ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 25 July 2015

ക്ലാസുമുറി നാടകശാലയായപ്പോള്‍.....



എത്രപെട്ടെന്നാണ് കുട്ടികള്‍  ക്ലാസുമുറിയെ ഒരു നാടകശാലയാക്കി മാറ്റിയത്!ആദ്യം അത് ഒരു അണിയറയായി.കുട്ടികള്‍ പലപല വേഷം ധരിച്ചിരിക്കുന്നു.യൂണിഫോമിനു മുകളില്‍ ചിലര്‍ മുണ്ടുടുത്തിരിക്കുന്നു.ചിലരുടെ വേഷം ടീ ഷര്‍ട്ടും പാന്‍റ്സും. പെണ്‍കുട്ടികളില്‍ ചിലര്‍ പാവാടയും ദാവണിയും ചുറ്റിയിരിക്കുന്നു. ചിലര്‍ സാരിയുടുത്തിരിക്കുന്നു .ചിലര്‍ നൈറ്റി.മറ്റു ചിലര്‍ ജീന്‍സ്.ഡോക്ടര്‍മാരുടെ ഓവര്‍ക്കോട്ടിട്ട്  സ്റ്റെതസ്ക്കോപ്പും കൈയില്‍പിടിച്ച് മൂന്നുനാലുപേര്‍ മേക്കപ്പിനായി ഇരുന്നുകൊടുത്തിട്ടുണ്ട്. ചിലര്‍ വിദഗ്ദരായ മേക്കപ്പ് മാന്‍മാരെപ്പോലെ അവര്‍ക്ക് മേക്കപ്പ് ചെയ്യുന്നു.മീശ വരയ്കുന്നു.ചിലര്‍ കണ്ണെഴുതുന്നു.പൊട്ടുതൊടുന്നു.മുഖത്ത് റോസ്  ക്രീം പുരട്ടുന്നു.കണ്ണാടി നോക്കുന്നു.ഒരാളുടെ മേക്കപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ അയാളാണ് മേക്കപ്പ് മാന്‍.ആദ്യത്തയാള്‍ മേക്കപ്പിനായി ഇരുന്നുകൊടുക്കുന്നു.



 മേക്കപ്പിനാവശ്യമുള്ള സകലവിധ സാമഗ്രികളും അവര്‍ കരുതിയിട്ടുണ്ട്.നോക്കിയപ്പോള്‍ ക്ലാസില്‍ മേക്കപ്പ് ഇടാത്തവര്‍ ആരുമില്ല.

 കൊതുകിന്റെ സൂചിമുനയും മൂക്കില്‍ ബന്ധിച്ച് പറന്നു നടക്കുന്ന ചില കൊതുകുകളെ ഞാന്‍ ശ്രദ്ധിച്ചു.മുഖത്ത് കണ്‍ഷികൊണ്ട് കുറേ കറുത്ത വരകളിട്ടിരിക്കുന്നു.എന്തുകൊണ്ടാണ് ഇങ്ങനെയൊരു മേക്കപ്പ് എന്നു ഞാന്‍ ചോദിച്ചു.മേക്കപ്പ് ചെയ്ത അതുല്യ പറഞ്ഞു.
"ഞങ്ങളുടെ നാടകത്തില്‍ കൊതുകുകളാണ് വില്ലന്‍മാര്‍.അവര്‍ക്ക് രാക്ഷസ രൂപമാണ്.അതുകൊണ്ടാണ് ഇങ്ങനെ മേക്കപ്പിട്ടത്."
എങ്ങനെയുണ്ട് മേക്കപ്പിനെക്കുറിച്ചുള്ള കുട്ടികളുടെ ധാരണ?



ആദര്‍ശിനെ കണ്ടപ്പോള്‍ എനിക്ക് ശരിക്കും ചിരിവന്നു.വേഷം മുണ്ടും ഷര്‍ട്ടും.കട്ടിമീശ.മുടി നന്നായി ചീകിയൊതുക്കിയിരിക്കുന്നു.
"നിങ്ങള്‍ ആരാണ്?” ഞാന്‍ ഭവ്യതയോടെ അവനോട് ചോദിച്ചു.
"ഞാനാണ് ഈ നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ട്."അവന്‍ ഗമയില്‍ പറഞ്ഞു.
സാരിയുടുത്തുനില്‍ക്കുന്ന രേവതിയോട് ഞാന്‍ ചോദിച്ചു.
"നിങ്ങളോ?”
"ഞാന്‍ സ്ക്കൂള്‍ ടീച്ചറാണ്."രേവതി

ചിരിച്ചുകൊണ്ട് പറഞ്ഞു.


കുട്ടികള്‍ ഓരോരുത്തരും പല കഥാപ്പാത്രങ്ങളായി മാറിയിരിക്കുന്നു.ഡോക്ടര്‍മാര്‍,ടീച്ചര്‍,മുത്തശ്ശി,അമ്മമാര്‍,നേഴ്സ്,കോളേജ് കുമാരിമാര്‍,കുടിയന്മാര്‍,കൊതുകുകള്‍....
കുട്ടികളുടെ താത്പര്യവും ആവേശവും എന്നെ  അത്ഭുതപ്പെടുത്തി.നാടകത്തിന് കുട്ടികളെ ഇങ്ങനെയും മാറ്റാന്‍ കഴിയുമോ?ഒരു പക്ഷേ,നാടകം പോലെ കുട്ടികള്‍ ഏറ്റെടുക്കുന്ന മറ്റൊരു പഠനപ്രവര്‍ത്തനവുമില്ല.



ആറാം ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകള്‍ക്ക് ഒരാഴ്ചത്തെ പ്രവര്‍ത്തനമായി നല്‍കിയതായിരുന്നു നാടകം.'മഴക്കാലം രോഗങ്ങളുടെകൂടി കാലം' എന്നതായിരുന്നു വിഷയം.ഒരു തിങ്കളാഴ്ചയായിരുന്നു പ്രവര്‍ത്തനം നല്‍കിയത്.വെള്ളിയാഴ്ച നാടകം അവതരിപ്പിക്കണം.ഒഴിവുനേരങ്ങളില്‍ റിഹേഴ്സല്‍ ചെയ്യാം.റിഹേഴ്സല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്ക്രിപ്റ്റ് തയ്യാറാക്കണം.നാടകത്തിന്റെ അവതരണവും സ്ക്രിപ്റ്റും പരിഗണിച്ചാണ് ഗ്രേഡ് ചെയ്യുക.രണ്ടിന്റേയും വിലയിരുത്തല്‍ സൂചകങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്ത് നേരത്തേ തയ്യാറാക്കിയിരുന്നു.


ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തുവരികയായിരുന്നു.ആഴ്ചയില്‍ ഒരു ദിവസം സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കുന്നു.ഇതിനു മുന്നിലത്തെ ആഴ്ചയിലെ പ്രവര്‍ത്തനം മഴക്കാലരോഗങ്ങളുടെ അപകടം വിളിച്ചോതുന്ന  കൊളാഷ് നിര്‍മ്മാണമായിരുന്നു.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ആശയരൂപീകരണവും  കുട്ടികളില്‍ നടന്നു കഴിഞ്ഞതിനുശേമായിരുന്നു നാടകം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കിയത്.


രാവിലെ ഒന്‍പതുമണിക്കു തന്നെ ഓരോ ഗ്രൂപ്പിലെയും കുട്ടികള്‍ സ്ക്കൂളിലെത്തും.
അവര്‍ ഹാളിനകത്തോ സ്റ്റേജിലോ വായനാക്കൂടാരത്തിലോ രഹസ്യമായി കൂടിയിരിക്കും.തങ്ങളുടെ നാടകത്തിലെ ഒരു ഭാഗവും മറ്റു ഗ്രൂപ്പുകാര്‍ മോഷ്ടിക്കരുത് എന്നതിനാലായിരുന്നു ഈ രഹസ്യയോഗം.പിന്നെ നാടകത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങും. റിഹേഴ്സല്‍ ചെയ്യും.റിഹേഴ്സല്‍ പൂര്‍ത്തിയായതിനുശേഷം സ്ക്രിപ്റ്റ് എഴുതിയാല്‍ മതി എന്നതായിരുന്നു അവര്‍ക്കു നല്‍കിയ നിര്‍ദ്ദേശം.അതിനു കാരണമുണ്ട്.സ്ക്രിപ്റ്റ് മുന്‍കൂട്ടിയെഴുതിയാല്‍ സ്ക്രിപ്റ്റ് വെച്ച് അവര്‍ നാടകം കാണാപ്പാഠം പഠിക്കും.അത് കുട്ടികളുടെ ഇംപ്രൊവൈസേഷന്‍ ഇല്ലാതാക്കും.ഓരോ ദിവസവും നാടകം മാറണം.കുട്ടികളുടെ ഭാവനയക്കനുസരിച്ച് അത് വളരണം.അപ്പോഴാണ് നാടകത്തോടൊപ്പം കുട്ടികളും വളരുക.അതിനാല്‍ സ്ക്രിപ്റ്റ് എഴുത്ത് ഓരോ ഗ്രപ്പും അവസാന ദിവസത്തേക്ക് മാറ്റിവെച്ചു.



വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ഒഴിവു സമയത്തായിരുന്നു നാടകാവതരണത്തിനുള്ള സമയം നിശ്ചയിച്ചത്.ഞാന്‍ ക്ലാസിലെത്തിയപ്പോള്‍ കുട്ടികള്‍ അണിയറയിലെ ഒരുക്കത്തിലയിരുന്നു.അവര്‍ പലവിധത്തിലുള്ള വേഷം ധരിച്ച് പരസ്പരം മേക്കപ്പ് ചെയ്യുകയാണ്.ഈ വേഷങ്ങളും മേക്കപ്പ് സാധനങ്ങളും പ്രോപ്പുകളുമൊക്കെ എപ്പോഴാണ് കുട്ടികള്‍ ക്ലാസുമുറിയിലേക്ക് ഒളിച്ചു കടത്തിയത്?ബാഗില്‍ പുസ്തകങ്ങളുടെകൂടെ ഈ വേഷങ്ങളും സാധനങ്ങളുമൊക്കെ കുത്തിനിറച്ചായിരിക്കണം അവര്‍ സ്ക്കൂളിലേക്കു പുറപ്പെട്ടത്.


നാടകാവതരണത്തിനുള്ള സമയമായി.നാടകാവതരണമുണ്ടെന്നുകേട്ട് മറ്റു ക്ലാസുകളിലെ നാടകപ്രേമികള്‍ നേരത്തെ വന്ന് ആറാം ക്ലാസില്‍ ഇരുപ്പുറപ്പിച്ചിരുന്നു.
അവരെ കണ്ടപ്പോള്‍ ചില കുട്ടികള്‍ക്ക് പ്രയാസം.
"മാഷേ,അവരോട് പുറത്തുപോകാന്‍ പറയ്യോ?” രേവതി എന്നോട് രഹസ്യമായി ചോദിച്ചു.
അവളുടെ ആവശ്യം ന്യായമാണ്.കാരണം അവള്‍ക്ക് ചില തടസ്സ(inhibitions)ങ്ങളുണ്ട്. അത് ഇതുവരെ മാറിയിട്ടില്ല. മറ്റു കുട്ടികളുടെ സാന്നിധ്യം അത് വര്‍ദ്ധിപ്പിക്കും.നമ്മുടെ ലക്ഷ്യം തീയറ്റര്‍ അല്ല.നാടകം പഠിപ്പിക്കലുമല്ല.കുട്ടികളുടെ വികാസമാണ്(development).അതില്‍ നാടകം കളിക്കുന്നവരും കാണുന്നവരുമൊക്കെ ആ ക്ലാസുകാര്‍ മാത്രം മതി.അപ്പോഴാണ് അവര്‍ക്ക് തടസ്സങ്ങളിലാതെ കളിക്കാന്‍ കഴിയുക.
പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ചില കുട്ടികള്‍ക്ക് 


പ്രയാസമുണ്ടാക്കും.ഇവിടെ എല്ലാവരും നാടകത്തിനു വേഷം ധരിച്ചിട്ടുണ്ട്.ഒരു സംഘം നാടകം അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് കാണും.ഈ പ്രേക്ഷകരായിരിക്കും അടുത്ത നാടകം അവതരിപ്പിക്കുക. ആദ്യം നാടകം  അവതരിപ്പിച്ചവര്‍ ഇപ്പോള്‍ പ്രേക്ഷകരും.അപ്പോഴാണ് നാടകം കുട്ടികളുടെ വികാസത്തിനു വേണ്ടിയാകുന്നത്. ക്ലാസുമുറിയിലെ ഇത്തരം ചെറുഅവതരണങ്ങളാണ് കുട്ടികള്‍ക്ക് ഗുണം ചെയ്യുക.

മറ്റു ക്ലാസുകളില്‍ നിന്നും നാടകം കാണാനെത്തിയവരോട് ഞാന്‍ പുറത്തുപോകാന്‍ പറഞ്ഞു.ആ കുട്ടികള്‍ മടിച്ചു മടിച്ച് പുറത്തുപോയി.നാടകം കണ്ടേ തീരൂ എന്നു വാശിയുള്ളവര്‍ ജനാലയ്ക്കലും വാതില്‍ക്കലും നിന്ന് ഒളിഞ്ഞു നോക്കി.

 ക്ലാസില്‍ കുട്ടികള്‍ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ബാക്ക് കര്‍ട്ടനു മുന്നിലെ അരങ്ങില്‍ നാടകം തുടങ്ങി.കുട്ടികള്‍ പല കഥാപ്പാത്രങ്ങളായി  നിറഞ്ഞാടി. നിമിഷനേരംകൊണ്ട് അവര്‍ കൊതുകുകളും മുത്തശ്ശിയും ഡോക്ടര്‍മാരും നേഴ്സുമാരും പഞ്ചായത്തു പ്രസിഡണ്ടുമൊക്കെയായി,നെടുനീളന്‍ ഡയലോകുകള്‍കൊണ്ട് സദസ്സ്യരെ കോരിത്തരിപ്പിച്ചു.ചിലരുടെ കോമഡികണ്ട് അവര്‍ പൊട്ടിച്ചിരിച്ചു.രംഗം വീടും ആശുപത്രിയും സ്ക്കൂളും  കളിസ്ഥലവും പട്ടണവുമൊക്കെയായി മാറിക്കൊണ്ടിരുന്നു. അവര്‍ ജനാലയടച്ചും തുറന്നും രംഗത്തെ വെളിച്ചം നിയന്ത്രിച്ചു. 

അവതരണത്തിനുശേഷം ഓരോ ഗ്രൂപ്പിനും സ്വയം വിലയിരുത്താന്‍ അവസരം നല്‍കി.നാടകം ആസൂത്രണം ചെയ്തതുപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞോ?
അവതരണസമയത്ത് എവിടെയൊക്കെയാണ് നന്നായത്?എവിടെയൊക്കെയാണ് പ്രയാസം വന്നത്?പ്ലാന്‍ ചെയ്തതില്‍ നിന്നും അവതരണസമയത്ത് എന്തൊക്കെ മാറ്റങ്ങള്‍ മാറ്റങ്ങള്‍ വന്നു?ഗ്രൂപ്പിലെ അംഗങ്ങളുടെ സഹകരണം എത്രമാത്രം ഉണ്ടായിരുന്നു?നാടകം ഇതിലും മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് തോന്നുന്നുണ്ടോ?


മുന്‍കൂട്ടി തയ്യാറാക്കിയ സൂചകങ്ങള്‍ക്കനുസരിച്ച് ഞാന്‍ നാടകത്തെ വിലയിരുത്തി അതിന്റെ ഗുണങ്ങളും മെച്ചപ്പെടേണ്ടതുമായ കാര്യങ്ങളും കുട്ടികളുമായി പങ്കുവെച്ചു.ഓരോ ഗ്രൂപ്പിനും അതനുസരിച്ച് ഗ്രേഡുകള്‍ നല്‍കി.
നാടകത്തിനുശേഷം കുട്ടികളെ തിരികെ ക്ലാസിലേക്കു കൊണ്ടുവരാന്‍ കുറച്ച് പണിപ്പെട്ടു.
ക്ലാസുമുറി ഇടയ്ക്കൊക്കെ ഇങ്ങനെ മാറേണ്ടതുണ്ടെന്ന് ഈ നിമിഷങ്ങള്‍ എന്നെ വീണ്ടും ബോധ്യപ്പെടുത്തി.ഇടയ്ക്ക് അത് നൃത്തവേദിയാകണം.കഥയരങ്ങാകണം.നാടന്‍പാട്ടുകളുടെ വേദിയാകണം.കവിതകളും ദൃശ്യാവിഷ്ക്കാരങ്ങളും വേണം.സിനിമാഗാനങ്ങളുടെ നൃത്തരൂപങ്ങള്‍ വേണം....


അപ്പോള്‍ കുട്ടികള്‍ ക്ലാസുമുറിയെ കൂടുതല്‍ ഇഷ്ടപ്പെടും.ആഴ്ചയില്‍ അരമണിക്കൂര്‍ സമയം സര്‍ഗ്ഗവേദിക്ക് നീക്കിവെച്ചതുകൊണ്ടുമാത്രം എന്തുകാര്യം? 





No comments:

Post a Comment