ടു.ചേച്ചിയുടെ കൈയില്‍ വലിയൊരു പൊതി.ഹലുവയായിരിക്കും. എനിക്ക് കൊതികൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല.ഹലുവ നമുക്ക് നാളെ കഴിക്കാം എന്നു മാഷ് പറഞ്ഞപ്പോള്‍ നിരാശായി.
വണ്ടി കുതിച്ചു പായുകയാണ്.പ്രകൃതി സ്വയം ഇരുട്ടിന്റെ പുതപ്പ് കൊണ്ട് മൂടുകയാണ്.ഇപ്പോള്‍ പാലക്കാട് ജില്ലയിലൂടെയാണ് യാത്ര.ഇരുട്ടില്‍ ഭാരതപ്പുഴ തെളിഞ്ഞുകാണാം.വെള്ളം കുറവ്.ഞാന്‍ കുറേ നേരം പുഴയിലേക്കുതന്നെ നോക്കിയിരുന്നു.


 
പിന്നെ ഞങ്ങള്‍ കുറേ നേരം പാട്ടുപാടി.ഇടക്ക് കൂവി വിളിച്ചു.കൂകൂ കൂകൂ തീവണ്ടി....ഞങ്ങള്‍ പാടി.ട്രെയിനില്‍ മറ്റുയാത്രക്കാരാരുമില്ലാത്തത് ഞങ്ങളുടെ ഭാഗ്യം.ഒരു കമ്പാര്‍ട്ടുമെന്റ് മുഴുവന്‍ ഞങ്ങള്‍ തന്നെ.
 
തീവണ്ടി ഇരുട്ടിനെ കീറിമുറിച്ച് പാഞ്ഞുകൊണ്ടിരുന്നു.ഇപ്പോള്‍ പുറത്തെ കാഴ്ചകളൊന്നും കാണുന്നില്ല. ജനലിലൂടെ തണുത്ത കാറ്റ് വീശുന്നു.

ഭക്ഷണം കഴിക്കാന്‍ സമയമായെന്ന് മാഷ് പറഞ്ഞു.ഞങ്ങള്‍ വരുമ്പോള്‍ ഭക്ഷണം കൊണ്ടുവന്നിരുന്നു.എല്ലാവരും അവരവരുടെ പൊതിയഴിച്ചു.ഞാന്‍ കൊണ്ടുവന്ന പൂരി രണ്ടുമൂന്നു കൂട്ടുകാര്‍ക്കു കൊടുത്തു.അവര്‍ കൊണ്ടുവന്ന ചപ്പാത്തിയും മറ്റും എനിക്കും തന്നു.ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ എന്തു രസം
കുറച്ചു സമയം കൂടി ഞങ്ങള്‍ സൊറ പറഞ്ഞിരുന്നു. എനിക്ക് അനുജനെയും അമ്മയെയും ഓര്‍മ്മ വന്നു. ആദ്യമായാണ് അവരെ പിരിഞ്ഞിരിക്കുന്നത്.അനുജനുമായി ഇന്നലെ വഴക്കിട്ടിരുന്നു. അതു വേണ്ടായിരുന്നു.



രാത്രി പത്തു മണിയായിക്കാണും. ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.എനിക്ക് മുകളിലത്തെ ബര്‍ത്തായിരുന്നു കിട്ടിയത്.എനിക്ക് ആദ്യം പേടി തോന്നി.വണ്ടി കുലുങ്ങുമ്പോള്‍ താഴേക്ക് വീണുപോകുമോ? കണ്ണടച്ചു കിടന്നു.മാഷ് വന്ന് എല്ലാ ലൈറ്റുകളും കെടുത്തി.കൂട്ടുകാരൊക്കെ സംസാരിക്കുന്നുണ്ട്.എനിക്ക് ഉറക്കം വന്നതേയില്ല. തിരുവനന്തപുരം നഗരം എങ്ങനെയായിരിക്കും.നാളെ ഞങ്ങള്‍ അവിടെയാണ് താമസിക്കുക.നാളെ പുലരുന്നത് തിരുവനന്തപുരത്തായിരിക്കും.....
 
തുടരും...
അടുത്ത ലക്കത്തില്‍: അനന്തപുരിയിലെ ഒരു ദിവസം
 

Saturday, 22 March 2014

'ശ്ശ്....ശല്യപ്പെടുത്തരുത്.ഒന്നാം ക്ലാസ്സുകാര്‍ വായനയുടെ സ്വര്‍ഗത്തിലാണ്'.


 'ശ്ശ്....ശല്യപ്പെടുത്തരുത്.ഒന്നാം ക്ലാസ്സുകാര്‍ വായനയുടെ സ്വര്‍ഗത്തിലാണ്'.

ഇങ്ങനെ ഒരു ബോര്‍ഡ് ഒന്നാം ക്ലാസിനു മുന്നില്‍ തൂക്കിയിട്ടാലോ എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.കാരണം കുട്ടികള്‍ മിക്കപ്പോഴും വായനയിലാണ്.വായിക്കാന്‍ പഠിച്ചതിന്റെ ആഹ്ളാദം അവരുടെ മുഖത്തു കാണാം.
 വായിക്കുന്ന നേരത്തെ അവരുടെ ഗൗരവം കണ്ടാല്‍ ചിരിവരും.ഇടയ്ക്ക് ചെറിയ ശബ്ദത്തില്‍ വായിക്കും.പിന്നെ പുസ്തകത്തിലെ മനോഹരമായ ചിത്രത്തിലേക്ക് നോക്കും.ചിത്രത്തില്‍ കുറേ സമയം എന്തോ പരതും.എന്തായിരിക്കും?വായിച്ചു ഗ്രഹിച്ചതിനെ ചിത്രത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണോ?അതോ വായിച്ചത് ചിത്രത്തിന്റെ സഹായത്തോടെ
മനസ്സിലിട്ട് ഉറപ്പിക്കുകയാണോ? ആര്‍ക്കറിയാം
.
 നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങളേ അവര്‍ക്കു വേണ്ടൂ.പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന ചിത്രങ്ങള്‍ക്കാണ്.ആദ്യം ചിത്രങ്ങളൊക്കെ ഒന്നു മറിച്ചു നോക്കും.പിന്നീടേ വായന തുടങ്ങൂ.

ചിലര്‍ പുസ്തകങ്ങള്‍ ഗംഭീരമായി വായിക്കാന്‍ തുടങ്ങും.പക്ഷേ,മുന്നോട്ടു പോകുമ്പോള്‍ ഒന്നും മനസ്സിലാകില്ല.അവരുടെ നിലവാരത്തെക്കാള്‍ ഒരു പടി ഉയര്‍ന്ന പുസ്തകങ്ങള്‍.അവര്‍ക്കു പ്രശ്നമാകും.കുട്ടികള്‍ ഓടി ടീച്ചറുടെ അടുത്തെത്തും"ടീച്ചറേ ഈ പുസ്തകം ഒന്നു വായിച്ചു തരുമോ?"അവര്‍ ചോദിക്കും.

ടീച്ചര്‍ പുസ്തകം വായിച്ചുകൊടുക്കുന്നതു വരെ അവര്‍ പുറകെ നടക്കും.പുസ്തകം വായിച്ചു കേട്ടാലേ അവര്‍ക്കു സമാധാനമാകൂ.

വായനാപുസ്തങ്ങളുടെകൂട്ടത്തില്‍ ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ടീച്ചര്‍ ഉള്‍പ്പെടുത്തുന്നത് മനപ്പൂര്‍വ്വമാണെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്.എല്ലാപുസ്തകങ്ങളും കുട്ടികള്‍ക്ക് എളുപ്പം വഴങ്ങരുത്.ചിലത് വായിച്ചെടുക്കാന്‍ കുട്ടി മുതിര്‍ന്നവരുടെ സഹായം തേടണം.എങ്കിലേ കുട്ടി വായനയുടെ അടുത്ത പടി കയറൂ.



.ഇത് ഗോപിക.ഗോപിക വായിക്കുന്നതു കണ്ടോ? ഇതിനെ വായനയുടെ ഗോപിക സ്റ്റൈല്‍ എന്നു വേണമെങ്കില്‍ പറയാം.നല്ല ഏകാഗ്രതയോടെയാണ് വായന.ആസ്വാദനക്കുറിപ്പെഴുതാന്‍ ടീച്ചര്‍ നല്‍കിയ പേപ്പര്‍ കൊണ്ട് പുസ്തകത്തിലെ വായിക്കുന്ന ഭാഗം ഒഴിച്ച് മറ്റു ഭാഗങ്ങള്‍ മറച്ചു പിടിച്ചാണ് വായന.കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക് ഓടിവന്നു. മുഖത്ത് സങ്കടം.

 മാഷേ, ഇതു വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല"അവള്‍ പറഞ്ഞു.
"സാരമില്ല. നീ മറ്റൊരു നല്ല പുസ്തകം എടുത്തോളു”.ഞാന്‍ പറഞ്ഞു.
"വേണ്ട. എനിക്ക് ഇതു തന്നെ വായിക്കണം”.അവള്‍ വിടാന്‍ ഭാവമില്ല.
"മാഷ് ഇതെനിക്ക് വായിച്ച് തര്വോ?”
ഒടുവില്‍ പുസ്തകം മുഴുവന്‍ വായിച്ചു കേട്ടിട്ടേ അവള്‍ എന്റെ അടുത്തുനിന്നുംപോയുള്ളു.

ഒന്നാം ക്ലാസ്സുകാര്‍ പുസ്തകാസ്വാദനക്കുറിപ്പ് എഴുതുമോ?

 

 കുഞ്ഞനിയത്തിയും കൂട്ടുകാരും എന്ന പ്രശസ്തമായ ടോള്‍സ്റ്റോയ് കഥയുടെ ലളിതമായ പുനരാഖ്യാനം വായിച്ച് ഗോപിക എഴുതിയ ആസ്വാദനക്കുറിപ്പ് നോക്കൂ.

കഥയുടെ സത്ത ചുരുക്കം ചില വാക്യങ്ങളില്‍ അവള്‍ ഒതുക്കിയിരിക്കുന്നു.കഥയിലെ ആശയത്തെ സംഗ്രഹിച്ചെഴുതിയിരിക്കുന്നു.

ഇനി മാഡത്തിന്റെ ബസ്സ് യാത്ര എന്ന പുസ്തകത്തെക്കുറിച്ച് അതുല്ല്യ എഴുതിയ കുറിപ്പ് നോക്കാം.
പുസ്തകത്തിലെ കേന്ദ്രകഥാപ്പാത്രമായ വള്ളിയെക്കുറിച്ചാണ് കുട്ടി എഴുതിയിരിക്കുന്നത്.വള്ളിയെ ഇഷ്ടപ്പെടാനുള്ള കാരണം അവള്‍ വസ്തുനിഷ്ടമായി സമര്‍ത്ഥിച്ചിരിക്കുന്നു! ശക്തമായ കഥാപ്പാത്ര നിരൂപണം
.
 അതുല്‍ പുസ്തകത്തെ വായിച്ചെടുത്തത് എങ്ങനെയാണെന്നു നോക്കൂ.പുസ്തകത്തില്‍ നല്ല ചിത്രങ്ങള്‍ ഉണ്ട്.അതുകൊണ്ടാണ് അവന് പുസ്തകം ഇഷ്ടമായത്.കാഞ്ചന എന്ന കുട്ടി പൂമ്പാറ്റയെ പിടിക്കാന്‍ പോയതും അവള്‍ പൂമ്പാറ്റയുടെ ചിത്രം വരച്ചതുമാണ് അവന് ആ പുസ്തകത്തില്‍ നിന്നും മനസ്സിലായത്.അത് അവന്റെ വായനയാണ്.ഇപ്പോള്‍ അതു മതിയാകും.

എലിക്കുഞ്ഞുങ്ങളും പൂച്ചയും എന്ന പുസ്തകം മിഥുന്‍ ഇഷ്ടപ്പെട്ടതിനു കാരണം എലിക്കുഞ്ഞുങ്ങള്‍ പൂച്ചയെ കല്ലെറിഞ്ഞതു കൊണ്ടാണ്.പുസ്തകത്തിലെ ഒരു പ്രധാന സംഭവമാണ് അവന്‍ കണ്ടെത്തിയത്.

ശ്രീലക്ഷ്മിക്കും ശ്രീനിധിനുമുണ്ട് പുസ്തകം ഇഷ്ടപ്പെടാന്‍ അവരുടേതായ കാരണങ്ങള്‍.ഇനിയുമുണ്ട് ധാരാളം.സ്ഥല പരിമിതിമൂലം ഇവിടെ പ്രസിദ്ധപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.ഒന്നാം ക്ലാസിലെ രണ്ടോ മൂന്നോ കുട്ടികള്‍ ഒഴികെ ബാക്കി ഇരുപത്തിനാലു പേരും  ഇതുപോലെ പുസ്തകം വായിച്ചെഴുതാന്‍ കഴിവുള്ളവരാണ്.എല്ലാവരുടെയും രചനകള്‍ ഉള്‍പ്പെടുത്തി 'വായനയുടെ സ്വര്‍ഗം'എന്ന പേരില്‍ ടീച്ചര്‍ ഒരു പതിപ്പ്
തയ്യാറാക്കിയിട്ടുണ്ട്.

ഒരധ്യയന വര്‍ഷം പിന്നിടുമ്പോള്‍ ഒന്നാം ക്ലാസുകാര്‍ സ്വതന്ത്ര വായനക്കാരായി മാറിയിരിക്കുന്നു.അതുതന്നെയായിരുന്നു നമ്മുടെ ലക്ഷ്യവും.

എങ്ങനെയാണ് ടീച്ചര്‍ കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?

 ആദ്യമാദ്യം കഥകള്‍ പറഞ്ഞു കൊടുത്തു.പിന്നെചിത്രങ്ങള്‍ കാണിക്കുകയും അവയെക്കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു.കഥ കേള്‍ക്കുന്നതിനിടയിലെ കുട്ടികളുടെ ചിന്തകളും പൂരണങ്ങളും ചാര്‍ട്ടില്‍ എഴുതിയിട്ടു.അത് അവരെക്കൊണ്ടുതന്നെ വായിപ്പിച്ചു.പാഠം മുന്നോട്ടുപോകുമ്പോള്‍ കുട്ടികള്‍ പതുക്കെ അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വായനയിലേക്കു കടന്നു.    ഇടയ്ക്ക് മനോഹരമായ  ചിത്രങ്ങളുളള കഥാപ്പുസ്തകങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. ചിത്രങ്ങള്‍ കാട്ടിയും ചോദ്യങ്ങള്‍ ഉന്നയിച്ചും ഈ പുസ്തകങ്ങളിലെ കഥകള്‍ ഇടക്കിടെ അവര്‍ക്കു വായച്ചു കൊടുത്തു

പുസ്തകങ്ങള്‍ ഏതു സമയത്തും കുട്ടികള്‍ക്ക് എടുത്തുമറിച്ചുനോക്കാവുന്ന രീതിയില്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.കുട്ടികള്‍ക്കു ചുറ്റും പുസ്തകങ്ങള്‍.അത് അവര്‍ എടുത്തു നോക്കി.മണപ്പിച്ചു.അതിലെ ചിത്രങ്ങള്‍ നോക്കിയിരുന്നു.ചിത്രങ്ങളില്‍നിന്നും കഥകള്‍ സ്വയം പറഞ്ഞുണ്ടാക്കി.വായിക്കുന്നതായി അഭിനയിച്ചു.പതുക്കെപ്പതുക്കെ, അക്ഷരങ്ങളെ മെരുക്കിയെടുത്തതോടെ അവര്‍ വായിക്കാന്‍ തുടങ്ങി.പിച്ചവെച്ചു നടക്കുന്ന കുഞ്ഞുങ്ങളെപ്പോലെ.വായനയുടെ ആനന്ദം അവര്‍ അനുഭവിക്കാന്‍ തുടങ്ങി.പുസ്തകങ്ങള്‍ അവരുടെ ഉറ്റകൂട്ടുകാരായി.
.

Monday, 17 March 2014

സിന്ധുനദീതടത്തിലെ പുരാവസ്തു ഗവേഷകര്‍


'നദികള്‍ നാടിന്‍ സമ്പത്ത് 'എന്ന അധ്യായത്തിലെ സിന്ധുനദീതട സംസ്ക്കാരം എന്ന ഭാഗമാണ് പഠിപ്പിക്കുന്നത്.പ്രാചീന നാഗരികതകള്‍ രൂപപ്പെട്ടതില്‍ നദികള്‍ക്ക് മുഖ്യപങ്കുണ്ട് എന്നതാണ് ആശയം..ടി,സര്‍ഗ്ഗാത്മകനാടകം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസ്സ്.ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പിരീയഡ്.
 
ഇങ്ങനെയായിരുന്നു തുടക്കം:

ഇന്ത്യയില പ്രധാനപ്പെട്ട നദികള്‍ ഏതൊക്കെയാണെന്നു ചോദിച്ചു.കുട്ടികള്‍ അവര്‍ക്കറിയാവുന്ന നദികളുടെ പേരുകള്‍ എഴുതി.ചില കുട്ടികള്‍ അവതരിപ്പിച്ചു.

ഇതില്‍ സിന്ധുനദി എവിടെയാണ്?

നദികളുടെ മേപ്പില്‍ നിന്നും സിന്ധു നദിയെ കണ്ടെത്തി.എവിടെ നിന്നും പുറപ്പെടുന്നു? ഏതൊക്കെ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു?പതനസ്ഥലം എവിടെയാണ്.....?
 
ഇതു മാത്രം പോര. സിന്ധു നദിയിലെ ജലത്തിന്റെ തണുപ്പ് കുട്ടികള്‍ അനുഭവിക്കണം.ശാന്തമായി ഒഴുകുന്ന നദിയെ കുട്ടികള്‍ അറിയണം. ഇടയ്ക് പ്രക്ഷുബ്ധമാകുന്ന നദിയെ കുട്ടികള്‍ സങ്കല്‍പ്പിക്കണം.എങ്കിലേ മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന്റെ തീരങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യരെകുറിച്ച് കുട്ടികള്‍ക്കു മനസ്സിലാകൂ.അവരുടെ ജീവിത രീതിയെ കുറിച്ച്.തൊഴിലിനെ കുറിച്ച്. സംസ്ക്കാരത്തെക്കുറിച്ച്.ഒരു ജനതയും അവരുടെ ജീവിതവും മണലടരുകള്‍ക്കടിയില്‍ മറഞ്ഞുപോയതിനെക്കുറിച്ച്.
പക്ഷേ, സിന്ധു നദിയെ എങ്ങിനെയാണ് ക്ലാസ്സിലേക്കു കൊണ്ടുവരിക?

സാധ്യമാണ്. നദി ക്ലാസ്സിലൂടെ ഒഴുകും.അതിനു രണ്ടോ മൂന്നോ ചുരിദാര്‍ ഷാളുകള്‍ മതിയാകും.ബാക്കി കുട്ടികളുടെ ഭാവനയും.കുട്ടികളുടെ ഭാവനയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല.അത് ആകാശം പോലെയാണ്.അതിരുകളില്ല.

കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളായി.ക്ലാസിന്റെ രണ്ടു ഭാഗത്തായി നിരന്നു നിന്നു.ഞാന്‍ വിഷയം നല്‍കിയപ്പോള്‍ രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ അവര്‍ പ്ലാന്‍ ചെയ്തു.പ്ലാനിങ്ങ് ശ്രമകരമാണ്.കാരണം പതിമൂന്ന് പേരടങ്ങുന്ന വലിയ ഗ്രൂപ്പാണ്.അതില്‍ പെട്ടെന്നു തീരുമാനത്തിലെത്തുക പ്രയാസമാണ്.നേരത്തെ ലഭിച്ച ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ അതിന് പ്രാപ്തരാക്കിയിരിക്കുന്നു
വിസിലടിക്കുമ്പോഴേക്കും അവര്‍ അവതരിപ്പിച്ചു. ഫ്രീസ് ചെയ്തു. മനോഹരമായ സംഗീതം കേള്‍പ്പിച്ചു.സംഗീതം കുട്ടികളെ നദീതീരത്തേക്ക് എളുപ്പം കൊണ്ടെത്തിച്ചു.

കുട്ടികള്‍ ശാന്തമായി ഒഴുകുന്ന സിന്ധുവായി.
ഇടയ്ക്ക് കരാളരൂപംപൂണ്ട് കരകവിഞ്ഞൊഴുകുന്ന നദിയായി.
നദിയിലെ മീനുകളായി.
മീന്‍ പിടിക്കുന്ന മുക്കുവരായി.
നദിക്കരയിലെ വയലുകളായി.
വയലുകളില്‍ കൃഷിചെയ്യുന്ന കൃഷിക്കാരായി.
കൃഷിക്കാരുടെ കുടിലുകളായി.
അവരുടെ സന്തോഷവും സങ്കടവുമായി.
സംഗീതം നിലച്ചു.അഞ്ചു മിനിട്ടു നേരം അവര്‍ വിശ്രമിച്ചു.പിന്നീട് പാഠപുസ്തകമെടുത്തു.സിന്ധുനദീതടസംസ്ക്കാരത്തെകുറിച്ചുള്ള കുറിപ്പുവായിച്ചു.ഞാന്‍ കരുതിയ ഒരു കുറിപ്പും കുട്ടികള്‍ക്ക് വായിച്ചു കൊടുത്തു.

സിന്ധു നദീതടസംസ്ക്കാരത്തെക്കുറിച്ച് ഇനിയും നമുക്ക് എന്തൊക്കെയാണ് അറിയേണ്ടത്?നിങ്ങളുടെ സംശയങ്ങള്‍
എന്തൊക്കെയാണ്?

കുട്ടികള്‍ അവരുടെ മനസ്സിലുള്ള ചോദ്യങ്ങള്‍ എഴുതി.ഗ്രൂപ്പില്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു.ഞാന്‍ ആ ചോദ്യങ്ങള്‍ ചാര്‍ട്ടില്‍ എഴുതി.

തുടര്‍ന്ന് ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചു.ആ കാലഘട്ടത്തിലെ മനുഷ്യരുടെ വസ്ത്രധാരണം,തൊഴില്‍,കെട്ടിടങ്ങള്‍,ജലസംഭരണികള്‍,യന്ത്രങ്ങള്‍,വാഹനങ്ങള്‍ തുടങ്ങിയവയുടെ അനിമേഷന്‍ ദൃശ്യങ്ങള്‍ അടങ്ങിയ മനോഹരമായ ഒരു വീഡിയോ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു ഇത്.
പിന്നീട് അവിടെ നിന്നും കുഴിച്ചെടുക്കപ്പെട്ട വസ്തുക്കളുടെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു.ശില്‍പ്പങ്ങളുടെ,നാണയങ്ങളുടെ,ആയുധങ്ങളുടെ,കളിപ്പാട്ടങ്ങളുടെ, പാത്രങ്ങളുടെ....
ഈ വസ്തുക്കള്‍ എങ്ങനെയാണ് കണ്ടെടുക്കപ്പെട്ടത്?ആരാണ് കണ്ടെടുത്തത്?

പുരാവസ്തു ഗവേഷകര്‍ മോഹന്‍ജോദാരോ,ഹാരപ്പ പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങുകളായിരുന്നു തുടര്‍ന്നു പ്രദര്‍ശിപ്പിച്ചത്.
.
കുട്ടികളുടെ മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇതിനകം തന്നെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു.ഇനി ഇത് കുട്ടികളുടെ അനുഭവമാക്കിമാറ്റണം.എങ്ങനെ?

കുട്ടികള്‍ വീണ്ടും രണ്ടു ഗ്രൂപ്പുകളായി.ഇത്തവണ അവര്‍ പരസ്പരം സ്ഥലം മാറി നിന്നു.‍കുട്ടികള്‍ അവതരണത്തിനു തയ്യാറായി.ഞാന്‍ വിഷയം
നല്‍കാന്‍ തുടങ്ങി.

സിന്ധു നദീതടത്തില്‍ പുരാവസ്തു ഗവേഷകരുടെ ഉത്ഖനനം.
ഓരോ വസ്തുവും കണ്ടെത്തുമ്പോഴുള്ള അവരുടെ ആഹ്ലാദം.
വസ്തുക്കളുടെ സൂക്ഷ്മ പരിശോധന.
ആദിമനിവാസികളുടെ ചന്ത.
അവരുടെ കൃഷി.
മത്സ്യബന്ധനം.
പുരോഹിതരും ജനങ്ങളും.
അവരുടെ ശവമടക്ക്
വിവാഹം
യുദ്ധം.....
................
ഓരോ വിഷയവും പ്ലാന്‍ ചെയ്യാനായി രണ്ടോ മൂന്നോ മിനുട്ട് സമയം നല്‍കി.രണ്ടു ഗ്രൂപ്പുകളും രണ്ടിടത്തായി ഒരേ സമയം അവതരിപ്പിച്ചു.ഫ്രീസ് ചെയ്യുമ്പോഴുള്ള നിശബ്ദതയിലേക്ക് പെയ്തിറങ്ങിയ സംഗീതം കുട്ടികളുടെ ഭാവനയെ മൂവായിരം വര്‍ഷങ്ങള്‍ക്കു പുറകിലോട്ടു കൊണ്ടുപോയി.ഒരേ സമയം അവര്‍ പുരാവസ്തു ഗവേഷകരും ആദിമ നിവാസികളുമായി.അവരുടെ ജീവിതവും മരണവുമായി.
കൈയില്‍ കിട്ടിയതെന്തും കുട്ടികള്‍ പ്രോപ്പര്‍ട്ടികളാക്കി.ചെസ്സ് ബോര്‍ഡു മുതല്‍ പ്ലാസ്റ്റിക്ക് ബക്കറ്റ് വരെ.ഓരോന്നും മറ്റൊന്നായി സങ്കല്‍പ്പിച്ചു.എല്ലാം നിമിഷനേരം കൊണ്ട്.ചെസ്സിന്റെ കരുക്കള്‍ അവിടെനിന്നും കുഴിച്ചെടുക്കപ്പെട്ട നാണയങ്ങളായി സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല.

വീണ്ടും അഞ്ചു മിനുട്ട് വിശ്രമം. പിന്നീട് സംഘം ചേര്‍ന്ന് കുറിപ്പു തയ്യാറാക്കല്‍.സിന്ധു നദീതട സംസ്ക്കാരത്തെക്കുറിച്ച്.അത് നദിക്കരയില്‍തന്നെ രൂപപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച്.

Friday, 7 March 2014

പെറ്റുപെരുകിയ ഒന്നാം പാഠപുസ്തകം


സമയം രാവിലെ 9.30.ആദ്യ ബെല്‍ അടിച്ചതേയുള്ളു.
ഒന്നാം ക്ലാസിലെ കുട്ടികള്‍ വായനയിലാണ്.അവര്‍ വായിക്കുന്ന പുസ്തകം കണ്ടപ്പോള്‍ എനിക്കു കൗതുകം തോന്നി.വലിയ പുസ്തകം. ഏതാണ്ട് അവരുടെ അത്രേം പൊക്കമുണ്ട്!

ഞാന്‍ വരാന്തയില്‍ നിന്നും ക്ലാസിലേക്കു കടന്നു.ചിലര്‍ ഇരുന്നു വായിക്കുന്നു.ചിലര്‍ പുസ്തകത്തിനു മുകളില്‍ കമിഴ്ന്നു കിടന്നാണ് വായന.ശബ്ദം താഴ്ത്തിയാണ് അവര്‍ വായിക്കുന്നത്.നല്ല ശ്രദ്ധയോടെ. കുട്ടികള്‍ വലിയ പുസ്തകത്തില്‍ മുഴുകിയിരിപ്പാണ്.എന്നെ ശ്രദ്ധിക്കുന്നതേയില്ല.എന്തിന്, ഞാന്‍ ഫോട്ടോ എടുത്തപ്പോള്‍ പോലും.

പുസ്തകത്തില്‍ എന്താണെന്നറിയാന്‍ ‍‍ഞാനതിലെ പേജുകള്‍ മറിച്ചു നോക്കി.ചിത്രങ്ങളും മറ്റും ഒട്ടിച്ച് പുസ്തകത്തിന്റെ കവര്‍ ഭംഗിയാക്കിയിരിക്കുന്നു.ഓരോ പുസ്തകവും ഒന്നാം പാഠപുസ്തകത്തിലെ ഓരോ പാഠവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായി.ആ പാഠം പഠിപ്പിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട ടെക്സ്റ്റുകളാണവ.

സംഭാഷണങ്ങള്‍,വിവരണങ്ങള്‍,ലഘുകഥകള്‍,പാട്ടുകള്‍,പച്ചക്കറികളുടെയുംപഴങ്ങളുടെയും പേരുകള്‍, പക്ഷികള്‍,മൃഗങ്ങള്‍ എന്നിവയൊക്കെ പുസ്തകത്തിലുണ്ട്.
 
ഓരോ പാഠത്തിലൂടെ കടന്നുപോകുമ്പോഴും രൂപീകരിക്കപ്പെട്ട ടെക്സ്റ്റുകള്‍ എഴുതിയ ചാര്‍ട്ടുപേപ്പറുകള്‍ തുന്നിച്ചേര്‍ത്താണ് ടീച്ചര്‍ പുസ്തകം നിര്‍മ്മിച്ചത്.ഒന്നാം ക്ലാസ്സിലെ ഒരു ചെറിയ പാഠപുസ്തകത്തില്‍നിന്നും പത്തുപതിനഞ്ചു വലിയ പുസ്തകങ്ങള്‍ ജന്മംകൊണ്ടിരിക്കുന്നു.ഒന്നാം പാഠം പെറ്റുപെരുകിയിരിക്കുന്നു.

ഈ പുസ്തകങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നു.ആരുടെയും പ്രേരണയില്ലാതെ അവര്‍ താനെ ഈ പുസ്തകങ്ങളെടുത്തു വായിക്കുന്നു.ക്ലാസ്സില്‍ പലവുരു വായിച്ചതായിരിക്കണം.എന്നിട്ടും വായിക്കുന്നു.എന്തായിരിക്കണം കാരണം?
 
കാരണം ഒന്ന്:ഈ പുസ്തകം കുട്ടികളുടേതാണ്.അവരാണ് ഇതിന്റെ രചയിതാക്കള്‍.അവര്‍ പറയുന്ന ടെക്സ്റ്റുകളാണ് ടീച്ചര്‍ എഴുതുന്നത്.പുസ്തകത്തിലെ മിക്കവാറും ടെക്സ്റ്റുകളും ഇങ്ങനെ എഴുതപ്പെട്ടവയാണ്.

കാരണം രണ്ട്:ഇതില്‍ നിറയെ കുട്ടികളുടെ ചിന്തകളാണ്.അവരുടെ ഭാവനകളാണ്.കഥ കേള്‍ക്കുന്നതിനിടയിലുള്ള അവരുടെ മൗനമാണ്. കൂട്ടിച്ചേര്‍ക്കലുകളാണ്.

കാരണം മൂന്ന്:പുസ്തകം വായിക്കുമ്പോള്‍ കുട്ടികള്‍ കഥയുമായി ബന്ധപ്പെട്ട ഓര്‍മ്മകളിലേക്കു തിരിച്ചു പോകുന്നുണ്ടാകണം.അവര്‍ സ്നേഹിച്ച കഥാപ്പാത്രങ്ങളിലേക്ക്,അവരുടെ സന്തോഷങ്ങളിലേക്ക്,അവര്‍ക്കു സംഭവിച്ച ദുരന്തങ്ങളിലേക്ക്...

ഇപ്പോള്‍ അവര്‍ പുസ്തകം ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഞാന്‍ കേള്‍ക്കട്ടെയെന്നു കരുതിയായിരിക്കണം. ഉറക്കെ വായിക്കുന്നത് നല്ലതാണ്.അത് കുട്ടികളുടെ ഭാഷണശേഷി വികസിപ്പിക്കും(speech development).

Tuesday, 4 March 2014

പത്രപ്രവര്‍ത്തനം എന്ന സാമൂഹ്യപാഠം


കാനത്തൂര്‍ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലെ കുട്ടികളെല്ലാം പത്രപ്രവര്‍ത്തകരാണ്.കാരണം അവര്‍ ആഴ്ചയില്‍ ഒരു പത്രം വീതം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.ക്ലാസ്സിലെ നാലു ബേസിക്ക് ഗ്രൂപ്പുകളില്‍ ഒരു ഗ്രൂപ്പിന്റെ ചുമതലയാണ് പത്രനിര്‍മ്മാണം.അടുത്താഴ്ച മറ്റൊരു ഗ്രൂപ്പിനായിരിക്കും ആ ചുമതല.ഇങ്ങനെ ഒരു മാസത്തില്‍ നാലു ഗ്രൂപ്പിനും പത്രക്കാരാകാന്‍ അവസരം കിട്ടുന്നു.ഇങ്ങനെ ഏതാണ്ട് മുപ്പതോളം പത്രങ്ങള്‍ ഇതുവരെയായി ഒരു ക്ലാസില്‍ മാത്രം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു.

സാധാരണ ദിനപ്പത്രങ്ങളുടെ രൂപവും ഭാവവും ഭാഷയും അവര്‍ തങ്ങളുടെ പത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.പ്രധാന തലക്കെട്ടുകള്‍,കൗതുകവാര്‍ത്തകള്‍,സ്പോര്‍ട്സ് വാര്‍ത്തകള്‍,കാര്‍ട്ടൂണുകള്‍,പരസ്യങ്ങള്‍,പദപ്രശ്നങ്ങള്‍......ഇങ്ങനെ പോകുന്നു പത്രത്തിലെ വിഭവങ്ങള്‍.



പത്രം പ്രസിദ്ധീകരിക്കേണ്ട ദിവസം വെള്ളിയാഴ്ചയാണ്.തിങ്കളാഴ്ച മുതലേ കുട്ടികള്‍ പത്രത്തിന്റെ ജോലി ആരംഭിക്കും.അവര്‍ വാര്‍ത്തകള്‍ ശേഖരിക്കും.ഗ്രൂപ്പിലിരുന്ന് എഡിറ്റുചെയ്യും.വാര്‍ത്തകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കും.തലക്കെട്ടുകള്‍ കണ്ടെത്തും.പത്രത്തിന്റെ പേര്,ലേ ഔട്ട് തുടങ്ങിയവ തീരുമാനിക്കും... 
 
അതീവ രഹസ്യമായാണ് കുട്ടികള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.വാര്‍ത്തകളൊന്നും നേരത്തേ പുറത്തുപോകരുത്.കാരണം പത്രത്തിന്റെ ഗുണമേന്മ നോക്കി അതിനു ക്ലാസ്സ് ടീച്ചര്‍ ഗ്രേഡ് നല്‍കും.വാര്‍ത്തകളും മറ്റും പുറത്തുപോകുന്നത് പത്രത്തിനെ ദോഷകരമായി ബാധിക്കും.

ഗ്രൂപ്പിലെ കുട്ടികളുടെ പങ്കാളിത്തം,പത്രത്തിന്റെ ലേഔട്ട്,വാര്‍ത്തകളുടെ ഉള്ളടക്കം തുടങ്ങിയവയാണ് പത്രത്തിനെ ഗ്രേഡുചെയ്യാന്‍ ടീച്ചര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍.

പത്രത്തിന്റെയും ഗ്രൂപ്പിന്റെ മറ്റു ചുമതലകളിലെ പ്രകടനങ്ങളും ഇതുപോലെ ഗ്രേഡു ചെയ്താണ് മാസത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ലഭിച്ച ഗ്രൂപ്പിനെ കണ്ടെത്തുക
 
പത്രനിര്‍മ്മാണത്തിലേക്കു നയിക്കാന്‍ കുട്ടികള്‍ക്കു ടീച്ചര്‍ നല്‍കുന്ന പഠനാനുഭവം എന്താണ്?
രണ്ടു പ്രമുഖ ദിനപ്പത്രങ്ങള്‍ എല്ലാ ക്ലാസുകളിലേക്കും വരുത്തുന്നുണ്ട്.ഇതു കുട്ടികള്‍ വായിക്കുന്നുണ്ട്.വായനകൊണ്ട് മാത്രമായില്ല.ഗ്രൂപ്പ് ചുമതലകളില്‍ ഒന്ന് പത്രവിശേഷം തയ്യാറാക്കലാണ്.പത്രവിശേഷം എന്നാല്‍ ഓരോ ദിവസത്തേയും പ്രധാന വാര്‍ത്തകള്‍
എഴുതി അവതരിപ്പിക്കലാണ്.ഒപ്പം അതിനെ വിശകലനം ചെയ്യണം.വാര്‍ത്തയുമായി ബന്ധപ്പെട്ട തങ്ങളുടെ കമന്റുകള്‍ അവതരിപ്പിക്കണം. പരമാവധി പത്തുമിനുട്ട് സമയം.ഒരു ഗ്രൂപ്പ് ആഴ്ചയില്‍ ഒരു ദിവസം
 
ദിവസവും കിട്ടുന്ന ഈ അനുഭവമാണ് കുട്ടികളുടെ ഊര്‍ജം.
ഇത് അവരെ നല്ല പത്രക്കാരാക്കി മാറ്റിയോ?

  • സ്ക്കൂളും പരിസരവും നിരീക്ഷിച്ച് അവര്‍ വാര്‍ത്തകള്‍കണ്ടെത്തി.മാലിന്യസംസ്ക്കരണം,സ്ക്കുളുന്റെയും പരിസരത്തിന്റെയും ശുചിത്വം,ഉച്ചഭക്ഷണം എന്നിവ സംബന്ധിച്ച തങ്ങളുടെ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ പത്രത്തിലൂടെ അവതരിപ്പിച്ചു.
  • സ്ക്കൂളില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ മറ്റു പരിപാടികള്‍ എന്നിവയുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ അവര്‍ പത്രത്തില്‍ നല്കി. അതിനു നേതൃത്വം കൊടുക്കുന്ന അധ്യാപകരെ അഭിനന്ദിച്ചു.
  • ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി.
  • ഇടക്കിടെ ലീവെടുക്കുന്ന അധ്യാപകരെ മയത്തില്‍ കളിയാക്കി.
  • സ്ക്കൂളിലെയും സമൂഹത്തിലെയും സംഭവവികാസങ്ങളോട് കാര്‍ട്ടൂണുകളിലൂടെയും മറ്റും പ്രതികരിച്ചു.
  • പത്രപരസ്യങ്ങളിലെ കള്ളത്തരങ്ങളെ പരസ്യങ്ങളിലൂടെതന്നെ തുറന്നുകാട്ടി.
  • കലോത്സവങ്ങളിലും മറ്റും വിജയിക്കുന്ന കുട്ടികളെ മുക്തകണ്ഠം പ്രശംസിച്ചു.
  • ലേഔട്ടിലൂടെയും മറ്റും ഓരോ തവണയും പത്രങ്ങള്‍ വ്യത്യസ്തമാക്കാന്‍ ശ്രദ്ധിച്ചു.
  • നിര്‍മ്മിക്കപ്പെട്ട പത്രങ്ങള്‍ വിവിധ ക്ലാസ്സുകളിലേക്കു കൈമാറി എല്ലാകുട്ടികളെയും കൊണ്ട് വായിപ്പിക്കാന്‍ ശ്രദ്ധിച്ചു.

    പത്രനിര്‍മ്മാണം എന്നത് കുട്ടികളുടെ മുതുകില്‍ കെട്ടിവച്ച ഒരു പ്രവര്‍ത്തനമായിരുന്നില്ല.കുട്ടികള്‍ ആവേശപൂര്‍വ്വം അത് ഏറ്റെടുക്കുകയായിരുന്നു.എന്തുകൊണ്ട്?


    കുട്ടികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള യഥാതഥമായ ജീവിത സന്ദര്‍ഭം ഒരുക്കുകയാണ് പത്രനിര്‍മ്മാണം.അവര്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കേണ്ടതുണ്ട്.സംഭവങ്ങളെ/വസ്തുതകളെ അവര്‍ വിമര്‍ശന ബുദ്ധിയോടെ നോക്കികാണുന്നു.അതിലെ നന്മകള്‍ തിരിച്ചറിയുന്നു.തിന്മകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന ധാരണ രൂപീകരിക്കുന്നു.അവരുടെ ലോകവീക്ഷണത്തെ അത് തെളിച്ചമുള്ളതാക്കുന്നു.
     
    സംഭവങ്ങളെ/വസ്തുതകളെ എഴുത്തു ഭാഷയിലൂടെയാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.സന്ദര്‍ഭം
    ആവശ്യപ്പെടുന്ന എഴുത്താണത്.ഭാഷാശേഷി വികസിക്കാന്‍ നല്‍കാവുന്ന ഇതിലും നല്ല പ്രവര്‍ത്തനം മറ്റേതുണ്ട്?

    കുട്ടികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്ക്കാരത്തിനുള്ള നല്ല സാധ്യതകള്‍ പത്രനിര്‍മ്മാണം നല്‍കുന്നുണ്ട്.അലങ്കാരത്തോടുകൂടിയുള്ള എഴുത്ത്,ചിത്രംവര,കാര്‍ട്ടൂണ്‍ വര,ലേ ഔട്ട്....

    ഗ്രൂപ്പ് അംഗങ്ങളുടെ പരസ്പര സഹകരണം ദൃഢമാക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നു.സഹകരണത്തോടെ പ്രവര്‍ത്തിച്ചാലേ പത്രം നന്നാവൂ.അംഗങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവും നന്നായിരിക്കണം.

    പത്രനിര്‍മ്മാണം വിജയകരമായി നടക്കണമെങ്കില്‍ ടീച്ചറുടെ നിരന്തരമായ മേല്‍നോട്ടവും പിന്തുണയും കൂടിയേ തീരൂ.കുട്ടികള്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ ടീച്ചര്‍ വായിച്ചുനോക്കണം.അതിന്റെ ഉള്ളടക്കം,ഭാഷ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധകൊണ്ടുവരണം.വാര്‍ത്തകള്‍ സ്വയം എഡിറ്റ്ചെയ്യാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കു നല്‍കണം.വിമര്‍ശിക്കാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാനുമുള്ള കുട്ടികളുടെ വാസനകളെ പ്രോത്സാഹിപ്പിക്കണം.

    അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസ്സുകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ആലോചന.