ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 31 January 2015

ദ ഫസ്ററ് ഗ്രേഡര്‍


 The struggle against power is struggle of memory against forgetting.
  

Milan Kundera



കഴിഞ്ഞ ആഴ്ച പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി നടത്തിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു കെനിയയില്‍ നിന്നുള്ള 'ദ ഫസ്ററ് ഗ്രേഡര്‍'(2010/103 മിനുട്ട്).ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് ചാഡ് വിക്കാണ് ഈ സിനിമ സംവിധാനം ചെയ്തത്.

എന്താണ് ഒരു വിദ്യാലയം?വിദ്യാലയത്തിന്റെ സാമൂഹ്യമായ ദൗത്യം എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഈ സിനിമ ഉന്നയിക്കുന്നുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിസ്മൃതിയിലാണ്ടുപോയ ഭൂതകാലത്തെ  ഒരു വിദ്യാലയത്തിന് തിരിച്ചുപിടിക്കാന്‍ കഴിയുമോ?
കഴിയും എന്ന് 'ദ ഫസ്ററ് ഗ്രേഡര്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


എല്ലാവര്‍ക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നല്‍കും എന്ന കെനിയന്‍ സര്‍ക്കാറിന്റെ റേഡിയോയിലൂടെയുള്ള അറിയിപ്പുകേട്ടാണ് 84 വയസ്സുകാരനായ മറുഗെ തന്റെ ഗ്രാമത്തില്‍ പുതുതായി ആരംഭിച്ച  വിദ്യാലയത്തില്‍ ചേരാനെത്തുന്നത്.

നരകയാതനകളുടെ ഒരു ഭൂതകാലമാണ് മറുഗയുടേത്.കെനിയയുടെ മോചനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തന്റെ യൗവ്വനം ഹോമിച്ച ആള്‍.  ഭാര്യയും കുട്ടികളുമടക്കം സര്‍വ്വതും ഈ ചെറുത്തുനില്‍പ്പില്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു.വൃദ്ധനായ മറുഗയെ സംബന്ധിച്ചിടത്തോളം എഴുത്തും വായനയും പഠിക്കുക എന്നത് തന്റെ ഓര്‍മ്മകളെ തിരിച്ചുപിടിക്കലാണ്.അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ,കൊടിയ പീഢനങ്ങളുടെ ഒരു ഭൂതകാലത്തെ ചികഞ്ഞെടുക്കലാണത്.അക്ഷരങ്ങള്‍ ഓര്‍മ്മകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു.അറിവിന് ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. മറവിയുടെ അന്ധകാരത്തെ  തുരത്തിയോടിക്കാനും.

     എണ്‍പത്തിനാലു വയസ്സുകാരനായ മറുഗെ ഒന്നാം ക്ലാസില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇതുകൊണ്ടുതന്നെയായിരിക്കണം.വ്യവസ്ഥാപിത വിദ്യഭ്യാസത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ഈ തീരുമാനം.


കെനിയയുടെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് തകര ഷീറ്റുകള്‍ കൊണ്ട് പുതുതായി   കെട്ടിയുയര്‍ത്തിയ ഒരു വിദ്യാലയത്തിന്റെ മനോഹരമായ ദ്യശ്യങ്ങളാണ് സിനിമയുടെ തുടക്കത്തില്‍ .അതിലെ ഒറ്റ ക്ലാസുമുറി. ഊര്‍ജ്ജസ്വലരായ അമ്പതോളം കുട്ടികള്‍.അവര്‍ക്കിടയില്‍ ചെറുപ്പക്കാരിയായ ഒരധ്യാപിക.അവരുടെ പ്രിയപ്പെട്ട ജെയ്ന്‍ ടീച്ചര്‍.
ടീച്ചര്‍ക്ക് ആ വിദ്യാലയം വളരെ പ്രിയപ്പെട്ടതാണ്.ഈ ജോലി തന്റെ ജീവിതത്തോളം പ്രധാനപ്പെട്ടതാണെന്ന്  ജെയ്ന്‍  തന്റെ ഭര്‍ത്താവിനോട് പറയുന്നുണ്ട്.കുട്ടികളെ അവര്‍ ആഴത്തില്‍  സ്നേഹിക്കുന്നു.കുട്ടികള്‍ക്കിടയിലെത്തുമ്പോള്‍ അവര്‍ കൂടുതല്‍ സന്തോഷവതിയാകുന്നു.ആ സന്തോഷം തന്റെ കുട്ടികളിലേക്കും പ്രകാശം പോലെ പരക്കുന്നു.അവര്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ എളുപ്പം പഠിച്ചെടുക്കുന്നു.


      
 സ്ക്കൂള്‍ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന, ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥിയെക്കണ്ട് ടീച്ചര്‍ അന്ധാളിച്ച് പോകുന്നു.
"കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പഠിക്കാന്‍ കഴിയൂ"
ടീച്ചര്‍ അദ്ദേഹത്തെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു.
"എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.അതുകൊണ്ട് എനിക്കും ഇവിടെ പഠിക്കാന്‍ അവകാശമുണ്ട്.”
മറുഗെ വിട്ടുകൊടുത്തില്ല.ടീച്ചറുടെ സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നു.
പിറ്റേ ദിവസവും മറുഗെ ഗേറ്റിനു മുന്നില്‍ വന്നുനിന്നു അതിനകത്തെ കുട്ടികളെ അസൂയയോടെ നോക്കി.


ഇവിടെ പഠിക്കാന്‍ യൂനിഫോം ആവശ്യമാണെന്നു പറഞ്ഞാണ് ഇത്തവണ ടീച്ചര്‍ അദ്ദേഹത്തെ തിരിച്ചയക്കുന്നത്.
എഴുത്തും വായനയും പഠിക്കാന്‍ അത്രയ്ക്ക് ആഗ്രഹിച്ചുപോയ മറുഗെ പിറ്റേ ദിവസം യൂണിഫോം ധരിച്ചാണ് ഗേറ്റിനു മുന്നിലെത്തുന്നത്.അക്ഷരാഭ്യാസം നേടാനുള്ള ആ വൃദ്ധന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ടീച്ചര്‍ക്ക് കീഴടങ്ങുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു.തന്റെ സഹപ്രവര്‍ത്തകന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ടീച്ചര്‍ അയാള്‍ക്ക് മുന്നില്‍ സ്ക്കൂള്‍ ഗേറ്റ് തുറന്നുകൊടുത്തു.


 ക്ലാസില്‍ പുറകിലെ ബഞ്ചിലിരിക്കാനായിരുന്നു ടീച്ചര്‍ മറുഗെയോടു പറഞ്ഞത്.എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല.തനിക്ക് മുന്നില്‍ തന്നെയിരിക്കണം.കാരണം കണ്ണിനു കാഴ്ചകുറവാണ്.പോരാത്തതിനു കേള്‍വിയും കുറവാണ്.ടീച്ചര്‍ സമ്മതിക്കുന്നു.


    കുട്ടികള്‍ക്കിടയില്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ് മറുഗെ.എഴുത്തും വായനയും മറുഗേയ്ക്ക് എളുപ്പം പഠിച്ചെടുക്കാന്‍ കഴിയുന്നു.പക്ഷേ,മറുഗെ തന്റെ പെന്‍സിലിന് മുനകൂര്‍പ്പിക്കാറില്ല.പുസ്തകം പരിശോധിച്ച ടീച്ചര്‍ അദ്ദേഹത്തോട് മുന കൂര്‍പ്പിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പെന്‍സില്‍ ഷാര്‍പ്പണറിന്റെ കറകറ ശബ്ദം ഭയാനകമായ ഒരു ദ്യശ്യത്തിലേക്കാണ് കട്ട് ചെയ്യുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന മറുഗെ.ബ്രിട്ടീഷ് പോലീസുകാര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കൂര്‍ത്ത പെന്‍സില്‍ കുത്തിയിറക്കുന്നു.തന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുന്നത് അങ്ങനെയാണ്.

 ക്ലാസിലെ കുട്ടികള്‍  മറുഗെയുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി മാറുകയാണ്.കുട്ടികള്‍ മറുഗെയെ തന്റെ കുടുംബത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.തന്റെ കണ്‍മുന്നില്‍ വെച്ച് കൊലചെയ്യപ്പെട്ട  ഭാര്യയേയും കുട്ടികളേയും.ഒഴിവ് സമയങ്ങളില്‍ തന്റെ അരികിലേക്ക് ഓടിയെത്തുന്ന കുട്ടികളെ അദ്ദേഹം 'സ്വാതന്ത്ര്യം' എന്ന വാക്കാണ് പഠിപ്പിക്കുന്നത്."സ്വാതന്ത്ര്യം."എല്ലാവരും ഉച്ചത്തില്‍ ഏറ്റുപറയുന്നു.അത് വിദ്യാലയത്തിലാകെ മാറ്റൊലി കൊള്ളുന്നു.അത് പഠനത്തിന് പുതിയ അര്‍ത്ഥം നല്‍കുന്നു.ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ പാഠം കൂടിയാണത്.

മറുഗെയുടെ സ്ക്കൂള്‍ പ്രവേശനം പത്രത്തില്‍ വാര്‍ത്തയാകുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്.അധികാരികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നു.പക്ഷേ, ടീച്ചര്‍ അതിനു വഴങ്ങുന്നില്ല.ബ്രിട്ടീഷ് അനുകൂലികളും സ്വാതന്ത്ര്യപോരാട്ടത്തില്‍  ഒറ്റുകാരായിനിന്നവരുമാണ് പുതിയ സര്‍ക്കാറില്‍ ഭൂരിപക്ഷവും.മറുഗെയെ പോലുള്ളവര്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവര്‍ക്ക് ദോഷം ചെയ്യും.ടീച്ചര്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു.ഭീഷണികളും അപവാദപ്രചരണങ്ങളും.

മറുഗെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണെങ്കിലല്ലേ പ്രശ്നമുള്ളു.മറുഗയെ ടീച്ചര്‍ തന്റെ അസിസ്റ്റന്റായി നിയമിക്കുന്നു.ടീച്ചറെ നെയ് റോബിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നു.ഭര്‍ത്താവ് അവരോട് രാജിവെക്കാനാണ് ആവശ്യപ്പെടുന്നത്."ഇല്ല. ഞാനെന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും."അവര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

     
തന്റെ കുട്ടികള്‍ നല്ല അച്ചടക്കമുള്ളവരാണെന്ന് ടീച്ചര്‍ ഒരിക്കല്‍ അഭിമാനിക്കുന്നുണ്ട്.അച്ചടക്കമെന്നാല്‍ അനീതിക്കെതിരെ പ്രധിഷേധിക്കല്‍ കൂടിയാണെന്ന് കുട്ടികള്‍ നമുക്ക് കാണിച്ചുതരുന്നു.പുതുതായിവന്ന ടീച്ചര്‍ക്ക് സ്ക്കൂള്‍ ഗേറ്റിനുപുറത്ത് ഗംഭീരമായ സ്വീകരണം ഏര്‍പ്പെടുത്തുകയാണ് സ്ക്കൂള്‍ അധികാരികള്‍.ഒരു നിമിഷം കുട്ടികള്‍ സംഘടിക്കുന്നു.പുതിയ ടീച്ചര്‍ക്കുമുന്നില്‍ ഗേറ്റ് അടച്ചുപൂട്ടുന്നു.അവര്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ടീച്ചര്‍ക്കു നേരെ വലിച്ചെറിയുന്നു.പുതിയ ടീച്ചര്‍ വന്നതുപോലെ തിരിച്ചുപോകുന്നു.

ഒടുവില്‍ ജെയ്ന്‍  ടീച്ചറുടെ പോരാട്ടം വിജയത്തിലെത്തുന്നു.അവര്‍ക്കു മുന്നില്‍ അധികാരികള്‍ മുട്ടുമടക്കുന്നു.


ജെയ്ന്‍ ടീച്ചര്‍ സ്വന്തം സ്ക്കൂളിലേക്ക് തിരിച്ചെത്തുകയും മറുഗെ തന്റെ പഠനം തുടരുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.ടീച്ചറെ സംബന്ധിച്ചിടത്തോളം പഠിപ്പിക്കുക എന്നത് ഒരു പോരാട്ടമാണ്.അത് നിശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ  നാക്ക് വീണ്ടെടുക്കലാണ്.ഇരുട്ടിലേക്ക് ആട്ടിയകറ്റപ്പെട്ടവര്‍ക്ക് മുന്നില്‍  വെളിച്ചം തെളിക്കലാണ്.



എം.എം.സുരേന്ദ്രന്‍



                                                                                                                              

2 comments:

  1. സുരേന്ദ്രട്ടാ നന്നായിരിക്കുന്നു....സിനിമ കാണുക തന്നെ ചെയ്യും

    ReplyDelete