അതൊരു ലളിതമായ യാത്രയയപ്പ് ചടങ്ങായിരുന്നു.ആറാം ക്ലാസുകാര്‍ തങ്ങളുടെ പ്രിയ കൂട്ടുകാരി മഞ്ജുവിന് നല്‍കിയ യാത്രയയപ്പ്.ആത്മാര്‍ത്ഥമായ സ്നേഹപ്രകടനം കൊണ്ട് വേറിട്ടുനിന്ന ഒരു ചടങ്ങ്.
മുതിര്‍ന്നവര്‍ നടത്തുന്ന ഇത്തരം ചടങ്ങുകളിലെ പ്രകടനപരതയും പൊള്ളത്തരവും ഓര്‍ത്ത് പലപ്പോഴും ചിരിക്കാറുണ്ട്.പക്ഷേ കുട്ടികള്‍ അങ്ങനെയല്ല.അവര്‍ പറയുന്നതൊക്കെ ഉള്ളില്‍തട്ടിയാണ്.സത്യസന്ധവും.
മഞ്ജു നവോദയാ സ്ക്കൂള്‍ പരീക്ഷ ജയിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.
"മാഷേ,മഞ്ജു ഞങ്ങളെ വിട്ട് പോകും. ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.”
എനിക്കും വിഷമം തോന്നി.നല്ല ചുറുചുറുക്കുള്ള കുട്ടി.ഏതൊരു കാര്യത്തെക്കുറിച്ചും മഞ്ജുവിന് സ്വന്തമായ അഭിപ്രായമുണ്ട്.നന്നായി വായിക്കും.പഠിക്കും.ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും.
ഇക്കാലംകൊണ്ട് മഞ്ജു ക്ലാസില്‍ അവളുടേതായ ഒരു ഇടം ഉണ്ടാക്കിയെടുത്തിരുന്നു.ആ ഇടം ഇനി ഒഴിഞ്ഞുകിടക്കും.
പക്ഷേ,മഞ്ജുവിന്റെ ജീവിതസാഹചര്യം ഓര്‍ത്തപ്പോള്‍ അവള്‍ പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അങ്ങനെയെങ്കിലും ആ കുട്ടി രക്ഷപ്പെടട്ടെ.
പിറ്റേദിവസം ശിവനന്ദനും ആകാശും നന്ദനയുമൊക്കെ ചേര്‍ന്ന് എന്റെ അടുത്ത് വന്ന് പറഞ്ഞു.
"മാഷേ,മഞ്ജുവിന് ഒരു യാത്രയയപ്പ് നല്‍കണം.ഞങ്ങള്‍ പ്ലാന്‍ ചെയ്തോട്ടേ?”
സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹം കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.ഒരു സമൂഹജീവി എന്നനിലയില്‍ പിരിഞ്ഞുപോകുന്ന ആ കുട്ടിയോട് തങ്ങള്‍ക്ക് ചില ഉത്തരവാദിത്തമുണ്ട്.അവള്‍ക്ക് മാന്യമായ ഒരു യാത്രയയപ്പ് നല്‍കുക എന്നതാണത്.ഇങ്ങനെയുള്ള ഒരു ചിന്തയിലേക്ക് അവര്‍ സ്വയം എത്തിച്ചേര്‍ന്നിരിക്കുന്നു.കുട്ടികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു!ഇത് കുട്ടികളുടെ വളര്‍ച്ച തന്നെയാണ്.
"വലിയ പണച്ചെലവ് വേണ്ട. കഴിയുന്നത്ര ലളിതമാക്കണം.”
ഞാന്‍ പറഞ്ഞു.
മഞ്ജു അറിയാതെ ഒരു ദിവസം അവര്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് രഹസ്യമായി യോഗം ചേര്‍ന്നു.എന്നെക്കൂടി വിളിച്ചിരുന്നു.ഞാന്‍ പോയില്ല.മനപ്പൂര്‍വ്വമായിരുന്നു.എന്റെ ഇടപെടല്‍ അതില്‍വേണ്ട എന്നു കരുതി.യോഗതീരുമാനങ്ങള്‍ അവര്‍ വന്ന് എന്നെ അറിയിച്ചു.
"തിങ്കളാഴ്ച മുതല്‍ മഞ്ജുവരില്ല.അതുകൊണ്ട് ഈ വെള്ളിയാഴ്ചയാണ് യാത്രയയപ്പ്.രാവിലെ ഒന്‍പതരയ്ക്ക്."നവീന്‍ പറഞ്ഞു.
"ഒരു ഹീറോ പേന.ഒരു കുപ്പി മഷി.പിന്നെ എന്നെന്നും ഞങ്ങളെ ഓര്‍ക്കാന്‍ ഒരു കൗതുകവസ്തു.ഇത്രയുമാണ് ഞങ്ങളുടെ എല്ലാവരുടേയും വക അവള്‍ക്കുള്ള സമ്മാനം.ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള സമ്മാനങ്ങള്‍ വേറേയും നല്‍കാം."
ആദര്‍ശ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.അവന്റെ ഗൗരവം കണ്ടപ്പോള്‍ ഞാന്‍ ഉള്ളാലെ ചിരിച്ചു.
"രാഹുലിന്റെ പിറന്നാള്‍ അന്നാണ്.അവന്റെ വക മിഠായിയുമുണ്ടാകും."സനിക പറഞ്ഞു.
"നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന സമ്മാനം ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.എന്താ സമ്മതമാണോ?”
"അതു വേണോ,സാര്‍?"നന്ദന ചോദിച്ചു.
"വേണം.നിങ്ങളുടെ കൂടെ ഞാനും കൂടി എന്നു കരുതിയാല്‍ മതി.”
സാധനം വാങ്ങാന്‍ മൂന്നുപേരെ ചുമതലപ്പെടുത്തി.
യോഗ നടപടികള്‍ അവര്‍തന്നെ തീരുമാനിച്ചു.ആദിത്യ സ്വാഗതം പറയണം.താല്‍ക്കാലിക ലീഡര്‍ ആകാശ് അധ്യക്ഷന്‍. ഞാന്‍ ഉത്ഘാടനം.എല്ലാവരുടേയും വക ആശംസകള്‍.
തലേ ദിവസം കുറച്ച് കുട്ടികള്‍ വന്ന് ഒരു കത്ത് എന്നെ കാണിച്ചു.ഇതായിരുന്നു കത്ത്.
"ഈ കത്ത് കവറിലിട്ട് അവള്‍ക്ക് കൊടുക്കാനാണ് വിചാരിക്കുന്നത്."
ആദിത്യ പറഞ്ഞു.
"അതു പോര. ഈ കത്ത് എല്ലാവരും കേള്‍ക്കേ ഉറക്കെ വായിക്കണം.”
കുട്ടികള്‍ സമ്മതിച്ചു.കത്ത് വായിക്കാന്‍ നന്ദനയെ ചുമതലപ്പെടുത്തി.
അന്നു രാവിലെ നല്ല മഴയുണ്ടായിരുന്നു.കുട്ടികളുടെ ബാഗും ഉടുപ്പുമൊക്കെ നനഞ്ഞിരുന്നു.നനഞ്ഞ ബാഗു തുറന്ന് അവര്‍ കൊണ്ടുവന്ന കൊച്ചു കൊച്ചു സമ്മാനങ്ങള്‍ രഹസ്യമായി എന്നെ കാണിച്ചു. ചുവന്ന റോസാപ്പൂക്കള്‍,പേന,പെന്‍സില്‍,വള,മാല,നോട്ടുപുസ്തകം,ആശംസാകാര്‍ഡുകള്‍,ചിത്രങ്ങള്‍,കൗതുകവസ്തുക്കള്‍.കുഞ്ഞുപാവകള്‍.....കുട്ടികളുടെ സ്നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍
"നന്നായിരിക്കുന്നു."ഞാന്‍ പറഞ്ഞു."എല്ലാം നല്ല സമ്മാനങ്ങള്‍ തന്നെ.”
മഞ്ജു മഴയിലൂടെ നടന്നു വരുന്നത് കുട്ടികള്‍ ദൂരേ നിന്നു തന്നെ കണ്ടു.അവള്‍ ക്ലാസിലേക്കു കയറുമ്പോള്‍ എല്ലാവരും കൈയ്യടിച്ചു.മഞ്ജു അമ്പരന്നു.പതിവില്ലാത്ത കൈയടികേട്ട് അവള്‍ എന്നെ നോക്കി.അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല.രഹസ്യം സൂക്ഷിക്കാന്‍ കുട്ടികള്‍ക്കു കഴിയും എന്ന് എനിക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്.
സ്വാഗതം പറഞ്ഞത് ആദിത്യയായിരുന്നു.ഒന്നാം ക്ലാസ് മുതല്‍ മഞ്ജു എന്റെ ഒപ്പമുണ്ടായിരുന്നു.ഒരു നല്ല കൂട്ടുകാരിയായിരുന്നു അവള്‍.നല്ല സ്നേഹമുള്ളവള്‍.അവള്‍ ഇതുവരേയും എന്നോട് പിണങ്ങിയിട്ടില്ല.എല്ലാവരേയും സഹായിക്കുന്ന മനസ്സായിരുന്നു അവള്‍ക്ക്....ആദിത്യ അവളുടെ ഗുണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്.അവള്‍ക്ക് നല്ല ഒരു ഭാവി ആശംസിച്ച് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു പായ്ക്കറ്റ് അവള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ആദിത്യ അവസാനിപ്പിച്ചത്.പിന്നെ എന്റെ ലഘുപ്രസംഗം.
ശേഷം ഓരോരുത്തരായി വന്ന് അവര്‍ കരുതിയ സമ്മാനങ്ങള്‍ അവളെ ഏല്‍പ്പിച്ചു.ഓരോരുത്തരും അവളെക്കുറിച്ചു സംസാരിച്ചു.വിഷ്ണുനാഥ് അവളെക്കുറിച്ച് ഒരു കവിതതന്നെ എഴുതിക്കൊണ്ടു വന്നിരുന്നു.അതവന്‍ ഭംഗിയായി ചൊല്ലി യവതരിപ്പിച്ചു.അഞ്ചല്‍ അവന്‍ വരച്ച മഞ്ചുവിന്റെ ഒരു ചിത്രമായിരുന്നു അവള്‍ക്ക് സമ്മാനിച്ചത്.
ഇടയ്ക്ക് എപ്പോഴോ മഞ്ചുവിന്റെ കണ്ണു നിറഞ്ഞു.തനിക്ക് ഇത്രമാത്രം ഗുണങ്ങളുണ്ടായിരുന്നെന്നും താനിവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നെന്നും അവള്‍ അറിയുന്നത് ഇപ്പോഴായിരിക്കണം.
മഞ്ജുവിനെക്കുറിച്ച് കുട്ടികള്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി.മഞ്ജുവിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതിലൂടെ അവര്‍ സ്വയം വിമര്‍ശനം നടത്തുകയാണെന്ന്.ക്ലാസില്‍ താന്‍ ആരാണ്?തന്റെ പെരുമാറ്റം എങ്ങനെയാണ്?മറ്റുള്ളവര്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ?ഞാന്‍ എല്ലാവരോടും സ്നേഹത്തോടെയാണോ പെരുമാറുന്നത്?മഞ്ജുവിനെപ്പോലെ ഞാനും അങ്ങനെയാവേണ്ടതല്ലേ?ഇനി ഞാന്‍ എന്റെ പെരുമാറ്റത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്?
ഇങ്ങനെയൊക്കെയായിരിക്കണം അവര്‍ ചിന്തിക്കുന്നത്. കുട്ടികളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍പറ്റിയ ഇതിലും നല്ല സന്ദര്‍ഭം വേറെ ഏതുണ്ട്?
വൈകുന്നേരം സ്പെഷ്യല്‍ അസംബ്ലിക്കുവേണ്ടി ബെല്ലടച്ചു.എന്തിനാണ് അസംബ്ലിയെന്ന് കുട്ടികള്‍ എന്നോടു ചോദിച്ചു.എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഞാന്‍ എത്തുമ്പോഴേക്കും അസംബ്ലി ആരംഭിച്ചിരുന്നു.ഹെഡ്മാസ്റ്ററുടെ തൊട്ടടുത്തായി നില്‍ക്കുന്ന അതിഥിയെ ഞാന്‍ സൂക്ഷിച്ചു നോക്കി-മഞ്ജു!മഞ്ജുവിനുള്ള യാത്രയയപ്പിനു വേണ്ടിയാണ് ഈ അസംബ്ലി.അവളുടെ അമ്മ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഡു കൊടുത്തയച്ചിരിക്കുന്നു!