ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 2 May 2015

പാവക്കുട്ടിയും പൗഡര്‍ടിന്നും

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 3


Imagination is an expected outcome of play, not a prerequisite for it.
Vygotsky

സൂരജിനും നീതുവിനും കല്യാണത്തിനു പോണം.നീതുവിന്റെ കൂട്ടുകാരിയുടെ കല്യാണമാണ്.രണ്ടുപേരും ഒരുങ്ങിപ്പുറപ്പെടാന്‍ നേരത്താണ്  എങ്ങനെ പോകും എന്ന പ്രശ്നം ഉയര്‍ന്നു വന്നത്.ഒരു നിമിഷം അവര്‍ കൂടിയാലോചിച്ചു.
"കാറു വേണം.” നീതു തറപ്പിച്ചു പറഞ്ഞു.
സൂരജ് അടുക്കളയിലേക്ക് ഓടി. കൈയില്‍  പ്ലാസ്റ്റിക്ക് ബാസ്ക്കറ്റിന്റെ മൂടിയുമായി തിരിച്ചു വന്നു.
"ഇതാണ് സ്റ്റിയറിങ്ങ്."വൃത്താകൃതിയിലുള്ള മൂടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
"അപ്പോ സീറ്റോ?"നീതു ചോദിച്ചു.
"ദാ..ഇതെന്നെ..."സൂരജ്  ഏണിപ്പടിയിലേക്ക് ചൂണ്ടിപ്പറഞ്ഞു.

അവന്‍ വീണ്ടും അടുക്കളയിലേക്ക് ഓടി.ഇത്തവണ തിരിച്ചുവന്നത് ചപ്പാത്തിക്കോലുമായാണ്.
"ഇത് ഗിയറാണ്."അവന്‍ ചപ്പാത്തിക്കോല് സീറ്റില്‍ ചാരി വെച്ചു.
പിന്നീട്  ടീപ്പോയ് കൊണ്ടുവന്ന് ഏണിപ്പടിക്ക് മുന്നിലായി,അതിനോട് ചേര്‍ത്തിട്ടു.
അപ്പോഴാണ് നീതുവിന് മറ്റൊരു ഐഡിയ തോന്നിയത്.
"ദാ, ഈ രണ്ടു കസേരകൊണ്ട് ഡോര്‍ ആക്കാം."അവള്‍ കസേരയെടുത്ത് ഏണിപ്പടികളോടു ചേര്‍ത്തുവെച്ചു.
രണ്ടുപേരും കാറിനകത്ത് കയറിയിരുന്നു.കാര്‍ സ്ററാര്‍ട്ട് ചെയ്യുന്നതിന്ന് മുമ്പ്, പുറകിലെ ഏണിപ്പടിയിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.
"ഇതു കാറിന്റെ ഡിക്കിയാണ്.എന്തെങ്കിലും സാധനമുണ്ടെങ്കില്‍ ഈട വെക്കാം.”

 പ്ലാസ്റ്റിക്ക് ബാസ്ക്കറ്റിന്റെ മൂടി,ടീപ്പോയ്,രണ്ടു കസേരകള്‍,ചപ്പാത്തിക്കോല് എന്നിവ പ്രത്യേക രീതിയില്‍ ക്രമീകരിച്ചുകൊണ്ടാണ് കുട്ടികള്‍  കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു കാറിലാണ് യാത്രചെയ്യുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഈ വസ്തുക്കളെല്ലാം ആവശ്യമാണ്. ഈ വസ്തുക്കളാണ് ചമഞ്ഞുകളിയിലെ പ്രോപ്പു(property)കള്‍.പ്രോപ്പുകളില്ലാതെ ശൂന്യതയിലിരുന്ന്കളിക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. കളിക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നത്  പ്രോപ്പുകളാണ്.

ധാരാളം പ്രോപ്പുകള്‍ ലഭ്യമാകുന്ന ഒരു കളിയിടമാണ് കുട്ടികളില്‍ കളിക്കാനുള്ള പുതിയ ആശയങ്ങള്‍ ഉണ്ടാക്കുക.യാദൃശ്ചികമായി കൈയ്യില്‍ കിട്ടുന്ന ഒരു ബാഗോ പാവക്കുട്ടിയോ കളിയുടെ തീം നിശ്ചയിക്കുന്നതിനെ സ്വാധീനിക്കും.മറിച്ചും സംഭവിക്കാം.പുതിയ ആശയങ്ങള്‍, ആവശ്യമായ പ്രോപ്പുകള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലേക്ക് കുട്ടികളെ നയിക്കാം.അത് കളിയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാം.

പ്രോപ്പുകള്‍ കുട്ടികളുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു.മുകളില്‍ സൂചിപ്പിച്ച  കാര്‍ realistic അല്ല.അതിന് യഥാര്‍ത്ഥ കാറുമായി സാമ്യമില്ല.ഇങ്ങനെ ചില വസ്തുക്കളെ മറ്റൊന്നാക്കി സങ്കല്‍പ്പിക്കുമ്പോഴാണ് കുട്ടികളുടെ ഭാവന വികസിക്കുക.ചമഞ്ഞുകളിയിലുടനീളം കുട്ടികള്‍ ചെയ്യുന്നത് ഇതാണ്.അതുകൊണ്ടാണ് ചമഞ്ഞുകളി കുട്ടികളില്‍ സര്‍ഗ്ഗാത്മകത(creativity)യുടെ വിത്തു പാകും എന്നുപറയുന്നത്.കുട്ടികളുടെ പഠനത്തിനും മാനസിക വളര്‍ച്ചയ്ക്കും സര്‍ഗ്ഗാത്മകത ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

ഒരു കളിയില്‍ ഉപയോഗിച്ച പ്രോപ്പുകള്‍ പുതിയൊരു സന്ദര്‍ഭത്തില്‍ മറ്റൊന്നായി രൂപം പ്രാപിക്കുന്നത് കാണാം.കളിക്കിടയില്‍ കസേരകളും സ്റ്റൂളുകളും മറ്റും പ്രത്യേക രീതിയില്‍ അടുക്കിവെച്ചത് കണ്ടപ്പോള്‍ ഇതെന്താണെന്ന് ഞാന്‍ കുട്ടികളോടു ചോദിച്ചു.
"അരിപൊടിക്കുന്ന മില്‍."അവര്‍ പറഞ്ഞു.
അന്ന് അമ്മയുടെ കൂടെ രണ്ടുപേരും അരിപൊടിക്കാന്‍ മില്ലില്‍ പോയിരുന്നു.തിരിച്ചു വന്ന ഉടനെ മില്ലുണ്ടാക്കി കളിക്കാന്‍ തുടങ്ങിയതാണ്.

ചിലപ്പോള്‍ കസേരകള്‍ മറിച്ചിട്ട് ഉന്തുവണ്ടിയാക്കും.മറ്റു ചിലപ്പോള്‍ കസേരകള്‍ ബസ്സിലെ സീറ്റുകളായിരിക്കും.സര്‍ക്കസ്സ് കണ്ടുവന്ന അന്ന് ഇതേ കസേരകളും സ്റ്റൂളുകളും കൊണ്ടാണ് സര്‍ക്കസ് കളി.അപ്പോള്‍ കസേരകള്‍ ഒട്ടകവും സൈക്കിളും ഊഞ്ഞാലുമൊക്കെയായി മാറി.

ചിലപ്പോള്‍ രണ്ടുപേരും ബൈക്കില്‍ യാത്രചെയ്യുന്നതു കാണാം.ഒരു വടി മുന്നില്‍ വിലങ്ങനെ പിടിച്ച്  ബൈക്കിന്റെ ശബ്ദം കൂടിയുണ്ടാക്കിയാല്‍ ബൈക്കായി.ഒരു ദിവസം അഭി വടി കാലുകള്‍ക്കിടയില്‍ തിരുകി 'ടപ്പ് ടപ്പ് 'ശബ്ദമുണ്ടാക്കിക്കൊണ്ട്, കൈയില്‍ ഒരു ബാറ്റും പിടിച്ച് മുറിക്ക് ചുറ്റും  ഓടുന്നതു കണ്ടു.എന്താണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
"ഞാന്‍ പഴശ്ശിരാജാവാണ്."ബാറ്റ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു."ഇത് എന്റെ വാള്.ഈ വടി കുതിരയും.”

തെയ്യം കെട്ടിക്കളിക്കുമ്പോള്‍ ഈ വടിയും ബാറ്റുമാണ് തെയ്യത്തിന്റെ വാളുകളായി രൂപാന്തരം പ്രാപിക്കുന്നത്.

വൈവിധ്യമാര്‍ന്ന പ്രോപ്പുകളുടെ ലഭ്യതയാണ് ചമഞ്ഞു കളിയുടെ രസം വര്‍ദ്ധിപ്പിക്കുന്നത്.അത് കുട്ടികളുടെ കളിയില്‍ പുതുമ കൊണ്ടുവരും.കളിക്കാരുടെ മനസ്സില്‍ പുതിയ ആശയങ്ങളുടെ വിത്തുപാകും.അപ്പോള്‍ ഒരു കളിതന്നെ  ആവര്‍ത്തിക്കില്ല.കളിയില്‍ വളര്‍ച്ച ദൃശ്യമാകും.ഒപ്പം കളിയിലൂടെ കുട്ടികള്‍ ആര്‍ജിക്കുന്ന ശേഷികളിലും ഗുണപരമായ മാറ്റമുണ്ടാകും.

കളിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പ്രോപ്പുകള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായിരിക്കേണ്ടത്?

ഒരു വസ്തുവിനെത്തന്നെ മറ്റു പലതായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.ഒരു വടിയെ  കുട്ടികള്‍ പലതായി ഉപയോഗിക്കുന്നതു  പോലെ.കളിപ്പാട്ടക്കടയില്‍ നിന്നും വാങ്ങിക്കുന്ന ഒരു പാവക്കുട്ടിയെ ഒരു കുഞ്ഞായി മാത്രമേ കുട്ടികള്‍ ഉപയോഗിക്കുന്നതു കണ്ടിട്ടുള്ളു.അതിനെ മറ്റൊന്നായി സങ്കല്പ്പിക്കുക അവര്‍ക്ക് പ്രയാസമായിരിക്കും.അത് realistic  ആണ്.എന്നാല്‍ ഒരു പൗഡര്‍ടിന്‍ അങ്ങനെയല്ല.കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പാവക്കുട്ടിയായും പുട്ടുകുറ്റിയായും വെള്ളം സൂക്ഷിക്കാനുള്ള ജഗ്ഗായുമൊക്കെ മാറിമാറി ഉപയോഗിക്കുന്നതു കാണാം.

കളിയുടെ തീമിനു കണക്കായുള്ള  realistic  കളിപ്പാട്ടങ്ങളാണ് ഇന്നു കളിപ്പാട്ട കടകളില്‍ നിന്നും   വാങ്ങാന്‍ കിട്ടുന്നത്.യഥാര്‍ത്ഥ വസ്തുക്കളുടെ മിനിയേച്ചര്‍ രൂപങ്ങള്‍.വീട്,ആശുപത്രി,അടുക്കള തുടങ്ങിയ വിവിധ തീമുകള്‍ക്ക് വേണ്ടി  തയ്യാറാക്കിയ കളി സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍.ഇവ ഉപയോഗിക്കുന്നത് കളി ആവര്‍ത്തിക്കുന്നതിലേക്കാണ് കുട്ടികളെ നയിക്കുക.അത്  കുട്ടികളുടെ ഭാവനയുണര്‍ത്തില്ല. കുട്ടികളില്‍ പുതിയ ആശയങ്ങളോ ചിന്തകളോ ഉണ്ടാക്കില്ല.അതു കാരണം കളിയില്‍ പുതുമ കൊണ്ടുവരാന്‍ അവര്‍ക്കു കഴിയില്ല.കളി യാന്ത്രികമാകുകയും കുട്ടികള്‍ക്ക് വേഗത്തില്‍ മടുക്കുകയും ചെയ്യും. അപ്പോള്‍ കുട്ടികള്‍ അതൊക്കെ മാറ്റിവെച്ച് പുതിയ വസ്തുക്കള്‍ അന്വേഷിച്ച് പോകുന്നതായി കാണാം.

നമ്മുടെ ബാല്യകാലം ചമഞ്ഞുകളികളെക്കൊണ്ട് സമൃദ്ധമായിരുന്നു.  മണ്ണും കല്ലും തടുപ്പയിലിട്ട് ചേറിപ്പെറുക്കിയതും ഉരുളന്‍ കല്ലുകൊണ്ട് അടുപ്പ് കൂട്ടി ചിരട്ടയില്‍ കഞ്ഞിവെച്ചതും പച്ചിലമുറിച്ച് ഉപ്പേരിവെച്ചതും പഴുത്ത മാവിലപെറുക്കി മീനുകളാക്കി പൊരിച്ചെടുത്തതും കീറത്തുണികൊണ്ട്  കെട്ടിയുണ്ടാക്കിയ തൊട്ടിലില്‍ പൗഡര്‍ടിന്നിനെ കുഞ്ഞാക്കി ആട്ടിയുറക്കിയതും  കാട്ടുതാളിലയില്‍ ചോറുവിളമ്പിയതുമൊക്കെ മനസ്സിലെ മായാത്ത ഓര്‍മ്മകളാണ്.ഏതെങ്കിലും നാട്ടുമാവിന്റെ കുളിര്‍മ്മയില്‍ കുട്ടികളെല്ലാവരും ഒത്തുകൂടും.


കാലം മാറി.ഇന്ന് കളിക്കാന്‍ നാട്ടുമാവിന്റെ തണലില്ല.സംഘം ചേരാന്‍ കുട്ടികളുമില്ല.എങ്കിലും ഏതാണ്ട് പത്തുവയസ്സു പ്രായംവരെ എല്ലാകുട്ടികളും ഈ കളിയിലൂടെ കടന്നു പോകുന്നുണ്ട്.വീട്ടിലെ അടച്ചിട്ട മുറിക്കകത്ത്,വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനിടയില്‍ അവരറിയാതെ അമ്മയുടെ ചുരിദാര്‍ ഷാളെടുത്ത് സാരി ചുറ്റുകയും പാവക്കുഞ്ഞിനെ കൈയ്യിലെടുക്കുകയുംചെയ്യും.അങ്ങനെചെയ്യാതിരിക്കാന്‍ കുട്ടികള്‍ക്കുകഴിയില്ല.

കളിക്കാന്‍ തുടങ്ങുന്ന കുട്ടികളെ അതെടുക്കരുത്,ഇതെടുക്കരുത്,അങ്ങോട്ടുനോക്കരുത്,മുറിക്കകത്ത് കടക്കരുത് തുടങ്ങിയ അരുതായ്കകളുടെ കാണാചരടുകള്‍കൊണ്ട്  കെട്ടിയിടുകയാണ് മുതിര്‍ന്നവര്‍ സാധാരണയായി ചെയ്യുക.മറ്റു കുട്ടികളുമായി കൂട്ടുകൂടുന്നത് വിലക്കുന്നവരുമുണ്ട്.  കുട്ടികള്‍  നല്ലവരായി വളരാന്‍,മാനസികമായി പക്വതയാര്‍ജിക്കാന്‍,ഭാവനാ സമ്പന്നരാകാന്‍,പഠനത്തില്‍ മിടുക്കരാകാന്‍,അവരില്‍ ശരിയായ ലോകവീക്ഷണം രൂപപ്പെടാന്‍ ഓരോ കുട്ടിയും  ഈ കളിയിലൂടെ കടന്നുപോകേണ്ടതുണ്ട്. അവര്‍ കളിക്കുന്നത് മാറിനിന്ന് നോക്കി നമുക്ക് ആസ്വദിക്കാം.ആവശ്യമായ ചെറിയ സഹായങ്ങള്‍ ചെയ്യാം.പറ്റുമെങ്കില്‍ അവരിലൊരാളായി ഇടയ്ക്ക് അവരോടൊപ്പം കൂടാം.അതവരെ ഏറെ സന്തോഷിപ്പിക്കും.കളിക്കാനുള്ള അവരുടെ താത്പര്യം വര്‍ദ്ധിപ്പിക്കും.



No comments:

Post a Comment