ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 3 January 2015

പാഠം ഒന്ന്:ചെഞ്ചീര


നല്ലതു നല്ലതു കുട്ട്യോളെ
ചീര ചോപ്പില ഉപ്പേരി....


കുട്ടികള്‍ നീട്ടിപ്പാടി.സമയം രാവിലെ ഒന്‍പതു മണി.ചീരയുടെ വിളവെടുപ്പാണ്.
അവര്‍ നല്ല സന്തോഷത്തിലാണ്.കാരണം വിത്തിട്ടപ്പോള്‍ ഇത്ര നല്ല വിളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.ചീര നല്ല പൊക്കത്തില്‍ തഴച്ച് വളര്‍ന്നിരിക്കുന്നു.വളമിട്ടതോ? ഒരിക്കല്‍മാത്രം!വിത്തിടുമ്പോള്‍ അല്പം ജൈവവളം മണ്ണില്‍ ചേര്‍ത്തു.അതാണ് ആകെ കൊടുത്ത വളം.


"മാഷേ,ഈ ചീര എടുത്താ പൊന്തുന്നില്ല."ധനസ്സ് വിളിച്ചു പറഞ്ഞു.
സനിലും രശ്മിയും കൊയ്തെടുത്ത ചീര അവനെയാണ് ഏല്‍പ്പിച്ചത്.അവന് കനത്തു.കാര്‍ത്തികയും ശാരികയും മിതുലും അവനെ സഹായിക്കാനെത്തി.
രശ്മിയും കൂട്ടുകാരും  വീണ്ടും ചീരപ്പാട്ട്  പാടാന്‍ തുടങ്ങി.


വട്ടത്തില്‍ കുഴികുത്തി
നീളത്തില്‍ തടമിട്ട്....

വയല്‍വരമ്പിലൂടെ സ്ക്കൂളിലേക്കു പോകുന്ന കുട്ടികള്‍ അവര്‍ക്കൊപ്പം കൂടി.
വഴിയാത്രക്കാര്‍ കൈവീശി ആശംസകള്‍ അറിയിച്ചു.
ചീരയുടെ വിളവെടുക്കാനുള്ള അവകാശം പി.ടി.എ പൂര്‍ണ്ണമായും കുട്ടികള്‍ക്ക്
'കുട്ടികളാണ് വിത്തിട്ടതും കൃഷിപരിപാലിക്കുന്നതും.അതിനാല്‍ അവര്‍തന്നെ വിളവെടുക്കട്ടെ.'ഇതായിരുന്നു പി.ടി.എ യുടെ നിലപാട്.

വിട്ടുകൊടുത്തിരുന്നു.

 നവംബര്‍ മാസത്തെ അവസാനത്തെ ആഴ്ചയായിരുന്നു ഞങ്ങള്‍ കൃഷി ആരംഭിച്ചത്.പി.ടി.എ,എസ് .എം.സി എന്നിവയുടെ നേതൃത്ത്വത്തിലായിരുന്നു കൃഷി.  സ്ക്കൂളിന് തൊട്ടടുത്തുള്ള വയലില്‍.വര്‍ഷങ്ങളായി കൃഷിയിറക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നു അത്.ഏതാണ്ട് അറുപത് സെന്റ് സ്ഥലം.പക്ഷേ,അവിടെ ജല സേചനത്തിന് മാര്‍ഗ്ഗമില്ല.

പിടിഎ കൂടിയാലോചിച്ച് അതിനു വഴി കണ്ടെത്തി.സ്ക്കൂളിലെ കിണറില്‍  നിന്നും വയലിലേക്ക് പൈപ്പ് ഇട്ടുകൊടുക്കുക.ഏതാണ്ട് നൂറു മീറ്റര്‍ നീളത്തില്‍. ജല സേചനത്തിനായി വയലില്‍ സ് പ്രിംഗ്ലര്‍ സംവിധനവുമൊരുക്കി.

ജൈവപച്ചക്കറി കൃഷിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.രാസവളവും കീടനാശിനിയും പൂര്‍ണ്ണമായും ഒഴിവാക്കുക.കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ യില്‍ നിന്നും ആവശ്യമായ നടീല്‍ വസ്തുക്കള്‍ ലഭിച്ചു.

പി.ടി.എ,എസ്.എം.സി എന്നിവയുടെ നേതൃത്ത്വത്തില്‍ നിലമൊരുക്കി.ഏഴാം ക്ലാസിലെ കുട്ടികള്‍ വിത്തു നട്ടു.കാബേജ്,കോളിഫ്ലവര്‍,വെണ്ട,വഴുതിന,ചീര,മുളക്,പയര്‍,തക്കാളി,മത്തന്‍,കുമ്പളം എന്നീ പച്ചക്കറികളായിരുന്നു നട്ടത്.പിന്നെ കുറേ സ്ഥലത്ത് മരച്ചീനിയും.
വിത്തു നടുമ്പോള്‍  മണ്ണില്‍ അല്പം ജൈവവളം ചേര്‍ത്തു.ഇതുവരെയുള്ള വളപ്രയോഗം ഇത്രമാത്രം.ദിവസവും വെള്ളമൊഴിക്കും.ചെടികള്‍ നന്നായി വളരുന്നു.


കൃഷിയുടെ പരിപാലനച്ചുമതല ഏഴാം ക്ലാസുകാര്‍ക്കാണ്.കുട്ടികളെ പത്തുപേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.ഓരോ ഗ്രൂപ്പിനും ഓരോ ദിവസമാണ് ഡ്യുട്ടി.വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ ഒരു മണിക്കൂര്‍ സമയം.കള പറിക്കുക,കീടങ്ങളെ പെറുക്കി മാറ്റുക,ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുക,വെള്ളമൊഴിക്കുക തുടങ്ങിയ ചുമതലകളൊക്കെ ഇതില്‍പെടും.

കുട്ടികള്‍ ചീരയുമായി ആഘോഷപൂര്‍വ്വം സ്ക്കൂളിലെത്തി.ഉച്ചഭക്ഷണം പാകം ചെയ്യുന്ന ലീലേട്ടി അപ്പോള്‍ ചെറുപയര്‍ കറിയുണ്ടാക്കാനുള്ള പ്രരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.അതിന്റെ കൂടെ ഇത്രയും ചീരമുറിച്ച് കറിയുണ്ടാക്കുക അവര്‍ക്ക് ഒറ്റയ്ക്ക് അസാധ്യമായിരുന്നു.പ്രശ്നം എളുപ്പം പരിഹരിച്ചു.ചില മദര്‍ പി.ടി.എ അംഗങ്ങള്‍ സഹായത്തിനെത്തി.കുട്ടികള്‍ തന്നെ ചീര വൃത്തിയാക്കിക്കൊടുത്തു.അപ്പോള്‍ സമയം പത്തു മണി.കുട്ടികള്‍ ക്ലാസിലേക്കു പോയി.അമ്മമാര്‍ ചീര മുറിക്കാനും തുടങ്ങി.



അങ്ങനെ 2014 ഡിസംബര്‍ 31 ലെ സ്ക്കൂള്‍ ഉച്ചഭക്ഷണം സ്വാദിഷ്ടമായ ചീരത്തോരന്‍ കൊണ്ട് സമൃദ്ധമായി.കുട്ടികള്‍തന്നെ നട്ടുനനച്ച് വളര്‍ത്തി വിളവെടുത്ത ചീര. മായം ചേര്‍ക്കാത്ത ഭക്ഷണം.കുട്ടികള്‍ക്ക് ആവശ്യമായത്രയും കൊടുക്കാനുണ്ടായിരുന്നു.ചീര ഇഷ്ടമല്ലെന്നു പറഞ്ഞ് കളയാന്‍ ചെന്ന കുട്ടികളെ ചീരയുടെ മഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് ചില മുതിര്‍ന്ന കുട്ടികള്‍ വിലക്കുന്നതു കണ്ടു.അതൊരു നല്ല കാഴ്ചയായി തോന്നി.

ഇനിയും രണ്ടു തടം ചീര വളരാനിരിക്കുന്നു.വഴുതിനിയും പയറും പച്ചമുളകും കാബേജും കോളിഫ്ലവറുമൊക്കെ കായ്ക്കാനിരിക്കുന്നു.നല്ല വിളവുകിട്ടും എന്നുതന്നെയാണ് പ്രതീക്ഷ.ഈ രീതിയില്‍ കുറച്ചു തയ്യാറെടുപ്പോടെ വിദ്യാലയകൃഷി ആരംഭിക്കുന്നത് സ്ക്കൂളില്‍ ആദ്യമായാണ്.

കുട്ടികളുടെ പാടത്ത് വിളഞ്ഞ ചീര ഒരു പ്രതീകമാണ്.മായം ചേരാത്ത,പോഷക സമൃദ്ധമായ ആഹാരത്തിന്റെ പ്രതീകം.അതു ചില സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.രാസവളവും കീടനാശിനിയുമില്ലാതെ പച്ചക്കറികള്‍ നന്നായി വിളയിക്കാം.അതു വഴി വിഷം തീണ്ടാത്ത ആഹാരം ലഭ്യമാക്കാം.ഒരു നാടിനെ മുഴുവന്‍ കലര്‍പ്പില്ലാത്ത ആഹാരം കൊണ്ട് സമൃദ്ധമാക്കാം.കാനത്തൂരിലെ മണ്ണ് ഫലഭൂയിഷ്ടമാണ്.മനുഷ്യരുടെ കൂട്ടായ്മയിലൂടെ ഇവിടെ പൊന്നുവിളയിക്കാം.


1 comment:

  1. എന്റെ പേരും ധനസ്സ് എന്നാണ്. ആദ്യമായിട്ടാണ് മറ്റൊരു ധനസ്സിനെ കാണുന്നത്.

    ReplyDelete