ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 28 March 2015

ഒരു ഹെഡ്മാസ്റ്റര്‍ക്ക് ഇങ്ങനെയുമാകാം...



 ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ബാലകൃഷ്ണന്‍ നായര്‍ മാര്‍ച്ച് 30ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്.അധ്യാപകവൃത്തിയില്‍  32വര്‍ഷം പൂര്‍ത്തിയാക്കിയ മാഷിനോടുള്ള ഒരു നാടിന്റെ സ്നേഹവും ആദരവുമാണ് ഈ വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികം.സ്ക്കൂള്‍ മികവ് പ്രദര്‍ശനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍,നാടകം,പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കുന്ന നാടകം,അമ്മമാരുടെ തിരുവാതിരക്കളി,  വിഭവസമൃദ്ധമായ സദ്യ...ഇങ്ങനെ നീണ്ടുപോകുന്നു ആഘോഷപരിപാടികള്‍.മാര്‍ച്ച് 30 ന് വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന പരിപാടി രാത്രി 10 മണിവരെ നീളും.


ബാലകൃഷ്ണന്‍ മാഷ് കാനത്തൂര്‍ സ്ക്കൂളിന്റെ  ഹെഡ്മാസ്റ്ററായി അഞ്ചുവര്‍ഷം  പൂര്‍ത്തിയാക്കിയതിനുശേഷമാണ് വിരമിക്കുന്നത്.ഒരു വിദ്യാലയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അഞ്ചുവര്‍ഷത്തെ കാലയളവ് മതിയാകും.പരിമിതമായ സ്ഥലസൗകര്യങ്ങള്‍ മാത്രമുള്ള തന്റെ വിദ്യാലയത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള ശരിയായ ക്ഴ്ചപ്പാട് മാഷിനുണ്ടായിരുന്നു.ഈ വര്‍ഷം അഞ്ചുക്ലാസുമുറികളാണ് പണികഴിപ്പിച്ചത്.കൂടാതെ അധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കളയും.ഇവ ഉദ്ഘാടനം ചെയ്യപ്പെടാന്‍ ഇരിക്കുന്നതേയുള്ളു.ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇരുന്നുവായിക്കാനായി കഴിഞ്ഞ വര്‍ഷം പണികഴിപ്പിച്ച വായനാകൂടാരം,ചുറ്റുമതില്‍,രക്ഷിതാക്കളില്‍ നിന്നും സംഭാവനയായി ലഭിച്ച 50,000രൂപ ഉപയോഗിച്ച് നവീകരിച്ച മികച്ച സ്ക്കൂള്‍ ലൈബ്രറി,ആവശ്യത്തിനു ടോയ് ലറ്റുകള്‍,അറ്റകുറ്റ പണികള്‍ ചെയ്ത് മോടികൂട്ടിയ സ്ക്കൂള്‍ ഹാള്‍,നവീകരിക്കപ്പെട്ട ഐടി ലാബ്...നേട്ടങ്ങള്‍ നിരവധിയാണ്.

വിദ്യാലയ വികസനത്തിനായി വിവിധ ഏജന്‍സികളെ സമീപിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും വിഭവ സമാഹരണം നടത്താനും മാഷ് എന്നും ശ്രദ്ധിച്ചിരുന്നു.ഓഡിറ്റിങ്ങ് ഒബ്ജക്ഷനെ പേടിച്ച് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ വിമുഖതയുള്ള ഒരാളായിരുന്നില്ല അദ്ദേഹം.തന്റെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഗുണകരമായതെന്തോ അത് അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചു.പണം ചെലവഴിക്കുമ്പോള്‍ ഒരു പൈസപോലും പാഴാകരുതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നൂലാമാലകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഉത്സാഹം കെടുത്തിയില്ല.

വിദ്യാലയത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മാഷ് ശക്തമായ  നേതൃത്വം കൊടുത്തു.അത് സ്ക്കൂളിലുണ്ടാക്കിയമാറ്റം ചില്ലറയല്ല.പഠനരംഗത്തും കലാരംഗത്തും സ്ക്കൂള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് മാഷിന്റെ വരവോടുകൂടിയാണ്.
മാഷിന് ക്ലാസ് ചാര്‍ജ് ഉണ്ടായിരുന്നില്ല.എങ്കിലും അദ്ദേഹം ക്ലാസില്‍ പോകാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിച്ചു.ആരെങ്കിലും അവധിയാണെങ്കില്‍ ആ ക്ലാസ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമായിരിക്കും.ചില ദിവസങ്ങളില്‍  മുഴുവന്‍ സമയവും ഒന്നാം ക്ലാസിലായിരിക്കും.അല്ലെങ്കില്‍ മറ്റു ക്ലാസുകളില്‍.മാഷുണ്ടെങ്കില്‍ ആ ക്ലാസില്‍ നിന്നും  കളിയും ചിരിയും പാട്ടും കഥയുമൊക്കെ കേള്‍ക്കാം.അതുകൊണ്ട് അധ്യാപകര്‍ക്ക് ലീവെടുത്താല്‍ തന്റെ ക്ലാസ് അനാഥമായിപ്പോകുമെന്ന ഉത്ക്കണ്ഠ ഉണ്ടായില്ല.ക്ലാസില്ലാത്ത സമയം മാഷ് ഓഫീസ് ജോലികള്‍ക്കായി വിനിയോഗിച്ചു.

മാഷ് ആരോടെങ്കിലും ദേഷ്യപ്പെടുന്നത് ഇന്നുവരെ കണ്ടിട്ടില്ല.എന്നാല്‍ കര്‍ക്കശ്ശ സ്വഭാവക്കാരനാണുതാനും.ആഴ്ചയില്‍ വിളിച്ചുചേര്‍ക്കുന്ന എസ്.ആര്‍.ജി യോഗങ്ങളില്‍ ക്ലാസുമുറിയിലും വിദ്യാലത്തില്‍ പൊതുവായും നടക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ചുമതലകള്‍ ഓരോരുത്തര്‍ക്കും വീതിച്ചു നല്‍കലുമുണ്ടാകും.ചെയ്തു കഴിഞ്ഞപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും.പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചാല്‍ സൗമ്യമായി ശാസിക്കും.ഇതു കാരണം അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഉപേക്ഷ കാണിക്കാറേയില്ല.

തികഞ്ഞ ജനാധിപത്യവാദിയായിരുന്നു അദ്ദേഹം.ഓരോ കാര്യത്തിലും തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.തന്റെ അധികാരം ഒരിക്കലും മറ്റുള്ളവരുടെ മുകളില്‍ പ്രയോഗിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല.കുട്ടികളുമായി ഇടപെടുമ്പോഴും അവരിലൊരാളായി മാറാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.ഇതു കാരണം കുട്ടികള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു.കണക്കുകള്‍ സത്യസന്ധതയോടെ, കൃത്യമായി ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

രക്ഷിതാക്കളേയും പൊതുസമൂഹത്തേയും വിദ്യാലയവുമായി അടുപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവരുടെ പങ്കാളിത്തം എങ്ങനെയെല്ലാം ഉറപ്പുവരുത്താമെന്ന് ആലോചിച്ചു.അവരെ എപ്പോഴും സ്നേഹത്തോടെ സ്വീകരിച്ചു.അവര്‍ക്കായി കസേരകള്‍ നീക്കിയിട്ടു.അതുകൊണ്ടായിരിക്കണം തങ്ങളുടെ സ്വന്തം വിദ്യാലയത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിപ്പിടിച്ച  പ്രയപ്പെട്ട ഹെഡ്മാസ്റ്റര്‍ക്ക്  സമുചിതമായ ഒരു യാത്രയയപ്പ് നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചത്.വലിയ ആരവങ്ങളിലോ ആഘോഷങ്ങളിലോ ഒന്നും വിശ്വാസമില്ലാത്ത മാഷ് അവരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങുകയാണുണ്ടായത്.


4 comments:

  1. Best wishes from my side
    from-Magician VAKO ( Vasudeva Bhat Kotoor )

    ReplyDelete
  2. സൗമ്യമായ വ്യക്തിത്വത്തിന് ഉടമയും മികച്ച പ്രധാനാധ്യാപകനും നല്ല സുഹൃത്തുമായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍. കാനത്തൂര്‍ സ്കൂളില്‍ പോകാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അതിനൊരു കാരണം ബാലകൃഷ്മന്‍ മാസ്റ്ററുടെ സ്നേഹസാന്നിധ്യം തന്നെ. ഓരോ അധ്യാപകന്റെയും കഴിവും പരിമിതികളും തിരിച്ചറിയാനും ഓരോരുത്തരെയും പ്രചോദിപ്പിക്കാനും അതുവഴി സ്കൂളിന്റെ മികവ് ഉറപ്പു വരുത്താനും അദ്ദേഹത്തിനുള്ള കഴിവ് മറ്റ് പ്രധാനാധ്യാപകര്‍ക്ക് ഒരു മാതൃകയാണ്. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കി. അവര്‍ അത് ഒട്ടും ദുരുപയോഗം ചെയ്തില്ല. പൊതുവിദ്യാഭ്യാസത്തിന്റെ നല്ല പോരാളിയും മികച്ച മനുഷ്യസ്നേഹിയുമായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് എന്റെ വിനീതമായ സ്നേഹാഭിവാദ്യങ്ങള്‍

    ReplyDelete
    Replies
    1. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കി. അവര്‍ അത് ഒട്ടും ദുരുപയോഗം ചെയ്തില്ല.ശരിയാണ്.

      Delete
  3. This comment has been removed by the author.

    ReplyDelete