ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 18 April 2015

കുട്ടികള്‍ ഇങ്ങനെയാണ് ജീവിതം പഠിക്കുന്നത്

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 1


Play is not only a release of surplus energy as is popularly believed, nor merely a means of amusement, nor an escape from reality. It is the means of organization and development of the physical, emotional, social life, and expression of the social and emotional elements which constitute the basis upon which a healthy, morally stabilized life rests. Play also contributes to sound intellectual achievement.

Neva Boyd

ഇത് കാര്‍ത്തുവും അഭിയും.രണ്ടുപേരും 'കഞ്ഞീം കറീം' വെച്ചു കളിക്കുകയാണ്.ഒരുതരം ചമഞ്ഞുകളി(dramatic play).അവധിക്കാലത്തെ അവരുടെ പ്രധാനകളിയാണിത്.കളിക്കണമെങ്കില്‍ അവര്‍ക്ക് സ്വന്തമായി ഒരു  വീടുവേണം.പഴയ സാരിയും തുണികളും കമ്പുകളും മറ്റും അവര്‍ തന്നെ കൊണ്ടുവന്നു.വീടു കെട്ടാന്‍ എന്റെ ചെറിയൊരു സഹായം ആവശ്യമായി വന്നു.പിന്നീട് കളി തുടങ്ങി.

വീടിന്റെ അകവും പുറവുമൊക്കെ നിമിഷനേരംകൊണ്ട്  മറ്റൊരു ലോകമായി മാറി.അഭി സൂരജ് ആയി.പൊന്നു എന്ന പാവക്കുട്ടിയുടെ അച്ഛന്‍.കാര്‍ത്തു നീതുവായി.പൊന്നുവിന്റെ അമ്മ.വീടിനകത്തുനിന്നും ഇടയ്ക്ക് താരാട്ടുപാട്ട് കേള്‍ക്കും. അമ്മ കുഞ്ഞിനെ ഉറക്കുകയാണ്.ചിലപ്പോള്‍ കുഞ്ഞുമായുള്ള ദീര്‍ഘമായ സംഭാഷണം കേള്‍ക്കാം.അതിനെ കൊഞ്ചിക്കുന്നതു കേള്‍ക്കാം.അല്ലെങ്കില്‍ വലിയ ശബ്ദത്തില്‍ ശാസിക്കും.അടിയുടെ ശബ്ദം കേള്‍ക്കും.പാവക്കുട്ടിക്ക് കരയാന്‍ കഴിയില്ലല്ലോ.അപ്പോള്‍ എന്തു ചെയ്യും? അതിനുമുണ്ട് വഴി.അമ്മ ശബ്ദം മാറ്റി കരയും. പൊന്നുവിന്റെ ശബ്ദത്തില്‍.
അരിശം തീരാഞ്ഞ് നീതു സൂരജിനെ വിളിക്കും.പൊന്നുവിന്റെ വികൃതികളെക്കുറിച്ച്  പരാതി പറയും.ഈ സമയം സൂരജ് സൂപ്പര്‍ മാര്‍ക്കറ്റിലായിരിക്കും.പൊന്നുവിന് ഫോണ്‍ കൈമാറാന്‍ പറയും.പൊന്നുവിനെ ഗുണദോഷിക്കും."അച്ഛന്‍ വരുമ്പോള്‍ ചോക്ലേറ്റ് കൊണ്ടുവരാം. നല്ല കുട്ടിയായിരിക്കണം.കേട്ടോ?”



വീട് മാത്രമല്ല,വീടിനു ചുറ്റുമുള്ള സ്ഥലങ്ങളും  കളിയിലെ പ്രധാനപ്പെട്ട ചില ഇടങ്ങളാണ്.ചിലപ്പോള്‍ അത് സൂപ്പര്‍ മാര്‍ക്കറ്റായിരിക്കും.അല്ലെങ്കില്‍ അംഗന്‍ വാടി.അതുമല്ലെങ്കില്‍ ആശുപത്രി.ചിലനേരങ്ങളില്‍ അതു കല്യാണമണ്ഡപമായി മാറും.ഈ സ്ഥലം നിമിഷനേരം കൊണ്ടാണ് മറ്റൊന്നാക്കി മാറ്റുന്നത്.ഒരു ഷാള്‍ വിരിച്ചാല്‍ അതു കല്യാണമണ്ഡപമായി.ഒരു സൂപ്പര്‍ മാര്‍ക്കറ്റുണ്ടാക്കണമെങ്കില്‍ ഒരു വടി കുത്തനെ നിര്‍ത്തിയാല്‍ മതി.അല്ലെങ്കില്‍ ഒരു സ്ഥലം മാര്‍ക്കുചെയ്ത് അത് അംഗന്‍ വാടിയെന്ന് പറഞ്ഞുകൊണ്ട് എസ്റ്റാബ്ലിഷ് ചെയ്യും.ഈ സ്ഥലങ്ങള്‍ രൂപപ്പെട്ടുവരുന്നത് കുട്ടികളുടെ ഭാവനയിലാണ്.വീട്ടില്‍ നിന്നും ഈ പരിസരങ്ങളിലേക്കുള്ള ഇടയ്ക്കിടേയുള്ള സാങ്കല്‍പ്പിക സഞ്ചാരമാണ് കളിയെ ചലനാത്മകമാക്കുന്നത്.കളിക്കിടയില്‍ നാടകീയമായ ട്വിസ്റ്റുകളുണ്ടാകും. പൊടുന്നെ ഒരു പ്രശ്നം ഉടലെടുക്കുന്നു.കുഞ്ഞിന് അസുഖം കൂടുന്നത്,വീട്ടില്‍ കള്ളന്‍ കയറുന്നത്,സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു വാഹനാപകടം...ഒക്കെ കളിക്കിടയിലെ സ്വാഭാവികമായ ക്ലൈമാക്സുകളാണ്.ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും പരിഹരിച്ചും കൊണ്ടാണ് കളി മുന്നോട്ടുപോകുന്നത്.


ഈ വീട്ടിനകത്തിരുന്നാണ് കുട്ടികള്‍ ദിവസം മുഴുവനും കളിക്കുക എന്നു കരുതുകയാണെങ്കില്‍ തെറ്റി.ഏറിയാല്‍ ഒരു മണിക്കൂര്‍ സമയം.അപ്പോഴേക്കും വീടിനെചുറ്റിപ്പറ്റിയുള്ള കളി അവസാനിപ്പിക്കും.പിന്നീട് ചിലപ്പോള്‍ മറ്റു  സമയങ്ങളില്‍ അവര്‍ ഇതിനകത്തേക്ക് തിരിച്ചു വന്നേക്കും.പുതിയ കഥാപ്പാത്രങ്ങളായി.അപ്പൂപ്പനും അമ്മൂമ്മയുമായി.അല്ലെങ്കില്‍ ചേച്ചിയും അനുജനുമായി.ഇത്തവണ വീടിനെ ഒരു അമ്പലമാക്കി അവര്‍ മാറ്റിയിരിക്കും.
അമ്പലത്തിലെ പ്രതിഷ്ഠയും പൂജാരിയും ചെണ്ടക്കാരും ഒക്കെയായി അവര്‍ മാറും.


വീടുകളി മതിയാക്കിയാല്‍ അല്പ സമയത്തെ ഇടവേളയുണ്ടാകും.പിന്നീട് വീണ്ടും കൂടിയാലോചിക്കും.വീട്ടുമുറ്റത്തെ മരത്തണലിലേക്ക് പോകും.അവിടെയിരുന്ന് ബസ്സ് കളിക്കും.വീടിനുപകരം കളിയിലെ തീം ബസ്സും യാത്രയുമായിരിക്കും.രണ്ടുപേരും കൂടിയാലോചിച്ച് ഒരു പ്ലോട്ട് തയ്യാറാക്കും.ആപ്ലോട്ട് പ്രകാരം തന്നെ കളി മുന്നോട്ട് പോകണമെന്നില്ല.എങ്കിലും കൂടിയാലോചനയിലൂടെ ഒരു ധാരണയിലെത്തും.കളിക്ക് ആവശ്യമായ സാധനങ്ങളൊക്കെ രണ്ടുപേരും ചേര്‍ന്ന് ശേഖരിച്ചു വരും. ബസ്സ് കെട്ടിയുണ്ടാക്കും.അബിയാണ് എപ്പോഴും ഡ്രൈവര്‍.കാര്‍ത്തു കണ്ടക്ടറും.യാത്രയില്‍ അറിയാവുന്ന സ്ഥലങ്ങളുടെ പേരുകളൊക്കെ വിളിച്ചു പറയും.ആളുകള്‍ കയറുന്നതും ഇറങ്ങുന്നതുമൊക്കെ കണ്ടക്ടറുടെ മോണോലോഗിലൂടെയാണ് അവതരിപ്പിക്കുക. 


"ണീം....."കണ്ടക്ടര്‍ ശബ്ദമുണ്ടാക്കുന്നു.
 ഡ്രൈവര്‍ ബ്രേക്കിടുന്നു.
"ആ ഡോറൊന്ന് തുറന്നു കൊടുക്കൂ..."ക്ലീനറോടാണ്.
"എങ്ങോട്ടാണ്?"ബസ്സില്‍ കയറിയ യാത്രക്കാരനോട് കണ്ടക്ടര്‍.
"ഓ..കണ്ണൂരേക്കോ?ഇതാ ടിക്കറ്റ്.  അമ്പത് രൂപാ..'
കൈയ്യിലുള്ള കടലാസില്‍ പോകേണ്ടുന്ന സ്ഥലവും ടിക്കറ്റ് ചാര്‍ജും എഴുതി മുറിച്ചു കൊടുക്കുന്നതുപോലെ കാണിച്ച് താഴെയിടുന്നു.
"ങേ..നൂറു രൂപയോ?ചില്ലറയില്ല.ബാക്കി പിന്നെത്തരാം...”


ബസ്സില്‍ കയറാന്‍ ആളുകളില്ലാതെ വരുമ്പോള്‍ പിന്നെ എന്തു ചെയ്യും?കണ്ടക്ടറുടെ ആത്മഭാഷണങ്ങള്‍വഴി ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന യാത്രക്കാരെയും      വഹിച്ചുകൊണ്ടാണ് ബസ്സിന്റെ തുടര്‍ന്നുള്ള സഞ്ചാരം.

ചിലപ്പോള്‍ ഒരു മുറി മുഴുവന്‍ ബസ്സായി സങ്കല്‍പ്പിക്കും.അവിടെ നിരത്തിയിട്ട കസേരകളും സ്ററൂളും സീറ്റുകളാക്കും.യാത്രക്കാരായി പാവക്കുട്ടികളുണ്ടാകും.ഡ്രൈവറുടെ സീറ്റിനുമുന്നില്‍ കടലാസില്‍ സ്ഥലനാമങ്ങളെഴുതി ഒട്ടിക്കും.ഒരു ദിവസം ചുമരിലും വാതിലിനു പുറകിലും മറ്റുമായി ചോക്കുകൊണ്ട് എഴുതിയിട്ടിരിക്കുന്നതു കണ്ടു.'കൈയും തലയും പുറത്തിടരുത്','പുകവലി പാടില്ല','സ്ത്രീകള്‍' …



കളിയില്‍ ഇടയ്ക്കിടെ കടന്നുവരുന്ന മറ്റൊരു തീം ബേങ്ക് ആണ്.ഒരു മുറിക്ക് അകത്തും പുറത്തുമായി നിന്ന് ജനാലയിലൂടെയാണ് ഇടപാട്.അഭിയായിരിക്കും എപ്പോഴും ബേങ്ക് മാനേജര്‍.കാര്‍ത്തുവാണ് കസ്റ്റമര്‍.പണം ഡപ്പോസിറ്റ് ചെയ്യാനും
എടുക്കാനുമാണ് അവള്‍ വരുന്നത്.ബേങ്കില്‍ കംപ്യൂട്ടറുകളും മറ്റു സംവിധാനങ്ങളുമുണ്ട്.അവള്‍  ഡപ്പോസിറ്റ് ചെയ്യുന്ന പണം അഭി എഴുതി വയ്ക്കും.പിന്നീട് കൂട്ടി നോക്കും....


മിക്കവാറും എല്ലാദിവസങ്ങളിലും ആവര്‍ത്തിച്ചു കളിക്കുന്ന ഒരു കളിയുണ്ട്.തെയ്യം കെട്ടിക്കളി.ചെണ്ട കൊട്ടുന്നതില്‍ വിദഗ്ദനാണ് അബി.മുത്തപ്പന്റെയും ചാമുണ്ഡിയുടേയും വ്യത്യസ്തമായ താളത്തിലുള്ള കൊട്ട് അഭിയ്ക്കറിയാം.അതുകൊണ്ട് കാര്‍ത്തുവിനെയാണ് മുത്തപ്പന്‍ കെട്ടുക.പൗഡറും കുങ്കുമവും മറ്റും ഉപയോഗിച്ച് തെയ്യത്തിന് മുഖത്തെഴുതുന്നത് അഭിയാണ്.മുടികെട്ടിയുറപ്പിക്കാന്‍ മുതിര്‍ന്നവരുടെ സഹായം തേടും.തോറ്റം പാട്ടിന്റേയും വാദ്യത്തിന്റേയും വായകൊണ്ടുള്ള വെടിക്കെട്ടിന്റേയുമൊക്കെ അകമ്പടിയോടെയാണ് തെയ്യത്തിന്റെ പുറപ്പാട്.തെയ്യത്തിന്റെ ഉറയലും ഉരിയാടലുമൊക്കെയുണ്ടാകും.ഇതില്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്കും റോളുണ്ട്.അവര്‍ പോയി തെയ്യത്തെ തൊഴണം എന്നാണ് ചട്ടം.


ചാമുണ്ഡിയെ കെട്ടുന്നത് അഭിതന്നെയാണ്.അപ്പോള്‍ ചെണ്ടകൊട്ടുന്നത് കാര്‍ത്തുവാണ്.പക്ഷേ,കാര്‍ത്തുവിന് താളത്തില്‍  ചെണ്ടകൊട്ടാനറിയില്ല.അപ്പോള്‍ തെയ്യം ചെണ്ടക്കാരിയെ വഴക്കു പറയും. അവള്‍ പിണങ്ങിപ്പോകും.അതോടെ തെയ്യംകെട്ടിക്കളി അവസാനിക്കും.ദിവസം അര മണിക്കൂര്‍ സമയമേ തെയ്യംകെട്ടിക്കളി നീണ്ടുനില്‍ക്കൂ.

കളിയിലെ മറ്റൊരു തീം കല്യാണമാണ്.വീട്ടിലെ ഏതെങ്കിലും മുറിയിലിരുന്നാണ് ഇതു കളിക്കുക.അഭി വരനായും കാര്‍ത്തു വധുവായും അണിഞ്ഞൊരുങ്ങും.വധു കൈയില്‍ തളികയും പിടിച്ച്  വിവാഹ വേദിയിലേക്ക് മന്ദംമന്ദം നടന്നു വരും.അല്പം കഴിഞ്ഞാല്‍ വരനുമെത്തും.പിന്നെ വിവാഹം.അതു കഴിഞ്ഞാല്‍ വിവാഹസദ്യയുണ്ടാകും.സദ്യയുണ്ണാന്‍ എല്ലാ പാവക്കുട്ടികളും നിരന്നിരിക്കും....


കഴിഞ്ഞ അവധിക്കാലത്ത് ഈ കുട്ടികളുടെ ചമഞ്ഞുകളിയെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു.അഭിക്ക് ഏഴുവയസ്സും കാര്‍ത്തുവിന് എട്ടു വയസ്സും പൂര്‍ത്തിയായിരിക്കുന്നു.കടന്നുപോയ ഒരുവര്‍ഷം ഇവരുടെ കളിയില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്നു നിരീക്ഷിക്കുകയായിരുന്നു ഞാന്‍.

കുട്ടികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളാണ് ചമഞ്ഞുകളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.തങ്ങള്‍ സാധാരണ പെരുമാറുന്ന ഇടങ്ങളില്‍ കണ്ടുമുട്ടുന്ന  മനുഷ്യരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും ധാരണകളും വികസിക്കുന്നതിനനുസരിച്ച് കളി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.വര്‍ദ്ധിച്ചുവരുന്ന ലോകപരിചയം വിശകലനം ചെയ്യുന്നത് കളിയില്‍ പുതിയ തീമുകള്‍ ഉണ്ടാക്കിക്കൊണ്ടാണ്.ബാങ്ക് പോലുള്ള തീമുകള്‍ കളിയില്‍ സ്ഥാനം പിടിക്കുന്നത് അങ്ങിനെയാണ്.വീടും കുടുംബവും പോലുള്ള തീമുകള്‍ കൂടുതല്‍ സൂക്ഷ്മതയോടേയും വിശദാംശങ്ങളോടെയുമാണ് കൈകാര്യം ചെയ്യപ്പെടുന്നത്.രണ്ടുപേരുടേയും പരസ്പര സംഭാഷണങ്ങളിലൂടേയും ഒറ്റയ്ക്കുള്ള ആത്മഭാഷണങ്ങളിലൂടേയും പകര്‍ന്നാട്ടത്തിലൂടേയും മുതിര്‍ന്നവരുടെ ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ നീരീക്ഷണങ്ങളും വിമര്‍ശനങ്ങളും വിശകലനങ്ങളും കളിയിലൂടെ ആവിഷ്ക്കരിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്.കളിയിലൂടെ അവര്‍ ജീവിതത്തെ പഠനവിധേയമാക്കുന്നു.


കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ തീമുമായി ബന്ധപ്പെട്ട് പ്ളോട്ട് തയ്യാറാക്കിക്കൊണ്ടാണ് കുട്ടികള്‍ കളിക്കുന്നത്.കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ് രണ്ടുപേരും  ചര്‍ച്ച ചെയ്ത് ഒരു പ്ളോട്ട് തീരുമാനിക്കും.ഒപ്പം റോളുകളും നിശ്ചയിക്കും.പിന്നീടാണ് കളിക്കുന്നത്.കളിക്കിടയില്‍ അപ്പപ്പോള്‍ തോന്നുന്ന മാറ്റങ്ങള്‍ വരുത്തിയേക്കും.ഇങ്ങനെ ഒരു തീമിലെ കളിയില്‍ത്തന്നെ ഒന്നിലധികം  പ്ലോട്ടുകള്‍ ഉണ്ടാകും.വീട് കളിക്കിടയില്‍ കുട്ടികള്‍ ഉണ്ടാക്കിയ ഒരു പ്ലോട്ട് നോക്കുക.

'രാത്രി.രണ്ടുപേരും കിടന്നുറങ്ങുന്നു.അപ്പോള്‍ പാദസരം കിലുങ്ങുന്നത് കേള്‍ക്കുന്നു.അടുത്ത വീട്ടിലെ ചേച്ചി നടന്നുപോകുന്നതാണെന്നുകരുതി ചേച്ചിയെ വിളിച്ചു ചോദിക്കുന്നു.അപ്പോഴാണ് അറിയുന്നത് ചേച്ചിക്ക് പാദസരമേയില്ല.അപ്പോള്‍ പേടിയാകുന്നു.അതൊരു പ്രേതം നടക്കുന്ന ശബ്ദമാണ്.പെട്ടെന്ന് പ്രേതം വരുന്നു.രണ്ടുപേരും പേടിച്ച് കട്ടിലിനടിയില്‍ ഒളിക്കുന്നു....'

ഈ കഥാതന്തു രണ്ടുപേരും ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയതാണ്. ഇതിനെയാണ് പിന്നീട് ആവിഷ്ക്കരിച്ചത്.ഇതില്‍ പ്രേതവും വീട്ടുകാരനും ഒരാള്‍തന്നെയായി.

കാര്‍ത്തുവും അഭിയും ഇതിനകം എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞു.അത്യാവശ്യം വേണ്ട ഗണിതശേഷികളും നേടിക്കഴിഞ്ഞു.എഴുത്തിന്റേയും ഗണിതത്തിന്റേയും സാധ്യതകള്‍ അവര്‍ കളിയില്‍ പ്രയോജനപ്പെടുത്തുന്നതു കണ്ടു.ബസ്സ് കളിയിലും ബാങ്ക് കളിയിലുമൊക്കെ ഇതു കാണാം. കടലാസു തുണ്ടുകള്‍ തുന്നിക്കെട്ടി കൂപ്പണ്‍ ഉണ്ടാക്കി അമ്പലത്തില്‍ ഉത്സവത്തിന് പണപ്പിരിവ് നടത്തുക എന്നതാണ് മറ്റൊരു കളിയിലെ തീം.ഒടുവില്‍ കിട്ടിയ പണം കൂട്ടിനോക്കും.വീടുകളിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു പോകുന്ന ഭര്‍ത്താവിന്റെ കൈവശം ഭാര്യ വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി നല്‍കുന്നതും ഇടയ്ക്കു കാണാം.എഴുത്തും വായനയും കണക്കുകൂട്ടലുമൊക്കെ നിത്യജീവിതത്തില്‍ നിന്നും എങ്ങനെ ഒഴിവാക്കാനാണ്?

കളിക്കിടയില്‍ ഒരാള്‍ തന്നെ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നത് കളിയിലെ ഒരു വളര്‍ച്ച തന്നെയാണ്. പ്ലോട്ടുകള്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ കൂടുതല്‍ കഥാപ്പാത്രങ്ങള്‍ വരുന്നു.കളിക്കാനാണെങ്കില്‍ രണ്ടുപേര്‍മാത്രമേയുള്ളുതാനും.അപ്പോള്‍ ഒരാള്‍തന്നെ വിവിധ റോളുകള്‍ ചെയ്താല്‍ മാത്രമേ കളിയെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമാകൂ.കളിക്കിടയില്‍ ഒരു റോളില്‍ നിന്നും മറ്റൊന്നിലേക്ക് പെട്ടെന്ന് മാറാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല.ഉയര്‍ന്ന മാനസികശേഷി കൈവരിക്കുന്നതിലൂടെയാണ് അവര്‍ക്കതിനു കഴിയുന്നത്.

കളിയിലെ വളര്‍ച്ചയുടെ മറ്റൊരു സൂചനയായി കാണുന്നത് കളിയില്‍ പ്രതീകങ്ങള്‍ (symbols) ധാരാളമായി  ഉപയോഗിക്കുന്നു എന്നതാണ്. പ്രതീകങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കളിയിടത്തില്‍ കളിക്കാവശ്യമായ ഒരു പരിസരം സൃഷ്ടിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.ഒരു ഷാള്‍ വിരിച്ച് ഒരു കല്യാണമണ്ഡപം സൃഷ്ടിക്കാനും ഒരു വടി കുത്തനെ നിര്‍ത്തി ഒരു സൂപ്പര്‍മാര്‍ക്കറ്റുണ്ടാക്കാനും ഈ വിദ്യയിലൂടെ കുട്ടികള്‍ക്ക് കഴിയും.കുട്ടികളുടെ അമൂര്‍ത്ത ചിന്താശേഷി(abstract thinking)  വികസിപ്പിക്കാന്‍ ഈ കളിയിലൂടെ സാധ്യമാകും എന്നുപറയുന്നത് അതുകൊണ്ടാണ്. 

ചമഞ്ഞുകളി കുട്ടികളുടെ അവകാശമാണ്.അവരുടെ ആഹാരവും സ്നേഹവും സുരക്ഷിതത്വവും പോലെ പ്രധാനപ്പെട്ട ഒന്ന്.

(തുടരും...)



എം.എം.സുരേന്ദ്രന്‍

No comments:

Post a Comment