കുട്ടികള്‍ ക്ലാസുമുറിയുടെ ജനാലകളും വാതിലുമടച്ചു.മുറിയില്‍ ഇരുട്ട് വ്യാപിച്ചു. പ്രൊജക്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ അവരുടെ ശബ്ദങ്ങള്‍ താനേ നിലച്ചു.ചുമരിലെ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അവര്‍ അതിശയിച്ചു.സസ്യങ്ങള്‍ക്ക് ഇങ്ങനെയും ഒരു ജീവിതമുണ്ടോ?
സസ്യങ്ങള്‍ ഇടതിങ്ങി വളരുന്ന നാട്ടുവഴികളിലൂടേയും കാടുകളിലൂടേയുമാണ് രാവിലെ സ്ക്കൂളിലേക്കും വൈകുന്നേരം തിരിച്ചു വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്ര.നടത്തത്തിനിടയില്‍ നിരവധി ചെടികളും മരങ്ങളും അവരുടെ ശ്രദ്ധയില്‍ പെടും.ചിലതിന്റെ ഇലകള്‍ പറിച്ച് അവര്‍ മണപ്പിക്കും.ചില ചെടികളുടെ പഴങ്ങള്‍ പറിച്ച് തിന്നും.നിലത്ത് വീണുകിടക്കുന്ന വിത്തുകള്‍ കാണുമ്പോള്‍ കൗതുകം തോന്നും.അവയെടുത്ത് ബാഗില്‍ നിക്ഷേപിക്കും.ക്ലാസിലെത്തിയാല്‍ കൂട്ടുകാരെ കാണിക്കും.അപ്പൂപ്പന്‍താടി ഊതിപ്പറത്തിക്കളിക്കും.
പക്ഷേ,അപ്പോഴൊന്നും സസ്യങ്ങള്‍ക്ക് ഇങ്ങനെയൊരു ജീവിതമുണ്ടെന്ന് കുട്ടികള്‍ അറിഞ്ഞതേയില്ല.അതീവ രഹസ്യമായ ജീവിതം.മനുഷ്യനേത്രങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്തത്.പക്ഷേ, അതു ഡേവിഡ് അറ്റന്‍ബറോ എന്ന വിശ്രുത ഡോക്യുമെന്ററി സംവിധായകന്റെ ക്യാമറക്കണ്ണുകള്‍ കണ്ടുപിടിച്ചിരിക്കുന്നു!സസ്യങ്ങളുടെ അവിശ്വസനീയമായ ജീവിതരഹസ്യങ്ങള്‍ ആ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു.
ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തില്‍ പൂത്തും കായ്ച്ചും എന്നൊരു പാഠമുണ്ട്.
സസ്യങ്ങളുടെ പ്രത്യുല്‍പ്പാദനഅവയവങ്ങളെക്കുറിച്ചും പരാഗണത്തെക്കുറിച്ചും വിത്തുരൂപം കൊള്ളുന്നതിനെക്കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പാഠത്തിലെ അവസാനത്തെ മൊഡ്യൂള്‍ വിത്തുവിതരണത്തെക്കുറിച്ചാണ്.പാഠവുമായി ബന്ധപ്പെട്ട് അധിക വിവരശേഖരണത്തിനായി കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കേണ്ടുന്ന വീഡിയോകള്‍ ശേഖരിക്കുന്നതിനിടയിലാണ് എന്റെ സുഹൃത്ത് The private life of plantsഎന്ന ഡേവിഡ് അറ്റന്‍ബറോയുടെ വിഖ്യാത ഡോക്യുമെന്ററി സിനിമ എനിക്കു തന്നത്.
സിനിമ കൈയ്യില്‍ കിട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. The life of birdsഎന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററി മുമ്പ് കണ്ടിട്ടുണ്ട്.പക്ഷികളുടെ ജീവിതരഹസ്യങ്ങള്‍ ഇത്രയും ആധികാരികമായി പ്രതിപാദിക്കുന്ന ഇതിലും മികച്ച ഒരു സിനിമ ലോകത്ത് ഉണ്ടായിരിക്കാന്‍ വഴിയില്ല.ഒരു പക്ഷിശാസ്ത്രജ്ഞന്‍ അല്ലാതിരുന്നിട്ടുകൂടി ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ മഴക്കാടുകളിലും മരുഭൂമിയിലും ജനവാസകേന്ദ്രങ്ങിലും രാവും പകലും ചുറ്റി സഞ്ചരിച്ച്, അനേകം പക്ഷികളുടെ ജീവിതം പകര്‍ത്തിയ ആ സിനിമ ഒരു സംവിധായകന്‍ തന്റെ വിഷയത്തോടു കാണിക്കുന്ന സത്യസന്ധതയുടേയും ആത്മസമര്‍പ്പണത്തിന്റേയും സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്.
രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള The private life of plants ന്റെ ആദ്യഭാഗം ഒറ്റ ഇരുപ്പില്‍ കണ്ടു.സസ്യങ്ങളുടെ അത്ഭുത ലോകം നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ്.സസ്യങ്ങളുടെ വളര്‍ച്ചയുടേയും പുഷ്പ്പിക്കലിന്റേയും വിത്തുവിതരണത്തിന്റേയും രഹസ്യങ്ങളിലേക്ക് സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.ഒരു പൂവ് വിടരുന്നതിന്റെ അനര്‍ഘ നിമിഷങ്ങള്‍ നമ്മുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുക പ്രയാസമാണ്.എന്നാല്‍ ഒരു ക്യാമറയ്ക്ക് അതു സാധ്യമാകും.ചെടി വളരുന്നതിന്റെ,വിത്തു പാകമാകുന്നതിന്റെ,അതു പൂവില്‍ നിന്നും വേര്‍പെടുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ ടൈം ലാപ്സ് ഫോട്ടോഗ്രാഫി എന്ന ടെക്കിനിക്കിലൂടെ പകര്‍ത്തിയിരിക്കുന്നു.സങ്കീര്‍ണ്ണവും അതിശയിപ്പിക്കുന്നതുമായ,ഒരു പക്ഷേ മാസങ്ങളോ വര്‍ഷങ്ങളോ കൊണ്ട് പൂര്‍ത്തിയാകുന്ന സസ്യവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ നിമിഷം നേരം കൊണ്ട് നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു.പ്രകൃതി രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മിഴിതുറക്കുന്ന ക്യാമറയുടെ അപാരമായ കാഴ്ചയ്ക്കുമുന്നില്‍ നാം അറിയാതെ തലകുമ്പിട്ടുപോകും.പ്രകൃതിയുടെ നിഗൂഢസ്ഥലികളെ തൊട്ടറിഞ്ഞ ഒരു വ്യക്തിക്കുമാത്രമേ ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയൂ.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും ഈ സിനിമയ്ക്കുപിന്നില്‍ ഉണ്ടായിരുന്നിരിക്കണം.മഴക്കാടുകളും മലമ്പ്രദേശങ്ങളും മരുഭൂമികളും കടല്‍ത്തീരങ്ങളും താണ്ടിയുള്ള സഞ്ചാരത്തിലൂടെ കണ്ടെത്തുന്ന നൂറുകണക്കിനു വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ അതിജീവന രഹസ്യങ്ങളാണ് സിനിമയിലൂടെ അനാവൃതമാകുന്നത്. ബി.ബി.സി ചാനലിനുവേണ്ടി നിര്‍മ്മിച്ച ഈ സിനിമയുടെ ആദ്യഭാഗത്തെ അന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള മൂന്ന് ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. Travelling, Growing,Flowering എന്നിങ്ങനെയാണ് ഓരോ ഖണ്ഡത്തിനും പേരിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തേയും The social struggle,Living together,Surviving എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായി
തിരിച്ചിരിക്കുന്നു.
അതിജീവനത്തിനായുള്ള വിത്തുകളുടെ സഞ്ചാരമാണ് Travelling എന്ന ഒന്നാം ഖണ്ഡം.വിത്തുവിതരണം ചെയ്യാന്‍ പല സസ്യങ്ങളും അനുവര്‍ത്തിക്കുന്ന സൂത്രപ്പണികള്‍ അതിവിദഗ്ദമായി ക്യാമറകൊണ്ട് ഒപ്പിയെടുത്തിരിക്കുന്നു.പറന്നും ഉരുണ്ടും നീന്തിയും ജന്തുക്കള്‍ വഴിയും അന്യദേശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വിത്തുകളുടെ അനുകൂലനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങളുണ്ടിതില്‍. നദിയിലൂടെ ഒഴുകി നീങ്ങുന്ന കണ്ടല്‍ വിത്തിനു പുറകെ ക്യാമറയുമായി സഞ്ചരിച്ച് വിത്ത് ഒരു ദ്വീപിലെ തീരത്തടിഞ്ഞ് മുളച്ച് ചെടിയാകുന്നതുവരെയുള്ള ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയയുടെ മനോഹരമായ ദൃശ്യങ്ങള്‍ ഒരു ഉദാഹരണം മാത്രം.
ക്ലാസില്‍,വിത്തുവിതരണത്തിനായി സസ്യങ്ങള്‍ സ്വീകരിക്കുന്ന വിവിധ രീതികളെക്കുറിച്ചുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു Travelling എന്ന ഖണ്ഡത്തിന്റെ കുറച്ചു ഭാഗം കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.പതിനഞ്ചു മിനുട്ട് സമയം.പക്ഷേ, അതു നിര്‍ത്താന്‍ കുട്ടികള്‍ എന്നെ അനുവദിച്ചില്ല.അന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള ആ ഭാഗം മുഴുവനും കണ്ടു കഴിഞ്ഞപ്പോഴാണ് അവര്‍ തൃപ്തരായത്.
കുട്ടികള്‍ പൂര്‍ണ്ണ നിശബ്ദരായി അത്ഭുതത്തോടെ ആ സിനിമ നോക്കിയിരുന്നു.
സിനിമ തീര്‍ന്നപ്പോള്‍ ആകാശ് പറഞ്ഞു.
"മാഷെ,അത്ഭുതപ്പെട്ടുപോയി.സസ്യങ്ങള്‍ നമ്മള്‍ കാണുമ്പോലെ അത്ര ചില്ലറക്കാരല്ല.ജീവിക്കാന്‍ നല്ല സൂത്രം പഠിച്ചവരാണ്.”
സിനിമയുടെ ഒരു ആസ്വാദനക്കുറിപ്പു തയ്യാറാക്കാനായിരുന്നു ഞാനാദ്യം അവരോടു പറഞ്ഞത്.അവര്‍ സന്തോഷത്തോടെ, നിശബ്ദരായി തങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ തുറന്ന് എഴുതാന്‍ തുടങ്ങി.
ഡോക്യുമെന്ററിയില്‍ പറഞ്ഞ സസ്യങ്ങളൊന്നും കുട്ടികള്‍ക്ക് പരിചയമില്ല.എന്നാല്‍ അതിനോട് സാമ്യമുള്ള നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി.അവയുടെ വിത്തുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്.
പിറ്റേ ദിവസം രാവിലെ വന്ന ഉടനെ കുട്ടികള്‍ അവരുടെ ബാഗ് തുറന്നു.ബാഗില്‍ നിന്നും പലതരം വിത്തുകള്‍ എടുത്ത് എല്ലാവരേയും കാണിച്ചു.ചിലത് മുകളിലേക്ക് എറിഞ്ഞു.ചിലത് ആകാശത്തിലേക്ക് ഊതിപ്പറത്തി.ചിലത് മറ്റുള്ളവരുടെ വസ്ത്രങ്ങളില്‍ എറിഞ്ഞു പിടിപ്പിച്ചു.ഓരോ വിത്തുകളുടേയും പ്രത്യേകതകളെക്കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു.വലിയ മരങ്ങളുടേയും വള്ളിച്ചെടികളുടേയും കുറ്റിച്ചെടികളുടേയുമൊക്കെ വിത്തുകളുണ്ടതില്‍.ഒരു മാങ്ങയോളം വലുപ്പമുള്ളവ.കട്ടിയുള്ള പുറന്തോടുള്ളവ.തറയിലുരച്ച് കൈപൊള്ളിച്ച് കളിക്കുന്നവ.
പാഠം പഠിച്ചുകഴിഞ്ഞിട്ടും അവര്‍ വിത്ത് ശേഖരണം നിര്‍ത്തിയില്ല.അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.പുതിയ വിത്തുകള്‍ ലഭിച്ചാല്‍ അവര്‍ അതുമായി എന്റെ അടുത്തേക്ക് ഓടി വരുന്നു.ആവിത്തിന്റേയും മരത്തിന്റെ പ്രത്യകതകള്‍ പറയുന്നു.അത് വിതരണം ചെയ്യപ്പെടുന്ന രീതിയെക്കുറിച്ച് വിശദീകരിക്കുന്നു...
കുട്ടികളെ പ്രചോദിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും നല്ല ഒരു സിനിമയ്ക്ക് എന്നതുപോലെ മറ്റെന്തിനാണ് കഴിയുക?
No comments:
Post a Comment