ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 17 January 2015

അമ്മയെപ്പറ്റി കുട്ടിക്ക് പറയാനുള്ളത്....



ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്.സിനാന്റെ ഉമ്മ പറഞ്ഞു.


"മാഷേ,സിനാന്‍ വീട്ടില്‍ നിന്നും ഒന്നും വായിക്കുന്നില്ല.രാത്രി മുഴുവന്‍ ടിവി കാണലും എന്തെങ്കിലുമൊക്കെ കളിച്ചോണ്ടിരിക്കലുമാണ്.”


ഞാന്‍ സിനാനെ നോക്കി.അവന്‍ പറഞ്ഞു.


"ഉമ്മ പറയുന്നത് ശരിയല്ല.ഞാന്‍ രാത്രി ലൈബ്രറി പുസ്തകങ്ങള്‍ വായിക്കാറാണ് പതിവ്.ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നത് വായനയായി ഉമ്മ കണക്കാക്കുന്നില്ല.അത് വായനയല്ലേ?”


നല്ല ചോദ്യം.ഞാന്‍ സിനാന്റെ ചോദ്യം എല്ലാവരോടുമായി ചോദിച്ചു.


"ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നത് വായനയല്ലേ?”
"അത് വായനയാണ്."രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചു പറഞ്ഞു."പക്ഷേ,പാഠപുസ്തകവും വായിക്കണം.”


കഴിഞ്ഞ പരീക്ഷയില്‍ ഒരു വിഷയത്തിലൊഴികെ ബാക്കിയെല്ലാത്തിലും എ ഗ്രേഡാണ് സിനാന്.

'പുതുവര്‍ഷത്തിലെ ഞാന്‍' എന്ന പേരില്‍ കുട്ടികള്‍ ഒരു പതിപ്പ് തയ്യാറാക്കിയിരുന്നു.പുതുവര്‍ഷ ദിനത്തിലായിരുന്നു അതു തയ്യാറാക്കിയത്. കുട്ടികളുടെ സ്വയം വിമര്‍ശനക്കുറിപ്പുകളുടെ സമാഹാരം. 2014ല്‍ ഞാന്‍ എന്തായിരുന്നു?എന്റെ നേട്ടങ്ങള്‍ എന്തൊക്കെ?പോരായ്മകള്‍ എന്തൊക്കെ?2015ല്‍ എനിക്കൊരു നല്ല കുട്ടിയാകണം.എങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് എന്റെ ജീവിതത്തില്‍ വരുത്തേണ്ടത്?എന്റെ പഠനത്തില്‍..വായനയില്‍..ശീലങ്ങളില്‍...


ഈ പതിപ്പിന്റെ പ്രകാശനത്തോടെയായിരുന്നു ക്ലാസ് പിടിഎ ആരംഭിച്ചത്.ഈ പുസ്തകം പരിചയപ്പെടുത്തിയത് ശാരികയായിരുന്നു.തന്റെ സ്വയം വിമര്‍ശനക്കുറിപ്പ് വായിച്ചവതരിപ്പിച്ചുകൊണ്ടായിരുന്നു അവള്‍  പുസ്തകം പരിചയപ്പെടുത്തിയത്.


സിനാന്‍ എഴുതിയ കുറിപ്പില്‍ നിന്നും ഞാന്‍ ചില ഭാഗങ്ങള്‍ ഉറക്കെ വായിച്ചു.

"ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ഞാന്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഞാന്‍ പുസ്തകങ്ങള്‍ വായിച്ചത് വളരെ കുറവായിരുന്നു.രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലമാണെനിക്ക്.ഈ വര്‍ഷം ഞാനത് മാറ്റും.രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കുന്നത് ശീലമാക്കും.രാത്രി പത്തു മണിക്ക് ശേഷമേ ഉറങ്ങൂ...”


ഞാന്‍ ലൈബ്രറി റെജിസ്റ്റര്‍ പരിശോധിച്ചു.സിനാന്റെ വായനയെക്കുറിച്ച് അറിയാനായിരുന്നു അത്.പിന്നീട് പറഞ്ഞു.

"ക്ലാസിലെ മികച്ച വായനക്കാരിലൊരാളാണ് സിനാന്‍.കഴിഞ്ഞ ഒന്‍പതു മാസത്തിനിടയില്‍ സിനാന്‍ 36പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു.ക്ലാസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സിനാന്‍ മുന്‍പന്തിയിലുണ്ടാകും.അവന്‍ ആരോടെങ്കിലും ഇതുവരെ ദേഷ്യപ്പെടുന്നതോ വഴക്കടിക്കുന്നതോ കണ്ടിട്ടില്ല.”


സിനാന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.അവന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.


 "സിനാന്‍ ഇനി നീ നിന്റെ ശീലങ്ങളില്‍ എന്തു മാറ്റമാണ് വരുത്തുക?”
അവന്‍ കുറച്ചു സമയം ആലോചിച്ചു.പിന്നീട് പറഞ്ഞു.
"ഉമ്മ പറഞ്ഞതുപോലെ രാത്രിയില്‍ പാഠപുസ്തകങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തും.പകുതി സമയം പാഠപുസ്തകങ്ങള്‍ക്കും പകുതി സമയം ലൈബ്രറി പുസ്തകങ്ങള്‍ക്കും.പിന്നെ ഇംഗ്ലീഷാണ് എനിക്ക് പ്രയാസം.അതു പഠിച്ചെടുക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും.രാവിലെയുള്ള സമയം ഹോംവര്‍ക്ക് ചെയ്യാനായി നീക്കിവെക്കും.”


 സിനാന്‍ ഇതു പറയുമ്പോള്‍ അവന്റെ ഉമ്മ വിശ്വാസം വരാത്തവണ്ണം അവനെത്തന്നെ നോക്കുന്നതു കണ്ടു.'ഇതു കണ്ടുതന്നെ അറിയണം' എന്നൊരു കമന്റും.
അവന്‍ പറഞ്ഞത് ഞാന്‍ ഒരു നോട്ടു പുസ്തകത്തില്‍ കുറിച്ചെടുത്തു.
"നീ പറഞ്ഞതൊക്കെ ഞാനീ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അടുത്ത യോഗത്തില്‍ നമ്മള്‍ ഇതു വീണ്ടും പരിശോധിക്കും.”
അവന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.



ഇങ്ങനെയുള്ള ചര്‍ച്ച സിനാനില്‍ മാറ്റങ്ങളുണ്ടാക്കുമോ?ഇതവന്റെ  മനസ്സിനെ സ്പര്‍ശിച്ചിട്ടുണ്ടാകുമോ?അടുത്ത യോഗം വരെ കാത്തിരിക്കണം.അപ്പോള്‍  അവന്റെ ഉമ്മ എന്തായിരിക്കും പറയുക എന്നറിയണം. 

ഈ രീതിയിലായിരുന്നു കഴിഞ്ഞ ക്ലാസ് പിടിഎ യോഗം.അമ്മമാരും കുട്ടികളും തമ്മിലുള്ള മുഖാമുഖം.കുട്ടികളുടെ പഠനനിലവാരം ചര്‍ച്ചചെയ്യുന്നതോടൊപ്പം അവരുടെ  ശീലങ്ങള്‍ക്കും സ്വഭാവത്തിനും പെരുമാറ്റത്തിനുമൊക്കെയായിരുന്നു ഊന്നല്‍ നല്‍കിയത്.അമ്മ കുട്ടിയെ വിലയിരുത്തും.കുട്ടി അമ്മയേയും.കുട്ടിയെക്കുറിച്ചുള്ള അധ്യാപകന്റെ നിരീക്ഷണങ്ങളും അവതരിപ്പിക്കും.ഈ ചര്‍ച്ചകള്‍ ഇനിയും മെച്ചപ്പെടാനുള്ള ചില തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് കുട്ടിയെ നയിക്കും.അത് അവന്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് അമ്മയും അധ്യാപകനും ചേര്‍ന്ന് വിലയിരുത്തും.ഇത്തരം തീരുമാനങ്ങള്‍ അവന്റെ പഠനത്തെ എങ്ങനെയാണ് മെച്ചപ്പെടുത്തുന്നതെന്ന് പരിശോധിക്കും.

ചില കാര്യങ്ങളില്‍ അമ്മയും മാറാനുണ്ട്.ഒരു കുട്ടി അമ്മയെക്കുറിച്ച് പറഞ്ഞത് നോക്കുക.

"എന്നെ മുറിയില്‍ പഠിക്കാനാക്കിയിട്ട് അമ്മ സീരിയല്‍ കാണും.അതിന്റെ ശബ്ദം കൊണ്ട് എനിക്ക് പഠിക്കാനേ കഴിയില്ല.”

മകള്‍ക്ക് പഠിക്കാനുള്ളപ്പോള്‍ ഇനി സീരിയല്‍ കാണുന്നില്ലെന്ന് അമ്മ അപ്പോള്‍ തന്നെ തീരുമാനിച്ചു.അമ്മയ്ക്ക് മാറ്റമുണ്ടോയെന്ന് അടുത്ത യോഗത്തില്‍ കുട്ടിയാണ് പറയുക.


"പഠനത്തിന് ആവശ്യമായ സഹായം ചെയ്യുന്നത് എന്റെ അമ്മയാണ്.അമ്മ പാഠങ്ങള്‍ പറഞ്ഞുതരും.ഹോംവര്‍ക്ക് ചെയ്യുന്നതില്‍  സഹായിക്കും.പഠിപ്പിക്കുന്നതിനിടയില്‍ ചിലപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വരും.എന്നെ നല്ലോണം വഴക്കു പറയും.ചിലപ്പോള്‍ അടിക്കും...”


മറ്റൊരു കുട്ടി സ്വന്തം അമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞാന്‍ അമ്മയെ നോക്കി.
"അവന്‍ പറഞ്ഞത് ശരിയാണ്.എനിക്ക് പെട്ടെന്ന് ദേഷ്യം വരും.ഇനി ഞാന്‍...”


വീട്ടിലെ ചില്ലറ ജോലികള്‍ ചെയ്യാന്‍ അമ്മ അനുവദിക്കാത്തതിനെക്കുറിച്ചായിരുന്നു ചില കുട്ടികള്‍ പറഞ്ഞത്.മുറ്റമടിക്കാന്‍,സ്വന്തം കുപ്പായം അലക്കാന്‍...

കുട്ടികള്‍ക്ക് ഇഷ്ടമായിട്ടും എന്തുകൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യാന്‍ അവരെ അനുവദിക്കാത്തത്?
ഈ ചോദ്യം ഇതുമായി ബന്ധപ്പെട്ട നല്ല ചര്‍ച്ചയിലേക്ക് നയിച്ചു.



യോഗം ആരംഭിച്ച് അല്പസമയം കഴിയുമ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി.കുട്ടിക്കും അമ്മയ്ക്കും അധ്യാപകന്റെ സാന്നിധ്യത്തില്‍ ഇങ്ങനെ പരസ്പരം തുറന്നു സംസാരിക്കാനുള്ള അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്.അത് പഠനത്തില്‍,അവളുടെ ശീലങ്ങളില്‍,പെരുമാറ്റത്തില്‍,പരസ്പരം മനസ്സിലാക്കുന്നതില്‍,അറിഞ്ഞ് പെരുമാറുന്നതില്‍ എല്ലാം ഏറെ ഗുണം ചെയ്യും.ഇതിനു പറ്റിയ വേദി ക്ലാസ് പി.ടി.എ തന്നെ.


ക്ലാസിലെ ഓരോ കുട്ടിയുടേയും നന്മകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കളിക്കുന്നതില്‍,പഠിക്കുന്നതില്‍,കൂട്ടുകൂടുന്നതില്‍,സ്നേഹത്തോടെ പെരുമാറുന്നതില്‍,ചിത്രം വരക്കുന്നതില്‍,അഭിനയിക്കുന്നതില്‍,പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍,വായിക്കുന്നതില്‍...

ഇങ്ങനെ ഓരോ കുട്ടിക്കുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നന്മകള്‍!എല്ലാവര്‍ക്കു മുന്നിലും ഇതവതരിപ്പിക്കുമ്പോള്‍ അവരുടെ കണ്ണുകളിലെ അഭിമാനത്തിളക്കം ഒന്നു കാണേണ്ടതുതന്നെ!ഇത്തരം കഴിവുകള്‍ തന്റെ കുട്ടിക്കുണ്ടെന്നറിയുമ്പോള്‍ അവരുടെ അമ്മമാരും ഉള്ളാലെ സന്തോഷിക്കുന്നുണ്ടാകണം.

ഈ ക്ലാസ് പി.ടി.എ കുട്ടികളെ കൂടുതല്‍ വെളിച്ചത്തിലേക്ക് മാറ്റി നിര്‍ത്തിയിരിക്കുന്നു.ഇപ്പോള്‍ അവരെ കൂടുതല്‍ വ്യക്തതയോടെ കാണാം.കൂട്ടുകാര്‍ക്കിടയിലെ ഏകാകിളായ പഠിതാക്കളല്ല അവരിപ്പോള്‍.ക്ലസുമുറിയെ കുടുംബത്തിലേക്ക് വലിച്ചു നീട്ടേണ്ടിയിരിക്കുന്നു.കുടുംബത്തെ തിരിച്ച് ക്ലാസുമുറിയിലേക്കും സമൂഹത്തിലേക്കും..




1 comment: