ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 25 April 2015

ചമഞ്ഞുകളിയിലെ സാങ്കല്പിക സഞ്ചാരങ്ങള്‍

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 2


നീതുവും സൂരജും പൊന്നുവും ചേര്‍ന്ന് ഒരു യാത്ര പോവുകയാണ്.തീവണ്ടിയിലാണ് യാത്ര. ഏണിക്കൂടിനെയാണ് തീവണ്ടിയാക്കിയിരിക്കുന്നത്. തീവണ്ടിയുടെ 'ഝുക്ക് ഝുക്ക് 'ശബ്ദം ഇടയ്ക്കു കേള്‍ക്കാം.പൊന്നുവിന് ജനാലയിലൂടെ നീതു പുറത്തെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുന്നു."നോക്കൂ..വലിയ പുഴ.അതിനപ്പുറമാണ് കടല്‍.ആളുകള്‍ മീന്‍ പിടിക്കുന്നതു കണ്ടോ?”

തീവണ്ടി ചില സ്റ്റേഷനുകളില്‍ നില്‍ക്കുന്നുണ്ട്. അപ്പോള്‍ സൂരജ് പുറത്തിറങ്ങുന്നു.പൊന്നുവിന് വെള്ളവും മിഠായിയും വാങ്ങുന്നു.വണ്ടിയില്‍ തിരിച്ചു കയറുന്നു.അപ്പോള്‍ വണ്ടി നീട്ടിക്കൂവുന്നു.വീണ്ടും 'ഝുക്ക് ഝുക്ക് ' ശബ്ദം കേള്‍ക്കുന്നു.

ഏണിക്കൂടിനെ തീവണ്ടിയായി സ്വയം വിശ്വസിപ്പിക്കണം.അതിന് കുട്ടികള്‍ മൂന്ന് കാര്യങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

ഒന്ന്-ഇടക്കിടെയുണ്ടാക്കുന്ന തീവണ്ടിയുടെ ശബ്ദം,'ഝുക്ക് ഝുക്ക് ' 'കൂ..കൂ.'
രണ്ട്-ഏണിയുടെ കൈവരികള്‍ക്കിടയിലുള്ള വിടവ് ജനാലയായി സങ്കല്‍പ്പിച്ച് അതിലൂടെ കുഞ്ഞിന് പുറത്തെ കാഴ്ചകള്‍ കാണിച്ചുകൊടുക്കലും അതിനെക്കുറിച്ചുള്ള സംഭാഷണങ്ങളും.
മൂന്ന്-തീവണ്ടി സ്റ്റേഷനില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കല്‍.ഇടക്കിടെ ഏണിയില്‍ നിന്നും താഴെയിറങ്ങലും കയറലും.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഏണിക്കൂട്  തീവണ്ടിയായി.  ശരീരം കൊണ്ടുള്ള  ചലനവും ശബ്ദവും തീവണ്ടിയെ ചലിപ്പിക്കുന്നു.

ഏണിക്കൂടില്‍നിന്നും ഒരു തീവണ്ടിയെ മെനഞ്ഞെടുക്കാനും അതിനെ ചലിപ്പിക്കാനും കുട്ടികളുടെ ഭാവനയ്ക്കു മാത്രമേ കഴിയൂ.

എങ്ങോട്ടാണ് ഈ കുടുംബത്തിന്റെ യാത്ര?ഊട്ടിയിലേക്കാണ്.അഞ്ചു ദിവസം അവിടെ അടിച്ചുപൊളിക്കാനാണത്രെ പോകുന്നത്.ആദ്യം വയനാട്ടില്‍ പോകും.അവിടെ എടയ്ക്കല്‍ ഗുഹ കാണും.പിന്നെ ഊട്ടിയിലേക്കു പോകും.അവിടെ നല്ല തണുപ്പാണത്രേ.കുഞ്ഞിന് പനി പിടിക്കുമോ എന്ന സംശയമുണ്ട്.പനി വന്നാല്‍ കൊടുക്കാനുള്ള ഗുളികകള്‍ നീതുവിന്റെ ബാഗിലുണ്ട്.ഊട്ടിയില്‍ നല്ല പൂന്തോട്ടമുണ്ട്.അവിടെ നിറച്ചും ഭംഗിയുള്ള പൂക്കളുണ്ട്.പിന്നെ വലിയ മലകളും കാടുകളുമുണ്ട്.അതൊക്കെ കാണാനാണ് പോകുന്നത്...

കുട്ടികള്‍ തങ്ങളുടെ സാങ്കല്‍പ്പിക യാത്രയ്ക്ക് ഇങ്ങനെയൊരു  ലക്ഷ്യം  തീരുമാനിക്കാന്‍ എന്തായിരിക്കും കാരണം?

ഊട്ടിയിലേക്ക് കുട്ടികള്‍ ഇതുവരെ യാത്രപോയിട്ടില്ല.പക്ഷേ, അവര്‍ തീവണ്ടി യാത്ര നടത്തിയിട്ടുണ്ട്.വീട്ടില്‍ മുതിര്‍ന്ന ആരോ നടത്തിയ യാത്രാ അനുഭവങ്ങളില്‍ നിന്നായിരിക്കണം കുട്ടികള്‍ തങ്ങളുടെ യാത്രയുടേയും ലക്ഷ്യസ്ഥാനം തീരുമാനിച്ചത്.അവരുടെ സംഭാഷണങ്ങളില്‍ നിന്നാകാം ഊട്ടി,വയനാട് തുടങ്ങിയ സ്ഥലമനാമങ്ങള്‍ കുട്ടികളുടെ മനസ്സിലേക്ക് കടന്നു വന്നത്.ആ യാത്രയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അവര്‍   കണ്ടിരിക്കാം.അതുകൊണ്ടായിരിക്കണം ഈ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ അവര്‍ കൃത്യമായും ഓര്‍ത്തുവെച്ചത്. ഇങ്ങനെ ഒരു യാത്ര അവര്‍ നിഗൂഢമായി ആഗ്രഹിച്ചിരുന്നിരിക്കണം.ആ ആഗ്രഹമാണ് അവര്‍ കളിയിലൂടെ ആവിഷ്ക്കരിച്ചത്.

ദൂരസ്ഥലങ്ങളിലേക്ക് തീവണ്ടിയിലാണ് യാത്രചെയ്യുക എന്നവര്‍ക്കറിയാം.അതുകൊണ്ടാണ് വയനാട്ടിലേക്കും ഊട്ടിയിലേക്കും തീവണ്ടിയില്‍ തന്നെ യാത്രതിരിച്ചത്!

"ഊട്ടി എത്തി."സൂരജ് വിളിച്ചു പറഞ്ഞു.
വണ്ടി സ്റ്റേഷനില്‍ നിന്നു.എല്ലാവരും ഇറങ്ങി.നല്ല തണുപ്പ്.
കുട്ടികള്‍ തണുപ്പ് അഭിനയിച്ചുകൊണ്ട് ഹാളിലൂടെ നടന്നു.പതുക്കെ വീടിനു പുറത്തിറങ്ങി.കത്തുന്ന വെയില്‍.പറമ്പിലെ വൃക്ഷങ്ങളുടെ തണല്‍പറ്റി അവര്‍ നടക്കുകയാണ്.അവര്‍ ഊട്ടിയിലാണിപ്പോള്‍.ഊട്ടിയിലെ തണുത്ത കാറ്റ് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
"ദാ,വലിയ മല!"പറമ്പിനു മൂലയില്‍ നില്‍ക്കുന്ന പ്ലാവിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.
അവന്‍ പൊന്നുവിനെ എടുത്ത് മല കാണിച്ചു കൊടുത്തു.

"ആ പൂന്തോട്ടം കണ്ടോ.നമുക്ക് അവിടെ പോയിരിക്കാം."അവര്‍ മറ്റൊരു മരച്ചുവട്ടിലേക്കു നടന്നു.
"ഹായ്!ഈ പൂന്തോട്ടം കാണാന്‍ എന്തു രസം!"നീതു പറഞ്ഞു.അവര്‍ മരച്ചുവട്ടിലിരുന്നു.
"ഓ..പൊന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു.അവള്‍ക്ക് വിശക്കുന്നു.നമുക്ക് ഇവള്‍ക്ക് എന്തെങ്കിലും വാങ്ങിക്കടുക്കാം.ഹോട്ടല്‍ എവിടെ?”നീതു ചോദിച്ചു.
"ദാ..അവിടെ ഒരു ഹോട്ടലുണ്ട്.നമുക്കങ്ങോട്ടു പോകാം.”

പറമ്പിന്റെ ഓരോ ഇടങ്ങളിലേക്കാണ് അവര്‍ ചൂണ്ടുന്നത്.പറമ്പ് മുഴുവന്‍ ഊട്ടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു.ഊട്ടിയിലെ വിവിധ സ്ഥലങ്ങളിലൂടെ അവര്‍ സഞ്ചരിക്കുകയാണ്.ഊട്ടിയിലെ പുഴകള്‍,മലകള്‍,പൂന്തോട്ടങ്ങള്‍,ഹോട്ടലുകള്‍...

കുട്ടികള്‍ ഫാന്റസിയുടെ ലോകത്താണ്.അവര്‍ ഭാവനയില്‍ ഒരു ഊട്ടി കെട്ടിപ്പൊക്കിയിരിക്കുന്നു.അതിനു വേണ്ടിവന്ന അസംസ്കൃതവസ്തുക്കളോ?ഊട്ടിയിലേക്ക് യാത്രചെയ്ത മുതിര്‍ന്ന ഒരാളുടെ സംഭാഷണങ്ങളും ആ യാത്രക്കിടയിലെടുത്ത ചില   ഫോട്ടോകള്‍ കണ്ട ഓര്‍മ്മയും.അതും മാസങ്ങള്‍ക്കു മുമ്പേ.അത് അവരില്‍ ആരുടേയോ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നിരിക്കണം.അനുകൂലമായ കാലാവസ്ഥയില്‍  അതിനു മുളപൊട്ടി.കളിയിലൂടെ മറ്റൊരാളുടെ അനുഭവത്തെ അവര്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.തങ്ങള്‍ ഊട്ടിയിലാണെന്ന് അവര്‍ സ്വയം വിശ്വസിപ്പിച്ചു.ആ അനുഭവത്തെ വിശകലനം ചെയ്തു.പുതിയ അര്‍ത്ഥം നല്‍കി.അതിനെ പുതിയ ഒരു അറിവാക്കിമാറ്റി മനസ്സില്‍ സൂക്ഷിച്ചു.

ഊട്ടിയാത്ര തീം ആയ ഈ കളിക്ക്  കുട്ടികളുടെ സാധാരണ  കളികളില്‍ നിന്നും ഒരു പ്രധാന വ്യത്യാസമുണ്ട്.സാധാരണയായി കുട്ടികള്‍ അവരുടെ അനുഭവങ്ങളാണ് കളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.ദിവസേനയെന്നോണം കുട്ടികള്‍ക്കുണ്ടാകുന്ന പുതിയ അനുഭവങ്ങള്‍.എന്നാല്‍ ഈ കളിയില്‍ മറ്റൊരാളുടെ അനുഭവമാണ് കുട്ടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതും യാത്രാനുഭവം.ബസ്സ് യാത്ര
തീം ആയിവരുന്ന കളികളെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്തിരുന്നു.അവിടെ ഡ്രൈവറും കണ്ടക്ടറുമാണ് കഥാപ്പാത്രങ്ങള്‍.എന്നാല്‍ ഇവിടെ കുട്ടികള്‍ സ്വയം സഞ്ചാരികളായി മാറിയിരിക്കുന്നു. ഇത് അവരുടെ കളിയിലെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.കുട്ടികളുടെ ഉയര്‍ന്ന മാനസിക ശേഷിയുടെ ആവിഷ്ക്കാരമാണ് നാം കളിയില്‍ കാണുന്നത്. .യഥാര്‍ത്ഥ ലോകത്തിലെ പ്രതീകങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു അയഥാര്‍ത്ഥ ലോകത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നു.അവിടെ തങ്ങള്‍ മറ്റാരോ ആണ്.ആ മറ്റാരുടേയോ കാഴ്ചപ്പാടിലൂടെയാണ് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ലോകത്തെ അവര്‍ കാണുന്നതും അതിന് അര്‍ത്ഥം കൊടുക്കുന്നതും.

പെട്ടെന്നാണ് കളിയില്‍ ഒരു തര്‍ക്കം ഉടലെടുത്തത്.

"ദാ..പയ്യന്നൂര്‍ ഫെസ്റ്റ്."ഒരു മുലയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് സൂരജ് പറഞ്ഞു.
"ഇനി നമുക്ക് പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോകാം.”
പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോയ അനുഭവം അവനുണ്ട്.കളിയെ ഇനിയും മുന്നോട്ടു കൊണ്ടുപോകണം.അതിന് അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അത്.
"ഊട്ടിയില്‍ പയ്യന്നൂര്‍ ഫെസ്റ്റ് ഉണ്ടാവ്വോ?”
നീതു ചോദിച്ചു."പയ്യന്നൂര്‍ ഫെസ്റ്റ് പയ്യന്നൂരില്‍ മാത്രമല്ലേ ഉണ്ടാവൂ?”
"അല്ല.ഊട്ടിയിലും ഉണ്ടാവും."സൂരജ് ഉറപ്പിച്ചു പറഞ്ഞു.
"ഇല്ല.ഉണ്ടാവില്ല.”നീതുവിന്റെ ശബ്ദം കനത്തു.
"നീ പോടീ..”
"നീ പോടാ...”
സൂരജ് കളിയിലെ നിയമം തെറ്റിച്ചിരിക്കുന്നു.സങ്കല്‍പ്പത്തിനും ചില ലോജിക്കുകളുണ്ട്.അതു തെറ്റിച്ചാല്‍ കളിയുടെ രസം പോയി.
നീതു പിണങ്ങിപ്പോയി.
അതോടെ കളി അവസാനിച്ചു.





1 comment:

  1. ജയശ്രീ ടീച്ചറുടെ പ്രതികരണം
    Jayasree Kulakkunnathu കുട്ടികളുടെ ചിന്തകളെ അറിയുക ...അതിനു പുറകെ സഞ്ചരിക്കുക ...കൌതുകമുള്ള കാര്യം തന്നെ .ഇത്തരം കുട്ടികളെയാണല്ലോ അടച്ചിട്ട ക്ലാസ്സ്മുറിയില്‍ വരണ്ട പ്രവര്‍ത്തനങ്ങള്‍ നല്‍കി നമ്മള്‍ തടവിലാക്കിയിരിക്കുന്നത്?സത്യത്തില്‍ പേടി തോന്നുന്നു. .സര്‍ഗാത്മക ലോകത്തില്‍ മനോവ്യാപാരങ്ങളിലൂടെ അവര്‍ സൃഷ്ടിച്ചെടുക്കുന്ന നിറമുള്ള കാഴ്ചകള്‍ കാണാന്‍ ....അറിയാന്‍ ..അനുഭവിക്കാന്‍ ..അനുവദിക്കാത്ത നമ്മള്‍ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ ശത്രുക്കള്‍ തന്നെയല്ലേ ?
    ഇപ്പോള്‍ വളര്‍ന്നു വരുന്ന തലമുറ പ്രായമയവരോട് കാണിക്കുന്ന അവഗണന അവര്‍ എവിടെ നിന്നും പഠിച്ചു ?ആര് പഠിപ്പിച്ചു ? നമ്മള്‍ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പഠിക്കാന്‍ മാത്രം നിര്‍ബന്ധിക്കുന്നു .കളിയ്ക്കാന്‍ അനുവദിക്കുന്നില്ല.അവരുടെ താത്പര്യങ്ങളെയോ അഭിരുചികളെയോ അറിയാന്‍ ശ്രമിക്കുന്നില്ല അവര്‍ക്ക് അവരുടെ നിറമുള്ള ലോകത്ത് വിഹരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ല . അവരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് നമ്മുടെ ഭാഷ്യം . കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുന്ന സമയത്ത് നടത്തി ക്കൊടുത്ത അച്ഛനെനോടും അമ്മയോടും കരുതല്‍ കാണിക്കാതിരിക്കാന്‍ കുഞ്ഞുക്കാവില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു .അതുകൊണ്ട് ഭാവിയെ ഓര്‍ത്ത് കുഞ്ഞുങ്ങളുടെ ബാല്യ കൌതുകങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ ഓര്‍ക്കണം മക്കള്‍ തങ്ങളെയും ഒരു വലിയ വീടിന്റെയുള്ളില്‍ തടവില്‍ ഇടുന്ന കാലം വിദൂരത്തല്ല എന്ന് .കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നത് സ്വന്തം അച്ഛനെയും അമ്മയെയും അവരുടെ ചെയ്തികളെയും ആണ് .അഭിയേയും കാര്‍ത്തുവിനെയും പോലെ തന്നെ.

    ReplyDelete