ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday, 16 February 2015

ഒരു വിദ്യാലയം കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍....


 കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു വിദ്യാലയത്തില്‍ എന്തുമാറ്റമാണുണ്ടാകുക?

വിത്തിടുന്നതും വിത്ത് മുളയ്ക്കുന്നതും ചെടിവളരുന്നതും കുട്ടികള്‍ വന്ന് നോക്കും.
അവര്‍ തങ്ങളുടെ കുഞ്ഞുകൈകള്‍കൊണ്ട് ജോലികള്‍ ചെയ്യും.
ചെടികളെ അവര്‍ ശുശ്രൂഷിക്കും.
ഇലകള്‍ തിന്നാന്‍ വരുന്ന കീടങ്ങളെ  പെറുക്കിമാറ്റും.
അവര്‍ ചെടികളെ നനയ്ക്കും.
ചെടികളില്‍ കായയുണ്ടാകുന്നത്  അത്ഭുതത്തോടെ നോക്കും.
കായ പിടിക്കാന്‍ രാസവളമോ കീടനാശിനിയോ ആവശ്യമില്ലെന്ന് അവര്‍ തിരിച്ചറിയും.
മണ്ണ് ഒരു മഹാസംഭവം തന്നെയെന്ന് അവര്‍ അത്ഭുതപ്പെടും.


ചെടികളിലെ പാകമായ കായകള്‍  വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറിച്ചെടുക്കും.
പൂക്കളെക്കുറിച്ച് സയന്‍സ് ക്ലാസില്‍ പഠിച്ചതിന്റെ പ്രായോഗിക പാഠങ്ങള്‍ അവര്‍ പച്ചക്കറിത്തോട്ടത്തില്‍ കണ്ടെത്തും.ഏകലിംഗ പുഷ്പങ്ങളും ദ്വലിംഗ പുഷ്പങ്ങളുമുള്ള പച്ചക്കറികളെ അവര്‍ തിരിച്ചറിയും.അതില്‍ പരാഗണം നടക്കുന്ന രീതി അവര്‍ കണ്ടെത്തും.
"ഒരു പൂവാണ് ഒരു കായ.അതുകൊണ്ട് പൂവുകള്‍ നശിപ്പിക്കരുത്."അവര്‍ മന്ത്രിക്കും.


ഈ കായകളാണ് ഇന്നത്തെ തങ്ങളുടെ ഉച്ചഭക്ഷണത്തിലെ ഒരിനമെന്ന് അവര്‍
തിരിച്ചറിയും.
ചിലപ്പോള്‍ കാലത്ത് സാമ്പാറിനാവശ്യമായ വെണ്ടക്കയും തക്കാളിയും വഴുതിനിങ്ങയും പച്ചമുളകും പറിക്കാന്‍ അവര്‍ നട്ടിക്കണ്ടത്തിലേക്ക് ഓടും.മറ്റു ചിലപ്പോള്‍ ഉപ്പേരിയുണ്ടാക്കാനാശ്യമായ വെണ്ടക്കയോ പയറോ കാബേജോ അവര്‍ പറിച്ചുകൊണ്ടുവരും.
അതുണ്ടാക്കാന്‍ തങ്ങളുടെ സഹായം കൂടി ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കും.
പച്ചക്കറികള്‍ ഭംഗിയായി മുറിച്ചിടാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും.
വേണമെങ്കില്‍ തേങ്ങചിരകാനും പാചകം ചെയ്യാനും അവര്‍ തയ്യാറാകും.
സാമ്പാറിലെ പച്ചക്കറിക്കഷണങ്ങള്‍ ഇനി ഒരിക്കലും അവര്‍ എടുത്തുകളയില്ല.
അത് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവര്‍ക്കറിയാം.
വിഷം തീണ്ടാത്ത ഈ പച്ചക്കറികള്‍ തങ്ങളുടെ ആരോഗ്യത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന് അവര്‍ക്കറിയാം.



ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലഭിക്കാറുള്ള ഇലക്കറികള്‍ അവര്‍ പാഴാക്കാറേയില്ല.കാരണം അതിന്റെ പ്രാധാന്യം എന്താണെന്ന് അവര്‍ക്കിപ്പോള്‍ നന്നായി അറിയാം.
അതില്‍ തങ്ങളുടെ വിയര്‍പ്പുകൂടി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.അങ്ങനെ പതുക്കെ പതുക്കെ അവര്‍ കൃഷിയില്‍ ആകൃഷ്ടരാകും.മണ്ണും കൃഷിയുമില്ലെങ്കില്‍ നാമില്ലെന്ന തിരിച്ചറിവ് അവരില്‍ നാമ്പിടും.കൃഷിയിടത്തില്‍ വിളയുന്നത് മഹത്തായ ജീവിത പാഠങ്ങള്‍ കൂടിയാണ്.
അങ്ങനെയങ്ങനെ,ഒരു വെറും തരിശുഭൂമിയെ മനോഹരമായ ഒരു കൃഷിയിടമാക്കിമാറ്റുക എളുപ്പമാണെന്ന് അവര്‍ തിരിച്ചറിയും.


 കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു വിദ്യാലയത്തില്‍ എന്തുമാറ്റമാണുണ്ടാകുക?

മിക്ക ദിവസങ്ങളിലെയും വൈകുന്നേരങ്ങളില്‍  കുറച്ച് രക്ഷിതാക്കളും അധ്യാപകരും നട്ടിക്കണ്ടത്തില്‍ ഒത്തുകൂടും.
ചെടികളില്‍ മുളപൊട്ടുന്ന കായകളെ നോക്കി അത്ഭുതപ്പെടും.
പടര്‍ന്നുകയറുന്ന പച്ചപ്പ് അവരുടെ ദൈന്യംദിന വേവലാതികളെ ശമിപ്പിക്കും.മനസ്സിന് ആശ്വാസം പകരും.
കൃഷിക്ക് ആവശ്യമായ വെള്ളവും പരിചരണവും നല്‍കും.
ഊഴം വെച്ചുള്ള തങ്ങളുടെ ചുമതലകള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തും.പരസ്പരം വിമര്‍ശനങ്ങളുണ്ടാകും.


പാകമായ കായകളെ നോക്കി,അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് ഇവിടെ വെച്ചായിരിക്കും.
കുട്ടികളുടെ ഭക്ഷണത്തിനുവേണ്ട കായകള്‍ മാറ്റിവെച്ച് ബാക്കിയുള്ളവ ടൗണിലെ കടകളിലേക്ക് കൊണ്ടുപോകും.
സ്ക്കൂളിന്റെ നട്ടിക്കണ്ടത്തില്‍ നിന്നും എത്തുന്ന പച്ചക്കറികള്‍ക്ക് ടൗണില്‍ നല്ല മാര്‍ക്കറ്റാണ്.എത്തേണ്ട താമസം എല്ലാം വിറ്റുതീരും.കാരണം അതിന്റെ ഗുണമെന്താണെന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം.


പാചകത്തിന് സഹായിക്കാനും അവരെത്തും.ഒരു പാചകക്കാരിയെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നില്‍ കൂടുതല്‍ കറികളുണ്ടാക്കുക പ്രയാസമാണെന്ന് അവര്‍ക്കറിയാം.
അതിനാല്‍ ദിവസവും രണ്ടുപേര്‍വീതം ഊഴംവെച്ച് അവര്‍ വരും.ക്ലാസുതിരിച്ച് തയ്യാറാക്കിയ രക്ഷിതാക്കളുടെ ഡ്യൂട്ടി ചാര്‍ട്ട് പ്രകാരമാണ് ഇതു നടക്കുക.
ഇലക്കറിളും മറ്റും തയ്യാറാക്കുന്ന ദിവസം  ഒന്നില്‍കൂടുതല്‍ പേരുണ്ടാകും.പിന്നെ ഉച്ചഭക്ഷണം എങ്ങനെ സ്വാദിഷ്ടമാകാതിരിക്കും?


കൃഷി രക്ഷിതാക്കളെ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നു.
പതുക്കെ ഒരു കൂട്ടായ്മ രൂപപ്പെടുന്നു.
ഈ കൂട്ടായ്മയാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് വിദ്യാലയത്തെ നയിക്കുക.


നട്ടിക്കണ്ടത്തിന്റെ വരമ്പിലൂടെ നടന്നുപോകുന്ന നാട്ടുകാരോ?
അവര്‍ ദിവസേന കൃഷി കാണും.അഭിപ്രായങ്ങള്‍ പറയും.

നെല്‍കൃഷി മാത്രം ചെയ്യുന്ന വയലുകളാണ് ചുറ്റും.പച്ചക്കറി ഇവിടെ നന്നായി വിളയും.പക്ഷേ,വെള്ളമാണ് തടസ്സം.വയലിന്റെ ഒരു ഭാഗത്തായി കിണറുണ്ട്.അത് ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്.അത് വൃത്തിയാക്കിയെടുക്കണം.എങ്കില്‍ ഇവിടെ സമൃദ്ധമായി പച്ചക്കറികള്‍ വിളയിക്കാം.ഈ നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമായ അത്രയും.ഇങ്ങനെ പോകുന്നു അവരുടെ ആലോചനകള്‍.
ഈ കൃഷിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അടുത്ത വര്‍ഷം അവര്‍ പച്ചക്കറികൃഷി ചെയ്യാനിറങ്ങുമോ? കണ്ടറിയണം.



കാനത്തൂര്‍ സ്ക്കൂളിന്റെ  കൃഷി ഒരു പരസ്യപ്പെടുത്തലാണ്.


കൃഷി ചെയ്യുന്നതിലൂടെ  ഒരു വിദ്യാലയം അതിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.  വിദ്യാലയം കൂടുതല്‍ ജൈവികമാകുന്നു.
കൃഷിയെ വിദ്യാലയത്തിന്റെ അടുക്കളയുമായി ബന്ധിപ്പിക്കാം.ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുന്ന കാര്യത്തില്‍ ഒരു വിദ്യാലയത്തിന് സ്വയംപര്യാപ്തത കൈവരിക്കാം.അതുവഴി കുട്ടികള്‍ക്ക് വിഷം തീണ്ടാത്ത,പോഷക സമൃദ്ധമായ ആഹാരം നല്‍കാം.കൃഷി ചെയ്യുന്നതിലൂടെ മണ്ണിലേക്കും മനുഷ്യരിലേക്കും കുട്ടികളെ തിരിച്ചു കൊണ്ടുവരാം.വിദ്യാഭ്യാസത്തെ മഹത്തായ  ജീവിത പാഠങ്ങള്‍ കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കാം.കൃഷി ചെയ്യുമ്പോള്‍ ഒരു വിദ്യാലയം കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് ചെയ്യുന്നത്.




No comments:

Post a Comment